പരിശുദ്ധ ഓർമക്ക്...

കനാൽ തീരത്തെ പണ്ടികശാലകളിൽ തൂക്കുന്ന നത്താൾ നക്ഷത്രവെട്ടങ്ങൾ തോട്ടുവെള്ളത്തിൽ പ്രതിഫലിക്കുന്ന മഞ്ഞണിഞ്ഞ ക്രിസ്തുമസ് രാത്രി അടുക്കുമ്പോഴൊക്കെ ആ കഥയോർക്കും. രാത്രിയിൽ ഒരു മരണവീട്ടിൽ തനിച്ചാവുക. മൃതദേഹവും പേറി സിമിത്തേരിയിലേക്ക് പോവുക. ശവമില്ലെങ്കിലും മരിപ്പുവണ്ടി വലിച്ച് കഥയിലെ കഥാപാത്രത്തെപ്പോലെ റിയൽ ലൈഫിൽ ഒരു എഴുത്തുകാരൻ... എഴുത്തിന്റെ തുടർച്ച ജീവിതത്തിലുണ്ടാവുമോയെന്ന പേടി പിൽക്കാലത്തെ ഓരോ കഥയിലും എന്നെ പിൻതുടർന്നിരുന്നു- കഥാകൃത്ത് കൂടിയായ ലേഖകന്റെ വേറിട്ട ഒരു ക്രിസ്മസ് അനുഭവം

രു പച്ചപ്പാതിരായ്ക്ക് ആലപ്പുഴ നഗരത്തിലൂടെ ശവവണ്ടിയും വലിച്ചുകൊണ്ട് സിമിത്തേരിയിലേക്ക് ഞാൻ പോയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നും. എന്നാൽ അങ്ങനെയൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഏറ്റെടുത്ത കാര്യം നിറവേറ്റുന്നതിനു വേണ്ടിയുള്ള നെറിവിനാണ് ഞാനാ കടുംപണി ചെയ്തത്...

സാഹിത്യത്തിൽ അറിയപ്പെടുന്നതിനും ഏറെ മുന്നേ എഴുത്തിന്റേയും വായനയുടേയും ഒരു പരീക്ഷണകാലം എനിക്കുണ്ടായിരുന്നു. ആലപ്പുഴയിലെ മുഖരേഖ മാസികയായിരുന്നു കളരി. കോളേജു പഠനം കഴിഞ്ഞ പ്രായം മുതലേ ഞാനതിൽ എഴുതിയിരുന്നു. ക്രിസ്തുമസ് പതിപ്പിന് അവർക്ക് ഒരു കഥ വേണം... എഴുതാമെന്ന് ഏറ്റിരുന്ന പ്രമുഖ സാഹിത്യകാരൻ ഒഴിവായതിനെ തുടർന്നാണ് ഡയറക്ടറച്ചൻ എന്നെ അതിന് നിർബന്ധിച്ചത്. ആവശ്യപ്പെട്ടാലുടനെ എന്തെങ്കിലും എഴുതുക എനിക്കിത്തിരി ക്ലേശമുള്ളതാണ്. കഥകൾ അപ്രതീക്ഷിതമായി കടലിൽ രൂപപ്പെടുന്ന ഒറ്റക്കണ്ണൻകാറ്റുപോലെയാണ്. അതങ്ങനെ പെട്ടെന്ന് വരും. കരയെത്തുന്നപോലെ മനസ്സെത്തിയാലുടൻ ഉഴുതുമറിച്ചെന്നെ കടന്നുപോകും. പിന്നെ അടുത്തത് എത്തുംവരെയൊരു ശൂന്യതയാണ്. ആരെങ്കിലും എഴുതാൻ പറയുമ്പോഴൊക്കെ ഈ പേമാരിയങ്ങനെ കടന്നുവരണമെന്നുമില്ല.

പെട്ടെന്നെങ്ങനെ എഴുതുമെന്ന ഭാരത്തോടെയാണ് സന്ധ്യക്ക് ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയത്. അന്ന് എഴുത്തുമേശയില്ല. കാർഡ്‌ബോർഡിന്റെ കഷണം കസേരയിൽ വട്ടംവെച്ചാണ് എഴുത്ത്. വീട്ടിലെല്ലാവരും ഉറക്കമായപ്പോൾ ഊറാൻ കുത്തിയ കസേരയെടുത്ത് മുറ്റത്തിട്ടു. പള്ളിപ്പെരുന്നാളിന്റെയും പരസ്യങ്ങളുടേയും നോട്ടീസ് ശേഖരിച്ച് ക്ലിപ്പിട്ട് സൂക്ഷിക്കും. അതിന്റെ മറുവശത്താണ് എഴുത്ത്. എഴുതാനിരുന്നെങ്കിലും ഉറങ്ങിപ്പോയി. രാത്രി ഒരു മണിയായിട്ടുണ്ടാവണം, പള്ളിയിൽ നിന്നുള്ള ഒറ്റയും പെട്ടയും ശവമണി കേട്ടാണ് ഉണരുന്നത്. പതറി നിൽക്കുമ്പോൾ ആരോ ഗ്ലോറിയ പാടുന്നു.

ഉറക്കപ്പിച്ചാണെന്ന് മനസ്സിലായപ്പോഴേക്കും എഴുന്നേറ്റ് മുഖം കഴുകി വീണ്ടുമിരുന്നു. എഴുത്തിന്റെ ഒരു ഇരമ്പം രൂപപ്പെടുന്നുണ്ടായിരുന്നു. പിന്നെയത് ചാഞ്ഞിറങ്ങി. നേരം വെളുക്കാറായപ്പോഴേക്കും കഥ പൂർത്തിയായി. ‘ക്ലാരാ മരിയ മുത്തശ്ശിയുടെ മരണം'- തലക്കെട്ടും കൊടുത്തു.

അക്കാലത്തൊക്കെ ഒറ്റ എഴുത്തേയുള്ളു. ഇന്നത്തെപ്പോലെ വെട്ടും തിരുത്തുമായി മേസ്തിരിയുടെ മിനുക്കു കൊലുശ്ശേരിപ്പണിപോലെയുള്ള കഥയെഴുത്ത് അന്ന് പരിചിതമല്ല.
അന്നത്തെ കഥാപരീക്ഷണം വായിക്കുമ്പോൾ കുറവുകൾ പലയിടത്തും കാണാം. കഥയെന്ന് അതിനെ വിളിക്കാമോയെന്നുപോലും സംശയിക്കും. ഒറ്റയെഴുത്തിലൊതുക്കിയ കഥയുടെ ചുരുക്കം ഇതാണ്.

പള്ളിപ്പറമ്പിൽ തനിച്ചു താമസിച്ചിരുന്ന ഒരു അമ്മച്ചി ക്രിസ്തുമസിന്റെ തലേന്ന് മരിക്കുന്നു. പള്ളിമുറ്റത്ത് മരണവീടും ശവവും കിടക്കുമ്പോൾ എങ്ങനെയാണ് പിറവിത്തിരുന്നാളിന്റെ പാതിരാക്കുർബ്ബാന ആഘോഷിക്കുക. കമ്പിത്തിരിയും മത്താപ്പും ബാന്റുമേളവുമായി ഉണ്ണീശോയുടെ പ്രദക്ഷിണം നടത്താനാവുമോ. എന്തിന്റെ പേരിലാണെങ്കിലും അതൊന്നും മാറ്റിവെച്ച ചരിത്രം സഭക്കില്ല. മരിച്ച അമ്മച്ചിക്കാണെങ്കിൽ ദൂരെയെവിടെയോ ഒരു മകൻ ജീവിച്ചിരിപ്പുണ്ട്. അയാളെത്താതെ ശവമെങ്ങനെ അടക്കം ചെയ്യും. കാര്യങ്ങൾ സങ്കീർണമായി. അച്ചനും നാട്ടുകാരും രണ്ടുചേരിയിലായി. ആളെ കൂട്ടിക്കൊണ്ടുവന്നാൽ വൈകീട്ടുതന്നെ അടക്കാം, പാതിരാക്കുർബ്ബാന ആഘോഷമായി നടത്തുകയും ചെയ്യാം.

ആരാണ് പോവുക? അമ്മച്ചിയോടു അടുപ്പമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പോകാമെന്ന് ഏറ്റു. മകൻ താമസിക്കുന്ന ദ്വീപിലേക്ക് അവരുടെ മരണം അറിയിക്കാനായി അയാൾ കടന്നുപോകുന്ന നാട്ടുവഴികൾ. ക്രിസ്തുമസ് പശ്ചാത്തലത്തിലുള്ള രാത്രി, ഇരുട്ട്, നക്ഷത്രവെട്ടങ്ങൾ, കരോൾ... തീരക്കാറ്റും രാത്രിയുമൊക്കെ അങ്ങനെതന്നെ പകർത്തി കഥയുടെ ഭൂമികയേയും കഥാപാത്രങ്ങളേയും മെനഞ്ഞു.

കടപ്പുളി കാറ്റേറ്റ് എന്റെ ചെറുപ്പക്കാരനായ കഥാപാത്രം ദ്വീപിലെത്തി. മരിച്ച അമ്മച്ചിയുടെ മകനെ കാണുന്നു. വീട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കിൽനിന്ന് ഇറങ്ങിവരുന്ന മകൻ അമ്മച്ചിയുടെ മരണവാർത്ത കേട്ട് ഉലയുന്നുണ്ടെങ്കിലും കണ്ണീര് തുടച്ചു പറയുന്നു: ‘അപ്പന് കല്യാണത്തിനുമുന്നേ ഉണ്ടായ കുട്ടിയാണ് ഞാൻ. മരിച്ചത് എന്റെ അമ്മച്ചിയാണെന്ന് മക്കൾക്കോ മരുമക്കൾക്കോ എന്തിന് ഭാര്യക്കുപോലും അറിയില്ല.'

ശവമടക്കിന് അയാൾ കുറച്ചു കാശുകൊടുത്ത് ആ ചെറുപ്പക്കാരനെ ആരുമറിയാതെ നാട്ടിലേക്ക് മടക്കി അയക്കുന്നു. തിരിച്ചെത്തിയവൻ പറഞ്ഞതു കേട്ട് മരണവീട്ടിൽ കാത്തുനിന്നവർ ഓരോരുത്തരായി ക്രിസ്തുമസ് രാത്രിയുടെ തിരക്കുകളിലേക്ക് പോയി. പാതിരാക്കുർബ്ബാന ചൊല്ലാനുള്ള സമയം ആകുന്നതിന്റെ തിരക്ക് അച്ചനുമുണ്ട്. ഒടുവിൽ അവിടെ അച്ചനും ചെറുപ്പക്കാരനും. കുഴിവെട്ടിയുടെ സഹായത്തോടെ മൂന്നുപേരും കൂടി ശവം ചുമന്ന് സിമിത്തേരിയിൽ എത്തിക്കുന്നു. കുഴി ആശീർവദിച്ച് പാതിരാക്കുർബ്ബാനയ്ക്ക് ഒരുങ്ങട്ടേയെന്നും പറഞ്ഞ് അച്ചൻ മടങ്ങി. ഇതൊന്നു മൂടുവോ, പിള്ളാരെയും ഭാര്യയേയും കൂട്ടി പള്ളിയിൽ പോകണമെന്നും പറഞ്ഞ് കുഴിവെട്ടിയും മുങ്ങുന്നു. പാതിരാത്രി തനിച്ച് ആ ചെറുപ്പക്കാരൻ കുഴിമാടം മണ്ണിട്ടു മൂടുമ്പോൾ ആകാശത്തുനിന്ന് ഗ്ലോറിയ കേൾക്കുന്ന മുഴക്കത്തിലാണ് ആ കഥ അവസാനിപ്പിച്ചത്. അമ്മച്ചിയുടെ മകനെ തിരക്കിപോകുന്നവന്റെ ആംഗിളിലാണ് കഥ പറച്ചിൽ. എഴുതുമ്പോൾ കഥയിലെ ചെറുപ്പക്കാരനായി ഞാൻ മാറുന്നുണ്ടായിരുന്നു.

അച്ചന് ഇഷ്ടപ്പെട്ടു, കഥ മാസികയിൽ അച്ചടിച്ചു വരികയും ചെയ്തു. എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. കുറച്ചുദിവസങ്ങൾക്കുശേഷം ചാത്തനാട്ടുള്ള ദിലീപും, മങ്കൊമ്പിലെ എസ്. ശ്രീകുമാറും വീട്ടിൽ വരുന്നു. ടെലിഫിലിം ചെയ്യാൻ കഥ ആവശ്യപ്പെടുന്നു. ആദ്യമായാണ് ഒരു കഥക്ക് ദൃശ്യഭംഗി വരുന്നത്. എനിക്ക് ആവേശമായി. ഞാൻ കൈകൊടുത്തു. എന്നാലാവുംവിധം സഹായം ചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു. ഒരു സംവിധായകൻ ആകാനുള്ള പരീക്ഷണത്തിൽ ദിലീപ് ഷെറഫ് ടെലിഫിലിമുകൾ ചെയ്തു പഠിക്കുന്ന സമയം. ദിലീപ് ചാത്തനാട് എന്നായിരുന്നു തൂലികാനാമം.

‘ക്ലാരാ മരിയ മുത്തശ്ശിയുടെ മരണം' ഒരു സ്ലോ മൂവിയായി ചെയ്യാനാണ് ഉദ്ദേശിച്ചത്. തിരക്കഥ ശരിയായി. ഷൂട്ടിംഗിനു ആവശ്യമായ ചില കാര്യങ്ങൾ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അതിൽ ഏറ്റവും പ്രയാസമുള്ളത് സിമിത്തേരിയും അതുമായി റിലേറ്റഡായ സാധനങ്ങളുമായിരുന്നു. ഞാൻ ലത്തീൻപള്ളിയിലെ ബേർലിയച്ചനെ ചെന്നുകണ്ടു അനുവാദം വാങ്ങി. രണ്ടുമൂന്നു സിനിമകളിൽ അഭിനയിച്ച ആളെന്ന നിലയിൽ അച്ചനെന്നെ സഹായിക്കാമെന്ന് ഏറ്റു. കഥയിലെ അച്ചന്റെ വേഷവും ബേർലിയച്ചനാണ് ചെയ്തത്. ക്ലാരാ മരിയ മുത്തശ്ശിക്കുവേണ്ടിയുള്ള ആംഗ്ലോ-ഇന്ത്യൻ ഉടുപ്പുകൾ ഡച്ചു സ്‌ക്വയറിലുള്ള സെലിനാന്റിയുടെ വീട്ടിൽനിന്ന് വാങ്ങി. വീടിന്റെ ആമ്പിയൻസിനുവേണ്ട ബൈബിളും രൂപക്കൂടുമൊക്കെ ഞാൻ തന്നെയാണ് സംഘടിപ്പിച്ചു കൊടുത്തത്.

ഒരു ദിവസത്തെ ഷെഡ്യൂളാണ്. 10,000 രൂപ ചെലവ്. രണ്ടാമത്തെ ദിവസത്തേക്ക് കാര്യങ്ങൾ നീങ്ങിയാൽ ക്യാമറ വാടകയുൾപ്പെടെ കടബാധ്യത കൂടും. കരുതലോടെ ഷൂട്ടിംഗ് തുടങ്ങി. തലവടിയിലുള്ള ആർട്ടിസ്റ്റ് തങ്കന്റെ ഓലവീടാണ് ലൊക്കേഷൻ. അക്കാലത്ത് സിനിമ-സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ആർട്ടിസ്റ്റുകളായിരുന്നു നടീനടൻമാർ. ഗതാഗതത്തിന് വാടകക്കെടുത്ത ഓട്ടോറിക്ഷ ആയിരുന്നു കാരവൻ. മേയ്ക്കപ്പ്മാൻ ആലപ്പിബാബു അതിലിരുന്നാണ് നടൻമാരെ ഒരുക്കിയത്. ഫോട്ടോസ്റ്റുഡിയോ നടത്തിയിരുന്ന ഒരു അലി അക്ബറായിരുന്നു ക്യാമറാമാൻ. പ്രതീക്ഷതിനേക്കാൾ സമയമെടുത്തു ആദ്യത്തെ ലൊക്കേഷനിലെ ഷൂട്ടിംഗ് തീരാൻ. അടുത്തത് സിമിത്തേരിയാണ്. ശവമടക്കിന് വേണ്ടതെല്ലാം ചെയ്യാമെന്ന് ഏറ്റിരുന്ന എനിക്ക് ടെൻഷനായി.

തലവടിയിൽ പാക്ക് അപ്പ് പറഞ്ഞപ്പോൾ രാത്രി പതിനൊന്നു മണി. ആർട്ടിസ്റ്റുകൾ പലരും മടങ്ങി. ഇതിനി ടയിൽ ശവമായി കിടക്കേണ്ട നായികയെ അവരുടെ അച്ഛൻ വന്ന് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഞാൻ മേടയിൽ ചെന്ന് ബേർലിയച്ചന്റെ മുറിയുടെ വാതിലിൽ മുട്ടി. ഉറക്കച്ചടവോടെ എഴുന്നേറ്റ അച്ചൻ സിനിമയോടുള്ള കൂറുകൊണ്ടാവും ശവവണ്ടി എടുക്കാൻ അനുവാദം തന്നു. വണ്ടി വലിക്കാൻ ഏർപ്പാടു ചെയ്തിരുന്നയാൾ നേരം വൈകിയതിനാൽ വീട്ടിൽ പോയിരുന്നു. ക്യമറാമാൻ അലി റോഡിനോടു ചേർന്ന സിമിത്തിരിമതിലിനു മുകളിൽ കയറി നിന്നു. ദീലീപ് ആക്ഷൻ പറഞ്ഞു. ടേക്ക് ശരിയാകുന്നവരെ ഞാനൊറ്റയ്ക്ക് ഭാരമേറിയ മരണവണ്ടി വലിച്ചുനടന്നു. സെക്കൻഡ് ഷോ കഴിഞ്ഞുപോയവർ അത്ഭുതത്തോടെ നോക്കിനിന്നു. ശീലമില്ലാത്ത പണിയായതിനാൽ ഞാൻ പെട്ടെന്ന് തളർന്നു. നെഞ്ചിടിപ്പു കൂടി. വിയർപ്പിൽ കുതിർന്ന ഷർട്ട് നെഞ്ചോട് ഒട്ടി. മരിച്ച് സിമിത്തേരിയിൽ വീഴുമോയെന്ന് ഭയന്നു.

