കല്ലറകളേ ഇല്ലാതാകുന്നുള്ളൂ

മുഖ്യധാര മലയാള സാഹിത്യം മറന്നു പോയ കവി കെ.സി ഫ്രാൻസിന്റെ ഓർമ്മ ദിനമാണ് ഇന്ന്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പർ ബോയ് യുടെ ഗാന രചയിതാവ് കൂടിയായ കെ.സി ഫ്രാൻസിസിനെ മകൻ ഫേവർ ഓർക്കുന്നു.

ഫോട്ടോയിലിരുന്ന് അപ്പൻ നോക്കുന്നുണ്ട്. കല്ലറയിൽ പോയി മെഴുകുതിരി കത്തിക്കാനോ പൂക്കൾ വെച്ചു പ്രാർഥിക്കാനോ എനിക്ക് സാധിക്കില്ലെന്ന് അപ്പനറിയാം. കൊറോണയല്ല കാരണം. അപ്പന്റെ കല്ലറ ഇപ്പോൾ ഇല്ല. അമ്മയുടെയും. ലക്ഷങ്ങൾ ചെലവാക്കി കടുംബകല്ലറ വാങ്ങാൻ കെല്പില്ലാത്തത് കൊണ്ട് സാധാ കുഴിമാടങ്ങളിൽ ആണ് അപ്പനെ അടക്കിയത്. അമ്മയെയും അതെ. കഴിഞ്ഞ കൊല്ലത്തോടെ ആ രണ്ടു കുഴിമാടങ്ങൾക്കും വേറെ അവകാശികളെത്തി. അവർക്ക് വേണ്ടി അപ്പനുമമ്മയും കുഴിമാടങ്ങളിൽ നിന്ന് അസ്ഥിക്കുഴിയിലേക്ക് താമസം മാറ്റി.

"കോക്കോ' എന്ന ആനിമേഷൻ സിനിമയുണ്ട്. സംഗീതം വിലക്കപ്പെട്ട ഒന്നായി കാണുന്ന കുടുംബത്തിൽ നിന്ന് അബദ്ധത്തിൽ മരിച്ചവരുടെ ലോകത്തെത്തുന്ന സംഗീതപ്രേമിയായ കുട്ടിയെക്കുറിച്ചാണ് ആ സിനിമ. മരിച്ചവരുടെ ലോകത്ത് സംഗീത ലോകത്തെ സൂപ്പർ താരമായിരുന്ന ഏണസ്റ്റോ ഡി ലാ ക്രൂസിനെ തേടുന്ന അവന്റെ സഹായത്തിനെത്തുന്നത് ഹെക്ടർ എന്ന കഥയില്ലാത്ത ഒരു ചങ്ങാതിയാണ്. ഹെക്ടറിനോടൊപ്പമുള്ള യാത്രക്കിടയിൽ അവൻ ഒരു സത്യം മനസിലാക്കുന്നുണ്ട്.

മരിച്ചവരുടെ ലോകത്ത് അവരെല്ലാം സന്തുഷ്ടരാണ്. എല്ലാ മരിച്ചവരുടെയും ഓർമദിവസമായി ഭൂമിയിൽ ആഘോഷിക്കുന്ന ദിവസം അവരുടെ കല്ലറകളിൽ പൂക്കൾ വെച്ചു പ്രാർത്ഥിക്കാനെത്തുന്ന അവരുടെ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് അവർ അന്ന് മരിച്ചവരുടെ ലോകത്തുനിന്ന് പാലം കടന്നെത്തും. പക്ഷെ ഭൂമിയിൽ ആരും അവർക്കായി കല്ലറകളിൽ പ്രാർത്ഥിക്കാൻ എത്താതിരിക്കുന്ന ദിവസം അവരെക്കുറിച്ചുള്ള ഓർമകൾ ഭൂമിയിൽ നിന്ന് മായുന്ന ദിവസം അവർ മരിച്ചവരുടെ ലോകത്തു നിന്നും മാഞ്ഞുപോകും.

അപ്പന്റെയും അമ്മയുടെയും ഓർമകൾ നിലനിർത്താനായി ചേട്ടൻ ഞങ്ങളുടെ ഇടവകപ്പള്ളിയിലെ ഓർമ മതിലിൽ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മുതൽ ഇനി അവരുടെ ഓർമ ദിവസങ്ങളിലെ പ്രാർത്ഥന അവിടെയാണ്.

ഇന്ന് ജൂലൈ അഞ്ച്. അപ്പന്റെ ഓർമദിനം


Summary: മുഖ്യധാര മലയാള സാഹിത്യം മറന്നു പോയ കവി കെ.സി ഫ്രാൻസിന്റെ ഓർമ്മ ദിനമാണ് ഇന്ന്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പർ ബോയ് യുടെ ഗാന രചയിതാവ് കൂടിയായ കെ.സി ഫ്രാൻസിസിനെ മകൻ ഫേവർ ഓർക്കുന്നു.


Comments