താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ
മാനത്തു കിടക്കുന്നു
മധുമാസ സുന്ദര ചന്ദ്രലേഖ
ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പ് ക്ഷമിക്കണം, സ്പോട്ടിഫൈക്കും സ്‌മാർട്ട്ഫോണുകൾക്കുംമുമ്പ്, കാലത്തിൻ്റെ ഈവിധമുള്ള ഓട്ടങ്ങൾക്കും അതിനു ഹേതുവാകുന്ന അത്യാധുനിക ഡിവൈസുകൾക്കും മുമ്പ്, റേഡിയോയിൽനിന്ന് ഒഴുകിപ്പരക്കുന്ന കവിത തുളുമ്പുന്ന ഒരു ശബ്ദം. ശബ്ദമെന്നാൽ ഘനഗംഭീരമെന്ന്, യേശുദാസെന്ന് വെറുതെ ധരിച്ചുപോന്നിരുന്നിടത്ത് മറ്റൊരു അശരീരി. കുഞ്ഞിലെപ്പോഴൊക്കെയോ (അതോ അമ്മയുടെ വയറ്റിൽ ജലരാശിയുടെ ശ്രുതിയിളക്കത്തിലോ?) കേട്ടുറങ്ങിയ, അമ്മയുടെ ശബ്ദമെന്ന് തോന്നിപ്പോയിരുന്ന, അല്ല, അമ്മ തന്നെയായ ആ ശബ്ദം. ജാനകിയമ്മയുടെ സ്നേഹം തുളുമ്പുന്ന മധുരനാദം, ഇതാ ആക്ഷരികമായും അശരീരിയായിരിക്കുന്നു, അക്ഷരമായിരിക്കുന്നു. ഇനി ജാനകിയാണ് നമ്മുടെ ചന്ദ്രലേഖ. മലയാളത്തിൽ ഏറ്റവും കൂടുതൽ താരാട്ടുപാട്ടുകൾ പാടിയ ആ ശബ്ദം നമ്മെ ഉറക്കാൻ ഇനിയും പാടിക്കൊണ്ടിരിക്കുമെന്ന് തോന്നുന്നു. ആ ശരീരത്തിനേ മരണമുള്ളൂ, ശാരീരത്തിനില്ല.
എൺപതുകളും തൊണ്ണൂറുകളും. മലയാള ചലച്ചിത്രഗാനങ്ങളുടെ വസന്തകാലം. റേഡിയോയിലെ ഗാനങ്ങൾക്കൊപ്പം കളിച്ചുനടന്ന കുട്ടിക്കാലം. അന്ന് ഏറ്റവും കൂടുതൽ ചെവിയിലെത്തിയ സ്ത്രീശബ്ദമായിരുന്നു എസ്. ജാനകിയുടേത്. അക്കാലത്ത് ഏറെത്തവണ കേട്ടുസന്തോഷിച്ച ആ ഗാനങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ട്.
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...
മിഴിയോരം നനഞ്ഞൊഴുകും..
സ്വർണ്ണമുകിലേ...
താനേ തിരിഞ്ഞും മറിഞ്ഞും
തുമ്പീ വാ തുമ്പക്കുടത്തിൽ
കിളിയേ കിളിയേ...
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
മലർക്കൊടി പോലെ...
കണ്ണും കണ്ണും തമ്മിൽ തമ്മിൽ
ആടി വാ കാറ്റേ
എത്രയെത്ര മനോഹരഗാനങ്ങൾ. ജാനകി പാടുന്നതെല്ലാം ഹൃദ്യമാകുന്ന കാലമായിരുന്നു അതെന്ന് തോന്നുന്നു. ഉറങ്ങാനും ഉണരാനും ആ ശബ്ദം വഴിയൊരുക്കി. അപ്പോൾ പക്ഷെ, പറഞ്ഞുകേട്ടിട്ടുള്ളത്, യേശുദാസിൻ്റെ ശബ്ദം കേൾക്കാതെ മലയാളി ഒരു ദിവസവും കടന്നുപോകുന്നില്ല എന്നായിരുന്നു. പൂർണ്ണമായി ശരിയല്ലെങ്കിലും അതിശയോക്തി കുറഞ്ഞ ഒരു നറേഷനായിരുന്നു അത്. എന്നാലത് തീർച്ചയായും പുംപ്രധാന വ്യവസ്ഥയുടെ ആഖ്യാനവുമായിരുന്നു. മലയാളിയല്ലാത്ത എസ്. ജാനകിയുടെ ശബ്ദവും മലയാളി ദിനംപ്രതി കേട്ടിരുന്നു, ആസ്വദിച്ചിരുന്നു. ജാനകിയുടെ പേരിൽ ഇങ്ങനെയൊരു പ്രചാരണം ഉണ്ടായില്ല എന്നുമാത്രം.

