അമർത്യാസെൻ / Photo: Wikimedia Commons

അമർത്യാസെൻ; ചോരയും നീരുമുള്ള ഒരു വീട്

ബെൻവെനുതോ സെല്ലിനിയുടേയും ബർട്രാൻഡ് റസ്സലിന്റെയും ഇല്യാസ് കാനേറ്റിയുടേയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഒക്കെ ക്ലാസിക് ആത്മകഥകളോടൊപ്പം ഞാനീ പുസ്തകത്തെ ചേർത്തു വെക്കുന്നു- Home in the World - A Memoir എന്ന പുസ്തകം മുൻനിർത്തി അമർത്യാസെന്നിന്റെ അസാധാരണ ജീവിതകാലങ്ങളിലൂടെ ഒരു സഞ്ചാരം

രാണ് ആത്മകഥയെഴുതേണ്ടത്?
ആത്മകഥകൾ എന്തിനെഴുതണം?
ആത്മകഥകൾ എങ്ങനെയെഴുതണം?

ഈ മൂന്നു പ്രധാനചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകിയത് മികച്ച ആത്മകഥകൾ തന്നെയാണ്. പുതിയ കാലത്ത് ഈ ചോദ്യങ്ങളെ നേരിടാതെ ആരൊക്കയോ ആത്മകഥകൾ എഴുതിക്കൂട്ടുകയും അവ ആ സാഹിത്യവിഭാഗത്തിന്റെ ഉത്തരവാദിത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്തു. അങ്ങനെ ആത്മകഥകളുടെ സ്വഭാവം മാറിപ്പോയ ഒരു കാലമാണിത്. വളരെ മുമ്പ് Why I Think Autobiographies Are Important (Katie Sewell) എന്നൊരു ലേഖനം വായിച്ചിരുന്നു. ജീവിതത്തിലെ അനുഭവങ്ങൾ വ്യക്തി എന്ന നിലയിൽ ഒരാളെ രൂപപ്പെടുത്തുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് ആത്മകഥകളുടെ ഉദ്ദേശ്യം എന്നാണതിൽ പറയുന്നത്.

വളരെ ലളിതവും വിനീതവുമായ തുടക്കങ്ങളിലൂടെ നടന്നുനീങ്ങിയ ഒരിന്ത്യക്കാരൻ ലോകത്തിന്റെ നെറുകെയിലെത്തിയതിന്റെ അനുഭവസാക്ഷ്യം കൂടിയാണീ പുസ്തകം.

ഒരു വ്യക്തിയുടെ ജീവിതത്തെയും അയാൾ ജീവിച്ച കാലത്തേയും വായനക്കാർക്കു മുന്നിൽ തുറന്നുകാട്ടുന്നവയാണ് നല്ല ആത്മകഥകൾ. ജീവിതത്തിനകത്തേക്കും പുറത്തേക്കുമുള്ള നോട്ടങ്ങൾ ആത്മകഥയെ അർത്ഥവത്താക്കുന്നു. ഇതൊക്കെ ഓർമിപ്പിക്കുന്ന ഒരസാധാരണ ആത്മകഥയെപ്പറ്റിയാണ് ഞാനിവിടെ എഴുതാൻ പോകുന്നത്.

മുപ്പത്തിയേഴിൽ മുപ്പത്തിമൂന്നാമൻ!

1998-ൽ നോബൽ സമ്മാനം നേടിയതിനെത്തുടർന്ന് അമർത്യാസെൻ ബംഗ്ലാദേശിലെ ധാക്ക സന്ദർശിച്ചു. അദ്ദേഹം ബാല്യകാലം കഴിച്ചുകൂട്ടിയ സ്ഥലമാണ് ധാക്ക. ആദ്യകാല വിദ്യാഭ്യാസം നേടിയ ധാക്കയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂളിൽ അദ്ദേഹത്തിനൊരു സ്വീകരണമൊരുക്കിയിരുന്നു. അദ്ദേഹം വരുന്നു എന്നറിഞ്ഞപ്പോൾ സ്‌കൂൾ ഹെഡ്മാസ്റ്റർ സ്‌കൂളിലെ ആദ്യകാല റെക്കോഡുകൾ തെരഞ്ഞുപിടിച്ച് സെന്നിന്റെ പഴയ ഉത്തരക്കടലാസുകൾ കണ്ടെത്തി. അതുകാണിച്ച് പുതിയ കുട്ടികളെയെല്ലാം പ്രചോദിപ്പിക്കാം എന്നായിരുന്നു പുതിയ ഹെഡ്മാസ്റ്റർ മനസ്സിൽ കരുതിയത്.

Photo: Amazon.in

അവ കണ്ടെത്തിയ അദ്ദേഹം തിരിച്ചറിഞ്ഞത് 37 പേരുള്ള ക്ലാസിലെ മുപ്പത്തിമൂന്നാമനായിരുന്നു അമർത്യാസെൻ എന്ന യാഥാർഥ്യമായിരുന്നു!
സ്‌കൂളിലെത്തിയ അമർത്യാസെന്നിനോടു ആ ഹെഡ്മാസ്റ്റർ പറഞ്ഞു: ‘സെൻറ്​ഗ്രിഗോറിയസ് വിട്ടതിനുശേഷമാണ് നിങ്ങളൊരു മിടുക്കനായ വിദ്യാർത്ഥിയായതെന്ന് ഞാൻ കരുതുന്നു.'
അത്​ ശരിയായിരുന്നു എന്നും ഒരാൾ നല്ല വിദ്യാർത്ഥിയാണോ അല്ലയോ എന്ന് ആരും കണക്കെടുക്കാതിരുന്ന കാലത്താണ് ഞാൻ നല്ലതായതെന്നും അമർത്യാസെൻ എഴുതുന്നു.

