ഗെയിൽ ഓംവെദ്

കീഴാള ഇന്ത്യയെ കണ്ടെത്തിയ ഗെയിൽ ഓംവെദ്

മുഖ്യധാരാ സാമൂഹിക ശാസ്ത്രത്തിന്റെ ആഴവും പരപ്പും വർധിപ്പിക്കാനും കീഴാള വർഗങ്ങൾക്ക് അനുകൂലമായി പ്രതിവിജ്ഞാനശാസ്ത്രം വികസിപ്പിക്കാനും കഴിഞ്ഞതാണ്​ ഗെയിൽ ഓംവെദിന്റെ പ്രധാന സംഭാവന

ന്താണ് ഗെയിൽ ഓംവെദിന്റെ സംഭാവന?

അവർ 25ഓളം പുസ്തകങ്ങൾ ഇംഗ്ലീഷിൽ എഴുതി, കൂടാതെ, ഹിന്ദിയിലും മറാഠിയിലും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വെറുമൊരു ഗവേഷകയും എഴുത്തുകാരിയുമായിരുന്നില്ല അവർ. ജീവിതത്തിന്റെ വിവിധ തുറകളിൽ കീഴാള വിഭാഗങ്ങൾക്കുവേണ്ടി ഇടപെട്ടു. ആ ഇടപെടൽ മൗലികവും ഘടനാപരവും ആയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളവയായിരുന്നു.

രണ്ടുമൂന്ന് മേഖലകൾ ഊന്നിപ്പറയാം; ജാതി, ബ്രാഹ്മണിക് ഓർഡറും അതിന്റെ ഹൈറാർക്കിയും, പുരുഷമേധാവിത്തത്തിന് എതിരായ സമീപനങ്ങൾ. ഇതിനെയെല്ലാം ഉൾക്കൊള്ളുന്ന മനുഷ്യാവകാശ തലത്തിലാണ് ഗെയിൽ ഓവെദ് പ്രവർത്തിച്ചതും ചിന്തിച്ചതും എഴുതിയതും. അവരുടെ കാൻവാസ് വളരെ വിശാലമായിരുന്നു. ചരിത്ര പരിപേക്ഷ്യത്തിലാണ് അവർ ഇവയെ നോക്കിക്കണ്ടത്.

ഒരുപക്ഷേ, ഗെയിൽ ഓംവെദ് അംബേദ്കറുടെയും ഫുലേയുടെയും ചിന്തകൾ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും കൈകാര്യം ചെയ്തില്ലായിരുന്നു എങ്കിൽ അംബേദ്കർ ചിന്തകൾക്കും പ്രത്യയശാസ്ത്രത്തിനും അന്തർദേശീയ തലത്തിൽ ഇത്ര വിപുലമായ അംഗീകാരം കിട്ടുമായിരുന്നുവോ എന്ന് സംശയം തോന്നാം

19ാം നൂറ്റാണ്ടിലെ ജാതിക്കും പുരുഷമേധാവിത്തത്തിനും എതിരായ പ്രവർത്തനങ്ങൾ- അതായത്, മഹാത്മ ഫുലേ, സാവിത്രി ഫുലേ ഇവരുടെയൊക്കെ പ്രവർത്തനങ്ങളും പ്രത്യയശാസ്ത്രവും ഉൾക്കൊണ്ട്, സാമൂഹിക ശാസ്ത്രജ്ഞ എന്ന നിലയ്ക്ക് ചരിത്രപരമായി കാര്യങ്ങൾ അപഗ്രഥിക്കുകയാണ് അവർ ചെയ്തത്. അർപ്പണ മനോഭാവത്തോടെ, ഒരു ലക്ഷ്യത്തോടുകൂടിയാണ് അവർ ഇത് ചെയ്തത്. അവരുടെ അർപ്പണമനോഭാവം എന്നു പറഞ്ഞാൽ മനുഷ്യാവകാശ സംരക്ഷണമാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണത്തിനും മോചനത്തിനും മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുക.

കീഴാള പഠനം കേന്ദ്രബിന്ദുവാകുന്നു

അംബേദ്കർ ചിന്തകൾക്കും പഠനങ്ങൾക്കും പ്രത്യയശാസ്ത്രപരവും തത്വചിന്താപരവും ദാർശനികവുമായ മാനം അവർ നൽകി. ഒരുപക്ഷേ, ഗെയിൽ ഓംവെദ് അംബേദ്കറുടെയും ഫുലേയുടെയും ചിന്തകൾ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും കൈകാര്യം ചെയ്തില്ലായിരുന്നു എങ്കിൽ അംബേദ്കർ ചിന്തകൾക്കും പ്രത്യയശാസ്ത്രത്തിനും അന്തർദേശീയ തലത്തിൽ ഇത്ര വിപുലമായ അംഗീകാരം കിട്ടുമായിരുന്നുവോ എന്ന് സോഷ്യൽ സയന്റിസ്റ്റുകൾക്ക് സംശയം തോന്നാവുന്ന കാര്യമാണ്. അവർ ഈ വിഭാഗത്തിൽനിന്നുകൊണ്ടല്ല എഴുതിയത്, അവർ പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായി ചിന്തിച്ചിരുന്നയാളാണ്.

കീഴാള പ്രശ്‌നങ്ങളെക്കുറിച്ച് എഴുതി, ആ പ്രത്യയശാസ്ത്രം ഉയർത്തിക്കാട്ടി എന്നതുമാത്രമല്ല, കീഴാള പഠനങ്ങളെ മുഖ്യധാരാ പഠനങ്ങളുടെ കേന്ദ്രബിന്ദുവായി അവതരിപ്പിക്കുക കൂടിയാണ് അവർ ചെയ്തത്. കീഴാള വിഭാഗങ്ങളിൽനിന്നുള്ള പല എഴുത്തുകാർക്കും ഗവേഷകർക്കും പറ്റുന്ന ഒരു അപകടം, സ്വയം പാർശ്വവൽകൃതമായി കാണുന്ന പ്രവണതയാണ്. എന്നാൽ, ഗെയിൽ ഓവെദ് ഇത്തരം പ്രശ്‌നങ്ങളെ മുഖ്യധാരാപ്രശ്‌നങ്ങളുമായി കണ്ണിചേർക്കുകയും ഇവ എങ്ങനെയാണ് മുഖ്യധാരാ പ്രക്രിയകളാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അന്വേഷിക്കുകയുമാണ് ചെയ്തത്. ഇതിലൂടെ സാമൂഹിക ശാസ്ത്രത്തിന് പ്രത്യേക ദിശാബോധം അവർ കൊടുത്തു.

ഡോ. ബി.ആർ. അംബേദ്കർ / Photo: Wikimedia Commons

ഏത് സാമൂഹിക ശാസ്ത്രശാഖയാണെങ്കിലും- സാമ്പത്തിക ശാസ്ത്രമാണെങ്കിലും രാഷ്ട്ര മീമാംസയാണെങ്കിലും- ഇന്ത്യയിൽ ജാതിവ്യവസ്ഥയെ മാറ്റിനിർത്തി സാമൂഹികശാസ്ത്ര വിശകലനം അസാധ്യമാണ്. പല സാമൂഹിക ശാസ്ത്രജ്ഞന്മാരും, പ്രത്യേകിച്ച് സാമ്പത്തികശാസ്ത്ര മേഖലയിലുള്ളവർ, ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത് അയഥാർഥമായ സമീപനമാണ്. കാരണം, സാമ്പത്തികശാസ്ത്രത്തെ സാമൂഹിക പ്രക്രിയകളിൽനിന്നും സാമൂഹിക പ്രതിഭാസങ്ങളിൽനിന്നും മാറ്റിനിർത്തുമ്പോൾ അതിനൊരു അയഥാർഥ സ്വഭാവം വരും. മനുഷ്യരുടെ ദൈനംദിന ജീവിതാനുഭവങ്ങളുമായി ഇവയെ കണ്ണിചേർക്കുമ്പോഴാണ് അവയക്ക് സാമൂഹികമായ പ്രാധാന്യവും പ്രസക്തിയും വരുന്നത്.

ഈയൊരർഥത്തിൽ ഗെയിലിന്റെ പഠനങ്ങളും ചിന്തകളും വിശകലനങ്ങളും മുഖ്യധാരാ സാമൂഹികശാസ്ത്ര ചട്ടക്കൂടിൽനിന്നുകൊണ്ടാണ് ചെയ്യുന്നത്, ഒറ്റപ്പെടുത്തിയല്ല ചെയ്യുന്നത്- കീഴാള വിഭാഗങ്ങളുടെ പഠനങ്ങൾ എന്ന നിലയ്ക്ക് കണ്ണിചേർക്കുന്നു. അതിലൂടെ മുഖ്യാധാരാ സാമൂഹിക ശാസ്ത്രപഠനങ്ങൾക്ക് പുതിയ മാനവും വൈപുല്യവും ആഴവും പരപ്പും നൽകുന്നു. അതിലൂടെ മുഖ്യധാരാ സാമൂഹിക ശാസ്ത്രത്തിന്റെ വളർച്ചക്കുതന്നെ സംഭാവനയേകി.
അംബേദ്കർ പഠനങ്ങളെ ഒരു പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യത്തിലേക്ക് ഉയർത്തുകയാണ് അവർ ചെയ്തത്. അങ്ങനെയാണ് ഒരു ശാസ്ത്രശാഖക്ക് രാഷ്ട്രീയമാനം കൈവരുന്നത്. ഏതൊരു പ്രത്യയശാസ്ത്രവും പ്രസക്തമാകുന്നത് പ്രയോഗത്തിലൂടെയാണ്.

കീഴാള വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ അപഗ്രഥിക്കുന്നതിൽ വസ്തുതാപരമായ, ശാസ്ത്രീയമായ റീസനിങ്ങിനു മാത്രമല്ല, ‘നോർമാറ്റീവ് റീസനിങ്ങി’നും പ്രാധാന്യമുണ്ട്. അത്തരം സമീപനം ഗെയിൽ ഓവെദിന്റെ വർക്കുകളിൽ കാണുന്നതുകൊണ്ടാണ് അവയ്ക്ക് സാമൂഹിക സാംഗത്യമുണ്ടായത്.

പ്രത്യയശാസ്ത്രം വളർത്തിയോ എന്നതല്ല, അത് സാമൂഹിക പ്രക്രിയയെ മനസ്സിലാക്കാനും രൂപപ്പെടുത്താനുമുള്ള രീതിയിൽ പ്രയോഗവൽക്കരണം നടന്നോ എന്നതിലാണ് കാര്യം. പ്രയോഗവൽക്കരണത്തിന്റെ ഒരു ചട്ടക്കൂടുണ്ട്- ‘എക്‌സ്പീരിയൻസ്​ ആസ്​ എ ഫ്രെയിം വർക്ക് ഓഫ് അനാലിസിസ്.' ഇതിൽനിന്ന് പൊതുവേ സാമൂഹികശാസ്ത്രജഞന്മാർ ഒഴിഞ്ഞുനിൽക്കാറാണ് പതിവ്. കാരണം, അവർക്ക് അത്തരം അനുഭവങ്ങളില്ല. അതുകൊണ്ടാണ് ശാസ്ത്രീയത, വസ്തുനിഷ്ഠത എന്നൊക്കെ പറയുന്ന കാര്യങ്ങൾക്ക് അമിത ഊന്നൽ കൊടുക്കുന്നത്. കീഴാള വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ അപഗ്രഥിക്കുന്നതിൽ വസ്തുതാപരമായ, ശാസ്ത്രീയമായ റീസനിങ്ങിനു മാത്രമല്ല, ‘നോർമാറ്റീവ് റീസനിങ്ങി’നും പ്രാധാന്യമുണ്ട്. അത്തരം സമീപനം ഗെയിൽ ഓവെദിന്റെ വർക്കുകളിൽ കാണുന്നതുകൊണ്ടാണ് അവയ്ക്ക് സാമൂഹിക സാംഗത്യമുണ്ടായത്.

മാർക്​സിസത്തിന്റെ പ്രശ്​നങ്ങൾ

എന്നാൽ, മാർക്‌സിയൻ സ്റ്റഡീസിൽ ഇത് കാണുന്നില്ല. ജാതി പ്രശ്‌നത്തെക്കുറിച്ചും ജാതി വ്യവസ്ഥയെക്കുറിച്ചും ചർച്ച ചെയ്യാത്തതുകൊണ്ടാണ് കീഴാള വിഭാഗങ്ങൾക്കിടക്ക് മാർക്‌സിയൻ തത്വശാസ്ത്രത്തിനും വിശകലന ശാസ്ത്രത്തിനും വലിയ സാംഗത്യം ലഭിക്കാതെ പോയത്. ഇപ്പോഴും ചൂഷിതരായ, അടിച്ചമർത്തപ്പെടുന്ന ദരിദ്ര ജനവിഭാഗങ്ങളിൽ ചെറിയ പക്ഷത്തിനുപോലും മാർക്‌സിസം പോലുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം നമ്മൾ കാണുന്നില്ല. ഒരു മധ്യവർഗ- ഉപരി മധ്യവർഗ പ്രക്രിയ എന്ന നിലയ്ക്കുള്ള ആകർഷണമാണ് മാർക്‌സിസത്തിനുണ്ടായത്. രണ്ടുമൂന്നു തലങ്ങളിലാണ് അത് കാണാൻ കഴിയുന്നത്- അക്കാദമിയയിൽ, മീഡിയയിൽ, രാഷ്ട്രീയമായ ചില ഡിസ്‌കോഴ്‌സുകളിൽ.

കാൾ മാർക്സ്

മധ്യവർഗത്തിന് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തിൽ അഭിപ്രായ രൂപീകരണവും അഭിപ്രായ അന്തരീക്ഷവും സൃഷ്ടിക്കുന്നത് അവരാണ്. സമൂഹത്തിൽ എല്ലാവരും ചിന്തിക്കുന്നില്ല. ദാരിദ്ര്യം ഇല്ലാത്തവർക്കാണ് ചിന്തിക്കാൻ കഴിവുള്ളത്. അവർക്ക് ഭദ്രമായ ജീവിത സൗകര്യമുണ്ട്. അങ്ങനെ വരുമ്പോൾ അവർക്ക് അധിക സമയമുണ്ടാകുന്നു, മാനസികമായ സ്വാതന്ത്ര്യമുണ്ടാകുന്നു. ഉദാത്ത ആശയങ്ങൾ ഉണ്ടാകുക സ്ഥല, കാല, പരിമിതികൾക്കപ്പുറം പോകുന്ന വ്യക്തികളിൽനിന്നാണ്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകളെയും നോക്കൂ; അവർ ദൈനംദിന പ്രശ്‌നങ്ങളിൽ വ്യാപൃതരാണ്- ഭക്ഷണം, പാർപ്പിടം, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ വ്യാപൃതരായിരിക്കുന്നു. അതുകൊണ്ടാണ് അത്തരം ആളുകൾക്ക് മീതെപ്പോകാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നത്.

കീഴാള രാഷ്​ട്രീയം വരുന്നു

വിജ്ഞാനവും ചിന്തയും വളരണം. വിജ്ഞാനമുണ്ടായതുകൊണ്ട് ഒരു പ്രത്യയശാസ്ത്രം വളരണമെന്നില്ല. ഗെയിൽ ചെയ്തത്, ഇവിടെ ലഭ്യമായ വിജ്ഞാനത്തിന് ഒരു പ്രത്യയശാസ്ത്ര ശക്തി കൊടുക്കലാണ്. ഒരു ഐഡിയോളജിക്കൽ ഫോഴ്‌സ്. അതാണ് അവർ അംബേദ്കർ പഠനങ്ങൾക്ക് കൊടുത്തത്. അംബേദ്കർ പ്രത്യയശാസ്ത്രവും തത്വശാസ്ത്രവും പ്രത്യേക രീതിയിൽ രൂപപ്പെടുത്തിയിട്ട് ഒരു കീഴാള രാഷ്ട്രീയം വികസിപ്പിച്ചെടുക്കാനാണ് അവർ ശ്രമിച്ചത്, അതിൽ അവർ വിജയിച്ചു.

ബി.എസ്.പി. സ്ഥാപകനും ബഹുജൻ നേതാവുമായ കാൻഷിറാം

1980കളുടെ മധ്യം തൊട്ട്, ബി.എസ്.പിയിലൂടെയും മറ്റു പാർട്ടികളിലൂടെയും കീഴാള രാഷ്ട്രീയം വളർന്നുവരികയാണ്. ഇതിനുമുമ്പ് അധികാരത്തെ ചോദ്യം ചെയ്തിരുന്നില്ല. അധികാര ഘടനയിൽ പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടാനാണ് കീഴാള വിഭാഗക്കാർ എന്നും ശ്രമിച്ചിട്ടുള്ളത്. അധികാര ഘടനയെ അവർ ചോദ്യം ചെയ്യുന്നില്ല. അവർ ജാതിവ്യവസ്ഥയെയും ബ്രാഹ്മണിസത്തെയും വിമർശിക്കും, എന്നാൽ അധികാര ഘടനയെ ചോദ്യം ചെയ്യുന്നില്ല. അവിടെയാണ് രാഷ്ട്രീയമില്ലായ്മ എന്ന പ്രശ്‌നം അവർ അഭിമുഖീകരിക്കുന്നത്.

അധികാര പങ്കാളിത്തവും പ്രാതിനിധ്യവും ലഭിക്കുക എന്നതിന് രാഷ്ട്രീയവുമായി ബന്ധമില്ല. രാഷ്ട്രീയം വരുന്നത് അധികാര ഘടനയെ ചോദ്യം ചെയ്യുമ്പോഴാണ്. അധികാര ഘടന എങ്ങനെ വന്നു? ഇതാരുണ്ടാക്കി, ആര് നിയന്ത്രിക്കുന്നു- ഇത്തരം ചോദ്യങ്ങൾ കീഴാള വിഭാഗങ്ങൾ സഗൗരവം ചോദിച്ചിരുന്നില്ല. ഗെയിൽ പഠനങ്ങളും ചിന്തകളും ഈ ചോദ്യങ്ങളെയാണ് സ്പർശിച്ചത്. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ബ്രാഹ്മണിസം, ജാതി ഘടന എന്നിവയെല്ലാം വിമർശനാത്മകമായ വിശകലനങ്ങൾക്ക് വിധേയമാകുകയാണ്. അംബേദ്കറുടെ സാമൂഹികശാസ്ത്ര പരിപ്രേക്ഷ്യമാണ് ഇതിനായി അവർ ഉയർത്തിപ്പിടിക്കുന്നത്. എന്താണ് അതിന്റെ പ്രത്യേകത?

മാർക്​സും അംബേദ്​കറും

മാർക്‌സ് ഇക്കണോമിക് ഡിറ്റർമിനിസത്തെക്കുറിച്ചാണ് പറയുന്നത്; അതായത്, സാമ്പത്തിക നിശ്ചയത്വം. എന്നു പറഞ്ഞാൽ, മാർക്‌സിയൻ ഭാഷയിൽ, ഉൽപാദന ശക്തികളും ഉൽപാദന ബന്ധങ്ങളും എങ്ങനെ വിവിധ സാമൂഹിക വിഭാഗങ്ങളെ രൂപപ്പെടുത്തുന്നു? എങ്ങനെ സ്പർശിക്കുന്നു എന്ന് വിശദീകരിക്കുകയാണ്. ഉൽപാദക ഘടകങ്ങളും ബന്ധങ്ങളുമാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് എന്നാണ് മാർക്‌സ് പറയുന്നത്, അതാണ് മാർക്‌സിസ്റ്റുകൾ വിശ്വസിക്കുന്നത്. അതായത്; സാമ്പത്തിക ബന്ധങ്ങൾ സാമൂഹിക ബന്ധങ്ങളെ സൃഷ്ടിക്കുന്നു. ‘ഇക്കണോമിക് റിലേഷൻസ് ഡിറ്റർമിൻ സോഷ്യൽ റിലേഷൻസ്'.

അംബേദ്കറുടെ പരിപ്രേക്ഷ്യം തിരിച്ചാണ്. അദ്ദേഹം പറഞ്ഞത്, ഇന്ത്യയിൽ സാമൂഹിക നിശ്ചിതത്വമാണ് മൗലികമായിട്ടുള്ളത്. ‘സോഷ്യൽ റിലേഷൻസ് ഡിറ്റർമിൻ ഇക്കണോമിക് റിലേഷൻസ്'. ഏതെല്ലാം വിഭാഗങ്ങൾക്ക് സ്വത്തവകാശം പാടുണ്ട്; പാടില്ല, തൊഴിൽ വിഭജനം, സാമൂഹിക ഉൽപ്പന്നത്തിന്റെ വിഭജനം, സാമൂഹിക മിച്ചത്തിന്റെ കൈയടക്കലും ഉപയോഗവും ആര് ചെയ്യുന്നു- ഇതെല്ലാം ജാതി വ്യവസ്ഥയാണ് തീരുമാനിച്ചത്. ആദ്യത്തെ കാപ്പിറ്റൽ എന്നു പറയുന്നത് ഭൂമിയും തൊഴിലുമാണ്.

ചില പ്രത്യേക വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക ദർശനങ്ങളിലൂന്നി സൃഷ്ടിച്ചെടുത്ത നിലവിലെ വിജ്ഞാനശാസ്ത്രത്തെ എതിർത്താണ് ഓംവെദ്​ ഒരു പ്രതിവിജ്ഞാനശാസ്ത്രം വികസിപ്പിച്ചെടുത്തത്​

മുതലാളിത്ത പൂർവ ഫ്യൂഡൽ സമൂഹത്തിൽ ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയോ സാമ്പത്തിക ശക്തി നിശ്ചയിച്ചിരുന്നത് എത്ര ഭൂമിയുണ്ട്, ഭൂമിയോടുചേർന്ന് എത്ര തൊഴിലാളികളുണ്ട് എന്നീ കാര്യങ്ങളുടെ അടിസ്​ഥാനത്തിലായിരുന്നു. എല്ലാവർക്കും ഇഷ്ടം പോലെ ഭൂമി സമ്പാദിക്കാൻ കഴിയില്ലായിരുന്നു. ഇതൊക്കെ സാമൂഹികമായാണ് നിശ്ചയിക്കപ്പെട്ടത്. വ്യക്തികൾക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. അടിമത്തൊഴിലാളിക്ക് അടിമ തന്നെയായിരിക്കണം. ഇതെല്ലാം ജാതീയമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. അതുകൊണ്ടാണ് അംബേദ്കർ അടിവരയിട്ട് പറഞ്ഞത്; ‘സോഷ്യൽ റിലേഷൻസ് ഡിറ്റർമിൻ പ്രൊഡഷൻ റിലേഷൻസ്'.

ഗെയിൽ ഓംവെദ് / Photo: Sampat Desai

അംബേദ്കറിസത്തിന്റെയും മാർക്‌സിസത്തിന്റെയും സമീപനങ്ങളിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അംബേദ്കറൈറ്റുകൾക്ക് മാർക്‌സിസ്റ്റുകളുടെ നയ സമീപനങ്ങളും വിശകലന രീതികളും അംഗീകരിക്കാൻ കഴിയാത്തത്. ഇത് ഗെയിൽ വളരെ വ്യക്തമായി അവതരിപ്പിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഒരു കീഴാള രാഷ്ട്രീയം ഇന്ത്യയിലുണ്ടാകുന്നത്. കീഴാള രാഷ്ട്രീയം എന്നു പറഞ്ഞാൽ, നിലവിലുള്ള അധികാരഘടനയെ ചോദ്യം ചെയ്യുകയും ആ അധികാരഘടനക്കു ബദലായി ഒരു അധികാരഘടന സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്ന്.

കീഴാള പ്രതി വിജ്ഞാനശാസ്​ത്രം

ഗെയിൽ ഓംവെദ്​ ഗവേഷണത്തിലൂടെ ഒരു പ്രതിവിജ്ഞാനശാസ്ത്രം വികസിപ്പിച്ചെടുത്തു- ഒരു കൗണ്ടർ എപ്പിസ്റ്റമോളജി. ചില പ്രത്യേക വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക ദർശനങ്ങളിലൂന്നി സൃഷ്ടിച്ചെടുത്ത നിലവിലെ വിജ്ഞാനശാസ്ത്രത്തെ എതിർത്താണ് ഈ പ്രതിവിജ്ഞാനശാസ്ത്രം വികസിപ്പിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞത്. ഇതാണ് അവരുടെ ഏറ്റവും മൗലികമായ സംഭാവന. അതായത്, മുഖ്യധാരാ സാമൂഹിക ശാസ്ത്രത്തിന്റെ ആഴവും പരപ്പും വർധിപ്പിക്കാനും കീഴാള വർഗങ്ങൾക്ക് അനുകൂലമായി പ്രതി വിജ്ഞാനശാസ്ത്രം വികസിപ്പിക്കാനും അവർക്കുകഴിഞ്ഞു.

സാധാരണ ഗതിയിൽ ഒരു വിജ്ഞാനശാസ്ത്രം സമൂഹത്തിലെ പ്രബലരാണ് ഉണ്ടാക്കുന്നത്. നയരൂപീകരണം നോക്കൂ, ഈ രംഗത്ത് എല്ലാവർക്കും പ്രാതിനിധ്യവും പങ്കാളിത്തവും ലഭിക്കുന്നില്ല. അധികാരം പിടിച്ചെടുക്കുന്ന പ്രബലരുടെ ആശയവും ചിന്താഗതികളുമാണ് നയ രൂപീകരണത്തെ സ്വാധീനിക്കുന്നത്. പ്രബലരുടെ ആ കഴിവിനെ ചോദ്യം ചെയ്യാനുള്ള ഒരു ‘ഫ്രെയിം വർക്ക് ഓഫ് അനാലിസിസ്' ഗെയിൽ ഓംവെദ്​ സൃഷ്ടിച്ചു. അത് ചെറിയ കാര്യമല്ല.

ഗെയിൽ ഓംവെദ്​ വിമർശിക്കപ്പെടുന്നു

എന്നാൽ, അവർ വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിയോ ലിബറലിസം, നവ സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവക്ക് നൽകിയ പിന്തുണയാണ് അവരെ വിമർശന വിധേയയാക്കിയത്. ഈ പിന്തുണ ഇവിടുത്തെ ഉപരി- മധ്യവർഗ ഗവേഷകർക്കും ബുദ്ധിജീവികൾക്കും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

നവ ലിബറലിസത്തിൽ കേന്ദ്രസ്ഥാനം വ്യക്തിസ്വാതന്ത്ര്യത്തിനാണ്. ലിബറലിസം എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം. ഒരു സമൂഹത്തിൽ വ്യക്തിവൽക്കരണം നടക്കേണ്ടതുണ്ട്. വ്യക്തി എപ്പോഴും ഭരണകൂടത്തിനും പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും അതീതരായിരിക്കും. വ്യക്തിയുടെ അപാരമായ കഴിവുകൾ ചിന്താമണ്ഡലത്തിലാണ്. പ്രത്യേക ജീവിത സാഹചര്യം അനുകൂലമല്ല എന്നു തോന്നിയാൽ മനുഷ്യർക്ക് ആ സാഹചര്യത്തെ മാറ്റിത്തീർക്കുന്നതിനോ അതിൽനിന്ന് പുറത്തുപോകുന്നതിനോ ഉള്ള കഴിവുണ്ട്.

നവ ലിബറൽ ആശയം വച്ചുകൊണ്ട്, എന്തുകൊണ്ട് ഒരു നവ സോഷ്യലിസ്റ്റ് സമൂഹത്തെക്കുറിച്ച് ചിന്തിച്ചുകൂടാ? ഒരു മത്സരാധിഷ്ഠിത സോഷ്യലിസത്തെക്കുറിച്ച് ചിന്തിച്ചുകൂടാ? ഒരു സംരംഭക സോഷ്യലിസം. ഇപ്പോൾ സാധ്യമല്ലായിരിക്കും, എന്നാൽ ഇന്ന് നമ്മൾ വിശ്വസിക്കുന്ന പലതും ഇന്നലെകളിലെ ഉട്ടോപ്യയായിരുന്നു എന്നോർക്കണം.

അത് സ്വാതന്ത്ര്യത്തിൽനിന്ന് വരുന്നതാണ്. കാരണം, വ്യക്തിയാണ് ചിന്തിക്കുന്നത്. സമൂഹമോ ഭരണകൂടമോ ചിന്തിക്കുന്നില്ല. വ്യക്തിക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഇന്ത്യൻ ഭരണഘടനയും വിഭാവനം ചെയ്യുന്നത് ഇതുതന്നെയാണ്. ഭരണഘടന വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വിശാലമായി പ്രതിപാദിക്കുന്നുണ്ട്. ആ വ്യക്തിസ്വാതന്ത്ര്യത്തെ തടയാൻ ഭരണകൂടത്തിന് അവകാശമില്ല. അത് തടയപ്പെട്ടാൽ പൗരന്​ സർക്കാറിനെതിരെ നീതിന്യായ വ്യവസ്ഥയെ സമീപിക്കാം.

ഭരണകൂടം വ്യക്തിയെ നിയന്ത്രിക്കാനല്ല, സഹായിക്കാനുള്ള സംവിധാനമായിരിക്കണം. എന്നാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ അധികാരം വലിയ ശക്തിയായി മാറിയിരിക്കുന്നു. വ്യക്തിയെ നിയന്ത്രിക്കുക എന്നതായിരിക്കുന്നു ഭരണകൂടത്തിന്റെ പ്രധാന കർത്തവ്യം. ഇത് സ്വീകരിച്ചിട്ടുള്ള സമൂഹങ്ങളൊന്നും മുന്നോട്ടുപോയിട്ടില്ല. ഇവിടെ ലിബറലിസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇപ്പോൾ നാം പറയുന്നത് നവ ലിബറലിസത്തെക്കുറിച്ചാണ്. അതിനെ എതിർക്കാൻ സാധ്യമല്ല. ചില രാജ്യങ്ങളിൽ സോഷ്യലിസം നടപ്പായി. അവിടെ ‘സ്റ്റേറ്റ് പവർ' ശക്തമായി. ഭരണാധികാരിയെ ചോദ്യം ചെയ്യാൻ പാടില്ല എന്ന നില വന്നു. അവിടെ മത്സരസാധ്യത ഇല്ലാതായതോടെ മനുഷ്യരുടെ സ്വഭാവികമായ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹനവും സാധ്യതയും ഇല്ലാതായി. അതുകൊണ്ടാണ്, ആ വ്യവസ്ഥിതി തിരോധാനം ചെയ്തത്. അല്ലാതെ, സോഷ്യലിസം മോശമായതുകൊണ്ടല്ല. സോഷ്യലിസം തുല്യത നൽകുന്നു, അതുകൊണ്ടുതന്നെ അത് ശ്ലാഘനീയമാണ്.

നവ ലിബറൽ ആശയം വച്ചുകൊണ്ട്, എന്തുകൊണ്ട് ഒരു നവ സോഷ്യലിസ്റ്റ് സമൂഹത്തെക്കുറിച്ച് ചിന്തിച്ചുകൂടാ? ഒരു മത്സരാധിഷ്ഠിത സോഷ്യലിസത്തെക്കുറിച്ച് ചിന്തിച്ചുകൂടാ? ഒരു സംരംഭക സോഷ്യലിസം. ഇപ്പോൾ സാധ്യമല്ലായിരിക്കും, എന്നാൽ ഇന്ന് നമ്മൾ വിശ്വസിക്കുന്ന പലതും ഇന്നലെകളിലെ ഉട്ടോപ്യയായിരുന്നു എന്നോർക്കണം. ഇത്തരത്തിലുള്ള ഉട്ടോപ്യൻ പ്രതീക്ഷയുടെ നാമ്പാണ് സമൂഹത്തെ മുന്നോട്ടുപോകാൻ സഹായിക്കുന്നത്.

ചരിത്രത്തിൽ വർഗ സമരങ്ങളല്ല മാറ്റം കൊണ്ടുവന്നിട്ടുള്ളത്, വർഗേതര സമരങ്ങളാണ്. ജാതിക്കും വർണവിവേചനത്തിനും എതിരായ സമരങ്ങൾ.

വ്യക്തിസ്വാതന്ത്ര്യത്തിന് എതിരായ ഒരു പ്രക്രിയക്ക് മുന്നോട്ടുപോകാനാകില്ല. ഗെയിൽ ഓംവെദിന്റെ സംഭാവന ഇവിടെയാണ്. അതായത്, അടിച്ചമർത്തപ്പെടുന്നവരെ സാമൂഹിക പ്രക്രിയയുടെയും വിജ്ഞാനശാസ്ത്രത്തിന്റെയും കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് അവർ ചെയ്യുന്നത്. എന്നിട്ട് ഇവരെ പുനർനിർവചിച്ചു, നിങ്ങൾ അടിച്ചമർത്തപ്പെട്ട് നിശ്ശബ്ദരാകേണ്ട സാമൂഹിക വിഭാഗങ്ങളല്ല, മറിച്ച് സജീവമായി സാമൂഹിക പരിണാമപ്രക്രിയക്ക് നേതൃത്വം നൽകേണ്ടവരും അതിന്റെ സാധ്യത തിരിച്ചറിയേണ്ടവരുമായ വിഭാഗങ്ങളും വ്യക്തികളുമാണെന്ന് അവർ കാട്ടിക്കൊടുത്തു. അന്റോണിയോ ഗ്രാംഷിക്കുശേഷം നടക്കുന്ന രണ്ടാമത്തെ സംരംഭമായിരിക്കണം ഇത് എന്നാണ് എനിക്കുതോന്നുന്നത്.

അന്റോണിയോ ഗ്രാംഷി

ഇന്ത്യൻ സന്ദർഭത്തിൽ, ഇങ്ങനെയൊരു പുനർനിർവചനവും പുനഃസൃഷ്ടിക്കലും തീർച്ചയായും ആദ്യത്തേതാണ്. നിങ്ങൾക്ക് ഇന്ന സാധ്യതകളുണ്ട് എന്ന തിരിച്ചറിവുണ്ടാക്കുകയാണ്. മനുഷ്യൻ മാറാൻ ശ്രമിക്കുന്നത് സ്വന്തം കഴിവ് മനസ്സിലാക്കുമ്പോഴാണ്. പരിമിതികളിൽ മാത്രം ഊന്നിക്കൊണ്ട് വ്യക്തികൾ ഒരിക്കലും മുന്നോട്ടുപോകില്ല. സാമൂഹിക രംഗത്ത്, സാമൂഹിക മാറ്റത്തിൽ സ്വയം ശക്തി തിരിച്ചറിയലാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്.
ഇതാണ് ഗെയിലിന്റെ സംഭാവന. ഇതൊരു പ്രധാന സമീപനമാണ്. അതിൽ അവർ വിജയിച്ചു. ഗെയിൽ മരിച്ചശേഷം അവരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വരുന്നത് ശ്രദ്ധിച്ചാലറിയാം, അത് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വ്യക്തികളിൽനിന്നാണ്.

അടിച്ചമർത്തപ്പെട്ടവർ പുനർനിർവചിക്കപ്പെടുന്നു

കമ്യൂണിസ്റ്റുകാരും മാർക്‌സിസ്റ്റുകാരുമാണ് ഗെയിലിനെ പ്രധാനമായും എതിർത്തത്. അവർ ലിബറലിസത്തിന് എതിരാണ്, അവർ വർഗത്തിലാണ് വിശ്വസിക്കുന്നത്; വ്യക്തിയിലല്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാർ വർഗ സമരങ്ങളെയാണ് പിന്തുണക്കുന്നത്. വർഗസമരം ചൂഷണത്തിനും മുതലാളിത്തത്തിനും എതിരായാണ്. വ്യക്തി സ്വാതന്ത്ര്യത്തിനും വ്യക്തി സംരംഭങ്ങൾക്കും പ്രഖ്യാപിതമായി അവർ എതിരാണെങ്കിലും അധികാരത്തിൽ വന്നയിടങ്ങളിലെല്ലാം അവർ നവ ലിബറലിസം നടപ്പാക്കിയിട്ടുണ്ട്. അവർ മുതലാളിമാരെ സംരംഭകർ എന്നാണ് പറയുന്നത്, ചൂഷണത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും പറയുന്നില്ല, തൊഴിലവസരങ്ങളെക്കുറിച്ചാണ് പറയുന്നത്. ഞങ്ങളുടെ പ്രദേശം സംരംഭക സൗഹൃദ പ്രദേശമാണ് എന്നാണ് അവർ പറയുക. പ്രയോഗതലത്തിൽ ലിബറലിസത്തിന് എതിരായ ഒരു നിലപാട് എടുക്കാൻ അവർക്കുകഴിയുന്നില്ല. പ്രായോഗികമായി തെളിയിക്കപ്പെട്ട കാര്യമാണിത്.

ഏതു പ്രത്യയശാസ്ത്രവും പ്രസക്തമാകുന്നത് പ്രയോഗത്തിലൂടെയാണ്. പ്രയോഗത്തിൽ അത് അപ്രസക്തമാണെങ്കിൽ അതിന് സാമൂഹിക സാംഗത്യമില്ല. സത്യത്തിൽ, ചരിത്രത്തിൽ വർഗ സമരങ്ങളല്ല മാറ്റം കൊണ്ടുവന്നിട്ടുള്ളത്, വർഗേതര സമരങ്ങളാണ്. ജാതിക്കും വർണവിവേചനത്തിനും എതിരായ സമരങ്ങൾ. ഏത് സാമൂഹിക വിഭാഗമാണെങ്കിലും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലേ അവർ മൊബിലൈസ് ചെയ്യുകയുള്ളൂ. കടം വാങ്ങിയ കാശു കൊണ്ടും കടമെടുത്ത ആശയം കൊണ്ടും അധികനാൾ ജീവിക്കാനാകില്ല. സാമൂഹിക വിഭാഗങ്ങൾ അവബോധം വളർത്തുന്നത് അവരുടെ അനുഭവങ്ങളിൽനിന്നാണ്. അടിച്ചമർത്തപ്പെടുന്നവർ അടിച്ചമർത്തുന്നവരെ എതിർക്കുന്ന പ്രക്രിയയാണ് നവ സാമൂഹിക പ്രസ്ഥാനങ്ങളിൽ നമ്മൾ കാണുന്നത്. വർഗപരം മാത്രമല്ല, ഇത് വർഗേതരമായിട്ടുകൂടിയാണ്. ഉദാഹരണത്തിന് സ്ത്രീകളുടെ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങൾ, വർണവിവേചനത്തിനും ജാതിക്കും മതത്തിനും എതിരായ പ്രസ്ഥാനങ്ങൾ... ഇങ്ങനെ വർഗേതരമായ പ്രസ്ഥാനങ്ങളും അവരുടെ സമരങ്ങളുമാണ് ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്.

പ്രാന്തവൽകൃത വിഭാഗങ്ങളെ ധൈഷണിക അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയെന്നതാണ് ഗെയിലിനെ സംബന്ധിച്ച ഏറ്റവും പ്രധാന സംഭാവന. നിങ്ങൾ ആരാണ് എന്ന് അടിച്ചമർത്തപ്പെടുന്നവരെ പുനർനിർവചിച്ച, അവരുടെ ശക്തി തെളിയിച്ചുകൊടുത്ത മറ്റ് സാമൂഹിക ശാസ്ത്രജ്ഞർ ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നില്ല.

ലിബറലിസത്തെയും നവ സാമൂഹിക പ്രസ്ഥാനങ്ങളെയും പിന്തുണക്കുകയായിരുന്നു ഗെയിൽ ഓവെദ്. പിന്തുണക്കുക മാത്രമല്ല, അടിച്ചമർത്തപ്പെടുന്നവരെ വിമോചിപ്പിക്കാനുള്ള ശക്തി ഇവയിൽ രണ്ടിലും അവർ കണ്ടു. സെഡ്രിക് റോബിൻസന്റെ ‘കറുത്ത മാർക്‌സിസം' പോലുള്ള ധൈഷണിക അന്വേഷണങ്ങളൊക്കെ സമാനമായ തിരിച്ചറിവുകളാണ് മുന്നോട്ടുവച്ചത്. അടിച്ചമർത്തപ്പെടുന്നവർ ആ സാമൂഹിക സാഹചര്യങ്ങളിൽ അനുഭവിക്കേണ്ടിവരുന്ന അടിച്ചമർത്തലിനെതിരായാണ് അവർ നീങ്ങിയത്. അവർക്കേ അതിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ.

ഒരു സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നത് ഭരണാധികാരികളോ ചൂഷകരോ അധീശവർഗമോ അല്ല; അത് അടിച്ചമർത്തപ്പെടുന്നവരാണ്, ചൂഷിതരാണ്, ഭരണത്തിന്റെ തിക്തത അനുഭവിക്കുന്നവരാണ്. ഭരണകൂടത്തിന് ഒരിക്കലും റവല്യൂഷണറിയാകാൻ പറ്റില്ല. വ്യവസ്ഥിതിയെ അവർ നിലനിർത്തുകയാണ് ചെയ്യുന്നത്.

സ്വയം ശക്തി തിരിച്ചറിഞ്ഞ വ്യക്തിയെ നമുക്ക് തടഞ്ഞുനിർത്താനാകില്ല. ആ വ്യക്തി മുന്നോട്ടുപോയിക്കൊണ്ടിരിക്കും. അവർക്ക് പരാജയം ഉണ്ടാകില്ല എന്നല്ല അതിനർഥം, പക്ഷെ, പരാജയഭീതി ആ വ്യക്തിയെ തളർത്തുന്നില്ല. തടഞ്ഞുനിർത്തുന്നില്ല. ഈയൊരു തിരിച്ചറിവ് ഇന്ത്യൻ സാമൂഹിക സന്ദർഭത്തിൽ കൊണ്ടുവരികയാണ് ഗെയിൽ ഓംവെദ് ചെയ്തത്. അടിച്ചമർത്തപ്പെട്ടവരെ കേന്ദ്ര സ്ഥാനത്തുകൊണ്ടുവന്ന് ഒരു പുനർനിർവചനം നടത്തി സാമൂഹിക ശാസ്ത്രത്തെ പുനക്രമീകരിക്കുകയാണ് അവർ ചെയ്തത്. പ്രാന്തവൽകൃത വിഭാഗങ്ങളെ ധൈഷണിക അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയെന്നതാണ് ഗെയിലിനെ സംബന്ധിച്ച ഏറ്റവും പ്രധാന സംഭാവന. നിങ്ങൾ ആരാണ് എന്ന് അടിച്ചമർത്തപ്പെടുന്നവരെ പുനർനിർവചിച്ച, അവരുടെ ശക്തി തെളിയിച്ചുകൊടുത്ത മറ്റ് സാമൂഹിക ശാസ്ത്രജ്ഞർ ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നില്ല. അവിടെയാണ് ഗെയിൽ ഓംവെദ് വേർപെട്ടുനിൽക്കുന്നത്. അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ ഇത്ര സാംഗത്യവും പ്രാധാന്യവും ഗെയിൽ ഓംവെദിന് ഉണ്ടാകാൻ കാരണവും ഇതുതന്നെയാണ്.

അക്കാദമികമായി, രണ്ട് സെമിനാറുകളിൽ എനിക്ക് അവരുമായി ഇന്റാക്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. 1990കളിൽ കാലിക്കറ്റ് സർവകലാശാലയിൽ ഡോ. എം. ദാസൻ സംഘടിപ്പിച്ച ഒരു സെമിനാറിൽ അവർ വന്നിരുന്നു. ഞാൻ ഒരു പേപ്പർ പ്രസന്റു ചെയ്തിരുന്നു. അവർ അതിനോട് പ്രതികരിച്ചു സംസാരിച്ചു. ഇങ്ങനെ അക്കാദമികമായ വിനിമയങ്ങൾ മാത്രം. വ്യക്തിപരമായി സംവദിക്കാൻ അവസരമുണ്ടായിട്ടില്ല. ▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments