സച്ചിനേയും ലാറയേയും അഭിനയിപ്പിച്ച പ്രതാപ് പോത്തൻ

രണ്ട് സിനിമകളിൽ പ്രതാപ് പോത്തനോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എനിക്ക്. ത്രീ ഡോട്ട്സ്, അപ്പവും വീഞ്ഞും. പക്ഷെ അതിനേക്കാൾ എത്രയോ കാലം മുൻപ് അദ്ദേഹത്തെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച ഒരു പരസ്യചിത്രകാരനാണ് ഞാൻ. കാരണം പരിചയപ്പെട്ടതിൽ തൊട്ടിന്നുവരെ കൂടുതൽ സംസാരിച്ചത് മുഴുവൻ പരസ്യങ്ങളെക്കുറിച്ചാണ്. എന്നാൽ പരിചയപ്പെട്ടത് എനിക്കേറ്റവും പ്രിയപ്പെട്ട സിനിമയിലെ അദ്ദഹത്തിന്റെ കഥാപാത്രമായ പ്രതാപ് എന്ന സംവിധാകയനെക്കുറിച്ചു സംസാരിച്ചു കൊണ്ടാണ്.

വരുമയിൻ നിറം സിഗപ്പ് (ദാരിദ്ര്യത്തിന്റെ നിറം ചുവപ്പ്) എന്ന സിനിമയിലെ ക്ഷിപ്രകോപിയായ അരവട്ടൻ പ്രതാപ് എന്ന സംവിധായകൻ. തന്റെ അതേ പേര് തന്നെ ആ കഥാപാത്രത്തിന് സംവിധായകൻ കെ. ബാലചന്ദർ നൽകിയപ്പോൾ പ്രതാപ് പോത്തൻ അത് സസന്തോഷം സ്വീകരിച്ചത് അത് താൻ തന്നെയാണ് എന്നത് കൊണ്ടാകാം. ജീവിതത്തിലെ പ്രതാപ് പോത്തൻ എന്ന സംവിധായകനും അത് പോലൊക്കെ തന്നെയായിരുന്നു. അത് സിനിമയായാലും പരസ്യചിത്രങ്ങളിലായാലും.

പ്രതാപ് പോത്തൻ, ഫേവർ ഫ്രാൻസിസ്

പരസ്യഏജൻസിയിൽ കോപ്പി റൈറ്റർ ആയിട്ടാണ് പ്രതാപ് പോത്തൻ തന്റെ കരിയർ ആരംഭിക്കുന്നത്. സിസ്റ്റാസ്, ഹിന്ദുസ്ഥാൻ തോംപ്സൺ പോലുള്ള പ്രശസ്ത ഏജൻസികളിൽ പ്രവർത്തിച്ച അദ്ദേഹം ഏറ്റവും കൂടുതൽ പരസ്യങ്ങൾ സംവിധാനം ചെയ്തത് ഒരു പക്ഷെ എം ആർ എഫിന് വേണ്ടിയാകും. ഈ ബ്രാൻഡിൽ മാത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതൊരു വ്യക്തിബന്ധത്തിൻറെ പേരിൽ എന്നായിരുന്നു ഉത്തരം.

സച്ചിൻ ടെണ്ടുൽക്കർ ബ്രയൻ ലാറ, സ്റ്റീവ് വോ തുടങ്ങിയ സെലിബ്രിറ്റി ക്രിക്കറ്റ് കളിക്കാരെ അണിനിരത്തിയാണ് പ്രതാപ് പോത്തൻ എം ആർ എഫിന്റെ പരസ്യങ്ങൾ സംവിധാനം ചെയ്തത്. എന്നാൽ സെലിബ്രിറ്റി സാന്നിധ്യമില്ലാത്ത മനോഹരമായ പരസ്യങ്ങളും അദ്ദേഹം എം ആർ എഫിന് വേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്. 2011 ൽ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആയ ഗ്രീൻ ആപ്പിൾ നിർമിച്ച 'ട്രെഡ് എനിവേർ' എന്ന എം ആർ എഫ് പരസ്യചിത്രം ആ ഗണത്തിൽ പെടുന്ന ഒന്നാണ്. അക്കാലത്ത് പരസ്യചിത്രങ്ങൾക്കായി നല്ല ജിംഗിളുകൾ ചെയ്തു വന്നിരുന്ന എ ആർ റഹ്‌മാൻ എന്ന തുടക്കക്കാരനെക്കുറിച്ച് മണിരത്നത്തോട് പറഞ്ഞതും പ്രതാപ് പോത്തൻ തന്നെയാണെന്ന് റഹ്മാനെക്കുറിച്ച് കൃഷ്ണ ത്രിലോക് എഴുതിയ നോട്ട്സ് ഓഫ് എ ഡ്രീം എന്ന ഔദ്യോഗിക ജീവചരിത്രത്തിൽ അദ്ദേഹം എടുത്തു പറയുന്നുണ്ട്.

പ്രഗത്ഭനായ ഒരു ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ ഏതൊരു മികച്ച ബ്രാൻഡിന്റെയും പരസ്യചിത്രങ്ങൾ സംവിധാനം ചെയ്യാമായിരുന്നിട്ടും എം ആർ എഫ് പോലെ താൻ ഹൃദയത്തിനോട് ചേർത്ത് നിർത്തിയ ചില ബ്രാൻഡുകൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പരസ്യചിത്രങ്ങൾ ചെയ്തത്. തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും തനിക്കിഷ്ടമുള്ള പോലെ ജീവിതം ആഘോഷിക്കുകയും ചെയ്ത ആ മനുഷ്യൻ വിട വാങ്ങുമ്പോൾ എനിക്ക് നഷ്ടപ്പെടുന്നത് എന്റെ പരസ്യങ്ങൾ കണ്ട് കൃത്യമായി അഭിപ്രായം പറഞ്ഞിരുന്ന ഒരു ഗുരുവിനെയാണ്. അതിനേക്കാളേറെ ഞാൻ മിസ് ചെയ്യാൻ പോകുന്നത് അദ്ദേഹത്തിന്റെ ഭക്ഷണ പോസ്റ്റുകളും അതിഗംഭീരം കൊട്ടേഷനുകളുമാണ്.

പരസ്യചിത്രീകരണ വേളയിൽ സച്ചിനൊപ്പം പ്രതാപ് പോത്തൻ

Multiplication is the name of the game and each generation plays the same

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഫേസ് ബുക്കിൽ എഴുതിയ ഈ വാക്കുകൾക്ക് താഴെ Then what is the purpose of Life !? എന്ന് ചോദിച്ചിരുന്നു റിയാസ് മുഹമ്മദ് എന്ന സുഹൃത്ത്. അതിനു പ്രതാപ് പോത്തൻ മറുപടി നൽകിയത് ഇങ്ങനെയാണ്

"I wish knew ...but right now I think it's just surviving"

വിട ബോസ്

വരുമയിൻ നിറം സിഗപ്പ് ഒന്ന് കൂടി കാണട്ടെ.

Comments