കോവിഡ് കാലത്ത് ഒരു അതിഥിയെപ്പോലെ എം.ടി ക്ലിനിക്കിലെത്തി

വാസുവേട്ടൻ അധികം സംസാരിച്ചില്ല. പ്രായം തളർത്തിയിരിക്കുന്നു. ആശുപത്രിയിൽ അധികനേരം തങ്ങണ്ട എന്നുള്ളതു കൊണ്ടുതന്നെ വേഗം യാത്ര പറഞ്ഞിറങ്ങി. അദ്ദേഹത്തിന്റെ കൈകൾ ഒന്നു തൊടണം എന്നു ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡ് കാലം അതിനും വിഘാതം നിന്നു.

കോവിഡ് എന്ന മഹാമാരി നാടും നഗരവും വിറപ്പിച്ച് അതിന്റെ രണ്ടാം വരവ് അറിയിച്ച ഒരു ദിവസം.
പൊതുവേ ക്ലിനിക്കിലേക്ക് രോഗികൾ വരുന്നത് കുറവാണ്.
പകൽ വായിച്ചും എന്തെങ്കിലും കുത്തിക്കുറിച്ചും ഇരിക്കുകയാണ് പതിവ്.
ഇടയ്ക്ക് രോഗികൾ വരുമ്പോൾ പരിശോധിക്കും.
കോഴിക്കോട് ജില്ലയിലാണല്ലോ ഏറ്റവും അധികം കോവിഡ് രോഗികളുള്ളത്.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ സുഹൃത്തായ രാജീവ് ഡോക്ടർ വിളിക്കുന്നു.
വാക്കുകളിൽ വല്ലാത്ത പരിഭ്രമം.
മുൻപും രോഗികളെ റഫർ ചെയ്യാറുള്ളതാണ്, എന്നാൽ ഇന്നു തപ്പിതടഞ്ഞാണ് സംസാരം: ‘‘കുറച്ചു കഴിഞ്ഞ് എം. ടി. സാറിനെ അങ്ങോട്ട് അയക്കുന്നുണ്ട്, സാറിന് കേൾവിക്കുറവുണ്ട്, ഞാൻ പരിശോധിച്ചു, രണ്ട് ചെവിയിലും ചെപ്പി കല്ല് പോലെ ഉറച്ച് അടഞ്ഞുകിടക്കുന്നു.
ഞാൻ ചോദിച്ചു; ‘‘ആര് എം.ടി. വാസുദേവൻ നായർ സാറോ?’’
‘അതെ' എന്ന മറുപടി എനിക്ക് അത്ര വിശ്വാസയോഗ്യമായില്ല.
അത് മനസ്സിലാക്കിയ രാജീവ് ഡോക്ടർ പറഞ്ഞു; ‘‘എന്റെ മോളെ എം. ടി. സാറിന്റെ മോൾ നൃത്തം പഠിപ്പിക്കുന്നുണ്ട്, അങ്ങനെയാണ് എനിക്ക് പരിചയം.
‘‘പതിനൊന്നു മണിക്ക് വന്നോട്ടെ’’ എന്ന് ഞാൻ പറഞ്ഞു.
താനും ആ സമയത്ത് എത്താം എന്ന് രാജീവ് ഡോക്ടറും പറഞ്ഞു.

ഒന്നും രണ്ടുമായി രോഗികൾ വന്നും പോയും കൊണ്ടിരുന്നു. ഇതിനിടയിൽ എന്റെ സ്‌കൂളിൽ പഠിച്ച സുഹൃത്ത് സുബ്രമണ്യൻ ബോംബെയിൽ നിന്ന് വിളിച്ചു. കോവിഡ് ബാധിച്ച് വീട്ടിൽ കിടപ്പിലാണെന്നും ഓക്‌സിജന്റെ അളവ് ചില സമയങ്ങളിൽ കുറയുന്നുണ്ടെന്നും പറഞ്ഞു. ഞാൻ അവനോട് സ്റ്റിറോയ്ഡ്‌സ് തുടങ്ങാൻ നിർദേശിച്ചു. വൈകുന്നേരം വിളിക്കാം എന്നു പറഞ്ഞു ഫോൺ വെച്ചു.

കൃത്യം പതിനൊന്നു മണിക്ക് എം. ടി മോളുടെയും സഹായിയുടെയും കൂടെ ക്ലിനിക്കിലെത്തി.
ഞാൻ ചോദിച്ചു; ‘വാസുവേട്ടാ, സുഖമാണോ?'
എന്തോ അങ്ങനെ വിളിക്കാനാണ് എനിക്ക് തോന്നിയത്.
അദ്ദേഹം തലയാട്ടി.
ചെവിയിൽ എന്താ ബുദ്ധിമുട്ട് എന്ന് ഞാൻ ചോദിച്ചു.
മകളാണ് മറുപടി പറഞ്ഞത്; ചെവി കേൾക്കുന്നത് പെട്ടെന്ന് കുറഞ്ഞു, രാജീവ് ഡോക്ടർ വന്നു നോക്കി, ഡോക്ടറാണ് ചെപ്പി എടുക്കാൻ പറഞ്ഞത്.

സിസ്റ്ററെ വിളിച്ച് വാസുവേട്ടനെ കിടത്താൻ പറഞ്ഞു.
വേദന ഉണ്ടായാലോ, ഇനി എടുക്കുന്ന സമയത്ത് ചെറിയ മുറിവോ മറ്റോ സംഭവിച്ചാലോ, ഇത്തരം ചിന്തകൾ മനസ്സിൽ കടന്നുകൂടി. എന്നാൽ എന്റെ മുന്നിലിരിക്കുന്നത് ഒരു രോഗി ആണെന്നും, ഞാൻ ഒരു ഡോക്ടർ ആണെന്നും ഉള്ള ബോധം ഉടൻ ഉൾക്കൊണ്ടു. വലതു ചെവിയിലെ ചെപ്പി വേഗം എടുക്കാൻ സാധിച്ചു. ഇടതു ചെവിയിലേതു വളരെ ഉറച്ചു കിടക്കുന്നതു കൊണ്ട് എടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും പൂർണമായി കിട്ടി.

‘വേദനിച്ചോ?' ഞാൻ ചോദിച്ചു.
‘ഒട്ടും വേദന ഉണ്ടായില്ല.'; അദ്ദേഹം പറഞ്ഞു.
എനിക്ക് ആശ്വാസമായി.

അദ്ദേഹം ഒ.പി. യിൽ ഇരുന്നു.

ഡോ. ശങ്കർ മഹാദേവനും എം.ടി. വാസുദേവൻ നായരും

അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ, ആ തൂലികയിൽനിന്ന് പിറന്ന അനേകം കഥാപാത്രങ്ങൾ ഞങ്ങൾക്കൊപ്പമുള്ളതുപോലെ തോന്നി...ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ, നാലുകെട്ടിലെ അപ്പുണ്ണി, രണ്ടാമൂഴത്തിലെ ഭീമൻ, അമൃതം ഗമയയിലെ ഡോ. ഹരിദാസ്, വടക്കൻ വീരഗാഥയിലെ ചന്തു... എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ ഞങ്ങൾക്ക് ചുറ്റും നിൽപ്പുണ്ടായിരുന്നു.

‘വാസുവേട്ടാ ഇപ്പോൾ കേൾക്കുന്നില്ലേ?'; ഞാൻ ചോദിച്ചു.
ഉണ്ട് എന്ന അർത്ഥത്തിൽ അദ്ദേഹം തല കുലുക്കി.
വാസുവേട്ടൻ എന്നെ നോക്കി ചിരിച്ചോ? അതാ എനിക്ക് തോന്നിയതാണോ?
അദ്ദേഹം പോകാൻ എഴുന്നേറ്റു.
മടിച്ചിട്ടാണെങ്കിലും, രണ്ടും കൽപിച്ച് ഞാൻ ചോദിച്ചു, ‘ഒരു ഫോട്ടോ എടുത്തോട്ടെ?’
അതിനെന്താ എടുത്തോളൂ എന്നായി അദ്ദേഹം.

മാസ്‌ക് മാറ്റണോ എന്നായി അദ്ദേഹം. ഞാൻ തടഞ്ഞു, ഈ കോവിഡ് കാലത്ത് മാസ്‌ക് മാറ്റി ഫോട്ടോ എടുക്കുന്നത് റിസ്‌കാണ്, അതിനാൽ അതു വേണ്ട.
എന്റെ ക്യാമറയിലും ഡോ. രാജീവിന്റെ മൊബൈലിലുമായി ചിത്രങ്ങൾ പതിഞ്ഞു. ഡോ. രാജീവിനെയും എന്റെ കൂടെ ജോലി ചെയ്യുന്ന ഡോ. രശ്മിയെയും കൂട്ടി ഫോട്ടോ എടുത്തു.

വാസുവേട്ടൻ അധികം സംസാരിച്ചില്ല. പ്രായം തളർത്തിയിരിക്കുന്നു. ആശുപത്രിയിൽ അധികനേരം തങ്ങണ്ട എന്നുള്ളതു കൊണ്ടുതന്നെ വേഗം യാത്ര പറഞ്ഞിറങ്ങി. അദ്ദേഹത്തിന്റെ കൈകൾ ഒന്നു തൊടണം എന്നു ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡ് കാലം അതിനും വിഘാതം നിന്നു.

അദ്ദേഹത്തെ യാത്രയയച്ചശേഷം ഞാൻ എന്റെ കസേരയിൽ വന്നിരുന്നു. കുട്ടിക്കാലം മുതൽ മനസ്സിൽ വെച്ച് ആരാധിച്ചിരുന്ന വ്യക്തി നിനച്ചിരിക്കാതെ ഒരു നാൾ കൺമുന്നിൽ വന്നു നിൽക്കുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു വികാരം - അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. കൊടിയ വേനലിലെ കുളിർ മഴ പോലെയായിരുന്നു ഈ ദുരിതകാലത്ത് ശങ്കേർസ് ഇ.എൻ.ടി സെന്ററിലേക്കുള്ള വാസുവേട്ടന്റെ സന്ദർശനം.

വൈകുന്നേരം ഞാൻ സുബ്രഹ്‌മണ്യനെ വിളിച്ചു. സുബ്രു പറഞ്ഞു; ‘‘ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ട്, ഓക്‌സിജന്റെ അളവ് കൂടി വരുന്നുണ്ട്​’’.
അഞ്ചുദിവസം കൂടി ആ മരുന്നുകൾ തുടരാൻ പറഞ്ഞു. സുബ്രുവും, ഭാര്യയും മക്കളും എല്ലാവരും വീട്ടിൽ കോവിഡ് പോസിറ്റിവ് ആണ്.

അസുരവിത്തിലെ ചില വരികൾ ഓർമ വന്നു; ‘‘പടിയിറങ്ങി നടന്നു. കവുങ്ങിൻകുറ്റികൾകൊണ്ടുള്ള പിടി പിടിച്ചു നിന്ന് ഇരുട്ടിൽ കാറ്റുലഞ്ഞുനില്ക്കുന്ന പടിവട്ടത്തെ വയലുകൾക്കപ്പുറത്തെ നരച്ച ഇരുട്ടിലേക്കു നോക്കിക്കൊണ്ട് ആലോചിച്ചു: ഇറങ്ങി നടന്നാലോ? പാതവക്കത്തു കറുത്ത കൂടാരങ്ങൾപോലെ നില്ക്കുന്ന മുരടിച്ച മരങ്ങൾക്കിടയിലൂടെ പുഴക്കരയിൽ അണച്ചു നിർത്തിയ കൊപ്പരവഞ്ചിയുടെ വെളിച്ചം കണ്ടു.’’

ഈ ഇരുട്ടിനപ്പുറം ഒരു വെളിച്ചം വരും...
കോവിഡ് കാലം മാറി മനുഷ്യന് നല്ല കാലം വരും...

Comments