മറ്റൊരു കാര്യം, മേൽസൂചിപ്പിച്ചതുപോലെ എണ്ണംപറഞ്ഞ മിക്ക താരാട്ടുപാട്ടുകളുടെയും ശബ്ദം ജാനകിയായിരുന്നു എന്നതാണ്. ചുരുങ്ങിയത് എൺപതുകൾക്കുശേഷം ജനിച്ചവരെങ്കിലും ആ ശബ്ദത്തിലുള്ള താരാട്ടുകളാണ് കേട്ടത്. ഒരർഥത്തിൽ അവരുടെ ശബ്ദത്തിൽ ഏതു ഗാനവും താരാട്ടായിമാറി. തിരശ്ശീലയിലെ ഒന്നോ രണ്ടോ പേർക്കല്ല, ശബ്ദമില്ലാത്ത മിക്ക അമ്മമാർക്കുംവേണ്ടിയാണ് ജാനകി പാടിയത്. താരാട്ടുകളെ ജനകീയമായ ഗാനശാഖയാക്കിയതിൽ ജാനകിയുടെ ശബ്ദത്തിന് അതിനിർണ്ണായകമായ സ്ഥാനമുണ്ട്.
ഒച്ച വേറിട്ടു കേൾപ്പിക്കാൻ കവികൾക്കോ കാമിനിമാർക്കോ കഴിയാതെ പോയിട്ടുണ്ടാകാമെങ്കിലും ജാനകിയ്ക്ക് പൂർണ്ണാർഥത്തിലത് സാധിച്ചു. മറ്റ് ഗായകർ സ്വന്തം ശാരീരം നടീനടന്മാരുടെ ശരീരങ്ങൾക്കുവേണ്ടി ചിട്ടപ്പെടുത്തിയപ്പോൾ ജാനകി മൗലികമായ സ്വന്തമൊച്ചയിൽ വേറിട്ടുനിന്നു. ഗാനം തുടങ്ങി നിമിഷാർദ്ധങ്ങളിൽ ആ ശബ്ദത്തിൻ്റെ ഉടമയെ കേൾവിക്കാർ തിരിച്ചറിഞ്ഞു. ശാരദ, ഷീല, ജയഭാരതിയെന്നിങ്ങനെ അവർ പലരായില്ല, പരകായപ്പെട്ടില്ല. കവിതയ്ക്കും ഈണത്തിനും വേണ്ടതുമാത്രം പാടി. ശ്വാസങ്ങളും മൃദുലവികാരങ്ങളും ഒച്ചയിലരച്ചുചേർത്തില്ല, പകരം ഭാവബഹുത്വങ്ങളെ പക്വതയോടെ വാക്കുകളിൽ കൊത്തിയെടുത്തു. ഒരുപക്ഷെ പാടിക്കരയാവുന്ന നൂറുകണക്കിന് ഗാനങ്ങളെ, ആവിധം ഒറ്റക്കേൾവിയിലൊതുങ്ങാവുന്ന വൈറാലിറ്റികളെ, ശ്രദ്ധയോടെ ഉപേക്ഷിച്ചും മാറ്റിവച്ചും കേൾവിക്കാരിൽ കരച്ചിലനടുത്ത്, അതിനേക്കാൾ സ്ഥായിത്തമുള്ള ഒന്ന് ഉണ്ടാക്കിയെടുത്തു. ആ ശബ്ദത്തിൻ്റെ കയറ്റിറക്കങ്ങളിൽ കേൾവിക്കാരിലോരോരുത്തരും വ്യത്യസ്ത ഭാവങ്ങൾ, തികച്ചും മൗലികമായി അനുഭവിച്ചു. എൻ്റെ, എൻ്റെ എന്നിങ്ങനെ ഓരോ ഗാനവും സ്വന്തമാക്കിയെടുത്തു. പിന്നിൽ ബാബുക്കയാണെന്ന്, ദക്ഷിണാമൂർത്തിയാണെന്ന്, ദേവരാജൻമാഷാണെന്ന്, ഭാസ്‌കരൻമാഷാണെന്ന്, രാഘവൻമാഷാണെന്ന്, വയലാറാണെന്ന് മറന്നു. വിളിച്ചിട്ടും വരാത്ത സ്വന്തം വിരുന്നുകാരനെയല്ല, നിൻ്റെ അഥവാ നമ്മുടെ വിരുന്നുകാരെപ്പറ്റിയാണ് ജാനകി പാടിയത്. അതെ, നമുക്കുവേണ്ടിക്കൂടിയാണ് ആ പാട്ടുകളിൽ മിക്കതും ജാനകി പാടിയനശ്വരമാക്കിയത്.
തൻ്റെ ശബ്ദം അതേപടി അനുകരിക്കുംവിധം ഒരു ഗായിക വന്നിട്ടും അവർ അസ്വസ്ഥപ്പെട്ടതായി അറിഞ്ഞില്ല. ജാനകിയെന്ന ഗായികയും ജാനകിയെന്ന വ്യക്തിയും (പദ്മശ്രീ നിരസിച്ചതുപോലുള്ള ഗാനേതര കാര്യങ്ങളും ഓർക്കുക) എത്ര ഉയരത്തിലായിരുന്നു എന്ന് നാമറിയുന്നത് ഇങ്ങനെയും കൂടിയാണ്.
ചലച്ചിത്രഗാനം പല മനുഷ്യരുടെ കൂട്ടായ്മയാണ്. എങ്കിലും അത് എൻ്റെയാണ് എന്ന് കമ്പോസർക്കും ഗായകർക്കും കവിയ്ക്കുമൊക്കെ തോന്നാം. ഇളയരാജയും യേശുദാസുമൊക്കെ വിവാദങ്ങളുണ്ടാക്കുംവിധം അത് പറഞ്ഞിട്ടുമുണ്ട്. ഒരുപക്ഷെ അങ്ങനെ പറയാൻ അവകാശമുണ്ടായിരുന്ന ഒരാളാണ് എസ്. ജാനകി. തൻ്റെ ശബ്ദമല്ലായിരുന്നെങ്കിൽ ശരാശരിയിലൊതുങ്ങുമായിരുന്ന ഗാനങ്ങൾ എന്ന് പലതിനെയും അവർക്ക് സർവ്വസമ്മതമായി ഉറപ്പിക്കാമായിരുന്നു. സത്യമായിരുന്നിട്ടും അവരത് പറഞ്ഞുകേട്ടില്ല. തൻ്റെ ശബ്ദം അതേപടി അനുകരിക്കുംവിധം ഒരു ഗായിക വന്നിട്ടും അവർ അസ്വസ്ഥപ്പെട്ടതായി അറിഞ്ഞില്ല. ജാനകിയെന്ന ഗായികയും ജാനകിയെന്ന വ്യക്തിയും (പദ്മശ്രീ നിരസിച്ചതുപോലുള്ള ഗാനേതര കാര്യങ്ങളും ഓർക്കുക) എത്ര ഉയരത്തിലായിരുന്നു എന്ന് നാമറിയുന്നത് ഇങ്ങനെയും കൂടിയാണ്. തലമുറകൾ എത്ര മാറിയാലും ജാനകിയില്ലാത്ത ഒരു പ്ലേലിസ്റ്റ് മലയാളിക്ക് ആലോചിക്കാനാവുമെന്ന് തോന്നുന്നില്ല. ആ ശബ്‌ദം അത്രമേൽ മൗലികമായിരുന്നു. അവർ പാടിയ ഗാനങ്ങളിൽ ഏറെയും അത്രമേൽ മികച്ചതായിരുന്നു.

ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലോ പാടുന്നതിലോ ഗായകർക്ക് അത്രയൊന്നും സ്വാതന്ത്ര്യം ലഭിച്ചിരിക്കുമെന്ന് കരുതാനാവില്ല. സംഗീതസംവിധായകരുടെ നിർദ്ദേശങ്ങൾ ഏറ്റവും മനോഹരമായി സാധ്യമാക്കുകമാത്രമാണ് അവർ പ്രാഥമികമായി ചെയ്യുക. എന്നാൽ ജാനകിയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ ഗായികയുടെ പരിമിതിയല്ല, പരമാവധിയാണ് നമുക്ക് അനുഭവപ്പെടുക. അവർക്കായി ഒരുക്കിയെടുത്ത ഗാനങ്ങൾ പോലെ. രവിമേനോൻ നിരീക്ഷിക്കുന്നതുപോലെ സംഗീതസംവിധായകർക്ക് അവരുടെ സ്വപ്നഗായികയായിരുന്നു ജാനകി. കവികളും തൻ്റെ വരികൾ ആ ശബ്ദത്തിൽ വെളിപ്പെട്ടെങ്കിലെന്ന് കൊതിച്ചിരിക്കും. ശ്രുതിമീട്ടുന്ന പലതരം വാദ്യങ്ങളുടെ സ്വപ്നസമാനമായ ശബ്ദരൂപമായിരുന്നു ജാനകിയ്ക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഗായികമാരിലൊക്കെ ഈ കോമ്പിനേഷൻ കാണാമെങ്കിലും അതിൻ്റെ പൂർണ്ണത ജാനകിയ്ക്ക് സ്വന്തം.
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ആളായിട്ടും ശ്വാസംമുട്ടലിൻ്റെ അസുഖമുള്ള ആളായിട്ടും അവർ പാടാനുള്ള ശ്വാസവും ശാസ്‌ത്രവും അനായാസം സ്വന്തമാക്കി. മലയാളത്തിലെ എക്കാലത്തെയും പത്ത് ചലച്ചിത്രഗാനങ്ങൾ തെരഞ്ഞെടുക്കാൻ ആരൊരുമ്പെട്ടാലും ജാനകിയുടെ ശബ്ദത്തിൽമാത്രം അനശ്വരമായ ഗാനങ്ങൾ അതിലുണ്ടാകും. ഒരുപക്ഷെ, ഏറെ ഗാനങ്ങൾ ജാനകിയുടേത് ആയിരിക്കുകയും ചെയ്യും. Gen Z യുടെയടക്കം പ്ലേലിസ്റ്റ് ജാനകിയുടെയും ഗാനങ്ങളിലാണ് പൂർണ്ണത തേടുന്നത് എന്ന് ഇടയ്ക്ക് വായിച്ചത് ഓർക്കുന്നു. ഈ അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ, റീമിക്സുകളിൽ ചിലത് ജാനകിയുടെ ഗാനങ്ങളായിരുന്നു -കിളിയേ കിളിയേ (പൂവച്ചൽ ഖാദർ & ഇളയരാജ), കൺമണീ അൻപോട് ( വാലി & ഇളയരാജ) തുടങ്ങിയവ - എന്നും ഓർക്കുക.
എതു ശ്രുതിയിലും അനായാസം പാടാനുള്ള കഴിവ് ജാനകിയ്ക്കുണ്ടായിരുന്നുവെന്ന് യേശുദാസ് പറയുന്നു. ഏത് ഭാവവും വാക്കിലേക്ക്, അതിൻ്റെ ഉച്ചാരണശുദ്ധിയോടെതന്നെ, ഒട്ടും കൃത്രിമമല്ലാതെ അനുഭവിപ്പിക്കാൻ ജാനകിയ്ക്ക് കഴിയുമായിരുന്നുവെന്ന് ഒട്ടുമിക്ക സംഗീതജ്ഞരും സമ്മതിക്കുന്നു.
മിക്ക ഇന്ത്യൻഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. ഒട്ടുമിക്ക ലെജൻ്റുകൾക്കുമൊപ്പം. അതിൽ ഗായകരും സംഗീതസംവിധായകരും കവികളുമുണ്ട്. ഭാഷകളും ദേശങ്ങളും കടന്ന് ജാനകിയെ തങ്ങളുടെ ഗാനങ്ങളേല്പിക്കാൻ അവരെ തോന്നിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം? സംഗീതം പഠിച്ചിട്ടില്ല എന്നത് ഒരു കുറവായി മാറാഞ്ഞത് എന്താവാം? ചുരുക്കത്തിൽ ജാനകിയെ വ്യത്യസ്തയാക്കുന്നത്, അനന്യയാക്കുന്നത് എന്താവാം? ആധികാരികമായി ഇതൊന്നും പറയാനാളല്ലെങ്കിലും എൻ്റെ തോന്നൽ, ആ ശബ്ദം അത്രയും ഉയർന്ന നിലവാരമുള്ളതായിരുന്നു എന്നതാണ്. എത് ശ്രുതിയിലും അനായാസം പാടാനുള്ള കഴിവ് ജാനകിയ്ക്കുണ്ടായിരുന്നുവെന്ന് യേശുദാസ് പറയുന്നു. ഏത് ഭാവവും വാക്കിലേക്ക്, അതിൻ്റെ ഉച്ചാരണശുദ്ധിയോടെതന്നെ, ഒട്ടും കൃത്രിമമല്ലാതെ അനുഭവിപ്പിക്കാൻ ജാനകിയ്ക്ക് കഴിയുമായിരുന്നുവെന്ന് ഒട്ടുമിക്ക സംഗീതജ്ഞരും സമ്മതിക്കുന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആഴത്തിലുള്ള ജ്ഞാനം ജാനകിയ്ക്ക് സ്വതസിദ്ധമായിരുന്നു. ഏത് ഭാഷയിലായാലും ഉച്ചാരണം, അർഥം എന്നിവ കൃത്യമായി പഠിച്ചും മനസ്സിലാക്കിയും അവർ പാടി.

തൻ്റെ കയ്യിലെ ചെറിയ ഡയറിയിൽ പാട്ടുകൾ എഴുതിയെടുത്ത് പാടുന്നതായിരുന്നു അവരുടെ പതിവ്. ഓരോ വാക്കിലും ഗാനത്തിലും വേണ്ടത് എന്ത് എന്ന് പ്രത്യേകം ചോദിച്ചറിഞ്ഞേ റെക്കോർഡിങ്ങിലേക്ക് കയറൂ. ഇതൊന്നുമല്ലാത്ത ഒന്ന് അപ്പോഴും ഉയർന്നുനില്ക്കുന്നു. വീണ്ടും വീണ്ടും കാന്തികമായി ക്രിയേറ്റേഴ്സിനേയും പ്രേക്ഷകരേയും വലിച്ചടുപ്പിക്കുന്ന ഒന്ന്. ആ ശബ്ദം തന്നെ. ജാനകിയുടെ ശബ്ദത്തിൽ ഒരു കുട്ടിയും അമ്മയും ഒരുപോലെയുണ്ട്. ഇവർക്കിടയിലെ ഏത് പ്രായവും അതിനാൽ അനായാസം അവരുടെ ഒച്ചയ്ക്ക് വഴങ്ങി. സംഗതികൾ അതിൻ്റെ കൃത്യതയിൽ, എന്നാൽ ഏറ്റവും സ്വാഭാവികതയിൽ ആ ശബ്ദത്തിൽനിന്ന് രൂപമെടുത്തു. എത്ര ഉയർന്നതും താഴ്ന്നതുമായ സ്ഥായികൾ ഒരുപോലെ അവർക്ക് വഴിപ്പെട്ടു.
ബാബുരാജ്, ഇളയരാജ, സലിൽ ചൗധരി, ആർ. കെ. ശേഖർ മുതൽ റഹ്‌മാൻ വരെയുള്ള സംഗീതജ്ഞർക്ക് അവരെ, അവരുടെ പാട്ടിനെ പൂർണ്ണതയിലെത്തിക്കാൻ ആ ശബ്ദമല്ലാതെ മറ്റൊരു വഴിയില്ലെന്നായി. ഒരിക്കൽ പാടിച്ചവർ പിന്നെയും പിന്നെയും തങ്ങളുടെ ഗാനങ്ങൾക്കായി അവരെ തിരിച്ചുവിളിച്ചു. കൂടുതൽ സൂക്ഷ്മമായി പറഞ്ഞാൽ ഒപ്പം പാടിയ ഗായകരിൽ പലർക്കും പകരക്കാരുണ്ടായിരുന്നു അഥവാ ഉണ്ട്; ജാനകിയ്ക്കൊഴികെ. ആ സ്ഥാനം ഇനിയും നികത്തപ്പെടാതെ കിടക്കും, തീർച്ച.
ഇപ്പോൾ പ്രേക്ഷകർക്കുകൂടി മുളാവുന്ന ആ വരികളിൽ ആദരം ചുരുക്കട്ടെ.
ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വിൽ
കരള്‍ നീറുകയോ ഈ വാഴ്‌വില്‍...
