ലളിത, മുംതാസ്, തുൾസി താപ്പ… ബോളിവുഡിലേക്ക് പാറിവീണ് കരിഞ്ഞുപോയ നടിമാർ

ബോളിവുഡ് പിടിച്ചടക്കാനെത്തിയവരിൽ യുവതികളെന്നോ യുവാക്കളെന്നോ വേർതിരിച്ചുകാണേണ്ടതില്ല. ഇന്ത്യാ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാത്രമല്ല, ഭൂട്ടാൻ, സിക്കിം എന്നീ അതിർത്തിപ്രദേശങ്ങളിൽനിന്നും നേപ്പാളിൽനിന്നും ബോംബെ മഹാനഗരിയിൽ എത്തിപ്പെട്ടവർ അനേകരുണ്ട്. അവരിൽ ബോളിവുഡിൽ മിന്നിമറഞ്ഞ് അസ്തമിച്ചവരിൽ വെളളിത്തിര പിടിച്ചടക്കിയവർ ഒന്നുരണ്ടു പേരേയുളളൂ- ബോളിവുഡിന്റെ കാണാപ്പുറങ്ങളിലൂടെ ഒരു യാത്ര, കെ.സി. ജോസ് എഴുതുന്നു.

ലോകത്തിൽ പണം കൊയ്യുന്ന നമ്പർ വൺ വ്യവസായമായി ഫിലിം നിർമ്മാണം അറിയപ്പെടുന്നു. ഹോളിവുഡും ബോളിവുഡും ഇങ്ങേയറ്റത്തുള്ള മോളിവുഡും നമുക്കിന്ന് കൈയെത്തും ദൂരത്താണ്. ലോകസിനിമയ്ക്ക് കാലാനുസൃതമായി വന്ന മാറ്റങ്ങളുടെ അനുരണനങ്ങൾ മറ്റു രാജ്യങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. കൊറിയ, ഇറ്റലി, ജപ്പാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓസ്ക്കാറിനും കാൻ ഫെസ്റ്റിവലിനുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ അവാർഡുകൾ വാരിക്കൂട്ടുന്നു.

ബോളിവുഡ് ആസ്ഥാനമായ ബോംബെയുടെ വിശേഷണങ്ങളിൽ പ്രധാനമായ ഒന്നാണ്, Bombay the city of Dreams എന്നത്. 1947 കാലത്ത് ഇന്ത്യ–പാക് വിഭജനത്തോടെ തൊഴിലന്വേഷകർ ബോംബെക്ക് പ്രവഹിച്ചതിന്റെ പ്രധാന കാരണം തുണിമില്ലുകൾ തന്നെയാണ്. അതേസമയം, ഈ ‘സ്വപ്നനഗരി’യിൽ ഫിലിം സ്റ്റുഡിയോകളും ഉയർന്നുവന്നു.

ചെമ്പൂർ ഘാഠ്ളാ ഗാവിലുണ്ടായിരുന്ന ആർ.കെ. ഫിലിം സ്റ്റുഡിയോ (രാജ്കപൂർ ഫിലിം സ്റ്റുഡിയോ) ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. അവിടം ആകാശം മുട്ടുന്നുവെന്നുതോന്നുന്ന ബഹുനില കെട്ടിടമാണ് കാണുക. ഗ്രാൻ്റ് റോഡിലെ മിനർവ തിയേറ്ററിനെക്കുറിച്ചുള്ള ‘പ്രൈഡ് ഓഫ് മഹാരാഷ്ട്ര’ എന്ന വിശേഷണത്തോടെയുള്ള പരസ്യങ്ങളും നിലച്ചു. ഇപ്പോൾ അവിടെ, ലോക്കണ്ഡവാല ബിൽഡേഴ്സിന്റെ 70 നിലകളുള്ള റസിഡൻഷ്യൽ കോംപ്ലക്സ് ഉയർന്നുവരുന്നു.

1947 കാലത്ത് ഇന്ത്യ–പാക് വിഭജനത്തോടെ തൊഴിലന്വേഷകർ ബോംബെക്ക് പ്രവഹിച്ചതിന്റെ പ്രധാന കാരണം തുണിമില്ലുകൾ തന്നെയാണ്. അതേസമയം, ഈ ‘സ്വപ്നനഗരി’യിൽ ഫിലിം സ്റ്റുഡിയോകളും ഉയർന്നുവന്നു.
1947 കാലത്ത് ഇന്ത്യ–പാക് വിഭജനത്തോടെ തൊഴിലന്വേഷകർ ബോംബെക്ക് പ്രവഹിച്ചതിന്റെ പ്രധാന കാരണം തുണിമില്ലുകൾ തന്നെയാണ്. അതേസമയം, ഈ ‘സ്വപ്നനഗരി’യിൽ ഫിലിം സ്റ്റുഡിയോകളും ഉയർന്നുവന്നു.

ബോംബെയിൽ വിവിധ സ്റ്റുഡിയോകളിലായി 600-800 സിനിമകൾ പ്രദർശനത്തിനെത്തിക്കുന്നതിനുള്ള ഡബ്ബിങ്, റെക്കോഡിംഗ്, എഡിറ്റിങ്ങ് സൗകര്യങ്ങളും ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളുടെ റീമേക്കുകളും തയ്യാറാക്കാറുണ്ട്. അടി, ഇടി, കുത്ത്, കുതിരപ്പുറത്ത് സവാരി, ഡിഷ്യും ഡിഷ്യും വെടിവെപ്പ് തുടങ്ങിയവ നിറഞ്ഞ ആദ്യകാല സിനിമകളുടെ കാലം കടന്നുപോയതോടെ ‘ലാപതാ ലേഡീസും’ ‘ബേയ്റിലി കി ബർഫി’യും മറ്റുമാണ് ഇന്നിപ്പോൾ നവസിനിമകളുടെ ജീവനാഡി. അക്ഷയ്കുമാറിന്റെ ദേശസ്​നേഹം പൊടിപൊടിക്കുന്ന ചലച്ചിത്രങ്ങൾക്ക് ബോക്സ് ഓഫീസു മുതൽ സാധാരണ സിനിമാകൊട്ടകൾ വരെ കാണികളെത്താറില്ല. ‘ബോട്ടേ മിയാൻ, ബഡേ മിയാൻ,’ ‘മൈതാൻ’ തുടങ്ങിയ ബിഗ്ബജറ്റ് സിനിമകളും ടിക്കറ്റ് വില്പനയും ശോചനീയമായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ.

കഥയിലെ ആരോഹണവരോഹണങ്ങൾ, ഇടയ്ക്കിടെ ഹാസ്യ രംഗങ്ങൾ, അഞ്ചുപത്ത് ഗാനങ്ങൾ, അടിപിടി, ചപ്പ്ചവറുകൾ അടങ്ങിയ ആദ്യകാല സിനിമാ ചേരുവകൾക്ക് ഇപ്പോൾ പഴയ രുചിയില്ല. കാരണങ്ങൾ പലതാണ്. ആദ്യത്തേത്, ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ കുടുംബസമേതം കാണാൻ കൊള്ളാവുന്ന ചലച്ചിത്രങ്ങൾ ആവശ്യാനുസരണം കാണാം. രണ്ടാമതായി, പുതിയ സിനിമകൾ വൈകാതെ ഇതേ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കപ്പെടുന്നു.

കൂടാതെ, തിയേറ്ററുകളുടെ ഇലക്ട്രിസിറ്റി ബില്ലിലെ ക്രമാതീതമായ കുതിച്ചുകയറ്റവും ജോലിക്കാരുടെ ശമ്പള മാനദണ്ഡങ്ങൾ മാറിയതും ടിക്കറ്റൊന്നിന് 200–400 രൂപ വരെ മാത്രമേ ചാർജ്ജ് ചെയ്യാനാകൂ എന്ന ‘ദുരവസ്​ഥ’യും മഹാനഗരത്തിലെ തിയേറ്റർ ഉടമകൾ കണക്കിലെടുത്തിട്ടുണ്ട്. സ്​ക്വയർ ഫീറ്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന അവരുടെ പ്രൈം ലൊക്കേഷനുകളിലുള്ള സ്​ഥലങ്ങൾ ബിൽഡൽ ലോബിയ്ക്ക് വിറ്റ് തുക ബാങ്കിലോ ഷെയർമാർക്കറ്റിലോ നിക്ഷേപിച്ച് അവ ത്രിഗുണീകരിക്കുന്നതും അതിലപ്പുറവും സ്വപ്നം കാണുന്നു.

ലാപതാ ലേഡീസ് എന്ന സിനിമയിൽ നിന്ന്
ലാപതാ ലേഡീസ് എന്ന സിനിമയിൽ നിന്ന്

അതോടെ, പണം മുടക്കി ടിക്കറ്റെടുക്കുന്ന സാധാരണക്കാരായ സിനിമാസ്വാദകർ ഒരു പ്രത്യേക ‘ആപ്പി’ലാകുന്നു. മഹാനഗരത്തിലെ നൂറോളം സിംഗിൾ സ്​ക്രീൻ തിയേറ്ററുകളും ചില 70 എം.എം സ്​ക്രീനുള്ള സിനിമാശാലകളും അവസാനിപ്പിച്ചിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാർത്ത.

ബോംബെയിലെ ഫിലിം സ്റ്റുഡിയോകൾക്കു മുന്നിലൂടെ സഞ്ചരിച്ചിരുന്ന ഒരാളാണ് ഞാൻ. യൗവനത്തിൽ തൃശൂർ പട്ടണത്തിലെ സിനിമാശാലകളിൽ പോകുക, സിനിമ ബോറാണെങ്കിൽ കൂക്കിവിളിക്കുക, വല്ലാതെ മുഷിയുമ്പോൾ ‘തുലയട്ടെ’ എന്നൊക്കെ വിളിച്ചുപറഞ്ഞ് ‘ബോയ്ക്കോട്ട്’ നടത്തുന്ന വിദ്യാർത്ഥികളുടെ സംഘനേതാവുമായിരുന്നു.

ബോംബെയിൽ പണിയന്വേഷിച്ചുള്ള യാത്ര കൊളാബയുടെ അങ്ങേയറ്റത്തുള്ള നേവി നഗറിലെ പേരോർമ്മയില്ലാത്ത തിയേറ്റർ മുതൽ ചർച്ച് ഗേറ്റിലെ ഈറോസ് സിനിമയിലും താന, ബയ്ക്കുള, കോട്ടൺഗ്രീൻ, ഗോരേഗാവ് തുടങ്ങിയ സ്​ഥലങ്ങളിലുള്ള തിയേറ്ററുകളിലും സിനിമ (ഹിന്ദി, ഇംഗ്ലീഷ്, മറാഠി) കണ്ടുനടന്നിരുന്ന ആ കാലത്തിന് വളരെപഴക്കമുണ്ട്.

‘അവളുടെ രാവുകളിൽ’ രവികുമാ​ർ, സീമ
‘അവളുടെ രാവുകളിൽ’ രവികുമാ​ർ, സീമ

കെ.എ. അബ്ബാസിന്റെ ‘സാത് ഹിന്ദുസ്​ഥാനി’യും ഐ.വി. ശശിയുടെ ‘അവളുടെ രാവുകളും’ കണ്ട ക്യാപിറ്റൽ സിനിമക്ക് ഷട്ടറിട്ട് വർഷങ്ങൾ അഞ്ചുപത്ത് കഴിഞ്ഞു. അവിടെ പണ്ട് ഞങ്ങൾ നാലംഗസംഘം പീറ്റർ വിഡലിെൻ്റ ‘ദി പാർട്ടി’ എന്ന ഇംഗ്ലീഷ് പടം കാണാനെത്തിയത് ഓർക്കുന്നു. സംഘത്തിലെ ശ്രീമതി മിസ്സിസ്സ് പഠ് വർധൻ പക്കാ മഹാരാഷ്ട്രീയൻ വനിതയാണ്. പാർട്ടി (തമാശ) നടന്നുകൊണ്ടിരിക്കെ അവർക്ക് ഇരിക്കപൊറുതിയില്ലാതായി. ആകെ പരവശയായ അവരെ തൊട്ടടുത്ത സെൻ്റ് ജോർജ്ജ് ഹോസ്​പിറ്റലിലേക്ക് കൊണ്ടുപോയി. ദേഹമാകെ ചുവന്നുതടിച്ചിരിക്കുന്നത് ക്യാപിറ്റലിലെ മൂട്ടകളുടെ ഭീകരാക്രമണത്തിന്റെ ഫലമായിരുന്നു.

വി.റ്റി സ്റ്റേഷന് സമീപമുള്ള ന്യൂ എക്സൽസിയർ തിയേറ്ററിൽ ‘ഫിഡിലർ ഓൺ ദ റൂഫ്,’ ബ്രൂസ്​ലിയുടെ ‘എൻ്റർ ദ ഡ്രാഗൺ,’ ‘മെക്കാനാസ് ഗോൾഡ്’ എന്നിവയും ന്യൂ എംപയറിൽ ലയൺ കിങ്ങ് (വാൾട്ട് ഡിസ്​നി) രുദാലി (ഡിംപിൾ കപാഡിയ, രാഖി) എന്നിവയും കണ്ടത് ഗുജറാത്ത് സമാചാറിൽ ജോലി ചെയ്യുമ്പോഴാണ്. ഋഷികേഷ് മുഖർജിയുടെ ‘മിലി’ (ജയ ഭാദുരി, അമിതാബ് ബച്ചൻ, അശോക് കുമാർ) സാൻ്റാക്രൂസിലെ മിലൻ തിയേറ്ററിൽവെച്ചായിരുന്നു ആസ്വദിച്ചത്.

അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ കണ്ടാസ്വദിക്കുകയും ആവശ്യാനുസരണം ബഹിഷ്കരണം നടത്തിയും ജീവിതം മുന്നോട്ട് നീങ്ങുന്നതിന്നിടയിൽ അകലെനിന്ന് കണ്ടതും ചിലപ്പോൾ അനുഭവപ്പെട്ടതുമായ, സിനിമയുമായി അഭേദ്യബന്ധമുള്ള ചില ദയനീയ സംഭവങ്ങളും നേർക്കാഴ്ചകളും വേദനയോടെതന്നെയാണ് ഞാനിന്നുമോർക്കുന്നത്.

ക്യാപിറ്റോൾ സിനിമാസ് പ്രവർത്തിച്ചിരുന്ന കെട്ടിടം
ക്യാപിറ്റോൾ സിനിമാസ് പ്രവർത്തിച്ചിരുന്ന കെട്ടിടം

1976 –ൽ അടിയന്തരാവസ്​ഥ പിൻവലിക്കപ്പെട്ട വാർത്ത (മറാഠിയിൽ) പുഞ്ചിരിയോടെ ദൂർദർശൻ (ബോംബെ) ​​പ്രേക്ഷകരെ അറിയിച്ചത് ശ്രീമതി ഭക്തി ഭർവേവായിരുന്നു. മറാഠി ന്യൂസ് അനൗൺസറായി വളരെക്കാലം സേവനമനുഷ്ഠിച്ച അവരുടെ ആ മുഖം ഇന്നും ഓർക്കുന്നവരുടെ കൂട്ടത്തിലുള്ള ഗുഡ് ലിസ്റ്റിൽ പെടുന്നു.

അടിയന്തരാവസ്​ഥയുടെയും ജയപ്രകാശ് നാരായണിന്റെ മരണത്തിന്റെയും അതേതുടർന്ന് ജനതാപാർട്ടി രൂപാന്തരം പ്രാപിച്ച് ബ.ജ.പ.യുടെ പേരിൽ ഹിന്ദുത്വ അജണ്ട അല്പാല്പം പുറത്തുവിട്ടുകൊണ്ടിരുന്നതുമായിരുന്നു ആ കാലങ്ങൾ. ദൂരദർശനിൽ അന്ന് പരസ്യ സംപ്രേഷണമില്ല. പശ്ചാത്തലത്തിലുള്ള കർട്ടണുകളുടെ നിറങ്ങൾ ഇടയ്ക്കിടെ മാറ്റുന്നതൊഴിച്ചാൽ വേറെ കാണികളെ മയക്കുന്ന ഗിമ്മിക്സ് താരതമ്യേന കുറവായിരുന്നു.

ബോംബെ ടെലിവിഷനിൽ ശ്രദ്ധേയമായൊരു ‘കാര്യക്രം’ അവതരിപ്പിക്കാറുള്ളത് തബസും ആയിരുന്നു (ബൈജു ഭാവ്രാ ഓർക്കുക). അവരുടെ ഒരു ദിവസത്തെ ഒരതിഥി കമലേശ്വർ പ്രസിദ്ധ ഹിന്ദി എഴുത്തുകാരനാണ്. ഒരാഴ്ച അദ്ദേഹം പരിചയപ്പെടുത്തിയത് ബോളിവുഡിലെ എക്സ്​ട്രാ നടികളെയായിരുന്നു.

ഭക്തി ഭർവേ. 1976 –ൽ അടിയന്തരാവസ്​ഥ പിൻവലിച്ച വാർത്ത, മറാഠിയിൽ, പുഞ്ചിരിയോടെ ദൂർദർശൻ (ബോംബെ) ​​പ്രേക്ഷകരെ അറിയിച്ചത് ഭക്തി ഭർവേവായിരുന്നു.
ഭക്തി ഭർവേ. 1976 –ൽ അടിയന്തരാവസ്​ഥ പിൻവലിച്ച വാർത്ത, മറാഠിയിൽ, പുഞ്ചിരിയോടെ ദൂർദർശൻ (ബോംബെ) ​​പ്രേക്ഷകരെ അറിയിച്ചത് ഭക്തി ഭർവേവായിരുന്നു.

ആ യുവതികൾ സിനിമാ സ്​ക്രീനിൽ മുഖം കാണിക്കുക ജാഥാംഗങ്ങളായോ ചിലപ്പോൾ രേഖയോ, രാഖിയോ പൊതുനിരത്തിൽ പാടുന്നതും ആടുന്നതുമൊക്കെ കണ്ടുനില്ക്കുന്ന വെറും കാഴ്ചക്കാരായോ ആണ്. എന്നാൽ ‘എക്സ്​ട്രാ നടി’ എന്ന് പൊതുസമൂഹം വിളിച്ചുപോന്ന ഈ യുവതികൾക്ക് തലകുലുക്കാൻ മാത്രമല്ല, അഭിനയിക്കാനും പാടാനും നൃത്തം ചെയ്യാനും നന്നായറിയാം എന്നുകൂടി കമലേശ്വർ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നുണ്ട്.

സിനിമയിലെ പ്രധാന നടി ‘ഹീറോയിൻ’ തന്നെയെന്ന് അവർ ആവർത്തിക്കുന്നു. ‘വോ ലോഗ് ആർട്ടിസ്റ്റ്, ഹം ലോഗ് എക്സ്​ട്രാ’ എന്നും ഒരു യുവതി അപ്പോൾ പറഞ്ഞത് ദയനീയമായിത്തോന്നി.

ചരടുവലിയും സ്വജനപക്ഷപാതവും ആദ്യം മുതലേ ബോളിവുഡിലുണ്ടായിരുന്നുവെന്നതിനും ഇപ്പോഴും ഈ പ്രക്രിയ നടമാടുന്നുവെന്നതിനും ഒരു സൂചന മാത്രമായി യുവതികളുടെ ഡയലോഗ് കണക്കാക്കാം. കമലേശ്വറിന്റെ മൂന്നു നോവലുകൾ സിനിമയാക്കിയിട്ടുണ്ട്. അവയിലൊന്നാണ് ആന്ധ്രി (കൊടുങ്കാറ്റ്). പതി പത്നി ഔർ വോ ഒരു തമാശപ്പടമാണ്. കമലേശ്വർ പത്രാധിപർ സ്​ഥാനം വഹിച്ചിരുന്ന ബൂത്ത പബ്ലിക്കേഷൻസിെൻ്റ ‘ശ്രീ’ (ഹിന്ദി) ആഴ്ചപതിപ്പ് നന്നായി വിറ്റഴിഞ്ഞിരുന്നു. അദ്ദേഹത്തെ ഹൊർണിമാൻ സർക്കിൾ പരിസരത്തുണ്ടായിരുന്ന അവരുടെ ഓഫീസിൽ വെച്ച് പരിചയപ്പെട്ടതും മറക്കാത്ത ഓർമ്മയായി ഇപ്പോഴുമുണ്ട്. കമലേശ്വറും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

ചെമ്പൂർ ആർ.കെ.സ്റ്റുഡിയോവിന് സമീപം സ്റ്റോപ്പുള്ള ബി.ഇ.എസ് ബസുകൾ പലതുണ്ട്. യാത്രികനായി 352–ാം നമ്പർ ബസ് പിടിക്കാൻ കാത്തുനില്ക്കുമ്പോൾ സ്റ്റുഡിയോവിനു മുമ്പിൽ കുത്തിയിരിക്കുന്നതും പത്രം വായിക്കുന്നവരുമായ യുവതീയുവാക്കളെയും വൃദ്ധരേയും കുട്ടികളേയും പതിവായി കാണാം. അവരെല്ലാം ആർ.കെ. സ്റ്റുഡിയോയുടെ കൂറ്റൻ പടി തുറക്കുന്നതും കാത്തിരിക്കുന്ന എക്സ്​ട്രാ നടീനടന്മാരാണ്.

ഗേറ്റ് കീപ്പർ പടിതുറക്കുന്നതുവരെ അവർക്കവിടെ കാത്തുനില്ക്കാതെ വഴിയില്ല. അത് തുറന്ന ഉടൻ സെക്യൂരിറ്റി ഗാർഡ് ഗർജ്ജിക്കുന്നു, ‘സബ് ലോഗ് ലൈൻ മേ ആ ജാവോ’. എല്ലാവരും തട്ടിക്കുടഞ്ഞെഴുന്നേറ്റ് വരിനില്ക്കുകയായി. അവരിൽ സുന്ദരികളും സുന്ദരന്മാരും മധ്യവയസ്സുകഴിഞ്ഞ സ്​ത്രീകളും വയോധികരും കുട്ടികളുമെല്ലാമുണ്ട്.

ആർ.കെ. സ്റ്റുഡിയോയുടെ കൂറ്റൻ പടി തുറക്കുന്നതും കാത്തിരിക്കുന്ന യുവാക്കളെ കണ്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ സ്റ്റുഡിയോ ഗേറ്റിനുള്ളിലേക്കും ബാക്കിയുള്ളവർ എവിടേയ്ക്കെന്നറിയാതെയും പിരിഞ്ഞുപോകും. അതാണ് എക്സ്​ട്രാ ആക്ടേഴ്സിന്റെ ജീവിതം.
ആർ.കെ. സ്റ്റുഡിയോയുടെ കൂറ്റൻ പടി തുറക്കുന്നതും കാത്തിരിക്കുന്ന യുവാക്കളെ കണ്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ സ്റ്റുഡിയോ ഗേറ്റിനുള്ളിലേക്കും ബാക്കിയുള്ളവർ എവിടേയ്ക്കെന്നറിയാതെയും പിരിഞ്ഞുപോകും. അതാണ് എക്സ്​ട്രാ ആക്ടേഴ്സിന്റെ ജീവിതം.

ഇവരെ കാണുമ്പോൾ നമ്മുടെ ചങ്കു പിടക്കാതിരിക്കില്ല. ഇക്കൂട്ടരിൽ നിന്ന് ആവശ്യക്കാരെ തിരഞ്ഞെടുക്കുന്ന മഹാൻ അസി. ഡയറക്ടറോ പ്രൊഡക്ഷൻ കൺേട്രാളറോ കോഡിനേറ്ററോ ആകാം. അയാളുടെ മുഖത്തുള്ള മന്ദഹാസത്തിൽ പലതും അടങ്ങിയിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കാം.

തിരഞ്ഞെടുക്കപ്പെട്ടവർ ഗേറ്റിനുള്ളിലേക്കും ബാക്കിയുള്ളവർ എവിടേയ്ക്കെന്നറിയാതെയും പിരിഞ്ഞുപോകുക നിത്യസംഭവമാണ്. അതാണ് എക്സ്​ട്രാ ആക്ടേഴ്സിന്റെ ജീവിതം. മണിക്കൂറടിസ്ഥാനത്തിലാണ് ഇവരുടെ വേതനം. അതും ശനിയാഴ്ചകളിൽ. രണ്ട് നാല് കൊല്ലങ്ങൾ പിന്നിട്ടശേഷം ഇവർക്കൊരു സംഘടനയുണ്ടായി. അത് അന്ധേരി (വെസ്റ്റ്) റെയ്ൽവേസ്റ്റേഷന് സമീപമുള്ള ഹട്ട്മെൻ്റുകളിൽ ഒന്നിലാണ് പ്രവർത്തിച്ചിരുന്നത്– ‘ജൂനിയർ സിനി ആർട്ടിസ്റ്റ് അസോസിയേഷൻ’ എന്ന് വായിക്കാം.

ബോളിവുഡ് പിടിച്ചടക്കാനെത്തിയവരിൽ യുവതികളെന്നോ യുവാക്കളെന്നോ വേർതിരിച്ചുകാണേണ്ടതില്ല. ഇന്ത്യാ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാത്രമല്ല, ഭൂട്ടാൻ, സിക്കിം എന്നീ അതിർത്തിപ്രദേശങ്ങളിൽനിന്നും നേപ്പാളിൽനിന്നും ബോംബെ മഹാനഗരിയിൽ എത്തിപ്പെട്ടവർ അനേകരുണ്ട്.

അവരിൽ ബോളിവുഡിൽ മിന്നിമറഞ്ഞ് അസ്​തമിച്ചവരിൽ വെളളിത്തിര പിടിച്ചടക്കിയവർ ഒന്നുരണ്ടു പേരേയുളളൂ. ഭൂട്ടാൻ സ്വദേശി ഡാനി ഡെൻ സോങ്ങ് പാ, മനിഷാ കൊയ്രാള എന്നിവരെ വിസ്​മരിക്കാവതല്ല.
ഡാനി ബോളിവുഡിൽ വില്ലനായെത്തി കുറെക്കഴിഞ്ഞ് തമാശയും കാര്യഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിക്കൊണ്ടിരിക്കുന്നു.

ഡാനി ഡെൻ സോങ്ങ് പാ, മനിഷാ കൊയ്രാള
ഡാനി ഡെൻ സോങ്ങ് പാ, മനിഷാ കൊയ്രാള

മനീഷ കൊയ്രാള നേപ്പാൾ രാജകുടുംബാംഗമാണ്. കുറെ നല്ല സിനിമകൾ അവർ വെള്ളിത്തിരയ്ക്ക് നല്കി. മണിരത്നത്തിന്റെ ബോംബെ, മ്യൂസിക്കൽ ഹിറ്റ് ‘ഖാമോഷി’ എന്നിവ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അധോലോക സംഘം മനീഷയ്ക്കുനേരെ പോയ്ൻ്റ് സീറോ ബ്ലാങ്കിൽ നിറയൊഴിച്ചെങ്കിലും അവർ അരുംകൊലയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട വാർത്തകൾ വന്നു. പ്രൊട്ടക്ഷൻമണിയോ മറ്റ് വ്യക്തിതാത്പര്യങ്ങളോ ആകാം കാരണങ്ങൾ.

മനീഷയുടെ കരിയർ ഉച്ചസ്​ഥായിലെത്തിയിരുന്ന കാലത്ത് അവർക്കു ലഭിച്ച ഇരുട്ടടിയായിരുന്നു ആ വധശ്രമം. ന്യൂയോർക്കിലെ ഹോസ്പിറ്റലുകളിൽ കാൻസറിന് നാല് വർഷം ചികിത്സിച്ച് തിരികെയെത്തിയ മനീഷ ഇന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പ്രമുഖ പ്രൊട്ടഗണിസ്റ്റായി അറിയപ്പെടുന്നു.

സിനിമാരംഗത്ത് പലരും സഹായിച്ചുവെന്നതിന്റെ അർത്ഥവ്യാപ്തി ആസ്വാദകർ തിരക്കിപ്പോകേണ്ടതില്ല. ആര് ആരെ ചവിട്ടിമെതിച്ചു, കുതികാൽവെട്ടി മുകളിൽ കയറി തകർക്കുന്നു എന്നതിനാണ് ഇന്ന് പ്രസക്തി. അത് വെളിപ്പെടുത്തുന്ന ഒന്നാണല്ലോ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്​.

ഹൈദരാബാദുകാരനായ രാംഗോപാൽ വർമ്മ പ്രേക്ഷകമനസ്സ് തൊട്ടറിയുന്ന ബോളിവുഡ് സംവിധായകനാണ്. അദ്ദേഹത്തിന്റെ ‘സത്യ’ ക്രൈം സിൻഡിക്കേറ്റിന്റെ കഥ പറയുന്നു. സിനിമാ മേഖലയിൽ ഗായികയാകാൻ കൊതിച്ച നായകന്റെ (ജെ.ഡി. ചക്രബർത്തി) കാമുകിയുടെ (ഊർമിള മാഠോൺകർ) അഭിലാഷം പൂർത്തീകരിക്കാൻ സംഗീതസംവിധായകനെ ഫോൺ ചെയ്ത് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുന്ന രംഗമുണ്ട്. ഭയന്നുവിറച്ച ആ തടിമാടൻ മ്യൂസിക് ഡയറക്ടർ അപ്പോൾതന്നെ പറന്നുവന്ന് നായികയെ സാഷ്​ടാംഗം നമസ്​കരിച്ച് എല്ലാ സിനിമകളിലും അവർ തന്നെ പാടണമെന്ന് കരഞ്ഞപേക്ഷിക്കുന്നു.

‘സത്യ’ എന്ന സിനിമയിൽ നിന്ന്
‘സത്യ’ എന്ന സിനിമയിൽ നിന്ന്

നായികക്ക് കാര്യം പിടികിട്ടുന്നില്ലെങ്കിലും സംഗീതസംവിധായകന്റെ സമീപം ഓഡീഷന് ആദ്യമെത്തിയ നാൾ അയാളുടെ അർത്ഥം വെച്ചുള്ള നോട്ടവും ദ്വയാർത്ഥപ്രയോഗങ്ങളും ഭാവഹാവാദികളും അവളുടെ മനസ്സിൽ തേട്ടിവരുന്നുണ്ട്. ഇത്തരം രംഗങ്ങളുടെ തനിയവാർത്തനങ്ങളല്ലേ സിനിമാലോകത്തിന്റെ പിന്നാമ്പുറക്കഥകളുടെ പൊതുവായ സ്വഭാവം എന്നു തോന്നിപ്പോകുന്നു.

വൺസ് അപ്പോൾ എ ടൈം മീനാക്ഷി

അജയ് ദേവ്ഗൺ നായകവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ. ആദ്യം ഗുണ്ടായിസവും രാഷ്ട്രീയവും വഴിയേ അതിലെ കാലുവാരലുകളും, മറുകണ്ടം ചാടലുകളും. ഇടയിൽ നായകന്റെ പ്രേമവശം ചിത്രീകരിച്ചിരിക്കുന്ന രംഗത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

നായിക, കങ്കണ, നമ്പർ വൺ ഫിലിംസ്റ്റാർ. അവർക്ക് ആരാധകവൃന്ദവും കോസ്റ്റ്യൂം ഡിസൈനറും പാപ്പരസിപ്പടയുമെല്ലാമുണ്ടെങ്കിലും ശുദ്ധഗതിക്കാരിയായാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നായകൻ അവിചാരിതമായി ഒരു ഫിലിം ഷൂട്ട് നടക്കുന്ന സ്​ഥലത്തെത്തുന്നു. നായകൻ സൗന്ദര്യറാണിയുടെ സമീപത്തേക്ക് ചുവന്ന റോസാപ്പൂവുമായി കാമുകന്റെ റോളിൽ ചെന്നടുക്കുന്ന രംഗം നോക്കൂ. തന്റെ സിനിമകളിലെ സ്​ഥിരം നായികയായി ആടിപ്പാടുന്ന പ്രേമഭാജനത്തെ ഒറ്റനോട്ടത്തിൽ കണ്ടാൽ ചട്ടമ്പിലുക്കുള്ള, മേൽപ്പറഞ്ഞ ‘വൺസ് അപ്പോണി’ലെ നായകൻ കം വില്ലൻ കഥാപാത്രം പ്രേമപരവശനായി സമീപിക്കുന്ന രീതി കണ്ടപ്പോൾ ഈ കക്ഷി ആകമാനം വിറളിപൂണ്ടു.

അജയ് ദേവ്ഗൺ നായകനായ ‘വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ’ എന്ന സിനിമയുടെ പോസ്റ്ററിൽ നിന്ന്
അജയ് ദേവ്ഗൺ നായകനായ ‘വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ’ എന്ന സിനിമയുടെ പോസ്റ്ററിൽ നിന്ന്

കാമുകിയുടെ മുന്നിൽ അതുമിതും പറഞ്ഞ് ആളാകാൻ നോക്കുന്ന ആ സുന്ദരകളേബരന്റെ മൂക്കിനകത്തേക്കാണ് നമ്മുടെ ഒറിജിനൽ നായകൻ റിവോൾവറിന്റെ ബാരൽ കയറ്റുന്നത്. സംഗതി പന്തിയല്ലായെന്ന് തോന്നിയ, ചെക്കോട്ട് ധാരി (ഹീറോ) ലൊക്കേഷനിൽനിന്ന് ജീവനും കൊണ്ടാണ് പായുന്നത്.

ഇവിടെ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ വായിക്കാൻ വരുംകാല സിനിമാനായകരോട് നമുക്ക് ശുപാർശ ചെയ്യാവുന്നതാണ്. വൺസ് അപ്പോൺ സിനിമ എന്തുമാകട്ടെ, അതിലെ ഈ രംഗവും ഇതേ മട്ടിലുള്ളവയും ചേർത്തുവെച്ചാൽ ബോളിവുഡും മോളിവുഡും തമ്മിൽ ഒരു വ്യത്യാസവുമില്ലായെന്ന് കണ്ടെത്താം. ഇത്തരം അരങ്ങേറ്റങ്ങൾ സിനിമാരംഭം മുതൽ പലരും കൊണ്ടാടുന്നുവെന്ന് തെളിവുകൾ നിരവധിയാണ്. അതാണ് ഈ രംഗത്തെ മഹാരാഷ്ട്രീയൻ സുഹൃത്ത് ‘ബക്റാ കസായി കേ പാസ് ഖുദ് ചലേ ആത്തേ ഹെ’ എന്ന് പറഞ്ഞത്. ‘കുച്ച് പാനേ കേലിയ കുച്ച് ഖോനാ പട്താ’ എന്നാണ് വേറൊരു വിദ്വാന്റെ നിരീക്ഷണം.

1980- കളുടെ അവസാനകാലങ്ങളിലെ സിനിമാസംബന്ധമായ ഒരു സംഭവം കൂടി പറയാം. വഡാലയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തമിഴ് പത്രത്തിലാണ് അന്നു ജോലി. ധാരാവി, ചീതാ ക്യാമ്പ്, ചെമ്പൂർ ഏരിയയിലെ തമിഴ് മക്കളാണ് വായനക്കാരിലധികവും. പത്രത്തിന്റെ മാനേജരെക്കണ്ടാൽ ജെമിനി ഗണേശനെ (തമിഴ് കാതൽ മന്നൻ) ഓർമ്മ വരും.

 ജെമിനി ഗണേശൻ
ജെമിനി ഗണേശൻ

ആൾ മാനേജർ മാത്രമായിരുന്നില്ല സിനിമ നെഞ്ചേറ്റിയ ആൾ കൂടിയാണ്. മീനാക്ഷി ശേഷാദ്രി തമിഴ്മകളാണ്. ആ യുവതി ബോളിവുഡിൽ ആ കാലങ്ങളിൽ വിലസിയിരുന്നു. ജാക്കി ഷെറോഫിന്റെ നായികാവേഷത്തിൽ പ്രത്യക്ഷപ്പെട്ട പോപ്പുലർ സിനിമ ‘ഹീറോ’ തിയേറ്ററുകൾ നിറഞ്ഞോടിയ മാസങ്ങൾ. ഹീറോയിലെ നായിക മീനാക്ഷി ശേഷാദ്രിക്കും ചില ഗോസിപ്പുകൾ കേൾക്കേണ്ടതായി വന്നു.

പത്രമാസികൾ ഗോസിപ്പ് മസാല ചേർത്ത കഥകളാക്കി ന്യൂസ് സ്റ്റാൻഡിലെത്തിച്ചു. അവ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ആര് ചത്താലെന്താ, കഥകൾ വിറ്റഴിയണമെന്ന നിർബന്ധ ബുദ്ധിക്കാരാണ് ഗോസിപ്പ് ക്രിയേറ്റർമാർ. പെരുമാൾക്ക് മീനാക്ഷിയെ കണ്ട് കാര്യമറിയാതെ ഇരിക്കപ്പൊറുതിയില്ല. ആൾക്ക് എന്നേയും കൂട്ടിയാലെ ‘ഒരു തൃപ്തി’ അല്ലെങ്കിൽ ധൈര്യം വരൂ. ബാന്ദ്ര കഴിഞ്ഞാണ് ഖാർറോഡ് സ്റ്റേഷൻ. വെസ്റ്റ് ഏരിയയിലെ പോഷ് ലൊക്കാലിറ്റിയിലൊന്നിലെ വലിയൊരു കെട്ടിടത്തിലാണ് മീനാക്ഷിയുടെ താമസം.

ലിഫ്റ്റിൽ കയറി അവർ താമസിക്കുന്ന ഫ്ളോറിലെത്തി. ചുമരിൽ ബോർഡൊന്നുമില്ല. പെരുമാൾ ഫ്ളാറ്റ് നമ്പറും ഫ്ളോർ നമ്പറും എഴുതിയ കടലാസ് പരിശോധിച്ച് കോളിംഗ് ബെല്ലിമർത്തി. അല്പംകഴിഞ്ഞ് കിളിവാതിലിൽ ഒരു മുഖം പ്രത്യക്ഷപ്പെട്ടു. പെരുമാളിനെ കണ്ടപ്പോൾ ജെമിനി ഗണേശനാണോ എന്ന് അവർക്ക് തോന്നിപ്പോയോ ആവോ? ആ സ്​ത്രീയുടെ ചോദ്യം ‘എന്ന വേണം സർ?’, തമിഴിലാണ്. പെരുമാൾ ഉത്തരം പറഞ്ഞതോടൊപ്പം ‘ഉള്ളൈ വാരുങ്കേ’ എന്ന ക്ഷണം കേട്ടു. സാക്ഷാൽ മീനാക്ഷിയുടേതാണ് ആ ക്ഷണം.

മീനാക്ഷി ശേഷാദ്രി
മീനാക്ഷി ശേഷാദ്രി

പരവതാനിവിരിച്ച വിശാലമായ സ്വീകരണമുറിയിൽ നിറയെ സോഫാ സെറ്റികൾ. ‘ഉക്കാരവേണം സർ’ എന്ന് ഭവ്യതയാർന്ന സ്വരത്തിൽ സിനിമാനടി. ഞങ്ങളിരുന്നു. പെരുമാൾ എഴുതിതയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ച് അധികം സമയം കളഞ്ഞില്ല. ഇതിനിടെ നെസ്​കോഫിയും ബിസ്​ക്കറ്റുകളുമായി ആദ്യം കണ്ട സ്​ത്രീയെത്തി, റ്റീപോയിൽ സമർപ്പിച്ചു. എന്നെനോക്കി ഒരു മൃദുമന്ദഹാസം പൊഴിച്ച് കിച്ചണിലേക്ക് കയറിപ്പോയി.

എനിക്ക് വല്ലാതെ ബോറടിക്കാൻ തുടങ്ങി. പെരുമാൾ പത്രപ്രവർത്തകെൻ്റ റോൾ താത്ക്കാലികമായി മറന്ന് തമിഴ്നാട് വിശേഷങ്ങൾ കാച്ചിവിടുന്നു. ഞാനാകട്ടെ പുറത്ത് വന്ന് സിഗരറ്റുകൾ വലിച്ചുതള്ളി.

അന്ന് മീനാക്ഷി മെലിഞ്ഞ് അധികം ഉയരമില്ലാത്ത യുവതിയായിരുന്നു. ജീൻസും ടീ ഷർട്ടുമാണ് വേഷം. പോണി ടെയ്ൽ (ആദ്യകാല ബോളിവുഡ് നടി സാധനയുടെ സ്റ്റൈൽ) രീതിയിലാണ് മുടികെട്ടിവെച്ചിരുന്നത്. പുറത്തുവന്ന എ.ആർ, പെരുമാൾ ചിരിച്ചുകൊണ്ടുപറഞ്ഞത്, ‘ഒന്നുമേ പുരിയലോ തമ്പി, അന്ത സ്റ്റുഡിയോവിൽ എന്നെല്ലാമോ നടന്തിരികാക്കമ്. അന്ത പൊണ്ണ് എന്ന പണ്ണുവേൻ?’

ഞാൻ മറുപടി പറഞ്ഞു; ‘അതൈ വിട്ടിട് സർ, ഇന്ത വാഴ് വിലെ എല്ലാമേ അപ്പടിയേ താൻ’- ആ അധ്യായം ഞങ്ങളും പത്രവും അവിടെ അവസാനിപ്പിച്ചു. മീനാക്ഷി ശേഷാദ്രി എന്ന യുവനടി പിന്നീട് തന്റെ അഭിനയജീവിതത്തിന് ഫുൾസ്റ്റോപ്പിട്ടിരിക്കാം. പല നരകയാതനകളും ധർമ്മസങ്കടങ്ങളും നേരിടേണ്ടിവന്നതിന്റെ ആകെത്തുകയായ ബാക്കിപത്രമാണോ മീനാക്ഷി സിനിമാലോകം വിട്ടെറിഞ്ഞതിന്റെ കാരണം?

മാധുരി ദീക്ഷിതിന്റെ ലോകത്തിൽ
ലളിതാ പാട്ടീൽ

ബോംബെയിലെ പാർലെ ബിസ്ക്കറ്റ്സ് കമ്പനിപരിസരത്ത് തണൽമരങ്ങളും മഹാരാഷ്ട്രീയൻ ബ്രാഹ്മണരുടെ നിരനിരയായുളള പഴയകാല ഓടിട്ട വാസഗൃഹങ്ങളും ഇതിനിടെ ബോളിവുഡ് സൂപ്പർ സിനിമാനടി മാധുരി ദീക്ഷിത് അടക്കമുള്ളവരുടെ പുരാതന വസതിയുമാണുണ്ടായിരുന്നത്. ഇപ്പോൾ അവിടെ മൾട്ടി സ്റ്റോറീഡ് ബിൽഡിങ്ങുകളുടെ ആകർഷണീയതയാണ്. ആ വഴിയിലൂടെ നടന്നാൽ ഞാൻ ജോലി ചെയ്തിരുന്ന വർഷ അഡ്വർട്ടയ്സിങ്ങിന്റെ സമീപമെത്താം. അവിടെയുള്ള സമ്പന്നവർഗ്ഗത്തിന്റെ ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു വർഷയുടെ ആസ്​ഥാനം. അത് അത്ര വലിയൊരു ആഡ് ഏജൻസിയൊന്നുമല്ലായിരുന്നു.

മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത്

ഇന്ത്യൻ എക്സ്​പ്രസ് പ്രസിദ്ധീകരണങ്ങൾക്കുള്ള സപ്ലിമെൻ്റുകൾക്കുവേണ്ടി പരസ്യം സംഘടിപ്പിച്ചുകൊണ്ടായിരുന്നു വർഷയുടെ തുടക്കം. വഴിയെ പൂനെയിൽ നിന്ന് ഗ്രാഫിക്സ് ആർട്ടിൽ പി.ജി. ഡിഗ്രി സമ്പാദിച്ച സദീശ് ദേശ് പാണ്ഡെയും സാംഗ്ലെ സ്വദേശി ആർട്ടിസ്റ്റ് നന്ദുഭവസാറും വന്നു. കോലാപ്പൂരിൽനിന്ന് ഉഷാ ദേശ്പാണ്ഡെയും മലയാളിയായി ഞാനും ചേർന്നപ്പോൾ ഏജൻസിയുടെ പ്രവർത്തനങ്ങൾ അല്പം വിപുലമായി.

പുതിയ ക്ലയൻ്റുകൾ വന്നു, ഓൾ റൗണ്ടർ ദിൻകർ ബോസ്​ലെയും ചേർന്ന് ഫുൾസ്വിങ്ങിലാണ് അപ്പോൾ ‘വർഷ’ നീങ്ങിക്കൊണ്ടിരുന്നത്. ഗോവക്കാരൻ റോണി പെരേര ഇടയ്ക്കിടെ മാത്രം വന്ന് കോപ്പിയെഴുതി എല്ലാവരേയും കളിതമാശ് പറഞ്ഞ് തിരിച്ചുപോയി. ഞങ്ങൾക്ക് ജോലി ഭാരം കൂടുതലായപ്പോൾ ഒരു ടൈപ്പിസ്റ്റിന്റെ ആവശ്യം ഏജൻസി ഉടമ സുഷമാ ചൗധരിക്ക് ബോധ്യപ്പെട്ടു.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ വിലാസ് പാട്ടീൽ, മറാഠി ഹിറ്റ് മേക്കർ കമലാകർ തോർണേയുടെ വാലായി അയാളുടെ സ്റ്റോറി, തിരക്കഥ, സംഭാഷണം, ഡയറക്ഷൻ തുടങ്ങിയവയിൽ ഏർപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു ദിവസം വിലാസ് ഒരു പെൺകുട്ടിയുമൊത്താണ് ഓഫീസിൽ വന്നത്. അവളാണ് ലളിതാ പാട്ടീൽ, വിലാസിന്റെ ഗാവ്വാലി. മിസ്​. പാട്ടീൽ 12–ാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. ടൈപ്പിംഗ് കോഴ്സിന് അഞ്ചേ അഞ്ച് മാസം നാസിക് പട്ടണത്തിലെ ‘കുസും’ ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിച്ചുകൂട്ടിയെന്നതൊഴികെ പ്രത്യേക പരിചയമൊന്നുമില്ല. എങ്കിലും അവൾ ‘എല്ലാം പഠിച്ചെടുക്കും’ എന്നാണ് വിലാസ് പാട്ടീലിന്റെയും സുഷമയുടേയും ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ.

എന്നാൽ മിസ് പാട്ടീലിന് ആഗ്രഹം മാധുരി ദീക്ഷിതിനെപ്പോലെ ബോളിവുഡ് പിടിച്ചടക്കുക എന്നതായിരുന്നു എന്ന് സംസാരമദ്ധ്യേ പിന്നീടാണ് വെളിപ്പെട്ടത്. രണ്ടാനച്ഛന്റെ പീഡനങ്ങളും സ്വന്തം ഗ്രാമത്തിൽ അയാളുടെ ദുഷ്പേരും നിലനില്ക്കുമ്പോൾ അവൾക്ക് ടൈപ്പിംഗ് കോഴ്സ് മുഴുമിപ്പിക്കാനോ ഗ്രാമത്തിൽ എന്തെങ്കിലുമൊരു ജോലി സമ്പാദിക്കാനോ കഴിഞ്ഞില്ല.

തേസാബ് എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത്
തേസാബ് എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത്

‘വാഴ’ വ്യാപാരടിസ്​ഥാനത്തിൽ കൃഷി ചെയ്യുന്നവരുടെ പ്രദേശമാണ് നാസിക്. അവിടെ തോട്ടം തൊഴിലാളികൾക്ക് ന്യായമായ വേതനം നല്കിയിരുന്നില്ല. സ്​ത്രീകൾക്ക് വിവിധതരം ചൂഷണങ്ങൾക്കും വിധേയരാകേണ്ടിയിരുന്നതും കൂട്ടിചേർത്ത് ചിന്തിച്ച മിസ് ലളിത, വിലാസിന്റെ സഹായത്തോടെ ബോംബെയ്ക്ക് വണ്ടി കയറി.

ബൈക്കളിൽ ഒരു വഴിക്കമ്മാവന്റെ ‘10ഃ12’ ചതുരശ്ര അടി വിസ്​തീർണ്ണമുള്ള പോൾമുറിയിലിരുന്നാണ് അന്ന് ബോംബെ ജീവിതത്തിന് തുടക്കമിട്ടത്. ആ കാലങ്ങളിൽ തന്നെ മാധുരി ദീക്ഷിതിന്റെ തേസാബ്, ഹം ആപ്കെ കോൻ തുടങ്ങിയ അടിപൊളി സിനിമകൾ പ്രദർശനത്തിനെത്തി കളക്ഷൻ റെക്കോർഡ് തകർത്തിരുന്നു.

ഓഫീസിലെത്താറുള്ള ലളിത മുടി രണ്ടായി മെടഞ്ഞിട്ട്, സാരിയും ബ്ലൗസും ധരിക്കുന്നതുവരെ മാധുരിയെ അനുകരിച്ചുപോന്നു. ലളിത ചിരിക്കുമ്പോൾ നുണക്കുഴി പ്രത്യക്ഷപ്പെടുമെങ്കിലും മുൻവരിയിൽ ‘കട്ടപ്പല്ലുള്ളത്’ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. ഏജൻസിയിലെ ടൈപ്പിംഗ് ജോലി ഒരുവകയായിരുന്നെങ്കിലും പാവം രക്ഷപ്പെടട്ടേ എന്ന ആഗ്രഹവും ഞങ്ങൾ കൈവിട്ടില്ല.

ഫെമിന, ഈവ്സ് വീക്ക്​ലി, സ്റ്റാർ ആൻ്റ് സ്റ്റൈയിൽ, സിനി ബ്ലിറ്റ്സ്​ എന്നീ സിനിമാ പ്രസിദ്ധീകരണങ്ങളിൽ സെൻ്റർ സ്പ്രെഡായി അച്ചടിച്ചുവന്നിരുന്ന മാധുരി ദീക്ഷിതിന്റെ വിവിധ പോസുകളിലുള്ള കളർ ചിത്രങ്ങൾ നോക്കിയിരിക്കുന്ന മിസ് പാട്ടീലിന് അവളുടെ ചിന്തകൾ നിയന്ത്രിക്കാനോ പരിമിതപ്പെടുത്താനുമായില്ല. ബോളിവുഡിന്റെ മായാലോകം... അതിന്റെ മാസ്​മരകതയിൽ കണ്ണഞ്ചിയ ആ യുവതിയുടെ ജീവിതം എങ്ങനെ തിരിഞ്ഞുവെന്ന് നോക്കാം.

ബോളിവുഡിന്റെ മായാലോകത്തിലേക്ക്, അതിന്റെ മാസ്​മരകതയിലേക്ക് പാറിവീണവർ ഏറെയുണ്ടായിരുന്നു.
ബോളിവുഡിന്റെ മായാലോകത്തിലേക്ക്, അതിന്റെ മാസ്​മരകതയിലേക്ക് പാറിവീണവർ ഏറെയുണ്ടായിരുന്നു.

രണ്ടുരണ്ടര വർഷങ്ങൾക്കുശേഷം ഏജൻസി ഉടമ സുഷമ അവരുടെ സ്വന്തം കാരണങ്ങളാൽ വർഷ അഡ്വർടൈസിംഗിന് ഷട്ടറിട്ട് ജർമ്മിക്കുപോയി. അവിടെ ഒരു ഹോമിയോ ഡോക്ടറെ കല്യാണവും കഴിച്ചതായാണ് ലഭിച്ച വാർത്തകളിൽ അവസാനത്തേത്.
ഞങ്ങൾ പലരും പലവഴിക്കു പിരിഞ്ഞു. ലളിത പാട്ടീൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടത് ‘ദാ വന്നു ദേ പോയി’ എന്ന റോളിലായിരുന്നു. യുവതി ഇപ്പോൾ ജൂനിയർ ആർട്ടിസ്റ്റാണെന്ന് സാരം.

വിലാസിന്റെ ആശാൻ ശ്രീമാൻ തോർണെ പണം സമ്പാദിക്കുകയും അവാർഡുകൾ വാങ്ങികൂട്ടിയിട്ടുമുണ്ട്. പക്ഷെ തന്റെ ശിഷ്യനെ ഒരു തരത്തിലും രക്ഷിക്കാൻ ഈ കക്ഷി തയ്യാറായിരുന്നില്ല. അല്ലെങ്കിൽ അങ്ങനെയൊരു നാട്ടുനടപ്പ് ഈ രംഗത്തിലുമില്ലായിരിക്കാം. മനംനൊന്ത വിലാസ് പ്രൊഡ്യൂസർമാരുടെ വസതികൾക്കുമുമ്പിൽ കാത്തുകിടന്ന് പുതിയ സിനിമയുടെ കഥ കേൾപ്പിച്ചുകൊണ്ടിരുന്നു. ‘ദേഖേഗാ,’ ദേഖാ ജായേഗാ, അഭി ബജറ്റ് നഹീ’ എന്നീ അനിഷ്​ട മറുപടികൾ കേട്ട് നിരാശനായി ഭാണ്ഡൂപ്പിലെ ചോളിൽ മടങ്ങിയെത്തിക്കൊണ്ടിരുന്നു. ഒരുനാൾ അയാൾ മരിച്ച വാർത്ത ഫോൺ വിളിച്ചുപറഞ്ഞത് വർഷയുടെ പാർട്ട്ണറും എന്റെ ഉത്തമ സുഹൃത്തുമായ വി.എസ്​. വഡ്ഗാവ്ക്കറായിരുന്നു.

ഞാൻ ടാക്സി പിടിച്ച് ഭാണ്ഡൂപ്പിലെ ‘ഉഷാനഗർ സൊസൈറ്റി’ പരിസരത്തുള്ള വൃത്തിഹീനമായ ചോളിലെത്തി. അവിടെ വാടകമുറിയിലാണ് വിലാസിന്റെ ജീവിതം. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്, കൂടെ ഭാര്യയുടെ ഒരു ബന്ധുവും. അവൻ ബോംബെയിൽ ജോലി തേടി വന്നതാണ്. വിലാസിന്റെ മൃതശരീരം വെള്ളവസ്​ത്രം കൊണ്ട് മൂടിയിട്ടുണ്ട്, മൂക്കിൽ പഞ്ഞി തിരുകിയ ചേതനയറ്റ ശരീരത്തിൽ ഈച്ചകൾ പറന്നുകളിക്കുന്ന നടുക്കുന്ന രംഗം. അവിടെ ഞാനും വിനുവുമൊഴികെ സുഹൃത്തും വിലാസിന്റെ സന്തതസഹചാരിയുമായിരുന്ന ഗജനൻ മാത്രമാണ് എത്തിചേർന്നവർ.

ഇലക്ട്രിക് സംവിധാനമുള്ള ശ്മശാനത്തിൽ കയറ്റിവെച്ച വിലാസിന്റെ മൃതശരീരം നിമിഷങ്ങൾക്കകം കത്തിപ്പോയിരിക്കാം. ശ്മശാനത്തിന് വെളിയിലുള്ള കൽവർട്ടിലിരുന്ന് ആ സ്​ത്രീ നിർത്താതെ കരയുകയാണ്. അവരാണ് അന്നത്തെ യുവതി മിസ് പാട്ടീൽ.
ഇലക്ട്രിക് സംവിധാനമുള്ള ശ്മശാനത്തിൽ കയറ്റിവെച്ച വിലാസിന്റെ മൃതശരീരം നിമിഷങ്ങൾക്കകം കത്തിപ്പോയിരിക്കാം. ശ്മശാനത്തിന് വെളിയിലുള്ള കൽവർട്ടിലിരുന്ന് ആ സ്​ത്രീ നിർത്താതെ കരയുകയാണ്. അവരാണ് അന്നത്തെ യുവതി മിസ് പാട്ടീൽ.

വർഷങ്ങളോളം സിനിമാരംഗത്ത് പ്രവർത്തിച്ചുപോന്ന വിലാസിന്റെ മൃതശരീരത്തിൽ ഒരു റീത്തു വെക്കാൻ പോലുമുള്ള ഹൃദയവിശാലത നൂറായിരം സംഘടനകളുള്ള ബോംബെ ഫിലിം ഫീൽഡിൽ അന്യം നിന്നുപോയിരിക്കുന്നു. അനേകം മറാഠി സിനിമകൾക്ക് സഹസംവിധാനവും മറ്റുസഹായങ്ങളുമായി ഓടിനടന്ന ആ പാവത്തിന്റെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിക്കാൻ അയാളുടെ രണ്ടു മക്കൾക്കും (അവർ അന്ന് സ്കൂൾ വിദ്യാർത്ഥികളാണ്) വിനുവിനും ഗജനനും വേറൊരാൾക്കും മാത്രമാണ് കനിവുണ്ടായത്.

ശ്മശാനത്തിലേക്കുള്ള അഞ്ചാറ് പേർ മാത്രമുള്ള വിലാപയാത്രയ്ക്കിടയിൽ ഒരു സ്ത്രീയും അവിടെ ഓടിക്കിതച്ചെത്തി. ആചാരപ്രകാരം അവർക്കതിൽ പങ്കുചേരാനാകില്ല. സ്ത്രീകളെ കരയാൻ മാത്രമാണ് സമൂഹം അനുവദിച്ചിട്ടുള്ളത്. ഇലക്ട്രിക് സംവിധാനമുള്ള ശ്മശാനത്തിൽ കയറ്റിവെച്ച വിലാസിന്റെ മൃതശരീരം നിമിഷങ്ങൾക്കകം കത്തിപ്പോയിരിക്കാം. ശ്മശാനത്തിന് വെളിയിലുള്ള കൽവർട്ടിലിരുന്ന് ആ സ്ത്രീ നിർത്താതെ കരയുകയാണ്. അവരാണ് അന്നത്തെ യുവതി മിസ് പാട്ടീൽ.

ഇപ്പോൾ വാർദ്ധക്യത്തിലെത്തിയ ലക്ഷണങ്ങൾ. തലമുടി നരച്ചിരിക്കുന്നു. കവിളുകൾ ഒട്ടി, കണ്ണുകൾ കുഴിഞ്ഞുപോയ പോലെ.... മാധുരി ദീക്ഷിത്തിനെ പോലെയാകാൻ കൊതിച്ച ലളിതാപാട്ടിൽ ഇപ്പോൾ രണ്ടുകുട്ടികളുടെ അമ്മയാണ്. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽവെച്ച് പരിചയപ്പെട്ട ലൈറ്റ് ബോയിയെ പ്രേമിച്ചു. അവൾ അവനെ കല്യാണവും കഴിച്ചു. രണ്ടുകുഞ്ഞുങ്ങളെ സമ്മാനിച്ച് പഹയൻ എങ്ങോപോയി. ലളിതാപാട്ടിലിന്റെ എല്ലാ മോഹങ്ങളും അതോടെ തകർന്നടിഞ്ഞു. അവൾക്ക് ജീവിക്കണം. അന്യരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുന്ന കാംവാലിയായി ലളിത മാറി. പേരിലും മാറ്റം പ്രകടമായി. ‘ലളിത കാംവാലി ബായി’ എന്നാണ് മിസ് ലളിതാപാട്ടീൽ ഇപ്പോൾ അറിയപ്പെടുന്നത്.

ബോളിവുഡിൽ ലളിതയെപ്പോലുള്ള യുവതികളുടെ നീണ്ടനിര തന്നെയുണ്ട്. ആ ലിസ്റ്റിൽ അധികമാരും സ്​ക്രീനിൽ വേണ്ട പോലെ പ്രത്യക്ഷപ്പെട്ടിട്ടില്ല, ഒരുവൾ ഒഴികെ, അവരാണ് മുംതാസ്​, ആദ്യം ഡാൻസ് രംഗങ്ങളിലെ കാഴ്ചക്കാരിയായും നൃത്തസംഘാംഗമായുമാണ് വെള്ളിത്തിരയിൽ മുഖം കണിച്ചത്. ധാരാസിംഗിന്റെ കാമുകിയായി കുറേ സിനിമകളിൽ മുംതാസ് പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് ദേവ് ആനന്ദിന്റെ ‘ഹരേ റാം ഹരേകൃഷ്ണ’യിൽ കാമുകിവേഷം ചെയ്തത്. അതോടെ മുംതാസിന്റെ ‘ശുക്രദശ’ ആരംഭിച്ചു. ഞാൻ ശ്രദ്ധിച്ച സിനിമകളിലെ എക്സ്​ട്രാ നടിമാരിൽ മുംതാസ് എന്നത് ഒരു യുവതിയുടെ മാത്രം കഥയാകാം. ഇതുപോലെ ജൂനിയർ ആർട്ടിസ്റ്റുമാർക്കിടയിൽനിന്ന് അധികമാരും ഹിന്ദി സിനിമകളിലെ സ്റ്റാറോ, സൂപ്പർസ്റ്റാർ ഗണത്തിലോ എത്തിപ്പെട്ടിട്ടില്ല എന്നാണ് എന്റെയൊരു നിഗമനം.

തുൾസി താപ്പ പറഞ്ഞത്

നടീനടന്മാരെ സംബന്ധിച്ച് ബോളിവുഡ് ഇപ്പോഴും ആകർഷകമാണെങ്കിലും ആ പേരിന്റെ ഗ്ലാമർ കുറഞ്ഞിരിക്കുന്നു. ഇവിടെ തിളങ്ങി ഉദയനക്ഷത്രമാകാൻ ആഗ്രഹിച്ചെത്തിയ ലളിതയെപ്പോലുള്ള യുവതികളുടെ ജീവിതത്തിലെ ട്വിസ്റ്റുകളും ടേണുകളുമൊക്കെ പറയുമ്പോൾ എനിക്കോർമ്മ വരുന്ന വേറൊരു മുഖമുണ്ട്; തുൾസി താപ്പയുടേത്. ആ ശോചനീയ സംഭവത്തിന്റെ അവസാനം നമ്മുടെ മനസ് നോവിപ്പിക്കും, കണ്ണീർ പൊഴിക്കും തീർച്ച.

തുൾസി നേപ്പാളിെൻ്റ ഉൾഗ്രാമത്തിൽനിന്ന് ബോളിവുഡിലെത്താൻ പുറപ്പെട്ടത് ഒരു വഞ്ചനയുടെ പശ്ചാത്തലത്തിലാണ്. അന്നവൾക്ക് പതിനാറോ, പതിനേഴോ ആണ് വയസ്സ്. കാലം 1976–78. സിനിമയിൽ ചാൻസ് ശരിപ്പെടുത്താമെന്ന തദ്ദേശവാസിയുടെ വാക്കുവിശ്വസിച്ച് വീട്ടിൽ നിന്ന് അയാളോടൊപ്പം ഒളിച്ചോടി ബോംബെ സെൻട്രൽ സ്റ്റേഷനിൽ വന്നിറങ്ങി. അവളുടെ കൈവശം ആകെയുള്ളത് പത്തുമുപ്പത് രൂപയും അല്പം ചില വസ്​ത്രങ്ങളുമടങ്ങിയ തുണിസഞ്ചിയും.

തുൾസി താപ്പക്ക് ഇതിനകം ഒരു കാര്യം മനസ്സിലായി; പെണ്ണുങ്ങളൊന്നിച്ച് ശയിക്കാനുള്ള മണ്ഡി (ബസാർ) ആണ് അവളെത്തിയ ആ പ്രദേശമെന്ന്.
തുൾസി താപ്പക്ക് ഇതിനകം ഒരു കാര്യം മനസ്സിലായി; പെണ്ണുങ്ങളൊന്നിച്ച് ശയിക്കാനുള്ള മണ്ഡി (ബസാർ) ആണ് അവളെത്തിയ ആ പ്രദേശമെന്ന്.

തുൾസിയുടെ ഗാവ്വാല ടാക്സി പിടിച്ചു. ഇരുവരും ചെന്നെത്തിയതോ, കാമാഠിപുരയിലും. ദല്ലാൾക്ക് ഘർവാലി നല്ലൊരു തുക ഇനാമായി നല്കിയപ്പോൾ ആ മനുഷ്യൻ വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി ചിരിച്ച് ഒരക്ഷരം പറയാതെ സ്ഥലംവിട്ടു. അയാളെങ്ങുപോയെന്നറിയാതെ മിഴിച്ചുനിന്ന തുൾസിയെ ആ സ്ത്രീ കൂട്ടിക്കൊണ്ടുപോയി ആദ്യം വെള്ളവും കട്ടിംഗ് ചായയും നല്കി സ്വീകരിച്ചിരുത്തി. വേറൊരുവൾ പുതുവസ്ത്രങ്ങൾ നല്കി ശുചിമുറിയും കുളിമുറിയും ചൂണ്ടിക്കാണിച്ചു. പുത്തൻ വസ്ത്രം ധരിച്ചെത്തിയ തുൾസി താപ്പയ്ക്ക് ഒന്നും പിടികിട്ടിയില്ല.

അവളുടെ പ്രായത്തിലുള്ളവരും മധ്യവയസ്സിൽ സഞ്ചരിക്കുന്നവരും, വിവിധ വേഷങ്ങൾ ധരിച്ചവരും പല ഭാഷകൾ സംസാരിക്കുന്നവരുമായ പത്ത് പതിനഞ്ചോളം പെണ്ണുങ്ങൾ അവരുടെ ഭാഷയിൽ കുശലം ചോദിച്ചു. എവിടെ ക്യാമറ? എവിടെ സിനിമ? എന്നൊക്കെ വൃഥാ ചിന്തിച്ച തുൾസി താപ്പക്ക് ഇതിനകം ഒരു കാര്യം മനസ്സിലായി; പെണ്ണുങ്ങളൊന്നിച്ച് ശയിക്കാനുള്ള മണ്ഡി (ബസാർ) ആണ് ആ പ്രദേശമെന്ന്. ആ സത്യം ഇടിവെട്ടുംപോലെ അവളുടെ നെഞ്ചിൽ മിന്നി.

അന്നു വൈകി രാത്രിയിൽ വന്ന പണച്ചാക്ക് അവളെ ചൂണ്ടിക്കാണിച്ച് കെട്ടിടത്തിലെ മുറികളിലൊന്നിലേക്ക് കയറി. ഘർവാലി പലതും പറഞ്ഞ് തുൾസിയെ മുറിയിലേക്ക് തള്ളി കതകടച്ചു. ആ തടിമാടൻ സേഠ് അടിച്ചു ഫിറ്റായിട്ടാണ് രംഗപ്രവേശം നടത്തിയത്. ശൃംഗാരവാക്കുകൾക്കിടയിൽ അയാളുടെ കൂർക്കംവലി കേട്ടു. തുൾസി കട്ടിലിന്റെ താഴെയിരുന്നു വിതുമ്പി. ഉറക്കെ നിലവിളിച്ചു. വാതിലിൽ ആഞ്ഞ് ചവിട്ടി.

ആരും മുറി തുറന്നില്ലെന്നു മാത്രമല്ല, ഘർവാലി ഒരു കീചകനുമൊത്ത് വന്ന് അവളുടെ വസ്​ത്രങ്ങൾ നിഷ്കരുണം വലിച്ചുകീറി. തുൾസിയുടെ കടവയറ്റിൽ അയാൾ ആഞ്ഞ് ചവിട്ടി. ‘‘ചൂത്തിയേ സാലി...’’ എന്ന് തെറിവിളിയോടെ ഗുണ്ടക്കൊപ്പം ആ ഘർവാലിയും സ്​ഥലം വിട്ടു. തുൾസിയുടെ പ്രതികരണം സകല ദൈവങ്ങളെയും ശപിച്ചുകൊണ്ടുള്ള നിലവിളിയോടെ അവസാനിച്ചു. അവൾ മയങ്ങുന്നതിനിടയിൽ തടിയൻ സേഠ് സ്​ഥലം വിട്ടിരുന്നു. അയാൾ കുറച്ച് പണം കിടക്കയിൽ ഉപേക്ഷിച്ചിരുന്നു. അത് അയാളുടെ കീഴ് വഴക്കമാകാം. ‘ദയ’ എന്ന രണ്ടക്ഷരമാണോ എന്നും അറിയില്ലെന്ന് തുൾസി പിന്നീട് പറഞ്ഞു.

കഴിഞ്ഞുപോയ രാത്രികളിലെ ക്ഷീണം കാമാഠിപുര അന്തേവാസികൾ പകലാണ് തീർക്കുക. തുൾസി താപ്പ തുണിസഞ്ചിയുമായി നിരനിരയായുള്ള കെട്ടിടപരിസരങ്ങൾ താണ്ടി നടന്നു, പിന്നെ ഓടി.
കഴിഞ്ഞുപോയ രാത്രികളിലെ ക്ഷീണം കാമാഠിപുര അന്തേവാസികൾ പകലാണ് തീർക്കുക. തുൾസി താപ്പ തുണിസഞ്ചിയുമായി നിരനിരയായുള്ള കെട്ടിടപരിസരങ്ങൾ താണ്ടി നടന്നു, പിന്നെ ഓടി.

ദിനരാത്രങ്ങൾ അഞ്ചാറ് കഴിഞ്ഞപ്പോൾ തുൾസി താപ്പ എല്ലാം നേരിടാനുള്ള ഊർജ്ജം സംഭരിച്ചത് എങ്ങനെയെന്ന് അവൾക്കുതന്നെ അജ്ഞാതമാണ്. അന്ന് ഞായറാഴ്ച. കാമാഠിപ്പുര ഉച്ചയുറക്കത്തിലാണ്. പരിപൂർണ്ണ നിശ്ശബ്ദത. കഴിഞ്ഞുപോയ രാത്രികളിലെ ക്ഷീണം കാമാഠിപുര അന്തേവാസികൾ പകലാണ് തീർക്കുക. തുൾസി താപ്പ തുണിസഞ്ചിയുമായി നിരനിരയായുള്ള കെട്ടിടപരിസരങ്ങൾ താണ്ടി നടന്നു, പിന്നെ ഓടി. ആ മരണപ്പാച്ചിലിനിടയിൽ അവൾ തെന്നി വീണു. അവളെ തിരഞ്ഞെത്തിയ കാമാഠിപ്പുരയിലെ തലമൂത്ത ഗുണ്ടകൾ ടാക്സിയിൽ വന്നതോടെ തുൾസി താപ്പയുടെ ജീവിതം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പാൻവൽ –റെയ്ഗാഡ് റെയിൽവേ ട്രാക്കിൽ കൈകാലുകൾ അറുത്തുമാറ്റപ്പെട്ട നിലയിൽ ഒരു പെൺകുട്ടിയെ നാട്ടുകാർ പിറ്റേന്ന് കണ്ടെത്തി. അവൾ മരിച്ചിട്ടുണ്ടായിരുന്നില്ല. അവളാണ് ബോളിവുഡിലെത്താൻ കൊതിച്ചെത്തിയ നേപ്പാളി പെൺകുട്ടി തുൾസി താപ്പ.

ലോക്കൽ പത്രങ്ങളിൽ ഒതുങ്ങിനിന്ന വാർത്താശകലം വിനോദ് ഗുപ്തയുടെ സാവ്ധാൻ എൻ.ജി.ഒ സംഘത്തിലെ ഒരാൾ കണ്ടു. ഗുപ്ത തന്റെ പ്രവർത്തകർക്കൊപ്പം നേരിട്ട് ആശുപത്രിയിലെത്തി വിവരങ്ങൾ അറിഞ്ഞു.

തുൾസി താപ്പയെ ഞാൻ നേരിൽ കണ്ടിട്ടില്ല. എന്നാൽ സാവ്ധാൻ ഓഫീസ് എനിക്ക് ഇതിനകം സുപരിചിതമായി. അവിടെ വലിയൊരു ടി.വിയിൽ തുൾസി താപ്പ അവളുടെ ഡാഡി (വിനോദ് ഗുപ്ത) യോട് വീട്ടുവിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ കാസറ്റ് കണ്ടിട്ടുണ്ട്. അവളുടെ കൈകാലുകൾ മുട്ടിന് താഴെ പരാക്രമികൾ വെട്ടിമാറ്റിയെങ്കിലും ഞാൻ ആ ഓഫീസിൽ നിന്ന് പുറത്തിറങ്ങും വരെ തുൾസി താപ്പ സംസാരിച്ചുകൊണ്ടിരുന്നു. ഒരിക്കലും അവസാനിക്കാത്ത ബോളിവുഡ് സിനിമാ ലോകത്തിന്റെ അനീതികളെ, അക്രമങ്ങളെ, ബലാൽസംഗങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന സ്വരമെന്നപോലെ.

ഭാണ്ഡൂപിലെ സോനാപൂർ പെട്രോൾ ബങ്കിന് സമീപം നിരനിരയായുള്ള ജോപ്ഡകളിൽ ബന്ധനസ്​ഥരാക്കി വെച്ചിരുന്ന 120-ഓളം വരുന്ന കുട്ടികളും സ്​ത്രീകളും അടക്കമുള്ളവരെ രക്ഷിച്ചെടുത്ത ഐതിഹാസികമായ ചരിത്രമുള്ള ‘സാവ്ധാൻ’ (ജാഗ്രത) എൻ.ജി.ഒ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സ്​ഥാപകൻ വിനോദ് ഗുപ്തയുടെ മരണത്തിനുശേഷം സംഘടനാപ്രവർത്തകർക്കിടയിലുണ്ടായ അസ്വാരസ്യങ്ങൾ മൂലം അതിന് ഷട്ടറിട്ടിരിക്കുന്നു.

മുംബാദേവി ക്ഷേത്രത്തിൽ ഇപ്പോഴും മണിമുഴങ്ങുന്നു, എന്നാൽ അതുവഴി പോകുമ്പോൾ ഞാനോർക്കുക, തൊട്ട് സമീപമുണ്ടായിരുന്ന സാവ്ധാൻ ഓഫീസിനേയും അതിലെ പ്രവർത്തകരെയുമാണ്.
ശ്രീമതി സരോജ (മധുരൈ) ഞങ്ങളുടെ തമിഴ് പത്രമോഫീസിൽ വരാറുള്ളത് ‘ലാപതാ’ വാർത്തകളുമായാണ്. ഇത്തരം ‘കാൺമാനില്ല’ അറിയിപ്പുകൾ ഭൂരിഭാഗവും ധാരാവി, ചീതാക്യാമ്പ്, ജോഗേശ്വരി ജോപഡുകളിലെ സ്​ത്രീകളെയോ കുട്ടികളെയോ അന്വേഷിച്ചുകൊണ്ടുള്ളതായിരുന്നു. അങ്ങനെ പരിചയപ്പെട്ട സരോജ മാഡം സാവ്ധാൻ സംഘടനയുടെ മുന്നിൽനിന്ന് പ്രവർത്തിച്ച വനിതയായിരുന്നു. ബാലവേലയ്ക്കും വേശ്യാവൃത്തിക്കുമായാണ് സോനാപൂരിലെ ജോപ്ഡ പെട്ടികളുടെ താഴെ മരപ്പലകകൾ പാകിയ രഹസ്യ അറകൾക്കുള്ളിലായി കുട്ടികളെയും യുവതികളെയും ഒളിപ്പിച്ചുവെച്ചിരുന്നത്. വിദേശത്തേക്കുള്ള മനുഷ്യക്കടത്തിന്റെ വലിയ ശൃംഖല അന്ന് കണ്ടുപിടിച്ചത് സാവ്ധാൻ പ്രവർത്തകരുടെ ജീവൻ പണയം വെച്ചുള്ള അന്വേഷണത്തിനൊടുവിലാണ്. ബോംബെ പോലീസിന്റെയും സഹായമുണ്ടായിരുന്നു. തമിഴ്നാട്, ആന്ധ്ര, കർണ്ണാടക സംസ്​ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ആ പാവങ്ങൾ. എം.ജി.ആർ. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സായുധ പോലീസ് ബന്തവസ്സോടെയാണ് പോലീസ് ഈ പാവങ്ങളെ സുരക്ഷിതരായി അവരുടെ ഗ്രാമങ്ങളിലെത്തിച്ചത്.

കാമാഠിപ്പുര എന്ന കുപ്രസിദ്ധ ബ്രോത്തൽ ഇപ്പോഴില്ല. അവിടെ പാർപ്പിടങ്ങൾക്കായുള്ള ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചിരിക്കുന്നു. ഹിന്ദി സിനിമകളിൽ ചാൻസ് തേടി ഈ തെരുവിൽ ജീവിതം ഹോമിക്കേണ്ടി വന്നവരുടെ പട്ടികയുടെ നീളവും വീതിയും മറ്റുമുള്ള കണക്കുകൾ അന്വേഷിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്.

കാമാഠിപ്പുര എന്ന കുപ്രസിദ്ധ ബ്രോത്തൽ ഇപ്പോഴില്ല. അവിടെ പാർപ്പിടങ്ങൾക്കായുള്ള ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്
കാമാഠിപ്പുര എന്ന കുപ്രസിദ്ധ ബ്രോത്തൽ ഇപ്പോഴില്ല. അവിടെ പാർപ്പിടങ്ങൾക്കായുള്ള ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്

ബാദർ ബേഗം, സിനിമാക്കമ്പം തലയിൽക്കയറി ആഗ്രയിൽ നിന്ന് ബ്രോത്തലിലെത്തിയ കഥാപാത്രമാണ്. അവരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സിനിമ ‘ഗരംഹവ’യിൽ ബാദർ ബേഗത്തിന് അവസരം ലഭിച്ചെങ്കിലും ആ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് പ്രസിദ്ധ ഗായിക ബേഗം അകതാണ്. സംവിധായകൻ എം.എസ്​. സത്യുവിന്റെ ഉജ്ജ്വല സിനിമയാണ് ഗരംഹവ. ബാദറിനെ അന്വേഷിച്ച് കണ്ടെത്തിയപ്പോൾ അവർക്ക് തിമിരം ബാധിച്ച് കാഴ്ച ശക്തി നഷ്​ടപ്പെട്ടിരുന്നു. വിധിവൈപരീത്യം തന്നെയെന്ന് പറയട്ടെ, ആഗ്രയിൽ നിന്ന് ഒളിച്ചോടി വന്ന ബാദർ എന്ന അന്നത്തെ 16 കാരി, അവരുടെ സിനിമ റിലീസ് ചെയ്തപ്പോൾ, 74 വയസ്സുകഴിഞ്ഞ് പടുവൃദ്ധയായി, വേശ്യാഗൃഹത്തിൽ തന്നെ കഴിയുകയായിരുന്നു. അനശ്വര നായകനായ ബൽരാജ് സായ്നിയുടെ അവസാന ചലച്ചിത്രവും ഗരംഹവ തന്നെ. ഇന്ത്യ–പാക്കിസ്​ഥാൻ വിഭജനകാലത്തുള്ള മതമൗലികവാദികളുടെ ഭീഷണികൾക്ക് മുമ്പിൽ തോറ്റുകൊടുത്ത് ലക്നൗവിൽ നിന്ന് പാക്കിസ്​ഥാനിലേക്ക് പലായനം ചെയ്യാനുറച്ച തുകൽ വ്യാപാരി മിർസയുടെ കഥ പറയുന്ന ഈ സിനിമക്ക് കാലിക പ്രസക്തിയുണ്ട്.

ബോളിവുഡിന് ബാദർ ബേഗം, തുൾസി താപ്പമാരെപ്പോലെ കാമാഠിപ്പുരയിൽ യൗവനം ഹോമിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കഥകൾ പറയാനുണ്ടാകും.

വിഭജനകാലത്തിന് മുമ്പും ശേഷവും പല ഗായികമാരും നർത്തകികളും ഹിന്ദിസിനിമാരംഗം പിടിച്ചടക്കിയവരാണ്. സുരയ്യയും നൂർജഹാനും സംഗീതലോകത്ത് അപ്രാപ്യമായ സ്​ഥാനം വഹിച്ച ഗായികമാരാണ്. നടനും രാഷ്ട്രീയക്കാരനുമായ സുനിൽ ദത്തിന്റെ ഭാര്യ ബോളിവുഡ് സൂപ്പർസ്റ്റാർ നർഗീസ് മരിച്ചത് വൃക്കയിൽ കാൻസർ പടർന്നപ്പോഴാണ്. അവർ സാമൂഹ്യസേവകയായി ബോംബെയിൽ അറിയപ്പെടുന്നു. നർഗീസിന്റെ അമ്മയുടെ ജനനം ഇന്ന് പാക്കിസ്​ഥാനിലുള്ള റാവൽപിണ്ഡിയിലെ സമ്പന്ന കുടുംബത്തിലാണ്. അക്കാലങ്ങളിലെ അറിയപ്പെടുന്ന സിനിമാനടിയും ഗായികയും നർത്തകിയും പിന്നീട് സിനിമാ പ്രൊഡക്ഷൻ കമ്പനിയുടമയുമായ ജാദൻ ബായ് സമ്പന്നരുടെ സൽക്കാരവേളയിൽ അവരെ ആടിപ്പാടി രസിപ്പിക്കുന്ന താവയ്ഫ (ഉറുദു) ഗണത്തിൽ പെടുത്താവുന്ന യുവതിയാണ്. അതായത് ജാദൻ ബായിയുടെയോ ബാദർ ബേഗത്തിന്റെയോ മറ്റൊരു സെല്ലുലോയ്ഡ് പതിപ്പാണ് കമൽ അംരോഹിയുടെ ‘പക്കീസ’. മീനാകുമാരിയുടെ അഭിനയത്തിന് കീരിടമണിയിച്ചതാണ് ഈ പോപ്പുലർ സിനിമ. മുസാഫിർ അലിയുടെ ‘ഉമ്റോ ജാൻ’ ഇതേ കഥയുടെ വ്യത്യസ്​ത രൂപമാണ്. രേഖയാണ് നർത്തകിയായെത്തുന്നത്. ഖയ്യാമിന്റേതാണ് സംഗീതം.

ഗരം ഹവ - സിനിമയിൽ നിന്ന്
ഗരം ഹവ - സിനിമയിൽ നിന്ന്

നെറ്റ്ഫ്ളിക്സിനുവേണ്ടി സഞ്ജയ് ലീലാ ബൻസാരി സംവിധാനം ചെയ്ത ഹിരാമണ്ഡിയിൽ (ഡയമണ്ട് ബാസാർ) നായികാ വേഷമണിഞ്ഞ മനീഷ കൊയ്രാള ‘താമയ്ഫ’ യുവതിയായാണ് ചിത്രത്തിൽ. സ്​ത്രീശാക്തീകരണരംഗത്ത് ഇപ്പോൾ അവർ സജീവമാണ്. മനീഷയെ പ്രോട്ടഗോണിസ്റ്റ് എന്നാണ് പത്രങ്ങൾ വിശേഷിപ്പിക്കുന്നത്. പ്രസിദ്ധ ഹിന്ദി അഭിനേത്രിയും ഗായികയുമായ ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര തന്റെ വ്യവസായം പുഷ്​ടിപ്പെടുത്തിയത് പോൺ സിനിമാ നിർമ്മാണത്തിലൂടെയെന്നത് വലിയ വാർത്തയായി. സിനിമകളിൽ അവസരം തേടിയെത്തുന്ന യുവതികൾ കുന്ദ്രയുടെ വലയിൽ ചെന്നു ചാടിയതായും റിപ്പോർട്ടുകൾ ധാരാളമായിരുന്നു. ബോംബെ മലാഡ് വെസ്റ്റിലെ പിക്നിക് സ്​പോട്ടായ ‘മദ് ഐലൻ്റ്’ കേന്ദ്രമാക്കിയായിരുന്നു ഈ നീലച്ചിത്ര നിർമ്മാണം പൊടിപൊടിച്ചിരുന്നത്.

സിനിമാവ്യവസായം വിവിധ സുകുമാരകലകൾ അടങ്ങുന്നവയാണ്. അതിന് അഭിനയവും സംഗീതവും ഛായാഗ്രഹണകലയും ആർട്ടും മറ്റുമായി അഭേദ്യബന്ധമുണ്ട്. അതുകൊണ്ടാണ് സിനിമ, കച്ചവടത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാകുന്നത്.

ഗീതാ ദത്ത് പാടിയ ‘‘ബാബുജി ധീരേ ചൽനാ’’ അവരുടെ ഏറ്റവും പോപ്പുലറായ സിനിമാഗാനമാണ്. അവർ പാടിയ ഏതാണ്ട് എല്ലാ ഗാനങ്ങളും ഹിറ്റായപ്പോൾ കണ്ണുകടി, അസൂയ തുടങ്ങിയ പ്രവണതകൾ വെളിപ്പെടുത്തിയത് ഇന്ത്യയുടെ വാനമ്പാടി എന്നു നാം വിളിക്കുന്ന ലതാമങ്കേഷ്കറാണെന്ന് ബോളിവുഡ് വൃത്തങ്ങൾക്ക് നന്നായറിയാം. ഗീതാ ദത്തിന് പാടാനുള്ള അവസരങ്ങൾ ലതാജി ഇടങ്കോലിട്ട് പൂഴ്ത്തിയ വാർത്തകളും അനേകമാണ്. ഗീതയുടെ ശബ്ദം ആസ്വദിക്കുമ്പോൾ നാം പ്രത്യേകമായൊരു സംഗീത ലോകത്തിലാണ് ലയിക്കുക. എന്നാൽ ‘എന്റെ തട്ടകത്തിൽ നീ കേറികളിക്കുന്നോ?’ എന്ന ഗർവ് ലതാജിയെ സംഗീതലോകത്ത് കുറെ നാളെങ്കിലും ഇടിച്ചുതാഴ്ത്തി. ഗീതയുടെ ശബ്ദമധുരിമ ഏറ്റവും ഉപയോഗപ്പെടുത്തിയ സംഗീത സംവിധായകൻ ഒ.പി. നയ്യാർ പിന്നീട് ലതാമങ്കേഷ്കറെ തന്റെ ഗാനങ്ങൾ പാടാൻ വിളിച്ചിട്ടുമില്ല. അതോടെ ലതാമങ്കേഷ്കർ ഒ.പി. സാഹേബിന്റെ പാട്ടുകളെ തള്ളിപ്പറഞ്ഞു. അവയ്ക്ക് പാശ്ചാത്യസംഗീതത്തിന്റെ അതിപ്രസരമുണ്ടെന്നും മറ്റും സിനിമാ മീഡിയക്ക് വിളമ്പി. ഗുരുദത്ത് പ്യാസയിലൂടെയും ടാക്സി ഡ്രൈവറിലൂടെയും അനശ്വര നടനായതോടെ അദ്ദേഹത്തിന്റെ സിനിമകളിൽ പാടുകയും വഴിയെ ഗീത അദ്ദേഹത്തിന്റെ പങ്കാളിയുമായി. ഗീത, ഗീത ദത്തായി. പുതിയൊരു പ്ലാറ്റ്ഫോമും അവർക്ക് അങ്ങനെ നേടാനായി. സി. രാമചന്ദ്ര, നൗഷാദ്ജി, സലിൽ ചൗധരി, ഹേമന്ദ് കുമാർ തുടങ്ങിയ എണ്ണം പറഞ്ഞ സംഗീതജ്ഞർ ഗീതാ ദത്തിന്റെ ശബ്ദം തിരഞ്ഞെടുത്തതോടെ ശ്രീമതി ലതാ മങ്കേഷ്കറുടെ ശബ്ദം അടഞ്ഞു. അവരുടെ ഗീതയെകുറിച്ചുള്ള പൊള്ളയായ കുശുമ്പിന് ഫുൾസ്റ്റോപ്പിടേണ്ടിവന്നു.

‘‘ജാനേ ക്യാ തൂനേ കഹി,
ആ ദിൽ മുജേ ബതാദേ,
... ‘‘തക്ബീർ സെ ബിഗ്ഡി ഹുയി...’’
‘‘വകത് നേ കിയാ’’
തുടങ്ങി ശോകവും സന്തോഷവുമൊക്കെ സ്വന്തം ഹൃദയഭാഷയിലെന്നപോലെ നമ്മെ പാടിക്കേൾപ്പിച്ച ഗീതാ ദത്തിനെ ഇന്ത്യയുടെ വേറിട്ട ശബ്ദമാധുരിയായി അവരോധിക്കാം.

മഹാരാഷ്ട്രയിൽ അവരുടെ യഥാർത്ഥ പേരുകൾക്കുശേഷം വാലെന്നപോലെ സ്വന്തം ഗ്രാമങ്ങളുടെ പേരുകളും ചേർക്കുന്നു. അത് തിരിച്ചറിയൽ സമ്പ്രദായം കൂടിയാണ്. രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമവാസിയാണ് ബാബാ സാഹേബ് അംബേദ്ക്കർ.

ബാബാ സാഹേബ് അംബേദ്ക്കർ
ബാബാ സാഹേബ് അംബേദ്ക്കർ

സുമൻ കല്യാൺപൂർ (കോലാപൂർ ഗ്രാമപ്രദേശം) ബോളിവുഡിലെ നമ്പർ–1 ഗായിക ആകാതിരുന്നതിലും ലതാമങ്കേഷ്കറുടെ ചരടുവലികളും കാലുവാരലും ഉണ്ടായിരുന്നു. അവരുടെ ശബ്ദം ലതക്കുപരി മനോഹരമായതാണ് പ്രധാന കാരണം. സുമനെക്കൊണ്ട് പാടിക്കുന്നതിൽനിന്ന് സംഗീതസംവിധായകരെ വിലക്കിയിരുന്ന ആദ്യ വ്യക്തിയും ഇന്ത്യൻ വാനമ്പാടിയായി അറിയപ്പെടുന്ന ലതാജി ആയിരുന്നുവെന്നത് വിചിത്രമായി തോന്നാം. എച്ച്.എം.വി മ്യൂസിക്സ് ഈ ഗായികയുടെ നൂറ്റമ്പതോളം ഗാനങ്ങൾ അടങ്ങിയ വിനിൽ റെക്കോഡ് പുറത്തിറക്കിയതോടെ ലതാജിയുടെ നാവിറങ്ങിപ്പോയി.

ബസു ചാറ്റർജിയുടെ ‘ഛോട്ടീ സി ബാത്തി’ലൂടെയാണ് യേശുദാസ് ഹിന്ദി സിനിമയിൽ ആദ്യം പാടിയത്. സലിൽ ചൗധരി ഈണമിട്ട ‘ജാനേ മൻ ജാനേ മൻ’ എന്ന യുഗ്മഗാനത്തിൽ ആശാ ഭോസ്ലേയും ചേർന്നപ്പോൾ യുവഹൃദയങ്ങളിൽ ഒരു കുതിപ്പു തന്നെ നടത്തി. ബസു ദായുടെ അടുത്തപടം ‘ചിത്ത്ചോർ’ (ഹൃദയ തസ്​കരൻ- സംഗീതം രവീന്ദ്ര ജെയ്ൻ) ഒരു മാർവെലസ് സിനിമ തന്നെയാണ്. ഗ്രാമ്യഭംഗി പകർത്തുന്ന ദൃശ്യങ്ങൾക്കൊപ്പം സറീനാ വഹാബും അമോൽ പാലേക്കറും മാസ്റ്റർ രാജുവും ചേർന്ന് ജീപ്പിൽ സഞ്ചിക്കുമ്പോൾ പാടുന്നത് ‘ഗോരി തേര ഗാവ് ബഡാ പ്യാര’. അതും സൂപ്പർഹിറ്റായി. യേശുദാസിനും മാസ്റ്റർ രാജുവിനും നാഷണൽ അവാർഡുകളും നേടാനായി. ഇതും ശ്രീമതി ലതാജിക്കും കിഷോർ കുമാറിനും ദഹിച്ചില്ല. ഒരു സിനിമയുടെ റെക്കോഡിങ്ങ് വേളയിൽ യേശുദാസ് വൈകിയെത്തി എന്നായിരുന്നു കിഷോർ ദായുടെ ആരോപണം. ബസു ചാറ്റർജിയുടെ ‘സ്വാമി’യിൽ ദാസ് പാടിയ ‘കാ കരൂ സജ്നി’വിനിൽ റെക്കോഡിന് കൽബാ ദേവി മുതൽ റിഥം ഹൗസ് വരെ അലഞ്ഞ അനുഭവവും ഇവിടെ ഓർമ്മിക്കുന്നു. അവയെല്ലാം പടപടാന്ന് അപ്പോൾതന്നെ വിറ്റുപോയിരുന്നു. യേശുദാസിനെ സൗത്തിന്ത്യൻ ഗായകന്റെ ലേബൽ ചാർത്തി ബഹിഷ്കരിക്കാനായിരുന്നു ലത ടീമിന്റെ ഉദ്ദേശ്യമെന്ന് സിനിമാവൃത്തങ്ങളിൽ അന്ന് കേട്ടിരുന്നു.
സ്വജനപക്ഷപാതം, ജാതി–മത വ്യവസ്​ഥ, വരേണ്യത, ഡീമോറലൈസ് ചെയ്യപ്പെട്ട സമൂഹത്തിൽ നിന്നുള്ളവരോടുള്ള വിവേചനം തുടങ്ങിയവ ബോളിവുഡ് ചരിത്രത്തിൽ ധാരാളമാണ്.

ഹീരാമണ്ഡി
ഹീരാമണ്ഡി

27–ഡൗൺ ലോ ബജറ്റ്സിനിമയാണെങ്കിലും അതിന് പല പുരസ്​കാരങ്ങളും നേടാനായി. സംവിധായകൻ അവ്താർ കൗൾ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്നാൾ ജുഹൂ–സാൻ്റാക്രൂസ് ബീച്ചിൽ മരണമടഞ്ഞ വാർത്തയും അതോടൊപ്പമുണ്ടായി. അതിന്റെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല.

സിനിമാ ഷൂട്ട് ലൊക്കേഷനുകളിൽ ഭക്ഷണമെത്തിച്ചുവിളമ്പുന്ന രണ്ടുപേരെ എനിക്ക് പരിചയമുണ്ട്. അവരിൽ കർണ്ണാടകക്കാരൻ കുമാർ റാവു ചർച്ച് ഗേറ്റ് സൽക്കാർ ഹോട്ടലിലെ കിച്ചൺ സൂപ്പർവൈസറായിരുന്നു. രണ്ടാമൻ എം. അലി. ഹൈദരാബാദ്കാരൻ – മട്ടൺ, ചിക്കൻ, ദം ബിരിയാണി സ്​പെഷ്യലിസ്റ്റ്. കോവിഡ് –19 മഹാനഗരജീവിതത്തെ കടന്നാക്രമിച്ചപ്പോൾ ഇരുവരുടേയും റസ്റ്റോറൻ്റുകൾക്ക് പൂട്ടിട്ടു. സൽക്കാർ ഹോട്ടൽ ഇപ്പോൾ മക്ഡൊണാൾഡ് ഭക്ഷ്യശൃംഖലയുടെ ഔട്ട്ലെറ്റാണ്.

സാൻ്റാക്രൂസിലെ ന്യൂ ബാഗ്ദാദി ഹോട്ടലിന്റെ അവസ്​ഥയും വ്യത്യസ്​തമല്ല. അതും പൂട്ടി. കുമാറും അലിയും രണ്ടു ദേശക്കാരാണെങ്കിലും ദോസ്​തുമാരാണ്. ഷൂട്ടിംഗ് ലൊക്കേഷനിലുള്ള കാരവനിൽ ഫുഡ് അടിക്കാൻ വരുന്നവരെ ഊട്ടുക, അതിലൂടെ വരുമാനം കണ്ടെത്തുക എന്ന ആശയം പ്രാവർത്തികമാക്കാൻ പ്രയാസം നേരിട്ടെങ്കിലും കടം വാങ്ങിയും ബാങ്കിൽ നിന്ന് പേഴ്സണൽ ലോണെടുത്തും ഭാര്യ, പുത്രി, സഹോദരിമാരുടെ സ്വർണ്ണം പണയം വെച്ചും പൈസ സംഘടിപ്പിച്ച് സിനിമാക്കാർക്കുവേണ്ടി മാത്രമുള്ള ‘സഞ്ചരിക്കും കുശിനി’ വാങ്ങി. ഭക്ഷണം പാകം ചെയ്തിരുന്നത് മുളുണ്ട് വാഗ്ലേ എസ്റ്റേറ്റിന് സമീപമുളള പഴയ കെട്ടിടമുറി വാടകയ്ക്കെടുത്തായിരുന്നു.

തീറ്റിസാധനങ്ങൾ പേറി പറക്കും കിച്ചൺ ബോംബെയിലും സമീപപ്രദേശങ്ങളിലുമുള്ള ഫിലിം ലൊക്കേഷനുകളിലെത്തി താരങ്ങൾക്ക് വിളമ്പുന്നതാണ് സർവ്വീസ്​. അവിടെ രണ്ടു തരം ഭക്ഷണം (വെജും നോൺ വെജും എന്ന തരംതിരിവല്ല) ഉണ്ട്. താരരാജാക്കന്മാർക്ക് തന്തൂരി ചിക്കനും ഫൂൽക്കാ റൊട്ടിയും മട്ടൺ കബാബും ഫലൂദയും മറ്റും വിളമ്പുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ, മേക്കപ്പ് ആർട്ടിസ്റ്റ് സഹായികൾ, ലൈറ്റ് ബോയ് തുടങ്ങിയ പാവങ്ങൾക്ക് ദാൾ–ചാവൽ, പൊട്ടേറ്റോ വട, വരൺ (മറാഠി ഭക്ഷണം) പപ്പടം, അച്ചാർ എന്നിവയാണ് നല്കുക. താരരാജാക്കന്മാർ ഭക്ഷണം വീശി ഏമ്പക്കംവിട്ട് പുറത്തുപോയിക്കഴിഞ്ഞാലേ ‘തേഡ് ക്ലാസ്’ സിനിമാപ്രവർത്തകർക്ക് ഭക്ഷണം നൽകൂ എന്നും സുഹൃത്തുക്കൾ പറയുന്നു.

സോയ അക്തർ
സോയ അക്തർ

മഹാനഗരത്തിന്റെ സാംസ്​കാരിക ഭൂമികയിൽ തിളങ്ങുന്നവരിൽ പുരുഷകലാകാരന്മാർക്കൊപ്പം വനിതകളുടെയും സാന്നിദ്ധ്യം കേരളത്തിനേക്കാൾ ഒരുപടി മുകളിൽത്തന്നെയാണ്.

സായ് പരഞ്ജ്പേ പൂനെ ആസ്​ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധായികയാണ്. കഥ, ബശ്മേ ബദ്ദുർ, സ്​പർശ്, അംഗുഠാ ചാപ്പ് (അക്ഷരമറിയാത്തവർ) ദിശ (തൊഴിലന്വേഷകരായി നഗരങ്ങളിലെത്തുന്നവരുടെ കഥകൾ) എന്നിവ നിർമ്മിച്ച് സംവിധാനം ചെയ്ത വനിതയാണ്. അവരുടെ ഓർമ്മക്കുറിപ്പുകളുടെ പുസ്​തകം ഒരു കലാകാരിയുടെ അത്യന്തം തീക്ഷ്ണവും ധീരവുമായ ചെറുത്തുനിൽപ്പിന്റെ കഥകളാണ്.

അരുണ–വികാസ് ദേശായ് ജോടികളെ ഞാനറിയുക അഡ്വർട്ടയ്സിങ്ങ് പ്രൊഫഷണൽ എന്ന നിലയ്ക്കാണ്. അരുണ രാജേ എന്ന മഹാരാഷ്ട്രീയൻ വനിത ബോംബെ ഗ്രാൻ്റ് മെഡിക്കൽ കോളേജിൽ മെഡിസിന് ചേർന്നെങ്കിലും താമസിയാതെ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് കോഴ്സ് പാസായി. വികാസ് ദേശായി ആഡ്ഫിലിം മേക്കിംഗ് രംഗത്തായിരുന്നു. അവർ ഇരുവരും വിവാഹിതരുമായി. വഴിയേ ചേർന്ന് നിർമ്മിച്ച ഉജ്ജ്വല സിനിയമാണ് ‘ഷക്ക്’ (സംശയം). വിനോദ് ഖന്ന, ശബാന ആസ്​മി, ഉത്പൽ ദത്ത് എന്നീ സൂപ്പർ സ്റ്റാറുകളുടെ സിനിമ ഹിന്ദി ക്രൈംത്രില്ലർ സിനിമകളിൽ പ്രത്യേക സ്​ഥാനം കൈവരിച്ചിട്ടുണ്ട്. അനുപമ ചോപ്ര ബോളിവുഡ് ഫിലിം ക്രിട്ടിക്കും അവരുടെ ഗിൽഡിന്റെ ചെയർ പേഴ്സണുമായി പ്രവർത്തിച്ചുവരുന്നു.

ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകളായ സോയ അക്തർ ‘ജിന്ദഗി നാ മിലേഗി,’ ‘ദൊബാര,’ ‘ദിൽ ദഡ്ക് നേ ദോ’ എന്നീ സൂപ്പർ സിനിമകളിലൂടെയും ധാരാവിയിലെ തെരുവ് റാപ്പേഴ്സിന്റെ ജീവിതം ഹൃദയസ്​പർശിയായി ചിത്രീകരിച്ച ‘ഗല്ലി ബോയ്’ എന്ന സിനിമയിലൂടെയും, മറ്റ് സ്​ത്രീസംവിധായകരിൽനിന്ന് വ്യത്യസ്​തമായി സിനിമകളെടുത്ത ആളാണ്.

ജനനം കൊണ്ട് പഞ്ചാബിയായ ദീപ മേത്ത കനേഡിയൻ പൗരത്വം സ്വീകരിച്ച ലോകപ്രശസ്​ത സിനിമാസംവിധായകരിൽ ഒരാളാണ്. ‘ഫയർ,’ ‘വാട്ടർ,’ ‘എർത്ത്’ എന്നിവ കാൻ ഫെസ്റ്റിവലിനും ഓസ്​കറിനും നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രസിദ്ധ തിയേറ്റർ പെർസണാലിറ്റിയും ആഡ് ഗുരു അലിക് പദംസിയുടെ ജീവിതപങ്കാളിയുമായ പേൾ പദംസിയുടെ സ്​ഥാനം ബോംബെ സിനിമാ–നാടക മേഖലയിൽ അറിയാത്തവർ ആരുമുണ്ടാകാനിടയില്ല. ഇംഗ്ലീഷ് നാടകങ്ങൾ എഴുതിയും സംവിധാനം നിർവ്വഹിച്ചും പോന്ന പേൾ പല ബോളിവുഡ് സിനിമകളിലും വിവിധ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബസു ചാറ്റർജിയുടെ ഖട്ടാ–മീഠാ (കയ്പും മധുരവും), ബാത്തോ ബാത്തോംമേ (ലീലാ മിശ്ര, അമോൽ പാലേക്കർ, പേൾ, ദേവൻ വർമ്മ) എന്നീ ക്ലാസ് സിനിമകൾ ബോളിവുഡ് സിനിമാസ്വാദകർ എന്നുമോർക്കും.

ജെനിഫർ വിദേശ വനിതയാണ്. പ്രമുഖ നടൻ ശശികപൂറിനെ പ്രണയിച്ച് വിവാഹം ചെയ്തതോടെ അവർ ജെനിഫർ കപൂർ ആയി ബോംബെ ഇംഗ്ലീഷ് നാടകവേദിയിൽ തിളങ്ങി. ഷേക്സ്​പിയർ വാല അവരുടെ പ്രസിദ്ധ നാടകങ്ങളിൽ ഒന്നാണ്. ജെനിഫറാണ് പൃഥ്വി തിയേറ്റർ സ്​ഥാപക എന്നുകൂടി ഓർക്കേണ്ടതുണ്ട്.


Summary: KC Jose writes the story of junior artists of bollywood cinema called as 'Extra Actress'. He explains how Aspiring Bollywood Actresses Trapped and Abused in Bombay


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments