സാറാ ജോസഫ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്. എന്നെപ്പോലെയുള്ള നിരവധി പേർക്ക് അവർ അധ്യാപികയുമാണ്.
പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ മലയാളവിഭാഗത്തിൽ അവർ അധ്യാപികയായി വന്നത് ഇന്നും ഓർക്കുന്നുണ്ട്. ഞാൻ ബി.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയായിരുന്നു, സെക്കന്റ് ലാംഗ്വേജ് മാത്രമായിരുന്നു മലയാളം. അവരെ പെട്ടെന്ന് ശ്രദ്ധിക്കാൻ കാരണം, അവരുടെ കഴുത്തിൽ പറ്റിപ്പിടിച്ചുകിടന്നിരുന്ന കരിമണിമാലയായിരുന്നു. ആഭരണങ്ങളോട് ഭ്രമമുള്ള ഒരു വ്യക്തിയെന്ന നിലയ്ക്കല്ല ഞാനത് ശ്രദ്ധിച്ചത്. മറിച്ച്, എന്റെ അമ്മയ്ക്ക് മാത്രമേ അങ്ങനെയൊരു ആഭരണം കണ്ടിട്ടുള്ളൂ. അമ്മയുടെ കഴുത്തിൽ ഒതുങ്ങിക്കിടക്കുന്ന മൂന്നിഴയുള്ള, വലിയ പതക്കത്തോടുകൂടിയ, പഴയ മട്ടിൽ പണിതിരുന്ന കരിമണിമാലയുടെ പോലുള്ള മാലയാണ് സാറ ടീച്ചറുടെ കഴുത്തിൽ കണ്ടത്. പിന്നീടും വളരെ അപൂർവമായേ അത്തരമൊരു മാല എന്റെ കാഴ്ചയിൽ വന്നിട്ടുള്ളൂ. ആദ്യ കാഴ്ചയിൽ ടീച്ചറുടെ കണ്ണടയും ചുരുണ്ട മുടിയും ഈ കരിമണി മാലയുമാണ് എന്റെ ശ്രദ്ധയിൽ വന്നത്.
ഞാനന്ന് എസ്.എഫ്. ഐയിൽ സജീവമായിരുന്നു. പുതുതായി എത്തിയ ടീച്ചറെക്കുറിച്ച് അന്വേഷിക്കുക എന്നത് ഒരു ചുമതല കൂടിയാണല്ലോ. വരുന്നവരുടെയും പോകുന്നവരുടെയും കണക്കെടുക്കൽ. അവരുടെ ഉല്പം തിരയൽ. ഇതൊക്കെ രാഷ്ട്രീയ പ്രവർത്തനമായിട്ടായിരുന്നു അന്നു വിലയിരുത്തപ്പെട്ടത്. ഞാനും അതിന്റെ ഭാഗമായിരുന്നു. അന്വേഷിച്ചപ്പോഴാണ് കേൾക്കുന്നത്; ടീച്ചർ കഥയെഴുതുന്ന, ഒരുപാട് നല്ല കഥകളെഴുതിയിട്ടുള്ള ആളാണ്. എനിക്ക് സന്തോഷമായി. ആറ്റൂർ രവിവർമ മാഷ്, വി.പി. ശിവകുമാർ, ദേശമംഗലം രാമകൃഷ്ണൻ, വിലാസിനി ടീച്ചർ തുടങ്ങിയ ഗംഭീരരായ അധ്യാപകരുടെ നിര അന്ന് പട്ടാമ്പി കോളേജിലെ മലയാള വിഭാഗത്തിലുണ്ടായിരുന്നു. ആ സദസ്സിലേക്ക് അതിന് ചേർന്ന ഒരാൾ കൂടിയെത്തുകയാണ്. ഞാൻ മലയാളം അല്ലാതിരുന്നിട്ടുകൂടി, മലയാള വിഭാഗത്തിന്റെ സമ്പന്നതയിൽ എന്തുകൊണ്ടോ എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നി.
എം.എക്ക് ഞാൻ മലയാളമാണ് എടുത്തത്. സാറ ടീച്ചർ ചെറുകഥയാണ് പഠിപ്പിക്കാൻ വന്നു. അന്നു സാരിമാത്രക്കാലമായിരുന്നു. അധ്യാപികമാരും വിദ്യാർഥിനികളും സാരി. ടീച്ചറും ഞാനും സാരി.

എം.ടിയുടെ ഇരുട്ടിന്റെ ആത്മാവിനെക്കുറിച്ചാണ് ടീച്ചർ ആദ്യമായി ഞങ്ങളെക്കൊണ്ട് എഴുതിക്കുകയും സംസാരിപ്പിക്കുകയും ചെയ്തത് എന്നാണ് ഓർമ. അങ്ങനെ ടീച്ചറുമായുള്ള എന്റെ ആശയവിനിമയ ലോകം രൂപപ്പെടുകയാണ്. ക്ലാസിൽ വെച്ചുള്ള ബന്ധം തന്നെയായിരുന്നു അത്. ടീച്ചർ എഴുതിക്കുന്നു, ഞാൻഎഴുതുന്നു, ടീച്ചർ അഭിനന്ദിക്കുന്നു എന്ന തരത്തിൽ സാഹിതീയ ഭാവുകത്വപരമായ ബന്ധം ടീച്ചറുമായി എം.എ ക്ലാസോടെയാണ് ആരംഭിച്ചത്.
ഇന്നും സ്ത്രീവാദനിലപാടുള്ള പെണ്ണിന്റെ മുന്നിൽ ഒരു വലിയ പ്രതിസന്ധിയുണ്ട്. നിങ്ങൾ എഴുത്തുകാരിയാണോ ആക്റ്റിവിസ്റ്റാണോ? ഏതെങ്കിലും ഒന്നേ പറ്റുകയുള്ളൂ എന്നാണ് പാട്രിയാർക്കി പറയുന്നത്.
കോളേജ് കാലത്ത് നമ്മളെല്ലാം ഒരുപാട് ഫാന്റസികളിൽ ചെന്നുപ്പെടുമല്ലോ. എനിക്കും അത്തരം ഫാന്റസികളും താൽപര്യങ്ങളും കൗതുകങ്ങളും ആവേശങ്ങളും ഉണ്ടായിരുന്നു. ബി.എയ്ക്ക് പഠിക്കുന്ന സമയത്താണ് ടി.കെ. രാമചന്ദ്രൻ മാഷ് ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി വരുന്നത്. അടിയന്തരാവസ്ഥാ കാലത്ത് ഞാൻ എസ്.എഫ്.ഐ യുടെ ഭാഗമായി. മറ്റൊരിക്കൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, ചെങ്കോട്ടയിൽ ചെങ്കൊടി പാറുമെന്നു തന്നെ ഉറച്ചു വിശ്വസിച്ച കാലം. രാമചന്ദ്രൻ മാഷ് വന്നതോടെ എന്റെ ആശയഗതിയിലേക്കും സ്വപ്‌നങ്ങളിലേക്കും കുറച്ചുകൂടി കടുത്ത വിപ്ലവം പടരാൻ തുടങ്ങി. മാഷ് ഞങ്ങൾക്ക് ക്ലാസെടുത്തിട്ടില്ല, നേരിട്ട് സംസാരിച്ചിട്ടു പോലുമില്ല, അക്കാലത്ത്. വിപ്ലവം കുറെക്കൂടി വേഗത്തിൽ നമ്മുടെ നാട്ടിലേക്കും വരുമെന്ന പ്രതീക്ഷ, സഞ്ചിയും തൂക്കി വന്നിരുന്ന രാമചന്ദ്രൻ മാഷ് എനിക്ക് അന്ന് തന്നിട്ടുണ്ട്. മാഷുടെ വരവ് എന്റെ രാഷ്ട്രീയ ബോധ്യങ്ങളെ കുറച്ചു കൂടി വിഭ്രമിപ്പിച്ചു. അന്ന് ചെഗുവേര ഇത്രയ്ക്കു വൈബായിട്ടില്ല. എന്നാലും അന്നത്തെ ടി.കെ. രാമചന്ദ്രൻ മാഷെ ആ നിലവാരത്തിലുള്ള ഒരു പോരാളിയായി എനിക്കു തോന്നി. സ്വപ്‌നാത്മകമായിരുന്നു അത് എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നാറുണ്ട്- ഒരു വലിയ പ്രതീക്ഷാമാറ്റം മാഷന്നു കൊണ്ടുവന്നിട്ടുണ്ട് എന്നതു നിഷേധിക്കാനാവില്ല. ലോകത്തിലെ അസമത്വങ്ങൾ കുറെക്കൂടി വേഗത്തിൽ തീരാനുള്ള ഉപാധി നമ്മുടെ മുന്നിലേക്ക് മാഷ് വെച്ചപോലെ എനിക്ക് തോന്നിയിട്ടുണ്ട്. മാഷുണ്ടാക്കിയ ചെറിയ ചലനവും ഉന്മേഷവും അത്തരത്തിലുള്ള ഒന്നായിരുന്നു. ഞാൻ അതിന്റെ പ്രത്യക്ഷമായ ഭാഗമായിരുന്നില്ല. നേരെമറിച്ച്, എന്റെ ഫാന്റസികളിൽ ഇത്തരം രാഷ്ട്രീയസ്വപ്നങ്ങൾ ഏറെയുണ്ടായിരുന്നു എന്നുമാത്രം.
അന്ന് എം.എക്കുണ്ടായിരുന്ന കൃഷ്ണദാസ്, സുപർണമിത്ര, എന്റെ ബാച്ചിലുണ്ടായിരുന്ന രാംദാസ്, നന്ദിനി തുടങ്ങിയ ചിലർ ചേർന്ന് ഒരു സംഘം അവിടെ സജീവമായി. അവരെയൊക്കെ വലിയ പ്രതീക്ഷയോടെ ഞാൻ കണ്ടു. ഇതെല്ലാം എന്നെ വലിയ തോതിൽ സന്തോഷിപ്പിച്ച കാര്യങ്ങളാണ്.

ഈയൊരു അന്തരീക്ഷവുമായി ചേർത്തുവെച്ചാണ് സാറ ടീച്ചറുടെ മൂവ്‌മെന്റിനെയും ഞാൻ അനുഭവിക്കുന്നത്. എഴുതിവായിച്ചതോ രേഖപ്പെട്ടതോ ആയ ചരിത്രമല്ല ഇത്, ഞാൻ തന്നെ കടന്നുപോന്ന, എന്നെത്തന്നെ രൂപപ്പെടുത്തിയ അനുഭവങ്ങളാണ്. അത് എന്റെ തന്നെ ആത്മകഥയാണ്. ഞാൻ എന്നു പറയുന്നത്, ആ കാലഘട്ടത്തിൽ അവിടെ ജീവിച്ചിരുന്ന എതു ഞാനും ആകാം ഇത്. ഗീത എന്നുപറയുന്ന ഇതേ ഞാൻ തന്നെയാകണമെന്നില്ല. അങ്ങനെയൊരു ഞാൻ പരിണമിച്ചുവന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുമ്പോഴാണ് പിന്നീട് സാറ ടീച്ചറുടെ പ്രസക്തി എന്റെ ജീവിതത്തിൽ വർധിച്ചുവരുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു.
'മാനുഷി' എന്ന മൂവ്‌മെന്റ് ഒരു പ്രത്യേക ചരിത്ര സന്ദർഭമായിരുന്നു. ലോകത്തിലും കേരളത്തിലുമൊക്കെയുണ്ടായിരുന്ന വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ ഭാഗമായിരുന്നു ടി.കെ. രാമചന്ദ്രൻമാഷ് എങ്കിൽ അതിനുമപ്പുറത്തേക്ക് ഒരു പെണ്ണ് എന്ന രീതിയിൽ എന്നെ, ഒരുപാട് ഞാനുകളെ, ഒന്നിച്ച് തലകീഴായി മറിച്ചിട്ട മൂവ്‌മെന്റാണ് മാനുഷി. നമ്മളിൽ നിന്ന് അന്യമായ വസന്തത്തെയല്ല വരവേല്ക്കാനുള്ളത്. നമ്മൾ തന്നെ വസന്തമാകുന്നതിനേയാണ്. അതാണ് പാപത്തറ മുമ്പോട്ടു വെച്ച സ്വപ്നം - ‘പെണ്ണു പൂക്കുന്ന’ സ്ഥലകാലങ്ങൾ. നേരത്തെ സൂചിപ്പിച്ചതുപോലെ ആ ഒരു ഘട്ടത്തോടെ ടീച്ചറുടെ കരിമണിമാല എന്റെ കണ്ണിൽ പിന്നെ കാണാതായി, ടീച്ചറുടെ ചുരുണ്ട മുടി കാണാതായി. ഇതൊന്നും ഇല്ലാത്ത ഒരു ടീച്ചർ. ഇതൊന്നും പ്രസക്തമല്ലാത്ത ഒരു ഞാനും.
ഞാൻ പരിണമിച്ചുവന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുമ്പോഴാണ് പിന്നീട് സാറ ടീച്ചറുടെ പ്രസക്തി എന്റെ ജീവിതത്തിൽ വർധിച്ചുവരുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു.
ടീച്ചറും എങ്ങനെയാണ് പരിണമിക്കുന്നത് എന്ന്, ഞങ്ങളുടെയൊക്കെ മുന്നിലൂടെ, ഹൃദയങ്ങളിലൂടെ, ജീവിതങ്ങളിലൂടെത്തന്നെ സംഭവിച്ചതാണ്. എങ്ങനെയൊക്കെ ഒരാൾക്കു മാറാമെന്നതു ഞങ്ങൾ മനസ്സിലാക്കുകയാണ്. ആദ്യകാല കഥകളിൽനിന്ന് ടീച്ചറുടെ കഥകൾ 'പാപത്തറ'യോളം എത്തിച്ചേർന്നതങ്ങനെയാണ്. ഉർവരവും ഉഷ്മളവുമായ പട്ടാമ്പി കോളേജിലുണ്ടായിരുന്ന കാലത്താണ് ആ കഥകളിൽ പലതും എഴുതിയിട്ടുള്ളത്. പക്ഷെ, ആ കഥകൾ പ്രസിദ്ധീകരിക്കപ്പെടുന്നത് തൊണ്ണൂറിലാണ്. തൊണ്ണൂറിൽ ടീച്ചർ പാലക്കാട് വിക്‌ടോറിയ കോളേജിലാണുണ്ടായിരുന്നത് എന്നാണ് ഓർമ. അതുവരെയുണ്ടായിരുന്ന മലയാള സാഹിത്യത്തെ ടീച്ചർ തിരുത്തിയെഴുതുകയാണ്. ക്ലാസിൽ ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരു ടീച്ചറിൽ നിന്ന് പരിണമിച്ചുപരിണമിച്ച് ടീച്ചർക്കു മുമ്പും ശേഷവും എന്ന് സാഹിത്യത്തെ വിഭജിക്കത്തക്ക രീതിയിലുള്ള ഒരു വലിയ രൂപമായി മാറുന്നത് എന്റെ അനുഭവമാണ്, അതെന്റെ കാഴ്ചയോ അറിവോ പഠനമോ പോലുമല്ല. അതിലേക്ക് ടീച്ചറെ എടുത്തെറിയുന്നത്, ആ ടീച്ചറെ തിരിച്ചറിയുന്നതിലേക്ക് എന്നെപ്പോലുള്ള നിരവധി പെൺകുട്ടികളെ എത്തിക്കുന്നത് വാസ്തവത്തിൽ മാനുഷി എന്ന ചെറിയ സംഘമാണ്.

വേണമെങ്കിൽ ഒരു സംഘടനാ രൂപത്തിലേക്ക് പിൽക്കാലത്ത് വളരാമായിരുന്നു, മാനുഷിയ്ക്ക്. പക്ഷെ, വലിയ സാംസ്‌കാരിക അവകാശവാദങ്ങൾ നിലനിൽക്കുന്ന കേരളത്തിൽ സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ കഴുത്തിലേ ഞെരിച്ച് നുള്ളിക്കളയുന്ന പ്രവണത ഉണ്ട്. വളരെ വിമർശനാത്മകമായി എനിക്ക് പറയാൻ പറ്റുന്ന ഒരു കാര്യം, ആദ്യ ഘട്ടത്തിൽ ഞാനുൾപ്പെടെ ഉണ്ടായിരുന്ന ഇടതുപക്ഷമാണ് ഇക്കാര്യത്തിൽ മുന്നിൽ നിന്നത് / നിൽക്കുന്നത് എന്നതാണ്. കോൺഗ്രസുകാർക്കോ ഏതെങ്കിലും മതവാദികൾക്കോ ഒന്നും ഇല്ലാത്ത ഒരു ജാഗ്രത ഇത്തരം പെൺകൂട്ടായ്മകൾക്കെതിരെ ഇവിടുത്തെ ഇടതുപക്ഷം- തീവ്രമോ അല്ലാത്തയോ ആയ ഇടതുപക്ഷം- നിലനിർത്തിപോരുന്നതായി തോന്നിയിട്ടുണ്ട്. അത്തരത്തിലുള്ള ജാഗ്രതയുടെയും ഇടതുപക്ഷ പ്രതിരോധത്തിന്റെയും അനന്തരഫലമാണ് മാനുഷിയെപ്പോലുള്ള ഒരു സംഘടന ഇന്ന് ഇല്ലാതിരിക്കാൻ കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത് 'എന്റെ രാഷ്ട്രീയമായ തിരിച്ചറിവുകൂടിയാണ്. കാരണം, അങ്ങനെയൊരു സംഘടനയുടെ, എല്ലാ നിലയ്ക്കും വിലപേശൽ ശേഷിയുള്ള ഒരു സംഘടനയുടെ ആവശ്യകത ഏറിയേറിവരുന്ന നാളുകൾ കൂടിയാണിത്. എങ്ങനെയാണ് ആ സംഘടന മുളയിലേ നുള്ളിയെറിയപ്പെട്ടത് എന്നത് എന്റെ രാഷ്ട്രീയ ബോധ്യമാണ്. രണ്ടോ മൂന്നോ വർഷം മാത്രം സജീവമായിരുന്ന ഒരു സംഘടന, ഗ്രൂപ്പ്, ഒരു കൂട്ടം പെണ്ണുങ്ങൾ, അവർ മുന്നോട്ടുവച്ച ആശയങ്ങൾ എങ്ങനെയാണ് ഒരു തലമുറയെത്തന്നെ തിരുത്തി എഴുതിയത് എന്നതാണ് ഇതിന്റെ മറുവശമായി നമ്മൾ മനസ്സിലാക്കേണ്ടത്.
വളരെ വിമർശനാത്മകമായി എനിക്ക് പറയാൻ പറ്റുന്ന ഒരു കാര്യം, ആദ്യ ഘട്ടത്തിൽ ഞാനുൾപ്പെടെ ഉണ്ടായിരുന്ന ഇടതുപക്ഷമാണ് മാനുഷിയെ ഇല്ലാതാക്കാൻ മുന്നിൽ നിന്നത് / നിൽക്കുന്നത് എന്നതാണ്.
ഇന്നും സ്ത്രീവാദനിലപാടുള്ള പെണ്ണിന്റെ മുന്നിൽ ഒരു വലിയ പ്രതിസന്ധിയുണ്ട്. നിങ്ങൾ എഴുത്തുകാരിയാണോ ആക്റ്റിവിസ്റ്റാണോ? ഏതെങ്കിലും ഒന്നേ പറ്റുകയുള്ളൂ എന്നാണ് പാട്രിയാർക്കി പറയുന്നത്. എന്നാൽ, സ്ത്രീവാദപരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരുവളെ സംബന്ധിച്ച് ഇതുരണ്ടും രണ്ടല്ല, ഒറ്റ വഴിയാണ്- എഴുത്തും പ്രവർത്തനവും. എഴുത്ത് പ്രവർത്തനമാവുകയും പ്രവർത്തനം എഴുത്താവുകയും ചെയ്യുന്ന വളരെ സവിശേഷമായ ഒരു പ്രക്രിയ സ്ത്രീവാദപ്രവർത്തനത്തിൽ സംഭവിക്കുന്നുണ്ട്. ഇത് സാറ ടീച്ചറുടെ മാനുഷി രുപപ്പെട്ടതുമുതലുള്ള സംഗതികൾ കണ്ടാൽ മനസ്സിലാകും. ഒരുപക്ഷെ, ടീച്ചർ ആഗ്രഹിക്കുക, എഴുത്തുകാരിയാകണം എന്നായിരിക്കും. പക്ഷെ, ഒരിക്കൽപോലും സ്വസ്ഥയായ എഴുത്തുകാരിയായിരിക്കാൻ ടീച്ചർക്കായിട്ടില്ല എന്നത് ടീച്ചറുടെ ഇന്നോളമുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. അത് മാനുഷിയോടൊപ്പം സംഭവിച്ചതാണ്. സ്ത്രീകൾക്കുനേരെ പോലീസ്അതിക്രമം അഴിച്ചുവിട്ട തങ്കമണിയിലേക്കു പോകുന്നുണ്ട് മാനുഷി. തൃശൂരിലെ ബാലാമണി എന്ന ലൈംഗികത്തൊഴിലാളിയുടെ കേസിൽ ഇടപെടുന്നുണ്ട്. അങ്ങനെ പലയിടങ്ങളിലേക്കും പോകുകയാണ് മാനുഷി. തെരുവുയോഗങ്ങളും തെരുവുനാടകങ്ങളും നടത്തുന്നു. പാട്ടുകൾ പാടുന്നു. (ഇതിനിടയിൽ ഒരു കാര്യം സൂചിപ്പിച്ചോട്ടെ, ഞാൻ കണ്ട നല്ല പാട്ടുകാരികളിൽ ഒരാളാണ് ടീച്ചർ. സുഗതകുമാരിക്കവിതകൾ തീവ്രഭാവാത്മകമായി ടീച്ചർ പലപ്പോഴും അക്കാലത്ത് ആലപിച്ചിട്ടുണ്ട്).

ഇങ്ങനെ തങ്ങൾ ജീവിക്കുന്ന ഇടങ്ങളെ സെൻസിറ്റിവൈസ് ചെയ്തുകൊണ്ടുതന്നെ, അതിനെ എഴുത്തിലേക്ക് പകരുക എന്ന പ്രക്രിയയാണ് ടീച്ചറെ മറ്റ് എഴുത്തുകാരിൽനിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് എന്റെ വിലയിരുത്തൽ. ഈ പ്രവർത്തനശേഷി എങ്ങനെയാണ് ടീച്ചറിൽ സർഗാത്മകതയായി മാറിയത് എന്നതും ആ സർഗാത്മകത എങ്ങനെയാണ് വിമോചനാത്മകമായ പ്രവർത്തനത്തിന്റെ ഊർജ്ജമായി മാറുന്നത് എന്നതും പാപത്തറ മുതലുള്ള സമാഹാരങ്ങളിൽ കാണാനാകും. ആലാഹ മുതൽ കറ വരെയുള്ള ദീർഘഎഴുത്തുകൾ അതിനു സാക്ഷ്യങ്ങളാണ്. ചെറുകഥ, നോവലെറ്റുകൾ എന്ന ചെറു നോവലുകൾ, വലിയ നോവലുകൾ എന്നിങ്ങനെ കഥാഖ്യാനത്തിന്റെ സാധ്യതകൾ ടീച്ചറുപയോഗിക്കുന്നു. രാമായണവും ബൈബിളും അഴിച്ചും പണിഞ്ഞും പെൺമയമാക്കിത്തീർക്കുന്നു. ടീച്ചർ ആക്റ്റിവിസ്റ്റാകുന്നതിനു മുമ്പുള്ള സ്വപ്‌നാത്മകമായ ചില വിസ്‌ഫോടനങ്ങൾ- മനസ്സിലെ തീ മാത്രം തുടങ്ങിയ സമാഹാരങ്ങളിലുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി, സാറാ ജോസഫ് എന്ന് ഇന്ന് നമ്മൾ അറിയുന്ന മലയാളത്തിലെ സ്‌ഫോടനശേഷിയുള്ള എഴുത്തുകാരി വാർത്തെടുക്കപ്പെടുന്നത് മാനുഷി ഘട്ടത്തിലെ പ്രത്യക്ഷമായിരിക്കുന്ന സാമൂഹിക ഇടലുകളിലൂടെ തന്നെയാണ്.
പട്ടാമ്പി വലിയ സന്ദർഭം കൂടിയാണ്. മാനുഷി എന്ന ചരിത്രസന്ദർഭം. അന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ, ആൺപെൺ വ്യത്യാസമില്ലാതെ സാറ ടീച്ചറുടെയും പാർവതി ടീച്ചറുടെയും സുമംഗല ടീച്ചറുടെയും ഇന്ദിര ടീച്ചറുടെയും കൂടെ പട്ടാമ്പി കോളേജു മുഴുവൻ പ്രകടനം നടത്തിയിട്ടുണ്ട്.
കേരള പാണിനീയം തിരുത്തപ്പെടുന്നു, ഭാഷ ചോദ്യം ചെയ്യപ്പെടുന്നു, പ്രശ്‌നവൽക്കരിക്കപ്പെടുന്നു, ബന്ധങ്ങളെ എന്തു ചെയ്യണം എന്നറിയാതെ അഴിച്ചും മുറുക്കിയും വലിച്ചെറിഞ്ഞും ചേർത്തുപിടിച്ചുമൊക്കെ പല പരീക്ഷണങ്ങൾ. നേരത്തെ സൂചിപ്പിച്ചപോലെ, ഇതൊക്കെ സാറ ടീച്ചറുടെ എഴുത്തിന്റെ പോരിടങ്ങളാണ്. ഇത് ഭാവനയിൽ നിന്നുമാത്രം സങ്കൽപ്പിച്ചുണ്ടാക്കിയ കാര്യങ്ങളല്ല. ഇതെല്ലാം പട്ടാമ്പിയിലെ കാലഘട്ടത്തിൽനിന്നാണ് രൂപപ്പെട്ടത്. പട്ടാമ്പി വലിയ സന്ദർഭം കൂടിയാണ്. മാനുഷി എന്ന ചരിത്രസന്ദർഭം. അന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ, ആൺപെൺ വ്യത്യാസമില്ലാതെ സാറ ടീച്ചറുടെയും പാർവതി ടീച്ചറുടെയും സുമംഗല ടീച്ചറുടെയും ഇന്ദിര ടീച്ചറുടെയും കൂടെ പട്ടാമ്പി കോളേജു മുഴുവൻ പ്രകടനം നടത്തിയിട്ടുണ്ട്. കോളേജ് ഒന്നാകെയാണ് തെരുവിലേക്കിറങ്ങുന്നത്. അങ്ങനെയുള്ളൊരു കുതിച്ചുപായലിനെ, പെണ്ണുങ്ങളുടെ നേതൃത്വത്തിലുള്ള പെണ്ണുങ്ങളുടെ ലോകത്തിലേക്കുള്ള കുതിച്ചുപായലിനെ സ്വാഭാവികമായും പാട്രിയാർക്കി തടയിടും. അത്തരം തടയിടലാണ് മാനുഷിക്ക് സംഭവിച്ചത് എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങനെ തടയിട്ടപ്പോഴും അതിന്റെ ഊർജ്ജം വളരെ ആഴത്തിലുള്ളതായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നെപ്പോലുള്ള നിരവധി ആളുകളുടെ ജീവിതത്തിൽ, പ്രവർത്തനങ്ങളിൽ, എഴുത്തിൽ നിറഞ്ഞുതുളുമ്പുന്നത്, നമ്മുടെ ആത്മവിശ്വാസമായി തലയുയർത്തുന്നത് അത്തരമൊരു ഊർജ്ജമാണ്.

മാനുഷിക്കാലത്തിനുശേഷമാണ് ഞാൻ മാനുഷിയായത് എന്നതാണ് ശരി. അന്നെന്റെ പ്രതികരണങ്ങളോടു പലരും ചോദിച്ചു, നിങ്ങളെന്താ മാനുഷിയാണോ എന്ന്. ആ ചോദ്യം മാനുഷിയെ എത്രമാത്രം പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു എന്നതും അതിനെ സമൂഹം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതും ബോധ്യപ്പെടുത്തുന്നതാണ്. ആ ചോദ്യം കേൾക്കാൻ തുടങ്ങിയ കാലത്താണ് ഞാൻ മാനുഷിയായത്. സാറ ടീച്ചറെ കൂടുതൽ കൂടുതൽ തിരിച്ചറിയാൻ സഹായിച്ച ചോദ്യമാണത്. തൃശ്ശൂരുനിന്ന് പട്ടാമ്പിയിലേക്കും തൃശ്ശുരുനിന്ന് പാലക്കാട്ടേക്കും സഞ്ചരിച്ചുകൊണ്ട് ഒരു സ്ത്രീ, വീട്ടിൽനിന്ന് കുട്ടികളെ സ്‌കൂളിലേക്കയച്ച് ഒരു സ്ത്രീ, കഥകളെഴുതുന്ന ഒരു സ്ത്രീ, ക്ലാസ്‌റൂമിൽ പഠിപ്പിച്ച ഒരു സ്ത്രീ, എന്താണ് എന്നുള്ളത് പിൽക്കാലത്തുള്ള എന്റെ ജീവിതം എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. എന്താണ് ടീച്ചർ പറയാൻ ശ്രമിച്ചത് എന്നതും എന്റെ ജീവിതം എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. ആർക്കുവേണ്ടിയാണ് ടീച്ചർ സംസാരിച്ചുകൊണ്ടിരുന്നത് എന്നത് എനിക്ക് കൂടുതൽ കൂടുതൽ എന്റെ ജീവിതത്തിലൂടെ മനസ്സിലാക്കാനായിട്ടുണ്ട്. ടീച്ചറുടെ കഥാപാത്രങ്ങൾ വാസ്തവത്തിൽ ഞങ്ങളൊക്കെ തന്നെയായിരുന്നു. നിരവധി കുട്ടികളുണ്ട് ടീച്ചറുടെ ചുറ്റും. ടീച്ചറുടെ ക്ലാസിലിരുന്നവരും ക്ലാസിലിരിക്കാത്തവരുമായ നിരവധി കുട്ടികൾ ടീച്ചറുടെ ആശയലോകത്തെ പിൻപറ്റിയിരുന്നു. അത് ഇപ്പോഴും ഉണ്ട്. കാരണം, എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ സംഭവിക്കുമ്പോൾ അഭിപ്രായം അറിയണം, നിർദേശം കിട്ടണം എന്ന് വിചാരിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് എനിക്ക് സാറ ടീച്ചർ. മറ്റു പല സ്ത്രീകൾക്കും അതങ്ങനെയാകുമെന്ന് എനിക്കുറപ്പുണ്ട്.
പലരുമായിട്ടും പലരിലൂടെയും പലരും പരിണമിക്കുന്ന ഒരു കാലഘട്ടത്തിന്റെ അനിവാര്യമായിരിക്കുന്ന ഒരടയാളമായിട്ടാണ് ഞാൻ സാറാ ജോസഫിനെ തിരിച്ചറിയുന്നത്. സാറ ടീച്ചറെ ആദരിക്കുന്നത്, സ്‌നേഹിക്കുന്നത്.
മറ്റൊരു വിധത്തിൽ ആലോചിച്ചാൽ ഇത് ഒരു സാറ ടീച്ചറുടെയും ഗീതയുടെയും ജീവിതമൊന്നുമല്ല. ഇതൊരു കാലമാണ്. പെണ്ണുങ്ങൾ ഉണർന്നുതുടങ്ങുകയും ചിന്തിച്ചുതുടങ്ങുകയും അവർ ഇടപെടുകയും അവർക്കിടയിൽ സാഹോദര്യം രൂപപ്പെടുകയും പെണ്ണുങ്ങൾക്കിടയിൽ ഗുരുശിഷ്യബന്ധം തന്നെയുണ്ടാകുകയും അവർ എന്താണ് എന്ന് അവർതിരിച്ചറിയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ രണ്ട് സ്ത്രീകൾക്കിടയിൽ സംഭവിച്ച ആശയവിനിമയത്തിന്റെയും അവർക്ക് സംഭവിച്ച പരിണാമങ്ങളുടെയുമൊക്കെ ഒരു കാലം. അത് ഏത് രണ്ട് സ്ത്രീകളുമാകാം. ഇവിടെ സാറാ ജോസഫ് എന്നത്, ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളിലൂടെ പ്രതിരോധങ്ങളെ തട്ടിത്തകർത്ത് ഉയർന്നുവന്ന ഒരു ഐക്കണാണ്. ആ നിലയ്ക്ക് അതിന് ചരിത്രപ്രാധാന്യമുണ്ട്. അത് വാർക്കപ്പെടുകയും അതിനാൽ വാർത്തെടുക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു കാലത്തിന്റെ ശബ്ദമെന്ന രീതിയിലാണ് നമ്മൾ പലതിനെയും അഭിസംബോധന ചെയ്യേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ഗീത എന്നു പറഞ്ഞാൽ ഒരു ഗീത മാത്രമല്ല. ഇങ്ങനെ പലരുമായിട്ടും പലരിലൂടെയും പലരും പരിണമിക്കുന്ന ഒരു കാലഘട്ടത്തിന്റെ അനിവാര്യമായിരിക്കുന്ന ഒരടയാളമായിട്ടാണ് ഞാൻ സാറാ ജോസഫിനെ തിരിച്ചറിയുന്നത്, സാറ ടീച്ചറെ ആദരിക്കുന്നത്, സ്‌നേഹിക്കുന്നത്.