വിത്ത് വില്ക്കാനുള്ളതല്ല. കൈമാറ്റം ചെയ്യപ്പെടാനുള്ളതാണ് എന്ന ആശയമാണ് രാമേട്ടനെ എക്കാലത്തും നയിച്ചത്. തറവാട് കാരണവരായ അമ്മാവനിൽ നിന്നാണ് അഞ്ചാറ് പാരമ്പര്യ വിത്തുകൾക്കൊപ്പം ഈ ചിന്തയും ഭൂമിയും രാമേട്ടനിൽ വന്നുചേർന്നത്. ഒരിക്കൽ പോലും കൈമോശം വരാതെ, മരണം വരെ അദ്ദേഹമിത് പിന്തുടർന്നു. അദ്ദേഹം ഒരിക്കൽ പോലും വിത്ത് വിറ്റില്ല. വിത്തുകൾ വാങ്ങി പോകുന്നവരോട് അത്രയും വിത്ത് തന്നെ തിരികെ തന്നാൽ മതിയെന്ന് നിർദ്ദേശിച്ചു.
വിത്ത് പ്രകൃതിയുടേതാണ്. അത് കൈകാര്യം ചെയ്യുന്നവർ, അവരുടെ കാലത്തിനും ജീവിതത്തിനും ശേഷം അടുത്ത തലമുറയിലേക്ക് കൈമാറുക എന്നൊരു പ്രക്രിയയാണ് നടക്കേണ്ടത് എന്ന് അദ്ദേഹം കരുതി. അത് വിശാലമായ ഒരു ബോധമാണ്, പരിസ്ഥിതി ബോധമാണ്. ഈ അവബോധം രാമേട്ടന്റെ എല്ലാ പ്രവർത്തനങ്ങളിലും നമുക്ക് കാണാവുന്നതാണ്.
നമ്മുടെ വിത്തുകളെല്ലാം കോർപ്പറേറ്റുകളുടെ കയ്യിൽ അകപ്പെട്ടുവെന്ന വസ്തുത നിലനിൽക്കുമ്പോഴും രാമേട്ടൻ ഉയർത്തുന്ന ഒരു പ്രതിരോധമുണ്ട്. ഒരു കർഷകൻ എന്ന നിലയിൽ ഉത്കൃഷ്ടമാണത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ചെറുവയൽ രാമൻ എന്ന കർഷകൻ. അദ്ദേഹം ഏതാണ്ട് 63 ഇനം നെൽവിത്തുകൾ എല്ലാ വർഷവും കൃഷി ചെയ്തു.
പൂർവീകനായ അമ്മാവനിൽ നിന്ന് വന്നുചേർന്ന വിത്തുകൾക്ക് പുറമെ പഴയവ തേടി അദ്ദേഹം ആദ്യകാലത്ത് വയനാട് മുഴുവൻ അലഞ്ഞുനടന്നു. ഇതിന് പ്രചോദനമായത്, ഏതാണ്ട് ഒരു 1980-ഒക്കെ ആകുന്ന സമയത്ത് വയനാട്ടിലെത്തിയ ഒരു ഗവേഷക സംഘമാണ്. വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘമായിരുന്നു അത്. മൺമറഞ്ഞുപോയതും ഉപയോഗശൂന്യവുമായ കാർഷിക ഉപകരണങ്ങൾ കണ്ടെത്താൻ സഹായിക്കാൻ ഈ സംഘം രാമേട്ടനോട് അഭ്യർത്ഥിച്ചു. അതിനുവേണ്ടി കുറെ ശ്രമങ്ങൾ നടത്തുകയും അവരെ സഹായിക്കുകയും ചെയ്തു. എന്തിനാണ് ഇതൊക്കെ എന്ന ചോദ്യത്തിന് ആ ഗവേഷക വിദ്യാർത്ഥി സംഘം നൽകിയ മറുപടിയാണ് വിത്തുകൾ ശേഖരിക്കുന്നതിലേക്കും സൂക്ഷിക്കുന്നതിലേക്കും രാമേട്ടേനെ നയിച്ചത്. അടുത്ത തലമുറയെ പരിചയപ്പെടുത്തുന്നതിന് ഇത്തരം ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതുണ്ടെന്ന തിരിച്ചറിവും അദ്ദേഹത്തിൽ മുളച്ചു.
ആ ചിന്തയുടെ തുടർച്ചയാണ് വിത്തുകളും നഷ്ടപ്പെട്ടു പോകില്ലേയെന്നത്. അങ്ങനെയെങ്കിൽ, മൺമറഞ്ഞ്പോയ വിത്തുകൾ കണ്ടെത്തി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കല്ലേ എന്നുള്ളതായിരുന്നു അടുത്ത സന്ദേഹം. ഒരു ദൗത്യമായി രാമേട്ടൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ആദ്യഘട്ടങ്ങളിൽ വളരെ ദുഷ്കരമായിരുന്നു ഈ പ്രവൃത്തി. ഹരിത വിപ്ലവത്തിന്റെ ഭാഗമായി പാടവും പറമ്പും അമിത വിളവ് നൽകുന്ന അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കീഴടക്കിയ ഒരു ഘട്ടമായിരുന്നു അത്.
ആ സന്ദർഭത്തിൽ പഴയ വിത്തുകൾ അന്വേഷിച്ചു നടക്കുന്ന രാമേട്ടനെ ഒരു ഭ്രാന്തനായാണ് പലരും ചിത്രീകരിച്ചത്. പ്രതിബന്ധങ്ങളെല്ലാം അവഗണിച്ചു കൊണ്ട് പരമ്പരാഗത പൈതൃക വിത്തുകൾ സംരക്ഷിക്കാനുള്ള ദൗത്യവുമായി രാമേട്ടൻ മുന്നോട്ടുപോയി. അങ്ങനെ ഏതാണ്ട് 63 ഇനം നെൽവിത്തുകൾ അദ്ദേഹം കണ്ടെത്തി. വിത്തുകൾ സൂക്ഷിക്കുക എന്നത് പ്രായോഗികമായി വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. ഗവേഷണ നിലയങ്ങളിലെ ശീതീകരിച്ച മുറികളിൽ അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട അല്ലെങ്കിൽ നടക്കേണ്ട ഒരു പ്രവർത്തനമാണ് വിത്തുകളുടെ സൂക്ഷിപ്പ്. എന്നാൽ, പരിഹാരം പരമ്പരാഗത കൃഷിരീതിയിലുണ്ടെന്ന് അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം. പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെത്. ഏതാണ്ട് നൂറ്റമ്പത് വർഷത്തോളം പഴക്കമുള്ള വീട്ടിലായിരുന്നു രാമേട്ടൻ്റെ വാസം. വളരെ ട്രഡീഷണൽ ആയി നിർമ്മിച്ചിട്ടുള്ള ഒരു വീടാണ്. അതായത് പ്രാദേശികമായി കിട്ടുന്ന വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ആ വീട് നിർമ്മിച്ചത്. വീട് നിർമ്മിക്കുന്നത് മുതലുള്ള മുഴുവൻ പണികളും ചെയ്തിരുന്നതും ഇപ്പോഴും ഒടുവിൽ ചെയ്തതും രാമേട്ടനാണ്.

ഇപ്പോൾ പ്രസക്തമായ മറ്റൊരു കാര്യം, നമ്മുടെ വിത്തുകളെല്ലാം കോർപ്പറേറ്റുകളുടെ കയ്യിൽ അകപ്പെട്ടുവെന്ന വസ്തുത നിലനിൽക്കുമ്പോഴും രാമേട്ടൻ ഉയർത്തുന്ന ഒരു പ്രതിരോധമുണ്ട്. ഒരു കർഷകൻ എന്ന നിലയിൽ ഉത്കൃഷ്ടമാണത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ചെറുവയൽ രാമൻ എന്ന കർഷകൻ. അദ്ദേഹം ഏതാണ്ട് 63 ഇനം നെൽവിത്തുകൾ എല്ലാ വർഷവും കൃഷി ചെയ്തു. ഒരു സെന്റിലോ രണ്ട് സെന്റിലോ അഞ്ചു സെന്റിലോ ഒക്കെയായി കൃഷി ചെയ്ത് ആ വിത്തുകളെ സംരക്ഷിച്ചു.
ഒരു വിത്ത് സംരക്ഷിക്കുക എന്ന് പറയുന്നത് ഓരോ വിത്തിലെയും ജീവൻ അവസാനിക്കുന്നതിനു മുമ്പ് അതിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ്. ആ ഒരു ദൗത്യമാണ് രാമേട്ടൻ നിർവഹിച്ചത്. പുനരുജ്ജീവിപ്പിക്കുക എന്ന കർത്തവ്യത്തിന് മാത്രമേ മനുഷ്യന് അവകാശമുള്ളൂ. കാരണം വിത്തുകൾ പ്രകൃതിയുടേതാണ്. അത് വിതയ്ക്കുന്നവർ മാത്രമാണ് കർഷകർ എന്ന് രാമേട്ടൻ വിശ്വസിക്കുന്നു. കാറ്റിലൂടെയും മഴയിലൂടെയും വായുവിലൂടെയും വിത്തുകൾ വിതയ്ക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
പ്രകൃതിയോട് ഒത്തിണങ്ങിയുള്ള സമഗ്രമായ ഒരു ജീവിതമാണ് ഇന്ത്യയുടെ സമ്പന്നമായ കാർഷിക സംസ്കൃതി എന്ന ഓർമ്മപ്പെടുത്തൽ കൂടി രാമേട്ടൻ നടത്തുന്നുണ്ട്. യഥാർത്ഥത്തിൽ രാമേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് പരമ്പരാഗതമായ കൃഷി അറിവുകൾ കൂടിയാണ്. ഇതിന് ആവശ്യമായ ആലോചനകൾ ആരംഭിക്കുകയും ഗവേഷണങ്ങളും പ്രവർത്തനങ്ങളും ഉണ്ടാവുകയുമാണ്, ഇപ്പോൾ, ഈ ഘട്ടം ആവശ്യപ്പെടുന്നത്.

