വിധു വിൻസെന്റ്‌

ഓളം വെട്ടും ഓരിയിടലും


പപ്പായുടെ പത്രം വായന പകുതിയായപ്പോഴേക്കും ഓൾ ഇന്ത്യാ റേഡിയോയിൽ വാർത്ത കേട്ടുതുടങ്ങി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്ന് പറഞ്ഞാണ് വാർത്ത തുടങ്ങിയത്. പിന്നെ കേട്ടത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശബ്ദം.

പപ്പ പത്രം മാറ്റിവച്ച് റേഡിയോയിൽ തന്നെ ശ്രദ്ധിക്കുന്നത് കണ്ട് എന്തോ പ്രശ്‌നമുണ്ടെന്ന് വിനുവിന് മനസിലായി. എന്താണെന്ന് അവനു പിടികിട്ടിയില്ല.

കൃത്യം മൂന്ന് മാസം തികഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് വന്നു. പപ്പായ്ക്കും മമ്മിയ്ക്കും ജോലിക്ക് പോവേണ്ടിയിരുന്നതിനാൽ കുട്ടിക്കാലം മുതൽക്കേ അച്ചാച്ചനായിരുന്നു എന്റെ കൂട്ട്. എന്നെ ഉറക്കാനും കരച്ചില് നിർത്താനുമൊക്കെയായി അച്ചാച്ചൻ കഥകൾ പറയുകയോ പാട്ടുകൾ പാടുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നു.

അക്കാലത്ത് പ്രഭാത് ബുക്ക് ഹൗസിൽ ഗഡുക്കളായി പണമടച്ചാൽ പുസ്തകങ്ങൾ വാങ്ങാൻ പറ്റിയിരുന്നു. അങ്ങനെ വാങ്ങിയ റഷ്യൻ കഥാപുസ്തകങ്ങളായ "ചുക്കും ഗെക്കും' , "തീപ്പക്ഷി', "പിതാക്കളും പുത്രന്മാരും'... ഇതൊക്കെ അച്ചാച്ചൻ അന്നേ ഉറക്കെ വായിച്ചിരുന്ന പുസ്തകങ്ങളാണ്. സത്യം പറഞ്ഞാൽ അച്ചാച്ചനിലൂടെയാണ് ഞാൻ ലോകത്തെ കണ്ടും കേട്ടും തുടങ്ങിയത്.

കുറേനാളുകൾക്ക് ശേഷമുള്ള ഒരുദിവസം പുറത്തെവിടെയോ പോയ മാമൻ പതിവുപോലെ വൈകി വീട്ടിലെത്തി. അച്ചാച്ചനെ വിളിച്ചുകൊണ്ട് പോയിട്ട് രഹസ്യം പറഞ്ഞു.

മാമനോട് തമാശപറഞ്ഞെങ്കിലും മാമൻ പോയ്ക്കഴിഞ്ഞപ്പോഴേക്കും അച്ചാച്ചന് വിഷമമായി. വീട്ടിൽ എല്ലാവരേക്കാളും അവന് ഏറെ ഇഷ്ടം ഈ മാമനെയായിരുന്നു.

രണ്ടുവർഷം കഴിഞ്ഞ് ഒന്നിന് മീതെ ഒന്നായി പെട്ടികളടുക്കിവച്ച കാറിൽ ലീവിന് മാമൻ വീട്ടിലേക്ക് തിരികെയെത്തിയപ്പോൾ അതുവരെ ഞങ്ങളറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മണമായിരുന്നു മാമന്. കൊളോൺ സ്‌പ്രേയുടെ മണം.

മുദ്രാവാക്യം വിളിച്ചും മാർച്ച് നടത്തിയും ചുവരെഴുത്തുമൊക്കെയായി നടന്ന ദിവസങ്ങളിൽ രാത്രി വൈകി വീട്ടിലെത്തുമ്പോൾ മാമനുണ്ടായിരുന്നത് വിയർപ്പിന്റെ മണമായിരുന്നു. അത് മാറിയാണ് പുതിയ കൊളോൺ സ്‌പ്രേയുടെ മണമായത്. ഇനിയങ്ങോട്ടും ഈ വീട്ടിൽ പലർക്കും ഈ ഗന്ധം വന്നുചേരുമെന്ന് അന്ന് എനിക്ക് അറിയുമായിരുന്നില്ല.▮

​​​​​​​(തുടരും )


വിധു വിൻസെന്റ്‌

ചലച്ചിത്ര സംവിധായിക, മാധ്യമപ്രവർത്തക, എഴുത്തുകാരി. മാൻഹോൾ, സ്റ്റാൻഡ് അപ്പ്, വൈറൽ സെബി എന്നീ സിനിമകൾ സംവിധാനം ചെയ്തു. 2016 ൽ മാൻഹോൾഎന്ന സിനിമയിലൂടെ കേരള സർക്കാരിന്റെ മികച്ച സംവിധായകയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള അവാർഡുകൾ നേടി.

Comments