അമിതയ്ക്ക് കുഞ്ഞുണ്ടായപ്പോൾ പതിവ് പേരുകളൊന്നും വേണ്ടെന്ന് പറഞ്ഞ് ടാഗോർ തന്നെ പുതിയൊരു പേര് നിർദ്ദേശിച്ചു. അമർത്യ എന്നായിരുന്നു ആ പേര്. അമർത്യ എന്നാൽ മൃത്യു ഇല്ലാത്തവൻ എന്നാണർത്ഥം

സെൻറ്​ ഗ്രിഗോറിയസ് ആവശ്യപ്പെട്ട മികച്ച പ്രകടനവും കടുത്ത അച്ചടക്കവും അമർത്യക്ക് യോജിച്ചവയായിരുന്നില്ല. ബ്രദർ ജൂഡിന്റെ പ്രിയവാക്കായ ‘തിളങ്ങുന്ന' പ്രകടനം തനിക്ക് ചേരുന്നതായിരുന്നില്ല എന്നും ബാലനായ അമർത്യ തിരിച്ചറിഞ്ഞിരുന്നു. ഭാഗ്യവശാൽ അപ്പോഴേക്കും ലോകം യുദ്ധഭീതിയിലായിരുന്നു. അദ്ദഹത്തിന്റെ പിതാവിന്റെ യുദ്ധകാല യുക്തിയനുസരിച്ച് ധാക്കയേക്കാൾ സുരക്ഷിതമായ സ്ഥലമാണ് കൽക്കത്തയിൽ നിന്നും അല്പംമാറി സ്ഥിതിചെയ്തിരുന്ന ശാന്തിനികേതൻ. അങ്ങനെയാണ് അമർത്യാ സെൻ 1941-ൽ ശാന്തിനികേതനിൽ പഠിക്കാനായെത്തുന്നത്. പത്തുവർഷമാണ് അദ്ദേഹമവിടെ പഠിച്ചത്. അമർത്യാ സെന്നും ശാന്തിനികേതനും തമ്മിലുള്ള ബന്ധം സവിശേഷമായ ഒന്നായിരുന്നു. അത്ഭുതകരമെന്നു പറയട്ടെ. അതിന്നും അഭംഗുരം തുടരുന്നുണ്ട്. ഈ ബന്ധത്തിന്റെ തുടർക്കകഥകൾ പറഞ്ഞുകൊണ്ടാണ് സെന്നിന്റെ ആത്മകഥയായ Home in the World - A Memoir എന്ന കൃതി തുടങ്ങുന്നത്.

ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരായ പ്രതിഭാശാലികളിൽ ലോകം ആദരവോടെ നോക്കിക്കാണുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം അമർത്യാ സെന്നിനുള്ളതാണ്. സാമൂഹികക്ഷേമം, നീതി, സ്വാതന്ത്ര്യം, സമത്വം എന്നീ മേഖലകളിൽ അസാധാരണ ഉൾക്കാഴ്ചയോടെ ഇടപെടുകയും ലോകബോധത്തെ പുതുക്കിപ്പണിയുകയും ചെയ്ത ചിന്തകനാണ് അമർത്യാസെൻ. അദ്ദേഹത്തിന്റെ പ്രചോദകമായ അനുഭവസാക്ഷ്യമാണ് ഈ ആത്മകഥ.

ശാന്തിനികേതനിലെ സിൻഹ സദൻ കെട്ടിടം / Photo: Wikimedia Commons

ധനതത്ത്വശാസ്ത്ര ദാർശനികൻ, സാമൂഹിക ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ, നീതി ചിന്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം മുന്നോട്ടുവെച്ച ചിന്താപദ്ധതികളും അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ രൂപംകൊണ്ട വഴികളും ഈ കൃതിയിൽ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ലളിതവും വിനീതവുമായ തുടക്കങ്ങളിലൂടെ നടന്നുനീങ്ങിയ ഒരിന്ത്യക്കാരൻ ലോകത്തിന്റെ നെറുകെയിലെത്തിയതിന്റെ അനുഭവസാക്ഷ്യം കൂടിയാണീ പുസ്തകം. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും ഉറവിടം കുറിക്കപ്പെട്ട ആദ്യകാല സംഭവങ്ങൾ അദ്ദേഹം വളരെ സൂക്ഷ്മതയോടെ കണ്ടെത്തി ഇതിൽ വിവരിക്കുന്നുണ്ട്. അതിൽപ്പോലും ഒരു അസാധാരണത്വം കാണാനുണ്ട്. ആത്മകഥയെഴുത്തിലെ ഈ സൗന്ദര്യം അടുത്തൊന്നും മറ്റൊരു കൃതിയിൽ നിന്ന് ലഭിച്ചിട്ടില്ല.

ധാക്ക നഗരം

അമർത്യാസെന്നിന്റെ കുടുംബം ധാക്കയിലാണ് താമസിച്ചിരുന്നതെങ്കിലും അമർത്യ ജനിച്ചത് കൽക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. അതിനു കാരണം ബംഗാളിൽ പരമ്പരാഗതമായി നിലനിന്നിരുന്ന ഒരു നാട്ടുവിചാരമായിരുന്നു. അതുപ്രകാരം, ആദ്യത്തെ കുട്ടി അമ്മയുടെ വീട്ടിലാണ് ജനിക്കേണ്ടത്. അല്ലാതെ കല്യാണം കഴിച്ചു ചെന്ന ഭർത്താവിന്റെ വീട്ടിലല്ല. അതിന്റെ പുറകിൽ ഒരു ‘വിശ്വാസരാഹിത്യ'ത്തിന്റെ അംശമുണ്ടെന്ന് അമർത്യാ സെൻ കരുതുന്നു. വിവാഹത്തിലൂടെ തുടക്കം കുറിച്ച പുതിയ ജീവിതത്തിലെ പുതിയ ആളുകൾക്ക് - ഭർത്താവിന്റെ ബന്ധുക്കൾക്ക് - മകളുടെ പ്രസവസമയത്ത് വേണ്ടത്ര ശ്രദ്ധയുണ്ടാവുമോ എന്നൊരു സംശയം പെൺമക്കളുടെ രക്ഷിതാക്കൾക്കുണ്ടായിരുന്നിരിക്കാം എന്നാണ് അദ്ദേഹം ഈ ആചാരത്തെപ്പറ്റി കരുതുന്നത്. ഈ രീതി പിൻപറ്റിയാണ് പ്രസവത്തിനായി തന്റെ അമ്മ ധാക്കയിൽ നിന്ന്​ അമ്മയുടെ കുടുംബം താമസിച്ചിരുന്ന ശാന്തിനികേതനിലെത്തുന്നത് എന്ന് സെൻ എഴുതിയിരിക്കുന്നു. അമ്മയുടെ വകയിലെ മുത്തച്ഛൻ ക്ഷിതിമോഹൻ സെൻ ശാന്തിനികേതനിലെ അദ്ധ്യാപകനും രബീന്ദ്രനാഥ ടാഗോറുമായി അടുപ്പമുണ്ടായിരുന്ന പണ്ഡിതനുമായിരുന്നു. അങ്ങനെയാണ് അവർ അവിടെയുള്ള ശാന്തിനികേതനാലെ സ്‌കൂൾ കോട്ടേജിൽ താമസിക്കുവാനിടയായത്. അമ്മ അമിതയാവട്ടെ ശാന്തിനികേതനിലെ കലാകാരിയുമായിരുന്നു. അവർക്ക് നൃത്തത്തിലും നാടകാഭിനയത്തിലുമൊക്കെ താല്പര്യമുണ്ടായിരുന്നു. അച്ഛൻ അഷുതോഷ് സെൻ ധാക്ക സർവകലാശാലയിലെ രസതന്ത്രം അധ്യാപകനുമായിരുന്നു.

ധാക്ക നഗരത്തിന്റെ പഴയ ദൃശ്യം

അമിതയ്ക്ക് കുഞ്ഞുണ്ടായപ്പോൾ പതിവ് പേരുകളൊന്നും വേണ്ടെന്ന് പറഞ്ഞ് ടാഗോർ തന്നെ പുതിയൊരു പേര് നിർദ്ദേശിച്ചു. അമർത്യ എന്നായിരുന്നു ആ പേര്. അമർത്യ എന്നാൽ മൃത്യു ഇല്ലാത്തവൻ എന്നാണർത്ഥം. മരണമില്ലാത്ത സ്വർഗത്തിൽ നിന്ന്​ വരുന്നവൻ എന്നും പറയാറുണ്ട്. തന്റെ പേരിന്റെ അർത്ഥം ജീവിതത്തിൽ പല തവണ വിശദീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് സെൻ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പേരിന്റെ പല അർത്ഥങ്ങളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഭയപ്പെടുത്തുന്ന ‘അഭൗമികൻ' എന്നതാണെന്നും അദ്ദേഹം എഴുതുന്നു.

ടാഗോറിലെയും ഗാന്ധിജിയിലെയും ശരികൾ

സെൻറ്​ ഗ്രിഗേറിയന്മാർ എല്ലാം പൊതുവിൽ മിടുക്കരാണെങ്കിലും അക്കൂട്ടത്തിലെ മോശക്കാരനായ അമർത്യാ സെൻ കടന്നുവന്ന വഴികൾ മറ്റാർക്കും പ്രാപ്യമായിരുന്നില്ല. അയാൾ നേടിയ ഉയരങ്ങൾ ചരിത്രം സൃഷ്ടിച്ചവയാണ്. തന്നെ സൃഷ്ടിച്ചതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് മനസ്സിലാക്കുകയും വിദ്യാഭ്യാസ വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ നടത്തുകയും ചെയ്തു സെൻ. ടാഗോർ മുന്നോട്ടുവെച്ച വിദ്യാഭ്യാസ വീക്ഷണത്തിന്റെ ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കൊളോണിയൽ കാലത്താണ് ടാഗോർ മറ്റൊരു വീക്ഷണവുമായി ശാന്തിനികേതൻ തുടങ്ങിയതെന്ന് സെൻ ഓർമിപ്പിക്കുന്നുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസരീതികളെ ടാഗോർ അംഗീകരിച്ചതേയില്ല. സെൻ പറഞ്ഞതുപോലെ സ്വാതന്ത്ര്യവും പുതിയൊരു ലോകവീക്ഷണവുമാണ് ശാന്തിനികേതൻ പ്രദാനം ചെയ്തത്. സ്വന്തം ജിജ്ഞാസയെ ഉണർത്തി ലോകത്തെ നോക്കിക്കാണാൻ വിദ്യാർത്ഥിയെ പ്രാപ്തമാക്കുന്ന ഒന്നായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്.

ചർക്കയിലെ നൂൽനൂൽപ് സമ്പ്രദായത്തിന്റെ പേരിലും ഗാന്ധിജിയും ടാഗോറും തമ്മിൽ വിയോജിച്ചിരുന്ന കാര്യം സെൻ സൂചിപ്പിക്കുന്നുണ്ട്.

ലോകായത ചിന്താപദ്ധതിയനുസരിച്ച് രസതന്ത്രാടിസ്ഥാനത്തിലുള്ള ജീവന്റെ ശാസ്ത്രം സംസ്‌കൃതത്തിൽ വായിച്ചു മനസ്സിലാക്കിയെന്ന് സെൻ പറയുന്നുണ്ട്. അതും പന്ത്രണ്ടാം വയസ്സിൽ. ടാഗോറിന്റെ ശാന്തിനികേതനിൽ പ്രാചീന ഇന്ത്യയുടെ ഭൗതികവാദ മുഖമായിരുന്ന ലോകായത ചിന്തകൾ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു എന്നാണല്ലോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇങ്ങനെ വരികൾക്കിടയിലൂടെയും വായനക്കാരിലേക്ക് ജ്ഞാനാന്വേഷണ തൃഷ്ണ ജനിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. ലോകായത ചിന്താഗതി പിന്നീടും സെന്നിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. പതിനാലാമത്തെ അധ്യായത്തിൽ അത് വീണ്ടും പരാമർശിക്കപ്പെടുന്നു. വായയുടെ ഉള്ളിൽ കാണപ്പെട്ട ഒരു മുഴയെ തുടർന്നുണ്ടായ കാര്യങ്ങളാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത്.

ശാന്തിനികേതനിൽ ഗാന്ധിക്കും കസ്തുർബാ ഗാന്ധിയ്ക്കുമൊപ്പം രബീന്ദ്രനാഥ ടാഗോർ

വൈ.എം.സി.എ ഹോസ്റ്റലിൽ താമസിക്കുന്ന കാലത്താണ് ഈ മുഴ കണ്ടു തുടങ്ങിയത്. അത് കാണിക്കാൻ ഹോസ്റ്റലിലെ ഒരു ഡോക്ടറെ ചെന്നുകണ്ടു. അത് സാരമില്ലെന്നും തനിയെ മാറിക്കൊള്ളുമെന്നും ഡോക്ടർ വിധിയെഴുതി. അതെന്തുകൊണ്ട് വന്നു എന്നതിന് ഡോക്ടർക്ക് ഉത്തരമില്ലായിരുന്നു. ദൈവം നമുക്കായി ഉണ്ടാക്കിയ പലതിനും നമ്മൾ ഡോക്ടർമാർ വേവലാതിപ്പെടാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം.

ഇതു കേട്ടപാടെ വിഴുങ്ങാൻ സെന്നിനു കഴിഞ്ഞില്ല. അതിന്റെ കാരണം അദ്ദേഹം ഇങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത്: ‘തന്റെ ദീർഘകാലമായുള്ള ബൗദ്ധിക കൂട്ടാളിയായ, പഴയ ഭൗതിക ദർശനമായ ലോകായതം ഇവിടെ ചോദ്യങ്ങളുമായെത്തി. ഭൗതികമായ കാര്യങ്ങൾക്ക് ഭൗതികമായ കാരണങ്ങളുണ്ടാവും എന്ന ആറാം നൂറ്റാണ്ടിലെ ഉപദേശം അവഗണിക്കാൻ തക്കതായ കാരണങ്ങളൊന്നും ഞാൻ കണ്ടില്ല.'
ആ മുഴ പിന്നിട് Squamous Cell Carcinoma Grade Il എന്ന വില്ലനായി തിരിച്ചറിയപ്പെട്ടു. തുടർന്നു നടന്ന കാൻസർ ചികിത്സയെപ്പറ്റിയൊക്കെ An Early Battle എന്ന അധ്യായത്തിൽ വായിക്കാം. ഏതായാലും, ശാന്തിനികേതനിൽ നിന്നും കൂട്ടിനെത്തിയ ലോകായത ചിന്ത സെന്നിനോടൊപ്പം യാത്ര തുടരുകതന്നെ ചെയ്തു.

ടാഗോറിനെക്കുറിച്ച് നിലനിൽക്കുന്ന മറ്റൊരു തെറ്റിദ്ധാരണയെപ്പറ്റിയും സെൻ ചർച്ചചെയ്യുന്നുണ്ട്. ടാഗോർ പാശ്ചാത്യലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരനാണ്. ഒരു മിസ്റ്റിക് കവി എന്ന തെറ്റായ ലേബൽ അദ്ദേഹത്തിന് ആദ്യം മുതലേ ചാർത്തപ്പെട്ടു.

ടാഗോറിന്റെ ചിന്താലോകം ശാന്തിനികേതനിലെ വിദ്യാർത്ഥികൾക്കിടയിൽ വലിയ സംവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ടാഗോറും ഗാന്ധിജിയും തമ്മിലുണ്ടായ ഒരു തർക്കത്തെപ്പറ്റി സെൻ വിശദമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. 1934 ജനുവരി പതിനഞ്ചിന് ബീഹാറിൽ വലിയൊരു ഭൂകമ്പമുണ്ടായി. ബംഗാളിന് തൊട്ടടുത്തു കിടക്കുന്ന ഒരു സ്ഥലത്തായിരുന്നു അത്. മുപ്പതിനായിരത്തോളമാളുകൾക്ക് ആ ദുരന്തത്തിൽ ജീവൻ നഷ്ടമായി.
ടാഗോറും ഗാന്ധിജിയുമൊക്കെ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജാതീയമായ തൊട്ടുകൂടായ്മ നിലനിർത്തിപ്പോരുന്ന ജനതയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്ന് ഗാന്ധിജി പ്രസ്താവിച്ചു. ഇത് ടാഗോറിന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം ഗാന്ധിജിയുടെ വാദത്തെ തള്ളിപ്പറഞ്ഞു. തൊട്ടുകൂടായ്മയ്‌ക്കെതിരെ ഗാന്ധിജിയോടൊപ്പമാണ്. എന്നാൽ പ്രകൃതി ദുരന്തത്തെ ഒരു ധാർമിക പ്രതിഭാസമായിക്കാണുന്ന ജ്ഞാനാന്വേഷണ രീതിയെ അംഗീകരിക്കാൻ തനിക്കു വയ്യെന്ന് ടാഗോർ തുറന്നടിച്ചു. ഇതിനെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നോക്കിക്കാണണമെന്നും അഭ്യർത്ഥിച്ചു. ദുരന്തങ്ങൾക്ക് ധർമ്മാധർമ്മ വിവേചനപരമായ വിശദീകരണം അംഗീകരിക്കാനാവില്ല എന്നായിരുന്നു ടാഗോറിന്റെ ഖണ്ഡിതമായ നിലപാട്. ഇതിനെപ്പറ്റി ശാന്തിനികേതനിൽ വിദ്യാർത്ഥികൾ ചർച്ചചെയ്തത് സെൻ ഓർമ്മിക്കുന്നു.

പിന്നീട് ഹരിജൻ മാസികയിൽ ഗാന്ധിജിയുടെ ഈ വിഷയത്തിലെ വിശദീകരണം വായിച്ചതും അദ്ദേഹം പറയുന്നു. ഗാന്ധിജി മറ്റൊരു വീക്ഷണകോണിലൂടെയാണ് അതിനെ നോക്കിക്കണ്ടത് എന്ന് സെന്നിന്​ മനസ്സിലായി. പാവപ്പെട്ടവരോട് അവരുടെ രീതിയിൽ ചേർന്നുനിന്ന് സംവദിക്കുക എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. രണ്ടു മഹാന്മാർ രണ്ടു വീക്ഷണകോണിലൂടെ ഒരു പ്രശ്‌നത്തെ നോക്കിക്കണ്ടത് വിലയിരുത്തുകയാണ് അമർത്യാസെൻ. ഗാന്ധിജിയുടെ വാദങ്ങൾ പിന്നിട് തന്റെ ചിന്തയിൽ സംശയങ്ങളുയർത്തി എന്ന് അദ്ദേഹം ഏറ്റുപറയുന്നു.

അമർത്യാസെൻ (2007) / Photo: Wikimedia Commons

ചർക്കയിലെ നൂൽനൂൽപ് സമ്പ്രദായത്തിന്റെ പേരിലും ഗാന്ധിജിയും ടാഗോറും തമ്മിൽ വിയോജിച്ചിരുന്ന കാര്യവും സെൻ സൂചിപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ ഗാന്ധിജിയുടേതിനു സമാനമായ ലുഡ്വിഗ് വിറ്റ്‌ജെൻസ്റ്റയിന്റെ വിചാരങ്ങളെപ്പറ്റിയും സെൻ വിശദീകരിക്കുന്നു. കൂലിത്തൊഴിലാളികളുടെ ജീവിതം നയിക്കാനും ആ ജീവിതരീതിയോട് ചേർന്നുനിൽക്കാനും ആസ്ട്രിയൻ ദാർശനികനായ വിറ്റ്ജൻസ്റ്റയിൻ ആഗ്രഹിച്ചിരുന്നു. ഇതേപ്പറ്റി സുഹൃത്തായ പിയറോ സ്രാഫയോട് വിറ്റ്ജൻസ്റ്റയിൻ സംസാരിച്ചിരുന്നു. അമൃത്യാ സെന്നിന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു സ്രാഫ. A World of Arguments എന്ന അധ്യായത്തിലാണ് ഇക്കാര്യങ്ങളെല്ലാം സെൻ പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തിൽ ഇങ്ങനെ പലതരം അറിവുകൾ ഓരം ചേർന്നു നിൽക്കുന്നുണ്ട്.

ടാഗോറിനെക്കുറിച്ച് നിലനിൽക്കുന്ന മറ്റൊരു തെറ്റിദ്ധാരണയെപ്പറ്റിയും സെൻ ഈ ഭാഗത്ത് ചർച്ചചെയ്യുന്നുണ്ട്. ടാഗോർ പാശ്ചാത്യലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരനാണ്. ഒരു മിസ്റ്റിക് കവി എന്ന തെറ്റായ ലേബൽ അദ്ദേഹത്തിന് ആദ്യം മുതലേ ചാർത്തപ്പെട്ടു. ഗീതാജ്ഞലിയുടെ പശ്ചാത്യ വക്താക്കളാണ് ഇത് സൃഷ്ടിച്ചത്. ഇതേത്തുടർന്ന് ബർട്രൺഡ് റസ്സലിനെപ്പോലുള്ള ഭൗതികവാദികൾക്ക് ടാഗോറിനെ വിലയിരുത്തുന്നതിൽ തെറ്റുപറ്റി. യഥാർത്ഥത്തിൽ വലിയ ഭൗതികവാദിയും ആഗോളപൗരനുമായിരുന്നു ടാഗോർ. ദേശീയതയെപ്പറ്റിയുള്ള ടാഗോറിയൻ ചിന്തകളെ പരിചയപ്പെടുത്താനും സെൻ ശ്രമിക്കുന്നുണ്ട്. Home and the World എന്ന നോവലിൽ ടാഗോർ ഈ ചിന്തകളെ വിപുലമായി പ്രതിപാദിക്കുന്നുണ്ട്.

1930-ൽ ടാഗോർ സോവിയറ്റ് യൂണിയൻ സന്ദർശിച്ചിരുന്നു. സോവിയറ്റ് യൂണിയനെപ്പറ്റിയുള്ള ചില അഭിപ്രായങ്ങളിലും ടാഗോർ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. സോവിയറ്റ് യൂണിയനിലെ അക്കാലത്തെ വിദ്യാഭ്യാസ രീതിയെ ടാഗോർ പ്രകീർത്തിച്ചിട്ടുണ്ട്. എന്നാൽ അത് സോവിയറ്റ് സംവിധാനത്തിനുള്ള ഒരു തുറന്ന സമ്മതമായിരുന്നില്ല. അവിടെ നിലവിലുണ്ടായിരുന്ന രാഷ്ടീയസ്വാതന്ത്ര്യ വിഷയത്തിൽ ടാഗോർ ആശങ്കാകുലനായിരുന്നു. വിമതശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നതിനെതിരേ റഷ്യ സന്ദർശിച്ച വേളയിൽ ടാഗോർ സംസാരിച്ചിരുന്നു. എന്നാൽ ടാഗോറിന്റെ ആ അഭിമുഖം പുറംലോകം കണ്ടില്ല. ആറ് പതിറ്റാണ്ടിനു ശേഷം, ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങൾക്കു ശേഷം ഈ അഭിമുഖം പ്രസിദ്ധികരിക്കപ്പെട്ടു. ‘എല്ലാവർക്കും വിദ്യാഭ്യാസം വേണം. എല്ലാവർക്കും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. വിയോജിക്കാനും തർക്കിക്കാനുമുള്ള സ്വാതന്ത്ര്യം വേണം.' - ഇതാണ് ടാഗോർ ആവശ്യപ്പെട്ടത്. സോവിയറ്റ് യൂണിയനോ ഇന്ത്യയിലെ ബ്രീട്ടീഷ് രാജിനോ ഈ ആവശ്യങ്ങളോട് നീതി പുലർത്താൻ കഴിഞ്ഞില്ലെന്ന് ടാഗോർ വ്യക്തമാക്കിയിട്ടുണ്ടെന്നും സെൻ വിശദീകരിക്കുന്നു. തന്റെ ചിന്തകളിലെ ടാഗോറിന്റെ സ്വാധീനം സെൻ പല അധ്യായങ്ങളിലായി കുറച്ചിടുന്നുണ്ട്.

ജിന്ന മുസ്​ലിം ലീഗിലൂടെ തന്റെ ആഗ്രഹങ്ങൾക്ക് വഴിയൊരുക്കിയതും ഹിന്ദുമഹാസഭയിലൂടെ ആ സ്വപ്നം കൊണ്ടുനടന്ന സവർക്കറെയും പിന്നീട് അതിനായി പ്രവർത്തിച്ച ഗോൾവാക്കറെയും സെൻ അടയാളപ്പെടുത്തുന്നുണ്ട്.

നടക്കാതെപോയ ഒരു ചായകുടിയും ഇന്ത്യാ വിഭജനവും

1973-ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിപ്പിച്ചിരുന്ന കാലത്ത് വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ ഒരു ലക്ച്ചർ സീരിസിന് അമർത്യാസെന്നിനെ ക്ഷണിച്ചു. The Radcliffe Lectures എന്നായിരുന്നു അതിന്റെ പേര്. ഇന്ത്യാ ചരിത്രത്തിലെ പ്രധാനിയായിരുന്ന Sir Cyril Radcliffe-ന്റെ പേരിലായിരുന്നു ആ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നത്. വാർവിക്ക് യൂണിവേഴ്സിറ്റി കാമ്പസിനടുത്താണ് അദ്ദേഹം താമസിച്ചിരുന്നത്. പ്രഭാഷണത്തിനായി അവിടെയെത്തിയ സെൻ അദ്ദേഹത്തെ കാണാൻ അനുവാദം തേടി. ഇന്ത്യയിൽ നിന്ന് സന്ദർശനത്തിനെത്തുന്നവരുമായി കൂടിക്കാഴ്ചയ്ക്ക് താല്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യമറുപടി.

സിറിൽ റാഡ്ക്ലിഫ്

സെൻ ഇന്ത്യയിൽ നിന്നുള്ള സന്ദർശകനല്ലെന്നും ലണ്ടനിൽ സ്ഥിരതാമസക്കാരനാണെന്നും അറിയിച്ചപ്പോൾ കൂടെയിരുന്ന് ഒരു ചായയാവാമെന്ന് ലോർഡ് റാഡ്ക്ലിഫ് സമ്മതിച്ചു. ഇതറിഞ്ഞയുടനെ വൈസ് ചാൻസലറുടെ മുറിയിൽ നിന്ന് പുറപ്പെടുമ്പോഴേക്കും റാഡ്ക്ലിഫ് മനസ്സു മാറ്റിയെന്നും അന്നു വൈകുന്നേരം അദ്ദേഹം ചായ കുടിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നുമുള്ള അറിയിപ്പ് വന്നു. തുടർന്ന് വൈസ് ചാൻസലറുമായി സംസാരിച്ചിരുന്നപ്പോൾ ഈ പഴയ ഇന്ത്യാനടത്തിപ്പുകാർ ഇത്രയേറെ പ്രവചനാതീതരാണല്ലോ എന്നും ഇക്കൂട്ടരെങ്ങനെയാണ് ആ സാമ്രാജ്യം നടത്തിപ്പോന്നതെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു. ജോൺ ബ്ലാക്ക്‌സ്റ്റോക്ക് ബട്ടർവർത്ത് എന്ന ബ്രട്ടീഷുകാരനായിരുന്നു ആ വൈസ് ചാൻസലർ.

ഇനി ഈ സർ സിറിൽ റാഡ്ക്ലിഫ് ആരെന്ന് നോക്കാം.
1947-ൽ കേവലം രണ്ടുമാസം കൊണ്ട് ഇന്ത്യയെ രണ്ടായി പകുത്തു മാറ്റുവാനായി വര വരച്ച വിദ്വാൻ. Resistance and Division എന്ന അധ്യായത്തിലാണ് ഈ അനുഭവം സെൻ പങ്കുവെക്കുന്നത്.
ഇന്ത്യ വിഭജനത്തിന് വഴിയൊരുക്കിയ രാഷ്ട്രീയത്തേയും അതിന് ആക്കം കൂട്ടിയ വ്യക്തികളേയും പരിചയപ്പെടുത്തുന്ന അധ്യായമാണിത്. ബംഗാളിന്റെ മണ്ണിലിരുന്ന് അതിന്റെ അണിയറ നാടകങ്ങളെപ്പറ്റി അന്ന് ചെറിയ ധാരണ നേടിയിരുന്നെങ്കിലും പിന്നീട് ആ വിഷയം ആഴത്തിൽ പഠിച്ച് നേടിയ അറിവുകളാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്.

ജിന്ന മുസ്​ലിം ലീഗിലൂടെ തന്റെ ആഗ്രഹങ്ങൾക്ക് വഴിയൊരുക്കിയതും ഹിന്ദുമഹാസഭയിലൂടെ ആ സ്വപ്നം കൊണ്ടുനടന്ന സവർക്കറെയും പിന്നീട് അതിനായി പ്രവർത്തിച്ച ഗോൾവാക്കറെയും സെൻ അടയാളപ്പെടുത്തുന്നുണ്ട്. അവർ മുന്നോട്ടുവെച്ച ഹിന്ദുത്വം ഇന്ന് ശക്തിപ്പെട്ടുവെന്നും സെൻ സൂചിപ്പിക്കുന്നു. വിഭജനകാലത്തെ ഒരു ബംഗാളിയുടെ മനസ്സും ഇന്ത്യക്കാരന്റെ ചിന്തകളും ഈ അധ്യായത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. തുടർന്നുള്ള Britain and India എന്ന പ്രധാന അധ്യായത്തിൽ ബ്രിട്ടൻ എങ്ങനെയാണ് ഇന്ത്യയിൽ അധികാരമുറപ്പിച്ചതെന്നും അവരുടെ 200 വർഷത്തെ ആധിപത്യം ഇവിടെ വരുത്തിയ സാമൂഹ്യ മാറ്റങ്ങളെപ്പറ്റിയും വിശദീകരിക്കുന്നു. സ്വാതന്ത്ര്യം എന്താണ് ഇന്ത്യക്ക് നൽകിയതെന്നും സൂചിപ്പിക്കുന്നു.

സു ചി യെപ്പോലെ ബർമയിലെ ജനതയും തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നുണ്ട്. തന്റെ ബാല്യകാല ഓർമയിലെ നല്ലവരായ ബർമക്കാർക്ക് എന്തു സംഭവിച്ചു എന്ന ചിന്ത അദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ട്.

ജനാധിപത്യ ഇന്ത്യയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നതു പോലുള്ള ക്ഷാമം (Famine) ഉണ്ടായില്ല എന്നത് സെൻ എപ്പോഴും പറയാറുള്ള ഒരു കാര്യമാണ്. ഇവിടെ അക്കാര്യം സവിസ്തരം വ്യക്തമാക്കുന്നുണ്ട്. 1943-ലെ ബംഗാൾ ക്ഷാമത്തെപ്പറ്റി പല അധ്യായങ്ങളിലും പരാമർശിക്കുന്നുണ്ടെങ്കിലും The Last Famine എന്ന അധ്യായത്തിൽ അത് കാര്യകാരണസഹിതം വിശദീകരിക്കുന്നു. അതു നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നെങ്കിലും മനസ്സിലതൊരു നേരനുഭവമായും നേരറിവായും മങ്ങാതെ കിടന്നു. പിന്നീട് 1970 കളോടെ ക്ഷാമത്തെപ്പറ്റി ഗഹനമായി പഠിക്കാനും അതിനു പരിഹാരം നിർദ്ദേശിക്കാനും അമർത്യാ സെന്നിനു സാധിച്ചു. തുടർന്നുള്ള അധ്യായങ്ങളിൽ കൽക്കത്തയുടെ സാംസ്‌കാരിക ചരിത്രവും പ്രസിഡൻസി കോളേജിലെ ജീവിതവും കൽക്കത്തയിലെ തെരുവുകളിലെ കാറൽ മാർക്‌സിന്റെ സാന്നിധ്യത്തെപ്പറ്റിയും വിശദീകരിച്ചിരിക്കുന്നു.

ഓങ്ങ് സാൻ സൂ ചി യും രോഹിൻഗ്യൻ പ്രതിസന്ധിയും

അമർത്യക്ക് മൂന്നു വയസ്സ് പ്രായമുള്ളപ്പോഴാണ് അഷുതോഷ് സെന്നിന് ബർമയിലെ മണ്ടലായി കാർഷിക കോളേജിൽ ജോലി കിട്ടുന്നത്. ഒരു വിസിറ്റിങ്ങ് പ്രൊഫസറായി അവിടേക്ക് പോവുകയായിരുന്നു. മൂന്നു വർഷത്തോളം അവരവിടെ താമസിച്ചു. അങ്ങനെയാണ് ബർമ അമർത്യാസെന്നിന്റെ ഇഷ്ട സ്ഥലങ്ങളിലൊന്നായി മാറുന്നത്. പിന്നീട് ബർമീസ് നേതാവ് ഓങ് സാൻ സൂ ചി യെ പരിചയപ്പെട്ടതോടെ ബർമ അദ്ദേഹത്തിന്റെ ചിന്തയിലെ വളരെ പ്രധാനപ്പെട്ട ഒരു രാജ്യമായി മാറി. ആ ധീരവനിത സെന്നിനെ ഏറെ ആകർഷിച്ചു.

ഓ​​ങ് സാ​ൻ സൂ ചി

വലിയ ഏഷ്യാ സ്‌കോളറായിരുന്ന അവരുടെ ഭർത്താവ് മൈക്കൽ അരിസിനെയും സെൻ പിന്നീട് പരിചയപ്പെട്ടു. ആ അടുപ്പത്തെപ്പറ്റിയും സെൻ ഇതിൽ പറയുന്നുണ്ട്. ആ കുടുംബത്തിന്റെ ആദ്യകാല ദുരന്തത്തെ സെൻ നേരിട്ടറിഞ്ഞിരുന്നു. എന്നാൽ അടുത്ത കാലത്തായി സൂ യുടെ നേതൃത്വത്തിന് വലിയ പിഴവുകൾ പറ്റിയെന്നും ബർമയിലെ രോഹിൻഗ്യൻ ന്യൂനപക്ഷ വിഭാഗത്തെ അവർ കൈയൊഴിഞ്ഞത് തെറ്റാണെന്നും സെൻ വിശദീകരിക്കുന്നു. സു ചി യെപ്പോലെ ബർമയിലെ ജനതയും ഇക്കാര്യത്തിൽ തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നുണ്ട്. തന്റെ ബാല്യകാല ഓർമയിലെ നല്ലവരായ ബർമക്കാർക്ക് എന്തു സംഭവിച്ചു എന്ന ചിന്ത അദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ട്. അതിന്റെ ചരിത്രവും രാഷ്ട്രീയവും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുമുണ്ട്.

ഖാദർ മിയയുടെ വേദനിക്കുന്ന ഓർമ

1944-ലെ ഒരുച്ച സമയത്ത് ധാക്കയിലെ വീട്ടുമുറ്റത്ത് അമർത്യ ഒറ്റയ്ക്കിരിക്കുകയായിരുന്നു. കടുത്ത വേദനയാൽ പുളഞ്ഞ്​ ഒരാൾ ഗേറ്റു വഴി പെ​ട്ടെന്ന് അകത്തേക്ക് വന്നു. അയാളുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. ഒരു കൂലിത്തൊഴിലാളിയായ ഖാദർ മിയ എന്ന മുസ്​ലിം സഹോദരനായിരുന്നു അത്. അയാളുടെ ശരീരത്തിന്റെ മുന്നിലും പുറത്തും കത്തിക്കൊണ്ട് കുത്തേറ്റിട്ടുണ്ടായിരുന്നു. എന്തോ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു ആ പാവം. വഴിയിൽ വെച്ച് വർഗീയ ഗുണ്ടകൾ അയാളെ ആക്രമിക്കുകയായിരുന്നു. ആ പ്രദേശമാകട്ടെ ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന ഇടമായിരുന്നു. മുറിവുകളിൽ നിന്നുള്ള വേദനയോടെ അയാൾ കുടിക്കാൻ കുറച്ചു വെള്ളം ചോദിച്ചു. അമർത്യ മാതാപിതാക്കളെ വിളിച്ചു കൊണ്ട് വെള്ളമെടുക്കാൻ അകത്തേക്ക് പോയി. അമർത്യയുടെ അച്ഛൻ ഓടി വന്ന് ഖാദറിനെ ആശുപത്രിയിലെത്തിച്ചു. ആ വലിയ മുറിവുകളെ അതിജീവിക്കാൻ ആ പാവത്തിനു കഴിഞ്ഞില്ല. പതിനൊന്നാം വയസ്സിലാണ് ഈ ദുരനുഭവത്തിന് അമർത്യ സാക്ഷ്യം വഹിച്ചത്. അന്ന് ഖാദറിന് വെള്ളം കൊടുക്കുകയും രക്തപ്രവാഹം തടയാൻ ശ്രമിച്ചതും ആ ബാല മനസ്സിലെ ഉണങ്ങാത്ത മുറിവുകളായി.

കൃത്രിമമായി നിർമിക്കപ്പെടുന്ന വർഗീയ വെറുപ്പിന്റെ തീവ്രത അടുത്തറിഞ്ഞ അനുഭവമായിരുന്നു അത്. അതുണ്ടാക്കിയ ഷോക്ക് മാറിയ ഉടനെ അമർത്യ തന്റെ മാതാപിതാക്കളുമായി ആ സംഭവത്തിന്റെ കാര്യ കാരണങ്ങളെപ്പറ്റി സംസാരിച്ചു. ആ സംഭവത്തിന്റെ ഓർമ തന്നിലേക്ക് ഇടയ്‌ക്കൊക്കെ കടന്നു വരാറുണ്ടായിരുന്നുവെന്ന് സെൻ പറയുന്നു. സമുദായത്തിന്റെ പേരിൽ വ്യക്തിയിൽ നിർമിച്ചെടുക്കുന്ന ഐഡന്റിറ്റി ഉണ്ടാക്കുന്ന ക്രൂരതയെപ്പറ്റി അദ്ദേഹം ചിന്തിച്ചു കൊണ്ടിരുന്നു. സമുദായത്തിന്റെ പേരിലുള്ള വേർതിരിവ് മനുഷ്യത്വ വിരുദ്ധമാണെന്ന് ആ സംഭവം തന്നെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം കുറിക്കുന്നു. പതിറ്റാണ്ടുകൾക്കു ശേഷം Identity and Violence എന്ന പുസ്തകം എഴുതുമ്പോഴും രക്തത്തിൽ കുളിച്ച ഖാദർ മിയ ഒരു വേദനയായി അദ്ദേഹത്തെ അലട്ടിയിരുന്നു. ധാക്കയിലും കൽക്കത്തയിലും അക്കാലത്ത് അരങ്ങേറിയ വർഗീയ ലഹളകളുടെ വലിയൊരു ചിത്രം ഈ ആത്മകഥയിലുണ്ട്.

1955-ൽ സെൻറ്​ ജോൺസ് കോളേജിൽ വെച്ചാണ് മൻമോഹൻ സിങ്ങിനെ കണ്ടുമുട്ടുന്നത്. ആ സൗഹൃദത്തിന്റെ കഥയും വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ സവിശേഷതകളും സെൻ ഇവിടെ കുറിച്ചിടുന്നു.

സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും

വിദ്യാഭ്യാസം പോലെ സെൻ ആവേശത്തോടെ പ്രവർത്തിച്ച മറ്റൊരു മേഖല പൊതുജനാരോഗ്യത്തിന്റേതാണ്. 1953-ലാണ് അമർത്യാ സെൻ ഇംഗ്ലണ്ടിലെത്തുന്നത്. അവിടെ വെച്ചാണ് നാഷണൽ ഹെൽത്ത് സർവ്വീസ് സ്‌കീമിനെപ്പറ്റി അദ്ദേഹം മനസ്സിലാക്കുന്നത്. കേംബ്രിഡ്ജ് കാലത്ത് വീണ്ടും വന്ന വായയിലെ കാൻസറിന് ഇംഗ്ലണ്ടിലെ ചികിത്സ പ്രയോജനപ്പെട്ടതും അദ്ദേഹം ഓർമിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലേത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു. യുദ്ധഭീതി ഇംഗ്ലണ്ടിനെയും യൂറോപ്പിനെയും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. സെന്നിന്റെ മനസ്സിലും പല സംശയങ്ങളുമുണ്ടായിരുന്നു. സന്ദേഹിയായ സെൻ സാമ്പത്തിക ശാസ്ത്രത്തിന്റെ ലോകത്തേക്കു കടക്കുകയായി. അക്കാലത്തെ ജീവിതവും ചിന്തയുമാണ് പുസ്തകത്തിന്റെ അവസാന ഭാഗത്തെ അധ്യായങ്ങളിൽ വിവരിക്കുന്നത്. ഒരു സോഷ്യലിസ്റ്റ് ചിന്താഗതി തുടക്കം മുതലേ അദ്ദേഹത്തിലുണ്ടായിരുന്നു.

അമർത്യാസെൻ, മൻമോഹൻ സിംഗ്

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സും ട്രിനിറ്റി കോളേജുമൊക്കെ പല ധാരണകളെയും വിപുലീകരിക്കുകയും തിരുത്തുകയും ചെയ്തു. അറിവിന്റെ ലോകത്തെ വലിയ മനുഷ്യരുമായുള്ള സഹവാസം പുതിയ ലോകവീക്ഷണത്തിലേക്ക് നയിച്ചു. 1955-ൽ സെൻറ്​ ജോൺസ് കോളേജിൽ വെച്ചാണ് മൻമോഹൻ സിങ്ങിനെ കണ്ടുമുട്ടുന്നത്. ആ സൗഹൃദത്തിന്റെ കഥയും വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ സവിശേഷതകളും സെൻ ഇവിടെ കുറിച്ചിടുന്നു. സാമ്പത്തികശാസ്ത്ര ലോകത്തേയും സാമൂഹ്യശാസ്ത്ര രംഗത്തേയും എത്രയോ വലിയ വ്യക്തിത്വങ്ങളെ ഈ ഭാഗത്ത് പരിചയപ്പെടുത്തുന്നുണ്ട്.

എ.സി.പിഗു, എറിക് ഹോബ്‌സാം, ജോൺ റോൾസ്, മൗറിസ് ദോബ്, പോൾ സാമുവൽസൺ, ജോൺ റോമ്പിൻസ്, ധർമേന്ദ്ര കുമാർ, പിയ്‌റോ സ്രാഫാ അങ്ങനെ നീളുന്നു ആ പട്ടിക. ഇവരിൽ പലരും അമർത്യാസെൻ എന്ന വ്യക്തിയിൽ സ്വാധീനം ചെലുത്തിയവരാണ്. അവരെക്കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും ഗഹനമായ ധനശാസ്ത്ര തത്ത്വങ്ങൾ നിറച്ചുകൊണ്ട് ഈ ജീവിതകഥയെ അദ്ദേഹം വികലമാക്കുന്നുമില്ല. അദ്ദേഹം മുന്നോട്ടുവെച്ച മാനവിക വികസന ശാസ്ത്രം ആ ധിഷണയിൽ കടന്നുവന്ന വഴികൾ ഇതിലുണ്ട് താനും. അനുഭവങ്ങളിൽ നിന്ന് ആശയങ്ങളിലേക്കുള്ള രൂപപരിണാമം ഒരു പൂവിരിയൽ പോലെ വാക്കുകൾകൊണ്ട് അദ്ദേഹം സൃഷ്ടിച്ചു വെച്ചിരിക്കുന്നു.

ബെൻവെനുതോ സെല്ലിനിയുടേയും ബർട്രാൻഡ് റസ്സലിന്റെയും ഇല്യാസ് കാനേറ്റിയുടേയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഒക്കെ ക്ലാസിക് ആത്മകഥകളോടൊപ്പം ഞാനീ പുസ്തകത്തെ ചേർത്തു വെക്കുന്നു.

1960 കളുടെ ആദ്യം കെ.എൻ. രാജിന്റെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ അധ്യാപനത്തിൽ തുടരുന്നതുമൊക്കെ പറഞ്ഞുകൊണ്ട് അമർത്യാസെൻ തന്റെ മനോഹരമായ ആത്മകഥയ്ക്ക് അർധവിരാമം കുറിക്കുന്നു. (ഇതിന് ഒരു തുടർച്ചാ കൃതി കൂടി ഉണ്ടാവും എന്നാണ് ഞാൻ കരുതുന്നത്.) മനുഷ്യരാശിയുടെ ഏറ്റവും ഉത്തമമായ സംഭാവനകൾ ഒരു പ്രത്യേക വംശത്തിന്റെയോ രാജ്യത്തിന്റേയോ സവിശേഷാവകാശമല്ലെന്നും അങ്ങനെയൊന്നിനേയും പരിമിതപ്പെടുത്തേണ്ടെന്നുമുള്ള ടാഗോറിന്റെ വാക്കുകളോടെ Home in the World എന്ന ഓർമപ്പുസ്തകം അവസാനിക്കുന്നു.

ബെൻവെനുതോ സെല്ലിനിയുടേയും ബർട്രാൻഡ് റസ്സലിന്റെയും ഇല്യാസ് കാനേറ്റിയുടേയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഒക്കെ ക്ലാസിക് ആത്മകഥകളോടൊപ്പം ഞാനീ പുസ്തകത്തെ ചേർത്തു വെക്കുന്നു. അദ്വിതീയമായ ഒരു ജീവിതത്തിന്റെ മനോഹരമായ ആവിഷ്‌ക്കാരം എന്ന നിലയിൽ ഈ കൃതി വേറിട്ടുനിൽക്കുന്നു.

ആത്മകഥ എന്തിന് എഴുതുന്നു എന്ന ചോദ്യത്തിനുള്ള സമൃദ്ധമായ ഉത്തരമായി ഇതു മാറുന്നു. നഷ്ടപ്പെട്ടുപോയ ഒരു സാഹിത്യാനുഭവത്തെ ഇത് തിരിച്ചുപിടിക്കുന്നു. സ്വതന്ത്രചിന്തയും ജ്ഞാനതൃഷ്ണയും നിറഞ്ഞ ഒരു ലോകത്തിലേക്ക് ഇത് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെയാണ് നിശ്ചയമായും അമർത്യാ സെന്നെന്ന മനുഷ്യസ്‌നേഹിയുടെ വീട്. അതിലേക്കുള്ള തുറന്ന കവാടമാണ് 460 പേജുകളുള്ള ഈ പുസ്തകം. ▮

Home in the World: A Memoir - Amartya SenAllen Lane (An Imprint of Penguin Books)​Rs. 899.00 .


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments