തന്റെ മടിയിൽ കിടന്ന് മരിച്ച ആലുംമൂടനെക്കുറിച്ച് നടൻ മോഹൻലാൽ നിറകണ്ണോടെ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 1992 മെയ് മൂന്നിനാണ് അദ്വൈതം എന്ന സിനിമയുടെ ലോക്കേഷനിൽ വെച്ച്, ‘സ്വാമിയെന്നെ അനുഗ്രഹിക്കണം...' എന്ന ഡയലോഗോടെ ആലുംമൂടൻ കുഴഞ്ഞുവീഴുന്നത്. മടിയിലേക്ക് കിടത്തിയ സഹനടൻ പൊടുന്നനെ ഓർമയായതിന്റെ അന്ധാളിപ്പ്, അതു പറയുമ്പോഴൊക്കെ മോഹൻലാലിന്റെ മുഖത്ത് കാണാമായിരുന്നു.
വാക്ക് മുറിച്ചെത്തിയ എം.എൻ. വിജയൻ മാഷിന്റെ മരണം ഇപ്പോഴും നമ്മുടെ കൺമുന്നിലുണ്ട്. മരണത്തിന്റെ നാട്ടുഭാഷയാണ് ഇഴവ്. മരണദൂതിന് ഇഴവോല എന്നും പറയാറുണ്ട്. അമ്മാമ്മയുടെ വേർപാടാണ് നേരിൽ കാണുന്ന ആദ്യ ഇഴവ്. വാരിപ്പറ്റും പതിരയും ചേർന്ന് ഞെരിക്കുന്ന അവരുടെ ഊർധ്വൻ ഇപ്പോഴുമെന്റെ കാതിലുണ്ട്.
മനസ്സിനെ മുറിപ്പെടുത്തിയ മറ്റൊരു മരണം ഒരു കുഞ്ഞിന്റേതാണ്.
ഞാനന്ന് കൊട്ടാരപ്പാലത്തിനടുത്തുള്ള പാരലൽ കോളേജിൽ പഠിക്കുന്നു. വീടിന് തൊട്ടുചേർന്നാണ് പെണ്ണമ്മയുടെ പുരയിടം. അക്കാലത്ത് നായർ തറവാടുകളെ പോലെ വലിയ കുളവും വിശാലമായ പറമ്പുമൊക്കെ ഉണ്ടായിരുന്ന ഏക നസ്രാണി കുടുംബം പെണ്ണമ്മയുടേതായിരുന്നു. അവർക്ക് സൂചി വെയ്ക്കാൻ അറിയാം. കുത്തിവെയ്ക്കാനെത്തുന്ന ആളുകൾ ‘നേഴ്‌സ് പെണ്ണമ്മേ...' യെന്നാണ് അവരെ വിളിച്ചിരുന്നത്. അവർ നേഴ്‌സൊന്നുമല്ല, വെറും കമ്പൗണ്ടർ മാത്രമാണെന്ന് ചിലർ അസൂയ പറയാറുമുണ്ട്. എനിക്ക് അക്കാര്യത്തെക്കുറിച്ച് വല്യ നിശ്ചയമില്ല.
സിന്ധിപ്പശുവിന്റെ പ്രസവത്തോടെ അതിന്റെ കന്നുകുട്ടി മരിച്ചുപോയി. ചത്തതിന്റെ തോലുരിഞ്ഞ് കച്ചിലൊക്കെ നിറച്ച് കന്നുകുട്ടിയുടെ ബൊമ്മയുണ്ടാക്കിയാണ് പ്രാഞ്ചീസുചേട്ടൻ പിന്നെ പാല് കറന്നിരുന്നത്. ജീവനുള്ള കുഞ്ഞാണെന്ന് കരുതി തള്ള അതിനെ നക്കിത്തുടച്ച് പാൽ ചുരത്തും.
പെണ്ണമ്മ നേഴ്‌സിന് ഒൻപത് പെൺമക്കളും ഒരു മകനുമാണ്. മകന് പട്ടാളത്തിലും പിന്നീട് വിദേശത്തുമായിരുന്നു ജോലി. പെണ്ണമ്മയുടെ ജീവിതപങ്കാളി പ്രാഞ്ചീസ് കയറ്റാപ്പീസ് തൊഴിലാളിയായിരുന്നു. വീട്ടിൽ അദ്ദേഹം പശുക്കളെ വളർത്തിയിരുന്നു. ഒരിക്കൽ ഒരു സിന്ധിപ്പശുവിന്റെ പ്രസവത്തോടെ അതിന്റെ കന്നുകുട്ടി മരിച്ചുപോയി. ചത്തതിന്റെ തോലുരിഞ്ഞ് കച്ചിലൊക്കെ നിറച്ച് കന്നുകുട്ടിയുടെ ബൊമ്മയുണ്ടാക്കിയാണ് പ്രാഞ്ചീസുചേട്ടൻ പിന്നെ പാല് കറന്നിരുന്നത്. ജീവനുള്ള കുഞ്ഞാണെന്ന് കരുതി തള്ള അതിനെ നക്കിത്തുടച്ച് പാൽ ചുരത്തും. എനിക്കത് കാണുമ്പോഴൊക്കെ വലിയ സങ്കടം തോന്നിയിരുന്നു. ഒരു ദിവസം ബൊമ്മക്കുട്ടിയെ കുത്തിമറിച്ച്, പ്രാഞ്ചീസുചേട്ടനേയും വലിച്ചിഴച്ച് തള്ളപ്പശു പറമ്പുമുഴുവൻ ഓടിനടന്നു അമറി. അയാളുടെ നെഞ്ചേലെ രോമം ഉൾപ്പെടെ തൊലിമുഴുവൻ അന്ന് ഉരഞ്ഞുപോയി.
അങ്ങനെയിരിക്കെ ഒരുനാൾ അവരുടെ നാലാമത്തെ മകളുടെ വിവാഹം ഉറപ്പിച്ചു. വീട്ടിലെ സാധനങ്ങളൊക്കെ പുറത്തേക്ക് മാറ്റി വെള്ളപൂശും പറമ്പു വെടിപ്പാക്കലുമൊക്കയായി വീട്ടിലുള്ളവർക്ക് നല്ല തിരക്ക്. ഇതിനിടയിലാണ് രണ്ടാമത്തെ മകൾ ലാലന് മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലമാറ്റം. സ്വന്തം വീട്ടിൽ കൊച്ചിനെ ഏൽപ്പിച്ചിട്ടാണ് ലാലൻ അന്ന് ജോലിക്ക് പോയിരുന്നത്. ജീവൻ എന്നായിരുന്നു കുഞ്ഞിന്റെ പേര്. മൂന്നോ നാലോ വയസ് പ്രായം. ക്യൂട്ടായൊരു കുസൃതിക്കുഞ്ഞ്. പോകാൻ നേരം നിറയെ മുത്തങ്ങൾ നൽകി യാത്രപറയുന്ന ലാലന്റെ സങ്കടം എന്റെ പതിവുകാഴ്ചകളിലൊന്നായിരുന്നു. നേഴ്‌സിന്റെ വീട്ടിൽ ഗോക്കളെ കൂടാതെ പ്രാവും മുയലും ഗിനിക്കോഴികളുമൊക്കെ അന്നുണ്ടായിരുന്നു. ജീവന് അവയെയൊക്കെ വലിയ ജീവനും. കൊത്തുകിട്ടുമെന്ന പേടിയില്ലാതെ എല്ലാറ്റിനോടും അവനൊരു ചങ്ങാത്തവുമുണ്ടായിരുന്നു.
വെള്ളപൂശലും കല്യാണത്തിന്റെ മുന്നൊരുക്കങ്ങളും തകൃതിയായി നടന്നുകൊണ്ടിരുന്ന ഒരു ദിവസം ഉച്ചനേരം ജീവൻമോനെ കാണാനില്ലെന്നും പറഞ്ഞ് ആ വീട്ടിൽ നിന്ന് ബഹളമുയർന്നു. അയൽക്കാരും വീട്ടുകാരും എല്ലായിടത്തും തിരയാൻ തുടങ്ങി. ഒടുക്കം അവരുടെ കുളത്തിൽ കുഞ്ഞുപോയിട്ടുണ്ടാവുമെന്ന് ആരോ ഒരു സംശയം പറഞ്ഞു. പായലു മൂടി കിടന്ന വെള്ളത്തിനുമീതെ ജീവന്റെ വെളുത്ത കാലിന്റെ ഉള്ളനടിയാണ് ആദ്യം വെളിപ്പെട്ടത്. വയറ് വീർത്തുന്തിയിരുന്നു. തലയ്ക്കുമീതെയെടുത്ത് ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചുപോയി.
രണ്ടാമത്തെ കുഞ്ഞിനെ നിറവയറായതിനാൽ അവന്റെ അമ്മ ലാലൻ അന്ന് ജോലിസ്ഥലത്തുനിന്ന് രണ്ടുദിവസം കൂടുമ്പോഴേ വരാറുള്ളു. ലാലനെ വിളിച്ചോണ്ടു വരണം. വീട്ടിലുള്ളവർക്കെല്ലാം ആധി. മാവേലിക്കരയ്ക്ക് പോകാനും ലാലനെ കാര്യം പറഞ്ഞ് കൂട്ടിക്കൊണ്ടു വരാനുമുള്ള ധൈര്യം ആർക്കുമില്ല. ഒടുക്കം ഞാൻ പോകാമെന്ന് പറഞ്ഞു. അവര് ഒരു കാറ് ഏർപ്പാടാക്കിത്തന്നു. വീട്ടിലെ അമ്മാമ്മ മരിച്ചുപോയെന്നും കൂട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നും ഒരു നുണ ഞാൻ കരുതിവെച്ചു. വണ്ടി താലൂക്കാശുപത്രിയിലേക്കുള്ള ഗേറ്റ് കടന്നതോടെ എന്റെ ധൈര്യം പോയി. ഞാനെത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും സങ്കടം കൈവിട്ടു.
അവർ പിന്നേം കരയാൻ തുടങ്ങി. ഡ്രൈവറുടെ കണ്ണുനിറഞ്ഞു. ഞാനവരുടെ കൈയിൽ അമർത്തിപ്പിടിച്ചു. ആ അമ്മയെ ആശ്വസിപ്പിക്കാനുള്ള വാക്കുകളെല്ലാം എന്റെ തൊണ്ടക്കുഴിയോടു ഒട്ടിപ്പോയിരുന്നു.
ലാലൻ വാർഡിലായിരുന്നു. അമ്മാമ്മേടെ മരണം അറിയിക്കുമ്പോഴേക്കും അവർ വാവിട്ടു കരയാൻ തുടങ്ങി. കൂടെയുള്ളവരൊക്കെ ചേർന്ന് അവരെ കാറിൽ കൊണ്ടുവന്നിരുത്തി. കുഞ്ഞ് മരിച്ചത് കുറച്ചുനേരത്തേക്കെങ്കിലും മറച്ചുവെയ്ക്കാനായല്ലോ എന്നൊരു ആശ്വാസത്തോടെ ഞാനും കയറി. വണ്ടി ആശുപത്രി ഗേറ്റ് കടന്നതും ‘മോനേ, എന്റെ കുഞ്ഞിന് എന്നതാ പറ്റിയത്’ എന്നു ചോദിച്ച് അവരെന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അലമുറയിടാൻ തുടങ്ങി. ഞാനാകെ തകർന്നുപോയി. ‘ലാലാപ്പി, കൊച്ചിനൊന്നും പറ്റിയിട്ടില്ല, അവൻ ഗിനിക്കോഴിയേയും കളിപ്പിച്ച് മുറ്റത്തുനിൽക്കുന്നതും കണ്ടിട്ടാണ് ഞാനിറങ്ങിയത്’ എന്ന നുണ ആവർത്തിച്ചു. അവരത് വിശ്വസിക്കാതെ കരച്ചിൽ തുടർന്നു. വണ്ടി അമ്പലപ്പുഴ കഴിഞ്ഞതോടെ അവരൊന്ന് സമാധാനപ്പെട്ടതുപോലെ. കാറിനുള്ളിൽ ഇഴവിന്റെ ഒച്ചയില്ലായ്മ. കർച്ചീഫെടുത്ത് മുഖമൊക്കെ തുടച്ചിട്ട് ലാലൻ വിമ്മിട്ടത്തോടെ വീണ്ടും സംസാരിച്ചുതുടങ്ങി.
ഗിനിക്കോഴിയുടെ പുറകെ പോയി അവൻ കുളത്തിൽ വീണു മരിക്കുന്നതും, പായൽ തിങ്ങിയ കുളത്തിനുമീതെ ഉയർന്ന അവന്റെ വെളുത്ത കാലിന്റെ ഉള്ളനടി കണ്ടതുമൊക്കയായി, കുഞ്ഞിനെക്കുറിച്ച് തലേരാത്രി കണ്ട പേസ്വപ്നം പറഞ്ഞ് അവർ പിന്നേം കരയാൻ തുടങ്ങി. ഡ്രൈവറുടെ കണ്ണുനിറഞ്ഞു. ഞാനവരുടെ കൈയിൽ അമർത്തിപ്പിടിച്ചു. ആ അമ്മയെ ആശ്വസിപ്പിക്കാനുള്ള വാക്കുകളെല്ലാം എന്റെ തൊണ്ടക്കുഴിയോടു ഒട്ടിപ്പോയിരുന്നു.
മോർച്ചറിയിൽ നിന്ന് അവന്റെ മൃതദേഹം കൊണ്ടുവരാനുള്ള ശവപ്പെട്ടി വാങ്ങാൻ ഞാനും അവരുടെ ബന്ധുവും കൂടിയാണ് പോയത്. കുട്ടിക്കെന്തു പ്രായം വരുമെന്നൊരു ചോദ്യം. അളവെടുത്ത വെളുത്തചരട് കൂടെ വന്നയാള് എടുത്തുനീട്ടി. കച്ചവടക്കാരൻ അകത്തേക്ക് പോയി ഒരു കുഞ്ഞിപ്പെട്ടി എടുത്തോണ്ടുവന്നു. ഞാൻ കടയുടെ ഉള്ളിലേക്ക് നോക്കി. ഭിത്തിയോടു ചേർന്നുള്ള കള്ളികളിൽ ആരുടെയൊക്കെയോ ഇഴവിന്റെ ഊഴം കാത്തുകിടക്കുന്ന മരണത്തിന്റെ തടിയറകൾ... കിഴക്കുവശത്തായി കുഞ്ഞുങ്ങളുടെ വലിപ്പത്തിലും മൂന്നാല് പെട്ടികൾ പണിതുവെച്ചിട്ടുണ്ട്. കാരുണ്യമില്ലാത്ത ലോകത്തിന്റെ കാഴ്ച. കുഞ്ഞുങ്ങളുടെ മരണം കാത്തിരിക്കുന്ന പൂതനയെപ്പോലെ തലേക്കെട്ടുള്ള ശവപ്പെട്ടിക്കാരൻ. എനിക്ക് അയാളെ കുത്തിമലർത്താനുള്ള കലി. ‘വയറ്റീപിഴപ്പാടോ. എടുപിടീന്നാ ഓരോന്ന് ചോദിച്ചു വരിക, രണ്ടുദിവസം കഴിഞ്ഞ് വാ പണിതു വെച്ചേക്കാമെന്ന് പറയാൻ പറ്റുന്ന ഒരു സാധന മല്ലല്ലോയിത്...'
പായൽ നിറഞ്ഞ കുളത്തിനുമീതെ തെളിഞ്ഞ പൈതലിന്റെ ഉള്ളംകാലിന്റെ വെള്ള. കുഞ്ഞിപ്പെട്ടിയിലേക്ക് കിടത്തുമ്പോഴുള്ള അവന്റെ പനിനീർ വിരലുകളുടെ തണുപ്പ്. എല്ലാ മരണങ്ങൾക്കും മീതെ ഒരു കുഞ്ഞിഴവ് ഇഴപിരിയാതെ ഇപ്പഴും...
ലത്തീൻ പള്ളിയിലെ സിമിത്തേരിയിലാണ് അവനെ അടക്കിയത്. നടവഴിയോരം ചേർന്ന് കാറ്റാടിക്കൊമ്പിന്റെ തണലിൽ മൂന്നുമുഴം വലിപ്പത്തിലൊരു കുഴിമാടം. തലയ്ക്കൽ ഒരു കുഞ്ഞിക്കുരിശും. ‘ജീവൻ'- കുരിശിലെ പേരങ്ങനെ കാലത്തിന്റെ നിറംമങ്ങലിൽ അലിയാതെ കനംവെച്ചുകിടന്നു. ലാലന് പിന്നീട് രണ്ട് പെൺമക്കളാണ് ജനിച്ചത്. ഭർത്താവുമായി അവരിപ്പോഴും സിമിത്തേരിയിൽ വന്ന് തിരി കത്തിക്കാറുണ്ട്. ജീവൻ മോനേന്നുള്ള തേട്ടം എരിതിരിക്കൊപ്പം അവരെ ഇപ്പോഴും കരയിച്ചുകൊണ്ടിരിക്കുന്നു.
ചില മരണങ്ങൾ അങ്ങനെയാണ്. കാലമെത്ര കടന്നാലും അതെപ്പോഴും നമ്മുടെ ഉള്ളിൽ കൊളുത്തി കിടക്കും. മാവേലിക്കര മുതൽ ആലപ്പുഴവരെ ലാലനോടൊത്തുള്ള യാത്ര. പായൽ നിറഞ്ഞ കുളത്തിനുമീതെ തെളിഞ്ഞ പൈതലിന്റെ ഉള്ളംകാലിന്റെ വെള്ള. കുഞ്ഞിപ്പെട്ടിയിലേക്ക് കിടത്തുമ്പോഴുള്ള അവന്റെ പനിനീർ വിരലുകളുടെ തണുപ്പ്. പച്ചമുള കീറുന്നതുപോലെ ജീവൻ മോനേന്നുള്ള ലാലന്റെ നിലവിളി; എല്ലാ മരണങ്ങൾക്കും മീതെ ഒരു കുഞ്ഞിഴവ് ഇഴപിരിയാതെ ഇപ്പഴും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.