സ്വന്തം ലേഖകൻ,
ഒറ്റപ്പാലം…

അര നൂറ്റാണ്ടുമുമ്പ് ഒറ്റപ്പാലത്ത് ‘മലയാള മനോരമ’ പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ച കാലത്തെ ഓർമകൾ എഴുതുന്നു, മാധ്യമപ്രവർത്തകനായ മുസാഫിർ.

ത്രപ്രവർത്തനരംഗത്ത് എന്നെ 'എഴുത്തിനിരുത്തിയ' രണ്ടു പേരെക്കുറിച്ച് പറഞ്ഞുവേണം, 48 വർഷം മുമ്പ്, 20-ാം വയസ്സിൽ 'മലയാള മനോരമ'യുടെ റിപ്പോർട്ടറായി ഒറ്റപ്പാലത്ത് ബസ്സിറങ്ങിയ മലപ്പുറത്തുകാരനായ എന്റെ മാധ്യമജീവിതത്തിന്റെ ആരംഭകാലത്തെക്കുറിച്ച് ഓർത്തെടുക്കാൻ.

വാർത്തയെഴുത്തിന്റെ കലയെക്കുറിച്ച് പഠിപ്പിച്ചുതന്ന ആദ്യ ഗുരു മനോരമയുടെ പാലക്കാട് റസിഡന്റ് എഡിറ്ററായിരുന്ന ജോയ് ശാസ്താംപടിക്കൽ. രണ്ടാമത്തെ ഗുരു ഒറ്റപ്പാലത്ത് നിന്ന് വാർത്തയെഴുതി പരിശീലിച്ച, പിന്നീട് മനോരമയുടെ ചീഫ് സബ് എഡിറ്ററായി റിട്ടയർ ചെയ്ത പി. ദാമോദരൻ.

കോളേജ് പഠനം മുടങ്ങി അൽപം ഇടതുപക്ഷ രാഷ്ട്രീയവും കലാപ്രവർത്തനവുമായി ഏറനാടൻ ഗ്രാമങ്ങളിൽ അലഞ്ഞുനടന്ന എഴുപതുകളുടെ പാതിയിലാണ് മലപ്പുറത്ത് മനോരമ ലേഖകനായിരുന്ന ജോയേട്ടനുമായി (ജോയ് ശാസ്താംപടിക്കൽ) സൗഹൃദത്തിലാവുന്നത്. ആയിടയ്ക്ക് മാതൃഭൂമി, ചന്ദ്രിക ബാലപംക്തികളിലും തുടർന്ന് ജനയുഗം, നവയുഗം വാരികകളിലും എന്റെ ചില കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നത്, സാഹിത്യത്തിൽ താൽപര്യമുള്ള പത്രപ്രവർത്തകനായ ജോയേട്ടന്റെ സ്‌നേഹം പിടിച്ചെടുക്കാൻ കാരണമായി. അദ്ദേഹം ജില്ലാ സാരഥിയായിരുന്ന ഇൻഡോ- സോവിയറ്റ് സാംസ്‌കാരിക സമിതിയിൽ (ഇസ്‌കസ്) ഞാനും അംഗമായിരുന്നു. ആയിടയ്ക്ക് സോവിയറ്റ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ജോയേട്ടന്റെ യാത്രാക്കുറിപ്പ് കേട്ടെഴുതാനുള്ള നിയോഗം എനിക്കായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ അത് അച്ചടിച്ചുവന്നു.

രണ്ടോ മൂന്നോ പി.എസ്.സി പരീക്ഷയെഴുത്തും എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കലും ഒരു സ്വകാര്യബസിലെ 'ചെക്കർ' (റൈറ്റർ) ജോലിയും ഇടയ്‌ക്കൊക്കെയുള്ള സി.പി.ഐ ജാഥകളും പാർട്ടി ക്ലാസുകളും പ്രസംഗങ്ങളുമായി കഴിഞ്ഞുകൂടിയ എന്നോട് ഒരു ദിവസം ജോയേട്ടൻ പറഞ്ഞു: തിങ്കളാഴ്ച നമുക്കൊന്ന് കോഴിക്കോട് മനോരമയിൽ പോകണം. ഭാഗ്യമുണ്ടെങ്കിൽ തനിക്കൊരു ജോലി ശരിയാകും.

മലയാള മനോരമയുടെ പാലക്കാട് റസിഡന്റ് എഡിറ്ററായിരുന്ന  ജോയ് ശാസ്താംപടിക്കൽ
മലയാള മനോരമയുടെ പാലക്കാട് റസിഡന്റ് എഡിറ്ററായിരുന്ന ജോയ് ശാസ്താംപടിക്കൽ

കോഴിക്കോട്ടേക്കുള്ള ബസ് യാത്രയിൽ അദ്ദേഹം പറഞ്ഞു: ഒറ്റപ്പാലത്ത് മനോരമയ്ക്ക് ഒരു ഫുൾടൈം പ്രാദേശിക ലേഖകനെ ആവശ്യമുണ്ട്. ഞാൻ തന്റെ പേര് പറഞ്ഞിട്ടുണ്ട്. നമുക്ക് മാമ്മൻ സാറിനെ ഒന്ന് പോയിക്കാണാം.

എന്റെ ഉള്ളിൽ അവാച്യമായ ആനന്ദം അണപൊട്ടി. ഒപ്പം അകാരണമായ ഭീതിയും ഉൽകണ്ഠയും. പാർട്ടി വാർത്തകളും മറ്റും മലപ്പുറത്തെ പത്രക്കാർക്ക് റിലീസായി എഴുതിക്കൊടുക്കുകയും ജനയുഗം, നവയുഗം പ്രസിദ്ധീകരണങ്ങൾക്ക് ചില ലേഖനങ്ങളെഴുതുകയും ചെയ്യുകയെന്ന പരിചയം മാത്രമേ ഈ രംഗത്തുള്ളൂ. പക്ഷേ ജോയേട്ടൻ പകർന്നുതന്ന ധൈര്യത്തിൽ മനോരമയുടെ ഉടമസ്ഥരിലൊരാളും അന്ന് റസിഡന്റ് എഡിറ്ററുമായ മാമ്മൻ മാത്യു സാറിന്റെ വ്യക്തിപരമായ രണ്ടോ മൂന്നോ ചോദ്യങ്ങളോട് അത്യാവശ്യം നന്നായി ഞാൻ പ്രതികരിച്ചു. അദ്ദേഹം തോമസ് ജേക്കബ് സാറിന്റെ (അന്നത്തെ ന്യൂസ് എഡിറ്റർ. പിന്നീട് മനോരമ എഡിറ്റോറിയൽ ഡയറക്ടറായി റിട്ടയർ ചെയ്തു) അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. എല്ലായിടത്തു നിന്നും നല്ല സ്വീകരണം. നിയമനം ഉറച്ചു. ജോയേട്ടൻഎന്റെ കൈ പിടിച്ചു കുലുക്കി. തോമസ് ജേക്കബ് സാർ, കോഴിക്കോട് ഡെസ്‌കിലുള്ള എഡിറ്റർമാരെ എനിക്ക് പരിചയപ്പെടുത്തി.

സംഗീത ചക്രവർത്തി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ചരമം മനോരമയ്ക്ക് ലഭിച്ച എക്‌സ്‌ക്ലൂസീവ് വാർത്തയായിരുന്നു. ഒരു ഇടവേളയിൽ മാത്രം ഒറ്റപ്പാലത്ത് പ്രവർത്തിച്ച ദാമോദരനായിരുന്നു അതിന്റെ ക്രെഡിറ്റ്.

മനോരമ പാലക്കാട് ജില്ലാ ലേഖകൻ പുത്തൂർ മുഹമ്മദിന്റെ അടുത്ത് പോയി റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. അതനുസരിച്ച് പാലക്കാട്ടെത്തി. പൂത്തൂർ മുഹമ്മദ് എന്ന ബൈലൈൻ കണ്ടിട്ടുള്ള അറിവ് മാത്രമേയുള്ളൂ. സ്‌കൂട്ടറിന്റെ പിറകിലിരുത്തി അദ്ദേഹം വീട്ടിൽ കൊണ്ടു പോയി ഉച്ചഭക്ഷണം തന്നു. പിറകെ നല്ല വാക്കുകളും ഉപദേശങ്ങളും. താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്തിന്റെ മനോരമ ചരിത്രത്തിൽ ആർ. ശ്രീനിവാസൻ, പി.ദാമോദരൻ, കെ.എം. ജോസഫ് എന്നീ ലേഖകരെക്കുറിച്ച് ഞാൻ കേട്ടു. ഒറ്റപ്പാലത്ത് സ്ഥിരമായൊരു ലേഖകനെ കണ്ടെത്താനായിരുന്നു കോഴിക്കോട്ട് നിന്ന് പി. ദാമോദരനെ തൃശൂർക്കാരനായ ശ്രീനിവാസനുശേഷം മനോരമ മാനേജ്‌മെന്റ് പറഞ്ഞയച്ചിരുന്നത്.

സംഗീത ചക്രവർത്തി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ചരമം മനോരമയ്ക്ക് ലഭിച്ച എക്‌സ്‌ക്ലൂസീവ് വാർത്തയായിരുന്നു. ഒരു ഇടവേളയിൽ മാത്രം ഒറ്റപ്പാലത്ത് പ്രവർത്തിച്ച ദാമോദരനായിരുന്നു അതിന്റെ ക്രെഡിറ്റ്. എല്ലാ കാലത്തും ഒറ്റപ്പാലത്തെ മാധ്യമപ്രവർത്തകർക്ക് വാർത്തയുടെ സോഴ്‌സ് ആയ ബാബുവേട്ടനാണ് (കവി പി.ടി. നരേന്ദ്രമേനോൻ) ചെമ്പൈയുടെ ആകസ്മിക മരണവാർത്ത പി. ദാമോദരന് നൽകിയത്. ചെമ്പൈയുടെ മരണം പോലെ, യൂണിവേഴ്‌സിറ്റി പരീക്ഷാ ചോദ്യപേപ്പർ നടുറോഡിൽ നിന്ന് കണ്ടെടുത്ത മറ്റൊരു സ്‌കൂപ്പ് ദാമോദരന് കിട്ടി- കോഴിക്കോട് സിറ്റി ബ്യൂറോയിൽ പ്രവർത്തിക്കുമ്പോൾ. (ചെമ്പൈയുടെ മരണവാർത്ത മാതൃഭൂമിക്ക് മിസ്സായിരുന്നു. ചെമ്പൈ ശിഷ്യനായ യേശുദാസ് മാതൃഭൂമി വായനക്കാരനായിരുന്നു. മദിരാശിയിലായിരുന്ന അദ്ദേഹം ഗുരുവിന്റെ വിയോഗം വൈകിയാണറിഞ്ഞത്. ഇന്നത്തെപ്പോലെ വാർത്താവിനിമയ സൗകര്യമില്ലാതിരുന്ന കാലമായിരുന്നല്ലോ അത്).

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ്
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ്

വാണിയംകുളം ഹൈസ്‌കൂളിൽ അധ്യാപകനായിരുന്ന കെ.എം. ജോസഫ് മാസ്റ്ററെ മനോരമയുടെ പ്രാദേശിക ലേഖകനാക്കിയ ശേഷമാണ് ദാമോദരൻ കോഴിക്കോട്ടേക്ക് മടങ്ങിയിരുന്നത്. ജോസഫ് മാസ്റ്റരുടെ പിൻഗാമിയായാണ് ഞാൻ ഒറ്റപ്പാലത്തെത്തുന്നത്.

1976 ഏപ്രിൽ 24 ന് ഞാൻ ഒറ്റപ്പാലത്തെത്തി. നാടിനേയും നാട്ടുകാരേയും പരിചയപ്പെടുത്തിത്തരാൻ പി. ദാമോദരനും അന്ന് പാലക്കാട്ട് മനോരമ സബ് എഡിറ്റർ ട്രെയിനിയായിരുന്ന കെ.സി വർക്കിയും എന്നോടൊപ്പമുണ്ടായിരുന്നു. വർക്കി പിന്നീട് മനോരമ ഡൽഹി ബ്യൂറോയിലുണ്ടായിരുന്നു. പത്രപ്രവർത്തകജോലി വിട്ട് അദ്ദേഹം ബിസിനസ് രംഗത്തേക്കിറങ്ങി. ഒറ്റപ്പാലത്തുകാർക്ക് സുപരിചിതനായ പി. ദാമോദരൻ, ഒരാഴ്ച കൊണ്ട് എന്നെ താലൂക്കിലെ പ്രസിദ്ധരും അല്ലാത്തവരുമായ പലരുമായി പരിചയപ്പെടുത്തിത്തന്നു. ഷൊർണൂരിൽ കൊണ്ടുപോയി. ഗവ. പ്രസ്സിലും മയിൽവാഹനം ഓഫീസിലും ദീർഘകാലം ഷൊർണൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡോ. കെ.പി.എൻ മേനോന്റെ വീട്ടിലുമെല്ലാം പോയി.

കണ്ണിയമ്പുറത്ത് പ്രവർത്തിച്ചിരുന്ന ബധിര മൂക വിദ്യാലയത്തിലെ കുട്ടികളുടെ വാർഷികാഘോഷമായിരുന്നു മനോരമ അച്ചടിച്ച എന്റെ ആദ്യ സ്‌റ്റോറി. ന്യൂസ് പാഡിൽ വാർത്തകളെഴുതി അവ മനോരമയുടെ വിലാസമെഴുതിയ പ്രിന്റഡ് കവറിലാക്കി എല്ലാ ദിവസവും രാവിലെ ഒറ്റപ്പാലം വഴി വരുന്ന പാലക്കാട്- കോഴിക്കോട് ബി.ടി.എസ് ബസിലാണ് കൊടുത്തയക്കുക. കോഴിക്കോട് പാളയം ബസ് സറ്റാന്റിൽ നിന്ന് മനോരമയുടെ ഒരു ജീവനക്കാരൻ ന്യൂസ് കവറുകൾ ശേഖരിച്ച് പതിവായി ഡെസ്‌കിലെത്തിക്കും. കാലത്ത് 9.30 ന് ബി.ടി.എസ് ബസ് പോയാൽ പിന്നെ നാലു മണിക്ക് വരുന്ന കെ.വി.എസ് എന്ന കോഴിക്കോട്ടേക്കുള്ള സ്വകാര്യബസിലും ചിലപ്പോൾ കവറുകൾ അയക്കും. പ്രധാന വാർത്തകൾ പാലക്കാട് ബ്യൂറോയിലേക്ക് ഫോണിൽ പറഞ്ഞുകൊടുക്കും. അവിടെ കേട്ടെഴുതിയിരുന്നത് എഴുത്തുകാരനും നാടകപ്രവർത്തകനുമൊക്കെയായിരുന്ന മനോരമ ടെലിപ്രിന്റർ ഓപ്പറേറ്റർ പ്രിയപ്പെട്ട സുഗുണൻ അഴീക്കോടായിരുന്നു.

 പി. ദാമോദരൻ
പി. ദാമോദരൻ

കലാമണ്ഡലം ചെയർമാനായിരുന്ന ഡി.എച്ച്. നമ്പൂതിരിയുടെ മരണം എനിക്ക് കിട്ടാതെ പോയി. എന്റെ നല്ല വാർത്തകൾക്ക് എന്നും പ്രശംസ തരാറുള്ള അന്നത്തെ ന്യൂസ് എഡിറ്റർ തോമസ് ജേക്കബ് സാർ പക്ഷേ എന്നോട് ഇക്കാര്യം ചോദിക്കുന്നതിനു പകരം ബ്യൂറോ ചീഫ് പുത്തൂരിനോടാണ് ചോദിച്ചത്.

ബധിര മൂക വിദ്യാലയത്തിലെ കുട്ടികളുടെ ആംഗ്യപ്പാട്ടും നൃത്തവുമെല്ലാം അരങ്ങ് കൊഴുക്കുന്നതിനിടെ കുട്ടികളേയും രക്ഷിതാക്കളേയും സങ്കടത്തിലാക്കി പൊടുന്നനെ മഴ പെയ്തു. മുറ്റത്തെ വേദി നനഞ്ഞു കുതിർന്നു. പരിപാടി ഇടയ്ക്ക് വെച്ച് നിർത്തേണ്ടിവന്ന ദുഃഖത്തിലും നിരാശയിലുമായിരുന്നു മേയ്ക്കപ്പ് ചെയ്‌തെത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും. ഈ വാർത്ത പിറ്റേന്ന് മനോരമ പ്രാധാന്യത്തോടെ ഒന്നാം പേജിൽ അച്ചടിച്ചു: 'മൂക പ്രാർഥന ബധിരകർണങ്ങളിൽ'... എന്നായിരുന്നു തലക്കെട്ട്. സ്വന്തം ലേഖകൻ എന്ന പേരിൽ ഒറ്റപ്പാലം ഡേറ്റ്‌ലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യവാർത്ത. ഏറെ നേരം ഞാനാ വാർത്തയുടെ മുകളിലൂടെ വിരൽ പായിച്ചുനിന്നു.

പട്ടാമ്പി, തൃത്താല, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഉൾപ്പെടെ വിശാലമായ ഒറ്റപ്പാലം താലൂക്കിലാകെ അന്ന് മനോരമയ്ക്ക് ഞാൻ മാത്രമേ റിപ്പോർട്ടറായുള്ളുവെന്നത് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമായിരുന്നു. മാതൃഭൂമിക്ക് ആറോ ഏഴോ പ്രാദേശിക ലേഖകന്മാരും പി.ആർ. ഉണ്ണിയെപ്പോലുള്ള ഫുൾടൈം ലേഖകനുമുണ്ടായിരുന്നു. വാർത്താ വിനിമയസൗകര്യങ്ങളുടെ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് പരമാവധി വാർത്തകൾ ശേഖരിക്കുന്നതിനും ഡെഡ് ലൈനിനു മുമ്പായി അവ പടങ്ങൾ സഹിതം കോഴിക്കോട്ടെത്തിക്കുന്നതിനും പെടാപ്പാട് പെട്ട കാലമായിരുന്നു അത്. പ്രധാന വാർത്തകൾ ശേഖരിക്കുകയെന്നതിലേറെ അവ യഥാസമയം ഡെസ്‌കിലെത്തിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഷൊർണൂർ ടെലിഫോൺ എക്‌സ്‌ച്ചേഞ്ചിലെ അദൃശ്യനായ സുഹൃത്ത് രാമചന്ദ്രനെ നന്ദിയോടെ ഓർക്കുന്നു. വാഹനാപകടം പോലെയുള്ള പല അർജന്റ് സ്റ്റോറികളും രാമചന്ദ്രനാണ് എനിക്ക് വേണ്ടി കോഴിക്കോട് മനോരമ ഡെസ്‌കിലേക്ക് ഫോണിൽ പറഞ്ഞുകൊടുത്തിരുന്നത്.

