അവളുണ്ടാക്കിയ തക്കാളിക്കറിയും ചോറുമായി ഭൂമിയുടെ ഒരു കോണില്‍ ഒരു കുടുംബം പെരുന്നാള്‍സദ്യ ഉണ്ണാനിരുന്നു…

കീശയില്‍ ബാക്കിയുള്ള മുപ്പത് രൂപയുമായി ആ ചോറിനുമുമ്പില്‍ ഇരിക്കുമ്പോള്‍ സുന്ദരമായ ഈ ഭൂമിയിലെ പെരുന്നാള്‍ ദിനത്തില്‍ തക്കാളിക്കറിയും ചോറും പോലും തിന്നാനില്ലാതെ വിശന്നിരിക്കുന്ന അനേകായിരങ്ങളെ ഞാന്‍ ഓര്‍ത്തു. പക്ഷേ അത് ഭാര്യയോടും മക്കളോടും പറയാന്‍ പറ്റിയില്ല. പറഞ്ഞാല്‍ അത് വല്ലാത്ത ക്രൂരതയായി പോവുമായിരുന്നു.

ര്‍മയുണ്ട്.
ഇതു പോലൊരു മഴക്കാലത്താണ്. ബലിപെരുന്നാളിന്റെ കാലമാണ്.
നോമ്പു കാലവും സ്‌കൂള്‍ തുറപ്പുമൊക്കെ കഴിഞ്ഞാണ് ബലി പെരുന്നാള്‍ എത്തുക. നോമ്പു കാലത്ത് പെയിന്റ് പണി കുറവായതിനാല്‍ ആ ഒരു മാസവും ചെറിയ പെരുന്നാളും പരമാവധി കടത്തില്‍മുങ്ങിയാണ് അവസാനിക്കാറ്. ഒന്ന് ശ്വാസം വിടാന്‍ സമയം കിട്ടും മുമ്പ് മഴക്കാലമെത്തും. പോക്കറ്റില്‍ കാശുണ്ടെങ്കില്‍ മഴക്കാലം സുന്ദരമായ കാലമാണ്.

മക്കളുടെ സ്‌കൂള്‍ തുറക്കുന്നത് കടത്തിനുമേല്‍ കടം വന്നു മൂടിയിട്ടാവും. മഴക്കാലത്തും പണി കുറയും. അങ്ങനെ എല്ലാം കൊണ്ടും നിക്കര്‍ അഴിഞ്ഞ് നില്‍ക്കുമ്പഴാണ് ബലി പെരുന്നാള്‍ വരിക. സംഗതി മുസ്​ലിം ലോകമാകെ പുണ്യവും ഹജ്ജും സുന്നത്തു നോമ്പുകളും കൊണ്ട് കോള്‍മയിര്‍ കൊള്ളുന്ന കാലമാണ്. ആഘോഷങ്ങളൊന്നും എന്നെ തൊടാറില്ലെങ്കിലും മക്കള്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്കായി കഴിയും വിധം ആഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ തുടങ്ങിയിരുന്നു.

അക്കൊല്ലവും നിക്കറഴിഞ്ഞു നില്‍ക്കുന്ന എന്റെ മുമ്പിലേക്ക് ബലി പെരുന്നാള്‍ വന്നു. ഹജ്ജിന് പോവുന്നവരും പോവാത്തവരുമൊക്കെ ആ സമയത്ത് വഴിയില്‍ തടഞ്ഞുനിര്‍ത്തി സലാം പറഞ്ഞു കളയും. സലാം മടക്കുമ്പോള്‍ ഞാനവരുടെ ഹജ്ജിനെ കുറിച്ചല്ല ചിന്തിക്കാറ്. ഉണക്കമീനിന്റെ രുചി പോലുമില്ലാതെ അടുക്കള വരണ്ടുകിടക്കുന്ന അവസ്ഥയില്‍ എങ്ങനെ വരാന്‍ പോവുന്ന പെരുന്നാള്‍ ആഘോഷിക്കും എന്നാണ്.

Photo: Ajay Poovandan

തോരാതെ പെയ്യുന്ന മഴയാണ്.
പണിയെടുക്കുന്ന വീടിന്റെ അകം മുഴുവന്‍ പെയിന്റടിച്ചുകഴിഞ്ഞു. പുറം ഭാഗം പെയിന്റ് ചെയ്യണമെങ്കില്‍ മഴ തോര്‍ന്ന് വെയില്‍ വരണം. മക്കള്‍ക്ക് പുതുവസ്ത്രങ്ങള്‍ എടുത്തില്ലെങ്കിലും ആ ഒരു ദിവസം നല്ല ഭക്ഷണം ഒരുക്കണമല്ലോ. ഞാന്‍ മാത്രമല്ല ആ അവസ്ഥയില്‍ പെട്ട് നട്ടം തിരിയുന്നത്. ഒരുപാട് മനുഷ്യര്‍ അത്തരത്തില്‍ എനിക്ക് ചുറ്റുമുണ്ട്. പക്ഷേ അതൊന്നും എനിക്ക് ആശ്വാസം തന്നില്ല.

കയ്യിലുള്ള അഞ്ഞൂറ് രൂപ മതി എനിക്ക് പെരുന്നാള്‍ ചെലവിന്. അതോര്‍ത്തപ്പോള്‍ പെരുമഴയത്ത് ഞാന്‍ ഉറക്കെ പാട്ട് പാടി. വഴിയോരങ്ങളിലേക്ക് കാറ്റ് അടര്‍ത്തിയിടുന്ന മരക്കൊമ്പുകള്‍ പോലും എനിക്കപ്പോള്‍ സുന്ദരമായ കാഴ്ച്ചയായിരുന്നു.

പെരുന്നാളിന് കുറച്ചു മുമ്പ് മഞ്ഞപ്പിത്തം വീട്ടിലേക്ക് വിരുന്നുവന്നു. ഭാര്യക്കാണ് ആദ്യം വന്നത്. അവള്‍ക്ക് കൂട്ടിന് ടൈഫോയിഡും ഉണ്ടായിരുന്നു. യാതൊരു ലജ്ജയുമില്ലാതെ കടം മടക്കി കൊടുക്കാനുള്ളവരുടെ കയ്യില്‍ നിന്നുതന്നെ പണം ഇരന്നുവാങ്ങി അവളുടെ അസുഖത്തിന് ചികിത്സിച്ചപ്പോള്‍ ദാ വരുന്നു മൂത്ത മകള്‍ക്ക് അതേ രോഗം. പിന്നെ രണ്ടാമത്തെ മകള്‍ക്ക്. ചുറ്റും വാശിയോടെ പെയ്യുന്ന മഴ. ഓട്ടക്കീശ.

ഞാനെങ്ങാനും കടം ചോദിച്ചാലോന്നു കരുതി എന്നെ മാറി നടക്കുന്ന സമ്പന്ന സുഹൃത്തുക്കള്‍. ചോദിക്കാതെ തന്നെ എന്റെ അവസ്ഥയറിഞ്ഞ് കീശയിലേക്ക് നൂറും ഇരുനൂറുമൊക്കെ തിരുകി തരുന്ന കൂലിപ്പണിക്കാരായ സുഹൃത്തുക്കള്‍. ഒറ്റ കിടപ്പറയും ഒറ്റ കക്കൂസും ഒരേ പാത്രങ്ങളും ഒരേ സോപ്പുമായതിനാല്‍ പകര്‍ന്നുകിട്ടിയതാണ് ആ അസുഖം മക്കള്‍ക്ക്.

അവരെയും കൊണ്ട് ധര്‍മ്മാശുപത്രിയിലേക്കും തിരികെയുമുള്ള ഓട്ടത്തില്‍ എന്റെ പനിയും പിത്തവുമൊക്കെ ആവിയായി മാറി. അല്ലെങ്കില്‍ നെഞ്ച് കത്തുമ്പോള്‍ ഞാനത് അറിഞ്ഞില്ല. മൂത്തവളെ വൈദ്യശാലയുടെ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങുന്നത് പെരുന്നാളിന് രണ്ടുദിവസം മുമ്പാണ്. രണ്ടാമത്തെവള്‍ക്ക് മൂന്നു നേരം അടുത്തുള്ള ഒരു നഴ്‌സ് വന്ന് സൂചി വെച്ചു തന്നതിനാല്‍ അഡ്മിറ്റാവേണ്ടി വന്നില്ല.

ക്ഷീണിച്ച ശരീരവുമായി വിറകടുപ്പ് ഊതുന്ന ഭാര്യ. തളര്‍ന്ന് കിടക്കുന്ന മക്കള്‍. ആര്‍ത്തു പെയ്യുന്ന മഴ. കാലം പോലെ ശൂന്യമായ കീശ. മധുരമില്ലാത്ത കട്ടന്‍ചായ. അപ്പഴാണ് ഒരു വീട്ടില്‍ അലമാര പോളീഷ് ചെയ്യേണ്ട പണി കിട്ടുന്നത്. ഒറ്റ ദിവസം കൊണ്ട് ആ പണി തീര്‍ക്കുമ്പോള്‍ ഉള്ളില്‍ സന്തോഷമായിരുന്നു. മൂന്നുദിവസം കൊണ്ട് തീര്‍ക്കേണ്ട പണി ഒറ്റ ദിവസം കൊണ്ട് തീര്‍ത്തതിനാല്‍ വീട്ടുകാരന്‍ അധികമായി എന്തെങ്കിലും തരാതിരിക്കില്ല.

അവര്‍ക്ക് ഒരു ദിവസത്തെ നല്ല ഭക്ഷണത്തിനുള്ള പണം എന്റെ കയ്യിലുണ്ടെന്ന ആനന്ദത്തില്‍ ഞാന്‍ വഴിയരികില്‍ അടഞ്ഞുകിടന്ന കടയുടെ വരാന്തയില്‍ കയറിനിന്ന് ബീഡി വലിച്ചു. ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ അപ്പോള്‍ ഞാനായിരുന്നു.

രാത്രി വളരെ വൈകിയാണ് ആ വീട്ടിലെ പണി കഴിഞ്ഞത്. ഒരു ദിവസത്തെ കൂലി കൃത്യം തന്ന്, എന്നെ മഴയിലേക്ക് യാത്രയാക്കുമ്പോള്‍ വീട്ടുകാരന്‍ഉള്ളില്‍ ചിരിച്ചിരിക്കണം.

എനിക്ക് ചിരിയോ കരച്ചിലോ വന്നില്ല.

വീടെത്തണമെങ്കില്‍ അന്നേരം ബസ്​ കിട്ടില്ല. നടക്കണം. തലയില്‍ ഒരു പ്ലാസ്റ്റിക് കവറിട്ട് കൂലിപ്പണം മറ്റൊരു കവറില്‍ പൊതിഞ്ഞ് ഭദ്രമായി അരയില്‍ തിരുകി ആര്‍ത്തുപെയ്യുന്ന മഴയിലൂടെ ഞാന്‍ നടന്നു. കയ്യിലുള്ള അഞ്ഞൂറ് രൂപ മതി എനിക്ക് പെരുന്നാള്‍ ചെലവിന്. അതോര്‍ത്തപ്പോള്‍ പെരുമഴയത്ത് ഞാന്‍ ഉറക്കെ പാട്ട് പാടി. വഴിയോരങ്ങളിലേക്ക് കാറ്റ് അടര്‍ത്തിയിടുന്ന മരക്കൊമ്പുകള്‍ പോലും എനിക്കപ്പോള്‍ സുന്ദരമായ കാഴ്ചയായിരുന്നു.

പാതയില്‍ ഒറ്റ വാഹനം പോലുമില്ല. പെരുമഴ മാത്രം. മഴയുടെ വാശിയും അലര്‍ച്ചയും ഇരമ്പവും മാത്രം. അഞ്ച് കിലോമീറ്റര്‍ എനിക്കാ വഴിയിലൂടെ നടക്കണമായിരുന്നു. രാവിലെ പണിക്കുപോയ എന്നെയും കാത്ത് പാതി വയറും രോഗം നല്‍കിയ ക്ഷീണവുമായി ഭാര്യയും മക്കളും ഉറങ്ങാതിരിക്കുന്നുണ്ടാവും. അവര്‍ക്ക് ഒരു ദിവസത്തെ നല്ല ഭക്ഷണത്തിനുള്ള പണം എന്റെ കയ്യിലുണ്ടെന്ന ആനന്ദത്തില്‍ ഞാന്‍ വഴിയരികില്‍ അടഞ്ഞുകിടന്ന കടയുടെ വരാന്തയില്‍ കയറിനിന്ന് ബീഡി വലിച്ചു. ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ അപ്പോള്‍ ഞാനായിരുന്നു.

അവളെന്നെ നോക്കിയ നോട്ടത്തില്‍ ഞാന്‍ ഞങ്ങളുടെ ദുരിതജീവിതത്തെ കണ്ടു. നനഞ്ഞ വസ്ത്രങ്ങളോടെ ഞാനവളെ ചേര്‍ത്തുപിടിച്ചു. എന്റെ കയ്യിലേക്കും നനഞ്ഞ ഷര്‍ട്ടിലേക്കും തീച്ചൂടുമായി അവളുടെ കണ്ണീര് ഇറ്റി വീണു. എന്നെയോര്‍ത്ത് എന്നും കരയാന്‍ വിധിക്കപ്പെട്ട ആ മനുഷ്യജീവിയോട് ഞാന്‍ കരയേണ്ട എന്ന് പറഞ്ഞില്ല.

ആക്കണ്ട ദൂരമത്രയും നടന്നുതീര്‍ത്ത് വാടക വീടിന്റെ മുമ്പിലെത്തുമ്പോള്‍ മഴയുടെ ശക്തി കുറഞ്ഞിരുന്നു. പക്ഷേ ചുറ്റുമുള്ള വെളിച്ചങ്ങള്‍ അണഞ്ഞു കഴിഞ്ഞിരുന്നു. കറന്റ് പോയതിനാല്‍ വഴിവിളക്കുകള്‍ ചത്ത് കിടന്നു. എന്റെ താടയെല്ലുകള്‍ തണുപ്പ് കാരണം തമ്മില്‍ കൂട്ടിയിടിച്ചു.

അവിടെ, വരാന്തയില്‍ കത്തിത്തീരാറായ മെഴുകുതിരിയുടെ വെളിച്ചത്തില്‍ എന്നെയും കാത്ത് അവളിരുന്നു, എന്റെ ഭാര്യ. ഭൂമിയിലെ എന്റെ ഏക സമ്പാദ്യം. എന്റെ ഉന്മാദങ്ങള്‍ ഏറ്റുവാങ്ങുന്ന കണ്ണീരിന്റെ കടല്‍. അവളെന്നെ നോക്കിയ നോട്ടത്തില്‍ ഞാന്‍ ഞങ്ങളുടെ ദുരിതജീവിതത്തെ കണ്ടു. നനഞ്ഞ വസ്ത്രങ്ങളോടെ ഞാനവളെ ചേര്‍ത്തുപിടിച്ചു. എന്റെ കയ്യിലേക്കും നനഞ്ഞ ഷര്‍ട്ടിലേക്കും തീച്ചൂടുമായി അവളുടെ കണ്ണീര് ഇറ്റി വീണു. എന്നെയോര്‍ത്ത് എന്നും കരയാന്‍ വിധിക്കപ്പെട്ട ആ മനുഷ്യജീവിയോട് ഞാന്‍ കരയേണ്ട എന്ന് പറഞ്ഞില്ല. ആശ്വാസവാക്കുകള്‍ നഷ്ടമായ ഞാന്‍ അവളെ കൂടുതല്‍ മുറുക്കിപ്പിടിച്ച് ആ അരണ്ട വെളിച്ചത്തിൽ ഏറെ നേരം നിന്നു.

പിടിവിടുവിച്ച് അരയില്‍ നിന്ന് കൂലിപ്പണം എടുക്കുമ്പോള്‍ ആകാശം പിളരും പോലെ അവള്‍ പൊട്ടിക്കരഞ്ഞു. എന്റെ മകന്‍ വീടിനകത്ത് പനിച്ച് കിടന്നു. ഞാനവനെ തൊട്ടു. കൈ പൊള്ളി പോവുന്നത്ര ചൂട്. രാത്രിയില്‍ അവനെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ എനിക്ക് അവനെയും കൊണ്ട് മഴയിലൂടെ മൂന്ന് കിലോമീറ്റര്‍ നടക്കണം. പെരുമഴ പെയ്യുന്ന ഈ രാത്രിയില്‍ ഓട്ടോക്കാരൊന്നും വിളിച്ചാല്‍ വരില്ല. അവര്‍ പെരുന്നാള്‍ ഓട്ടം കഴിഞ്ഞ് വിശ്രമിക്കുകയാണ്. അവനെ ഒരു പാരസറ്റമോള്‍ ഗുളിക കുടിപ്പിച്ച് ഞങ്ങള്‍ കാത്തിരുന്നു, നേരം പുലരാന്‍.

മകനെ അഹമ്മദ് ഡോക്ടറെ കാണിച്ച് അവന് ഇഞ്ചക്ഷന്‍ ചെയ്ത് മരുന്നും വാങ്ങി കഴിഞ്ഞപ്പോള്‍ എന്റെ കീശയില്‍ ബാക്കിയായത് അറുപത് രൂപ. കോട്ടക്കലിലെ എല്ലാ പള്ളികളില്‍ നിന്നും തക്ബീര്‍ വിളികള്‍ കേള്‍ക്കുന്നുണ്ട്.

പുലര്‍ന്നത് തക്ബീര്‍ വിളികളുടെ മന്ത്രധ്വനികള്‍ കേട്ടുകൊണ്ടാണ്. എന്റെ പെണ്‍മക്കള്‍ ഒറ്റ പുതപ്പിനുള്ളില്‍ ചുരുണ്ടുകിടക്കുന്നതും നോക്കി മകനെയും തോളിലിട്ട് മഴയൊഴിഞ്ഞ പാതയിലൂടെ ഞാന്‍ നടന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ കുട്ടികളും മുതിര്‍ന്നവരും പള്ളിയിലേക്ക് പോവുന്നുണ്ട്. എന്റെ കൈ കാലുകള്‍ തളരുന്നുണ്ട്. വഴിയില്‍ കണ്ട ഓട്ടോയ്ക്ക് കൈ കാണിച്ച് അതില്‍ കയറി ഞാന്‍ കോട്ടക്കലില്‍ എത്തി. മകനെ അഹമ്മദ് ഡോക്ടറെ കാണിച്ച് അവന് ഇഞ്ചക്ഷന്‍ ചെയ്ത് മരുന്നും വാങ്ങി കഴിഞ്ഞപ്പോള്‍ എന്റെ കീശയില്‍ ബാക്കിയായത് അറുപത് രൂപ. കോട്ടക്കലിലെ എല്ലാ പള്ളികളില്‍ നിന്നും തക്ബീര്‍ വിളികള്‍ കേള്‍ക്കുന്നുണ്ട്.

മഴയൊഴിഞ്ഞ ആകാശത്തില്‍ സൂര്യന്‍ കത്തി ജ്വലിച്ച് നില്‍ക്കുന്നുണ്ട്. ഇഞ്ചക്ഷന്‍ കിട്ടിയത് കാരണം എന്റെ മകന്‍ വിയര്‍ത്തു. ഞാനവന്റെ നെറ്റിയില്‍ ഉമ്മ വെച്ചു. ആ അറുപത് രൂപയില്‍ നിന്ന് അവന് ഒരു വെള്ളച്ചായയും വാങ്ങിക്കൊടുത്ത് ബസ് സ്റ്റാന്റില്‍ ബസ് വരാന്‍ കാത്തിരുന്നു.

വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ പള്ളി പിരിഞ്ഞ് ആളുകള്‍ നിരത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. എവിടെയും സുഗന്ധം. എവിടെയും സന്തോഷം. സന്തോഷത്തിന്റെയും സുഗന്ധത്തിന്റെയും ആ തിരമാലകളിലൂടെ ഞാന്‍ വീട്ടിലേക്ക് നടന്നു. മകന്‍ പനി മാറി വര്‍ത്താനം പറയാന്‍ തുടങ്ങിയിരുന്നു.

എനിക്ക് വിശക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ ഭാര്യ തക്കാളിക്കറിയും ചോറും ഉണ്ടാക്കി വെച്ചിരുന്നു. ഭൂമിയുടെ ഒരു കോണില്‍ സ്വന്തമല്ലാത്ത ആ വീടിന്റെ സിമന്റടര്‍ന്ന അടുക്കളത്തറയില്‍ ഒരു കുടുംബം പെരുന്നാള്‍ സദ്യ ഉണ്ണാനിരുന്നു. കീശയില്‍ ബാക്കിയുള്ള മുപ്പത് രൂപയുമായി ആ ചോറിന് മുമ്പില്‍ ഇരിക്കുമ്പോള്‍ സുന്ദരമായ ഈ ഭൂമിയിലെ പെരുന്നാള്‍ ദിനത്തില്‍ തക്കാളിക്കറിയും ചോറും പോലും തിന്നാനില്ലാതെ വിശന്നിരിക്കുന്ന അനേകായിരങ്ങളെ ഞാന്‍ ഓര്‍ത്തു. പക്ഷേ അത് ഭാര്യയോടും മക്കളോടും പറയാന്‍ പറ്റിയില്ല. പറഞ്ഞാല്‍ അത് വല്ലാത്ത ക്രൂരതയായി പോവുമായിരുന്നു.

അയല്‍വീടുകളില്‍ നിന്ന് വരുന്ന ബിരിയാണിയുടെയും നെയ്‌ച്ചോറിന്റെയും മണങ്ങളിലേക്ക് എന്റെ മക്കള്‍ മൂക്ക് വിടര്‍ത്താതിരിക്കാന്‍ ഞാന്‍ ചന്ദനത്തിരി കത്തിച്ചു വെച്ചു. എന്നിട്ടതിന് ന്യായീകരണമായി കൊതുക് ശല്യത്തെ കുറിച്ച് പറഞ്ഞു. അന്ന്, ആ തക്കാളിക്കറി ഒഴിച്ച ചോറിലേക്ക് ആരും കാണാതെ ഇറ്റി വീണ കണ്ണീരാണ് എന്റെ എഴുത്തിന്റെ കരുതല്‍ ധനം. ഒരിക്കലും തീര്‍ന്നുപോവാത്ത ധനം.

ഒരാഴ്ച്ച കൊണ്ട് അസുഖങ്ങളൊക്കെ മാറി എല്ലാവരും ഉഷാറായി. പിന്നെ പണി കിട്ടി കാശ് കയ്യില്‍ വന്നപ്പോള്‍ ഞങ്ങള്‍ ബിരിയാണി വെച്ചു. അത് വിളമ്പുമ്പോള്‍ ഞാന്‍ മക്കളോട് പറഞ്ഞു; 'നമ്മക്ക് ഇക്കുറി പടച്ചോന്‍ ഹജ്ജ് പെരുന്നാളിനെ നീട്ടി തന്നതാണ്.'

പടച്ചവന്‍ അത് കേട്ടോ എന്നറിയില്ല. ഭാര്യ അത് കേട്ടു. ഒരുപാട് പെയ്തുതോര്‍ന്ന അവളുടെ കണ്ണുകളുടെ ആകാശത്തില്‍ അപ്പോള്‍ സന്തോഷത്തിന്റെ രണ്ട് കണ്ണീര്‍തുള്ളികള്‍ അടരാന്‍ ഒരുങ്ങിനിന്നിരുന്നു.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments