ദി ബുക്കിഷ്..

‘‘ഭൂമിയിലെ ഏറ്റവും വിശുദ്ധി നിറയുന്ന ഒരിടമാണ് എഴുത്തിന്റെ ലോകമെന്നായിരുന്നു ഇത്രയും കാലം എന്റെ വിചാരിപ്പുകൾ. അതെല്ലാം തെറ്റായിരുന്നു എന്ന ബോധ്യങ്ങൾക്കൊരു തീർപ്പ് കൽപ്പിച്ച വർഷമാണ് കടന്നുപോകുന്നത്’’- ഫ്രാൻസിസ്​ ​​നൊറോണ എഴുതുന്നു.

ഒന്നാമൻ - ജീവിച്ചിരിക്കുന്ന ഒരുവൻ.
രണ്ടാമൻ - എഴുപത്തിരണ്ടു വർഷത്തോളം ഭൂമിയിൽ തിന്നുകുടിച്ചുമദിച്ച് മരിച്ചുപോയ ഒരു വൃദ്ധൻ.
(വേദിയിലെ മേശക്കഭിമുഖമായി ഇരിക്കുന്നു... ബാക്ക് കർട്ടൻ - ഒരു ബാറിന്റെ ഇരുണ്ടയിടം. സംഗീതം - ന്യൂ ഇയറിനെ ഓർമപ്പെടുത്തുന്നത്.)

ഒന്നാമൻ: ഭൂമിയിലെ ഏറ്റവും വിശുദ്ധി നിറയുന്ന ഒരിടമാണ് എഴുത്തിന്റെ ലോകമെന്നായിരുന്നു ഇത്രയും കാലം എന്റെ വിചാരിപ്പുകൾ. അതെല്ലാം തെറ്റായിരുന്നു എന്ന ബോധ്യങ്ങൾക്കൊരു തീർപ്പ് കൽപ്പിച്ച വർഷമാണ് കടന്നുപോകുന്നത്.

രണ്ടാമൻ: എന്തായാലും നിന്റെ കപ്പലീ തീരത്ത് ആങ്കറിട്ടു. നീയൊരു പറുങ്കിയല്ലേ.. പീരങ്കിയിൽ നിറയ്ക്കുന്ന കരിമരുന്നിന്റെ ചൂരാണ് നിനക്ക്. പിളർന്ന മാംസവും ചോരയും കണ്ടാൽ അറയ്ക്കരുതെന്നല്ലേ നമ്മുടെ പൂർവ്വീകർ. കീഴടക്കുക. അതിപ്പ തോക്കുചൂണ്ടിയായാലും അന്നം കൊടുത്തിട്ടാണെങ്കിലും.

ഒന്നാമൻ: എനിക്ക് തോക്കും അന്നവും വാക്കുകളാണ്. അതിങ്ങനെ എത്ര ചുമടോളം ചുമന്നാലും എനിക്കൊരു തളർച്ചയുണ്ടാവില്ല. ചെറുപ്പത്തിൽ എനിക്ക് വെടിയേറ്റത് നന്നായില്ലേ. അങ്ങനെ വീണില്ലായിരുന്നുവെങ്കിൽ പൂർവികരെപ്പോലെ ഞാനിതെല്ലാം നമ്മുടെ കാൽക്കീഴിലാക്കുമായിരുന്നു. ആ വലിയ വീഴ്ചയല്ലേ വായനയുടെ വലയിൽ എന്നെ എത്തിച്ചതും, അവിടെ നിന്നും എഴുത്തിന്റെ കൂടയിലേക്ക് എടുത്തിട്ടതും.

രണ്ടാമൻ: ഇതൊരു നെറിവിന്റെ കളമാണെന്നാണോ നിന്റെ വിചാരം. പേടിയോടും വിറയോടും നീയിതിന്റെ പടികൾ കയറുന്നത് ഞാൻ കാണുമായിരുന്നു. നമ്മൾ പറുങ്കികൾക്ക് അപമാനമായ അതിവിനയമാണ് നിനക്ക്. നീ ഓർക്കുന്നുണ്ടോ ഒരുവനെ സാറെയെന്നുവിളിച്ചതിന് അയാൾ നിന്നെ ശകാരിച്ചത്. അയാളന്ന് എത്ര സരസമായാണ് സാറേ പൂവേന്നൊന്നും ഇവിടെയുള്ള ഒരുത്തനേയും വിളിക്കരുതെന്ന് വിലക്കിയത്.

ഒന്നാമൻ: അങ്ങ് പറയുന്നത് ശരിയാണ് എനിക്കാദ്യമൊന്നും അതിന്റെ ആഴം മനസ്സിലായിരുന്നില്ല.. ഇയാളെന്തൊരു മനുഷ്യനാണ് എന്നായിരുന്നു വിചാരം. ഇപ്പോൾ തോന്നുന്നു അയാളാണ് ശരിയെന്ന്.
രണ്ടാമൻ: ദേ പിന്നേം അവന്റെ കാലിനിടയിലെ വിനയം, കോപ്പേ നീയൊരെണ്ണം കൂടി ഒഴിക്ക് എന്റെ മൂഡ് പോയി.. എന്റെ ചുരുട്ടെവിടെ.

ഒന്നാമൻ: മാംസവ്യാപാരം നടക്കുന്ന കാളചന്തയാണിത്. വിലപേശലും ചോരയൊലിപ്പുകളും കൊണ്ട് അറപ്പും വെറുപ്പും നിറഞ്ഞയിടം. ഒരു വായനക്കാരൻ എന്ന നിലയിലാണ് ഞാനീ ലോകത്തെ ആദ്യം പരിചയപ്പെടുന്നത്. അതിന്റെ വന്യവും നിഗൂഢവുമായ വഴിയിലൂടെയുള്ള മനോവ്യാപാരങ്ങളാണ് എന്നെ എഴുത്തിൽ എത്തിച്ചത്. കീഴടക്കപ്പെട്ടവരുടെ നഗരം.. അല്ലെങ്കിൽ മാടമ്പിമാരാൽ ഭരിക്കപ്പെടുന്ന ദേശം പോലെയാണ് ഇവിടമെന്ന് തിരിച്ചറിയാൻ വൈകി.

രണ്ടാമൻ: നിന്റെ വാക്കും ഭാഷയും പ്രമേയവുമൊക്കെ കോപ്പാണ്. അതിപ്പോ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെയാണ്. സ്തുതിക്കാനും ചതിക്കാനും പഠിക്ക്. കിട്ടുന്ന സ്വർണവും പതക്കവുമായി നമ്മുടെ നാട്ടിലേക്ക് കപ്പലേറ്.

ഒന്നാമൻ: ഇതിന്റെ അകത്തളങ്ങളിലേക്ക് കടക്കണമെങ്കിൽ കൊട്ടാരം എഴുത്തുകാരനു മുതൽ കീരീടം ധരിക്കാൻ കാത്തിരിക്കുന്ന രാജകുമാരനും, രാജകുമാരിക്കും വരെ കുനിഞ്ഞു കൊടുക്കണം. ഉള്ളറകളിലെ ദൈവങ്ങൾക്കുള്ള പാദപൂജ പറയേണ്ടതില്ലല്ലോ. പബ്‌ളിഷറെ മാത്രമല്ല, തുറമുഖത്തെ ബുക്ക്‌സെല്ലറെ വരെ വണങ്ങണം. ഇല്ലെങ്കിൽ പുസ്തകങ്ങൾ എടുത്ത് അയാൾ കാണാമറയത്ത് ഒതുക്കും.

എന്നാലും ഞാനീ മണ്ണിനെ സ്‌നേഹിച്ചുപോയി. ഇതിനെ ഉർവ്വരമാക്കുന്ന ചെറുജീവികളെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. അവരുടെ മനസ്സിൽ എനിക്കൊരിടമുള്ളിടത്തോളം കാലം ഇവിടം ഉഴുതുമറിച്ച് ഞാനെന്റെ വാക്കു വിതച്ചുകൊണ്ടിരിക്കും.

രണ്ടാമൻ:നിന്നെ കൊണ്ടുപോകാനുള്ള പുസ്തകച്ചന്തയിലെ വണ്ടി വരുന്നുണ്ട്. (പരിഹാസത്തോടെ)നിനക്ക് ഒരു എഴുത്തുകാരന്റെ ലുക്കില്ല. നീ വെള്ളമടിക്കില്ല, പെണ്ണ് പിടിക്കില്ല, സ്വർണപ്പതക്കങ്ങളോടു നിനക്ക് ആർത്തിയുമില്ല. പറുങ്കികൾക്ക് നീ അപമാനമാണ്. പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് അർണ്ണോസു പാതിരിയുടെ വാക്കിന്റെ പുണ്ണാണ് പകർന്നു കിട്ടിയതെന്ന് തോന്നുന്നു. എന്തെങ്കിലും ആകട്ടെ നീ ഒരെണ്ണം കൂടി ഒഴിക്ക്. എനിക്ക് കൂട്ടിക്കൊടുപ്പിനുള്ള നേരമായി.

ഒന്നാമൻ: പോകുവാണോ..

രണ്ടാമൻ: പോകണം. ഇതൊക്കെ കേട്ടോണ്ടിരിക്കുന്ന തൈരൻമാർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്.

ഒന്നാമൻ: അങ്ങേയ്ക്കും പേടിയാണോ.
രണ്ടാമൻ:അല്ല, ആക്രമിക്കാൻ പഴുതു തേടി ഒഴിയുന്ന പറുങ്കിയുടെ ക്ഷമ.
(രംഗം ഇരുളുന്നു. സ്റ്റേജിലേക്ക് ഒരു പുസ്തകവണ്ടി വരുന്നു. അതിൽ ചങ്ങലയ്ക്കിട്ടു പൂട്ടിയ പുസ്തകങ്ങൾ. ഓരോന്നിന്റെ ചട്ടയിലെഴുതിയത് ഉറക്കെ വായിച്ചൊരാൾ ലേലം തുടങ്ങുന്നു. സ്‌പോർട്ട് ലൈറ്റിൽ അയാളുടെ മുഖം.)

നാന്നൂറ്റിയൻപത്. (നിശ്ശബ്ദത)
മൂന്നൂന്റിയൻപത്. (നിശ്ശബ്ദത)
ഇരുന്നൂറ്. (വീണ്ടും നിശ്ശബ്ദത)
നൂറ്റിയൻപത്. ( വിറയോടെയുള്ള വിളി)
നൂറ്... നൂറ്.. (ദുർബലപ്പെട്ടു പോകുന്ന സ്വരം)

മറുവിളിക്ക് ആളില്ലാതെ അയാൾ പുസ്തകം താഴെ വെച്ചു.


ഫ്രാൻസിസ് നൊറോണ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അശരണരുടെ സുവിശേഷം (നോവൽ), ആദാമിന്റെ മുഴ, ഇരുൾ രതി, പെണ്ണാച്ചി, തൊട്ടപ്പൻ, കക്കുകളിതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments