എം. എസ് ബാബുരാജ്, എസ്. ജാനകി

ശൂന്യതയിലാണിനി
ആ ശബ്ദം, ആ ശൂന്യത
നിതാന്തമാണു താനും…

എസ്. ജാനകിയുടെ കാലാതിവർത്തിയായ ശോകഗാനങ്ങളുടെ ഭാവതീവ്രതയെ സൂക്ഷ്മമായി വിശലകനം ചെയ്യുന്നു, എതിരൻ കതിരവൻ.

സ്. ജാനകിയുടെ പല പാട്ടുകളിലും ചില വാക്കുകളുടെ ഉച്ചാരണത്തിൽ സ്വൽപം ശോകച്ഛായ ഉൾച്ചേർന്നിട്ടുണ്ട് എന്നത് സുവിദിതമാണ്. നിവേദനത്തിൻ്റേയോ പരിതാപത്തിൻ്റേയോ നേരിയ ലാഞ്ഛനയെങ്കിലും ഇട്ടുവെയ്ക്കാതെ പാട്ടുകൾ മുഴുമിക്കാറില്ല എന്നത് ഭാവതീവ്രതയ്ക്ക് ആക്കം കൂട്ടൂന്നുണ്ട്, അതൊരു ഒരു കുറവായി കരുതേണ്ടതില്ല.

“……ഗാനം കേൾക്കാൻ കൊതിയോർത്തിട്ടരികിലിരിക്കെ സ്വരരാഗസുന്ദരിമാർക്ക് അരികിൽ വരാൻ നാണ’’ -മാണെന്ന് വെറുതെ നമ്മോടു പറഞ്ഞതാണ്, 59 വർഷത്തോളം ആ പാട്ടുകളുടെ കാലൊച്ച കേൾക്കാൻ കാതോർത്തിരുന്നവരാണു നമ്മൾ. വേദനയുടെ ചെറിയ ഒരു വിങ്ങൽ പാട്ടിൽ ഉൾച്ചേരുന്നത് ഹൃദയഹാരിയായി മാറും എന്നത് നമുക്കറിയാം. അവരുടെ പാട്ടുകൾ കാലാതിവർത്തികളായത് ഇങ്ങനെയാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി, ഒരു നുള്ളു വേദന സൃഷ്ടിച്ച്, അതിനുള്ളിലാക്കും. ഉൽക്കടശോകത്തിന്റെ പാട്ടുകളിൽ ഈ ഉൾച്ചേരൽ കൂടുതൽ വിജ്രംഭിക്കുകയാണ്.

അങ്ങനെ മറന്നുപോകാതെ ഉള്ളിൽ സൂക്ഷിക്കപ്പെടുന്ന പാട്ടുകളിൽ ‘വാസന്തപഞ്ചമിനാളിൽ’, ‘സൂര്യകാന്തി’, ‘സ്വർണ്ണമുകിലേ’, ‘തേടുന്നതാരേ’ എന്നിവ . ശില്പഭംഗി, ആലാപനസൗഭഗം, കാവ്യാത്മകത എന്നിവയുടെ പൂർണതയെഴുന്നവയാണ്. ഭാവതീവ്രതയും മാധുര്യവും തുളുമ്പിനിൽക്കുന്നവ.

അനേകം പൊതികളുള്ള ഒരു മിഠായി പോലെയാണ് ഈ പാട്ടുകൾ. ഓരോ പൊതിയും സൂക്ഷ്മതയോടെ, ജിജ്ഞാസയോടെ നമ്മെക്കൊണ്ട് അഴിപ്പിച്ച് ഉള്ളിലെ മധുരമെടുത്തുതരും. വേറേ ചിലതോ പതുക്കെ തുറന്നുപോകുന്ന നിരവധി വാതായനങ്ങൾ. മറ്റു ചിലതിനോ, നമ്മൾ കണ്ണടച്ചിരുന്നുകൊടുത്താൽ മതി. പാട്ടു വന്ന് നമ്മുടെയുള്ളിൽ കയറിക്കൊള്ളും. എവിടെയൊക്കെയോ കൊത്തി നൊമ്പരപ്പെടുത്തുന്നതിന്റെ സുഖം, പിന്നെ അനുഭവിച്ചുകൊണ്ടിരുന്നാൽ മതി. മേൽപ്പറഞ്ഞ നാലു പാട്ടുകളും കേൾവിസുഖം തരുന്നത് ഇങ്ങനെയായിരിക്കും മിക്ക ആസ്വാദകർക്കും. ബാബുരാജിൻ്റേയും ജോൺസൺൻ്റേയും മാന്ത്രികവിദ്യയാണ് ഈ പാട്ടുകളുടെ പരിവേഷം.

 എസ്. ജാനകി, ജി. ദേവരാജൻ.
എസ്. ജാനകി, ജി. ദേവരാജൻ.

വരുമെന്നൊരു കിനാവ് കണ്ടു…

പി. ഭാസ്കരന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു ഗാനങ്ങളിലൊന്നായിരുന്നു, “വാസന്തപഞ്ചമി നാളിൽ”. കഥാഗതിക്കിണങ്ങുന്നതും നായികയുടെ ഭാവസ്ഫൂർത്തി വരുത്തുന്നതുമായ ഗാനത്തെ സംഗീതത്തിലൂടെ പൂർണ്ണതയിലെത്തിച്ചു എന്നതായിരിക്കണം പി. ഭാസ്കരനെ തൃപ്തിപ്പെടുത്തിയത്. ഇവിടെയാണ് ബാബുരാജ് തന്റെ മുദ്ര പതിപ്പിച്ചത്.

സാധാരണ മലയാള സിനിമാഗാനങ്ങളുടെ ശിൽപ്പമല്ല ഈ പാട്ടിന് അദ്ദേഹം നൽകിയിരിക്കുന്നത്. പല്ലവി കഴിഞ്ഞാൽ രണ്ടോ മൂന്നോ ഒരുപോലെയുള്ള ചരണങ്ങളാണ് പതിവ്. ഈ ചരണങ്ങളിലെ ആദ്യ പാദം സ്വല്പം ഉച്ചസ്ഥായിയിലാണെങ്കിൽ രണ്ടാം ഭാഗം അതിനും താഴെ. ചിലപ്പോൾ ഇതു മറിച്ചും. ചിലപ്പോൾ ഒരു ഗാനത്തിലെ തന്നെ ചരണങ്ങൾ വ്യത്യസ്തമാക്കാറുമുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സങ്കേതങ്ങളാണിവ. ഇതിന്റെ അപവാദങ്ങളില്ലാതില്ല. “വാസന്തപഞ്ചമി നാളിൽ” ഈ രൂപത്തിലോ സങ്കേതത്തിലോ അല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ സൗമ്യമായി തുടങ്ങി സാവധാനം പടർന്നു കയറുന്നു ഈ സ്വരലത. തീവ്രമായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.

പ്രിയതമൻ വേറിട്ടു പോയതിലുള്ള ദു:ഖമാണ് പശ്ചാത്തലം. വരുമോ എന്ന ആശങ്ക പ്രമേയവും. വരുമെന്നുള്ള കിനാവാണ് ആശ്വാസം. ഭാർഗ്ഗവീനിലയത്തിലെ ഭാർഗ്ഗവിക്കുട്ടിയുടെ സങ്കടങ്ങൾ. ഓർക്കസ്ട്രേഷൻ ഒന്നുമില്ലാതെ നേരിട്ട്, പരാതി മട്ടിലാണ് തുടക്കം. ‘വാസന്ത..’യിലെ ‘വ’ യ്ക്കും ‘സ’ യ്ക്കും ഇടയ്ക്ക് അതിസൂക്ഷ്മമായി നിബന്ധിച്ചിരിക്കുന്ന ഗമകമാണ് ആകർഷകത അണയ്ക്കുന്നത്. ഇത് അനായാസമായി സാധിച്ചെടുക്കുന്നത് എസ്. ജാനകിയുടെ പതിവ് വിരുത് തന്നെ.

‘വരുമെന്നൊരു കിനാവ് കണ്ടു’ ആവർത്തിക്കുന്നു, രണ്ടാമത്തെ കിനാവു “കണ്ടു” എന്നതിലാണ് ഊന്നൽ. ശ്രുതി മുകളിലാക്കി വ്യത്യസ്ത ഗമകത്തിലൂടെ ഇത് സാധിച്ചിരിക്കുന്നു.

‘വസന്തമോ വന്നുകഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെൻ കണ്ണിന്മുന്നിൽ വരേണ്ടയാൾ മാത്രം’-
പല്ലവിയേക്കാൾ സൗമ്യതയാണ് ഈ ചരണത്തിന്. ‘കണ്ണിന്മുന്നിൽ’ എന്നതിലെ ‘ഇൽ’ ജാനകിയുടെ പ്രത്യകതയായ ചെറിയ ഊന്നൽ കൊടുത്താണ്, ‘മാത്രം’ എന്നതിൽ ‘മാ’ കഴിഞ്ഞ് സൂക്ഷ്മ ഗമകം.

‘ഓരോരോ കാലടിശബ്ദം ചാരത്തെ വഴിയിൽ‍ കേൾക്കെ...’ - ചരണം ആദ്യത്തെ ചരണത്തേക്കാളും ഉയർന്ന സ്ഥായിയിലാണ്. പ്രതീക്ഷ സ്വൽപ്പം മിച്ചമുള്ളതുകൊണ്ട് ഒരുപടി കയറുകയാണ് ഗാനം. ഈ രണ്ടു ചരണത്തിനുശേഷവും മറ്റു സാധാരണ ഗാനങ്ങളെപ്പോലെ പല്ലവി ആവർത്തിക്കുന്നില്ല. ‘വാസന്തപഞ്ചമിനാളിൽ’ എന്നു മാത്രമേ പാടുന്നുള്ളു. പടിപടിയായിക്കയറുന്ന യുക്തിക്കു ഭംഗം വരും, ഇനിയും ‘കാത്തിരുന്നു ഞാൻ’ എ‍ന്നു പാടിയാൽ. ‘നാളിൽ’ എന്ന വാക്ക് സൂക്ഷ്മമായ ഗമകത്തോടെയാണ് ഊർജ്വസ്വലമാകുന്നത്.


‘വന്നവൻ മുട്ടിവിളിക്കെ
വാതിൽപ്പൊളി തുറക്കുവാനായ്
വളയൊച്ചകൾ കേൾപ്പിക്കാതെ
ഒരുങ്ങിനിൽക്കും ഞാൻ’-
ദൃഢമായ ചില നിശ്ചയങ്ങൾ. പക്ഷേ, ഒരു പ്രസ്താവനയുടെ സാധാരണത്വം മാത്രമേയുള്ളു ആലാപനത്തിന്.

ഇനി പല്ലവിയുടെ ആവർത്തനമില്ല. ഒരു വയലിൻ ബിറ്റിനുശേഷം പാട്ട് പൊടുന്നനേ ഉച്ചസ്ഥായിയിലാകുകയാണ്. ഒരു നിലവിളി പോലെ ഈ വിലാപം ഉയർന്നുപൊങ്ങുന്നു. വലിയ ഒരു തിരിച്ചറിവിന്റെ ആഘാതം രോദനമാകുന്നു. പതിയെ ഉയർന്നമേഘം പെട്ടെന്ന് ഇടിവെട്ടി കണ്ണീർ പൊഴിക്കുന്നതുപോലെ. അതിതീവ്രമായ ക്ലൈമാക്സ്. വിചാരധാരയും സംഗീതവും ഒന്നുപോലെ സ്ഫോടനാത്മകമാകുന്നു.

‘ആരുമാരും വന്നതില്ലാ
ആരുമാരും അറിഞ്ഞതില്ലാ‍…
ആത്മാവിൽ സ്വപ്നവുമായി
കാത്തിരിപ്പു ഞാൻ’ എന്ന ചരണത്തിന്റെ ഭാവം തീവ്രമാക്കാൻ ഡ്രംസുമുണ്ട്, തബലയോടൊപ്പം. ഗിറ്റാറിന്റെ നേരിയ പെരുമാറ്റങ്ങൾ പിന്നിലുണ്ട്.
‘വരും’ എന്നുള്ളത് ആത്മാവിന്റെ സ്വപ്നം മാത്രമാണെന്ന് അവൾക്കു മനസ്സിലായിരിക്കുന്നു. പ്രിയതമൻ എന്നെന്നേയ്ക്കുമായി മറഞ്ഞെന്ന അറിവ് കാലാകാലങ്ങളിൽ‍ സഞ്ചരിക്കാൻ കഴിവുള്ള അവളുടെ ആത്മാവ് പിടിച്ചെടുത്തിരിക്കുന്നു. അപ്പോൾ ആദ്യം പാടിയ ‘വരുമെന്നൊരു കിനാവു കണ്ടു’ എന്നുള്ളത് അന്നേരത്തെ അനുഭവമല്ല. പണ്ടു നടന്ന കാര്യം ഒന്നു പറഞ്ഞെന്നേയുള്ളൂ. വ്യർത്ഥമാണോ എന്ന സംശയവുമുണ്ട്. ‘കാത്തിരിപ്പു ഞാൻ’ എന്നതിൽ, നിതാന്തമാണ് ഈ കാത്തിരിപ്പ് എന്ന് ധ്വനി. ഇത് ഭാവതീവ്രമാക്കുന്നത് ‘ഞാൻ എന്നതിലെ ‘ഞാ’ ഒന്ന് നീട്ടിയെടുത്താണ്.

എല്ലാം മായക്കാഴ്ച്ചകൾ ‍മാത്രമായിരുന്നു. ഗാനം പിന്തുടർന്ന നമ്മളും അറിഞ്ഞില്ല. അലയുന്ന ആത്മാവിന്റെ ഒരു വിഭ്രാന്തി മാത്രം. ഭാർഗ്ഗവിക്കുട്ടിയുടെ ജീവിതകഥ തന്നെ. കഥയും ഗാനവും സംഗീതവും ഒന്നിച്ചുരുകി സ്വയം വിളക്കിച്ചേർക്കുന്ന അവസ്ഥ. ജാനകിയുടെ ആലാപനസവിശേഷതതന്നെ ഇതിന്റെ പിന്നിൽ.

ഇതുപോലെ ലളിതമായ തുടക്കത്തിൽനിന്ന് ഗാനവും സംഗീതവും ഒരുമിച്ച് പടികയറി ഔന്നത്യത്തിലെത്തുന്ന ഒന്നാണ് ബാബുരാജിന്റെ തന്നെ “സൂര്യകാന്തീ…’’. മാനസികാസ്വാസ്ഥ്യം ബാധിച്ച ഭർത്താവിന്റെ നിഗൂഢമായ പൂർവകഥയെക്കുറിച്ചുള്ള സന്ദേഹമാണ് പശ്ചാത്തലം. നിഷ്പ്രഭനായ സൂര്യനെ നോക്കിനിൽക്കേണ്ടിവരുന്ന സൂര്യകാന്തിയ്ക്കും നായികയ്ക്കും സമാന്തരമായ ജീവിതഗതിയാണ്, സമാനമായ സന്നിഗ്ധാവസ്ഥയാണ്. അതുകൊണ്ട് സൂര്യകാന്തിയോടുള്ള ചോദ്യമാണ് ഗാനം. ഭർത്താവിന്റെ പൂർവകാമുകിയുടെ തിരോധാനമാണ് അദ്ദേഹത്തിന്റെ ഈ മാനസികപ്രശ്നം വരുത്തിവച്ചിരിക്കുന്നത്, അവൾക്കറിയാം. ഭാവത്തിലും ആലാപനത്തിലും സങ്കേതത്തിലും വ്യത്യസ്തമായ രണ്ട് ചരണങ്ങളിൽക്കൂടിയാണ് ‍ഈ പ്രമേയം അവതരിക്കപ്പെടുന്നത്. എസ്. ജാനകിയുടെ കളകണ്ഠം നിഷ്പ്രയാസം ഹൈ പിച്ച് ഹമ്മിങ് ഉണർത്തുന്നതോടെയാണ് ആരംഭം. ശോകച്ഛായയില്ല. സ്വല്പം ഊർജമുണ്ടുതാനും. ചോദ്യം ചോദിക്കാനുള്ള വരവല്ലേ. സൂക്ഷഗമകങ്ങൾ സമ്പന്നമാക്കിയിരിക്കുന്നു പാട്ടിനെ മുഴുവൻ. സംഗതികൾ ബാബുരാജിന്റെ കയ്യൊപ്പുകളാണ്.

‘സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ…’
ജോൺസൺ പതിവുരീതികളിൽനിന്ന് സ്വൽപ്പം വിട്ടുമാറി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഗമകങ്ങളുടെ സുഭിക്ഷതയാണ് മുഖമുദ്ര.

“സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരേ?
പ്രേമപൂജാപുഷ്പവുമായി
തേടുവതാരെ ആരെ?’’
എന്നു തുടങ്ങുന്നത് വളരെ മന്ദമായാണ്. അതിൽ ‘തേടുവതാരേ’ ഗമകത്തോടെ ഉറപ്പിച്ചിരിക്കുന്നു. കാരണം അന്വേഷണമാണ് സന്ദർഭം. പിന്നീട് പ്രിയനെ നോക്കിനിന്നു പരിക്ഷീണയായി ആലസ്യത്തിലാണ്ട, നിതാന്തമായ തപസ്സനുഷ്ഠിക്കുന്ന കന്യകയാണ് സൂര്യകാന്തിയെന്ന് അവൾ നിരീക്ഷിക്കുന്നു. ആവർത്തിക്കപ്പെടുന്ന ‘സൂര്യകാന്തീ’, ‘ആരെ’, ‘തേടുവത്’ എന്നീ വാക്കുകൾ ഗമകങ്ങളുടെ സുഭിക്ഷത കൊണ്ട് മധുരതരവും അതേസമയം നിശിതവുമാണ്. പിയാനോയുടെ ചില മുഴങ്ങുന്ന സ്വരങ്ങൾ നിഗൂഢതയ്ക്കു വേണ്ടിയാവാം, പാടുന്ന സ്വരത്തിന് പ്രതിബിംബമെന്നോണം ഇറ്റുവീഴ്ത്തിയിട്ടുണ്ട്.
‘വെയിലറിയാതെ മഴയറിയാതെ ....’ എന്ന ചരണം സ്വല്പം കീഴ്സ്ഥായിയിൽ തുടങ്ങി, രണ്ടാം ഭാഗം സ്വല്പം മേൽപ്പോട്ട് ഉയരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

‘വെയിലറിയാതെ മഴയറിയാതെ...
പോകുവതറിയാതെ’ എന്നതിലെ ‘അറിയാതെ’ എന്ന വാക്കിലെ നിഷേധസൂചകമായ അവസാന രണ്ടക്ഷരങ്ങൾ‍ ആ‍ദ്യത്തെ ഗമകത്തിൽനിന്ന് ശ്രുതി ഉയർത്തിയിരിക്കുന്നു, രണ്ടാമത്തെ ‘അറിയാതെ’യിൽ. മൂന്നാമത്തേതിൽ പിന്നെയും ഉയരുന്നു. ‘ദേവതാരുവിൻ തണലിലുറങ്ങും’ സംഗതിയിൽ മേൽസ്ഥായിയിൽനിന്ന് കുത്തനെയുള്ള ഇറക്കമാണ്, ‘ഉറങ്ങും’ എന്ന വാക്കിന്റെ ആലസ്യത്തെ ധ്വനിപ്പിക്കാൻ ശ്രുതി താഴ്ത്തിയിരിക്കുകയാണ്.

കഥയും ഗാനവും സംഗീതവും ഒന്നിച്ചുരുകി സ്വയം വിളക്കിച്ചേർക്കുന്ന അവസ്ഥ. ജാനകിയുടെ ആലാപനസവിശേഷതതന്നെ ഇതിന്റെ പിന്നിൽ.
കഥയും ഗാനവും സംഗീതവും ഒന്നിച്ചുരുകി സ്വയം വിളക്കിച്ചേർക്കുന്ന അവസ്ഥ. ജാനകിയുടെ ആലാപനസവിശേഷതതന്നെ ഇതിന്റെ പിന്നിൽ.

പക്ഷെ ഈ നിപാതം അയത്നലളിതമായി ഒഴുകിയിറങ്ങുന്നതുപോലെയാണ്. ഈ അയത്നലാളിത്യം എസ്. ജാനകിയുടെ കയ്യിലിരിപ്പാണ്. പൊടുന്നനെ കഠിനമായ ചോദ്യം പൊട്ടിപ്പുറപ്പെടുകയാണ്. ഈ ചരണം ഉയർന്ന സ്ഥായിയിലാണ്.

‘ആരുടെ കനകമനോരഥമേറി
ആരുടെ രാഗപരാഗം തേടി
നീലഗഗനവനവീഥിയിൽ നിൽപ്പൂ
നിഷ്പ്രപ്ഭനായ് നിൻ നാഥൻ…’

സൂര്യകാന്തിയുടെ നാഥനായ സൂര്യൻ ഒളിമങ്ങി ആരെ പ്രതീക്ഷിച്ച് നിൽക്കുന്നുവെന്നത്, അവൾ തന്നോടുതന്നെ നിസ്സഹായയായി ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ആഞ്ഞുതറയ്ക്കാൻവേണ്ടി ആദ്യ പാദം കഴിഞ്ഞ് ഓർക്കസ്ട്രേഷൻ സഞ്ചാരത്തിനുശേഷം വീണ്ടും ആവർത്തിക്കുന്നു. അപ്പോൾ ‘രാഗപരാഗ’ത്തിലെ ‘രാഗ‍’ ഗമകത്തൊടു കൂടി ഉറപ്പിച്ചിരിക്കുന്നു, പരിഭവത്തിന് ആക്കം കൂട്ടാൻ.
“നീല ഗഗന വനവീഥിയിൽ‍ നിൽപ്പൂ” വിന്റെ അതിമധുരമായ ആവർത്തനത്തിൽ‍ അതിശ്രദ്ധയോടെ ‘ഗഗന’യുടെ അവസാനത്തിലും ‘വന’-യുടെ അവസാനത്തിലും ഗമകങ്ങളുണ്ട്. നിൽപ്പൂ എന്നതിലും സൂക്ഷ്മഗമകം പൊടി വിതറിയിരിക്കുന്നു. പാട്ടിന്റെ ‘punch line' ആയ “ആരുടെ.....തേടി” സാമാന്യഗതി വിട്ട് വളരെ മുകളിൽ സ്ഥാനമുറപ്പിച്ചിരിക്കയാണ്.

വേറൊരു ചെറിയ ട്രിക്കും ബാബുരാജ് ചെയ്തിട്ടുണ്ട് ഇതിൽ. ആദ്യ ചരണം കഴിഞ്ഞ് പല്ലവി ആവർത്തിക്കുമ്പോൾ “സൂര്യകാന്തീ” എന്നു നീട്ടിയാണ് പാടുന്നത്. പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇങ്ങനെയല്ല. സൂര്യകാന്തിയുമായി കുറച്ചടുപ്പം നായികയ്ക്കു തോന്നിയതിന്റെ സ്വാതന്ത്ര്യത്തെ ധ്വനിപ്പിക്കുന്നു ഇത്.

‘സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ…’
ജോൺസൺ പതിവുരീതികളിൽനിന്ന് സ്വൽപ്പം വിട്ടുമാറി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഗമകങ്ങളുടെ സുഭിക്ഷതയാണ് മുഖമുദ്ര. കൂടുതൽ സാന്ദ്രമായ ശോകം സൂക്ഷ്മ ഗമകങ്ങളാലാണ് വെളിവാക്കുന്നത്. വേദനയുടെ പ്രകമ്പനങ്ങൾക്കുള്ളിലേക്ക് താഴ്ന്നു പോകുന്ന ആലാപനം. അതിമനോഹരമായ സ്വർണ്ണ മുകിലിനെ ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് നിപതിപ്പിക്കുന്ന വിപരീതോക്തി നിറയെ.

‘സ്വപ്നം കാണാറുണ്ടോ’ എന്ന ചോദ്യം വ്യർത്ഥമാണ്. അത് പണ്ടേ ഇല്ലാതായെന്ന് നായിക പ്രഖ്യാപിക്കുകയാണ്. ‘മൂകവേദന എന്നെപ്പോലെ എന്തിനായ് നീ മൂടിവെയ്പ്പൂ ജീവനിൽ’ എന്ന് നായികയ്ക്കറിയാം. വീണയുടെ നനുത്ത ദോലനങ്ങളും സ്പന്ദനങ്ങളും കൊണ്ട്, ഇത്രമാത്രം ദുഃഖത്തോടെ ഘനീഭവിക്കുന്ന മറ്റൊരു പാട്ടില്ല നമുക്ക്. എസ്. ജാനകിയുടെ ശോകച്ഛായാലാപനം വീണയുടെ സ്വനവുമായി മുഴുവനും ഉൾച്ചേരുകയാണ്. ആദ്യത്തെ നീണ്ട ഹമ്മിങ്ങ് പാട്ടിന്റെ ഗതിവിഗതികൾ സൂചിപ്പിക്കുന്നുണ്ട്, ഒരു രാഗാലാപനത്തിനും അപ്പുറം പോകുന്ന മുന്നൊരുക്കങ്ങൾ. അതിനുശേഷം കൃത്യമായി വീണയുടെ വിലാപം. ‘വർഷസന്ധ്യാ...’ എന്നത് ഒരു നീണ്ട നിലവിളിപോലാകുന്നു. ഇവിടെ ജാനകി അത്യന്തം മിതത്വവും ഒതുക്കവും പാലിച്ചിരിക്കുന്നതുകൊണ്ട് വേദന ഘനീഭവിക്കപ്പെടുന്ന അനുഭവമാണ്. ‘മൂകവേദന എന്നെപ്പോലെ’ എന്ന ഭാഗം നിറുത്തപ്പെടുന്നു, പിന്നെയും ‘വർഷസന്ധ്യാ...’ എന്ന ആക്രന്ദനത്തിനു വേണ്ടിയാണിത്. “എന്തിനായ് മൂടിവെയ്പ്പൂ…’ - അതുകഴിഞ്ഞാണ് സത്യം വെളിവാക്കാനെന്നപോലെ വന്നുചേരുന്നത്.

‘വസന്തരാത്രി..’ യിൽ ദുഃഖം കൂടുതലണയ്ക്കാൻ ‘രാ’ യ്ക്കും ‘ത്രി’യ്ക്കുമിടയ്ക്ക് സൂക്ഷ്മഗമകം ചേർക്കപ്പെട്ടിട്ടിട്ടുണ്ട്. അതുപോലെ ‘വിണ്ണിൻ വീഥിയിൽ’ ആവർത്തിക്കുമ്പോൾ ‘വീ’യ്ക്കും ‘ഥി’ യ്ക്കും ഇടയ്ക്കും. ജാനകിയ്ക്കുമാത്രം സാധിക്കുന്ന ഭാവോന്മീലനം ഇവിടെ വെളിവാകുന്നു. ‘കാണാറുണ്ടോ’ ആവർത്തിക്കുമ്പോൾ ‘ണ്ടോ’ യ്ക്കും ഇത് സംഭവിപ്പിക്കുന്നുണ്ട്. അവസാനം പല്ലവി ആവർത്തിക്കുന്നതിനുമുൻപ് ‘സ്വർണ്ണമുകിലേ..’ എന്നുമാത്രം ഒരു ഉൾവിളി പോലെ പൊന്തി വരുന്നതായി ജോൺസൺ സൂചിപ്പിക്കുന്നത്, അതിലെ ‘ലേ’ വേദനാത്മകമായി നീട്ടിയെടുത്താണ്. നായികയോടൊപ്പം നമ്മളും കരയണമെന്ന് സൂചിപ്പിക്കപ്പെടുന്നു എന്നുതോന്നിയാൽ കുറ്റം പറയാനില്ല. ജാനകി തന്റെ സാമർത്ഥ്യം കൊണ്ട് ഇത് എളുപ്പം സാധിച്ചെടുക്കുന്നു.

വിഷാദവും നിരാശയും:
ബാബുരാജ്- ജാനകി ദ്വയം
കൂടുതൽ പരീക്ഷണങ്ങളിൽ

തേടുന്നതാരേ ശൂന്യതയിൽ’ വിഷാദം ഘനീഭിവിപ്പിച്ചെടുക്കാനുള്ള യത്നമാണ്. ബാബുരാജും ജാനകിയും അർപ്പണബോധത്തോടെ ഏറ്റെടുത്തു ഇത്, അതിൽ ഉജ്ജ്വല വിജയവും നേടി. ശോകത്തിന്റെ നിർവ്വചനങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് ആവിഷ്ക്കാരം. ഒരു വിരുത്തം പോലെ തുടങ്ങുന്ന ഗാനം ഓരോ വാക്കും വിട്ടുവിട്ട് ആലപിച്ച് ഒരേസമയം ചോദ്യവും പ്രഖ്യാപനവും അവതരിക്കപ്പെടുകയാണ്. എസ്. ജാനകിയുടെ ആലാപനമികവ് സ്വതവേ പ്രദർശിതമാകുന്നതിന്റെ തെളിവ് ലഭിയ്ക്കുന്നത് ബാബുരാജ് എന്താണ് നിർദ്ദേശിച്ചത്, ജാനകി അത് ബഹിർസ്ഫുരണമാക്കിയത് എങ്ങനെ എന്നു പരിശോധിയ്ക്കുമ്പോഴാണ്. ബാബുരാജ് ഇതു പാടി റെക്കോർഡ് ചെയ്തത് ലഭ്യമാണ്, അത് കേട്ടാൽ മതി. ആലാപനത്തിൽ എപ്പോഴും ഉൾച്ചേർന്ന വിഷാദച്ഛായ പരിപൂർണ്ണമായും പാട്ടിൽ സമർപ്പിച്ചിരിക്കുന്നു.

ശൂന്യതയിലെ ‘ശൂ’ വളവുപുളവുകൾ കഴിഞ്ഞാണ് ‘ന്യ’യിൽ എത്തിച്ചേരുന്നത്. അവസാനത്തെ ‘ൽ’ നീണ്ട ഗമകത്തിൽ തീരുന്നു. ‘മിഴികളേ’ യിൽ ‘ഴി’ യ്ക്കും ‘ക’ യ്ക്കുമിടയ്ക്ക് ഗമകങ്ങളുള്ളത് രണ്ടാമത് ആവർത്തിച്ച് പാടുമ്പോൾ മാറ്റിയെടുത്തിട്ടുണ്ട്. ‘മിഴികളേ’ ആവർത്തിക്കുന്നുണ്ട്, രണ്ട് ‘ളേ’ കളും രണ്ടുതരത്തിലാണ്. രണ്ടാമത്തെ ‘ളേ’ രാഗച്ഛായ തെളിയിക്കുന്ന ഹിന്ദുസ്ഥാനി മട്ടിലാണ്. ‘നിങ്ങൾ’-ലെ ‘ൾ’- ഇന് ഊന്നൽ കൊടുക്കുന്നുണ്ട്. ‘ആരേ’ ആവർത്തിക്കുമ്പോൾ സ്ഥായി ഒരിറക്കത്തിലാണ്. ഇങ്ങനെ അതിസൂക്ഷ്മതയിലാണ് കമ്പോസിങ്ങ്. ഒരു സിംഫണി എന്ന മട്ടിലുള്ള ഓർക്കെസ്​ട്രേഷൻ ഉടൻ പിന്തുണയുമായി എത്തുന്നുണ്ട്.

അതിവൈദഗ്ദ്ധ്യത്തോടെ കമ്പോസ് ചെയ്തതും അതിലും സൂക്ഷ്മതയോടെ ജാനകി പാടിഫലിപ്പിച്ചിരിക്കുന്നതുമായ അപൂർവ്വ ശോകഗാനമാണ് ‘തേടുന്നതാരേ…’.

ഒന്നാം ചരണത്തിൽ ‘രാവിൽ’ എന്നത് ‘രാ’ നീട്ടിയെടുത്ത് കൂടുതൽ ഭാവം ഉൾച്ചേർത്തിരിക്കുന്നു. ‘കണ്ണീരണിഞ്ഞ് ഞാൻ നിൽപ്പൂ’ ആവർത്തിക്കുന്നത് വിഷാദമിയറ്റാൻ സ്ഥായി താഴ്ത്തിയാണ്. ‘നിൽപ്പൂ’ എന്നത് ആദ്യം നീണ്ട ഗമകത്തിൽ അവസാനിക്കുന്നു, പിന്നത്തെ പൊടുന്നനേ തീർക്കുകയാണ്. പക്ഷേ ‘ൽ’ എന്നതിന് ഊന്നൽ കൊടുക്കുന്നുണ്ട്. പിന്നെ പല്ലവി ആവർത്തിക്കുന്നില്ല. ‘തേടുന്നതാരേ’ മാത്രം. രണ്ടാമത് പാടുമ്പോൾ സ്ഥായി ഉയരുന്നു, മാത്രമല്ല ‘താ’യ്ക്കും ‘രേ’ യ്ക്കുമിടയ്ക്ക് ഗമക സ്പേസിൽ ഇത് പ്രകടമാണ്.

ശേഷമുള്ള ഇന്റെർല്യൂഡിൽ സാരംഗിയുടെ നനുത്ത മീട്ടലുകൾ ദുഃഖം അധികതരമാക്കുന്ന അനുഭവം തരുന്നുമുണ്ട്. രണ്ടാം ചരണത്തിൽ ‘കൊട്ടാരമൊക്കെയും’ എന്നതിലെ ‘ട്ടാ’ നീട്ടിയെടുക്കുന്നത് ഖേദം ഘനീഭവിപ്പിക്കാനാണ്. ‘ചാമ്പലായ്’ എന്നതിലെ ‘ലാ’യ്ക്കും ഈ പരിചരണമുണ്ട്. ‘യ്’ സ്വൽപ്പം ഉയർന്ന സ്ഥായിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ‘കനകവിളക്കും പൊലിഞ്ഞു’ ആവർത്തിക്കുമ്പോൾ സ്ഥായി താഴ്ത്തി ഒരു നിപാതത്തോടേ സങ്കടം ഉൾക്കൊള്ളുന്നു. രണ്ടാമത്തെ ‘കനക’ യിലെ ‘ക’ യ്ക്ക് സൂക്ഷ്മഗമകം. ‘നിങ്ങൾ’ എന്നതിലെ ‘ൾ’ മനഃപൂർവ്വം ചെറിയ ഗമകത്തോടെ ഉയർത്തിസ്ഥാപിച്ചിരിക്കുന്നു. അവസാനത്തെ ‘തേടുന്നതാരേ’ കടും നിരാശാദ്യോതകമായി നീട്ടിയെടുക്കുന്നുണ്ട്. ‘ഇനി ആരേയും തേടേണ്ടതില്ല’ എന്ന് സങ്കടത്തോടെ തീർപ്പ് കൽപ്പിക്കുന്നതുപോലെ.

ഇപ്രകാരം അതിവൈദഗ്ദ്ധ്യത്തോടെ കമ്പോസ് ചെയ്തതും അതിലും സൂക്ഷ്മതയോടെ ജാനകി പാടിഫലിപ്പിച്ചിരിക്കുന്നതുമായ അപൂർവ്വ ശോകഗാനമാണ് ‘തേടുന്നതാരേ…’. പക്ഷേ എസ്. ജാനകിയുടെ പതിവ് ക്ലിഷ്ടതയില്ല, ആയാസരഹിതമാണ്, എന്ന തോന്നൽ സമ്മാനിക്കുകയാണ്. അത് ഇവിടെയും നിഷ്പ്രയാസം സാധിച്ചെടുക്കുന്നു. ഈ മാസ്മരികത സംഗീതസംവിധായകരെ തെല്ലല്ല ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്.

നമ്മൾ, അനുവാചകർക്ക് ആശ്ചര്യമല്ല, കിട്ടിയ മഹാഭാഗ്യമോർത്ത്, അത്യാഹ്ളാദത്തിൽ വിഹരിക്കാനാണ് തോന്നുക. ഇനി ശൂന്യതയിൽ അവരെ തേടേണ്ടതുണ്ടെങ്കിലും എല്ലാ പാട്ടുകളും ആ ശൂന്യത മായ്ച്ച് അവിടെ നിറഞ്ഞുനിൽക്കുകയാണ്. അത് നിതാന്തമാണു താനും. ആ കനകവിളക്ക് പൊലിഞ്ഞിട്ടില്ല, ഒരിക്കലും പൊലിയുകയുമില്ല.


Summary: Ethiran Kathiravan closely examines the emotional depth and timeless appeal of S. Janaki's unforgettable songs of sorrow.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments