എൻ.പി. ചെക്കുട്ടി

എരിവും പുളിയുമുള്ള ബി.ടി. രണദിവെ, സങ്കടവുമായി മൻമോഹൻ സിങ്

നാലു പതിറ്റാണ്ടിലെ ഇലക്ഷൻ റിപ്പോർട്ടിംഗിലെ രാഷ്ട്രീയമായ അടിയൊഴുക്കുകൾ ഓർത്തെടുക്കുന്നു, എൻ.പി.ചെക്കുട്ടി.

ത്രപ്രവർത്തകനെന്ന നിലയിൽ ഞാനാദ്യം റിപ്പോർട്ട് ചെയ്‌ത തെരഞ്ഞെടുപ്പ് 1984 ഡിസംബറിൽ നടന്ന എട്ടാമത് ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. അതായത്, കൃത്യം 40 വർഷം മുമ്പ്. അസാധാരണമായ ഒരു ദേശീയ സാഹചര്യത്തിലാണ് അന്നത്തെ തെരഞ്ഞെടുപ്പു നടന്നത്. രണ്ടുമാസം മുമ്പ്, ഒക്ടോബർ അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഔദ്യോഗിക വസതിയിൽ അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചിരുന്നു. രാജ്യം ഭയാനകമായ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. എങ്ങും ഭീതി നിറഞ്ഞ അന്തരീക്ഷം.

ദേശാഭിമാനിയുടെ പാലക്കാട് ലേഖകൻ എന്ന നിലയിലാണ് ഞാനന്നു പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്ട് എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന കാലത്തെ ഞങ്ങളുടെ നേതാവ് സഖാവ് എ. കെ. ബാലൻ 1980-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നു മത്സരിച്ചു ജയിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ദൽഹിയിൽ നടന്ന നരനായാട്ടിനെപ്പറ്റി ഞങ്ങളോടു വിവരിച്ചത് ബാലേട്ടനായിരുന്നു. അദ്ദേഹം അന്ന് ദൽഹിയിൽ വി.പി. ഹൗസിലാണ് താമസിച്ചിരുന്നത്. താഴെ വി.പി ഹൗസിന്റെ പിറകിലെ വഴിയിലൂടെ ജീവനും കയ്യിൽ പിടിച്ച് സിഖുകാർ പലായനം ചെയ്യുന്നതും അവരെ പിൻതുടർന്ന് ആയുധങ്ങളുമായി അക്രമികൾ ഓടി വരുന്നതും കണ്ടതെല്ലാം അദ്ദേഹം വിവരിച്ചിരുന്നു.

സിഖ് വിരുദ്ധ കലാപത്തിനിടെ സിഖുക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആള്‍ക്കൂട്ടം / Photo: Outlook via Wikimedia Commons

ബാലൻ അത്തവണ വീണ്ടും ഒറ്റപ്പാലത്തു നിന്നുതന്നെ മത്സരരംഗത്തിറങ്ങി. പാലക്കാട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറി ടി. ശിവദാസ മേനോൻ. വ്യക്തിപരമായി അദ്ദേഹവുമായും എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. കാരണം ഞാൻ ദേശാഭിമാനിയിൽ ചേരും മുമ്പ് വിദ്യാർത്ഥി പ്രവർത്തകൻ എന്ന നിലയിൽ 1979-80 കാലത്തു കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നെ സംബന്ധിച്ച് അന്നത്തെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് വലിയ വെല്ലുവിളി തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനവും ജനപിന്തുണയും ഉണ്ടായിരുന്ന പാലക്കാട്ട്, പാർട്ടി തിരിച്ചടി നേരിടാൻ തുടങ്ങിയ കാലമാണത്.

അന്ന് സർവകലാശാലാ സിന്റിക്കേറ്റിൽ സി പി എം പ്രതിനിധിയാണ് മേനോൻ മാഷ്. അദ്ദേഹം വളരെ സരസമായി സംസാരിക്കും. ആരോടും വളരെ സൗമ്യതയോടും സ്നേഹത്തോടും കൂടിയാണ് അദ്ദേഹം പെരുമാറുക. അതിനാൽ സ്വന്തം പാർട്ടിയിലെ സഖാക്കൾക്കു മാത്രമല്ല, മറ്റു പാർട്ടിക്കാർക്കും പൊതുപ്രവർത്തകർക്കും പത്രക്കാർക്കും അദ്ദേഹത്തോടു വലിയ മതിപ്പായിരുന്നു.

എന്നെ സംബന്ധിച്ച് അന്നത്തെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് വലിയ വെല്ലുവിളി തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനവും ജനപിന്തുണയും ഉണ്ടായിരുന്ന പാലക്കാട്ട്, പാർട്ടി തിരിച്ചടി നേരിടാൻ തുടങ്ങിയ കാലമാണത്. കാർഷികമേഖലയിലുണ്ടായ വമ്പിച്ച പരിവർത്തനങ്ങളാണ് അങ്ങനെയൊരു തിരിച്ചടിയ്ക്കു കാരണമായത്.

ഒരു കാലത്ത് കർഷക പ്രസ്ഥാനത്തിലൂടെ അവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ വളർച്ച നേടി. എന്നാൽ എഴുപതുകൾ മുതൽ കർഷകരും കർഷകത്തൊഴിലാളികളും രണ്ടു ശക്തമായ വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങിയിരുന്നു. കൃഷി ഒട്ടും ലാഭകരമല്ലാത്ത തൊഴിലായി അതിനകം മാറിയിരുന്നു. പഴയകാലത്തെ കർഷക കുടുംബങ്ങൾ പലതും ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത നിലയിലേക്കു പതിച്ചിരുന്നു.

എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന കാലത്തെ ഞങ്ങളുടെ നേതാവ് സഖാവ് എ. കെ. ബാലൻ 1980-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നു മത്സരിച്ചു ജയിച്ചിരുന്നു.

കർഷക തൊഴിലാളികളാകട്ടെ, തങ്ങൾക്കു പണിയില്ല, ന്യായമായ കൂലിയില്ല എന്ന പരാതിയും ഉന്നയിച്ചിരുന്നു. കാർഷികമേഖലയിലെ മുരടിപ്പും നെല്ലിന്റെ വിലയിടിവും ഭക്ഷ്യധാന്യത്തിനു പകരം വാണിജ്യവിളകൾ ഭൂമി കയ്യേറാൻ തുടങ്ങിയതും ആഗോള വിപണിയുടെ മത്സരവും ഒക്കെയായി അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞ സാഹചര്യമാണ് അന്ന് നിലനിന്നത്. കൊയ്ത്തു കഴിയുമ്പോൾ കർഷകർക്ക് മിച്ചമായി ആകെ കിട്ടുന്നത് വൈക്കോൽ എന്ന നിലയാണ് നാട്ടിലെങ്ങും ഉണ്ടായത്.

കേരളത്തിൽ മൊത്തം ഇങ്ങനെയൊരു പ്രതിസന്ധി നിലനിന്നിരുന്നു. ട്രാക്ടറിനോടുള്ള വിരോധവും തെങ്ങിൻതൈകൾ വെട്ടിനിരത്തലും ഒക്കെയായിരുന്നു അതിന്റെ ബാക്കിപത്രം. പാലക്കാട്ടെ വിശാലമായ കാർഷിക മേഖലകളിൽ അതിന്റെ ആഘാതം വളരെ വലുതായിരുന്നു. പലേടത്തും ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. കൊലപാതകങ്ങൾ പോലും നടന്നു. കർഷക സംഘവും കർഷകത്തൊഴിലാളി സംഘവും പരസ്പരം കുറ്റപ്പെടുത്തി. അവരെ യോജിപ്പിച്ചു നിർത്തി ഒന്നിച്ചുകൊണ്ടുപോകുന്നതിൽ കമ്യൂണിസ്റ്റ് നേതൃത്വം വിജയിച്ചതുമില്ല.

അതിന്റെ ഒരു ഫലം കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ കാർഷിക മേഖലയിൽ പോലും വലിയ കരുത്തുനേടി എന്നതാണ്. വി.എസ്. വിജയരാഘവൻ പാലക്കാട്ടെ പ്രമുഖ കർഷകനും കോൺഗ്രസ് നേതാവുമായിരുന്നു. അദ്ദേഹമാണ് ശിവദാസമേനോന്റെ എതിരാളി. മറുഭാഗത്തു ഒറ്റപ്പാലം സംവരണ മണ്ഡലത്തിൽ ഓർക്കാപ്പുറത്ത് പുതിയൊരു സ്ഥാനാർഥി അറ്റുവീണു. അംബാസഡറും ദൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ വൈസ് ചാൻസലറും ഒക്കെയായി പ്രവർത്തിച്ച അന്താരാഷ്ട്ര പ്രശസ്തനായ നയതന്ത്രജ്ഞൻ കെ. ആർ. നാരായണനാണ് അത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി അവസാനനിമിഷം അവിടെ അവതരിച്ചത്.

കെ.ആർ നാരായണൻ

അതൊരു വലിയ പ്രതിസന്ധിയായിരുന്നു, സി പി എമ്മിനെ സംബന്ധിച്ച്. നാരായണൻ വളരെ പ്രശസ്തനാണ്; പൊതുവിൽ ഉദാരവാദപരമായ നയസമീപനങ്ങൾ പൊതുമണ്ഡലത്തിൽ സ്വീകരിച്ചു വരുന്ന വ്യക്തിയുമാണ്. അതിനാൽ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വെള്ള ഈച്ചരനെ നേരിടുന്നതുപോലെ അദ്ദേഹത്തെ നേരിടാൻ എളുപ്പമല്ല. അതിനാൽ എന്താണൊരു പോംവഴി എന്നാലോചിക്കുന്ന നേരത്താണ് ബാലേട്ടൻ ഒരുഗ്രൻ ആശയവുമായി വരുന്നത്.

നാരായണൻ ആളൊക്കെ ഗംഭീരൻ തന്നെ, പക്ഷേ ആലത്തൂരിലെയും കൊല്ലങ്കോട്ടെയും കർഷകർക്കും കർഷക തൊഴിലാളികൾക്കും അദ്ദേഹം ആരാണ്? വെറും ഒരു ആകാശജീവി. നേരെചൊവ്വേ മലയാളം പോലും പറയാൻ അറിയാത്ത അദ്ദേഹം എങ്ങനെ ഈ നാടിനെ പ്രതിനിധീകരിക്കും? പണ്ട് വി. കെ. കൃഷ്ണമേനോനെപ്പോലുള്ള ആഗോള പൗരന്മാർ മത്സരിച്ചപ്പോൾ അവർ നിന്നത് ബോംബെയും തിരുവനന്തപുരവും പോലുള്ള നഗരമണ്ഡലങ്ങളിലാണ്. അല്ലാതെ ഒറ്റപ്പാലം പോലെ കുഗ്രാമങ്ങളിലല്ല.

അങ്ങനെ നാരായണൻ നാമനിർദേശം കൊടുക്കും മുമ്പ് ദേശാഭിമാനിയുടെ ഒന്നാം പേജിൽ എന്റെ വക വിശകലനം വന്നു. നാരായണന് ഒരു സാധ്യതയുമില്ല. അദ്ദേഹം വഴിതെറ്റി വന്ന അതിഥിയാണ്. എത്രവേഗം വേറെ മണ്ഡലം നോക്കുന്നോ, അത്രയും നല്ലത്.

പക്ഷേ സംഗതി പാളി. നാരായണൻ വന്ന് ക്യാമ്പ് ചെയ്തത് ഷൊർണൂരിലെ സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു. അവിടെയാണ് എ.കെ. ബാലനും താമസിച്ചത്. മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമിയുടെ പാലക്കാട് ലേഖകൻ എൻ.പി. രാജേന്ദ്രൻ അടക്കം മാധ്യമപ്രവത്തകർ പലരും അവിടെ തന്നെയാണ് തങ്ങിയിരുന്നത്.

‘‘കെ.ആർ. നാരായണൻ ആളൊക്കെ ഗംഭീരൻ തന്നെ, പക്ഷേ ആലത്തൂരിലെയും കൊല്ലങ്കോട്ടെയും കർഷകർക്കും കർഷക തൊഴിലാളികൾക്കും അദ്ദേഹം ആരാണ്? വെറും ഒരു ആകാശജീവി. നേരെചൊവ്വേ മലയാളം പോലും പറയാൻ അറിയാത്ത അദ്ദേഹം എങ്ങനെ ഈ നാടിനെ പ്രതിനിധീകരിക്കും?’’

ബാലൻ രാവിലെ എണീറ്റ് പുറത്തിറങ്ങി നോക്കുമ്പോൾ നാരായണനുണ്ട് കളസവുമിട്ട് മറുഭാഗത്തുനിന്ന് നടന്നുവരുന്നു. രാവിലത്തെ നടത്തവും കഴിഞ്ഞുള്ള വരവാണ്. ബാലൻ അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്തു, “ഗുഡ് മോർണിംഗ്, മിസ്റ്റർ നാരായണൻ’’.
എന്നാൽ നയതന്ത്രജ്ഞന്റെ മറുപടി ഞെട്ടിച്ചു, ‘അപ്പോൾ ബാലനും മലയാളം അറിയില്ല, അല്ലേ?’ സംഭവത്തിനു ദൃക്‌സാക്ഷിയായ രാജേന്ദ്രൻ പിറ്റേന്ന് മാതൃഭൂമിയുടെ ഒന്നാം പേജിൽ അതു വാർത്തയായി നൽകി.

എന്നുവെച്ച് അത്തവണ ബാലൻ തോറ്റതിന് ഞാനാണ് ഉത്തരവാദി എന്നൊന്നും അവകാശപ്പെടുന്നില്ല. ഇന്ദിരയുടെ മരണം വലിയൊരു സഹതാപതരംഗമുണ്ടാക്കിയിരുന്നു. ഇന്ത്യയെങ്ങും അത് ആഞ്ഞടിച്ചു. റെക്കോർഡ് വിജയമാണ് അന്ന് രാജീവ് ഗാന്ധിക്കും കോൺഗ്രസിനും കിട്ടിയത്. പാലക്കാട് ജില്ലയിൽ രണ്ടു മണ്ഡലത്തിലും സി പി എം സ്ഥാനാർത്ഥികൾ തോറ്റു. ശിവദാസമേനോൻ മൂന്നാം തവണയാണ് തുടർച്ചയായി തോൽക്കുന്നത്. വിക്ടോറിയ കോളേജിനു തൊട്ടടുത്തുള്ള പാർട്ടി ഓഫീസിൽ അദ്ദേഹം ഖിന്നനായി ഇരിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാർ അപ്പോൾ സ്ഥലത്തുണ്ട്. അദ്ദേഹം യാതൊരു മയവുമില്ലാതെ തമാശ പൊട്ടിക്കുന്നു, “അങ്ങനെ മേനോൻ ഹാട്രിക്ക് അടിച്ചു”

“ഞങ്ങൾ ഇനി ഒരു ക്ലിൻ സ്ളേറ്റിൽ തുടങ്ങാൻ പോവുകയാണ്” എന്നാണ് 1987-ൽ രണ്ടാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റ നായനാർ പറഞ്ഞത്.

അത്യുന്നത സി.പി.എം നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം വളരെ അടുത്തുനിന്ന് നിരീക്ഷിക്കാൻ എനിക്ക് അവസരം നൽകിയ തെരഞ്ഞെടുപ്പായിരുന്നു അത്. പാർട്ടിയുടെ പ്രമുഖ നേതാക്കൾ മിക്കവരും മണ്ഡലത്തിൽ പലനാൾ പ്രചാരണം നടത്തിയിരുന്നു. വളരെ വിദൂരമായ ഗ്രാമങ്ങളിൽ പോലും പോളിറ്റ് ബ്യുറോ അംഗങ്ങൾ പ്രസംഗിച്ചു. ഇ എം എസ് നമ്പൂതിരിപ്പാട്, ബി.ടി രണദിവെ, ഇ.കെ. നായനാർ എന്നിവരൊക്കെ സ്ഥിരമായി വന്നുപോയിക്കൊണ്ടിരുന്നു. മറ്റൊരു പ്രമുഖൻ അന്നത്തെ തീപ്പൊരി നേതാവ് എം.വി. രാഘവനായിരുന്നു. ഭക്ഷണമൊക്കെ ഏതെങ്കിലും സഖാക്കളുടെ വീട്ടിൽ ഏർപ്പാടാക്കുകയാണ് പതിവ്.

എം വി ആർ അന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. എന്നാൽ പി.ബി അംഗങ്ങളെക്കാൾ പ്രതാപത്തിലാണ് അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തിന് പാർട്ടിയിൽ ഒരു വലിയ ഫാൻ സംഘമുണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയമായ നിലപാടുകളുടെ പേരിലുള്ള അനുയായി സംഘമായി എനിക്ക് അനുഭവപ്പെടുകയുണ്ടായില്ല.

നായനാർ തികഞ്ഞ ഭക്ഷണപ്രിയനായിരുന്നു. കോഴിയിറച്ചിയാണ് പുള്ളിക്കിഷ്ടം. ഒരുതവണ കൊല്ലങ്കോട്ടടുത്തു പാർട്ടി അനുഭാവിയായ ഒരു വക്കീലിന്റെ വീട്ടിലാണ് ഭക്ഷണം ഏർപ്പാക്കിയത്. അദ്ദേഹം തികഞ്ഞ വെജിറ്റേറിയനായിരുന്നു. അതിനാൽ സദ്യയുടെ വിഭവങ്ങൾ ഇലയിൽ നിരന്നു. മീനില്ല; ഇറച്ചിയും ഇല്ല. നയനാരുടെ മുഖം വാടി എന്നുപറഞ്ഞാൽ കഴിഞ്ഞല്ലോ.

ഇതേ വക്കീലിന്റെ ചില പൊടിക്കൈകൾ അന്ന് ചെറുതല്ലാത്ത കോലാഹലവും ഉണ്ടാക്കി. ബി.ടി. രണദിവെയുടെ രണ്ടുദിന പര്യടനം പാലക്കാട്ടുണ്ടായിരുന്നു. ഒരു വൈകുന്നേരം പൊതുയോഗത്തിൽ രണദിവെയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന ചുമതല ഏറ്റത് വക്കീലദ്ദേഹം ആയിരുന്നു. രണദിവെ അന്ന് പി.ബിയിൽ പ്രമുഖനാണ്. ഇ എം എസ് ജനറൽ സെക്രട്ടറിയും. രണദിവെ പ്രസംഗിക്കുന്നത് കാര്യമാത്ര പ്രസക്തമായാണ്. ചുരുങ്ങിയ വാക്കുകൾ, ഗൗരവമുള്ള വിഷയങ്ങൾ. അദ്ദേഹം ഒരിക്കലും കേൾവിക്കാരെ രസിപ്പിക്കാൻ ഒരു ശ്രമവും നടത്താറില്ല. കാര്യങ്ങൾ നേരെചൊവ്വേ പറഞ്ഞു പോകും. അത്രതന്നെ.

രണദിവെ അന്ന് പി.ബിയിൽ പ്രമുഖനാണ്. ഇ എം എസ് ജനറൽ സെക്രട്ടറിയും. രണദിവെ പ്രസംഗിക്കുന്നത് കാര്യമാത്ര പ്രസക്തമായാണ്. ചുരുങ്ങിയ വാക്കുകൾ, ഗൗരവമുള്ള വിഷയങ്ങൾ.

പക്ഷേ ഇത്തവണ പതിവിനു വിപരീതമായി കേൾവിക്കാർ തലയറഞ്ഞു ചിരിക്കാൻ തുടങ്ങി. വക്കീൽ രണദിവെയുടെ പ്രസംഗം പരിഷ്കരിച്ചു അതിനെ ആസ്വാദ്യജനകമാക്കി ഗ്രാമ്യജനതയ്ക്കു വിളമ്പുകയായിരുന്നു. നല്ല എരിവും പുളിയും ചേർത്താണ് അദ്ദേഹം രണദിവെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

എന്നാൽ സായുധസമരത്തിന് ആഹ്വാനം ചെയ്ത കൽക്കത്താ തിസീസിന്റെ ആചാര്യനായ രണദിവെ ബൃന്ദാ കാരാട്ടിനെ പോലെ പരിഭാഷകന്റെ തിരുത്തലുകൾക്ക് നിന്നുകൊടുക്കുന്ന ആളായിരുന്നില്ല. പരിഭാഷകന്റെ പൊടിക്കൈകൾ അദ്ദേഹവും ശ്രദ്ധിച്ചു. പ്രസംഗം നിർത്തി. രൂക്ഷമായ മട്ടിലാണ് അദ്ദേഹം പരിഭാഷകനെയും പിന്നിലിരിക്കുന്ന സ്ഥാനാർഥി ശിവദാസ മേനോനെയും നോക്കിയത്. ഉടൻ മേനോൻ മാഷ് ചാടിയെണീറ്റു മൈക്കിനു മുന്നിലെത്തി. രണദിവെ തുടർന്ന് പ്രസംഗിക്കുകയും ചെയ്തു. ജനം നിശ്ശബ്ദമായി കേട്ടിരുന്നു. വിവരം ഇ എം എസിന്റെ ചെവിയിലും എത്തി എന്നുതോന്നുന്നു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ്, അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ എന്താണ് രണദിവെയുടെ സന്ദർശന സമയത്തുണ്ടായത് എന്നദ്ദേഹം ചോദിച്ചു. ഇ എം എസിനെ സംബന്ധിച്ച് അത്തരം അന്വേഷണങ്ങളൊന്നും പതിവില്ലാത്തതാണ്.

എം വി ആർ അന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. എന്നാൽ പി.ബി അംഗങ്ങളെക്കാൾ പ്രതാപത്തിലാണ് അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തിന് പാർട്ടിയിൽ ഒരു വലിയ ഫാൻ സംഘമുണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയമായ നിലപാടുകളുടെ പേരിലുള്ള അനുയായി സംഘമായി എനിക്ക് അനുഭവപ്പെടുകയുണ്ടായില്ല. മറിച്ച്, ഒരു ഫ്യൂഡൽ ആരാധനാഭാവമാണ് അവരിൽ പലരിലും കണ്ടത്.

എം. വി രാഘവൻ

അദ്ദേഹവും അന്നൊക്കെ പെരുമാറിയത് കല്യാട്ട് യശമാനന്റെ അവതാരം എന്ന മട്ടിലൊക്കെയായിരുന്നു. പരപുച്ഛവും ധാർഷ്ട്യവും അന്നത്തെ എം വി ആറിന്റെ സ്വഭാവത്തിൽ മുഴച്ചുനിന്നു. പിന്നീട് അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തായി. അപ്പോഴേക്കും ഞാൻ ദേശാഭിമാനി വിട്ട് ഹൈദരാബാദിൽ ഇന്ത്യൻ എക്‌സ്പ്രസിൽ ചേർന്നു കഴിഞ്ഞിരുന്നു. അതിനാൽ 1985-87 കാലത്ത് സി പി എമ്മിലും കേരള രാഷ്ട്രീയത്തിലുമുണ്ടായ അഗാധമായ കലങ്ങിമറിയലും പഴയ സഖാക്കൾ തമ്മിലുള്ള കൊടുംവൈരവും അതിന്റെ ഭാഗമായ അതിക്രമങ്ങളും നേരിട്ടു കാണാനോ അനുഭവിക്കാനോ സാധ്യമായില്ല. കാരണം, 1984-ലെ തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ പിറ്റേവർഷം ജനവരിയിൽ ഞാൻ ദേശാഭിമാനിയിൽ നിന്ന് വിട്ടുപോയി.

1987-ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് ഞാൻ വീണ്ടും കേരളത്തിലെത്തുന്നത്. ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടെത്തി പിറ്റേന്ന് കൊച്ചിയിൽ അന്നത്തെ റസിഡൻറ് എഡിറ്റർ എസ്‌. കെ. അനന്തരാമന്റെ മുന്നിൽ ഹാജരായി. ഞാൻ കരുതിയത് ഡെസ്‌കിലായിരിക്കും എന്റെ നിയമനം എന്നായിരുന്നു. എന്നാൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് 5000 രൂപ അഡ്വാൻസ് വാങ്ങി നേരേ കോഴിക്കോട്ടേയ്ക്ക് പോകാനാണ് അദ്ദേഹം നിർദേശിച്ചത്. അങ്ങനെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും മലബാറിലെ തെരഞ്ഞെടുപ്പുരംഗം നിരീക്ഷിക്കാനായി തിരിച്ചെത്തി.

രണ്ടുകൊല്ലത്തിനിടയിൽ മലബാറിലെ രാഷ്ട്രീയം ആകെ മാറിമറിഞ്ഞിരുന്നു. മുമ്പ് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന അഖിലേന്ത്യാ ലീഗുകാർ തിരിച്ച് മുസ്‌ലിംലീഗിൽ ചേക്കേറി കഴിഞ്ഞിരുന്നു. സത്യത്തിൽ കേരള രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറിക്കഴിഞ്ഞിരുന്നു. നേരത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങളാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുന്തിനിന്നത്. എന്നാൽ സാമൂഹികവും വർഗീയവുമായ ഒരു പ്രചാരണതന്ത്രമാണ് 1987-ൽ മലബാറിലെങ്ങും കാണപ്പെട്ടത്. കാസർകോടു മുതൽ മലപ്പുറം വരെ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ മുൻകാലത്തു ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം സാമുദായികവും വർഗീയവുമായി മാറിക്കഴിഞ്ഞിരുന്നു.

ഇ.എം.എസ്

അതിനൊരു കാരണം, സി പി എമ്മിൽ എം.വി. രാഘവനെതിരെ നടന്ന കടുത്ത ആക്രമണവും അതിനു മുന്നോടിയായി അഖിലേന്ത്യാ ലീഗിനെ മുന്നണിയിൽ നിന്നു പുറത്താക്കാൻ ശരീഅത്ത് വിവാദം കുത്തിപ്പൊന്തിച്ചതും ഒക്കെയായ സാഹചര്യമായിരുന്നു. ശരീഅത്ത് വിവാദകാലത്തു ലീഗുകാർ അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.

സി പി എമ്മും അത്തരം മുദ്രാവാക്യങ്ങളുടെ കാര്യത്തിൽ ഒട്ടും പിറകിലായിരുന്നില്ല. ശരീഅത്ത് നിയമങ്ങൾ തികച്ചും പ്രാകൃതമാണ് എന്നാണ് അന്നത്തെ പാർട്ടി സെക്രട്ടറി വി.എസ്. അച്യുതാനന്ദൻ വിലയിരുത്തിയത്. അതിനോടു മുസ്‍ലിം സമുദായ കക്ഷികൾ കർക്കശമായി പ്രതികരിക്കുകയും ചെയ്തു: ‘രണ്ടും കെട്ടും നാലും കെട്ടും; എം വി ആറിന്റെ ഓളേം കെട്ടും, ഇ.എം.എസിന്റെ മോളേം കെട്ടും’ എന്നൊക്കെയാണ് അന്ന് മുഴങ്ങിക്കേട്ട ചില മുദ്രാവാക്യങ്ങൾ.

ശരീഅത്ത് വിവാദം ഉയർത്തുമ്പോൾ ഇ എം എസ് അതൊരു താത്കാലിക രാഷ്ട്രീയതന്ത്രം എന്ന നിലയിൽ മാത്രമാണ് കണ്ടത് എന്നുറപ്പാണ്. നായനാരും അങ്ങനെയാണ് അതിനെ കണ്ടത്. അടിയന്തരാവസ്ഥയിൽ ഒന്നിച്ച് ജയിൽ വാസം പോലും അനുഭവിച്ച തങ്ങളോട് എന്തിന് സി പി എം ഇത്തരത്തിൽ പെരുമാറുന്നു എന്ന അഖിലേന്ത്യാ ലീഗ് നേതാക്കളുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, “ഞങ്ങൾ ഇനി ഒരു ക്ലിൻ സ്ളേറ്റിൽ തുടങ്ങാൻ പോവുകയാണ്” എന്നായിരുന്നു. അതായത് ജാതിമത വർഗീയ കക്ഷികൾക്കൊന്നും യാതൊരു സ്ഥാനവുമില്ലാത്ത, പരിശുദ്ധ മതേതര ജനാധിപത്യ ഭരണമാണ് തങ്ങൾ നാടിനു കാഴ്ച വെക്കാൻ പോകുന്നത് എന്നാണ് 1987-ൽ രണ്ടാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റ നായനാർ പറഞ്ഞത്.

എന്നാൽ നേതാക്കൾ മനസ്സിൽ കണ്ടതല്ല നാട്ടിൽ സംഭവിക്കുന്നത് എന്നതിന് അന്നത്തെ തെരഞ്ഞെടുപ്പു പ്രചാരണരംഗം തന്നെ തെളിവായിരുന്നു. അരിവാൾ സുന്നി എന്നറിയപ്പെടുന്ന ഒരു വിഭാഗം ആദ്യമായി മലബാറിലെ തെരഞ്ഞെടുപ്പു രംഗത്ത് നിർണായക ശക്തിയായി.

നായനാരുടെ അന്നത്തെ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പാർട്ടി അതിനനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. 1991-ൽ നായനാരെ രാജിവെപ്പിച്ച് മുന്നണി വീണ്ടും ജനവിധി തേടി.

1985-ൽ കോഴിക്കോട്ട് ശരീഅത്ത് സംരക്ഷണ സമ്മേളനം എന്നപേരിൽ അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ സംരക്ഷണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാസമ്മേളന കാലം മുതൽ ഈ മാറ്റങ്ങൾ പ്രകടമായിരുന്നു. പൊതുമണ്ഡലത്തിൽ സാമുദായിക ശക്തികൾ അതിനിർണായകമായ ഒരു സ്ഥാനം ഏറ്റെടുക്കുകയായിരുന്നു അക്കാലം മുതൽ. നേരത്തെ കീരിയും പാമ്പും പോലെ പെരുമാറിയ ജമാഅത്തും സലഫികളും സുന്നികളും ഒന്നിച്ചൊരു വേദിയിൽ അണിനിരന്നു. ഇസ്‍ലാം അപകടത്തിൽ എന്ന മുദ്രാവാക്യം നാടെങ്ങും മുഴങ്ങി. സുന്നി സമസ്തയിൽ തന്നെ ഭിന്നതകൾ തലപൊക്കി. ഇ. കെ. അബൂബക്കർ മുസ്ല്യാരുടെയും കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാരുടെയും നേതൃത്വത്തിൽ രണ്ടു സുന്നി വിഭാഗങ്ങൾ നിലവിൽ വന്നു. ആരാണ് കൂടുതൽ യാഥാസ്ഥിതികർ എന്ന കാര്യത്തിൽ അവർ പരസ്പരം മത്സരിച്ചു. ഒരു കൂട്ടർ ലീഗിനെ പിന്തുണച്ചു. മറുവിഭാഗം സി പി എമ്മിന്റെ കൂട്ടാളികളായി. പിന്നീടൊരിക്കലും അവർ തങ്ങളുടെ രാഷ്ട്രീയസ്വാധീനം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല.

നായനാരുടെ അന്നത്തെ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പാർട്ടി അതിനനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. 1991-ൽ നായനാരെ രാജിവെപ്പിച്ച് മുന്നണി വീണ്ടും ജനവിധി തേടി. അതിനകം രണ്ടുമൂന്നു കാര്യങ്ങൾ വ്യക്തമായിക്കഴിഞ്ഞിരുന്നു.
ഒന്ന്, ജാതിമത വർഗീയതയുടെ രാഷ്ട്രീയം കേരളത്തിൽ ശക്തമായ അടിത്തറ നേടിക്കഴിഞ്ഞിരുന്നു. ബി ജെ പിയും ഹിന്ദു മുന്നണിയും ശക്തമായ സാന്നിധ്യമായി രംഗത്തുവന്നു. മുസ്‍ലിം, കൃസ്ത്യൻ സാമുദായികതയും കൂടുതൽ കരുത്തു നേടി.
രണ്ട്; വിശ്വാസി വിഭാഗങ്ങളെ പുറത്തുനിർത്തി മതേതര രാഷ്ട്രീയത്തിന് നിലനില്പില്ല എന്ന സത്യം കൂടുതൽ ശക്തിയോടെ വെളിവായി. അതോടെ ന്യൂനപക്ഷ പാർട്ടികളെ വീണ്ടും വശത്താക്കാനുള്ള മത്സരവും തുടങ്ങി.

1987-ലെ പരിശുദ്ധ മതേതര രാഷ്ട്രീയ പരീക്ഷണത്തിനുശേഷം മതേതര രാഷ്‌ടീയം പിന്നീടൊരിക്കലും കേരളത്തിൽ നടുനിവർത്തിയിട്ടില്ല എന്നതാണ് സത്യം. ദേശീയ രാഷ്‌ടീയത്തിൽ കോളിളക്കമുണ്ടാക്കിയ ഷാബാനു കേസിന്റെ നാൾവഴികളും ബാബ്‌റി മസ്‌ജിദ് പ്രശ്നവും രാമജന്മഭൂമി പ്രസ്ഥാനവും ഒക്കെ അതിന് ഊർജം പകർന്നിരിക്കാം.

അതായത്, 1987-ലെ പരിശുദ്ധ മതേതര രാഷ്ട്രീയ പരീക്ഷണം അവസാനിച്ചത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന മട്ടിലാണ്. വിമോചന സമരകാലം ഒഴിച്ചാൽ മുൻകാലത്തൊരിക്കലുമില്ലാത്തവിധം ഭൂരിപക്ഷ, ന്യൂനപക്ഷ സാമുദായികത കേരള രാഷ്ട്രീയത്തിൽ ശക്തി നേടി. എൻ എസ് എസിന്റെ നാരായണപ്പണിക്കരും എസ് എൻ ഡി പിയുടെ വെള്ളാപ്പള്ളി നടേശനും ക്രൈസ്തവസഭാ നേതാക്കളും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന അവസ്ഥ വന്നു. മതേതര രാഷ്‌ടീയം പിന്നീടൊരിക്കലും കേരളത്തിൽ നടുനിവർത്തിയിട്ടില്ല എന്നതാണ് സത്യം. ദേശീയ രാഷ്‌ടീയത്തിൽ കോളിളക്കമുണ്ടാക്കിയ ഷാബാനു കേസിന്റെ നാൾവഴികളും ബാബ്‌റി മസ്‌ജിദ് പ്രശ്നവും രാമജന്മഭൂമി പ്രസ്ഥാനവും ഒക്കെ അതിന് ഊർജം പകർന്നിരിക്കാം. എന്നാൽ കേരളത്തിലെ 1985-87 കാലത്തെ പരീക്ഷണങ്ങളും അതിനു കാരണമായി എന്നതിൽ തർക്കമില്ല.

എന്നിരുന്നാലും സാധാരണ ജനങ്ങളും പൊതുസമൂഹവും വർഗീയതയുടെ വിളയാട്ടം കേരളത്തെ എങ്ങനെ ആപത്തിലേക്കു നയിക്കും എന്നതിനെപ്പറ്റി ജാഗരൂകരായിരുന്നു എന്നാണ് 1991-ലെ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തിയത്. അന്ന് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചാണ് തെരഞ്ഞെടുപ്പു വന്നത്. അന്നാണ് കുപ്രസിദ്ധമായ കോ ലീ ബി പരീക്ഷണം മലബാറിൽ അരങ്ങേറിയത്. ഞാൻ ഇന്ത്യൻ എക്സ്പ്രസിന്റെ മലബാർ ലേഖകനായി പ്രവർത്തിക്കുന്ന കാലം. അതിനാൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും വടകര ലോക്‌സഭാ മണ്ഡലത്തിലും നടന്ന കോ ലീ ബി പരീക്ഷണങ്ങൾക്ക് ദൃക്‌സാക്ഷിയാകാൻ എനിക്കും അവസരം കൈവന്നു. കേരളത്തിലെ ജനങ്ങളുടെ ഉയർന്ന രാഷ്ട്രീയബോധം വ്യക്തമായി തെളിയിക്കപ്പെട്ട അനുഭവമാണ് അന്ന് രണ്ടിടത്തും കാണപ്പെട്ടത്.

ബേപ്പൂരിൽ കോൺഗ്രസും ലീഗും ബി ജെ പിയും തങ്ങളുടെ സംയുക്ത സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ മാധവൻകുട്ടിയെ ആയിരുന്നു. വടകരയിൽ മത്സരിച്ചത് പ്രശസ്ത അഭിഭാഷകൻ രത്നസിങ്ങും. ഡോ. മാധവൻകുട്ടി സംഘപരിവാറിന്റെ സാംസ്‌കാരിക രംഗത്തെ സഹയാത്രികൻ; രത്നസിങ് കോൺഗ്രസ് അനുഭാവി. രണ്ടുപേരും കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ വലിയ വ്യക്തിപ്രഭാവമുള്ളവരായിരുന്നു. അതിനാൽ സ്ഥാനാർത്ഥികൾ എന്ന നിലയിൽ അവരെക്കുറിച്ചു ആർക്കും ഒരു കുറ്റവും പറയാൻ കഴിയുമായിരുന്നില്ല.

ആ തെരഞ്ഞെടുപ്പിന്റെ ഫലം സുവിദിതമാണ്. കണക്കുനോക്കിയാൽ പാട്ടുംപാടി ജയിക്കേണ്ട രണ്ടു പ്രമുഖരും എന്തുകൊണ്ട് തോറ്റമ്പി എന്നതിനെ കുറിച്ച് ബന്ധപ്പെട്ട പാർട്ടികൾ പരസ്യമായി ഒരു സ്വയംവിമർശനവും നടത്തിയിട്ടില്ല. പരീക്ഷണം തുടക്കത്തിലേ പാളിയിരുന്നു. ലീഗുകാർ മാത്രമാണ് ആത്മാർഥമായി രണ്ടിടത്തും മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ശ്രമിച്ചത്. അവർക്ക് അതുകൊണ്ടു കാര്യമായ നേട്ടമൊന്നും പ്രതീക്ഷിക്കാനുമുണ്ടായിരുന്നില്ല. ഏതാനും ആഴ്ചകൾക്കുമുമ്പ് കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫ് വിടുകയാണ് എന്നു പ്രഖ്യാപിച്ച പാർട്ടിയായിരുന്നു ലീഗ്. അഭയം നൽകും എന്ന് അവർ പ്രതീക്ഷിച്ച സി പി എം അവഗണിച്ചു എന്നതായിരുന്നു കോൺഗ്രസിലെ ചില അവസരവാദി നേതാക്കളും കോഴിക്കോട്ടെ ഒരു പ്രമുഖ ബിസിനസ് സ്ഥാപനവും ചേർന്ന് തയ്യാറാക്കിയ കോ ലീ ബി ചതിയിൽ അവർ ചെന്നുചാടിയതിനു കാരണമായത്. കുഞ്ഞാലിക്കുട്ടിയും സംഘവും അന്ന് ശിഹാബ് തങ്ങളെത്തന്നെ കോ ലീ ബിയ്ക്ക് വോട്ടു പിടിക്കാനായി രംഗത്തിറക്കി. അണികൾ പക്ഷേ അതു സ്വീകരിച്ചില്ല. ബി ജെ പിയിലും പലരും അതിനോടു വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്തത്. ലീഗുമായി കൂട്ടുകെട്ട് വേണ്ട എന്നതായിരുന്നു അവരുടെ ചിന്ത.

പിന്നീടുള്ള വർഷങ്ങളിൽ ധാരാളം തെരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും അവ ഓർമയിൽ നിൽക്കുന്ന തരത്തിലുള്ള ഒന്നും അവശേഷിപ്പിക്കുകയുണ്ടായില്ല. നമ്മുടെ തെരഞ്ഞെടുപ്പു രാഷ്‌ടീയത്തിൽ ജനപങ്കാളിത്തം കുറഞ്ഞുവരുന്നതും പണക്കൊഴുപ്പും ഈവന്റ് മാനേജ്‍മെൻറ് സംവിധാനങ്ങളും അതിനു പകരം നിൽക്കുന്നതും പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യം അസ്തമിച്ച്, പകരം വ്യക്‌തിപൂജ മുഖ്യസ്ഥാനത്തേയ്‌ക്ക് കയറിവരുന്നതും ഒക്കെയാണ് തൊണ്ണൂറുകൾ മുതലുള്ള തെരഞ്ഞടുപ്പുകളിൽ കാണുന്നത്. അക്കാലം ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണവും ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെടുന്ന കാലവുമാണ്. ജനാധിപത്യ പ്രകിയയിലെ തിരിച്ചടികളും പിന്നാക്കംപോക്കും ഇക്കാലത്തിന്റെ സവിശേഷതയാണ്. മാധ്യമങ്ങളും ഈ ഒഴുക്കിന്റെ ഭാഗമായി. അവ കക്ഷിരാഷ്ട്രീയത്തിൽ പക്ഷം പിടിക്കുന്ന കൂട്ടരായി. റിപ്പോർട്ടിങ്ങിലെ വസ്തുനിഷ്ഠത പഴങ്കഥയായി. ചിലരെങ്കിലും പാർട്ടികളിൽ നിന്നും നേതാക്കളിൽ നിന്നും കണക്കുപറഞ്ഞു കാശു വാങ്ങിച്ച് കോളം കണക്കാക്കി റിപ്പോർട്ട് ചെയ്യുന്ന രീതി ശീലമാക്കി.

കോൺഗ്രസ് നേതാക്കളായ പ്രണബ് മുഖർജിയും ഡോ. മൻമോഹൻ സിങ്ങും വേദിയിലേക്കു കയറിവന്നു. അവരിരുവരും കൈകൂപ്പി പത്രക്കാരെ നോക്കി പറഞ്ഞത് ഇപ്രകാരമാണ്; “ഞങ്ങൾ ദേശീയ പ്രതിപക്ഷമാണ്. ഞങ്ങൾക്ക് നിങ്ങൾ ഒരു പരിഗണനയും നൽകുന്നില്ല. ഇതു തീർത്തും അന്യായമാണ്. ദേശീയ മാധ്യമങ്ങൾ ഈ നിലപാട് തിരുത്തണം എന്നഭ്യർത്ഥിക്കാനാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്’’.

ജനാധിപത്യ സംവിധാനം തന്നെ പൊതുവിൽ ഒരു തിരിച്ചടി നേരിടുന്ന ഇക്കാലത്താണ് 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നത്. റിപ്പോർട്ടർ എന്ന നിലയിൽ ഞാൻ നേരിട്ടു റിപ്പോർട്ട് ചെയ്‌ത അവസാനത്തെ തെരഞ്ഞെടുപ്പാണിത്. പിന്നീടുള്ള വർഷങ്ങളിൽ ഡസ്കിലിരുന്ന് ഒരു കാഴ്ച്ചക്കാരന്റെ മട്ടിൽ തെരഞ്ഞെടുപ്പുകൾ കാണാനും ടി.വി സ്റ്റുഡിയോകളിലിരുന്ന് അവയെ അവലോകനം ചെയ്യാനും അവസരമുണ്ടായി. എന്നാൽ സ്ഥാനാർത്ഥികളുടെ പിന്നാലെ നടന്നും വോട്ടർമാരുമായി സംവദിച്ചും ഫീൽഡിൽ നിന്നും സമ്പാദിക്കുന്ന ഉൾകാഴ്ചകളിൽ നിന്ന് തുലോം വ്യത്യസ്തമാണ് നിരീക്ഷകർ എന്ന നിലയിലുള്ള നമ്മുടെ നിഗമനങ്ങൾ. അതു പലപ്പോഴും നമ്മുടെ തന്നെ വ്യക്തിഗതമായ രാഷ്ട്രീയ പക്ഷപാതങ്ങളുടെയും അഭിപ്രായങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനം മാത്രമാണ്. ചിലപ്പോൾ അത് ശരിയായി എന്നുവരാം; പലപ്പോഴും തെറ്റിപ്പോയിട്ടുമുണ്ട്. അതിന്റെ പേരിൽ പഴിയും ധാരാളം കേട്ടിട്ടുണ്ട്. അതിലൊരു അത്ഭുതവുമില്ല. അതേസമയം ഒരു മണ്ഡലത്തിൽ ചുറ്റിസഞ്ചരിച്ചു വിപുലമായ ജനവിഭാഗങ്ങളുമായി സംവദിച്ചു ഒരു ലേഖകൻ എത്തുന്ന നിഗമനത്തിൽ പലപ്പോഴും വസ്തുതയുടെ നിഴലാട്ടമുണ്ടായിരിക്കും.

പറഞ്ഞുവന്നത് 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിഷയമാണ്. 14ാം ലോക്‌സഭയിലേക്കാണ് അന്നു തെരഞ്ഞെടുപ്പു നടന്നത്. ഞാൻ കൈരളി ടി.വിയിലെ ജോലി വിട്ടു ഡൽഹിയിൽ മാധ്യമത്തിന്റെ ലേഖകനായി എത്തിയ സമയം. ദൽഹി, നമു​ക്കൊരുദിവസം അങ്ങോട്ടുചെന്ന് പക്ഷി പറക്കാൻ തുടങ്ങും പോലെ അനായാസമായി ചിറകുവിരിച്ച് നേരെയങ്ങു പറന്നുനടന്ന് മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന സ്ഥലമല്ല. നിരവധി ഭാഷകൾ, നിരവധി പാർട്ടികൾ, നിരവധി ബീറ്റുകൾ, നിരവധി മാധ്യമസ്ഥാപനങ്ങൾ... അങ്ങനെയൊരു പാരാവാരമാണത്. കാഴ്ചബംഗ്ലാവിൽ പോയ പോലെ നമുക്കും കാഴ്ച കണ്ടു നടക്കാം. ദീർഘകാലബന്ധങ്ങളും പരിചയവുമുള്ള കൂട്ടർ സ്‌കൂപ്പുകളിറക്കും. പ്രാദേശികഭാഷാ പത്രക്കാർ ഡൽഹി പത്രങ്ങളിൽ നിന്ന് അതു കോപ്പിയടിച്ചു ബൈലൈനിട്ട് നാട്ടിലേക്ക് അയക്കും. അതൊക്കെ പത്രങ്ങളിൽ അടിച്ചുവരും. അതൊക്കെയാണ് ദൽഹിയിലെ പതിവ്. അല്ലെങ്കിലും പത്രക്കാർക്കു വാർത്താശേഖരണത്തെക്കാൾ ഡി എ വി പി പരസ്യങ്ങൾ ഏർപ്പാടാക്കൽ, ലൈസൻസുകൾ സമ്പാദിക്കൽ, കമ്പനിയുടെ മറ്റു ബിസിനസ് താല്പര്യങ്ങൾ നോക്കൽ എന്നിങ്ങനെ പണികൾ പിടിപ്പതു കാണും.

അങ്ങനെയൊരു ദിവസം അക്ബർ റോഡിലെ എ ഐ സി സി ഓഫിസിൽ പത്രസമ്മേളനത്തിനു കയറിച്ചെന്നു. കോൺഗ്രസ് അന്ന് പ്രതിപക്ഷമാണ്. വാജ്പേയിയാണ് ഭരണം. ‘ഇന്ത്യ തിളങ്ങുന്നു’ എന്നാണ് പ്രചാരണം. ബി ജെ പി അധ്യക്ഷൻ വെങ്കയ്യ നായിഡു നിത്യേനയെന്ന വണ്ണം വീട്ടിൽ മാധ്യമസമ്മേളനം വിളിക്കും. ഉച്ചയ്ക്കാണ് പരിപാടി എങ്കിൽ ഗംഭീര ഊണ് ഉറപ്പിക്കാം. അതിനാൽ ബി ജെ പി ആസ്ഥാനത്ത് എപ്പോഴും നല്ല തിരക്കുണ്ടാവും. ഐ ഐ സി സി ആസ്ഥാനത്ത് ആളും കുറവ്; അവരുടെ വാർത്ത ഒന്നാം പേജിലൊന്നും അന്വേഷിക്കുകയും വേണ്ട.

വെങ്കയ്യ നായിഡു

അങ്ങനെയുള്ള സമയത്ത് കോൺഗ്രസ് നേതാക്കളായ പ്രണബ് മുഖർജിയും ഡോ. മൻമോഹൻ സിങ്ങും വേദിയിലേക്കു കയറിവന്നു. അതു പതിവില്ലാത്തതാണ്. ദേശീയ വക്താക്കളാണ് സാധാരണ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. അതിനാൽ എന്തോ അസാധാരണമായ കാര്യമുണ്ട് എന്നുറപ്പ്. അവരിരുവരും കൈകൂപ്പി പത്രക്കാരെ നോക്കി പറഞ്ഞത് ഇപ്രകാരമാണ്; “ഞങ്ങൾ ദേശീയ പ്രതിപക്ഷമാണ്. ഞങ്ങൾക്ക് നിങ്ങൾ ഒരു പരിഗണനയും നൽകുന്നില്ല. ഇതു തീർത്തും അന്യായമാണ്. ദേശീയ മാധ്യമങ്ങൾ ഈ നിലപാട് തിരുത്തണം എന്നഭ്യർത്ഥിക്കാനാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്’’.
അത് സത്യത്തിൽ കോൺഗ്രസ് അകപ്പെട്ട പ്രതിസന്ധിയെയല്ല, മറിച്ച്, മാധ്യമങ്ങൾ സ്വയം ചെന്നുചാടിയ ചതിക്കുഴിയെയാണ് ഓർമിപ്പിച്ചത്.

നേതാക്കളുടെ അഭ്യർത്ഥനയ്ക്കു എന്തെങ്കിലും ഫലമുണ്ടായോ എന്നറിഞ്ഞുകൂടാ. ബി ജെ പി ജയിക്കും എന്നാണ് അന്ത്യനിമിഷം വരെ മാധ്യമങ്ങൾ ഘോഷിച്ചത്. എന്നാൽ ജയിച്ചത് കോൺഗ്രസ് നയിച്ച ഐക്യ പുരോഗമന മുന്നണി ആയിരുന്നു. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുകയില്ല എന്ന് സോണിയാഗാന്ധി പ്രഖ്യാപിച്ചു. എ ഐ സി സി ആസ്ഥാനത്ത് വലിയ ചർച്ചകളും ഗദ്ഗദങ്ങളും ഉണ്ടായി. അവസാനം ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്നും സമാനമായ ഒരു മാധ്യമാന്തരീക്ഷമാണ് രാജ്യത്തു കാണുന്നത്. ഏകപക്ഷീയമാണ് വാർത്തകളും വിശകലനങ്ങളും. അടിയന്തരാവസ്ഥ കാലത്തെന്ന പോലെ ഇന്നും വിദേശപത്രങ്ങളും ചാനലുകളും മറ്റുമാണ് പലരും ഇന്ത്യൻ വാർത്തകൾ അറിയാനായി ആശ്രയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച ഗൗരവമുള്ള പല വാർത്തകളും സമീപകാലത്തു പുറത്തുവന്നതും ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, ദി ഇക്കണോമിസ്റ്റ് തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങളിലാണ്. ഇന്ത്യൻ പത്രങ്ങൾ പണ്ടൊരിക്കൽ അദ്വാനി പറഞ്ഞപോലെ ഒരു സുഷുപ്തിയുടെ ആലസ്യത്തിൽ മയങ്ങുന്നു. ഇത്, പോയ് മറഞ്ഞു എന്ന് നമ്മൾ പ്രത്യാശിച്ച ഒരു കാലത്തിന്റെ ഓർമയാണ് കൊണ്ടുവരുന്നത്. അന്ന് പക്ഷേ പത്രങ്ങൾ പലതരം കൂച്ചുവിലങ്ങുകൾക്കു വിധേയരായി പ്രവർത്തിക്കേണ്ടിയിരുന്നു. ഇന്ന് ഒരു പരിധിവരെ ആഭരണങ്ങൾ പോലെ സ്വയം എടുത്തണിയുന്ന വിലങ്ങുകൾ തന്നെയാണ് മാധ്യമങ്ങളെ അലട്ടുന്നത് എന്നും തോന്നുന്നു.

Comments