പള്ളിയുടെ മരിപ്പുവണ്ടി പാതിരാത്രി ആരോ ഒരാൾ റോഡിലൂടെ വലിച്ചുകൊണ്ടു നടന്നത് അരമനയിൽ അറിഞ്ഞു. ഡബ്ബിംഗിന്റെ സമയമായപ്പോൾ എനിക്ക് അച്ചനെ വിളിക്കാൻ പേടി. ചെറിയ രീതിയിൽ പാതിരിമാരുടെ ശബ്ദം അനുകരിക്കാൻ അറിയാവുന്ന ഞാൻ അച്ചന്റെ ഭാഗങ്ങൾ ഡബ്ബ് ചെയ്തുകൊടുത്തു. ടൈറ്റിൽസോംഗ് പാടിക്കാനും അത് റെക്കോഡ് ചെയ്യാനുമുള്ള പണമില്ല. ഒടുവിൽ ‘ഉണ്ണിയേശുവേ ഉണ്ണിയായി ജനിച്ചു നീ..' എന്നു തുടങ്ങുന്ന അക്കാലത്തെ ഒരു പാരഡിപാട്ടുകൊണ്ടു അഡ്ജസ്റ്റു ചെയ്തു. വളരെ സ്ലോ ആയ ഷോട്ടുകൾ എഡിറ്റു ചെയ്യാൻ ക്ലേശിച്ച് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ.

ഒടുക്കം ‘പരിശുദ്ധ ഓർമ്മയ്ക്ക്' എന്ന ടൈറ്റിലിൽ ആലപ്പുഴയിലെ ലോക്കൽ ചാനലുകളിൽ ക്രിസ്തുമസിന് അത് സംപ്രേഷണം ചെയ്തു. കഥ.. ‘ഫ്രാൻസിസ് നൊറോണ'- പേര് സ്‌ക്രീനിൽ തെളിയുന്നു. എനിക്ക് സന്തോഷമായി. ബൈബിൾ വായനയും കണ്ണീരും നിറഞ്ഞ ടെലിഫിലിം. കാണാനെത്തിയവർ ഓരോ കാരണം പറഞ്ഞ് തീരുന്നതിനു മുന്നേ എഴുന്നേറ്റ് പോയി.

ഫ്രാൻസിസ് നൊറോണ അമ്മയ്ക്കൊപ്പം.

ക്ലാരാ മരിയ മുത്തശ്ശിയുടെ മരണവീടുപോലെ ഒടുക്കം ഞാനും എന്റെ അമ്മച്ചിയും തനിച്ചായി. ടെലിഫിലിം അവസാനിച്ചു. ഒരാളെങ്കിലും കൂടെയുണ്ടല്ലോ എന്ന സമാധാനത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഭിത്തിയിൽ ചാരിയിരുന്ന് അമ്മച്ചി നല്ല ഉറക്കം.

ശവവണ്ടി വലിച്ചുള്ള പാതിരായാത്ര ഇപ്പോഴും ചില രാത്രികളിലെ ഉറക്കത്തിലെന്നെ അലോസരപ്പെടു ത്താറുണ്ട്. കനാൽ തീരത്തെ പണ്ടികശാലകളിൽ തൂക്കുന്ന നത്താൾ നക്ഷത്രവെട്ടങ്ങൾ തോട്ടുവെള്ളത്തിൽ പ്രതിഫലിക്കുന്ന മഞ്ഞണിഞ്ഞ ക്രിസ്തുമസ് രാത്രി അടുക്കുമ്പോഴൊക്കെ ആ കഥയോർക്കും.

രാത്രിയിൽ ഒരു മരണവീട്ടിൽ തനിച്ചാവുക. മൃതദേഹവും പേറി സിമിത്തേരിയിലേക്ക് പോവുക. ശവമില്ലെങ്കിലും മരിപ്പുവണ്ടി വലിച്ച് കഥയിലെ കഥാപാത്രത്തെപ്പോലെ റിയൽ ലൈഫിൽ ഒരു എഴുത്തുകാരൻ... എഴുത്തിന്റെ തുടർച്ച ജീവിതത്തിലുണ്ടാവുമോയെന്ന പേടി പിൽക്കാലത്തെ ഓരോ കഥയിലും എന്നെ പിൻതുടർന്നിരുന്നു.ഫ്രാൻസിസ് നൊറോണ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അശരണരുടെ സുവിശേഷം (നോവൽ), ആദാമിന്റെ മുഴ, ഇരുൾ രതി, പെണ്ണാച്ചി, തൊട്ടപ്പൻ, കക്കുകളിതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments