ചിത്രീകരണം : ജാസില ലുലു

എനിക്കാവതില്ലേപൂക്കാതിരിക്കാൻ...

​ഓണത്തിന്റെ അറിയിപ്പുപോലെയാണ് മുമ്പ് തുമ്പ പൂക്കുന്നത് കാണാറ്. പക്ഷെ, ഇന്ന് മുറ്റത്ത് നമുക്ക് നഷ്ടപ്പെട്ട അനേകം ചെടികളിലും പൂക്കളിലും ഒന്നായാണ് അതനുഭവപ്പെടുന്നത്.

ഴിഞ്ഞദിവസം ചെടിയെല്ലാം കരുതലില്ലാതെ നശിച്ചുപോയ ചെടിച്ചെട്ടിയിൽ ഒരു അൽഭുതം കണ്ടു; തുമ്പ, അത് പൂത്തിരിക്കുന്നു. ഓണത്തിന്റെ അറിയിപ്പുപോലെയാണ് മുമ്പ് തുമ്പ പൂക്കുന്നത് കാണാറ്. പക്ഷെ, ഇന്ന് മുറ്റത്ത് നമുക്ക് നഷ്ടപ്പെട്ട അനേകം ചെടികളിലും പൂക്കളിലും ഒന്നായാണ് അതനുഭവപ്പെടുന്നത്.

പൂക്കളത്തിൽ ഉപയോഗിക്കാൻ പറ്റാത്ത അത്രയും ചെറിയ പൂക്കൾ, ‘ഈച്ചപ്പൂവ്' എന്നെല്ലാം പേരുള്ള, വയലറ്റ് നിറത്തിൽ തിളങ്ങുന്ന പൂക്കൾ, കാക്കപ്പൂവും തൊണ്ടിപ്പൂവുമെല്ലാം ഇന്ന് കാണാതായിരിക്കുന്നു. ജൈവവൈവിധ്യ ഡയറക്ടറിയിൽ ഒരു കണക്കായി മാറിപ്പോയിരിക്കാം ഇവയെല്ലാം. ഇലയും പൂക്കളുമെല്ലാം ഓരോന്നിലും വ്യത്യസ്തമായിരുന്നു ഇവക്ക്. പലതും തറയിൽ പതിഞ്ഞാണ് പൂത്തിരുന്നത്. കുനിഞ്ഞുനോക്കിയാലല്ലാതെ ശ്രദ്ധയിൽ പെടാൻ പോലും സാധ്യതയില്ലാത്തവ.

അതിൽ, ചെറിയ ഇലകളിൽ, അറ്റത്ത് സിഗ്‌സാഗ് ആകൃതിയിലുള്ള ഒരുതരം ഇലയുള്ളവയുണ്ടായിരുന്നു. അത് മൈലാഞ്ചി അരയ്ക്കുമ്പോൾ ചേർത്താൽ ചുവപ്പ് കൂടുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ചെറിയപിടി കാക്കപ്പൂവോ ഈച്ചപ്പൂവോ കിട്ടിയാൽ അതുകൊണ്ട് പൂക്കളത്തിലെ നടുഭാഗമോ ചെറിയ പുള്ളികളോ നിറയ്​ക്കുമായിരുന്നു. തൊണ്ടിപ്പൂക്കൾ ഇന്ന് ഇനം മാറി ചില മുറ്റങ്ങളിൽ ലോണുകളെ അലങ്കരിക്കുന്നത് കാണാം.

മുക്കുറ്റി ഓണത്തിന്റെ പല ചടങ്ങുകളിലും പ്രാധാന്യമുള്ള പൂവാണെന്ന് തോന്നുന്നു. അത് തണ്ടോടെ തന്നെ ഓണത്തപ്പനോടൊപ്പം, കോലം വെക്കുമ്പോൾ, കണ്ടിട്ടുണ്ട്. മുക്കുറ്റി തണ്ടോടെ തിരുകിയ അറ്റം കെട്ടിയ മുടിയും, അന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വലിയ കാരണങ്ങളായിരുന്നു. സിനിമാപാട്ടിൽ കേട്ട മുക്കുറ്റിച്ചാന്ത് നേരിട്ട് കണ്ടിട്ടില്ലെങ്കിലും മുക്കുറ്റിയുടെ ഇലയും പൂവും ചേർത്ത് ഞെരടി തയാറാക്കുന്നതാണെന്ന് കൂട്ടുകാർ പറഞ്ഞിരുന്നു. മൂന്നു പൂക്കൾ ഒരേ തണ്ടിൽ പൂത്തുനിൽക്കുന്ന മുക്കുറ്റി കിട്ടുന്നത് ഭാഗ്യമാണെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. തുമ്പയും തണ്ടോടെ തന്നെ പല പൂക്കളങ്ങളിലും കണ്ടിട്ടുണ്ട്. എത്ര പൂക്കൾ കിട്ടിയാലും പൂക്കൾ വാങ്ങിക്കൊണ്ടുവന്നാലും തുമ്പപ്പൂവ് പൂക്കളത്തിൽ നിർബന്ധമായിരുന്നു. അതുകൊണ്ട് കുട്ടികളെല്ലാം അതിരാവിലെ പൂ പറിക്കാൻ തൊടിയിലേക്കിറങ്ങും. തലേദിവസം തന്നെ തുമ്പ പറിച്ചുവെച്ചാലും വലിയ വാട്ടം വരില്ല. അതുകൊണ്ട്, ഞങ്ങൾ തലേദിവസം തന്നെ പൂക്കൾ തേടി പോകും. ഞങ്ങളുടെ വീട്ടിൽ പൂക്കളമിടന്നുത് നിർബന്ധമല്ലാത്തതിനാൽ തുമ്പപ്പൂവെല്ലാം പൂക്കളമിടുന്ന മറ്റു വീടുകളിലേക്ക് കൊടുക്കാറാണ് പതിവ്. ആദ്യ ദിവസം പൂക്കൾ പറിക്കാനിറങ്ങിയപ്പോൾ, ഇവ വേറെവേറെ പറിച്ചുവെക്കണമെന്ന അറിവുപോലും എനിക്കില്ലായിരുന്നു. തുമ്പയോടൊപ്പം തന്നെ മറ്റു പൂക്കളും ഇട്ടുവെച്ച് ഷക്കീലക്ക് വേണോ എന്നു ചോദിച്ച് കൊടുത്തപ്പോൾ അവളൊന്ന് സംശയിച്ചു, പിന്നെ വാങ്ങിവച്ചു. ഇവ കൂടിക്കലർന്നതായതുകൊണ്ടാണ്​ അവൾ സംശയിച്ചത്​ എന്നുതന്നെ വൈകിയാണ് മനസ്സിലായത്.

മഴക്കാലത്തുമാത്രം വലിയ തണ്ടിൽ മുകളറ്റത്ത് ഗദ പോലെ ഉരുണ്ടുനിൽക്കുന്ന പൂവിനെ ഞങ്ങൾ ഉണ്ടപ്പൂ എന്നുവിളിച്ചു. നേർത്ത ചുവപ്പുനിറമുള്ള ഇതിനറ്റത്ത് മഞ്ഞ നിറത്തിൽ പൊടികളോടെ ചെറിയ പരിപ്പുണ്ടാകും. അതിൽ മുഖം ചേർത്താൽ മുഖത്ത് മഞ്ഞ പുള്ളികൾ കിട്ടും.

അരിപ്പൂവ് എന്നു വിളിക്കുന്ന ഒരു പൂവാണ് അന്നത്തെ പൂക്കളങ്ങളിൽ സമൃദ്ധമായി ഉപയോഗിച്ചിരുന്ന മറ്റൊരു പൂവ്. ഇതിന് പല പേരുകളുണ്ടായിരുന്നു. ‘ഒടിച്ചുത്തി' എന്നാണ് മുതിർന്നവർ പറഞ്ഞിരുന്ന പേര്. ‘കൊന്നപ്പൂവേ കൊങ്ങിണിപൂവേ' എന്ന പാട്ടിലുള്ള കൊങ്ങിണിപ്പൂവും ഇതാണെന്ന് പിന്നീട് മനസ്സിലായി. നിറയെ മുള്ളുകളുള്ള കടും പച്ച ഇലകളുള്ള ഒരു ചെടിയിൽ മഞ്ഞയും ബ്രൗണും നിറമുള്ള ഒരു പൂവ് നിറയെ തൊടിയിലുണ്ടായിരുന്നു. ഞങ്ങൾ മുള്ളിൻപൂവ് എന്നാണതിനെ വിളിച്ചിരുന്നത്. വലിയ അമ്മായിയാണ് ‘പനച്ചോറ്റി' എന്നതിന് പേര് പറഞ്ഞുതന്നത്. ‘വനജ്യോതി' എന്നാണോ അതിന്റെ പരിഷ്‌കൃതരൂപം എന്ന് സംശയമുണ്ട്. എന്തായാലും അത് വളരെ യോജിക്കുന്നതായിരുന്നു. കടുംമഞ്ഞ നിറത്തിൽ ഇവ ദൂരെനിന്നേ തിളങ്ങും. അതിനു നടുവിലുള്ള കാപ്പി കളറിനും ഒരു തിളക്കമുണ്ടായിരുന്നു. ഈ പൂക്കൾ കാട് നിറഞ്ഞിടത്ത് ഇപ്പോഴും അപൂർവമായി കാണാറുണ്ട്.

അരിപ്പൂവാണ് കാലത്തെ അതിജീവിച്ച് പുതിയ രൂപത്തിൽ വീട്ടുമുറ്റത്തേക്കും ചട്ടികളിലേക്കും കടന്നത്. ഇവ ഒരേ ഞെട്ടിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളുടെ വകഭേദങ്ങളായാണ് പണ്ടുണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ പല നിറങ്ങളിൽ ഇവ ലഭ്യമാണ്. ചട്ടിയിൽ വളരാൻ പാകത്തിൽ ചെടിക്കും വലിയ വലുപ്പമില്ല. എങ്കിലും ഒരേ ഞെട്ടിൽ പല കളറുകൾ നിറഞ്ഞ വൈവിധ്യം പുതിയ പൂക്കളിലില്ല.

കോളാമ്പിപ്പൂവും ചെമ്പരത്തിയുമെല്ലാം പൂക്കളത്തിൽ ഉപയോഗിക്കാൻ വലിയ സാധ്യതയില്ല. പെട്ടെന്ന് അവ വാടിപ്പോകും. എന്നാലും ചെമ്പരത്തി മുറിക്കാതെ പൂക്കളത്തിൽ വെക്കാറുണ്ട്. ചെമ്പരത്തി പല നിറങ്ങളിലും രൂപത്തിലും ഉണ്ടായിരുന്നു. മൊട്ടു ചെമ്പരത്തി എന്നും വിരിയാത്ത മൊട്ടുപോലെ നിറയെ പൂത്തിരിക്കും. തട്ടുചെമ്പരത്തിക്ക് നിറയെ ചുരുണ്ടുനിൽക്കുന്ന കുറെ ഇതളുകൾ തട്ടുതട്ടായി നിൽക്കും. ഓറഞ്ചും വെള്ളയും മഞ്ഞയുമെല്ലാം നിറങ്ങളിൽ ചെമ്പരത്തി കാണാം. ഇതളുകൾ ഇടയ്ക്ക് കീറി ചിത്രപ്പണികൾ തീർത്ത ചെമ്പരത്തിക്ക് പ്രത്യേകം പേരുണ്ടായിരുന്നോ എന്നോർമയില്ല. അവയും പല വീടുകളിലും അന്ന് കണ്ടിരുന്നു.

കോളാമ്പിയുടെ ആകൃതിയുള്ളതുകൊണ്ടാണ് ആ പൂവിന് അങ്ങനെ പേരുവന്നത്. കളിക്കുമ്പോൾ അത് കോളാമ്പിയായി വക്കുകയും ചെയ്യാറുണ്ടായിരുന്നു, പേരിനെ ഓർക്കാൻ. ഇന്ന് കോളാമ്പിപ്പൂക്കൾ ഇടയ്ക്ക് കാണാറുണ്ടെങ്കിലും അതിന്റെ ചെറിയ പതിപ്പുപോലെ ഒരു പൂവാണ് ഏറെ കാണപ്പെടുന്നത്. അത് വലിയ മരം പോലെ വളരും. കോളാമ്പിപ്പൂവിന്റേത് ഒരു ചെടി പോലെ മാത്രമേ നിൽക്കൂ. ചെറിയ കോളാമ്പിപ്പൂവിന് ‘റെയിൻ ഫ്ലവർ’ എന്നാണ് ഇംഗ്ലീഷിൽ പറഞ്ഞിരുന്നത്. മഴ പോലെ പെട്ടെന്ന് പൂക്കുകയും പൊഴിയുകയും ചെയ്യുന്നതുകൊണ്ടാണത്രേ ആ പേരു വന്നത്.

നന്ത്യാർവട്ടവും സുഗന്ധരാജയുമെല്ലാം വീട്ടിൽ ഓമനിച്ചുവളർത്തിയിരുന്ന ചെടികളും പൂക്കളും ആയിരുന്നു. മഴക്കാലത്തുമാത്രം വലിയ തണ്ടിൽ മുകളറ്റത്ത് ഗദ പോലെ ഉരുണ്ടുനിൽക്കുന്ന പൂവിനെ ഞങ്ങൾ ഉണ്ടപ്പൂ എന്നുവിളിച്ചു. നേർത്ത ചുവപ്പുനിറമുള്ള ഇതിനറ്റത്ത് മഞ്ഞ നിറത്തിൽ പൊടികളോടെ ചെറിയ പരിപ്പുണ്ടാകും. അതിൽ മുഖം ചേർത്താൽ മുഖത്ത് മഞ്ഞ പുള്ളികൾ കിട്ടും. കൊണ്ടോട്ടിയിലെ വീട്ടിൽ ഇത് വളർച്ചുചെടിയായിരുന്നില്ല. തൊടിയിൽ വെറുതെ പൂത്ത് നിൽക്കും. നീളൻ തണ്ടിൽ അറ്റത്ത് ഒന്ന് ചെരിഞ്ഞുനിൽക്കുന്ന ഓറഞ്ച് പൂക്കളുണ്ടായിരുന്നു. പഴയ ഫോണിന്റെ റിസീവറിനെ ഓർമിപ്പിച്ചിരുന്നതിനാൽ ഞങ്ങൾ അതിനെ ഫോൺപൂവ് എന്നു വിളിച്ചു. അതിനുനടുവിലും മഞ്ഞപ്പൊടികളുള്ള പരിപ്പുണ്ടായിരുന്നു. എന്നാൽ, ഇതളുകൾ വലുതായതിനാൽ മുഖത്ത് അത്ര പെട്ടെന്ന് പതിപ്പിക്കാനാവില്ല.

അടുത്തുനിന്ന് കാണാൻ പാടില്ലാത്ത പൂക്കളും കൂടി അന്ന് തൊടിയിലുണ്ടായിരുന്നു. ഒന്ന്, വലിയ മരങ്ങളിൽ പടർന്നുനിൽക്കുന്ന, വള്ളിയിൽ പൂത്ത് തൂങ്ങിനിൽക്കുന്ന കടും ചുവപ്പുള്ള പൂക്കുലയുമായി കാണുന്ന അരളിപ്പൂക്കളായിരുന്നു.

പാർവതി എന്ന് ഞങ്ങളുടെ പരിസരത്ത് അറിയപ്പെട്ടിരുന്ന പൂവ് അത്ര പെട്ടെന്ന് വാടാത്തതിനാൽ പൂക്കളത്തിൽ ഇതളടർത്തിയിട്ടിരുന്നു. അത് മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലെല്ലാം കിട്ടിയിരുന്നു. പാർവതിയുടെ ഇതളുകൾക്ക് മറ്റു പൂക്കളെപ്പോലെ കൃത്യതയില്ല. വരി തെറ്റി നിൽക്കും. ‘ശവംനാറി' പൂക്കൾ പേരുപോലെയല്ല, വളരെ സ്വീകാര്യതയായിരുന്നു ഇവയ്ക്ക് വീടുകളിൽ. പർപ്പിളിനോടടുത്ത റോസ് നിറത്തിലുള്ള പൂക്കളാണ് അധികവും. ഇത് ദിവസങ്ങളോളം ചെടിയിൽ വാടാതെ നിൽക്കും. ഇതിന്റെ വെള്ള നിറവും അന്ന് അപൂർവമായി കണ്ടിരുന്നു. ശവം നാറി എന്ന പേരുള്ളതുകൊണ്ടുമാത്രം അന്നത്തെ പ്രേതകഥകളിൽ ഇവ നിറയെ പൂത്തുനിന്നിരുന്നു. ‘നിത്യകല്യാണി' എന്നൊരു പേരുകൂടി ഇതിന് പിന്നീട് കേട്ടിരുന്നു.

സമയം നോക്കി പൂക്കുന്നവയാണ് പത്തുമണിപ്പൂവും നാലുമണിപ്പൂവും. നാലുമണിപ്പൂവിന് അസർമുല്ല എന്നാണ് വീട്ടിലാദ്യം പറഞ്ഞുകേട്ട പേര്. സ്‌കൂളിലെത്തിയപ്പോൾ അത് നാലുമണിപ്പൂവായി. ഇവയും പർപ്പിളും വെള്ളയും നിറങ്ങളിലുണ്ടായിരുന്നു. ഓരോ പൂവ് പൊഴിയുമ്പോഴും അതിനടിയിൽനിന്ന് കറുത്തിരുണ്ട മുത്തുപോലെ ഇതിന്റെ വിത്തുകിട്ടും. അതുകൊണ്ട് ഇവ പെട്ടെന്ന് പടർന്നുപിടിക്കും.

തുളസിയും ഇർജാനും ഒരേ വർഗത്തിൽ പെട്ട ചെടികളാണെങ്കിലും ഇർജാൻ അറബിക്കാരിയായി. കുറെക്കൂടി വലിയ ഇലയും പൂവുമായി തുളസിയുടെ ഒരു വലിയ രൂപം. ഇർജാൻ പക്ഷെ മരുന്നായി ഉപയോഗിച്ചുകണ്ടിട്ടില്ല. അതിനും നല്ല സുഗന്ധമുണ്ടായിരുന്നു. റോസാച്ചെടിയാണ് അന്നത്തെ തോട്ടത്തിൽ വലിയ താരം. അത് വേരുപിടിക്കാനും വലിയ പ്രയാസമായിരുന്നു. ചുവപ്പും റോസും വെള്ളയുമെല്ലാം ചെറുപ്പത്തിലേ കണ്ടിരുന്നു. റോസ് നിറത്തിൽ ചെറിയ പൂക്കളുണ്ടാകുന്ന പടർന്നുനിൽക്കുന്ന റോസാച്ചെടിയാണ് വേഗം വേരുപിടിക്കുകയും കുറെ പൂവിടുകയും ചെയ്യുക. എന്നാലും ചുവന്ന റോസാപൂ പൂക്കുന്നത് തോട്ടം നോക്കുന്ന കുട്ടികൾക്ക് അഭിമാനമുണ്ടാക്കുന്ന കാര്യം കൂടിയാണ്.

പാലയുടെ വിഭാഗത്തിൽ പെട്ട കുങ്കുമപ്പൂവും രണ്ട് നിറങ്ങളിൽ ലഭ്യമായിരുന്നു. വെള്ളയും മഞ്ഞയും ചേർന്ന് വരുന്നതും റോസ് നിറത്തിലുള്ളതും. പൂക്കളത്തിനുപയോഗിച്ചിരുന്ന പൂക്കളിൽ മറ്റൊരിനം മദ്രാസ് മുല്ല ആയിരുന്നു. ഇത് വീട്ടിൽ വളർത്തുന്നതായിരുന്നില്ല പലയിടത്തും. വലിയ മരമാവാതെ തറയിൽ പടർന്നുകിടക്കുന്നതായിരുന്നു അതിന്റെ ചെടി. പൂവും മുല്ലയുടെ ആകൃതിയിൽ തണ്ടിൽ നാലഞ്ച് ഇതളുകയായിട്ടാണ്. പക്ഷെ നടുക്കുണ്ടാകുന്ന പൂക്കൾക്ക് ആകൃതികൊണ്ട് മുല്ലയുമായി തീരെ സാമ്യമില്ലായിരുന്നു. റോസും വെള്ളയും ഇടകലർന്ന നിറങ്ങളിലാണ് പൂവുണ്ടാകുക. ഇവയും ഒരേ കൊമ്പിൽ പല നിറങ്ങളിലുണ്ടാകും. ഒരേ ഇതളിൽ തന്നെ ഒന്നിലധികം നിറങ്ങളുമുണ്ടാകും. ‘സന്ധ്യാഗന്ധി' എന്നും ഇതിനാരോ പേരു പറഞ്ഞതോർമയുണ്ട്.

അടുത്തുനിന്ന് കാണാൻ പാടില്ലാത്ത പൂക്കളും കൂടി അന്ന് തൊടിയിലുണ്ടായിരുന്നു. ഒന്ന്, വലിയ മരങ്ങളിൽ പടർന്നുനിൽക്കുന്ന, വള്ളിയിൽ പൂത്ത് തൂങ്ങിനിൽക്കുന്ന കടും ചുവപ്പുള്ള പൂക്കുലയുമായി കാണുന്ന അരളിപ്പൂക്കളായിരുന്നു. അരളി എന്നായിരിക്കില്ല അതിന്റെ ശരിയായ പേര് എന്നിപ്പോൾ തോന്നുന്നു. എന്തായാലും അേതിലേക്ക് സൂക്ഷിച്ചുനോക്കിയാൽ കണ്ണിന്​ സൂക്കേട് വരും എന്ന് ഞങ്ങൾ വിശ്വസിച്ചു. പിന്നെ, ചേമ്പിന്റെ പൂവുപോലെ ഇതളിതളായി കായ പോലെ നിൽക്കുന്ന ഒരുതരം ചെടി. അത് വിഷമുള്ളതായതുകൊണ്ട് തൊടാൻ പാടില്ലായിരുന്നു. ഇടവഴിയുടെ വക്കത്തൊക്കെയാണവ കാണാറുള്ളത്. കണ്ടാൽ പറിച്ചുതിന്നാൽ തോന്നുന്ന കായ പോലെ അത്രയും ആകർഷണമുണ്ടായിരുന്നു ആ ചുവന്ന പൂവിന്.

ചെണ്ടുമല്ല പൂത്താൽ പൂക്കളം കുശാലാകും. അതേ നിറത്തിൽ അത്രയും ഇതളില്ലാതെ ഒരു പൂവുണ്ടായിരുന്നു. ഞങ്ങൾക്കത് സൂര്യകാന്തിയായിരുന്നു.

പിന്നെ, ഈശ്വരമുല്ല.

ഇങ്ങനെ പൂക്കളെക്കുറിച്ച് പറഞ്ഞുതന്നെ ഒരു പൂക്കളമായി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments