ലെനിനും ജീവിതപങ്കാളി നതാഷ്ദ ക്രുപ്‌സ്കയയും

പെൺസഖാക്കളുടെ ലെനിൻ,
ലെനിന്റെ പെൺസഖാക്കൾ

അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുൻനിരയിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളായ വനിതാ സഖാക്കളുടെ വിമർശനങ്ങളെ നേരിടാൻ സ്വയം വിസമ്മതിക്കുകയും ഒഴിഞ്ഞുമാറുകയുമാണ് ലെനിൻ ചെയ്തത്. ലെനിന്റെ ജീവിതത്തിലെ പെൺസഖാക്കളെക്കുറിച്ച് എഴുതുന്നു ദാമോദർ പ്രസാദ്.

ലെനിന്റെ സമകാലികരും പ്രധാന വിമർശകരുമായ എഡ്‌വേഡ് ബേൺസ്റ്റെയ്ൻ, കാൾ കൗട്സ്കി, റഷ്യൻ മാർക്സിസത്തിന്റെ ആചാര്യനായ പ്ലഹനോവ്, മെൻഷെവിക് നേതാവായ മാർട്ടോവ് എന്നിവരെ വിമർശനാത്മകമായതും   അതിരൂക്ഷമായതുമായ ഭാഷാപ്രയോഗങ്ങളിലൂടെയും പ്രത്യശാസ്ത്രപരമായ കടുംപിടുത്തതോടെയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടെയും നേരിടുന്നതോടൊപ്പം അവരെ അന്താരാഷ്ട്ര കമ്യൂണിസത്തിന്റെ ചരിത്രത്തിൽ നിന്ന് പുറന്തള്ളാനും ലെനിനു കഴിഞ്ഞു. ഇതിൽ പ്ലഹനോവിനു മാത്രമാണ് പിൽക്കാലത്തു മാർക്സിസ്റ്റ് ചിന്തകൻ എന്ന നിലയിൽ പുനഃസ്ഥാപനം ലഭിച്ചത്. 

വിപ്ലവത്തിന്റെ മാർഗം, പാർട്ടി ഘടന, തൊഴിലാളി വിപ്ലവത്തെ സാധ്യമാക്കുന്ന മുതലാളിത്ത ഘട്ടം തുടങ്ങിയ സൈദ്ധാന്തിക പ്രശ്നങ്ങളെ മുൻനിർത്തിയാണ് ലെനിൻ തന്റെ സമകാലികരും സോഷ്യൽ ഡെമോക്രസി പ്രസ്ഥാനങ്ങളിലെ പ്രധാനികളായവർക്കുക്കെതിരെ പോരാടിയത്.  1902 -ലാണ്, പിൽക്കാലത്ത്, ലെനിനിസത്തിന്റെ അടിസ്ഥാനമായി മാറുന്ന ‘എന്തു ചെയ്യണം’ എന്ന, റഷ്യൻ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ എന്നുതന്നെ വിളിക്കാവുന്ന സൈദ്ധാന്തികരചന ലെനിൻ എഴുതുന്നത്. ഇതിനെ തുടർന്നാണ് തന്റെ വിമർശകർക്കെതിരെ ലെനിൻ പോരാട്ടം ആരംഭിക്കുന്നത്. തൊഴിലാളിവർഗ വിപ്ലവത്തിനുള്ള ഒരു സാധ്യതയും ഇല്ലാത്ത കാലത്താണ് തിരുത്തൽവാദത്തിനെതിരായ നിലപാട് എന്ന നിലയിൽ ലെനിൻ പോരാട്ടം തുടങ്ങിവെയ്ക്കുന്നത്. 

എഡ്‌വേഡ് ബേൺസ്റ്റെയ്ൻ, കാൾ കൗട്സ്കി, ജോർജി പ്ലഹനോവ്, ജൂലിയസ് മാർട്ടോവ്
എഡ്‌വേഡ് ബേൺസ്റ്റെയ്ൻ, കാൾ കൗട്സ്കി, ജോർജി പ്ലഹനോവ്, ജൂലിയസ് മാർട്ടോവ്

റഷ്യയിൽ സാർ ഭരണത്തിനെതിരെ ബോൾഷെവിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ തൊഴിലാളിവർഗ വിപ്ലവം അരങ്ങേറുമെന്ന് ദൃഢമായി വിശ്വസിക്കുകയും നിശ്ചയദാർഢ്യത്തോടെ അതിനായി മാത്രം ജീവിക്കുകയും എഴുതുകയും ചെയ്യുന്ന ഒരേയൊരാൾ ഇക്കാലയളവിൽ വ്ലാദിമിർ ഇല്ലിച് ഉല്യാനോവ് എന്ന ലെനിനായിരിക്കും. സ്റ്റാലിനാണെങ്കിലും ട്രോട്സ്കിയാണെങ്കിലും കമനേവാണെങ്കിലും സിനോവീവാണെങ്കിലും കാൾ റാഡെകാണെങ്കിലും ലെനിന്റെ അനുയായികൾ മാത്രമായിരുന്നു. 

റോസാ ലക്സംബർഗ്, ക്ലാര സ്റ്റ്കിൻ, വേര സസ്‌ലുവിച്, ഇന്നിസ അർമാൻഡ് തുടങ്ങി ലെനിനുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ഇവരെ ഒരിക്കൽ പോലും രൂക്ഷമായ ഭാഷയിൽ ലെനിൻ വിമർശിച്ചിരുന്നില്ല.

മാർക്സിസത്തെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങൾക്കും വിപ്ലവസംഘടനയെക്കുറിച്ചുള്ള തന്റെ ദർശനങ്ങൾക്കും തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ മൂർത്ത രൂപത്തെക്കുറിച്ചുള്ള തന്റെ പ്രായോഗികമായ നിലപാടുകൾക്കും എതിരെയുള്ള, ഏംഗൽസിന്റെ നേർശിഷ്യനായ കൗട്സ്കിയുടെ വാദമുഖങ്ങളെ പിച്ചിച്ചീന്തീക്കളഞ്ഞ ലെനിൻ, പക്ഷെ ഏറ്റവും പ്രസക്തമായ സൈദ്ധാന്തിക പ്രശ്നങ്ങൾ ഉന്നയിച്ച  അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുൻനിരയിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളായ തന്റെ വനിതാസഖാക്കളുടെ വിമർശനങ്ങളെ നേരിടാൻ സ്വയം വിസമ്മതിക്കുകയും ഒഴിഞ്ഞുമാറുകയുമാണ് ചെയ്തത്. 
വിപ്ലവകാരികളായിരുന്നു ഇവർ.
റോസ ലക്സംബർഗ്, ക്ലാര സ്റ്റ്കിൻ, വേര സസ്‌ലുവിച്, ഇന്നിസ അർമാൻഡ് തുടങ്ങി വ്യത്യസ്ത കാലങ്ങളിൽ ലെനിനുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ഇവർ ഓരോരുത്തരും കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പാതയിൽ നിന്നൊരിക്കലും വ്യതിചലിക്കില്ല എന്ന ബോധ്യം മൂലമാകണം, ഒരിക്കൽപോലും രൂക്ഷമായ ഭാഷയിൽ ഇവരെ വിമർശിക്കാനും കമ്യൂണിസത്തിന്റെ അന്താരാഷ്ട്ര ചിത്രത്തിൽനിന്ന് ഇവരെ പുറന്തള്ളാനും ലെനിൻ  ശ്രമിക്കാതിരുന്നത്.

ക്ലാര സ്റ്റ്കിൻ, റോസാ ലക്സംബർഗ്
ക്ലാര സ്റ്റ്കിൻ, റോസാ ലക്സംബർഗ്

ആശയതലത്തിലെങ്കിലും ലെനിന്റെ വ്യക്തിജീവിതത്തിൽ സ്ത്രീകളുടെ സ്വാധീനം പ്രകടമാണ്. ജീവിതത്തിന്റെ ഏതുഘട്ടത്തിലും ഒപ്പം നിന്ന ജീവിതപങ്കാളിയായ ക്രൂപ്സ്കയ, ലെനിന്റെ മാതാവ് മേരി, സഹോദരി അന്ന എന്നിവരോടുള്ള അടുപ്പവും ആദരവും ലെനിന്റെ എല്ലാ ജീവിതചരിത്രകാരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. ലെനിന്റെ പ്രവാസകാലത്ത് സഹോദരിയുമായി ലെനിൻ കത്തിടപാടുകൾ നടത്തുന്നുണ്ട്. വിപ്ലവത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്നതായിരുന്നു ലെനിൻ. എങ്കിൽ തന്നെയും ലെനിന്റെ കുടുംബബന്ധങ്ങൾ ഊഷ്മളമായിരുന്നു.

ബോൾഷെവിക് പാർട്ടിയിൽനിന്ന് ലെനിന് ലഭിച്ചിരുന്നത് തുച്ഛമായ തുക മാത്രമായിരുന്നു. പുസ്തകരചനയിൽ നിന്നോ പത്രപ്രവർത്തനത്തിൽ നിന്നോ കാര്യമായ വരുമാനവുമുണ്ടായിരുന്നില്ല. ഏറെക്കാലം മാതാവിൽ നിന്നു ലഭിച്ചിരുന്ന സാമ്പത്തിക പിന്തുണയാണ് ലെനിന് സഹായകമായത്. ആദ്യ മകനെ സാറിന്റെ കഴുമരം കൊണ്ടുപോയതിൽ അതീവ ദുഃഖിതയായ മാതാവിന്, സാറിനെതിരെയുള്ള ലെനിന്റെ വിപ്ലവ പ്രവർത്തനങ്ങളോട് എതിർപ്പുണ്ടായിരുന്നില്ല. സാറിന്റെ അന്ത്യം ബോൾഷെവിക്കുകളേക്കാൾ ലെനിന്റെ കുടുംബം ആഗ്രഹിച്ചിരുന്നുവെന്നുവേണം കരുതാൻ. 

ഇന്നിസ അർമാൻഡ്, വേര സസ്‌ലുവിച്
ഇന്നിസ അർമാൻഡ്, വേര സസ്‌ലുവിച്

കമ്യൂണിസ്റ്റുകൾക്ക് വ്യക്തി, കുടുംബം, സ്വകാര്യ സ്വത്ത് (സമ്പാദനം) എന്നിവ അളിഞ്ഞ ബൂർഷ്വാ വ്യവസ്ഥിതിയുടെ മാറാപ്പുകളായിരുന്നു. ഇതിന്റെ അർഥം, അവർ വ്യക്തിബന്ധങ്ങളെ തിരസ്ക്കരിച്ചുവെന്നല്ല. ജെന്നിയോടുള്ള മാർക്സിന്റെ പ്രണയം ജീവിതത്തിന്റെ ഒരു ഘട്ടത്തിലും വരണ്ടുപോയിരുന്നില്ല. മക്കളോടുള്ള മാർക്സിന്റെ സ്നേഹം പകരംവെയ്ക്കാനാവാത്തതാണ്. ഇതൊക്കെ ഡോക്യുമെന്റ് ചെയ്യപ്പെട്ട ചരിത്രമാണ്. എന്നാൽ, കുടുംബബിസിനസും ട്രസ്റ്റും സ്വത്തുസമ്പാദനവും സ്വാർത്ഥതയും കമ്യൂണിസ്റ്റുകൾക്കെന്നും വർജ്യമായിരുന്നു. ലെനിന്റെ ദാമ്പത്യജീവിതം പാർട്ടിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. 

പാർട്ടിക്കുവേണ്ടിയുള്ള ജീവിതമെന്നത് ലെനിനിസ്റ്റ് സങ്കല്പത്തിൽ വിപ്ലവത്തിനു വേണ്ടിയുള്ളതെന്നാണർത്ഥം. അനിവാര്യമായ വിപ്ലവത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു ജീവിതം. പാർട്ടിയെ ആജീവനാന്ത സ്ഥാപനമായോ ജാതി പോലെ അടഞ്ഞ വ്യവസ്ഥിതിയായോ ലെനിനും ലെനിനിസവും വിഭാവനം ചെയ്യുന്നില്ല. ക്രൂപ്സ്കയ  ലെനിന്റെ ‘കോമ്രേഡ് ഇൻ ആംസ്’ (comrade in  arms -) ആയിരുന്നു, ലെനിന്റെ സെക്രട്ടറിയായിരുന്നു, വിപ്ലവകാരികളുടെ ആതിഥേയയായിരുന്നു. ബോൾഷെവിക് ചരിത്രത്തിൽ ഏറ്റവും ആദരം അർഹിക്കുന്ന സോഷ്യലിസ്റ്റാണ് ക്രൂപ്സ്കയ. 

ലെനിന്റെ മാതാവ് മേരി, സഹോദരി അന്ന
ലെനിന്റെ മാതാവ് മേരി, സഹോദരി അന്ന

ലെനിന്റെ വിപ്ലവസംഘാടനത്തിലും രഹസ്യാത്മക ജീവിതത്തിലും ക്രൂപ്സ്കയയോളം (Krupskaya) പങ്കുവഹിച്ച മറ്റൊരാളുമുണ്ടാവുകയില്ല. ലെനിന്റെ ആൺസഖാക്കളുമായി പല അവസരങ്ങളിലും ലെനിൻ തെറ്റിപ്പിരിഞ്ഞിട്ടുണ്ട്. സ്റ്റാലിനുമായും ട്രോട്സ്കിയുമായും ലെനിൻ അകന്നിട്ടുണ്ട്. ക്രൂപ്സ്കയയോട് അനാദരവു കാണിച്ചതിനെ സ്റ്റാലിനെ ലെനിൻ താക്കീത് ചെയ്യുന്നുണ്ട്. ലെനിൻ ശ്രുശൂഷയിലായിരുന്ന കാലത്താണ് സ്റ്റാലിൻ ക്രൂപ്സ്കയയോട് മുരട്ടുസ്വഭാവത്തിൽ പെരുമാറിയത്. ആരോഗ്യം വീണ്ടെടുത്ത് ലെനിൻ തിരികെ സോവിയറ്റിന്റെ ഭരണപരമായ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങിയിരുന്നെങ്കിൽ ലോക കമ്യൂണിസ്റ്റ് ചരിത്രം മറ്റൊന്നാകുമായിരുന്നു. 

സോവിയറ്റ് യൂണിയൻ സെൻസർ ചെയ്ത ലെനിന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാശ്ചാത്യരായ ലെനിന്റെ ജീവിതചരിത്രകാരും ഗവേഷകരുമാണ് പുറത്തുകൊണ്ടുവന്നത്. 

സാമൂഹിക വിപ്ലവത്തെക്കുറിച്ചും സോഷ്യലിസ്റ്റ് വ്യവസ്ഥിയെക്കുറിച്ചും പുതുലോക കാഴ്ചപ്പാടാണ് ലെനിൻ ആവിഷ്‌ക്കരിച്ചതെങ്കിലും ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും യാഥാസ്ഥിതിക സമീപനമായിരുന്നു ലെനിന്റേത്. ബൂർഷ്വാ കുടുംബവ്യവസ്ഥിതിയെ മാർക്സ് വിമർശനത്തിന് വിധേയമാക്കിയെങ്കിലും യാഥാസ്ഥിതിക കുടുംബസങ്കല്പത്തെ വെല്ലുവിളിച്ച്  ചിന്തയെയും പ്രയോഗത്തെയും ഒരേ ദിശയിൽ കൊണ്ടുപോയത് ഏംഗൽസാണ്. ലെനിൻ പുതുലോകത്തെ വിഭാവനം ചെയ്തുവെങ്കിലും കുടുംബബന്ധങ്ങളെക്കുറിച്ച് ഏറെക്കുറെ നടപ്പു രീതികൾ തന്നെ പിന്തുടരുകയാണ് ചെയ്തത്. 

ലെനിന്റെ ജീവിതപങ്കാളി  നതാഷ്ദ ക്രുപ്‌സ്കയ
ലെനിന്റെ ജീവിതപങ്കാളി നതാഷ്ദ ക്രുപ്‌സ്കയ

സോവിയറ്റ് യൂണിയൻ സെൻസർ ചെയ്ത  ലെനിന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാശ്ചാത്യരായ ലെനിന്റെ ജീവിതചരിത്രകാരരും ഗവേഷകരുമാണ് പുറത്തുകൊണ്ടുവന്നത്.  2023 -ൽ പുറത്തിറങ്ങിയ ലെനിന്റെ ഇംഗ്ലണ്ട് പ്രവാസക്കാലത്തെ അനുഭവങ്ങളെ പ്രതിപാദിക്കുന്ന റോബർട്ട് ഹെൻഡേഴ്സണിന്റെ The Spark that Lit the Revolution എന്ന പുസ്തകത്തിൽ ലെനിന്റെ ആദ്യ പ്രേമമെന്നു കരുതപ്പെടുന്ന അപ്പോളിനരിയ അലെക്‌സാൻഡ്രോവ്ന യാക്കുബോവ തക്തരേവയുമായുള്ള (Apollinariya Aleksandrovna Yakubva) ബന്ധത്തെപ്പറ്റി പുതുതായി കണ്ടെത്തിയ വിവരങ്ങളാണുള്ളത്.

ക്രൂപ്സ്ക്കയയെ പരിചയപ്പെടുന്നതിനുമുമ്പ് യാക്കോബാവയെ ലെനിൻ പരിചയപ്പെടുന്നുണ്ട്. ലെനിൻ വിവാഹാഭ്യർത്ഥന നടത്തിയതായും അവർ ഇത് നിഷേധിച്ചതായും പറയുന്നു. ലെനിന് പ്രായം അപ്പോൾ 25 വയസ്സ് മാത്രം. പിന്നീട് ലെനിന്റെ ഇംഗ്ലണ്ടിലെ പ്രവാസക്കാലത്ത് അവർ വീണ്ടും കണ്ടുമുട്ടുന്നുണ്ട്. അപ്പോഴേക്കും യാക്കോബാവ വിവാഹിതയായിരുന്നു. മെൻഷെവിക്കായ സാമ്പത്തികശാസ്ത്ര അധ്യാപകൻ താക്ത്രോവിനെ അവർ വിവാഹം കഴിച്ചിരുന്നു. ലെനിൻ ക്രൂപ്സ്കയയെയും. ലണ്ടനിൽ ലെനിന്റെ താമസസ്ഥലത്ത് അവർ സ്ഥിരം സന്ദർശകരായിരുന്നു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നെങ്കിലും ക്രൂപ്സ്കയയുടെ ലെനിനെക്കുറിച്ചുള്ള ഓർമകളിൽ യാക്കോബാവയുടെ പേര് പരാമർശിക്കപ്പെടുന്നില്ല. ലെനിന്റെ ആദ്യ അനുരാഗം യാക്കോബാവയോടാണെന്നുള്ള ചില തെളിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. രാഷ്ട്രീയ സംഘടനാ കാര്യങ്ങളിൽ ലെനിനുമായി അവർ യോജിച്ചിരുന്നില്ല. 

ലെനിൻ ആദ്യമായി പ്രേമിച്ച സ്ത്രീയെന്നു കരുതപ്പെടുന്ന അപ്പോളിനരിയ അലെക്‌സാൻഡ്രോവ്ന യാക്കുബോവ
ലെനിൻ ആദ്യമായി പ്രേമിച്ച സ്ത്രീയെന്നു കരുതപ്പെടുന്ന അപ്പോളിനരിയ അലെക്‌സാൻഡ്രോവ്ന യാക്കുബോവ

ലെനിനെ അഗാധമായി പ്രണയിച്ചിരുന്നത് ഇന്നേസ  അർമാൻഡിനെയായിരുന്നു (Innesa Armand). പ്രവാസക്കാലത്ത് ലെനിന്റെ വൈകാരിക ജീവിതത്തിൽ പ്രധാന സ്ഥാനം വഹിച്ചത് ഇന്നേസയായിരുന്നു. ആ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ സോഷ്യലിസ്റ്റുകളിൽ ഒരാളായിരുന്നു അവർ.  ലെനിന്റെ ഏറ്റവും അടുത്ത സഹായികളിലൊരാൾ എന്ന നിലയിൽ ഏറ്റവും രഹസ്യാത്മകമായ ജോലികൾ ചെയ്യാൻ  ലെനിൻ അവരെ നിയോഗിച്ചു. വിപ്ലവകാരികളുടെ അന്താരാഷ്‌ട്ര സമ്മേളനങ്ങളിൽ പലപ്പോഴും ലെനിനെ പ്രതിനിധീകരിച്ചത് ഇന്നേസയായിരുന്നു. 

വിപ്ലവത്തിനുശേഷം മോസ്കോയിൽ ലെനിന്റെ പക്ഷത്തായിരുന്നു അവർ. പലപ്പോഴും ലെനിനോട് ശക്തമായി വിയോജിക്കുകയും അത് തുറന്നു  പറയുകയും ചെയ്തു, എന്നിട്ടും അവർ അഭേദ്യരായി തുടർന്നു. ഇന്നേസയുടെ അടുത്ത സുഹൃത്തായിരുന്നു ക്രൂപ്സ്കയ. കൗതുകകരമായ ത്രികോണബന്ധമായിരുന്നു അവർ തമ്മിൽ. ലെനിന്റെ ജീവിതത്തിൽ ഇന്നേസയുടെ പ്രാധാന്യം ക്രൂപ്സ്കയ മനസ്സിലാക്കിയിരുന്നു. ലെനിനും ഇന്നേസയുമായുള്ള കത്തിടപാടുകളും ഇന്നേസയുടെ ഡയറിക്കുറിപ്പുകളും 70 വർഷത്തോളം സോവിയറ്റ് സെൻസർ പൂട്ടിവെച്ചു.

ഇന്നേസയോടുള്ള ലെനിന്റെ അഗാധമായ സ്നേഹത്തെക്കുറിച്ച് അലക്സാന്ദ്ര കൊല്ലന്തോയി (Aleksendra Kollontai)  ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. ഇന്നേസയുടെ ശവസംസ്കാര ചടങ്ങിൽ കൊല്ലന്തോയാണ് സംസാരിച്ചത്. പ്രസംഗിക്കവേ ലെനിൻ വിതുമ്പുന്നുണ്ടോ എന്ന് അവർ ഇടക്കണ്ണിട്ടുനോക്കിയിരുന്നുവത്രേ. ക്രുപ്സ്കയയ്ക്ക് ലെനിനും അർമാൻഡയുമായുള്ള അഗാധബന്ധം അറിയാമായിരുന്നു. തന്റെ ഭർത്താവ് ഇന്നേസക്കായി, തന്നെ വിട്ടുപോകുമെന്ന ചിന്ത ക്രുപ്സ്കയ ധൈര്യത്തോടെ നേരിട്ടു. ലെനിൻ പോകാഞ്ഞപ്പോൾ അവൾ പോകാൻ തയ്യാറായി. ഒന്നിലധികം തവണ അവൾ പോകാനുള്ള ആഗ്രഹം സൂചിപ്പിച്ചു. പക്ഷേ ഓരോ തവണയും ലെനിൻ അവളോട് പറഞ്ഞു, ‘ഇല്ല, നിൽക്കൂ’. പ്രതിബദ്ധതയോടെ ക്രൂപ്സ്കായ ലെനിനൊപ്പം തന്നെ നിന്നു.

അലക്സാന്ദ്ര കൊല്ലന്തോയി
അലക്സാന്ദ്ര കൊല്ലന്തോയി

ക്രൂപ്സ്കയയോടുള്ള ലെനിന്റെ കടപ്പാട് അത്രയധികമായിരുന്നു. എന്നാൽ ലെനിൻ ഇന്നേസയെ  പ്രണയിച്ചു. അതിൽ അസാധാരണമായോ സദാചാരവിരുദ്ധമായോ ഒന്നും തന്നെയുണ്ടായിരുന്നില്ല. ലെനിൻ ക്രുപ്‌സ്കയയോട് എല്ലാം തുറന്നുപറഞ്ഞിരുന്നു. ഇല്ലിച്ചിന് സംഗീതം വളരെ ഇഷ്ടമായിരുന്നു. ഇത് ക്രുപ്‌സ്കയയ്ക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല. ഇന്നേസ മനോഹരമായി പിയാനോ വായിച്ചു - ലെനിനേറെ പ്രിയപ്പെട്ട ബീഥോവനും മറ്റ് സംഗീത സൃഷ്ടികളുമാണ് ഇന്നേസ വായിച്ചിരുന്നത്. 

ഇന്നേസയും റോസാ ലക്സംബർഗും (Rosa Luxemburg) കൊല്ലൻതായിയും ക്ലാര സെറ്റക്കിനും (Klara Zetkin)  ലെനിനുമായി പ്രണയ സ്വാതന്ത്ര്യത്തെക്കുറിച്ചു (freedom of love)  ശക്തമായി വിയോജിച്ചവരായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ സ്ത്രീസമത്വമുണ്ടായിരിക്കുമെന്ന കാര്യത്തിൽ ലെനിന് സംശയമുണ്ടായിരുന്നില്ല, എന്നാൽ പ്രണയസ്വാതന്ത്ര്യം ലെനിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, ആ വിഷയത്തിൽ നടപ്പു സദാചാരസങ്കല്പത്തെയാണ് ലെനിൻ പിന്തുടർന്നത്. 

ലെനിന് മനസ്സിലാകാൻ പറ്റാത്ത വിഷയമായതിനാൽ പ്രണയസ്വാതന്ത്ര്യം ബൂർഷ്വാ മൂല്യമായാണ് ലെനിൻ നീരീക്ഷിച്ചത്. ഈ വിഷയത്തിൽ ലെനിനും ഇന്നേസ അർമാൻഡും തമ്മിൽ നടന്ന കത്തിടപാട് ലഭ്യമാണ്. ഇന്നേസ അർമാൻഡ് എഴുതാനുദ്ദേശിച്ച ഒരു ലഘുലേഖയിൽ ഈ വിഷയത്തെ പരാമർശിച്ച് ലെനിൻ നൽകുന്ന മറുപടി, പ്രണയസ്വാതന്ത്ര്യം (freedom for love) തൊഴിലാളിവർഗ ആവശ്യമല്ല, മറിച്ച്, ബൂർഷ്വാ ആവശ്യമാണെന്നാണ് ലെനിൻ പറയുന്നത്. ഇന്നേസയുടെ അഭിപ്രായത്തിൽ ദമ്പതികൾ തമ്മിലുള്ള സ്നേഹമില്ലാത്ത ചുംബനങ്ങൾ വൃത്തികെട്ടതാണ്. പ്രണയമില്ലാതെ ചുംബിക്കുന്ന  വിവാഹിതർ ഇങ്ങനെത്തന്നെയാണ്. ലെനിൻ ഇന്നേസ പറയുന്നത് നിരാകരിക്കാതെ തന്നെ, യുക്തി ഉപയോഗിച്ച് ബൂർഷ്വാചിന്തയായി ഇതിനെ ചിത്രീകരിച്ചു. പ്രണയമെന്ന വികാരത്തെ വിപ്ലവം എന്ന ഒരേയൊരു ലക്ഷ്യത്തിനായി കീഴപ്പെടുത്തുകയാണ് ലെനിൻ ചെയ്തത്.

Reminiscences of Lenin
Reminiscences of Lenin

ക്ലാര സെറ്റക്കിനും സ്ത്രീസ്വാതന്ത്ര്യത്തെയും ലൈംഗികതയും സംബന്ധിച്ചുള്ള ലെനിനിസ്റ്റ് നിലപാടുകളോട് വിയോജിക്കുന്നുണ്ട്. ക്ലാര സെറ്റക്കിൻ ലെനിനെക്കുറിച്ചുള്ള (Reminiscences of Lenin)  ഓർമകളിൽ ലെനിനുമായിനടന്ന സംവാദം പ്രതിപാദിക്കുന്നുണ്ട്. ലെനിനെക്കുറിച്ചുള്ള ഓർമകൾ എന്ന പേരിൽ ക്രൂപ്സ്കയയുടെയും ഒരു പുസ്തകമുണ്ട്. (ക്ലാര സെറ്റക്കിന്റെ ഈ പുസ്തകമായിരുന്നു ഭഗത് സിംഗ് കഴുമരത്തിലേറും മുമ്പ് വായിച്ചുകൊണ്ടിരുന്നത്.) വിപ്ലവത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് 1920-ൽ ക്ലാര സെറ്റ്കിൻ ലെനിനുമായി നിരവധി അഭിമുഖങ്ങൾ നടത്തുകയുണ്ടായി. ലൈംഗികതയിലും വൈവാഹികബന്ധങ്ങളിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്  വിപ്ലവപ്രവർത്തനങ്ങളിൽ നിന്നുള്ള വ്യതിചലനമായാണ് ലെനിൻ കാണുന്നത്. 

സെറ്റ്കിൻ ലെനിനെ ഓർമിപ്പിക്കുന്നത്, ബൂർഷ്വാ സ്വകാര്യ സ്വത്തവകാശമുള്ള ഒരു സമൂഹത്തിൽ ലൈംഗികതയുടെയും വിവാഹത്തിന്റെയും ചോദ്യങ്ങൾ നിരവധി പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്നുവെന്നാണ്. ഇത് എല്ലാ സാമൂഹിക ശ്രേണികളിലും പെടുന്ന സ്ത്രീകളുടെ സംഘർഷങ്ങളെയും കഷ്ടപ്പാടുകളെയും മനസ്സിലാക്കാൻ സഹായകമാണെന്നും ലെനിനോട് ക്ലാര സെറ്റ്കിൻ പറയുന്നുണ്ട്. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും സ്ത്രീകളുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതങ്ങളെകുറിച്ചും സെറ്റക്കിന് ലെനിനോട് പറയാനുണ്ടായിരുന്നു. ഇങ്ങനെയുള്ള സവിശേഷമായ സ്ത്രീപ്രശ്നങ്ങളെ സമീപിക്കുമ്പോൾ മറഞ്ഞിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളെ പുറത്തുകൊണ്ടുവരാനും സാധിക്കുന്നുവെന്ന് ക്ലാര സെറ്റ്കിൻ ലെനിനോട് വ്യക്തമാക്കുന്നു. വിപ്ലവകാരിയായ ലെനിനെ ഏറെ ആദരപൂർവം കാണുമ്പോൾ തന്നെ ആശയപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഇവരാരും മറന്നിരുന്നില്ല. ലെനിൻ ഇത് കേൾക്കാനും സന്നദ്ധനായിരുന്നു.

ലെനിനെ ആദരിക്കുമ്പോഴും മാർക്സിസത്തിന്റെ നൈസർഗികമായ പോരാട്ടവീര്യത്തിന് അനുകൂലമായിരുന്നില്ല ലെനിന്റെ സംഘടനാ സംവിധാനം എന്നത് റോസയെ ഏറെ നിരാശപ്പെടുത്തി. 

ക്ലാര സെറ്റ്കിന്റെ ഏറ്റവും അടുത്ത സഖാവും ഇരുപതാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ഏറ്റവും ഊർജ്വസലയായ വിപ്ലവകാരിയും സൈദ്ധാന്തികയുമായ റോസാ ലക്സംബർഗാണ് ലെനിൻ മുന്നോട്ടുവെച്ച, പിൽക്കാലത്തു ലെനിനിസത്തിന്റെ അടിസ്ഥാനമായ ആശയങ്ങൾക്കെതിരെ, ശക്തമായ പ്രതിവാദം ഉയർത്തിയ, മാർക്സിസ്റ്റായ  സമകാലിക. റോസയുടേത് നിർഭയവും  ആത്മാഭിമാനമുള്ളതുമായ വ്യക്തിത്വമായിരുന്നു. അന്താരാഷ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ‘ചുവന്ന റോസ’ (Red Rosa) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 
ഏറെ സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു റോസയുടേത്. ഒടുങ്ങാത്ത പ്രക്ഷോഭകാരി. ഏറ്റവും ഫലവത്തായി റോസ കണ്ട പ്രക്ഷോഭമാർഗം ബഹുജന സമരമായിരുന്നു (Mass Strike). റോസയുടെ ബഹുജന സമരസിദ്ധാന്തം വിപ്ലവത്തിനെതിരായ പാതയായി തെറ്റിദ്ധരിക്കപ്പെട്ടു. ലെനിന്റെ ആശയങ്ങളോട് റോസ വിയോജിപ്പ് രേഖപ്പെടുത്തി. പ്രത്യേകിച്ച് ദേശീയ സ്വയംനിർണയാവകാശം, സാമ്രാജ്യത്വത്തിന്റെ സ്വഭാവം, വിപ്ലവ സംഘടനയുടെ പ്രയോഗരീതികൾ എന്നിവയോട്. അതേസമയം, ബോൾഷെവിക്കുകളോട് അനുഭാവം നിലനിർത്തുകയും ചെയ്തു. 

ജനാധിപത്യ കേന്ദ്രീകരണം എന്ന പേരിൽ അധികാര കേന്ദ്രീകരണത്തോടുള്ള ലെനിന്റെ മനോഭാവം, വിപ്ലവപ്രവർത്തനത്തിലുള്ള തൊഴിലാളിവർഗത്തിന്റെ പരോക്ഷമായ പാർശ്വവൽക്കരണം, സൃഷ്ടിപരമായ പ്രേരണകളും ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള സ്വതസിദ്ധവും നൈസർഗ്ഗികവുമായ (spontaneous) സംഭവവികാസങ്ങളോടുള്ള ലെനിന്റെ അവിശ്വാസം എന്നിവയെ റോസ എതിർത്തു. ലെനിനെ ആദരിക്കുമ്പോഴും മാർക്സിസത്തിന്റെ നൈസർഗികമായ പോരാട്ടവീര്യത്തിന് അനുകൂലമായിരുന്നില്ല ലെനിന്റെ സംഘടനാ സംവിധാനം എന്നത് റോസയെ ഏറെ നിരാശപ്പെടുത്തി. ബഹുജനങ്ങൾക്ക് സ്വച്ഛന്ദമായി തീരുമാനമെടുക്കാനുള്ള കഴിവും നൈസർഗ്ഗികമായും സ്വാഭാവികമായും മുന്നേറാൻ പറ്റുമെന്ന പ്രതീക്ഷയും ബഹുജന പ്രക്ഷോഭങ്ങളോടുള്ള ആദരവും റോസയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയകത്തെ ജനാധിപത്യവാദിയാക്കുന്നു. 

റോസാ ലക്സംബർഗാണ് ലെനിന്റെ ആശയങ്ങൾക്കെതിരെ, ശക്തമായ പ്രതിവാദം ഉയർത്തിയ സമകാലിക
റോസാ ലക്സംബർഗാണ് ലെനിന്റെ ആശയങ്ങൾക്കെതിരെ, ശക്തമായ പ്രതിവാദം ഉയർത്തിയ സമകാലിക

റോസയേക്കാൾ മുമ്പേ ലെനിന്റെ അമിത കേന്ദ്രീകരണ സിദ്ധാന്തത്തെ എതിർത്തത് റഷ്യൻ കമ്യൂണിസത്തിലെ ആദ്യ തലമുറ വിപ്ലവകാരിയായിരുന്ന വേര സാസ്ലോവിച്ചാണ് (Vera Zaslovich). അവസാനകാല മാർക്സുമായി അവർ കത്തിടപാടുകൾ നടത്തിയിരുന്നു. കമ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ചു വേര മാർക്സുമായി നടത്തിയ കത്തിടപാടുകൾ ഏറെ പ്രാധാന്യമുള്ളതാണ്. പാശ്ചാത്യ മാർക്സിസത്തിൽ വളരെ മുമ്പുതന്നെ മാർക്സിന്റെ ‘എത്തനോഗ്രാഫിക് നോട്ടുബുക്കുകൾ’ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ലൂയി മോർഗന്റെ കണ്ടെത്തലുകളെ മാർക്സ് ആധാരമാക്കിയിട്ടുണ്ടെങ്കിലും, മാർക്സിന്റെ പാശ്ചാത്യേതരവും ആദിമവുമായ സമൂഹരൂപീകരണത്തെക്കുറിച്ചുള്ള കുറിപ്പുകൾ  നരവംശശാസ്ത്രം എന്ന ജ്ഞാനശാഖയിൽ ​ഉൾപ്പെടുത്താൻ പറ്റുമോ എന്നത് സംശയകരമാണ്. 

ലെനിന്റെ ജീവിതത്തിൽ പ്രത്യേക സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെങ്കിലും ലെനിന്റെ അന്ത്യത്തിലേക്ക് നയിച്ചതിന് കാരണമായത് റഷ്യൻ വിപ്ലവകാരിയായ ഫാനി കപ്ലാനാണ്.

നരവംശശാസ്ത്രം ഒരു സാമ്രാജ്യത്വ വിജ്ഞാനശാഖയെന്ന നിലയ്ക്കാണ് വ്യവഹാരികമായി സ്ഥാപിതമായത്. ഒട്ടനവധി പഠനങ്ങൾ മാർക്സിന്റെ എത്തനോഗ്രാഫിക് പഠനങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമാണ്. ഇംഗ്ലീഷ് വിവർത്തനങ്ങളുമുണ്ട്. മാർക്സിന്റെ എത്തനോഗ്രാഫിക് നോട്ടുബുക്കുകളെക്കുറിച്ചു സമൂഹമാധ്യമ കേന്ദ്രിതമായ പഠനഗ്രൂപ്പുകൾ എത്രയോ കാലമായി സജീവമാണ്.

വേര മാർക്സിനോട് ഉന്നയിക്കുന്ന സവിശേഷ പ്രശ്നം, മുതലാളിത്ത ഘട്ടത്തിലൂടെ കടന്നുപോകാതെതന്നെ കമ്യൂണിസത്തിലേക്ക് പരിവർത്തനം സാധ്യമാണോ എന്നാണ്. ആദ്യം മാർക്സ് തന്റെ 'യുവ ആരാധകരെ' ഗൗരവമായി പരിഗണിച്ചില്ലെങ്കിലും വേര ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. റഷ്യയിൽ കമ്യൂൺ പോലെ ജീവിച്ചിരുന്ന മിർ കർഷക വ്യവസ്ഥക്ക്, മുതലാളിത്തത്തിലൂടെ കടന്നുപോകാതെ തന്നെ കമ്യൂണിസത്തിലേക്ക് പരിവർത്തിക്കാമെന്നാണ് മാർക്സ് വിശദീകരിക്കുന്നത്. അതായത്, മുതലാളിത്തം കമ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിനുള്ള അനിവാര്യതയല്ല എന്നാണ് മാർക്സ് സ്ഥീരീകരിക്കുന്നത്. ലെനിനും മാവോയും വിപ്ലവത്തിലൂടെ ഇതിന് പ്രയോഗികരൂപം നൽകുകയുണ്ടായി എന്നുമുള്ള വാദമുണ്ട്.

ലൂയി മോർഗൻ
ലൂയി മോർഗൻ

ലണ്ടനിൽ ഇസ്‌ക്ര (Iskra) പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ വേര സസ്ലുവിച് പത്രാധിപസമിതി അംഗമാണ്. റഷ്യയിൽ നിന്നുള്ള പ്രവാസി കൂട്ടായ്‍മയിലും അംഗമാണ്. ലെനിനുമായി രാഷ്ട്രീയ കാര്യങ്ങളിൽ വിയോജിച്ചു. വിപ്ലവത്തിനുമുമ്പു തന്നെ മെൻഷെവിക് പക്ഷത്തായിരുന്നു. മാർക്സിസ്റ്റ് പ്രഫഷണൽ വിപ്ലവകാരികളുടെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിയേക്കാൾ തൊഴിലാളികൾ സ്വയം സംഘടിച്ചു നടത്തുന്ന വിപ്ലവത്തിനാണ് വേര പ്രാധാന്യം നൽകിയത്. ലെനിനുമായി ആശയപരമായി വേർപിരിഞ്ഞശേഷം വേരക്കെതിരെ കടുത്ത വിമർശനം ലെനിനും ഉന്നയിച്ചിട്ടുണ്ട്. 

ഒക്‌ടോബർ വിപ്ലവത്തെക്കുറിച്ചുള്ള വേരയുടെ  വിമർശനം സോഷ്യലിസം  സ്വേച്ഛാധിപത്യത്തിലേക്ക്  അധഃപതിക്കുമെന്നും ഇതിനെ തടയാൻ അല്പമാത്രയെങ്കിലുമുള്ള ജനാധിപത്യം ആവശ്യമാണ് എന്നുമായിരുന്നു. ലെനിൻ ഇതിനെ എതിർക്കുന്നുണ്ട്. ഒക്ടോബർ വിപ്ലവത്തിനു  ശേഷം സോവിയറ്റുകളെ നിയന്ത്രിച്ചിരുന്ന സ്‌മോളനി കേന്ദ്രത്തിൽ കമ്മിസാറുകളായി മാറിയ ബോൾഷെവിക് ഉന്നതനേതൃത്വം ഒരു വരേണ്യ വർഗമായി മാറിക്കഴിഞ്ഞോ എന്ന് വേര ആശങ്കയുർത്തിയിരുന്നു. പക്ഷെ, ഈ ആശങ്കകൾക്ക് യഥാർത്ഥമായ സാക്ഷാത്ക്കാരം സംഭവിച്ചത് സ്റ്റാലിന്റെ കൈയിൽ അധികാരം വന്നതോടെയാണ്. അപ്പോഴേക്കും വേര മരിച്ചിരുന്നു.

ലെനിന്റെ ജീവിതത്തിൽ പ്രത്യേക സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെങ്കിലും ലെനിന്റെ അന്ത്യത്തിലേക്ക് നയിച്ചതിന് കാരണമായത് റഷ്യൻ വിപ്ലവകാരിയായ ഫാനി കപ്ലാനാണ്. 1918 ജൂലൈ 16 നാണ് ലെനിനെതിരെ രണ്ടാമത്തെ വധശ്രമം നടക്കുന്നത്. സാർ ചക്രവർത്തിയെയും കുടുംബത്തെയും ബോൾഷെവിക്കുകൾ കൂട്ടമായി വെടിവെച്ചുകൊന്നതിന്റെ അഞ്ചാഴ്ചയ്ക്കുശേഷമാണ് ലെനിനെതിരെ വധശ്രമം നടക്കുന്നത്. വധശ്രമം നടത്തിയത് സോഷ്യലിസ്റ്റ് റെവല്യൂഷനറി പ്രവർത്തകയായ ഫാനി കപ്ലാനാണ്. ലെനിൻ, ഡ്യൂമ പിരിച്ചുവിട്ടതാണ് പ്രകോപനമായതെന്നാണ് ബോൾഷെവിക്കുകളുടെ രഹസ്യ പോലീസായ ചെക്ക (chekka) അവകാശപ്പെട്ടത്. ഫാനി കപ്ലാൻ അരാജവാദിയായിരുന്നുവെന്നാണ് മറ്റൊരു പ്രചാരം. 

ഫാനി കപ്ലാൻ
ഫാനി കപ്ലാൻ

ലെനിൻ ഒരു ഫാക്ടറി സന്ദർശനം കഴിഞ്ഞു മടങ്ങുന്ന വേളയിലായിരുന്നു വധശ്രമം. കാറിലേക്ക് കയറുംമുമ്പ് ബ്രെഡിന്റെ ലഭ്യതക്കുറവ് ലെനിനെ അറിയിക്കാൻ ഒരു തൊഴിലാളിസ്ത്രീ അടുത്തേക്ക് വന്നു. അവർ പറയുന്നത് കേൾക്കാൻ നിൽക്കുമ്പോഴാണ് ലെനിനുനേരെ വെടിയുതിർത്തത്. ഒരു ബുള്ളറ്റ് എവിടെയും കൊള്ളാതെ പാളിപ്പോയി. ഒന്ന് കഴുത്തിലൂടെയും മറ്റൊന്ന് ഇടതു തോളിലൂടെയും കടന്നുപോയി. ലെനിൻ മരിച്ചുവെന്നു കരുതിയതാണ്. ഫാനി കപ്ലാനെ അപ്പോൾ താന്നെ രഹസ്യ പോലീസ് വെടിവെച്ചുകൊന്നു. 

ഫാനി കപ്ലാൻ എന്തുകൊണ്ട് ലെനിനുനേരെ വെടിയുർത്തുവെന്നും ഫാനി കപ്ലാൻ തന്നെയാണോ ഇത് ചെയ്തെന്നുമുള്ള കാര്യത്തിൽ ദുരൂഹതയുണ്ട്. വിപ്ലവാനന്തരം തൊഴിലാളികളും കർഷകരും ഏറെ ആദരിച്ച നേതാവായിരുന്നു ലെനിൻ. വധശ്രമത്തിനു ശേഷമാണ് ‘റെഡ് ടെറർ’ (Red Terror) എന്നറിയപ്പെടുന്ന ചുവന്ന ഭീകരത യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. ആരെയും സംശയിക്കാമെന്നും സംശയം തോന്നുന്നവർ സഖാക്കളാണെങ്കിലും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നുമുള്ള ധാരണയിലാണ് രഹസ്യ പോലീസായി ചെക്ക പ്രവർത്തിച്ചത്. 

അല്പകാല വിശ്രമത്തിനു ശേഷം ലെനിൻ ആരോഗ്യം വീണ്ടെടുത്ത് വിപ്ലവ കൗൺസിലിന്റെ ഉത്തരവാദിത്തത്തിലേക്ക് തിരിച്ചുവന്നെങ്കിലും 1921-ൽ ആദ്യ സ്ട്രോക്ക് ലെനിനെ തളർത്തി. രണ്ടാമത്തെ സ്ട്രോക്കോടെ ആരോഗ്യം ക്ഷയിച്ചു. ലെനിന്റെ പെട്ടെന്നുള്ള പിൻവാങ്ങലാണ് സോവിയറ്റ് യൂണിയന് പില്ക്കാലത്തു നേരിവേണ്ടി വന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായത്. ലെനിൻ ഇല്ലായിരുന്നുവെങ്കിൽ ബോൾഷെവിക് വിപ്ലവം നടക്കില്ലായിരുന്നു എന്നതുപോലെ, ലെനിന്റെ പെട്ടെന്നുള്ള മരണമാണ് ആദ്യ സോഷ്യലിസ്റ്റ് രാജ്യത്തെ അപരിഹാര്യമായ അധികാര വടംവലിയിലേക്കും പാർട്ടി ഏകാധിപത്യത്തിലേക്കും ഒടുവിൽ തകർച്ചയിലേക്കും നയിച്ചതിന് കാരണമായത്.


Summary: female comrades of lenin damodar prasad


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments