മലയാളികളെ അഞ്ച് പതിറ്റാണ്ടുകൾ പ്രചോദിപ്പിക്കുകയും ബൗദ്ധികമായി പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഡോ. എം.പി. പരമേശ്വരൻ എന്ന ‘എം.പി’ ഇനി ജീവിക്കുന്നത് അദ്ദേഹത്തിന്റെ ചിന്തകളിലും രചനകളിലും എണ്ണമറ്റവരുടെ മനസ്സുകളിലുമായിരിക്കും. തങ്ങളുടെ ജീവിതവീക്ഷണവും വ്യക്തിത്വവും കരുപ്പിടിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതിന് കൃഷിക്കാർ, തൊഴിലാളികൾ, തൊഴിൽരഹിതർ, അദ്ധ്യാപകർ, വിദ്യാർഥികൾ, അക്കാദമീയർ, രാഷ്ട്രീയസാമൂഹ്യപ്രവർത്തകർ, ശാസ്ത്രപ്രചാരകർ തുടങ്ങി വിവിധതുറകളിലെ മനുഷ്യർ ഉള്ളുരുകി അദ്ദേഹത്തോട് കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നതുകാണാം.
എം പി യുമായുള്ള ഈ മനുഷ്യരുടെ തുടർവ്യവഹാരങ്ങൾ എങ്ങനെയായിരിക്കും? തീർച്ചയായും ഒന്നിച്ചുകഴിഞ്ഞതിന്റെയും പ്രവർത്തിച്ചതിന്റെയും ഓർമ്മകൾ പങ്കുവെക്കും. ധാരാളം അനുസ്മരണയോഗങ്ങളുണ്ടാകും. അത്യന്തം ശ്രമകരവും ദൈർഘ്യമേറിയതുമാണെങ്കിലും, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ ഉചിതമായി രേഖപ്പെടുത്താൻ ശ്രമിക്കും. ഇവയൊക്കെ അർഹിക്കുന്ന ആദരവ് തന്നെയാണ്.
എന്നാൽ, വ്യക്തിപരമായ പരിഗണനകൾക്കും ഔപചാരികതകൾക്കും കാര്യമായ പ്രാധാന്യം നൽകാത്ത എം.പി തന്നെ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ തിരികെയെത്തിയെന്നു സങ്കൽപ്പിക്കുക. അദ്ദേഹം ഏതാണ്ട് ഇങ്ങനെയായിരിക്കാം സംസാരിക്കുന്നത്:
“സാമൂഹ്യമാറ്റത്തെ സംബന്ധിച്ച് 1974 മുതൽ ഞാൻ എഴുതുകയും പറയുകയും ചെയ്ത ചില സങ്കൽപ്പങ്ങളുണ്ട്. പലരുമായും ചർച്ച ചെയ്യാൻ ശ്രമിച്ചെങ്കിലും, കാര്യമായ സംഭാവനകൾ ആ നിലയിൽ ഉണ്ടായില്ല. എന്നാൽ, ഞാൻ ആ വഴിയിൽത്തന്നെയായിരുന്നു. 1994- ൽ ‘പുതിയ ലോകം പുതിയ ഇന്ത്യ’ എന്ന പുസ്തകം അങ്ങനെ എഴുതിയതാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചക്ക് ഏറെ മുമ്പുതന്നെ അവിടുത്തെ സാമൂഹ്യനിർമ്മിതിയിലെ ഘടനാപരമായ ന്യൂനതകൾ നേരിട്ട് അറിയാൻ കഴിഞ്ഞതിന്റെയും 90-കളിലെ ആഗോളവൽക്കരണ ലോകസാഹചര്യങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിലും അവയുടെ ഭാഗമായി പരിസ്ഥിതി, വികസനം, ലിംഗതുല്യത, ആരോഗ്യം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചതിന്റെയും വെളിച്ചത്തിൽ, സാമൂഹ്യമാറ്റത്തെ സംബന്ധിച്ച കാഴ്ചപ്പാട് ഒന്നുകൂടി മൂർത്തമാകുകയും ചെയ്‌തു. അത് രണ്ട് പതിറ്റാണ്ടായി ‘നാലാം ലോകം’ എന്ന നിലയിൽ പ്രസിദ്ധിയോടെ / കുപ്രസിദ്ധിയോടെ കേരളസമൂഹത്തിന് മുമ്പിലുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. അത് പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യണം. എന്തായാലും, ഇപ്പോൾ പിന്തുടരുന്ന മുതലാളിത്തപാത ദുരന്തപാതയാണ്. ജനാധിപത്യവിരുദ്ധമാണ്. ബദൽവേണം. അതിലേക്ക് ‘നാലാംലോകം’ എത്രത്തോളം പ്രയോജനപ്പെടുമെന്ന് പരിശോധിക്കണം. ഈ ഒരു പരിഗണനയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയെമാത്രം ആശ്രയിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ’’.

മറ്റെങ്ങും ഉത്തരം ലഭ്യമല്ലാത്ത സംശയങ്ങൾക്കു തീർപ്പിനായി എം.പിയെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം എല്ലാത്തിനും തീർപ്പുണ്ടാക്കുമെന്നും ആൽമാർത്ഥമായി കരുതുന്നവരുണ്ട്. എം.പി ആർക്കെങ്കിലും അപ്രമാദിത്വം കൽപ്പിക്കുകയോ സ്വയം അപ്രമാദിയായി നിലകൊള്ളുകയോ ചെയ്തില്ലെന്നത് മറ്റൊരു കാര്യം. നിരന്തരം ചോദ്യം ചെയ്യാൻതന്നെയാണ് പ്രോത്സാഹിപ്പിച്ചത്. എല്ലാ സാമൂഹ്യസമസ്യകളുടെയും ഉത്തരം എം.പി അല്ല. എന്നാൽ, അരനൂറ്റാണ്ട് കാലം കേരളത്തെ ഇങ്ങനെ സ്വാധിനിച്ച മറ്റൊരു ജൈവബുദ്ധിജീവി ഉണ്ടാകില്ല.
ന്യൂക്ലിയർ സയന്റിസ്റ്റ് ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിൽ മുഴുകിയ അദ്ദേഹം, പ്രകൃതിശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും എഴുതിയ എണ്ണമറ്റ പുസ്തകങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ധാരാളംപേരുടെ പഠനഗവേഷണങ്ങൾക്ക് വഴിതുറന്നതിലൂടെയും നടത്തിയ ജ്ഞാനനിർമ്മിതി വിലമതിക്കാൻ കഴിയാത്തത്ര വിസ്തൃതമാണ്. ഇവയുടെയെല്ലാം ഗുണഭോക്താക്കളായ മലയാളികൾക്ക്, എം.പി തന്റെ പ്രവർത്തനങ്ങളുടെയും അനുഭവങ്ങളുടെയും പഠനകളുടെയും ആകെത്തുകയെന്ന നിലയിൽ മുന്നോട്ട് വെച്ച സാമൂഹ്യമാറ്റത്തിനായുള്ള പരിപാടി ചർച്ചചെയ്യാൻ കഴിയാതിരുന്നത് നീതികേടാണ്. ശാസ്ത്രീയവും ജനാധിപത്യപരവുമായ ചർച്ചകൾക്ക് ശേഷം തള്ളുകയോ, കൊള്ളുകയോ ചെയ്യാമായിരുന്നു. അതുണ്ടായില്ല. ഒരു പ്രബന്ധത്തിന്റെ അംഗീകാരത്തിന് അതിന്മേൽ നടക്കുന്ന ചർച്ചയോടും അഭിപ്രായങ്ങളോടും പ്രബന്ധകാരൻ ഫലപ്രദമായി പ്രതികരിക്കണം, അല്ലെങ്കിൽ പ്രതിരോധിക്കണം (defend). അതാണ് ശാസ്ത്രീയരീതി. നാലാംലോകസിദ്ധാന്തത്തിന്റെ കാര്യത്തിൽ ഇനി അതിന് നിർവ്വാഹമില്ലെന്ന ന്യൂനതയുണ്ട്. കഴിയുന്നവർ ആ കുറവ് നികത്തട്ടെയെന്ന് വിചാരിക്കുവാൻ മാത്രമേ കഴിയൂ.
എം.പിയുടെ പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെടുകയും ചേർന്നുനിൽക്കുകയും ചെയ്തവരിൽ പലരും കാലക്രമത്തിൽ ആ പദ്ധതിയോട് ഉള്ളുകൊണ്ട് വിട പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽ എം.പി പറയുന്നതുപോലെ മുതലാളിത്തവികസനപാതയിൽനിന്ന് ഘടനാപരമായി വ്യതിചലിക്കുന്ന ഒരു സാമൂഹ്യനിർമ്മിതി സാധ്യമല്ലെന്ന നിഗമനത്തിൽ അവരെത്തി.
എം.പി ചുറ്റുമുള്ളവരെ പുത്തൻചിന്തകൾക്കൊണ്ട് നിരന്തരം പ്രകോപിപ്പിച്ചിരുന്നു. തിരിച്ചും പ്രകോപിപ്പിക്കപ്പെടുന്ന ഒരു ആവാസവ്യവസ്ഥയിൽ നിൽക്കുക എന്നത് ബൗദ്ധികമായ വളർച്ചക്ക് ആവശ്യമാണ്. അദ്ദേഹത്തിന് കാലക്രമേണ അത് നഷ്ടമാകാൻ തുടങ്ങിയെന്ന് കരുതേണ്ടിവരും. ആ സൗകര്യം കൂടുതൽ ലഭിച്ചിരുന്നുവെങ്കിൽ, കേരളത്തിലെ ‘എം.പി പ്രഭാവം’ ഇതിലും മഹത്തരമാകുമായിരുന്നു. രാഷ്ട്രീയപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, ശാസ്ത്രപ്രചാരകർ, അക്കാദമിയർ തുടങ്ങി ഇക്കാര്യത്തിൽ ബാധ്യതപ്പെട്ട എല്ലാവരുടെയും ഭാഗത്ത് കുറ്റകരമായ വീഴ്ചയുണ്ടെന്ന് കരുതാം.
‘നാലാംലോകം സ്വപ്നവും യഥാർഥ്യവും’ എന്ന എം.പിയുടെ പുസ്തകം 2004- ൽ പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ ചില ചർച്ചകൾ തുടങ്ങിയിരുന്നു. യോജിച്ചും വിയോജിച്ചും ഉയർന്ന ചില വാദങ്ങൾ പ്രസക്തങ്ങളുമായിരുന്നു. എന്നാൽ, എം.പിയുടെ കാഴ്ചപ്പാടിനെ സംബന്ധിച്ച് നടക്കേണ്ടിയിരുന്ന സംവാദങ്ങൾ ദൗർഭാഗ്യവശാൽ, നാലാംലോകത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള മത്സരം എന്ന നിലയിൽ അവതരിക്കപ്പെടുകയും അലസിപ്പോകുകയും ചെയ്തു.

ഇരുഭാഗത്തും ഉള്ളടക്കം ഉപരിപ്ലവവമായി ഉൾക്കൊണ്ടവരും അതുപോലെ, അത് സാമാന്യേന മനസിലാക്കിയവരും ഉണ്ടായിരുന്നു. ഒന്നാമത്തെ വിഭാഗത്തിലെ ഒരു കൂട്ടർക്ക് എം.പിയുടെ പദ്ധതിയെന്നാൽ, താഴെത്തട്ടിൽ നടക്കുന്ന ഉൽപ്പാദനരംഗത്തെ സൂക്ഷ്മഇടപെടലുകളും സുമനസുകളുടെ കർമ്മികത്വത്തിൽ നടക്കുന്ന പരസ്പരസഹായ കൂട്ടായ്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളുമൊക്കെയാണ്. ഭാവിസോഷ്യലിസ്റ്റ് പുനർനിർമ്മാണത്തിന് വഴിയൊരുക്കുന്ന തരത്തിൽ ഒരു ഉത്തരമുതലാളിത്ത സാമൂഹ്യനിർമ്മിതിയെ വിഭാവന ചെയ്യുന്ന രാഷ്ട്രീയപരിപാടിയാണ് ‘നാലാം ലോകം’ എന്ന് മനസിലായില്ല. അല്ലെങ്കിൽ അവർ അത് മറന്നു. അവർക്ക് അധികാരവികേന്ദ്രീകരണവും സുസ്ഥിരവികസനവും കാർഷികമേഖലയിലെ ഇടപെടലുമൊക്കെ കേവലമായ കർമ്മപദ്ധതികൾ മാത്രമായിരുന്നു. അടിസ്ഥാനസാമൂഹ്യമാറ്റത്തിലേക്കുള്ള ചുവട് വെയ്പായി തോന്നിയില്ല. അതുകൊണ്ടുതന്നെ, ഇക്കൂട്ടർക്ക് നാലാംലോകസംവാദത്തിലേക്ക് കാര്യമായി സംഭാവന ചെയ്യാനും കഴിഞ്ഞില്ല. അത്തരം സൂക്ഷ്മഇടപെടലുകളും പ്രവർത്തനങ്ങളും പിൽക്കാലത്ത് അനുഷ്ടാനങ്ങളായി ചുരുങ്ങാൻ ഇടയായത്തിൽ ഈ പരിമിതിയും കാരണമായിട്ടുണ്ട്. കർമ്മപരിപാടികൾക്ക് പിന്നിലെ ‘വിപ്ലവാത്മകത’ മങ്ങുകയും സ്ഥാപനവൽക്കരണം ശക്തിപ്പെടുകയും ചെയ്തു.
തന്റെ കാഴ്ചപ്പാടിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചർച്ചയുടെ അഭാവത്തിൽ എം.പി സ്വന്തം നിലപാടുകളിൽത്തന്നെ തുടർന്നു. കിട്ടിയ വേദികളിലൊക്കെയും കഴിയുന്നിടത്തോളം മനുഷ്യരോട് അദ്ദേഹം അത് പറഞ്ഞുകൊണ്ടിരുന്നു. എല്ലാത്തരം ആൾക്കാരോടും സംവദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എം.പിയുടെ പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെടുകയും ചേർന്നുനിൽക്കുകയും ചെയ്തവരിൽ പലരും കാലക്രമത്തിൽ ആ പദ്ധതിയോട് ഉള്ളുകൊണ്ട് വിട പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽ എം.പി പറയുന്നതുപോലെ മുതലാളിത്തവികസനപാതയിൽനിന്ന് ഘടനാപരമായി വ്യതിചലിക്കുന്ന ഒരു സാമൂഹ്യനിർമ്മിതി സാധ്യമല്ലെന്ന നിഗമനത്തിൽ അവരെത്തി. മുതലാളിത്ത വികസനപാതക്കുള്ളിൽനിന്ന് ക്ഷേമപ്രവർത്തനങ്ങൾ കഴിവതും മുന്നോട്ട് കൊണ്ടുപോകുകയാണ് ഇടതുപക്ഷത്തിന് കരണീയം എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കാൻ തുടങ്ങി. ഇത് നാലാംലോക സിദ്ധാന്തത്തിൽനിന്ന് മാത്രമല്ല, ഇടതുപക്ഷം കാലങ്ങളായി തുടർന്നുവന്ന കാഴ്ചപ്പാടിൽ നിന്നുള്ള വഴിപിരിയൽകൂടി ആയിരുന്നു. ആ പ്രവണത ശക്തിപ്പെടുകയും 2016- 2026 കാലത്തെ ഇടതുപക്ഷസർക്കാരുകളുടെ വികസനപരിപ്രേക്ഷ്യം അതിനനുസരിച്ച് വഴക്കമുള്ളതായി മാറുകയും ചെയ്‌തു.
‘നാലാംലോക’ത്തിന്റെ ഉള്ളടക്കം മനസ്സിലായ മറ്റൊരു വിഭാഗം ഈ പദ്ധതിയിൽ അടിസ്ഥാനപരമായ ചില ദോഷങ്ങൾ ദർശിക്കുകയുണ്ടായി. എം.പി മുന്നോട്ടുവെക്കുന്ന ഉത്തരമുതലാളിത്ത- സോഷ്യലിസ്റ്റ് പൂർവ്വസമൂഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിക്കും തൊഴിലാളിവർഗ്ഗത്തിനും അപ്പുറം കൂട്ടായ നേതൃത്വമാണ് വരുന്നതെങ്കിൽ, അത് അപകടകരമാണെന്നും സമൂഹത്തിന്റെ അരാഷ്ട്രീയവൽക്കരണത്തിനും വലതുപക്ഷവൽക്കരണത്തിനും ഇടയാക്കുമെന്നും ഫലത്തിൽ മുതലാളിത്തത്തിന്റെ ശാക്തീകരണത്തിലേക്കുതന്നെ നയിക്കുമെന്നും അവർ വിമർശനമുന്നയിച്ചു. അന്നും ഇന്നും പ്രസക്തമായ ചില നിരീക്ഷണങ്ങൾ ഉയർന്നുവന്നെങ്കിലും, തികച്ചും അനാരോഗ്യകരമായ ഒരു ചാലിലേക്ക് ചർച്ച വഴുതിവീഴുകയുണ്ടായി. ഇത്, കേരളത്തെ സംബന്ധിച്ച് പൊതുവിലും ഇടതുപക്ഷത്തെ സംബന്ധിച്ച് വിശേഷിച്ചും വലിയ നഷ്ടമായിപ്പോയി. പല കാര്യങ്ങളിലും വികസ്വരമായിരുന്ന എം.പിയുടെതന്നെ സങ്കൽപ്പങ്ങളുടെ തുടർവികാസം ആരോഗ്യകരമായ സംവാദത്തിന്റ അഭാവത്തിൽ കെട്ടടങ്ങി. ഇക്കാര്യത്തിൽ എം.പിയോടുള്ള കടം വീട്ടാൻ കഴിഞ്ഞില്ലെന്ന കുറ്റബോധം കേരളത്തെ എന്നും വേട്ടയാടും.

തന്റെ കാഴ്ചപ്പാടിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചർച്ചയുടെ അഭാവത്തിൽ എം.പി സ്വന്തം നിലപാടുകളിൽത്തന്നെ തുടർന്നു. കിട്ടിയ വേദികളിലൊക്കെയും കഴിയുന്നിടത്തോളം മനുഷ്യരോട് അദ്ദേഹം അത് പറഞ്ഞുകൊണ്ടിരുന്നു. എല്ലാത്തരം ആൾക്കാരോടും സംവദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഓരോരുത്തരോട് സംസാരിക്കുമ്പോഴും, അവർ എന്തെങ്കിലും ചെയ്യും എന്നദ്ദേഹം പ്രതീക്ഷിക്കുന്നതുപോലെയാണ്. അവരെ കർമ്മരംഗത്ത് കൊണ്ടുവരുന്നതിന് സഹായകമായ വിവരങ്ങളാണ് നൽകിയത്. പലപ്പോഴും, താൽക്കാലത്തേക്കുള്ള ചില കർമ്മപദ്ധതികൾ മാത്രം. ബാക്കി വഴിയേ ആകാമെന്ന മട്ട്. അല്ലെങ്കിൽ സ്വയം കണ്ടെത്തട്ടെ എന്ന് കരുതുന്നുണ്ടാകും. ഇനി യുവാക്കളിൽ പ്രതീക്ഷ അർപ്പിക്കാം എന്ന് അദ്ദേഹം കരുതിയതുപോലെ ചിലപ്പോൾ തോന്നും. ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരിച്ച യുവാക്കളുടെ സംഘടനയായ യുവസമിതിയുടെ 2005- ലെ ശില്പശാലയിലേക്ക് അദ്ദേഹം അയച്ച സന്ദേശം ഒരു ജെൻസി വിപ്ലവത്തിനുള്ള ആഹ്വാനം പോലെ ആയിരുന്നു. മുതിർന്നവർ സൃഷ്ടിക്കുന്ന ലോകം വിനാശത്തിന്റെതാണെന്നും അതിന്റെ അനന്തരാവകാശികളായി മാറാൻ ശ്രമിക്കുന്നതിന് പകരം നിങ്ങളുടെ ലോകം നിങ്ങൾതന്നെ സൃഷ്ടിക്കണം എന്ന് ആവേശകരമായി ആഹ്വാനം ചെയ്യുകമാത്രമല്ല, അതിനായി ഒരു പദ്ധതി നിർദ്ദേശിക്കുകകൂടി ചെയ്യുന്നുണ്ട്.
ജനാധിപത്യബോധത്തിന്റെ തിരിച്ചുപിടിക്കലും എം.പി സങ്കൽപ്പങ്ങളുടെ പ്രസക്തി പരിശോധിക്കുന്നതും ഒരർത്ഥത്തിൽ പരസ്പരപൂരകങ്ങളാണ്.
എം.പി തന്റെ നിലപാട് തുടർന്നപ്പോൾ, നാലാംലോക സംവാദങ്ങളിൽ പങ്കെടുത്തിരുന്ന പലരും അന്ന് നിന്നയിടത്തല്ല ഇപ്പോൾ നിലകൊള്ളുന്നത്. നിലപാടുകൾ ഇരുമ്പുലക്കയല്ല. മെച്ചപ്പെട്ട ബോധ്യങ്ങളിൽ എത്തുമ്പോൾ, അതനുസരിച്ച് മാറുന്നതാണ് ശാസ്ത്രീയരീതിയും. ശാസ്ത്രം സനാതനമല്ല. പക്ഷെ, മാറ്റത്തിലേക്ക് നയിച്ച ഘടകങ്ങൾ വസ്തുതാപരമായി പൊതുമണ്ഡലത്തെ അറിയിക്കുന്നതും ശാസ്ത്രീയതയുടെ ഭാഗമാണ്. നവലിബറൽ കെടുതികളെ ചെറുക്കുന്നതിനും ഭാവിസമൂഹ നിർമ്മിതിക്കും എം.പിയുടെ ചിന്തകൾ എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന്, അല്ലെങ്കിൽ അത്തരമൊരു പരിപാടിയിലേക്ക് അവ എത്രത്തോളം വിളക്കിച്ചേർക്കാം എന്ന് പരിശോധിക്കാൻ ഇനിയും ശ്രമിക്കാവുന്നതാണ്.

കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സഹായകമായ സാങ്കേതങ്ങളില്ലെങ്കിൽ, തള്ളിക്കളയാം. അന്ന് പരാജയപ്പെട്ട സംവാദം മാറിയ കാലത്ത് എത്രത്തോളം സാധ്യമാകും എന്ന് ഉൽക്കണ്ഠയുണ്ട്. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയമണ്ഡലം ഏറെ മാറിപ്പോയിരിക്കുന്നു. നവലിബറൽ വികസനരീതിയുടെ സ്വാധീനവും മധ്യവർഗ്ഗതാൽപ്പര്യങ്ങൾക്ക് ലഭിച്ച മുൻഗണനയും ഏറിവരുന്ന വലതുപക്ഷവൽക്കരണവും അടക്കമുള്ള രാഷ്ട്രീയസമ്പദ് ഘടനാപരമായ പല കാരണങ്ങളാൽ, കേരളത്തിന്റെ പൊതുസംവാദമണ്ഡലം കുറെയേറെ ദുർബലമായിട്ടുണ്ട്. ബൗദ്ധികവളർച്ചക്കും ജ്ഞാനനിർമ്മിതിക്കും വേണ്ട ജനാധിപത്യബോധവും പരസ്പരവിശ്വാസവും ബഹുമാനവും നേർത്തുപോയിരിക്കുന്നു. പ്രസക്തങ്ങളായ സാമൂഹ്യപ്രശ്നങ്ങൾക്ക് മുൻപിൽ അക്കാദമിക് ചർച്ചാവേദികളുടെ വാതിലുകൾ അടയുകയാണ്. ജനാധിപത്യബോധത്തിന്റെ തിരിച്ചുപിടിക്കലും എം.പി സങ്കൽപ്പങ്ങളുടെ പ്രസക്തി പരിശോധിക്കുന്നതും ഒരർത്ഥത്തിൽ പരസ്പരപൂരകങ്ങളാണ്.

