ഭാരതീയ ഭാഷാകൃതികളുടെ ഇംഗ്ലീഷ് തർജ്ജമകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ എം.ടി. ക്യാമ്പസിൽ വന്നിട്ടുണ്ടെന്നറിഞ്ഞു. സ്ഥലത്തെ ഒരു പ്രാദേശിക മലയാള ടെലിവിഷൻ ചാനലിൽ വാർത്ത വായിക്കുകയും പ്രോഗ്രാം അവതരിപ്പിക്കുകയും സെലിബ്രിറ്റീസിനെ ഇന്റർവ്യൂ ചെയ്യലും ഒക്കെ എന്റെ വിനോദങ്ങളിൽ പെടാറുള്ളതുകൊണ്ട് അദ്ദേഹവുമായി ഒരു അഭിമുഖം തരപ്പെടുത്താൻ ആശിച്ചു.
സെമിനാറിൽ പങ്കെടുത്ത് ചില ചോദ്യങ്ങളൊക്കെ ചോദിച്ച് ഞാൻ മനപൂർവം ‘നോട്ടപ്പുള്ളി’-യായി. കാപ്പി/ചായ കുടിയ്ക്കാനുള്ള ഇടവേളയിൽ അദ്ദേഹവുമായി കുശലപ്രശ്നങ്ങളായി. ഇന്റർവ്യൂവിന് സമ്മതം. ടെലിവിഷൻ പ്രോഗ്രാം ഇൻ ചാർജ് സതീഷ് മേനോൻ ( “ഭവം” എന്ന സിനിമയുടെ സംവിധായകൻ. ഭവത്തിലെ അഭിനയത്തിന് ജ്യോതിർമയിക്ക് കേന്ദ്രസർക്കാരിന്റെ സ്പെഷ്യൽ ജൂറി അവാർഡ് കിട്ടിയിരുന്നു) ബാക്കി കാര്യങ്ങൾ ഏറ്റെടുത്തു. എം.ടിയ്ക്ക് എളുപ്പത്തിന് ദൂരെയുള്ള സ്റ്റുഡിയോയിൽ പോകാതെ ക്യാമ്പസിൽ തന്നെ ഇന്റർവ്യൂ നടത്താം. സ്ഥിരം ക്യാമറാമാൻ അവധിയിലാണ്. സതീഷിന്റെ പരിശ്രമത്താൽ ഒരു പോളിഷ് സ്റ്റുഡിയോയിലെ ക്യാമറാമാൻ വരാമെന്നു സമ്മതിച്ചു.
രാത്രിയിൽ തന്നെ ഇന്റർവ്യൂവിനു ഫോർമാറ്റും ചോദ്യങ്ങളും എഴുതിയുണ്ടാക്കി. സ്വതവേ മിതഭാഷിയായ എം.ടിയിൽ നിന്നും എന്തൊക്കെ പുറത്തെടുക്കാൻ പറ്റും? വേവലാതിയുണ്ട്. പിറ്റേന്ന് വൈകുന്നേരം എല്ലാവരും റെഡി. ക്യാമ്പസിലെ ഒരു ഹോട്ടലിന്റെ റിസപ്ഷൻ സ്ഥലം വെടിപ്പാക്കി എടുത്തിട്ടുണ്ട് സതീഷ്. “പതിനഞ്ചു മിനുട്ടു വല്ലതും മതി” എം. ടി. പറഞ്ഞു. വളരെ നീണ്ട ചോദ്യാവലിയുമായി റെഡിയായ ഞാൻ എന്തൊക്കെ, ഏതൊക്കെ ചോദിക്കുമെന്ന കുഴപ്പത്തിലായി.
കഥയെഴുത്തുകാരനോട് ‘കഥയുടെ ഡി. എൻ. എ’ എന്ന വിഷയം തന്നെ ചോദ്യമായി തുടക്കമിട്ടു. പെട്ടെന്ന് വാചാലനായ അദ്ദേഹം മനം തുറന്നു സംസാരിച്ചു തുടങ്ങി. കഥയുടെ ഉറവ്, കഥകളിലെ സ്ത്രീ സാന്നിദ്ധ്യം, സിനിമയുമായുള്ള ബന്ധം,, സ്ക്രിപ്റ്റ് എഴുത്ത്, അങ്ങനെ എന്റെ ചോദ്യങ്ങളുമായി സംഭാഷണം മുറുകി. ചുളുവിൽ അദ്ദേഹത്തിന്റെ പണ്ടത്തെ ചില ദുശ്ശീലങ്ങളെക്കുറിച്ച് ആരാഞ്ഞു. മദ്യപാനത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. പതിനഞ്ചു മിനുട്ട് അനുവദിച്ചു തന്നിരുന്നത് ഒരു മണിക്കൂറ് ഇരുപതു മിനുട്ട് നീണ്ടു. ഇത് എന്റെ ചോദ്യങ്ങളുടെ രസം കൊണ്ടായിരുന്നു എന്ന് എന്റെ അഹങ്കാരം. അന്നു രാത്രിയിൽ ഉറക്കം വരാതിരുന്നത് സന്തോഷം കൊണ്ടു മാത്രമാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/mt-vasudevan-nair-tc9a.webp)
പിറ്റേന്നും അദ്ദേഹത്തിന്റെ ചില്ലറ യാത്രകൾക്കു ഞാൻ തന്നെ സാരഥി. പൊടുന്നനവേ നിശബ്ദത പിളർന്ന് നമ്മോട് വളരെ അടുപ്പത്തിൽ സംസാരിച്ചത് കൗതുകമായി. സാഹിത്യം, കല, സിനിമ, കഥകളി, സാമൂഹ്യപ്രശ്നങ്ങൾ, മലയാളിയുടെ വിഹ്വലതകൾ എന്നിങ്ങനെ സംഭാഷണം പലപ്പോഴും കാടുകയറി. മലയാളികളുടെ കയ്യിലൊക്കെ ഓരോ ഓടക്കുഴൽ ഉണ്ടെന്നും അത് ചങ്ങമ്പുഴ വെച്ചു കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്നലെ നീയൊരു സുന്ദര രാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു” എന്നത് അതുകൊണ്ട് അന്വർത്ഥമാണെന്നും അഭിപ്രായപ്പെട്ടു. പിറ്റേന്നുള്ള ഒരു സമ്മേളനത്തിൽ പ്രസംഗിച്ചത് ഞങ്ങളുടെ സംഭാഷണ വിഷയങ്ങളെ ആസ്പദമാക്കിയതു കൊണ്ട് എന്റെ പേര് ആവർത്തിച്ച് വന്നുകയറീ. കൂടെ ചെറിയ ചില പുകഴ്ത്തലുകളും. സദസ്സിന്റെ കോണിൽ ‘ഞാനാരാ മോൻ’ എന്നു ഞെളിഞ്ഞു നിൽക്കാൻ ഞാനും.
പിറ്റേ ദിവസം അവസാനം കൂടിക്കാഴ്ച്ചയ്ക്ക് അദ്ദേഹം താമസിക്കുന്ന അപ്പാർട്മെന്റിൽ ചെന്നു. കണ്ണടയ്ക്കിടയിലൂടുള്ള ആ ചുഴിഞ്ഞുനോട്ടം സമ്മാനിച്ചിട്ട് പെട്ടെന്ന് അകത്തേയ്ക്കു കയറിപ്പോയി. ഞാൻ അന്ധാളിച്ചു. താമസിച്ചു പോയോ? എന്നെ മറന്നു പോയോ? നേരത്തെ ഒരു സിനിമാ-സാഹിത്യകാരനിൽ നിന്നും സ്വൽപ്പം താമസിച്ചതിനു വയറുനിറയേ ശകാരം കിട്ടിയത് ഓർമ്മിച്ചു. അധികം താമസിയാതെ അദ്ദേഹം ഇറങ്ങിവന്നു. ഒരു പുസ്തകം വെച്ചു നീട്ടി, നിസ്സംഗഭാവം വെടിയാതെ. “ഈ ഒരു കോപ്പിയേ കയ്യിലുള്ളു.” രണ്ടാമൂഴം! Author's copy എന്ന സീലടിച്ചത്! “സ്നേഹപുരസ്സരം” എന്നും എന്റെ പേരും എഴുതിയതിനു താഴെ ചരിത്രപ്രസിദ്ധമായ ആ കയ്യൊപ്പും. അന്നു രാത്രിയും ഉറക്കം വരാതിരിക്കാൻ എനിയ്ക്കു വേറേ കാരണമൊന്നും വേണ്ടി വന്നില്ല.