ഇസ്രായേലിലെ എന്റെ ജീവിതം, അഥവാ എന്റെ മകളുടെ ഉള്ളം കൈയിൽ കണ്ട സത്യം

എന്റെ ഇസ്രായേലി സ്വത്വം വേദനിപ്പിക്കുന്നു. അത് ക്രൂരമാണ്. സ്വയം ചോരയൊലിപ്പിക്കുകയാണത്. ശരീരത്തിൽ നിന്നറുത്തു മാറ്റിയ ഒരവയവം പോലെ എന്റെ മാതൃഭാഷ തൊട്ടടുത്ത് കിടക്കുന്നു- ഒരു ഇ​സ്രായേലി അമ്മയുടെ, സ്​ത്രീയുടെ തീവ്രമായ അനുഭവക്കുറിപ്പ്​

ച്ച കലർന്ന നിറമുള്ള ഒരരുവിയുടെ അറ്റത്തിരിക്കുകയാണ് ഞാനും എന്റെ മകളും. മുന്നിൽ പാരഡൈസ് ബുഷുകൾ പൂത്തു നിൽക്കുന്നു. എന്റെ മകൾ രണ്ടു കുഞ്ഞിക്കൈകൾ കാണിച്ച് മധുരശബ്ദത്തിൽ ചോദിച്ചു; ""എവിടെയാണ് പെരുവിരൽ?'' രണ്ടു വയസ്സു മാത്രം പ്രായമുള്ള അവൾക്ക്, ഇവിടെ, ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് ധാരണയൊന്നുമില്ല. രാത്രികളിൽ ഗോവണിക്കടിയിലെ മുറിയിലേക്ക് ഓടേണ്ടിവന്ന തുടർച്ചയായ മൂന്ന് ദിവസങ്ങൾക്കൊടുവിൽ ഞാൻ എന്റെ രണ്ടു മക്കളേയും കൂട്ടി കാറിൽ നഗരം വിട്ട് വടക്കോട്ടു തിരിച്ചു. താൽകാലികമാണെങ്കിൽ പോലും, ഇവിടുത്തെ കാഴ്ചകൾ സമൃദ്ധവും, പ്രശാന്തി നിലനിൽക്കുന്നതുമാണ്.

ഈ കൊറോണ വർഷം മാത്രം ഇസ്രയേലിൽ നടന്നത് നാല് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ്. ഇവയെല്ലാം നയിച്ചതാകട്ടെ, ഒരേ ഭീകര യാഥാർഥ്യത്തിലേക്കും. തീവ്രസ്വഭാവക്കാർ ഭരണവ്യവസ്ഥയിൽ സ്ഥാനം പിടിച്ച് എരികേറ്റി. തെരുവുകളിൽ സാധാരണക്കാരായ ജൂതരുടേയും അറബുകളുടേയും അക്രമസംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയാണ്. അധികാരത്തിന്റെ വ്യവസ്ഥയിലേക്ക് വെറുപ്പും, വംശ വിദ്വേഷും, ഭയവും അരിച്ചിറങ്ങിയിരിക്കുന്നു. മിസൈലുകൾ തൊടുക്കപ്പെടുകയും, ആളുകൾ കൊല്ലപ്പെടുകയും, പ്രത്യക്ഷ ഭീതി തുടരുകയും ചെയ്യുന്നു.

ചുറ്റും പീലികൾ നിറഞ്ഞ തന്റെ വലിയ ഒലിവ് കണ്ണുകൾ കൊണ്ട് മകൾ എന്നെ തുറിച്ചു നോക്കുന്നു. എന്നിട്ട് തന്റെ മധുരശബ്ദത്തിൽ ചോദിച്ചു; ""മറ്റെ തള്ളവിരലെവിടെ?''

എന്റെ മുത്തച്ഛൻ നഫ്താലി ഇംഗ്ലണ്ടിൽ നിന്നാണ് പാലസ്തീനിലെത്തിയത്. എല്ലായ്‌പ്പോഴും ഭക്ഷണത്തിനുമുമ്പ് അദ്ദേഹം തന്റെ പത്തു വിരലുകളും മേശയുടെ മേലെ വിടർത്തി വെക്കുമായിരുന്നു. എന്നിട്ട് പതുക്കെ ശാന്തമായി, ഹോളോകാസ്റ്റിൽ കൊല്ലപ്പെട്ട തന്റെ കുടുംബാംഗങ്ങളെ എണ്ണും. 106 പേർ. അവരുടെ മുഴുവൻ പേരും പറയും. ഒരോ സമയത്തെ ഭക്ഷണത്തിനു മുമ്പും എല്ലാവരുടേയും പേര് അദ്ദേഹം ഇതുപോലെ പറയും.
ഞാൻ താമസിക്കുന്ന നഗരത്തിനു മുകളിലൂടെ മിസൈലുകൾ പായുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ഹോളോകാസ്റ്റിന്റെ ഓർമകളിൽ നിന്ന് മാറി നിൽക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഹോളാകാസ്റ്റ് അവസാനിച്ച് കാലങ്ങളായി. എന്റെ ജീവിതം, നമ്മുടെ ജീവിതം സംഭവിക്കുന്നത് വർത്തമാനത്തിലും.

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ ഒരു കെട്ടിടം / Photo: Mohamed Hinnawi, UNRWA
ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ ഒരു കെട്ടിടം / Photo: Mohamed Hinnawi, UNRWA

എനിക്കു ചുറ്റുമുള്ള കാഴ്ചകൾ ആശ്ചര്യപ്പെടുത്തുന്നതാണ്. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാൽ. പ്രകൃതിയുടെ നിർമ്മാണം നമ്മുടേതിനെക്കാൾ മികച്ചതുതന്നെ. ഭൂമിശാസ്ത്രമനുസരിച്ച് യുദ്ധകാലത്ത് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം.

മകൾ പുല്ലുകൊണ്ട് കളിക്കുകയാണ്. അവളുടെ വിരലിന് തുടർച്ചയായി പോറലേൽക്കുന്നുണ്ട്. ഞാനവുളടെ തിളങ്ങുന്ന മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് യുദ്ധം എന്ന വാക്കിനെ തലയിലിട്ട് വിശകലനം ചെയ്തു നോക്കി. പല പ്രയോഗങ്ങളും വ്യവസ്ഥകളും ചീളുകൾ പോലെ എന്റെ തലയെ ആക്രമിക്കാനാരംഭിച്ചു; ആക്രമണം, അട്ടഹാസം, നിലംപതിക്കുന്ന കൂറ്റൻ ബിൽഡിങ്ങുകൾ, മരണം. ജീവിച്ചിരിക്കുന്നവരുടെ കണ്ണുകളിൽ ഭയവും ഭീതിയും.
എന്നാൽ വാർത്തകളിൽ അവർ ഇതിനെ "ഓപറേഷൻ' എന്നാണ് വിശേഷിപ്പിക്കാറ്. വ്യാഖ്യാതാക്കൾക്കും ഏറ്റവും ആശങ്കയുള്ളവർക്കും സൈന്യത്തിന്റെ കൃത്യനിർവ്വഹണത്തെ മതിപ്പാണ്. എന്നേയും എന്റെ മകളേയും ഭൗതികമായി സംരക്ഷിക്കുന്ന 18 വയസ്സുള്ള സൈനികനെ ഒരു ഫീൽഡ് റിപ്പോർട്ടർ ഇന്റർവ്യൂ ചെയ്യുന്നു. സ്‌ക്രീനിന്റെ ഒരു വശത്ത് ഒരു ഓറഞ്ച് നിറത്തിലുള്ള സ്ലൈഡിസൽ ചീസ്‌കേക്കിന്റെ റെസിപിയും കാണാം.

എന്റെ ഇസ്രായേലി സ്വത്വം വേദനിപ്പിക്കുന്നു. അത് ക്രൂരമാണ്. സ്വയം ചോരയൊലിപ്പിക്കുകയാണത്. ശരീരത്തിൽ നിന്നറുത്തു മാറ്റിയ ഒരവയവം പോലെ എന്റെ മാതൃഭാഷ തൊട്ടടുത്ത് കിടക്കുന്നു.

പുല്ലിലിരുന്ന് ശാന്തമായി കളിക്കുന്ന കുട്ടികളെ നോക്കുന്നതിനിടെ എന്റെ ശ്രദ്ധ ഫോണിന്റെ സ്‌ക്രീനിലേക്ക് മാറി. ആശ്വസിക്കാൻ വകയുള്ള എന്തെങ്കിലും വിവരത്തിനായി തിരയുകയായിരുന്നു ഞാൻ. രാജ്യത്തിന്റെ തെക്കുഭാഗത്തെ ഒരു വീടിനു മുകളിൽ മിസൈൽ നേരിട്ട് പതിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നു. ആറു വയസുകാരനായ ഒരു ഇസ്രയേലി ബാലൻ കൊല്ലപ്പെട്ടിരിക്കുന്നു. ഗാസയിലിന്ന് 48 ആളുകളാണ് കൊല്ലപ്പെട്ടത്, അതിൽ 12 പേർ കുട്ടികളാണ്. യുദ്ധം അവസാനിച്ച് അടുത്ത ദിവസത്തെക്കുറിച്ച് ഞാനാലോചിച്ചു. ഈ കഥയിലെ പ്രത്യക്ഷ ഭീതിയെക്കുറിച്ചും, അസഹനീയ വേദനയെക്കുറിച്ചും ഒക്കെ ഞാൻ ആലോചിച്ചു. കൊലപാതകങ്ങളുടെ ഭാരം ഭാവിയെക്കുറിച്ചുള്ള ചോദ്യ ചിഹ്നത്തെ വളയ്ക്കുന്നു.

ജഫയിൽ അറബ് പ്രതിഷേധക്കാരും ഇസ്രയേൽ പൊലീസും ഏറ്റുമുട്ടുന്നു / Photo: Ynet
ജഫയിൽ അറബ് പ്രതിഷേധക്കാരും ഇസ്രയേൽ പൊലീസും ഏറ്റുമുട്ടുന്നു / Photo: Ynet

രണ്ടു ദിവസമായി ഞാൻ എന്റെ അറബ് ഇസ്രായേലി സുഹൃത്തുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു. അവൻ എന്റെ കോളുകൾ സ്വീകരിക്കുന്നില്ല, വാട്‌സ്ആപ് സന്ദേശങ്ങൾക്കും മറുപടിയില്ല. അവനൊന്നും സംഭവിക്കരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മറ്റൊരു സുഹൃത്ത് വിളിച്ച് ഞങ്ങൾ എവിടെയാണെന്ന് ചോദിച്ചു. മിശ്ര നഗരമായ ജഫയിലാണ് ഞങ്ങൾ താമസിക്കുന്നത്. റേഡിയോ പരിപാടികൾ നടത്തലാണ് ജോലി.

ഞങ്ങൾ സംസാരിക്കുമ്പോൾ അവളുടെ പക്കൽ മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ജൂതരെന്നും അറബുകളെന്നുമില്ലാതെ തന്റെ അയൽവാസികൾ ഏതാണ്ടെല്ലാവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടെന്ന് അവൾ പറഞ്ഞു. ഒരുമിച്ച് താമസിച്ചിരുന്നവരാണവർ. ഇപ്പോൾ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ പേടിയാണവർക്ക്. കണ്ണാടിച്ചുവരിലിടിച്ച പക്ഷിയെ പോലെ ദുഃഖം അവളെ സ്തബ്ധയാക്കുന്നു. ഇന്നലെ, അവളുടെ വീടിനുതൊട്ടടുത്ത് താമസിക്കുന്ന അറബ് വംശജനായ 12 വയസ്സുകാരന്റെ മുറിയുടെ ജനലിന് തീയിട്ടു. പെട്രോൾ ബോംബ് ദേഹത്തു പതിക്കുമ്പോൾ അവൻ ഉറങ്ങുകയായിരുന്നു. അതവന്റെ മുഖത്തെ എല്ലാക്കാലത്തേക്കുമായി പരുക്കേൽപ്പിച്ചു. പിറ്റേദിവസം ന്യൂസിൽ കുട്ടിയുടെ പിതാവ് പറഞ്ഞത്​, തനിക്ക് ഈ രാഷ്ട്രീയം മനസ്സിലാവുന്നില്ലെന്നാണ്. ""നിർത്തൂ,'' അദ്ദേഹം പറയുന്നു. ""ഞങ്ങളിവിടെ ജീവിക്കുന്നവരാണ്. ഞങ്ങൾക്കിവിടെ ജീവിക്കണം.''

ഞങ്ങൾക്കു കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കാൻ കുട്ടികളുടെ മുത്തച്ഛനും മുത്തശ്ശിയും വിളിച്ചു. അവർ ജനിച്ചതും ഇക്കാലമത്രയും ജീവിച്ചതും ജഫയിലാണ്. എന്നാൽ ഇപ്പോൾ അവർക്ക് ആ തെരുവിലേക്കിറങ്ങാൻ പേടിയാണ്. ഞാനെന്റെ ഭർത്താവിന്റെ അമ്മയുടെ ഒലീവ് കണ്ണുകളെ കുറിച്ച് ആലോചിച്ചു. അതാണെന്റെ മകൾക്കു കിട്ടിയിരിക്കുന്നത്. എഴുപത് വർഷങ്ങൾ ഇവിടെ ജീവിച്ചിട്ടും അവരുടെ ഏക ഭാഷ ഇന്നും അറബി മാത്രമായിരിക്കുന്നതിനെ കുറിച്ചും ഞാൻ ആലോചിച്ചു. ജഫയ്ക്ക് മുറിവേൽക്കുമ്പോൾ അവർക്കും മുറിവേൽക്കുന്നു. അറബ് രൂപാകാരമുള്ള ജൂതസ്ത്രീയാണവർ. കണ്ടാൽ ആർക്കും അറബ് ആണെന്ന് തോന്നുന്ന ജൂത.

ഹീബ്രു ഒരായിരം തവണ ഞാനെന്റെ തലയിൽ നിന്നും കളഞ്ഞും വീണ്ടെടുത്തും കൊണ്ടേയിരുന്നു. അത് പിഴിഞ്ഞ് ഉണക്കാനിട്ട് ശരിയായ വാക്കുകളെ ഞാൻ തിരയും. ഭാഷയുടെ അപര്യാപ്തയ്ക്ക് യുദ്ധത്തിന്റെ കെടുതിയും, കൊലപാതകത്തിന് നൽകേണ്ട വിലയും ഗ്രഹിക്കാൻ കഴിവില്ല. ഈ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് ഞാൻ വീണ്ടും ഫോണിന്റെ സ്‌ക്രീനിലേക്ക് തിരിഞ്ഞു.

യാനിവ് ഇക്‌സേകോവിച്ച്
യാനിവ് ഇക്‌സേകോവിച്ച്

ഇസ്രായേലി എഴുത്തുകാരൻ യാനിവ് ഇക്‌സേകോവിച്ച് ഫേസ്ബുക്കിൽ ഇങ്ങനെ എഴുതുന്നു; ""ഇത് പറയേണ്ടതുതന്നെയാണ്​, കാരണം ഇത് സത്യമാണ്. വാർത്തകളിൽ ഒരു ടാർഗെറ്റ് ബാങ്കിനെ കുറിച്ച് എത്ര സംസാരിച്ചിട്ടും കാര്യമില്ല, ഗാസയിൽ കൊലപ്പെടുത്തിയ ഇന്നയിന്ന സംഘത്തിന്റെ തലവൻമാരെക്കുറിച്ച് പറഞ്ഞിട്ടും കാര്യമില്ല, ഈ യുദ്ധത്തിൽ ഇസ്രായേൽ ജയിക്കില്ല. ജയിച്ചെന്ന് ഭാവിച്ചുള്ള ആഹ്ലാദപ്രകടനമാണ് ഇസ്രായേലിന് പരമാവധി സാധിക്കുക. ഡിപ്ലോമാറ്റിക് തന്ത്രം ഇല്ലെന്നതാണ് ഇസ്രായേൽ ജയിക്കാതിരിക്കാനുള്ള കാരണം, ഡിപ്ലോമാറ്റിക് തന്ത്രമില്ലെങ്കിൽ നിങ്ങൾക്കൊരിക്കലും ജയിക്കാനാവില്ല. കൃത്യമായ ലക്ഷ്യമില്ലാതെ കളിക്കുന്നത് പോലെയാണത്. ലക്ഷ്യമില്ലാതെ കളിച്ചാൽ, നിങ്ങൾക്ക് വിജയിക്കാനാവില്ല. വിവേകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതിച്ഛായ കേവലം മിഥ്യയാണ്.''

ജനിച്ചു വീണ പ്രദേശത്തിന്റെ അസ്ഥിരതയെക്കുറിച്ച് ഓർക്കുകയാണ് ഞാൻ. ഞാനൊരു വെളുത്ത വർഗക്കാരിയും അഭ്യസ്ഥവിദ്യയും താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങളിൽ ജീവിക്കുന്നവളും, സാംസ്‌കാരിക ലോകത്ത് ഒരു ജോലിയുള്ള വ്യക്തിയുമാണ്. എന്നിട്ടും അടുത്ത നിമിഷം, ഇപ്പോളിരിക്കുന്ന സുന്ദരമായ സ്ഥലത്തു വെച്ച് ഒരു മിസൈൽ ആക്രമണത്തിൽ ഞാൻ കൊല്ലപ്പെട്ടേക്കാം.
പകുതി ആളുകൾ സമൂഹമാധ്യമങ്ങളിൽ എന്തു വിലകൊടുത്തും ജയിക്കണമെന്ന് വ്യഗ്രതപ്പെടുന്നു. ഭീകര സംഘടനകളെ തുടച്ചുമാറ്റപ്പെടുന്നതു വരെ ആക്രമിച്ചു കൊണ്ടിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ബാക്കി പകുതി സമാധാനത്തിന്റെ മുദ്രാവാക്യങ്ങളുമായി തെരുവിലേക്കിറങ്ങുന്നു. ജൂതരും അറബുകളും ഒരുമിച്ചുനിൽക്കുന്നു. ഹൃദയങ്ങളിൽ പ്രതീക്ഷയുമായി മുദ്രാവാക്യ പലകളേന്തി എന്റെ ആളുകൾ നടപ്പാതകളിൽ നിൽക്കുന്നു.

ഞാനെന്റെ മകളുടെ വിരലുകളിലേക്ക് നോക്കി. ഒരു രാത്രി കൊണ്ടത് വളർന്നതായി തോന്നി. അവൾക്കു വേണ്ടി വാക്കുകൾ എടുത്തലക്കാൻ എനിക്കുമുന്നിൽ ബാക്കിയുള്ള വർഷങ്ങളെക്കുറിച്ച് ഞാനാലോചിച്ചു- ഷെൽറ്റർ ഒരു സുരക്ഷിത സ്ഥലമാണ്. ബോംബ് ഒരു പടക്കമാണ്, ആകാശത്തിൽ ഒരു മുഴക്കം മാത്രം ഉണ്ടാക്കുന്ന ഒന്ന്, ഹമാസ് ഒരു തീവ്രവാദ സംഘടനയാണ്, ശത്രുക്കൾ, അവർ യഥാർത്ഥത്തിൽ മനുഷ്യരല്ല എന്നിങ്ങനെ.

Us Behind Fence എന്ന ഫേസ്ബുക്ക് പേജിൽ ഗാസയിൽ നിന്നുള്ള തൽസമയ ഫോട്ടോകൾ കാണുന്നു. മനുഷ്യരുടെ ഫോട്ടോകൾ, ജീവനുവേണ്ടി പരക്കംപായുന്നവർ, തങ്ങളുടെ വിഷമാവസ്ഥ അവർ റിപ്പോർട്ടു ചെയ്യുന്നു, അവരിൽ പലരും മരിച്ചു കഴിഞ്ഞു. ഹനിന് 21 വയസ്സാണ്, ഡെന്റിസ്ട്രി വിദ്യാർത്ഥിയാണവൾ. ഇന്ന് രാവിലത്തെ ബോംബിങ്ങിൽ അവൾ കൊല്ലപ്പെട്ടു. പത്തു വയസ്സുകാരി സനയ്ക്ക് ഇന്നത്തെ ആക്രമണത്തിൽ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടു. തെക്കൻ മേഖലയിൽ സ്‌കൂളിൽ പോകാൻ പോലും തുടങ്ങാത്ത ഒരു ഇസ്രായേലി ബാലൻ കൊല്ലപ്പെട്ടു. ലോദിൽ 56 കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓപറേഷനിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എഴുതിച്ചേർത്ത ഐ.ഡി.എഫ് ബോംബുകൾ മറുഭാഗത്തേക്ക് തൊടുക്കുന്നതിന് തൊട്ടു മുമ്പ് അതിന്റെ ചിത്രങ്ങൾ പകർത്തുന്നു. ചാക്രികമായ അക്രമവും സംഹാരവും ശ്വാസം മുട്ടിക്കുന്നു. ഞാനെന്റെ മകളുടെ കൈകളുടെ ചലനത്തിൽ ലയിച്ചിരുന്നു.

ഞാൻ താമസിക്കുന്നിടത്ത് ഒരു വായനശാലയുണ്ട്. പൈൻ മരങ്ങൾക്കിടയിൽ, പഴക്കം ചെന്ന, കല്ലുകൾ കൊണ്ട് നിർമിച്ച ബിൽഡിങ്ങിനുള്ളിലെ വായനശാല. ചുവരുകൾക്കിടയിൽ പേജുകൾ മറിക്കുന്നതിന്റെ കിരുകിരുപ്പ് ശബ്ദം. ഞാൻ ശരീരം കൊണ്ടും മനസ്സു കൊണ്ടും പുസ്തകങ്ങൾ ചേർത്തു വെക്കും. എന്നാൽ പുസ്തകങ്ങൾ ഒന്നും പരിഹരിക്കില്ല. എങ്ങനെ ജീവിക്കണം, എങ്ങനെ സഹിക്കണം, എങ്ങനെ സ്‌നേഹിക്കണം എന്നെന്നെ പഠിപ്പിച്ചത് പുസ്തകങ്ങളാണ്. വാക്കുകൾ എന്നെ പൊറുക്കാനും, അതിർവരമ്പുകൾക്കപ്പുറത്തേക്ക് നോക്കാനും പഠിപ്പിച്ചു. എല്ലാ കഥകളും, അതെത്ര സങ്കീർണമോ ബുദ്ധിമുട്ടുള്ളതോ ആവട്ടെ, ഒരിക്കൽ അവസാനിക്കുമെന്ന് ഇതിവൃത്തങ്ങൾ എന്നെ പഠിപ്പിച്ചു.

നഫ്താലിയുടെയും വിരലുകളെന്റെ മുന്നിൽ പരത്തി വെച്ചിരിക്കുന്നു, അതു പോലെ എന്റെ മകളുടെയും ഗാസയിലെ കുട്ടികളുടെയും വിരലുകളും. ഞാനാലോചിക്കുകയാണ്, ഒരു നിലത്തെ പരിപോഷിപ്പിച്ചവരുടെ തന്നെ ചോരയുടെ വില ഏതു ഭൂമിക്കാണുള്ളത്. വിവേകത്തിന്റെ ഏതു വൃക്ഷമാണ് അതിൽ വളരുക.

വിവർത്തനം: മുഹമ്മദ്​ ഫാസിൽ

(കടപ്പാട്​: വി. സി. തോമസ് എഡിഷൻസ്, കൊച്ചി )



Summary: എന്റെ ഇസ്രായേലി സ്വത്വം വേദനിപ്പിക്കുന്നു. അത് ക്രൂരമാണ്. സ്വയം ചോരയൊലിപ്പിക്കുകയാണത്. ശരീരത്തിൽ നിന്നറുത്തു മാറ്റിയ ഒരവയവം പോലെ എന്റെ മാതൃഭാഷ തൊട്ടടുത്ത് കിടക്കുന്നു- ഒരു ഇ​സ്രായേലി അമ്മയുടെ, സ്​ത്രീയുടെ തീവ്രമായ അനുഭവക്കുറിപ്പ്​


Comments