അന്നത്തെ നെടുങ്ങാടി ബാങ്കിനു മുൻവശത്തെ (ഇപ്പോഴത്തെ കൊട്ടാരം ഹോട്ടലിലേക്കുള്ള റോഡിൽ) മുരളി ലോഡ്ജിലായിരുന്നു മനോരമ ഓഫീസ്. എന്റെ താമസവും അവിടെത്തന്നെ. പുലർച്ചെ റൂമിൽ വന്നുവീഴുന്ന പത്രങ്ങളിൽ ആദ്യം നോക്കിയിരുന്നത് മാതൃഭൂമിയായിരുന്നു. ലോക്കൽ പേജിൽ ഏതെങ്കിലും വാർത്ത മിസ് ആയിട്ടുണ്ടോ എന്നായിരുന്നു ഉൽകണ്ഠയോടെയുള്ള തിരച്ചിൽ. കാര്യമായ മിസ്സിംഗൊന്നുമില്ലെന്നറിഞ്ഞാൽ സമാധാനത്തോടെ മനോരമ നോക്കും. ഞാനയച്ച വാർത്തകൾ എങ്ങനെയാണ് വന്നിട്ടുള്ളത് എന്നറിയാനുള്ള ആകാംക്ഷയോടെ പി. എന്നെഴുതിയ പാലക്കാട് ലോക്കൽ പേജാണ് ആദ്യം വായിക്കുക.

ഞാനും ഉണ്യേട്ടനും (പി.ആർ. ഉണ്ണി) മാത്രമടങ്ങുന്ന പത്രപ്രവർത്തകരുടെ നിരയിലേക്ക് പിന്നീട് ഷൊർണൂരിൽ നിന്ന് ശങ്കരനാരായണൻ (മലയാളം എക്‌സ്പ്രസ്), ഒറ്റപ്പാലം തോട്ടക്കരയിലെ ടി.ടി. അബ്ദുൽ ഖാദർ മാസ്റ്റർ (ചന്ദ്രിക) എന്നിവരും വന്നു. ഇടയ്ക്കിടെ ഞങ്ങൾ കാണും, സൗഹൃദം പുതുക്കുമെന്നല്ലാതെ പ്രസ് ക്ലബ്, പത്രപ്രവർത്തക യൂണിയൻ എന്നിവയുടെ ലെവലിലേക്കൊന്നും ഒറ്റപ്പാലത്തെ മാധ്യമപ്രവർത്തനം അന്ന് വളർന്നിരുന്നില്ല. പാലക്കാട് പ്രസ് ക്ലബ് പ്രവർത്തനം ഏറെക്കുറെ നന്നായി നടന്നിരുന്നു. പുത്തൂർ മുഹമ്മദ് അവധിക്ക് പോകുമ്പോൾ മാസത്തിൽ നാലോ അഞ്ചോ ദിവസം എന്നെ ജില്ലാ ബ്യൂറോയുടെ ചുമതല ഏൽപിക്കാറുണ്ടായിരുന്നു. കെ.പി. മോഹനൻ (മാതൃഭൂമി), ഇ.എ വഹാബ് (എക്‌സ്പ്രസ്), ടി.എം. മണി (ദേശാഭിമാനി), വി.പി. പുരുഷോത്തമൻ (കേരള കൗമുദി), എൻ.എ നൂർമുഹമ്മദ് (ചന്ദ്രിക), രമണി സ്വാമി (ഇന്ത്യൻ എക്‌സ്പ്രസ്) തുടങ്ങിയ പാലക്കാട്ടെ പരിചയസമ്പന്നരായ പത്രപ്രവർത്തകരുമായി സൗഹൃദം സ്ഥാപിക്കാനായത് വലിയ അനുഗ്രഹമായി. തിരുവനന്തപുരത്തുള്ള കെ.പി. മോഹനനുമായി ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നു. ഒറ്റപ്പാലം സബ് കലക്ടർ നീലാ ഗംഗാധരൻ, കെ.കെ. വിജയകുമാർ എന്നീ സഹൃദയരെ ആദരവുകളോടെ ഓർക്കുന്നു. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച വിജയകുമാർ.

മാമ്മൻ മാത്യു.
മാമ്മൻ മാത്യു.

താലൂക്ക് ഓഫീസ് (ഹരിശങ്കർമേനോൻ എന്ന നല്ലവനായ തഹസിൽദാർക്ക് നന്ദി), പോലീസ് സർക്കിൾ ഓഫീസ് (എപ്പോഴും നല്ല വാർത്തകൾ തന്നിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ കോട്ടയത്തുകാരൻ പി.എസ് മുഹമ്മദ് സുലൈമാൻ, സബ് ഇൻസ്‌പെകർ ചേർത്തലക്കാരൻ പി.ടി തങ്കപ്പൻ), സബ് ജയിൽ ( കഥാപ്രസംഗികൻ കൂടിയായിരുന്ന ജയിൽ സൂപ്രണ്ട് ശാസ്താംതല സഹദേവൻ), ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മജിസ്‌ട്രേറ്റ് കുരുവിള കോശി), റെയിൽവെ സ്റ്റേഷൻ (സഹൃദയനായ സ്റ്റേഷൻ മാസ്റ്റർ രാമൻകുട്ടി), താലൂക്ക് ആശുപത്രി (ഡോ. കെ. പി. അച്യുതമേനോൻ) ഇതൊക്കെയായിരുന്നു അന്നത്തെ എന്റെ ഔദ്യോഗിക വാർത്തകളുടെ ഉറവിടം. ഒറ്റപ്പാലം റെയിൽവെ ടാപ്പിൽ വെള്ളമില്ലാതായത് അന്ന് വാർത്തയാക്കി. പ്രസിദ്ധ ഫോട്ടോ ജേണലിസ്റ്റായി മാറിയ ഒറ്റപ്പാലത്തുകാരുടെ പ്രിയപ്പെട്ട രാജൻ പൊതുവാൾ (മാതൃഭൂമി) പകർത്തിത്തന്ന മനോഹരമായ ചിത്രത്തോട് കൂടിയാണ് ശുദ്ധജലക്ഷാമ വാർത്ത മനോരമ അച്ചടിച്ചത്. റോയൽ സ്റ്റുഡിയോയിലെ വിജയനും സ്വപ്‌നാ സ്റ്റുഡിയോയിലെ സന്താനവുമെല്ലാം സൗജന്യമായി നിരവധി ന്യൂസ് ഫോട്ടോകൾ എനിക്ക് എടുത്ത് തന്നിരുന്നത് നല്ല ഓർമ്മകൾ. പ്രമുഖ വ്യവസായിയും കാർഷിക ഗവേഷകനുമായിരുന്ന, സ്വന്തമായി നെൽ വിത്തുകൾ വികസിപ്പിച്ചെടുത്ത ഇ.പി. മാധവൻ നായരിൽ നിന്ന് മികച്ച വാണിജ്യ - കൃഷി വാർത്തകൾ കിട്ടുമായിരുന്നു. മാതൃഭൂമിയുടെ എം. അച്യുതക്കുറുപ്പ് മാഷേയും (മുൻ എം.എൽ.എ എം. നാരായണക്കുറുപ്പിന്റെ സഹോദരൻ) എന്നെയുമാണ് മാധവൻ നായർ ക്ഷണിക്കാറുണ്ടായിരുന്നത്. (ഇ.പി. മാധവൻ നായരുടെ മകൻ ചിത്രേഷ് അന്ന് മനോരമ ബാലജനസഖ്യം പ്രവർത്തകനായിരുന്നു. 'സർ സി. ശങ്കരൻ നായർ കൾച്ചറൽ സെന്റർ' സെക്രട്ടറി കൂടിയായ ചിത്രേഷ് ഇന്നും എന്റെ നല്ല സുഹൃത്ത്).

ഫോട്ടോ ജേണലിസ്റ്റ് രാജൻ പൊതുവാൾ
ഫോട്ടോ ജേണലിസ്റ്റ് രാജൻ പൊതുവാൾ

മഹാകവി പി. കുഞ്ഞിരാമൻ നായരെ പരിചയപ്പെടാനും അന്ത്യം വരെ ആ മഹാസൗഹൃദം നിലനിർത്താനും സാധിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു. നീളൻ ജുബ്ബയുടെ കീശയിൽ നിന്ന് നിലക്കടലയെടുത്ത് തരാറുള്ള സ്‌നേഹനിധിയായ കവി. ഒടുവിൽ നിളാനദിയിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന കർമത്തിലും എനിക്ക് പങ്കാളിയാകേണ്ടിവന്നു.

കേരള കലാമണ്ഡലം, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലേക്കുള്ള വാരാന്ത്യ യാത്രകളും പല സ്‌റ്റോറികൾക്ക് പ്രേരണയായി. കലാമണ്ഡലത്തിന്റെ കൂത്തമ്പലം നിർമിക്കുന്ന കാലമായിരുന്നു അത്. ആ വാർത്ത മനോരമക്ക് നൽകാനും ഒപ്പം സചിത്ര ഫീച്ചർ കലാകൗമുദിക്ക് വേണ്ടി തയാറാക്കാനും സാധിച്ചു. വള്ളത്തോൾ മ്യൂസിയം കാണാൻ വന്ന ഗായകൻ ജയചന്ദ്രനെയും കലാമണ്ഡലം ജൂബിലിക്ക് നൃത്തം അവതരിപ്പിച്ച പ്രസിദ്ധ നടി ഹേമമാലിനിയെയും അഭിമുഖം നടത്താനും സാധിച്ചു. മെയ് അഞ്ചിന് കിള്ളിക്കുറിശ്ശിമംഗലത്ത് നടന്നുവരാറുള്ള കുഞ്ചൻ ഉത്സവം മറ്റൊരു അനുഭവമായിരുന്നു. വി. ടി. ഭട്ടതിരിപ്പാടിനെ പരിചയപ്പെട്ടതും ഇക്കാലത്താണ്. നിഷ്കളങ്കമായ ആ ചിരി മറക്കാനാവില്ല. 'കഥകളിക്ക് കണ്ണ് നൽകിയ' മാണി മാധവചാക്യാർ, മകൻ പി.കെ.ജി. നമ്പ്യാർ എന്നിവരുമായുള്ള അടുപ്പവും അവിസ്മരണീയം.

സാംസ്‌കാരിക വാർത്തകളുടെ കാര്യത്തിൽ മനോരമയുടെ പാലക്കാട് ജില്ലാ പേജുകൾ എന്നും മുൻപന്തിയിൽ നിന്നു. അക്കാര്യത്തിൽ വള്ളുവനാടിന്റെ സംഭാവന മറക്കാനാവില്ല. കുഞ്ചൻ സ്മാരക സമിതി വാർത്തകൾ പ്രാധാന്യത്തോടെയാണ് മനോരമ അച്ചടിച്ചിരുന്നത്. കുഞ്ചന്റെ ചിരിയുടെ മിഴാവൊലി മുഴങ്ങിയ കിള്ളിക്കുറിശ്ശിമംഗലം, പട്ടിക്കാംതൊടി ചുട്ടി കുത്തിയ കല്ലുവഴി, ഒളപ്പമണ്ണയുടെ വെള്ളിനേഴി, കച്ചമണി കിലുങ്ങിയ പേരൂർ സദനം കളിമുറ്റം, പാവക്കൂത്തിന്റെ കൂനത്തറ, മേളപ്പദങ്ങളുടെ ചെറുതുരുത്തി, കല്ലന്മാർതൊടി രാവുണ്ണിമേനോന്റെ ഓങ്ങല്ലൂർ, ആറാം തമ്പുരാന്റെ പൂമുള്ളിമന... സമ്പന്നമായ സംസ്കാരത്തിന്റെയും പ്രഭാപൂർണമായ പ്രതാപത്തിന്റെയും നിലാവലകൾ ഒറ്റപ്പാലത്തേയും പരിസരങ്ങളെയും ചൂഴ്ന്നു നിൽക്കുന്നു. കേരളീയ സംസ്കൃതിയിലേക്കുള്ള സുവർണ കമാനങ്ങളാണ് ഒറ്റപ്പാലത്തിന്റെ നാല് അതിരുകളും. മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കിള്ളിക്കുറിശ്ശി സന്ദർശനമാണ് കുഞ്ചൻ സ്മാരകം ഇന്ന് കാണുന്ന നിലയിലേക്ക് പ്രൗഡിയോടെ വളരാൻകാരണമായത്. മനോരമ വാർത്തകളും അതിന് തുണയായി. ഒരു തവണ കുഞ്ചൻ ഉത്സവത്തിൽ മുഖ്യാതിഥിയായിരുന്ന അച്യുതമേനോനെ തൃശൂരിൽ പോയി കിള്ളിക്കുറിശ്ശിമംഗലത്തേക്ക് കൊണ്ടു വരാനുള്ള ഭാഗ്യവും എനിക്കായിരുന്നു. എല്ലാ അർത്ഥത്തിലും എന്റെ ഹീറോ ആയിരുന്ന അച്യുതമേനോനോടൊപ്പമുള്ള ആ യാത്ര അവിസ്മരണീയം.

തീർത്തും സാമ്പ്രദായികമായ എന്റെ മാധ്യമജീവിതത്തെ ഒരുപക്ഷേ മാറുന്ന കാലത്തിനനുസൃതമായി സാംസ്‌കാരികവും ബുദ്ധിപരവുമായി പരിഷ്‌കരിച്ചെടുക്കുന്നതിലും ലിറ്റററി ജേണലിസത്തിന്റെ സാധ്യതയിലേക്ക് അതിന്റെ വഴിവെട്ടുന്നതിലും എല്ലാ കാലത്തും തുണച്ചിട്ടുള്ളത് കുടുംബസുഹൃത്തായി അഗാധബന്ധം തുടരുന്ന പ്രിയപ്പെട്ട ബാബുവേട്ടനും (പി.ടി. നരേന്ദ്രമേനോൻ) സംഗീതജ്ഞയായ പത്‌നി സുകുമാരി നരേന്ദ്രമേനോനുമാണ്. മനോരമ ലേഖകനായി ഒറ്റപ്പാലത്ത് ജീവിച്ച കാലം ഒരു കുടുംബാംഗം പോലെയാണ് ബാബുവേട്ടനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എന്നെ പരിഗണിച്ചുപോന്നിട്ടുള്ളത്. പ്രസിദ്ധ എഴുത്തുകാരേയും കലാകാരന്മാരേയും കവികളേയും നർത്തകരേയും ചിത്രകാരന്മാരേയുമെല്ലാം പരിചയപ്പെടുന്നതിനും പലരുമായും അഭിമുഖം നടത്താനുമുള്ള സൗകര്യമൊരുക്കിത്തന്നത് നരേന്ദ്രമേനോനാണ്. മലയാളത്തിലെ അറിയപ്പെടുന്ന നിരവധി എഴുത്തുകാർ നരേന്ദ്രമേനോന്റെ കയറാട്ട് വീട്ടിലെ അതിഥികളായി എത്തുമ്പോഴൊക്കെ അവരുമായി ബന്ധം സ്ഥാപിക്കാൻ എനിക്ക് സാധിച്ചു. എം.ടിയും കടമ്മനിട്ടയും കാക്കനാടനും പുനത്തിൽ കുഞ്ഞബ്ദുല്ലയുമെല്ലാം ഈ പട്ടികയിൽ വരും. നർത്തകർ, ഗായകർ, ചിത്രകാരന്മാർ ഇവരെല്ലാം ചേർന്ന് നിളയുടെ പുളിനങ്ങൾക്ക് യശസ്സേറ്റി. മഹാകവി പി. കുഞ്ഞിരാമൻ നായരെ പരിചയപ്പെടാനും അന്ത്യം വരെ ആ മഹാസൗഹൃദം നിലനിർത്താനും സാധിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു. നീളൻ ജുബ്ബയുടെ കീശയിൽ നിന്ന് നിലക്കടലയെടുത്ത് തരാറുള്ള സ്‌നേഹനിധിയായ കവി. ഒടുവിൽ നിളാനദിയിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന കർമത്തിലും എനിക്ക് പങ്കാളിയാകേണ്ടിവന്നു.

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്

ലോകപ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ കെ.പി.എസ്. മേനോന്റെ പാലാട്ട് വീട്ടിൽ കൊണ്ടുപോയി, നരേന്ദ്ര മേനോൻ അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് മറക്കാനാവില്ല. (മഹാകവി ജി. മരിച്ച ദിവസം കെ.പി.എസിൽ നിന്ന് ഒരു അനുശോചനക്കുറിപ്പ് വാങ്ങി മനോരമക്ക് അയച്ചത് ഓർക്കുന്നു) കെ. പി. എസിന്റെ എൺപതാം പിറന്നാളിന് എന്റെ എഡിറ്റ് ലേഖനം മനോരമ പ്രസിദ്ധീകരിച്ചു. പിന്നീട് ഞാൻ ഗൾഫ് യാത്രക്കൊരുങ്ങിയപ്പോൾ കെ.പി.എസ്. മേനോൻ സൗദിയിലെ അന്നത്തെ ഇന്ത്യൻ അംബാസഡർ ടി.ടി.പി. അബ്ദുല്ലയ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്ത് തന്നതും മനസ്സിലെ തിളങ്ങുന്ന ഓർമയാണ്. കെ. പി. എസിന്റെ മകൻ ജൂനിയർ കെ. പി. എസ്. മേനോൻ, പൗത്രൻ ശിവ്ശങ്കർ മേനോൻ എന്നീ നയത്രഞ്ജരെയും പരിചയപ്പെടാനും അഭിമുഖം നടത്താനും സാധിച്ചു.

 സുകുമാരി നരേന്ദ്രമേനോൻ
സുകുമാരി നരേന്ദ്രമേനോൻ

ഒറ്റപ്പാലം- മായന്നൂർ കോസ്‌വേ അക്കാലത്തെ ലോക്കൽ പേജിന് മിക്ക ദിവസങ്ങളിലും നല്ലൊരു വിഭവമായിരുന്നു. മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.വി കുഞ്ഞുണ്ണി നായർ, മുണ്ട് മാടിക്കെട്ടി നിവർത്തിപ്പിടിച്ച നരച്ച കുടയും കൈയിലൊരു കറുത്ത ബാഗുമായി എന്നും ചളവറയിൽ നിന്ന് ബസ്സിറങ്ങി എന്റെയടുത്തു വരും. ബാഗിൽ നിറയെ കടലാസ് കെട്ടുകളാണ്. ഒറ്റപ്പാലത്തിന്റെ വികസനരേഖകളടങ്ങിയ മാസ്റ്റർ പ്ലാൻ. സ്ഥിതിവിവരക്കണക്കുകൾ. നിർമാണച്ചെലവുകളുടെ രേഖ. മായന്നൂർ കോസ്‌വെയാണ് പ്രധാനം. അതിന്റെ സാങ്കേതിക സാധ്യതകൾ, അതേക്കുറിച്ചുള്ള പഠനറിപ്പോർട്ടുകൾ.. മണിക്കൂറുകൾ നീളുന്ന വർത്തമാനം. വഴക്കുകൾ. ഉദ്യോഗസ്ഥർക്കെതിരായ കടുത്ത വിമർശനം. ശാസനകൾ.
ചിലതെല്ലാം നല്ല സ്‌റ്റോറികളാക്കി ഞാനെഴുതി. ചില വാർത്തകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പിച്ചുസ്വാമിയുടെ (ടി.എസ്. സുബ്രഹ്മണ്യം) പഴിയും കേൾക്കുക പതിവായി. എന്തായാലും ജീവിതം മുഴുവൻ സാമൂഹിക പ്രവർത്തനത്തിനു മാറ്റിവെച്ച, അവിവാഹിതനായിരുന്ന കുഞ്ഞുണ്ണി നായർ എന്ന സഖാവ്, വള്ളുവനാടിന്റെ വികസനശിൽപികളിൽ ഒരാളായിരുന്നുവെന്ന് ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ, ആവോ? (1957- ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസപ്രമേയഘട്ടത്തിൽ, ഒറ്റപ്പാലം എം.എൽ.എയായിരുന്ന കുഞ്ഞുണ്ണിനായർ രോഗബാധിതനായിരുന്നു. അവിശ്വാസപ്രമേയത്തിനെതിരായി നിർണായകമായ വോട്ട് ചെയ്യാൻ സ്‌ട്രെച്ചറിൽ കിടത്തിയാണ് അദ്ദേഹത്തെ അസംബ്ലിയിലെത്തിച്ചത്).

വള്ളുവനാടൻ രാഷ്ട്രീയത്തിലെ മഹാരഥന്മാരായ ഇ.പി. ഗോപാലൻ, പി. ബാലൻ, കെ. ശങ്കരനാരായണൻ, വി.സി. കബീർ, പി.പി. കുഞ്ഞൻ, എം. വാമനൻ നമ്പൂതിരി (പ്രൊഫ. എം. എം. നാരായണന്റെ പിതാവ്) എന്നിവരുമായൊക്കെ സ്ഥാപിക്കാനായ ആഴത്തിലുള്ള വ്യക്തിബന്ധം പലപ്പോഴും നല്ല വാർത്തകളുണ്ടാക്കുന്നതിനുകൂടി കാരണമായി.

ചെനക്കത്തൂർ, ആര്യങ്കാവ്, കിള്ളിക്കാവ് പൂരങ്ങളുടെ റിപ്പോർട്ടിംഗ് ഇന്നും കുംഭമാസങ്ങളിൽ മനസ്സിൽ ഉപമകളുടേയും ഉൽപ്രേക്ഷകളുടേയും പഞ്ചാരിമേളം തീർക്കുന്നു. പൂരവും ഉൽസവവും വള്ളുവനാടിന്റെ സചേതനമായ മുഖമുദ്രയാണ്.

കലാമണ്ഡലം ചെയർമാനായിരുന്ന ഡി.എച്ച്. നമ്പൂതിരിയുടെ മരണം എനിക്ക് കിട്ടാതെ പോയി. എന്റെ നല്ല വാർത്തകൾക്ക് എന്നും പ്രശംസ തരാറുള്ള അന്നത്തെ ന്യൂസ് എഡിറ്റർ തോമസ് ജേക്കബ് സാർ പക്ഷേ എന്നോട് ഇക്കാര്യം ചോദിക്കുന്നതിനു പകരം ബ്യൂറോ ചീഫ് പുത്തൂരിനോടാണ് ചോദിച്ചത്. സത്യത്തിൽ അവധിയെടുക്കാതെ ആ ദിവസം ഞാനൊന്ന് നാട്ടിൽ പോയത് കാരണമാണ് ഡി.എച്ച്. നമ്പൂതിരിയുടെ മരണം മനോരമയ്ക്ക് കിട്ടാതെ പോയത്. ആ കുറ്റബോധം പക്ഷേ മറ്റൊരു വാർത്തയിലൂടെ മറികടക്കാനായി. മാതൃഭൂമി ഡയറക്ടറും തൃശൂരിൽ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ ചുമതലക്കാരനുമായിരുന്ന വി.ബി. മേനോൻ അന്തരിച്ചതായി ലക്ഷ്മി തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ അവിടെ ബസിൽ നിന്നിറങ്ങിയ അദ്ദേഹത്തിന്റെ ബന്ധു മോഹൻ എന്നോട് പറഞ്ഞു. അതേകുറിച്ചുള്ള എല്ലാ വിവരവും എന്റെ നല്ല ചങ്ങാതി കൂടിയായ മോഹൻ തന്നു. ആ വാർത്ത അപ്പോൾ തന്നെ ഞാൻ ഫോണിൽ കോഴിക്കോട്ടേക്ക് വിളിച്ചുകൊടുത്തു. മാതൃഭൂമി കോഴിക്കോട് എഡിഷനിലാകട്ടെ ഈ വാർത്ത വന്നതുമില്ല. മാതൃഭൂമി ഡയറക്ടറുടെ മരണം മിസ്സായത് സത്യത്തിൽ അവർക്ക് ക്ഷീണമായി. ഇക്കാര്യത്തിൽ മാതൃഭൂമി പാലക്കാട് ലേഖകൻ വി. പ്രഭാകരന് വിശദീകരണം നൽകേണ്ടതായി വന്നുവെന്ന് പിറ്റേന്ന് കേട്ടു. ഭക്തകവി വി.കെ.ജി (വി.കെ ഗോവിന്ദൻ നായർ), തരുവക്കോണത്തെ വീട്ടിൽ അന്തരിച്ച വാർത്തയും ആദ്യം റിപ്പോർട്ട് ചെയ്തത് മനോരമയായിരുന്നു. 'അവിൽപ്പൊതി'എന്ന കാവ്യസമാഹാരത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ച കവിയായിരുന്നു വി.കെ.ജി. നായർ.

വള്ളുവനാടൻ രാഷ്ട്രീയത്തിലെ മഹാരഥന്മാരായ ഇ.പി. ഗോപാലൻ, പി. ബാലൻ, കെ. ശങ്കരനാരായണൻ, വി.സി. കബീർ, പി.പി. കുഞ്ഞൻ, എം. വാമനൻ നമ്പൂതിരി (പ്രൊഫ. എം. എം. നാരായണന്റെ പിതാവ്) എന്നിവരുമായൊക്കെ സ്ഥാപിക്കാനായ ആഴത്തിലുള്ള വ്യക്തിബന്ധം പലപ്പോഴും നല്ല വാർത്തകളുണ്ടാക്കുന്നതിനുകൂടി കാരണമായി. വാർത്തകളുടെ നല്ല സോഴ്സ് ആയിരുന്നു പി. ബാലേട്ടൻ. കമ്മ്യൂണിസ്റ്റ് നേതാവും പട്ടാമ്പി എം. എൽ. എ യുമായിരുന്ന ഇ.പി. ഗോപാലൻ മകനോടെന്ന പോലെയാണ് സ്‌നേഹം ചൊരിഞ്ഞിരുന്നത്. മറ്റൊരു മികച്ച ന്യൂസ് സോഴ്സ് ആയിരുന്നു സഖാവ് ഇ. പി ഗോപാലൻ. മലയാളത്തിലെ ആദ്യ നോവൽ 'കുന്ദലത' എഴുതിയ അപ്പു നെടുങ്ങാടിയുടെ അനങ്ങനടി മലയുടെ താഴ് വാരത്തിലെ കോതകുർശ്ശി തറവാട്, ആണ്ടു തോറുമുള്ള സഹൃദയ കൂട്ടായ്മക്ക് വേദിയായി. വി. പി മേനോന്റെ വാപ്പാല തറവാട്, യൗവനത്തിലേ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരി രാജലക്ഷ്മി അധ്യാപികയായ എൻ. എസ്. എസ് കോളേജ്, പാലപ്പുറത്തെ അവരുടെ വാടകവീട്.. ഇവയൊക്കെ പലപ്പോഴായി ഞാൻ സ്റ്റോറികളാക്കി. കൂനത്തറയിലെ തോൽ പാവക്കൂത്ത് കലാകാരന്മാരും കുത്താംപുള്ളിയിലെ നെയ്ത്തുകാരും പാലപ്പുറത്തെ തീപ്പെട്ടി കമ്പനി തൊഴിലാളികളും നല്ല വാർത്താ സ്രോതസ്സുകളായിരുന്നു.

പി. ബാലൻ
പി. ബാലൻ

പട്ടാമ്പി എം.എൽ.എയാകുന്നതിനു മുമ്പ് സി.പി. മുഹമ്മദ്, ഒറ്റപ്പാലം നഗരസഭാ ചെയർമാനായിരുന്ന ഇ. രാമചന്ദ്രൻ, എം.എൽ.എയായിരുന്ന എം. ഹംസ എന്നിവരൊക്കെ വാർത്തകളുമായി ആദ്യകാലങ്ങളിൽ മനോരമ ഓഫീസിൽ എന്നെത്തേടിയത് ഇപ്പോഴോർക്കുന്നു. കാർട്ടൂണിസ്റ്റ് കുട്ടി, എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക് ലി എഡിറ്റർ എം. എസ്. കൃഷ്ണരാജ്, കാബൂൾ ടൈംസ് എഡിറ്റർ കെ. യു. വാര്യർ തുടങ്ങിയവരുമായി ഒറ്റപ്പാലത്ത് തുടങ്ങിയ സൗഹൃദം അവരുടെ അവസാനകാലം വരെ തുടരാനായി.

ലോകപ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ കെ.പി.എസ്. മേനോന്റെ പാലാട്ട് വീട്ടിൽ കൊണ്ടുപോയി,  പി.ടി. നരേന്ദ്ര മേനോൻ അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് മറക്കാനാവില്ല.
ലോകപ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ കെ.പി.എസ്. മേനോന്റെ പാലാട്ട് വീട്ടിൽ കൊണ്ടുപോയി, പി.ടി. നരേന്ദ്ര മേനോൻ അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് മറക്കാനാവില്ല.

വ്യക്തിപരമായി എന്നെ സഹായിച്ച ഒറ്റപ്പാലത്തുകാർനിരവധിയാണ്. ദൂരദർശനിലെ സേതുമാധവൻ മച്ചാട്, ഇന്ത്യൻ ഓവർസീസ് ബാങ്കിലുണ്ടായിരുന്ന നാരായണപ്രസാദ്, പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജധ്യാപകനായിരുന്ന എൻ. സുബ്രഹ്മണ്യൻ, എന്റെ ലോഡ്ജ് മേറ്റുകളായിരുന്ന ആഷാമേനോൻ, പ്രൊഫ. ജി.കെ.പിള്ള, അഡ്വ. എൻ.പി ശ്രീകുമാർ, ലോഡ്ജിന്റെ ഉടമയായിരുന്ന അമ്പി സ്വാമി, സഹോദരൻ ശ്രീനി.... ഇവരിൽ പലരും ഇന്ന് ഈ ലോകത്തില്ല.

1979- ഒടുവിൽ ഒറ്റപ്പാലത്തോട് ഞാൻ ഗുഡ്‌ബൈ പറഞ്ഞു. നാലു പതിറ്റാണ്ടിലേറെയായി പ്രവാസലോകത്ത്. എഴുത്തും വായനയും തുടരുമ്പോഴും മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും ആധുനിക രീതികളിലൂടെ യാത്ര തുടരുമ്പോഴും റെയിൽവെ സ്‌റ്റേഷൻ റോഡിൽ വാസുനായരുടെ സരസ്വതീഹോട്ടലിലെ ദോശയുടേയും ചമ്മന്തിയുടേയും എരിവും പുളിയും നൽകിയ ഹാംഗോവറിൽ, മുരളീലോഡ്ജിലെ പഴയ മേശപ്പുറത്ത് നിരത്തിവെച്ച ന്യൂസ് പാഡിൽ ബാൾപേന കൊണ്ട് ഒറ്റപ്പാലം എന്നെഴുതി രണ്ട് കുത്തിട്ട് എഴുതാൻ പോകുന്ന വാർത്തയുടെ 'ചെത്തവും ചൂരും', ഒപ്പം ആവശ്യത്തിനും അനാവശ്യത്തിനും അനുഭവിച്ച സംഘർഷവും, പിറ്റേന്ന് പത്രം കാണുമ്പോൾ തോന്നുന്ന അവാച്യമായ അനുഭൂതിയുമെല്ലാം, സൗദി അറേബ്യയുടെ കവാടനഗരമായ ജിദ്ദയിലെ ഫ്ലാറ്റിലിരുന്ന് അതിദ്രുതം ടൈപ്പ് ചെയ്ത ഗൃഹാതുരമായ ഈ വരികളിലേക്ക് നോക്കുമ്പോൾ, അഞ്ച് പതിറ്റാണ്ടായി എന്നെ അവിരാമം പിന്തുടരുന്നു. വിലോഭനീയമായ വിസ്മയങ്ങളുടെ വള്ളുവനാടൻ കാലപ്രവാഹത്തിന് മുമ്പിൽ ആദരവുകളോടെ കൈകൾ കൂപ്പട്ടെ. അനുഭവങ്ങളുടെ അക്ഷയഖനി തുറന്നുതന്ന പ്രിയ ഒറ്റപ്പാലമേ, സ്വസ്തി.

Comments