പ്രിയ ജോസഫ്

ഒരു ‘പ്രാക്​ടിക്കൽ നസ്രാണി’യുടെ ​അമേരിക്കൻ ഡ്രീം

ചിലനേരങ്ങളിൽ ഞാൻ സഞ്ചരിച്ച ഓരോ മൈലും, ഞാൻ കഴിച്ച ഒരോ ഭക്ഷണവും, ഞാൻ പരിചയപ്പെട്ട ഓരോ മനുഷ്യനും, ഞാൻ ഉറങ്ങിയ ഓരോ മുറിയും, എന്നെ ഭയങ്കരമായി അമ്പരപ്പിക്കാറുണ്ട്. എത്ര സാധാരണമാണ് അതെല്ലാം എന്ന് തോന്നിയാലും, ചില നേരങ്ങളിൽ എന്റെ സങ്കൽപങ്ങൾക്കും അതീതമാണത്

രാത്രി പന്ത്രണ്ട് മണിക്കാണ് കോട്ടയത്തുനിന്ന് തിരുവനന്തപുരം എയർപോട്ടിലേക്ക് പോയത്. തൊട്ടടുത്ത് കൊച്ചിയിൽ എയർപോട്ടുണ്ടായിട്ട് എന്തുകൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നാലോചിച്ചു. പക്ഷെ ആരോടും ചോദിച്ചില്ല.

അതിന് തലേദിവസം മമ്മിയെ എറണാകുളത്തേക്ക് ഫോണിൽ വിളിച്ച് കരഞ്ഞു. എന്തിനാണ് കരയുന്നതെന്നോ, എന്റെ മനസ്സിൽ തോന്നുന്ന സങ്കടത്തിന് വ്യക്തമായ രൂപം കൊടുക്കാനോ എനിക്ക് കഴിഞ്ഞില്ല.

""നീയിങ്ങനെ കരഞ്ഞ് എന്നെ വിഷമിപ്പിക്കല്ലെ പ്രിയാ, നാളെ എയർപോട്ടിൽ കാണാം'' എന്നു പറഞ്ഞ് മമ്മി ഫോൺ വച്ചു.
ഫോൺ വെക്കുന്നതിനുമുൻപ് എന്തോ ഓർത്തിട്ടെന്ന പോലെ മമ്മി ചോദിച്ചു:""ഞാൻ വാങ്ങിത്തന്ന ആ വെള്ള ഫ്രോക്കല്ലെ നീ ഇടുന്നത്''.
വെള്ളയിൽ കറുത്ത വരകളുള്ള ആ ഭംഗിയുള്ള കോട്ടൺ ഫ്രോക്ക്, " "ഇതു നീ അമേരിക്കക്ക് പോകുമ്പോൾ ഫ്‌ലൈറ്റിൽ ഇടാൻ'' എന്ന് പറഞ്ഞ് മമ്മി ഇഷ്ടത്തോടെ സെലക്റ്റ് ചെയ്തു തരുമ്പോൾ, കല്യാണത്തിനുണ്ടായ പണച്ചെലവ് നന്നായി അറിയാവുന്ന എനിക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു.

പ്രിയ ജോസഫ്

പക്ഷെ ഒരു സങ്കടത്തിനും ആർത്തലച്ച് വളരാനുള്ള വെള്ളവും വളവും തരുന്ന രീതി ഒരുകാലത്തും വീട്ടിലുണ്ടായിരുന്നില്ല. എന്തെങ്കിലും വിഷമമുണ്ടെങ്കിലോ, എന്തെങ്കിലും കാര്യം നടക്കാതിരുന്നാലോ ആ ഒരു ദിവസം മാത്രം അതോർത്ത് കരയാനോ, എണ്ണിപെറുക്കി കുറ്റം പറയാനോ അനുവദിക്കും. അടുത്ത ദിവസം ""വാട്ട് ഈസ് നെക്സ്റ്റ്'' എന്ന ചോദ്യവും അതിനുള്ള ഉത്തരവും മാത്രമെ കാണാവൂ എന്നതാണ് വീട്ടിലെ രീതി. അതുകൊണ്ട് മമ്മി ഠപ്പെന്ന് ഫോൺ വെച്ച്‌
പോയതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. അങ്ങനെ മമ്മി ശ്വാസം മുട്ടിച്ച് കൊന്ന എന്റെ സങ്കടത്തെ അവിടെ തന്നെ ഉപേക്ഷിച്ച് ഞാൻ എന്റെ പെട്ടി ബാക്കികൂടി അടുക്കാൻ തുടങ്ങി.

പുട്ടുകുറ്റി, പാലപ്പചട്ടി, മീൻ ചട്ടി, ഇടിയപ്പത്തിന്റെ അച്ച്, ഇഡ്ഡലി ചെമ്പ് ഇതൊക്കെ മുട്ടാതേം പൊട്ടാതേം ഇരിക്കാൻ പാകത്തിന് പെട്ടിക്കുള്ളിലേക്ക് തള്ളിക്കയറ്റി. ഇതൊന്നും ഉപയോഗിക്കാൻ അറിയില്ലലോ എന്ന നാണക്കേടും പേടിയും ഞാൻ അതിന്റെ കൂടെത്തന്നെ ഭദ്രമായി അടുക്കി.

എയർപോട്ടിലേക്കുള്ള കാർയാത്രയിലുടനീളം എന്റെ വലതുകൈ ഭർത്താവിന്റെ കൈക്കുള്ളിലായിരുന്നു.
ആശ്വസിപ്പിക്കാനെന്നവണ്ണം!

ഭർത്താവിനൊപ്പം പ്രിയ

പുറത്തെ രാത്രിയുടെ ഇരുട്ടും, ഇരുട്ടിൽ തെളിഞ്ഞ കാഴ്ചകളും കേരളത്തെ അവസാനമായി കാണുന്നതുപോലെ, അല്ലെങ്കിൽ ഇനി കാണുമ്പോൾ ഞാൻ മാറിയിട്ടുണ്ടാവും എന്ന മട്ടിൽ മനസിലേക്കെടുത്തു. ഉറങ്ങിയതേയില്ല ആ യാത്രയിൽ.
എയർപോട്ടിലെത്തിയപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു. എന്നെ യാത്രയാക്കാൻ എത്തിയിരുന്ന CDS ലെയും മഹാരാജാസിലെയും സുഹൃത്തുക്കളെ കണ്ടപ്പോൾ സങ്കടത്തോടൊപ്പം വല്ലാത്തൊരു നഷ്ടബോധവും തോന്നി. എത്ര ആഗ്രഹത്തോടെ ചേർന്ന എം.ഫില്ലാണ് ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം ഷിക്കാഗോയിലേയ്ക്ക് വിമാനം കയറുന്നത്!

വിസയുടെ സ്റ്റാറ്റസ് വെച്ച്, എത്തിയുടൻ ജോലിക്ക് അപ്ലൈ ചെയ്യാൻ പറ്റില്ലെന്ന് ഭർത്താവ് പറഞ്ഞിരുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ എനിക്ക് പഠനം തുടരാൻ സാധിക്കുമോ? തുടങ്ങി നടക്കാനിരിക്കുന്ന കാര്യങ്ങൾ എന്താണെന്ന് സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.

എയർപോട്ടുകളിലെ കാത്തിരിപ്പും, കുവൈറ്റിലെ താമസവും എല്ലാം കഴിഞ്ഞ് ഷിക്കാഗോയിൽ എത്തിയപ്പോൾ ഞാൻ വല്ലാതെ ക്ഷീണിച്ചിരുന്നു. പക്ഷെ പലതും ആദ്യമായി കാണുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും അമ്പരപ്പും എക്‌സൈറ്റ്‌മെന്റും ഉണ്ടായിരുന്നുതാനും.

പെട്ടിയൊക്കെ കളക്റ്റ് ചെയ്ത്, പിക്ക് ചെയ്യാൻ വരുന്ന ഭർത്താവിന്റെ ചേട്ടനെ കാത്ത് ഒഹയർ എയർപ്പോട്ടിൽ നിൽക്കുമ്പോഴാണ് ഞാൻ അതിനകത്തെ ഐസ്‌ക്രീം ഷോപ് കണ്ടത്. ഞാനങ്ങോട്ട് പിന്നെയും പിന്നെയും നോക്കുന്നത് കണ്ട് ഭർത്താവ് ചോദിച്ചു: ""ഐസ്‌ക്രീം വേണോ''?
വേണമെന്ന് ഞാൻ തലയാട്ടി.

കണ്ണാടിക്കൂട്ടിൽ തുറന്നുവച്ച കാർട്ടനുകളിൽ, പല നിറത്തിലും ഫ്‌ളേവറുകളിലുമുള്ള ഐസ്‌ക്രീമുകൾ എനിക്ക് കാണാമായിരുന്നു. ഏത് വേണമെന്ന് പറയാൻ മടി തോന്നി. ഭർത്താവ് എനിക്കുവേണ്ടി ഒരു വനിലാ കോൺ ഓഡർ ചെയ്തു.
അതു കഴിച്ച് തീരാറായപ്പോൾ ഒന്നുകൂടെ വേണോ എന്ന് ഭർത്താവ് ചോദിച്ചു.
അതെയെന്ന് തലയാട്ടി.
ഇത്തവണ ബട്ടർപ്പീക്കൻ എന്ന ഫ്‌ളേവർ ആണ് ഭർത്താവ് എനിക്കു വേണ്ടി വാങ്ങിയത്.""എങ്ങനുണ്ട് ഇവിടുത്തെ ഐസ്‌ക്രീം''? ഭർത്താവ് ചോദിച്ചു.""എറണാകുളത്തെ കാരവാനിൽ കിട്ടുന്ന ഐസ്‌ക്രീമിന്റെ അത്ര രുചിയില്ല'', ഐസ്‌ക്രീം നുണഞ്ഞിറക്കിക്കൊണ്ട് ഞാൻ പറഞ്ഞു.""എന്നിട്ടാണോ രണ്ടെണ്ണം ആർത്തിപിടിച്ച് കഴിച്ചത്''.

ഇതുപറയുമ്പോൾ ഭർത്താവിന്റെ കണ്ണിൽ പെണ്ണുകാണാൻ വന്നപ്പോൾ കണ്ട അതേ ദയയും, കുസൃതിയും, സ്‌നേഹവുമുണ്ടായിരുന്നു.
ഐസ്‌ക്രീം നാവിനെ തണുപ്പിച്ചതുപോലെ അതെന്റെ മനസ്സിനെ തണുപ്പിച്ചു.

എനിക്ക് വലിയ ആശ്വാസം തോന്നി. കൂടെയുള്ള ആളെ ഒരു മാസത്തെ പരിചയമേ ഉള്ളു. പുതിയ രാജ്യത്ത് പുതിയ ജീവിതം തുടങ്ങാൻ പോകുന്ന പുതുപ്പെണ്ണാണ് ഞാൻ. എന്തായിത്തീരുമെന്ന് ഒരുറപ്പുമില്ല. ജീവിതം എന്തു നീട്ടിയാലും ഇയാൾ കൂടെയുണ്ടെങ്കിൽ ബോറാവില്ല എന്ന് ആ നിമിഷം മനസ്സിൽ തോന്നി. ഞാൻ എന്റെ കൈയ്യെടുത്ത് ഭർത്താവിന്റെ വിരലുകളിലേക്ക്‌
കോർത്തു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ട്രിവാൻഡ്രം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കഴിഞ്ഞ് അമേരിക്കയിൽ എത്തിയതാണ് എന്റെ ഭർത്താവ്. എന്റെ വിദൂര സ്വപ്നങ്ങളിൽപ്പോലും അമേരിക്ക ഉണ്ടായിരുന്നില്ല. എന്നിട്ടും 1997ൽ വിവാഹമെന്നെ അമേരിക്കയിലെത്തിച്ചു. സ്‌കൂളിൽ ജനറൽ നോളജ് ക്ലാസിൽ ""വിൻഡി സിറ്റി- ഷിക്കാഗോ'' എന്ന് പഠിക്കുമ്പോൾ ഒരിക്കലും ഓർത്തിരുന്നില്ല, മുക്കും മൂലയും കാണാപ്പാഠമായി, അവസാനം കിടക്കാനുള്ള ആറടിമണ്ണും കാശുകൊടുത്ത് വാങ്ങിച്ചിടുന്ന സ്ഥലമായി മാറും എനിക്ക് ഷിക്കാഗോ എന്ന്.

കോളേജുകാലത്ത് കൂട്ടുകാരുടെ നടുവിൽനിന്ന് പോന്നതുകൊണ്ടാവാം ആദ്യത്തെ മൂന്നുമാസം തോന്നിയ കടുത്ത ഏകാന്തത പറയാൻ വാക്കുകളില്ല. അത് ഇംഗ്ലീഷ് സിനിമകൾ കണ്ടും, ഭർത്താവിനോട് ഗുസ്തി പിടിച്ചും, വീട്ടിലേക്ക് വിളിച്ച് കരഞ്ഞ് ഫോൺ ബില്ല് കൂട്ടിയും, മൂന്നും നാലും പേജുള്ള കത്തുകൾ മമ്മിയ്ക്കും, ചേച്ചിമാർക്കും, കസിൻസിനും എഴുതിയും, ബുക്ക് വായിച്ചും തീർത്തു.

മൂന്നുമാസമായപ്പോൾ എന്റെ ഉള്ളിലെ പ്രാക്റ്റിക്കൽ നസ്രാണി സടകുടഞ്ഞെഴുന്നേറ്റു. ഇനിയുമിങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ ശരിയാകില്ല എന്നു മനസിലാക്കി അരയും തലയും മുറുക്കി ഞാൻ ഗോദയിലേക്കിറങ്ങി. പിന്നെ ഡ്രൈവിംഗ് ലൈസൻസ് എടുക്കലായി, കമ്പ്യൂട്ടർ പഠനമായി, അമേരിക്കൻ ആക്‌സന്റ് മനസ്സിലാക്കാൻ എല്ലാ ടി.വി ഷോകളും വള്ളിപുള്ളിവിടാതെ കാണലായി. ആകെ ബഹളം. സ്വന്തമായി ഒരു ഐ.ടി കമ്പനി ഒക്കെ തുടങ്ങി വിശ്വവിഖ്യാതമായ ""ദ അമേരിക്കൻ ഡ്രീ'' മിന്റെ പുറകെ ആയിരുന്നു ഭർത്താവ്.

1931 ലെ ബെസ്റ്റ് സെല്ലർ ആയ Epic of America എന്ന ബുക്കിലാണ് ഈയൊരു കൺസെപ്റ്റ് ആദ്യമായി വരുന്നത്. അതൊരു വിശ്വാസമാണ്.
ഏതു രാജ്യത്ത് ജനിച്ചവരാകട്ടെ, ഏതു വർഗ്ഗത്തിലുള്ളവരാകട്ടെ, നിങ്ങൾ കഠിനാദ്ധ്വാനിയും, ത്യാഗമനസ്ഥിതിയും, റിസ്‌ക് എടുക്കാൻ മടിയില്ലാത്തവരുമാണോ? എങ്കിൽ അമേരിക്കയിൽ വിജയം ഉറപ്പ്.

1940കളിൽ പാലായിൽ നിന്ന്​നടന്നും, കാളവണ്ടിയിലും, ബസിലും, ട്രെയിനിലും കയറി മലബാറിൽ പോയി സ്ഥലം വാങ്ങിച്ച വല്ല്യപ്പച്ചന്റെ ജീൻ സ്‌ട്രോങ്ങായിട്ടുള്ളതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല.

ഭർത്താവിന്റെ സ്വപ്നങ്ങൾക്കൊപ്പം ഞാനും കൂടി. പഠനം, കമ്പനി വളർത്തൽ, ഇതിനിടെ കുട്ടികൾ, അവരെ വളർത്തൽ....

ഇതിനിടയിൽ നൊസ്റ്റാൾജിയ, ഗൃഹാതുരത്വം എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അതെന്നതാ എന്ന് തിരിച്ചു ചോദിയ്ക്കുന്നതു പോലെ തിരക്കായിരുന്നു. ഇതിനിടെ പ്രിയ ഇപ്പോൾ ഒന്നും എഴുതാറില്ലേ എന്ന് ചില പഴയ കൂട്ടുകാർ ചോദിക്കുമ്പോൾ ഗ്രോസറി ലിസ്റ്റ് കണക്കിൽ പെടുത്താമെങ്കിൽ എഴുതാറുണ്ട് എന്ന് മറുപടി പറയും.

കോളേജുകാലത്ത് കിട്ടിയ ഗൃഹലക്ഷ്മി അവാർഡിന് വീട്ടുകാർ പുല്ലുവില പോലും തന്നിരുന്നില്ല. മമ്മിയുടെ ഭാഷയിൽ പറഞ്ഞാൽ, ""നിനക്കൊ ബോധമില്ല ആ എം.ടിക്കെങ്കിലും അൽപം ബോധം കാണുമെന്നാ ഞങ്ങൾ വിചാരിച്ചത്. നിന്റെയീ ആവറേജ് കഥയ്ക്ക് ഇവരല്ലാതെ ആരെങ്കിലും സമ്മാനം തരുമോ''?

​രണ്ടുതവണ എനിക്ക് കിട്ടിയ അവാർഡും എം.ടിയുടെ വിവരക്കേടായി ചിരിച്ചുതള്ളിയ ഒരു വീട്ടിൽ നിന്ന് വന്നതുകൊണ്ടായിരിക്കും എഴുതിയിരുന്നു എന്ന് പുറത്തു പറയാൻപോലും മടിയായിരുന്നു.

എം.ടി.വാസുദേവൻ നായരിൽനിന്ന്​ സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങുന്ന പ്രിയ

അമേരിക്കൻ ജീവിതത്തിനിടെ മലയാളം മിസ്സ് ചെയ്യാനുള്ള സമയമില്ലായിരുന്നു എന്നുള്ളതാണ് സത്യം. അക്കാലത്ത് മലയാളം വായന സീറോ എന്നുതന്നെ വേണമെങ്കിൽ പറയാം. പകരം ഇംഗ്ലീഷ് പുസ്തകങ്ങൾ ധാരാളം വായിച്ചു. കിട്ടാനുള്ള എളുപ്പം ഒരു പ്രധാന കാരണമായിരുന്നു. ഈ കാലഘട്ടത്തിനിടെ ആകെ വായിച്ച രണ്ടു മലയാള ചെറുകഥകൾ ലീലയും, കോട്ടയം 17 ഉം ആണ്. അന്നത് വായിച്ച് ഉണ്ണി എത്ര നന്നായിട്ടാണ് എഴുതിയിരിക്കുന്നത് എന്നോർത്ത് തരിച്ചിരുന്നത് ഓർമയുണ്ട്. കൂട്ടത്തിൽ മലയാളം എനിക്കെത്ര അകലത്താണെന്ന ചെറിയ സങ്കടവും തോന്നി.
പക്ഷെ ഞാൻ പറഞ്ഞല്ലോ, ഒരു സങ്കടവും അധികനേരം മനസ്സിൽ വളരാൻ അനുവദിക്കാത്തതുകൊണ്ട് അത് മാഞ്ഞുപോയി. പക്ഷെ എവിടെയോ ഒരു കനൽ കിടന്നിരുന്നു. എത്ര തൂത്താലും തുടച്ചാലും പോകാത്ത ഇഷ്ടം.

ദ അമേരിക്കൻ ഡ്രീം ഏറെക്കുറെ യാഥാർഥ്യമായപ്പോഴാണ് ആ പഴയ ഇഷ്ടത്തിലേക്ക് വീണ്ടും തിരിഞ്ഞുനോക്കുന്നത്. കുടഞ്ഞെറിയാൻ നോക്കിയിട്ടും പോകാതെ കിടക്കുന്ന ഇഷ്ടം. അങ്ങനെ വീണ്ടും എഴുതിത്തുടങ്ങി. എന്താകുമെന്നോ എവിടെയെത്തുമെന്നോ ഒരുറപ്പുമില്ല.

ജുംബ ലാഹിരി/ Photo: Marco Delog, wikimedia commons

എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഞാനീ സ്ഥലത്തായിട്ട് 24 വർഷമായി എന്നുള്ളത്. ജുംബാ ലാഹിരിയുടെ ദ തേർഡ് ആൻഡ് ഫൈനൽ കോൺറ്റിനെന്റ് എന്ന ചെറുകഥയിൽ പറയുന്നതുപോലെ, ​""എന്റെ നേട്ടങ്ങളെല്ലാം തികച്ചും സാധാരണമായിരിക്കാം. ജീവിതഭദ്രത തേടി വീടും നാടും വിട്ട് ദൂരങ്ങളിലേക്ക് പോയ ആദ്യത്തെ വ്യക്തിയൊന്നുമല്ല ഞാൻ. അവസാനത്തേതുമായിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ എന്നിട്ടും ചിലനേരങ്ങളിൽ ഞാൻ സഞ്ചരിച്ച ഓരോ മൈലും, ഞാൻ കഴിച്ച ഒരോ ഭക്ഷണവും, ഞാൻ പരിചയപ്പെട്ട ഓരോ മനുഷ്യനും, ഞാൻ ഉറങ്ങിയ ഓരോ മുറിയും, എന്നെ ഭയങ്കരമായി അമ്പരപ്പിക്കാറുണ്ട്. എത്ര സാധാരണമാണ് അതെല്ലാം എന്ന് തോന്നിയാലും, ചില നേരങ്ങളിൽ എന്റെ സങ്കൽപങ്ങൾക്കും അതീതമാണത്''.


പ്രിയ ജോസഫ്‌

എഴുത്തുകാരി. AMR Technology Inc. കോ ഫൗണ്ടറും സി.ഇ.ഒയും. യു.എസിലെ ഇല്ലിനോയി സൗത്ത്​ ബാരിങ്​ടണിൽ താമസം

Comments