വി. എസ് ജയിച്ചെങ്കിലും,
കേരളം ഒപ്പമെത്തുന്നതിൽ
പരാജയപ്പെട്ടു

‘‘1980- കൾക്കുശേഷമുണ്ടായ ചില സാമൂഹ്യമുന്നേറ്റങ്ങളിൽ ഇടതുമുന്നണിയുടെ തുടർച്ചയായ പിന്തുണ ഇ.എം.എസിന് ലഭ്യമായെങ്കിൽ, വി. എസിന് അത്തരമൊരു പിന്തുണ ലഭ്യമാകാത്ത ദൗർഭാഗ്യകരമായ സ്ഥിതിയുണ്ടായി. അത് കേരളത്തിന്റെ രാഷ്ട്രീയധ്രുവീകരണത്തെ പ്രതികൂലമായി ബാധിക്കുകയും വിപ്ലവാത്മകതയെയും പുരോഗമനോന്മുഖതയെയും സാരമായി ദുർബലപ്പെടുത്തുകയും ചെയ്തു’’- വി. എസിന്റെ രാഷ്ട്രീയപ്രസക്തിയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ പങ്കുവെക്കുകയാണ് ഡോ. വി.എൻ. ജയചന്ദ്രൻ.

നത്ത പേമാരി, എല്ലാ കണക്കുകൂട്ടലുകളെയും മറികടന്ന് നിലയ്ക്കാതെ ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് മനുഷ്യർ, ദിഗന്തം ഭേദിക്കുന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ, അശരണരുടെ വാവിട്ട കരച്ചിൽ, സഖാക്കളുടെ വിങ്ങിപ്പൊട്ടൽ, തങ്ങളുടെ വേദനകൾ തൊട്ടറിഞ്ഞതിനും ചേർത്തുപിടിച്ചതിനും തങ്ങൾക്കായി പ്രമാണിവർഗ്ഗങ്ങളോട് പൊരുതിനിന്നതിനും പോലീസ് ബയണറ്റ് കുത്തിക്കീറിയ കാല്പാദങ്ങൾക്കൊണ്ട് കാട് കയറിയതിനും പാടത്തിറങ്ങിയതിനും സാമൂഹ്യദ്രോഹികളെ കൽത്തുറങ്കിലടച്ചതിനും നന്ദി പറയാൻ കഴിയാതെ ചിന്താമഗ്നരായി വിഷാദപൂർവ്വം പെരുമഴയത്ത് നിന്ന് നനയുന്നവർ...

കേരള സമൂഹമനഃസ്സാക്ഷിയിൽ പടർന്നുകയറി വേരുറപ്പിച്ചുപോയ വി.എസ് എന്ന ദ്വയാക്ഷരിയെ പുന്നപ്ര- വയലാർ സമരസേനാനികൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലൊരുക്കിയ ചിത ഏറ്റുവാങ്ങി. ഈ വേളയിൽ വിളിച്ച മുദ്രാവാക്യങ്ങളിലും നാട്ടിടങ്ങളിലെ ചർച്ചകളിലും ടെലിവിഷൻ കമൻറ്ററികളിലും സാമൂഹ്യമാധ്യമ ചർച്ചകളിലും 'കണ്ണേ കരളേ വിഎസ്സേ', ' ഇനി ഞങ്ങൾക്ക് ആരുണ്ട്?', 'അവസാന കമ്യൂണിസ്റ്റും പോയി' എന്നെല്ലാം നിലവിളികളുണ്ട്. അതെല്ലാം അനുവദിക്കപ്പെടണം. അവ കൂടി ചേരുമ്പോഴാണ് സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടം സർഗ്ഗാത്മകമാകുന്നത്. കേവലം അനുഭവപരമായി അവയിലൊക്കെ 'രാഷ്ട്രീയശരികൾ' യാന്ത്രികമായി തേടാൻ പാടില്ല. എന്നാൽ, ഈ അനുഭവപരതയിൽ അഭിരമിച്ച് വി.എസ്സിനെ മറ്റൊരു വിഗ്രഹമാക്കി ശിഷ്ടകാലം വാഴിക്കാനും കഴിയില്ല.

'കണ്ണേ കരളേ വിഎസ്സേ', ' ഇനി ഞങ്ങൾക്ക് ആരുണ്ട്?', 'അവസാന കമ്യൂണിസ്റ്റും പോയി' എന്നെല്ലാം നിലവിളികളുണ്ട്. അതെല്ലാം അനുവദിക്കപ്പെടണം. അവ കൂടി ചേരുമ്പോഴാണ് സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടം സർഗ്ഗാത്മകമാകുന്നത്.
'കണ്ണേ കരളേ വിഎസ്സേ', ' ഇനി ഞങ്ങൾക്ക് ആരുണ്ട്?', 'അവസാന കമ്യൂണിസ്റ്റും പോയി' എന്നെല്ലാം നിലവിളികളുണ്ട്. അതെല്ലാം അനുവദിക്കപ്പെടണം. അവ കൂടി ചേരുമ്പോഴാണ് സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടം സർഗ്ഗാത്മകമാകുന്നത്.

വൈകാരികതകൾക്കപ്പുറം വസ്തുനിഷ്ഠമായ പരിശോധന നടത്താൻ കേരളത്തിന്, വിശേഷിച്ച് ഇടതുപക്ഷത്തിന്, അവകാശവും ബാധ്യതയുമുണ്ട്. വി.എസ് എന്ന ‘പ്രസ്ഥാന’ത്തിന്റെ (അത് കമ്യൂണിസ്റ്റ് ധാരയിൽനിന്നു വേറിട്ട് നിൽക്കുന്നതുമല്ല) രാഷ്ട്രീയ വിവക്ഷകളെക്കുറിച്ച് ആഴത്തിലും പരപ്പിലുമുള്ള ചർച്ച കേരളത്തിന്റെ വികസനസമസ്യകളെ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ സഹായകമാണെന്ന് കരുതുന്നു. അത് നിർവ്വഹിക്കപ്പെടും എന്ന് പ്രത്യാശിക്കാം. കേരളത്തിന് മാത്രമല്ല, രാജ്യത്താകെ വളർന്നുവരേണ്ട നവലിബറൽ- ഫാഷിസ്റ്റു വിരുദ്ധ പ്രതിരോധനീക്കങ്ങൾക്ക് അത്തരമൊരു ചർച്ചയും സ്വാംശീകരണവും ഗുണകരമായ മാനങ്ങൾ നൽകും.

രാഷ്ട്രീയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ വി. എസിന്റെ സ്ഥാനവും പ്രഭാവവും അതുല്യമാണ്. ഇവിടെ അദ്ദേഹമാണ് മർമ്മസ്ഥാനത്ത്. മറ്റൊരു തരത്തിൽ 21-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രഗതിയെ വി.എസ് മാറ്റിമറിച്ചെന്നു പറയാം.

രൂപീകരണകാലം മുതൽ പരിശോധിച്ചാൽ, കേരളം മുന്നോട്ടുതന്നെയാണ്. വേഗതക്ക് പല കാലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ കാണാമെന്നുമാത്രം. ഇടക്കിടക്ക് കടന്നുവരുന്ന മുരടിപ്പിനെ അതിജീവിക്കുന്ന ചില എടുത്തചാട്ടങ്ങളും അതിലേക്ക് നയിക്കുന്ന ജനകീയ മുന്നേറ്റങ്ങളും ദൃശ്യമാണ്. നവോത്ഥാനപ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യസമരം, അതിന്റെ ഭാഗമായും അല്ലാതെയും വളർന്ന തൊഴിലാളി - കർഷക പ്രക്ഷോഭങ്ങൾ, കമ്യൂണിസ്റ്റു പ്രസ്ഥാനം തുടങ്ങിയവയുടെ മുദ്രാവാക്യങ്ങളാണ് പിൽക്കാലത്ത് ഭൂപരിഷകരണവും വിദ്യാഭ്യാസ പരിഷ്കാരങ്ങളും പൊതുസംവിധാനങ്ങളുടെ ശാക്തീകരണവുമായി വരുന്നത്. കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തെ മുന്നോട്ടുകൊണ്ടുപോയതും. 'കേരള മാതൃക' എന്ന് പലരും വിശേഷിപ്പിക്കുന്ന, താരതമ്യേന മെച്ചപ്പെട്ട ജീവിതഗുണത കൈവരിക്കാൻ കഴിഞ്ഞതും അങ്ങനെയാണ്.

വ്യക്തികൾക്ക് സമൂഹഗതിയിലുള്ള പങ്ക് എത്രത്തോളം എന്നത് ഒരു സൈദ്ധാന്തിക ചർച്ചാവിഷയമാണ്. അതിന്റെ വിശദാംശങ്ങൾ എന്തായാലും, മൂർത്തമായ സാഹചര്യം തിരിച്ചറിഞ്ഞ് അതനുസരിച്ച് ഇടപെടുന്നതിലാണ് നേതാക്കളുടെ പ്രാവീണ്യം. ലോഹം പഴുത്തുനിൽക്കുമ്പോൾ ഉചിതമായ ഇടത്തിൽ ആവശ്യമായ ശക്തിയിൽ ചുറ്റികക്കടിക്കാൻ കഴിയുന്നവർ ചരിത്രത്തിൽ ഇടം പിടിക്കുന്നു. 1980- നുശേഷം ഇ.എം.എസിന്റെ മുൻകൈയ്യിൽ നടന്ന ശ്രദ്ധേയമായ ചില രാഷ്ട്രീയ ഇടപെടലുകളുമായി ഈ നൂറ്റാണ്ടിൽ വി. എസിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയമുന്നേറ്റത്തെ താരതമ്യംചെയ്ത്, വി. എസിന്റെ രാഷ്ട്രീയപ്രസക്തിയെക്കുറിച്ച് നടത്തുന്ന ചില നിരീക്ഷണങ്ങൾ മാത്രമാണ് ഈ കുറിപ്പ്.

ഇ.എം.എസും വി.എസും
ഇ.എം.എസും വി.എസും

കേരളത്തിന്റെ പ്രതിസന്ധികളും
ഇ.എം. എസിന്റെ രാഷ്ട്രീയ ഇടപെടലുകളും

രൂപീകരണശേഷം ആദ്യ മൂന്ന് പതിറ്റാണ്ടുകൾ പിന്നീടുമ്പോഴേക്കും കേരളം ചില പ്രതിസന്ധികളെ നേരിടേണ്ടിവരുന്നുണ്ട്. ഒന്നാമത്, വിമോചനസമരത്തിനുശേഷമുള്ള മുന്നണിരാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ ഉപയോഗപ്പെടുത്തി വളർന്ന ജാതി - മത- വർഗ്ഗീയ ശക്‌തികൾ ഈ ഘട്ടമെത്തിയപ്പോൾ ഒരു സാമൂഹ്യജീർണ്ണതയായി മാറിയിരുന്നു. അതിനെതിരെയുള്ള ശ്രദ്ധേയമായ രാഷ്ട്രീയ- സാംസ്കാരിക മുന്നേറ്റം രൂപപ്പെട്ടത് മുഖ്യമായും ഇ.എം.എസിന്റെ രാഷ്ട്രീയവ്യാഖ്യാനങ്ങളിലും തന്ത്രങ്ങളിലുമായിരുന്നുവെന്ന് വ്യക്തം. ജാതിമതശക്തികളെ മുഴുവൻ ഒഴിവാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമെന്ന വിശ്വാസം ഭൂരിപക്ഷം ഇടതുപക്ഷപ്രവർത്തകർക്ക് 1987- ൽ പ്രചാരണസമയത്തുപോലും ഇല്ലായിരുന്നു. കാലങ്ങളായി വഴിമാറി നീങ്ങിയിരുന്ന പൊതുരാഷ്ട്രീയമണ്ഡലത്തെ മതേതരപാതയിലേക്ക് കൊണ്ടുവരാൻ 1980- കളിൽ നടന്ന മതേതരപ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളും 1987- ലെ തെരഞ്ഞെടുപ്പ് വിജയവും പര്യാപ്തമായിരുന്നു. പിൽക്കാലത്ത് ഇക്കാര്യത്തിൽ പിന്നോട്ടടി ഉണ്ടായെന്നത് പരിമിതിയാണ്.

ജനകീയസൂത്രണത്തിൽ വിഭാവന ചെയ്തപോലെ കൃഷി, വ്യവസായ മേഖലകളുടെ മെച്ചപ്പെട്ട വളർച്ച നടക്കുന്നില്ല. പഞ്ചായത്തുകൾ ദുർബലമായി. പല പഞ്ചായത്ത് സംവിധാനങ്ങളും നോക്കുകുത്തികൾ. തൊഴിലില്ലായ്മ, വിശേഷിച്ച് സ്ത്രീകളുടെ, രൂക്ഷം. വിദ്യാഭ്യാസമേഖലകളിൽ ഗൗരവതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

മറ്റൊരു മുന്നേറ്റം സാക്ഷരതാപ്രസ്ഥാനമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആശയപരവും സംഘടനാപരവുമായ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തി 1987- ലെ എൽ ഡി എഫ് ഭരണകാലത്ത് നടപ്പിലാക്കിയ സാക്ഷരതാപ്രസ്ഥാനത്തിലൂടെ ജനാധിപത്യവൽക്കരണപ്രക്രിയയെ ത്വരിതപ്പെടുത്താൻ കഴിഞ്ഞതിലും ഇ.എം.എസിന്റെ ഇടപെടൽ നിർണ്ണായകമായി. കേരളം സാമ്പത്തികമുരടിപ്പ് നേരിടുകയാണെന്നും അത് പരിഹരിച്ചില്ലെങ്കിൽ, നേടിയ ജീവിതഗുണതപോലും സംരക്ഷിക്കാൻ കഴിയില്ലെന്നുമുള്ള ഏറ്റവും ഗൗരവതരമായ പ്രശ്നത്തെക്കുറിച്ചും /പ്രതിസന്ധിയെക്കുറിച്ചും ഈ കാലത്തുതന്നെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരത്തെ സെൻറ്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സി ഡി എസ്) നടത്തിയ ചില പഠനങ്ങൾ (അടിയന്തരാവസ്ഥയുടെ വിനാശകാലത്തുപോലും സി ഡി എസ് പോലെ സുപ്രധാനങ്ങളായ ചില പഠനഗവേഷണസ്ഥാപനങ്ങളെ രൂപപ്പെടുത്താനും വളർത്താനും മുൻകൈ എടുത്ത അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ക്രാന്തദർശിത്വവും കർമ്മകുശലതയും എടുത്തുപറയേണ്ടതാണ്), ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിവന്നിരുന്ന പഠന, പ്രവർത്തന പരിപാടികൾ തുടങ്ങിയവയെ മനസ്സിലാക്കാനും സംവദിക്കാനും അവയുടെയെല്ലാം അടിസ്ഥാനത്തിൽ പല തലങ്ങളിൽ വിപുലമായ രാഷ്ട്രീയചർച്ചകൾ സംഘടിപ്പിക്കാനും അതിന്റെ പരിണതിയെന്ന നിലയിൽ കേരളത്തിന്റെ വികസനചരിത്രത്തിൽ സുപ്രധാനമായ ഏടായി മാറിയ ജനകീയ ആസൂത്രണപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അതിനു സമഗ്രമായ രാഷ്ട്രീയമാനം പകരുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിലും ഇ.എം.എസ് വഹിച്ച പങ്ക് നിർണ്ണായകമാണ്. ഇത് സാമൂഹ്യമായ ഒരു ‘കുതിപ്പ്’ / ‘വിച്‌ഛേദം’ ആയിരുന്നു.

സി അച്യുതമേനോൻ
സി അച്യുതമേനോൻ

വി.എസിന്റെ രാഷ്ട്രീയവും
ചരിത്രപരവുമായ പ്രസക്തി

കഴിഞ്ഞ നൂറ്റാണ്ടിലേയും നടപ്പ് നൂറ്റാണ്ടിലേയും വി. എസിന്റെ രാഷ്ട്രീയജീവിതങ്ങളെ രണ്ട് ഘട്ടങ്ങളായിതന്നെ കാണാം. കര്ഷകത്തൊഴിലാളിപ്രസ്ഥാനം, സ്വാതന്ത്ര്യസമരം എന്നിവയിലൂടെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെത്തി, പുന്നപ്ര വയലാർ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ചു, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസമിതി അംഗമായി, പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി, പി.ബി അംഗം, എൽ ഡി എഫ് കൺവീനർ എന്നീ നിലകളിലേക്കും വളർന്ന വി. എസ്, എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന അത്യുജ്ജ്വലനായൊരു സംഘാടകനും പാർട്ടിതീരുമാനങ്ങൾക്കുപിന്നിൽ ഓരോ ഘടകത്തെയും അണിനിരത്താൻ അസാമാന്യ സാമർത്ഥ്യം പ്രകടിപ്പിച്ച കിടയറ്റ നേതാവുമായിരുന്നു. 1980- കളിലെ മതേതരപ്രസ്ഥാനം, സാക്ഷരതപ്രസ്ഥാനം, ജനകീയാസൂത്രണപ്രസ്ഥാനം എന്നീ 'എടുത്തുചാട്ടങ്ങളിലെല്ലാം' ഇ.എം. എസിന്റെ വലംകൈയായി അദ്ദേഹമുണ്ടായിരുന്നു. എന്നാലും, വി.എസിന്റെ അസാന്നിധ്യത്തിലും ഈ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുമായിരുന്നുവെന്ന് തന്നെ കരുതാം.

വികസനപദ്ധതികളിലൂടെ പ്രാന്തവൽക്കരിക്കപ്പെടുന്ന ജനങ്ങളുണ്ട്. തകരുന്ന ആവാസവ്യവസ്ഥകളുണ്ട്. സംഘടിതതൊഴിൽ മേഖലകൾപോലും അസംതൃപ്തിയിലാണ്. മധ്യവർഗ്ഗത്തിന്റെ വികസനമോഹങ്ങളനുസരിച്ച് കമ്പോളയുക്തിയുമായി സമരസപ്പെടണമെന്ന ചിന്തക്ക് വേരോട്ടം ഏറുന്നു.

രാഷ്ട്രീയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ വി. എസിന്റെ സ്ഥാനവും പ്രഭാവവും അതുല്യമാണ്. ഇവിടെ അദ്ദേഹമാണ് മർമ്മസ്ഥാനത്ത്. മറ്റൊരു തരത്തിൽ 21-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രഗതിയെ വി.എസ് മാറ്റിമറിച്ചെന്നു പറയാം. അദ്ദേഹത്തിന്റെ പ്രവർത്തനരീതിയിൽ ഒരുതരം 'ജനിതകമാറ്റം' വന്നതുപോലെ ഒരു പകർന്നാട്ടമായിരുന്നു. നാനാതുറയിലെ മനുഷ്യരുമായി സംവദിക്കുന്നതിലും ചേർത്തുനിർത്തുന്നതിലും കാണിച്ച അസാമാന്യമായ ചാതുര്യം തികച്ചും അപ്രതീക്ഷിതമായിരുന്നു. നവലിബറലിസം സമസ്തമേഖലകളിലും ദുരിതം വിതച്ചുതുടങ്ങിയ കാലമായിരുന്നു. മൂന്നാം ലോകത്തെ പല സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും സമരസപ്പെടലിന്റെ ചാഞ്ചട്ടങ്ങൾ ദൃശ്യമായി. ഇവിടെ കാർഷിക, തോട്ടം മേഖലകളിൽ ആത്മഹത്യകൾ നടക്കുന്നുണ്ടായിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും വില്പനകളെക്കുറിച്ചുള്ള ആലോചനകൾ കാര്യമായി ഉണ്ടായിരുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ മറവിൽ തൊഴിലവകാശങ്ങൾ ലംഘിക്കപ്പെട്ടിരുന്നു. സ്ത്രീ വില്പനച്ചരക്കാകുകയും മൂലധനശക്തികളും ചില രാഷ്ട്രീയ, ബ്യുറോക്രാറ്റിക് പ്രമാണിമാരും അതിൽ അഭിരമിക്കുകയും ചെയ്യുന്ന സ്ഥിതിയും ദൃശ്യമായി.

രാഷ്ട്രീയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ വി. എസിന്റെ സ്ഥാനവും പ്രഭാവവും അതുല്യമാണ്. ഇവിടെ അദ്ദേഹമാണ് മർമ്മസ്ഥാനത്ത്. മറ്റൊരു തരത്തിൽ 21-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രഗതിയെ വി.എസ് മാറ്റിമറിച്ചെന്നു പറയാം.  PHOTO CREDIT/ AJ JOJI
രാഷ്ട്രീയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ വി. എസിന്റെ സ്ഥാനവും പ്രഭാവവും അതുല്യമാണ്. ഇവിടെ അദ്ദേഹമാണ് മർമ്മസ്ഥാനത്ത്. മറ്റൊരു തരത്തിൽ 21-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രഗതിയെ വി.എസ് മാറ്റിമറിച്ചെന്നു പറയാം. PHOTO CREDIT/ AJ JOJI

ബഹുമുഖങ്ങളായിരുന്നു വി.എസിന്റെ പ്രവർത്തനരീതികൾ. ഒരു വശത്ത്, സംഘടിത തൊഴിലാളി- കർഷക സംഘടനകളുടെതടക്കം സമരവേദികളിലെത്തുക, സ്ഥാപനപരവും തൊഴിൽസംബന്ധവുമായ പ്രശ്നങ്ങൾ പഠിക്കുക, അരക്ഷിതരും പീഡിതരും പ്രാന്തവൽക്കരിക്കപ്പെടുന്നവരുമായ മനുഷ്യരെയും അവരുടെ ഇടങ്ങളും പ്രകൃതിവിഭവങ്ങൾ കൊള്ള ചെയ്യപ്പെടുന്ന ഇടങ്ങളും സന്ദർശിക്കുക, പഠിക്കുക, അവരുടെ സമരങ്ങൾക്ക് ആവേശവും ആൽമവിശ്വാസവും പകരുക, നിയമസഭയ്ക്കകത്തും പുറത്തും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വ്യവസ്ഥാപരമായ മാറ്റത്തിനും തുടർച്ചയായി നിലകൊള്ളുക, ഇവക്കൊക്കെ ആവശ്യമായ നിയമവ്യവഹാരങ്ങൾ നടത്തുവാൻ പ്രേരിപ്പിക്കുകയും ആവശ്യമെങ്കിൽ ആ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുക, പൊതുമുതൽ മൂലധനശക്തികൾക്കു കൈമാറുന്ന 'വികസനതന്ത്രങ്ങളെ' തുറന്നുകാട്ടുകയും പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശ്നപരിഹാരംവരെ വീറോടെ നിലനിർത്തുന്നതിലൂടെ മനുഷ്യരുടെയാകെ വിശ്വാസവും സ്നേഹവും ബഹുമാനവും ആർജ്ജിക്കുകയും ചെയ്തിരുന്നു.

വി.എസിന്റെ നേതൃത്വത്തിൽ മുൻപ് നടന്ന കാർഷികമേഖലയിലെ ഇടപെടലായിരുന്ന നിലംനികത്തൽ വിരുദ്ധ സമരത്തിന് ഈ കാലമായപ്പോഴേക്ക് നവലിബറൽ വിരുദ്ധവും സമഗ്രവുമായ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ മാനം കൈവന്നിരുന്നു. പുതുതായി കണ്ടെത്തിയ ഒരു ചെടിക്ക് 'ഇമ്പേഷ്യസ് അച്യുതാനന്ദി' എന്ന് പേര് നൽകിയതിലൂടെ പരിസ്ഥിതി ജൈവവൈവിധ്യമേഖലയിലെ ഗവേഷകർക്കൊക്കെ അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവുമാണ് വെളിവാകുന്നത് (https://luca.co.in/impatiens-achudanandanii/). എന്നാൽ, തന്റെ എല്ലാ സൂക്ഷ്മരാഷ്ട്രീയ ഇടപടലുകളെയും, നവലിബറൽവിരുദ്ധ സ്ഥൂലരാഷ്ട്രീയവുമായി സദാ ബന്ധിപ്പിച്ചുനിർത്തിയിരുന്നു. ഇതെല്ലാം 2006- ലെ എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പുവിജയത്തെ സുഗമമാക്കിയെന്ന് വിലയിരുത്താം.

പുതുതായി കണ്ടെത്തിയ ഒരു ചെടിക്ക് 'ഇമ്പേഷ്യസ് അച്യുതാനന്ദി' എന്ന് പേര് നൽകിയതിലൂടെ പരിസ്ഥിതി ജൈവവൈവിധ്യമേഖലയിലെ ഗവേഷകർക്കൊക്കെ അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവുമാണ് വെളിവാകുന്നത്
പുതുതായി കണ്ടെത്തിയ ഒരു ചെടിക്ക് 'ഇമ്പേഷ്യസ് അച്യുതാനന്ദി' എന്ന് പേര് നൽകിയതിലൂടെ പരിസ്ഥിതി ജൈവവൈവിധ്യമേഖലയിലെ ഗവേഷകർക്കൊക്കെ അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവുമാണ് വെളിവാകുന്നത്

ഭരണമാറ്റത്തിലേക്ക് നയിച്ച സമരങ്ങളിൽ ഉയർത്തിയ ആവശ്യങ്ങളാണ് ഭരണം ലഭിച്ചാൽ, നടപ്പിലാക്കാൻ ശ്രമിക്കേണ്ടത്. അതാണ് പുരോഗമനസർക്കാരിന്റെ മുഖമുദ്ര. അതിന് കഴിയാതെ വന്നാൽ, അക്കാര്യം സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്തണം. 2006-11 ലെ വി. എസ് സർക്കാർ ഇക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തിയിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളടക്കം പൊതുസംവിധാനങ്ങളെ സംരക്ഷിക്കാനും കാർഷികകടാശ്വാസമടക്കമുള്ള കാർഷികമേഖലയിലെ നടപടികൾ, ഐ.ടി അടക്കമുള്ള വ്യവസായമേഖലകളുടെ വളർച്ചക്കെന്ന മട്ടിൽ പൊതുസ്വത്ത് കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള മുൻ സർക്കാർ നീക്കങ്ങളിൽനിന്നുള്ള പിൻവാങ്ങൽ, സർക്കാർ സേവനങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നത്തിനും ഡിജിറ്റൽ രംഗത്തെ ജനാധിപത്യവൽക്കരണത്തിനുമായി ആരംഭിച്ച അക്ഷയ പോലുള്ള സംരംഭങ്ങൾ, സർക്കാർമേഖലയിലും പുറത്തും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കാനുള്ള വ്യാപക നടപടികൾ, അഴിമതിക്കാർക്കും പെൺവാണിഭക്കാർക്കുമെതിരെയുള്ള നിയമനടപടികൾ, പോലീസ് സംവിധാനങ്ങൾ ജനസേവനത്തിനുതകുന്നതിനു വേണ്ടിയുള്ള പോലീസ് ആക്ട് തുടങ്ങിയവയെല്ലാം സർക്കാരിലും മുന്നണിയിലും അതിലുപരി വി.എസിലുമുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചു. പ്രകൃതിയെ സംരക്ഷിക്കാൻ നടത്തിയ സമരങ്ങളുടെ സ്വാഭാവികപരിണതി എന്ന നിലയിൽ 2008- ൽ നെൽവയൽതണ്ണീർത്തട സംരക്ഷണനിയമം കൊണ്ടുവരാൻ കഴിഞ്ഞതടക്കം പഞ്ചായത്തിന്റെ ശാക്തീകരണത്തിനായി നടത്തിയ നടപടികൾ ഏറെ ശ്രദ്ധേയമായി.

ഭരണമാറ്റത്തിലേക്ക് നയിച്ച സമരങ്ങളിൽ ഉയർത്തിയ ആവശ്യങ്ങളാണ് ഭരണം ലഭിച്ചാൽ, നടപ്പിലാക്കാൻ ശ്രമിക്കേണ്ടത്. അതാണ് പുരോഗമനസർക്കാരിന്റെ മുഖമുദ്ര. അതിന് കഴിയാതെ വന്നാൽ, അക്കാര്യം സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്തണം

തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി കൈകൊണ്ട നടപടികളുടെ തുടർച്ചയായി ഭൂപ്രശ്നത്തിൽ ഇടപെടാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി അനധികൃത കൈയ്യേറ്റ ഭൂമികൾ ഒന്നൊന്നായി തിരികെപ്പിടിച്ചുതുടങ്ങുകയും നിയമവിരുദ്ധമായി വമ്പന്മാർ കെട്ടിയുയർത്തിയ നിർമ്മിതികൾ പൊളിച്ചുതുടങ്ങുകയും രണ്ടാം ഭൂപരിഷ്കരണം പോലുള്ള വിപ്ലവകരമായ ആവേശത്തിലേക്ക് കേരളം നീങ്ങിതുടങ്ങുകയും ചെയ്‌തെങ്കിലും, മൂലധനശക്തികളുടെയും തല്പരകക്ഷികളുടെയും മതമേധാവികളുടെയും സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളും രാഷ്ട്രീയനേതാക്കൾക്കിടയിൽ ഏറിയും കുറഞ്ഞും ഈ ശക്തികൾക്കുണ്ടായ സ്വാധീനവും, ഒറ്റക്കെട്ടായി പ്രതിരോധം തീർക്കാൻ മുന്നണിക്കും ഇടതുപക്ഷത്തിനും എന്തിന്, മന്ത്രിസഭക്കുപോലും കഴിയാതെ വന്നതുകൊണ്ടും മഹത്തായ ആ രാഷ്ട്രീയ ഇടപെടൽ കെട്ടടങ്ങി.

ഒരു പതിറ്റാണ്ടുകൊണ്ട് രൂപപ്പെട്ടുവന്ന നവലിബറൽവിരുദ്ധ പ്രതിരോധമാതൃക ഒന്നാകെ ദുർബലമായി. 1980- കൾക്കുശേഷമുണ്ടായതും മുകളിൽ പരാമർശിച്ചതുമായ ചില സാമൂഹ്യമുന്നേറ്റങ്ങളിൽ ഇടതുമുന്നണിയുടെ തുടർച്ചയായ പിന്തുണ ഇ.എം.എസിന് ലഭ്യമായെങ്കിൽ, ഇവിടെ, കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രത്യേകത കൊണ്ടുകൂടിയാകാം, വി. എസിന് അത്തരമൊരു പിന്തുണ ലഭ്യമാകാത്ത ദൗർഭാഗ്യകരമായ സ്ഥിതിയുണ്ടായി. അത് കേരളത്തിന്റെ രാഷ്ട്രീയധ്രുവീകരണത്തെ പ്രതികൂലമായി ബാധിക്കുകയും വിപ്ലവാത്മകതയെയും പുരോഗമനോന്മുഖതയെയും സാരമായി ദുർബലപ്പെടുത്തുകയും ചെയ്തു. വി. എസ് ജയിച്ചെങ്കിലും, കേരളം ഒപ്പമെത്തുന്നതിൽ പരാജയപ്പെട്ടു. തുടർന്ന് 2011- ൽ വന്ന യു ഡി എഫ് സർക്കാർ നവലിബറൽനയങ്ങളുടെ വഴിയിൽ പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ വിശേഷിച്ചും.

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ വി.എസിന്റെ നേതൃത്വത്തിലും ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിലും നടന്ന സമരങ്ങളും ഭരണനടപടികളും നൽകുന്ന പാഠങ്ങൾ ഇവിടെ പ്രസക്തമല്ലേ?
ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ വി.എസിന്റെ നേതൃത്വത്തിലും ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിലും നടന്ന സമരങ്ങളും ഭരണനടപടികളും നൽകുന്ന പാഠങ്ങൾ ഇവിടെ പ്രസക്തമല്ലേ?

ഭാവികേരളത്തിലെ വി.എസ്

2025- ൽ കേരളത്തിന്റെ പൊതുസ്ഥിതി എന്താണ്? ജീവിതഗുണതയിൽ പതിറ്റാണ്ടുകൾക്ക് മുൻപേയുള്ള മേൽക്കൈ നിലനിർത്താൻ കഴിയുന്നുണ്ട്. പല ദേശിയസൂചകങ്ങളിലും മുൻപിൽ തന്നെ. ജി ഡി പി വളർച്ചാനിരക്കും ഉയർന്നുതന്നെ. എന്നാൽ, നവലിബറൽകാലത്തെ ഘടനാപരമായ ദൗർബല്യങ്ങളുടെ പ്രതിഫലനങ്ങൾ പ്രകടമാണ്. വളർച്ച വക്രീകരിച്ചതാണ് (lopsided). അതായത്, 60-70 ശതമാനവും സേവനമേഖലയുടെ സംഭാവന. ഇത് സുസ്ഥിരമല്ലല്ലോ. അസമത്വം ഏറിവരുന്ന പ്രവണത തുടരുന്നു. ജനകീയസൂത്രണത്തിൽ വിഭാവന ചെയ്തപോലെ കൃഷി, വ്യവസായ മേഖലകളുടെ മെച്ചപ്പെട്ട വളർച്ച നടക്കുന്നില്ല. പഞ്ചായത്തുകൾ ദുർബലമായി. പല പഞ്ചായത്ത് സംവിധാനങ്ങളും നോക്കുകുത്തികൾ. തൊഴിലില്ലായ്മ, വിശേഷിച്ച് സ്ത്രീകളുടെ, രൂക്ഷം. വിദ്യാഭ്യാസമേഖലകളിൽ ഗൗരവതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു. വികസനപദ്ധതികളിലൂടെ പ്രാന്തവൽക്കരിക്കപ്പെടുന്ന ജനങ്ങളുണ്ട്. തകരുന്ന ആവാസവ്യവസ്ഥകളുണ്ട്. സംഘടിതതൊഴിൽ മേഖലകൾപോലും അസംതൃപ്തിയിലാണ്. മധ്യവർഗ്ഗത്തിന്റെ വികസനമോഹങ്ങളനുസരിച്ച് കമ്പോളയുക്തിയുമായി സമരസപ്പെടണമെന്ന ചിന്തക്ക് വേരോട്ടം ഏറുന്നു. ഇവയുടെയൊക്കെ ഫലമായും പൂരകമായും മതസാമുദായിക ധ്രുവീകരണങ്ങൾ ഏറി വരുന്നു. സാംസ്കാരികമേഖലയിലെ മുരടിപ്പ് ഫാഷിസ്റ്റു മൂല്യബോധത്തിന്റെ വളർച്ചക്ക് ഹേതുവാകുന്നു.

ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു രാഷ്ട്രീയകുതിപ്പ് അല്ലെങ്കിൽ വിച്‌ഛേദം അനിവാര്യമല്ലേ? ആലോചനകൾ നിരന്തരം നടക്കുന്നുമുണ്ടാകും. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ വി.എസിന്റെ നേതൃത്വത്തിലും ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിലും നടന്ന സമരങ്ങളും ഭരണനടപടികളും നൽകുന്ന പാഠങ്ങൾ ഇവിടെ പ്രസക്തമല്ലേ? നവലിബറൽ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു ‘കുതിപ്പ്’ അല്ലെങ്കിൽ ‘വിച്‌ഛേദം’ എന്ന നിലയിൽ വികസിച്ചുവന്ന ആ മാതൃക പരീക്ഷിച്ചുനോക്കി ഉപേക്ഷിച്ചതല്ല. മറിച്ച്, സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ, പിൻവാങ്ങിയതാണ്. വീണ്ടും പരിശോധിക്കപ്പെടും എന്ന് പ്രത്യാശിക്കുന്നു. 'സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം അങ്ങനെ സാർത്ഥകമാകട്ടെ.

Comments