ജോസ്​ ചിറമൽ; മരണമില്ലാത്ത ഒരു ട്രെൻഡ്​

നാടകകൃത്തും സംവിധായകനുമായിരുന്ന ജോസ്​ ചിറമലിനെയും കേരളത്തി​ന്റെ വേറിട്ട ഒരു സാംസ്​കാരിക കാലഘട്ടത്തെയും ഓർത്തെടുക്കുകയാണ്​, ചിറമലിന്റെ സുഹൃത്തുകൂടിയായിരുന്ന ലേഖകൻ

ജോസ് ചിറമലിന്റെ നാടക ജീവിതത്തെപ്പറ്റി, സുഹൃത്തുക്കളുടെ കൂട്ടായ്മയായ തൃശൂരിലെ ജോസ് ചിറമ്മൽ സ്മാരക സമിതി പുറത്തിറക്കിയ അഞ്ഞൂറിലധികം പേജുകളുള്ള പുസ്തകം- നാടകം വിതച്ചുനടന്ന ഒരാൾ- ഒറ്റയിരുപ്പിനങ്ങ് വായിച്ച് തീർത്തു.

സുഹൃത്തായ ഡോ. ബ്രഹ്മപുത്രനാണ് പുസ്തകം അയച്ചുതന്നത്. തൃശൂർ ഡ്രാമ സ്കൂൾ ആദ്യ ബാച്ചിൽനിന്ന്​ നാടക സംവിധാന ബിരുദവുമായി ജി.ശങ്കരപിള്ളയുടെ ശിഷ്യരായ രണ്ടുപേരാണ് 1980 കളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെത്തിയത്. മെഡിക്കൽ കോളേജ് കാമ്പസും മെൻസ് ഹോസ്റ്റൽ ഫസ്റ്റ് ബ്ലോക്കും അന്ന് ഒരു സംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു.

ആദ്യത്തെയാൾ ദീലീപ്; കെ.എ. കൊടുങ്ങല്ലൂരിന്റെ മകൻ, കാമ്പസിൽ "രക്ഷകൻ' എന്ന നാടകം സംവിധാനം ചെയ്തു. ഇത് യൂണിവേഴ്‌സിറ്റി തലത്തിൽ ധാരാളം സമ്മാനങ്ങൾ നേടി; ക്യാമ്പസ് നാടകവേദികളിൽ തീപ്പന്തത്തിന്റെ വെളിച്ചവും ചെണ്ടയുടെ താളവും ഇതിലാണ് ആദ്യമായി എത്തിയതെന്ന് "ദൃശ്യകല 'യിൽ നീലൻ എഴുതിയതായി ഓർക്കുന്നു.

അടുത്ത വർഷം "കഴുകൻ ' എന്ന നാടകവും ചെയ്തു. പിന്നെ അദ്ദേഹത്തിന് തിരുവനന്തപുരം ദൂരദർശനിൽ ജോലി കിട്ടി പോയതായും അറിഞ്ഞു. കഴുകനിൽ അന്നിവിടെ വിദ്യാർത്ഥികളായിരുന്ന ഡോ.എം. കെ. മുനീർ, ഇപ്പോൾ അഡീ. ചീഫ്​ സെക്രട്ടറിയായ ഡോ. വി. വേണു, ഡോ.രാഘവൻ (റബർ ബോർഡ്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ) തുടങ്ങിയവർ അഭിനയിച്ചതായിട്ടാണ് ഓർമ.

ജോസ് ചിറമലായിരുന്നു രണ്ടാമൻ; ജോസ് ഇവിടെ ജോൺ എബ്രഹാമിന്റെ ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം ആയിരുന്നു ആദ്യം ചെയ്തത്.

ചെന്നായ്ക്കൾ
ചെന്നായ്ക്കൾ
തിന്നുന്നു മനുഷ്യന്റ
കൈയ്യുകൾ
കൈയ്യുകൾ ;....
ചെന്നായ്ക്കൾ ചെന്നായ്ക്കൾ
തിന്നുന്നു മനുഷ്യന്റെ
കരളുകൾ:
കരളുകൾ ...

എന്ന് ഓഡിറ്റോറിയം ഹാളിലെ റിഹേഴ്‌സലിൽ കോറസ് അലറി വിളിക്കുമ്പോൾ ജോസ് ഹാളിന്റെ പിറകിൽ പോയി ശ്രദ്ധിക്കുന്നതും രചന നടത്തിയ ജോൺ പോലും (ദൃശ്യകല മാസിക) തന്റെ നാടകത്തിന്റെ രൂപമാറ്റം കണ്ട് അത്ഭുതത്തോടെ കസേരയിൽ അടങ്ങി ഇരിക്കുന്നതും കണ്ടിട്ടുണ്ട്.
ഈ നാടകത്തിന് യൂണിവേഴ്‌സിറ്റി, ഇന്റർ മെഡികോസ് തലത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നാടകവേദിയിൽ രചനയിലും അവതരണത്തിലും ഒരു "ജോസ് ചിറമ്മൽ ' ട്രെൻഡ് തന്നെ ഉണ്ടായി.

1983 ൽ മെഡിക്കൽ കോളേജ് യൂണിയൻ ഡേയ്ക്കും ജോസ് രൂപം കൊടുത്ത തൃശൂർ റൂട്ടിന്റെ "സൂര്യവേട്ട' (ഉൽപൽ ദത്ത്) അരങ്ങേറി.
പുരാണ ഇതിവൃത്തം സമകാലിക രാഷ്ട്രീയവുമായി ഇണക്കി പ്രസക്തമാക്കിയതും നടന്മാർ / നടികൾ തന്നെ അരങ്ങ് മാറ്റി ഒരുക്കുന്നതും പെട്ടികൾ പ്രോപ്പർട്ടി ആയി ഉപയോഗിച്ച് മാറ്റം വരുത്തുന്നതും ഇന്നും ഓർമയിലുണ്ട്.

പിന്നീട് അത്ഭുത മണി, ഡംബ് വെയിറ്റർ (ഹരോൾഡ് പിന്റർ) തുടങ്ങിയ നാടകങ്ങളും ജോസ് കോളേജിൽ ചെയ്തതായി ഓർക്കുന്നു.

നാടകമില്ലാത്ത അവസരങ്ങളിലും ജോസ് കോഴിക്കോടെത്തിയാൽ ഹോസ്റ്റലിൽ വരും. ജോസിലെ നാടകത്തിനെ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കണ്ടെത്തിയ കണിമംഗലത്തെ ഐ.എം. വേലായുധൻ മാഷിന്റെ മകൻ ഐ.വി.ജയറാം മെഡിക്കൽ വിദ്യാർത്ഥിയായി ഇവിടെയുണ്ടായിരുന്നു. കൂടാതെ ഏത് പാതിരാവിലും ആതിഥേയത്വം നൽകാൻ ബ്രഹ്മപുത്രനും സുഹൃത്തുക്കളും.

അടിയന്തിരാവസ്ഥാ കാലത്തിനുശേഷം കാമ്പസുകളിൽ സാംസ്‌കാരിക ഉണർവും ഇടതുപക്ഷ ചിന്തകളും വിരിഞ്ഞ കാലമായിരുന്നു അത്.

പുറമേ ജനകീയ സംസ്‌കാരിക വേദിയുടെ അടക്കം തെരുവുനാടകങ്ങളും ലിറ്റിൽ മാഗസിനുകളും വ്യവസ്ഥാപിത രീതികളോട് കലഹം കൂടുന്ന യൗവ്വന ങ്ങളും കവിയരങ്ങുകളും ഇടപെടൽ നടത്തിയ (പ്രക്ഷുബ്ധ )കാലം.

അക്കാലത്ത് സ്വകാര്യ പി. ജി. കോഴ്‌സ് തുടങ്ങുന്നതിനെതിരെ ഒന്നര മാസത്തിലധികം സമരം ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളും (കോഴിക്കോട്) കേരളത്തിൽ തെരുവുനാടകം ഒരു സമരരീതിയാക്കി വികസിപ്പിച്ചതോർക്കുന്നു.

ഒപ്പം അത് നാടക നിരോധനങ്ങളുടേയും കാലമായിരുന്നു.
കസാന്ത്സാക്കിസിന്റെ ലാസ്റ്റ് ടെംപ്​റ്റേഷൻ ഓഫ് ക്രൈസ്റ്റ് അടിസ്ഥാനമാക്കി പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് , ബ്രെഹ്റ്റിന്റെ നാടകം അടിസ്ഥാനമാക്കി മധു മാസ്റ്റർ ചെയ്ത അമ്മ തുടങ്ങിയവ.

ഈ നിരോധനത്തിനെതിരേയും ജോസ് കുരിശിന്റെ വഴി എന്ന യഥാർത്ഥ തെരുവ് നാടകത്തിന് ഒരുക്കം കൂട്ടിയെങ്കിലും നിയമപാലകർ തടഞ്ഞതായി പുസ്തകത്തിൽ വായിച്ചു. പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത്​ കലാജാഥയുടെ ഭാഗമായി തെരുവുനാടകങ്ങൾ പ്രചരിപ്പിച്ചു.

ഇന്ത്യൻ പുരാണങ്ങളും ആഫ്രിക്കൻ- ലാറ്റിനമേരിക്കൻ കൃതികളും അടിസ്ഥാനമാക്കി ജോസ് വളരെയധികം നാടകങ്ങൾ ചെയ്തിട്ടുണ്ട്.
എത്ര കഠിനമായ പ്രമേയമായാലും അവയൊക്കെ ലളിതമായും ആസ്വാദ്യകരമായും സാധാരണക്കാർക്ക് പോലും മനസ്സിലാകും വിധം നാടകമാക്കി മാറ്റാൻ അദ്ദേഹത്തിനാകുമായിരുന്നു. നാടകത്തിന്റെ
പ്രൊസിനിയൻ രീതി മാറ്റി ആധുനികവും ജനകീയവുമായി മാറ്റിയത് ജോസ് ആയിരുന്നു.

വിവിധ വേദികളിൽ അദ്ദേഹം സാക്ഷാത്കരിച്ച ചില നാടകങ്ങൾ ഇന്നും ഓർക്കാനാകുന്നുണ്ട്.

മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല മരിക്കുന്നത്.

ചെണ്ട

അത്ഭുത മണി

മരണക്കളി

പാവക്കൂത്ത്

കിഴക്ക് നിന്നെത്തിയ ദിർഘദർശികൾ

മുദ്രാ രാക്ഷസം

ചിലി - 73

ഗോദോയെ കാത്ത് - സാമുവൽ ബക്കറ്റ്

തിയേറ്റർ സ്‌കെച്ചസ്

പരിഷത്ത് കലാജാഥകൾ.

ബാദൽ സർക്കാറിന്റെ ഭോ മാ

ബാദൽ സർക്കാറിന്റെ കൃതിയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ചെയ്ത, കേരളത്തിൽ/ ഇന്ത്യയിൽ അങ്ങോളമിങ്ങോളം തെരുവുനാടക രീതിയിൽ/ സാൻഡ്​വിച്ച് രീതിയിൽ അരങ്ങേറിയ ഭോ മാ കണ്ണൂർ ജില്ലയിലെ എന്റെ ജന്മനാടായ കൂവേരി എന്ന ഗ്രാമത്തിൽ പോലും പരേതനായ എന്റെ ഏട്ടൻ ഡോ.രാധാകൃഷ്ണന്റെ സംഘാടന നേതൃത്വത്തിൽ ജവഹർ വായനശാലയുടെ ആഭിമുഖ്യത്തിൽ അവതരിക്കപ്പെട്ടിട്ടുണ്ട്.

ഇന്നും കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ജോസുമായുള്ള സൗഹൃദം ഹൃദയത്തിൽ സൂക്ഷിക്കുന്നവരെ കാണാം.

ജീവിതം മുഴുവൻ നാടകം വിതച്ച് നടന്ന ജോസ് ചിറമ്മൽ കേരളത്തിലെ ഗ്രാമങ്ങളിൽ മുഴുവൻ നാടകം കളിച്ച്, പരിശീലിപ്പിച്ച്
80 കൾക്ക് ശേഷം മലയാള നാടകവേദി മാറ്റി പണിത് അമ്പത്തിമൂന്നാമത്തെ വയസ്സിൽ ഭൂമിയുടെ മാറിൽ കമിഴ്ന്നുറങ്ങി ജീവിത നാടകത്തിന്റെ തിരശ്ശീല താഴ്ത്തുകയായിരുന്നു.

അവസാന കാലങ്ങളിൽ അദ്ദേഹത്തിലെ നാടകജ്വാലയിലെ വെളിച്ചം വേണ്ടത്ര ഉൾക്കൊള്ളാനാകാത്ത വിധം കേരള സമൂഹം മാറിപ്പോകുകയോ നാടക വെളിച്ചം വേണ്ടവിധം ഉദ്ദീപിപ്പിക്കാൻ അദ്ദേഹത്തിന് ആകുകയോ ചെയ്തില്ല എന്ന് പുസ്തകത്തിൽ നിന്ന്​ മനസ്സിലാക്കാം.

പക്ഷെ എന്നും നാടക ചരിത്രത്തിലെ വഴിവിളക്കായി അദ്ദേഹമുണ്ടായിരിക്കും.

ഏതായാലും ഞാൻ ജീവിച്ചുതീർത്ത 80- 90 കളിലെ സംസ്‌കാരിക ഭൂപടങ്ങളിലൂടെ, ഇൗ പുസ്​തകത്തിലെ പേജുകൾ എന്നെ കൊണ്ടുപോയി. ... ഒപ്പം, കുറേ കലാലയ ഓർമകളും.

2007 ൽ ജോസിന്റെ സ്മരണാർത്ഥം സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ വീണ്ടും "ചെന്നായ്ക്കൾ ...' അരങ്ങേറിയപ്പോൾ, ഈ നാടകം ആദ്യമായി അരങ്ങേറിയത് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നുവെന്ന് അനൗൺസ് ചെയ്തപ്പോൾ, സദസിലുണ്ടായിരുന്ന എനിക്ക്​ പുളകമുണ്ടായി.

2006 ൽ തൃശൂർ മെഡിക്കൽ കോളേജിൽ അജ്ഞാത മൃതദേഹമായി എത്തി പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് പുറത്തേക്ക് വണ്ടിയിൽ കയറ്റുമ്പോൾ ഞാനൊരു നോട്ടം മാത്രം കണ്ടു. ഇവിടെയുള്ളപ്പോഴെല്ലാം ചിരിച്ച് കണ്ടിരുന്ന അയാൾ രംഗബോധമില്ലാത്ത കോമാളിക്കുമുന്നിലും അപ്പോഴും ചിരിച്ചുകൊണ്ടിരുന്നുവോ?

Comments