ഇപ്പോൾ ഏതാണ്ട് രണ്ടു വർഷമായിക്കാണും. ഞാനും വി. അബ്ദുൽ ലത്തീഫും ഹോഡ്സ് ബെക്കോയെ കണ്ടിട്ട്.
ബോസ്നിയൻ തലസ്ഥാനമായ സരയാവോയിലായിരുന്നു കൂടിക്കാഴ്ച്ച. ഞങ്ങൾ പല നാടുകൾ ചുറ്റി അൽപം ദീർഘമായി അലയുകയായിരുന്നു. സരയാവോയിൽ ബെക്കോ നടത്തുന്ന ഹോസ്റ്റലിലാണ് താമസിക്കേണ്ടത്. ഹോസ്റ്റലിനും താഴ്നിലയിലെ മധുശാലക്കും പിങ്ക് ഹുഡ്നി എന്നാണ് പേര്. മധുശാലയിൽ ശനി, ഞായർ ദിനങ്ങളിൽ നേരം വെളുക്കും വരെ പാട്ടാണ്, റാപ്പാണ്. ചുമ്മാ ഒന്ന് കേറി നോക്ക്.
ബെക്കോ മധുശാലയുടെ വാതിൽ ഞങ്ങൾക്കു മുന്നിൽ തുറന്നു. അതിനകത്ത് ഗംഭീരമായ ലൈബ്രറി. സംഗീതം, സിനിമ എന്നിവയെക്കുറിച്ചുള്ളതാണ് കൂടുതൽ പുസ്തകങ്ങളും. ബോസ്നിയൻ ചരിത്രത്തെക്കുറിച്ചും ചിത്രകലയെക്കുറിച്ചും നാടകങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങളുമുണ്ട്. ഫെല്ലിനിയെക്കുറിച്ച് എട്ട് പുസ്തകങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ ലാസ്ട്രാഡയുടെ ഷൂട്ടിംഗ് സ്റ്റില്ലുകളും അതിന്റെ അടിക്കുറിപ്പുകളുമുള്ള ഒരു പുസ്തകമാണ്. ലാ സ്ട്രാഡ പോപ്പിന്റെ സിനിമയാണ്, ഞാൻ ബെക്കോയോട് പറഞ്ഞു, എന്റെയും സിനിമയാണ്– അദ്ദേഹം തർക്കിച്ചു.

എന്നാലും ഞങ്ങളുടെ ഈ പോപ്പ് കൊള്ളാം, ലാസ്ട്രാഡയെക്കുറിച്ച് പറഞ്ഞല്ലോ– ഇതും പറഞ്ഞ് ബെക്കോ നിർത്താതെ ചിരിച്ചു. പോപ്പും ലാസ്ട്രാഡയും ആരോ ഉണ്ടാക്കിയ കെട്ടുകഥയാണെന്നാണ് ഞാൻ കുറേക്കാലം കരുതിപ്പോന്നത്, എന്നാൽ 2013-ൽ അദ്ദേഹം ഒരഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത് അച്ചടിച്ചു വന്നപ്പോൾ പിന്നെ വിശ്വസിക്കാൻ പറ്റാതായി. വിശ്വസിപ്പിക്കലാണല്ലോ പോപ്പുമാരുടെ പണി– ബെക്കോ വീണ്ടും തലയുറഞ്ഞ് ചിരിച്ചു. ബോർഹസാണല്ലോ പോപ്പിന് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ, ഞാനൊന്ന് ചൂണ്ടി നോക്കി. അപ്പോൾ യേശുവോ എന്നു ചോദിച്ച് ബോർഹസിനെക്കൂടി ചർച്ചയിലേക്ക് കൊണ്ടു വരാനുള്ള എന്റെ നീക്കത്തിന് ബെക്കോ ചെക്ക് പറഞ്ഞു.

ലാസ്ട്രാഡയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്ന പോപ്പിന്റെ പറച്ചിലും ആ സിനിമയുടെ ചിത്രീകരണവേളയിലെ സ്റ്റില്ലുകളുടെ പുസ്തകവും– എന്റെ ലാസ്ട്രാഡ വിജ്ഞാനം വിളമ്പാൻ പറ്റിയ അവസരം എന്നു കരുതി സന്ദർഭം മുതലാക്കാൻ ഞാനൊന്നു മുരടനക്കി നോക്കിയതിനു നേരെയാണ് ബെക്കോനോ പറഞ്ഞത്. അതും യേശുവിനെ വെച്ച്.
ആ യാത്ര കഴിഞ്ഞ് കുറച്ചുനാളിനു ശേഷം ലാസ്ട്രാഡയുടെ എഴുപതാം പിറന്നാളിന്, കഴിഞ്ഞവർഷം മേയിൽ വത്തിക്കാനിൽ നിന്ന് പോപ്പിന്റെ ഒരു വീഡിയോ സന്ദേശം വന്നപ്പോൾ ഞാൻ സരയാവോയിലെ ബെക്കോ സംവാദം ഓർത്തിരുന്നു. വത്തിക്കാനിൽ നിന്നുള്ള ആ വീഡിയോ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: കുട്ടിക്കാലത്തും കൗമാരപ്രായത്തിലും, നിയോ റിയലിസ്റ്റ് കാലഘട്ടത്തിലെയും അതിനുശേഷമുള്ളതുമായ ഇറ്റാലിയൻ സിനിമകളിലെ മിക്കവാറും എല്ലാ സിനിമകളും ഫ്രാൻസിസ് മാർപാപ്പ കണ്ടിരുന്നു. തുടർച്ചയായി മൂന്ന് സിനിമകൾ പ്രദർശിപ്പിച്ചിരുന്ന ബ്യൂണസ് അയേഴ്സിലെ അയൽപക്ക സിനിമശാല മാതാപിതാക്കളോടൊപ്പം അദ്ദേഹം സന്ദർശിക്കുമായിരുന്നു, അല്ലെങ്കിൽ മുത്തശ്ശി റോസയുടെ വീട്ടിൽ ചെലവഴിക്കുന്ന ഉച്ചകഴിഞ്ഞ് അവ കാണുമായിരുന്നു. എന്നാൽ ഈ സിനിമകളിൽ ഒന്ന് പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആത്മാവിനെ സ്പർശിച്ചു, അതിനാൽ അദ്ദേഹം, പുരോഹിതനാകാനുള്ള പഠനസമയത്ത് ഒരു സുവിശേഷ പാഠം ഉൾക്കൊള്ളുന്ന സിനിമയായി അതിനെ ആവർത്തിച്ച് ഉദ്ധരിച്ചിട്ടുണ്ട്: ‘ലാ സ്ട്രാഡ’. ഫെഡറിക്കോ ഫെല്ലിനിയുടെ 1954- ലെ മാസ്റ്റർപീസ്, ഓസ്കാർ നേടി. അതിൽ ഗിയൂലിയറ്റ മസീന, ആൻ്റണി ക്വിൻ, റിച്ചാർഡ് ബേസ്ഹാർട്ട് എന്നിവർ അഭിനയിച്ചു. ‘അത് എന്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നു’, സിനിമയുടെ 70–ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ മീഡിയ നിർമ്മിച്ച ഒരു ഹ്രസ്വവീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

പാപ്പ തുടർന്നു പറഞ്ഞു:
കുട്ടിയായിരിക്കെ, ഫെല്ലിനിയുടെ നിരവധി സിനിമകൾ ഞാൻ കണ്ടിരുന്നു, പക്ഷേ ലാ സ്ട്രാഡ എന്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നു. ചിത്രം കണ്ണീരോടെ ആരംഭിക്കുകയും കണ്ണീരോടെ അവസാനിക്കുകയും ചെയ്യുന്നു; അത് കടൽത്തീരത്ത് ആരംഭിച്ച് കടൽത്തീരത്ത് അവസാനിക്കുന്നു. എന്നാൽ എല്ലാറ്റിനുമുപരി, തമാശക്കാരനും കല്ലും തമ്മിൽ സംസാരിക്കുന്നതു പോലുള്ള രംഗം എന്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നു, അത് ആ പെൺകുട്ടിയുടെ ജീവിതത്തിന് അർത്ഥം നൽകുന്നു.
‘ഇൽ മാറ്റോ’ എന്ന ഇറുകിയ കയറുനടത്തക്കാരിയും വയലിനിസ്റ്റും ആയ തെരുവുകലാകാരിയും അക്രമാസക്തയുമായ സാംപാനോയ്ക്കൊപ്പം പ്രവർത്തിക്കുന്ന ദുർബലയായ പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തെയാണ് പോപ്പ് പരാമർശിച്ചത്. പക്ഷെ ബെക്കോ ലാ സ്ട്രാഡ സുവിശേഷത്തിൽ തൽപരനായിരുന്നില്ല.

അദ്ദേഹം പെട്ടെന്ന് മധുശാലയിലെ ഏതോ തൂണിന്റെ നിഴലിൽ നിന്നെന്ന പോലെ ഒരു പെയിൻ്റിങ്ങ് പൊക്കിയെടുത്തു, ഞങ്ങളുടെ മുന്നിലേക്ക് നീക്കിവെച്ചു, എന്നിട്ട് പറഞ്ഞു, ഇത് പോപ്പിനുള്ളതാണ്, ഒരു ദിവസം കൊണ്ടു കൊടുക്കണം.
ഇതാരുടെ പെയിൻ്റിങ്ങാണ്?
എന്റേതു തന്നെ; അദ്ദേഹം പറഞ്ഞു.
‘ഞാൻ ഒരു നോവലും എഴുതിയിട്ടുണ്ട്. പുറത്തു കാണിച്ചിട്ടില്ല, ബുക്കർ പോലെ എന്തെങ്കിലും കിട്ടാനിടയുള്ള നോവലാണത്’- ബെക്കോ വിടുന്നില്ല. നോവൽ അവിടെയിരിക്കട്ട, ഈ പെയിൻ്റിങ്ങിനെക്കുറിച്ച് പറയൂ എന്നായി ഞാൻ. കണ്ടിട്ട് എന്തു തോന്നുന്നു, സൂക്ഷിച്ച് സൂക്ഷിച്ച് നോക്കൂ. കുറച്ചുസമയം കൊണ്ട് സംഗതി പിടികിട്ടി– ചന്ദ്രക്കല കൊണ്ടുള്ള കുരിശാണ് ബെക്കോ പെയിൻ്റിങ്ങിൽ സാക്ഷാത്ക്കരിച്ചിരിക്കുന്നത്.
ബെക്കോ ഉയരം കൂടിയ സ്റ്റൂളിൽ ഇരുന്ന് ഒന്നാടി. പിന്നെ പറഞ്ഞു, ക്രിസ്ത്യൻ– ഇസ്ലാം മതങ്ങളുടെ സംവാദവും സംലയനവും അനിവാര്യമാണ്, ഇന്ന് ലോകം നേരിടുന്ന പ്രശ്നത്തിന് ഇതേ പരിഹാരമുള്ളൂ. ഇത് പോപ്പിനെയല്ലാതെ മറ്റാരെയാണ് അറിയിക്കേണ്ടത്? ബെക്കോ ഉന്മാദത്തോടെ ചോദിച്ചു. അങ്ങനെ ചന്ദ്രക്കലകൊണ്ടുള്ള കുരിശ് കുറച്ചു നേരം ഞങ്ങൾക്ക് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി നിന്നു.
‘‘ഇന്നും ബോസ്നിയയിൽ രക്തം വീഴുന്നുണ്ട്. പഴയ അതേ ആസുരതയോടെ ഹിംസയുടെ പ്രവണത തിരിച്ചു വരാം. അത് തടയാനുള്ള കാമ്പയിൻ പെയിൻ്റിങ്ങാണിത്–ചന്ദ്രക്കല കൊണ്ടുള്ള കുരിശ്’’
ഞാൻ പറയുന്നത് വങ്കത്തം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. അതിന് ഒറ്റ കാരണമേയുള്ളൂ. നിങ്ങൾക്ക് ബോസ്നിയയുടെ ചരിത്രമറിയില്ല. ക്രിസ്തു- മുസ്ലിം സൗഹൃദമുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ചരിത്രത്തിൽ ഇത്രയും രക്തം വീഴുമായിരുന്നില്ല- ഇങ്ങനെ പറഞ്ഞ് അദ്ദേഹം ബോസ്നിയർ ചരിത്രം പറയുന്ന ഒരു തടിച്ച പുസ്തകം പുറത്തെടുത്തു. അടിവരയിട്ട നിരവധി പേജുകൾ കാണിച്ചു, ആ താളുകളിലെ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങൾ കാണിച്ചു. എന്നിട്ട് തലയിൽ കൈ വെച്ചു, ഇതൊക്കെ നിങ്ങളെ കാണിച്ചിട്ട് എന്തു കാര്യം? ഇതെല്ലാം ഞങ്ങളുടെ ഭാഷയിലല്ലേ? നിങ്ങൾക്കിത് വായിക്കാനാവില്ലല്ലോ– അയാൾ പുസ്തകം മടക്കിവെച്ചു.
ഇന്നും ബോസ്നിയയിൽ രക്തം വീഴുന്നുണ്ട്. പഴയ അതേ ആസുരതയോടെ ഹിംസയുടെ പ്രവണത തിരിച്ചു വരാം. അത് തടയാനുള്ള കാമ്പയിൻ പെയിൻ്റിങ്ങാണിത്–ചന്ദ്രക്കല കൊണ്ടുള്ള കുരിശ്. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ പിങ്ക് ഹുഡ്നിയുടെ വിസിറ്റിങ്ങ് കാർഡ് അദ്ദേഹം എനിക്കു നേരെ നീട്ടി, ഞാനത് വായിച്ചു– ദൈവം വലിയ തിരക്കിലാണ്, അതിനാൽ ഞങ്ങൾ നിങ്ങൾക്ക് വെച്ചു വിളമ്പട്ടെ.

പക്ഷെ, ആ യാത്രയിലും പിന്നീടും ചന്ദ്രക്കല കൊണ്ടുള്ള കുരിശ് ഇടക്കിടെ ഓർമ്മയിലേക്ക് വന്നു കൊണ്ടിരുന്നു. ലത്തീഫെടുത്ത അതിന്റെ ചിത്രങ്ങൾ ചിലപ്പോഴൊക്കെ നോക്കും. പിന്നെപ്പിന്നെയാണ് ആ ചിത്രത്തിൽ ഒരു വിടവുണ്ടെന്ന് തോന്നിയത്. അതിൽ ഒരു അസാന്നിധ്യമുണ്ട്. ജൂത മതം, അതിന്റെ ചിഹ്നങ്ങൾ ഒന്നും ആ ചിത്രത്തിലില്ല. എന്നു മാത്രമല്ല സെമിറ്റിക്ക് മതങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജൂത മതം കടന്നു വരുന്നത് താരതമ്യേന കുറവ്. ജൂത മത വിശ്വാസത്തെ ഇസ്രായേൽ സ്റ്റേറ്റായി കാണുന്ന രീതിയാണ് മുസ്‍ലിം സംഘടനകൾക്കുള്ളത്. ആഗോള തലത്തിൽ തന്നെ അതങ്ങനെയാണ്. യഹൂദി എന്ന പദം മോശം വിവക്ഷയോടെയാണ് പ്രയോഗിക്കാറുള്ളത്. ഇസ്രായേൽ ഭരണകൂടവും ജൂതായിസവും ഒന്നല്ലെന്ന് ചില സെമിറ്റിക്ക് പണ്ഡിതർ ചൂണ്ടിക്കാട്ടിയത് കണ്ടിട്ടുണ്ട്. ഇസ്രായേൽ ഒരു മതരാഷ്ട്രമല്ല, സെക്യുലർ രാഷ്ട്രമാണ് എന്നാണ് അവരെല്ലാം വാദിച്ചിട്ടുള്ളത്. ഫ്രാൻസിസ് പാപ്പയുടെ പല തരത്തിലുള്ള പ്രസ്താവനകളും മറ്റും പലപ്പോഴായി പലയിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ജൂത ആത്മീയതയുമായി അദ്ദേഹം സംവദിച്ചിട്ടുണ്ടോ എന്നറിയാൻ ഹോഡ്സ് ബെക്കോയുടെ ചിത്രം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആ വിടവ് കൂടി നികത്തേണ്ടതല്ലേ?

ജൂതരുടെ ആത്മീയനേതാവ് ആരാണ്? പോപ്പിനെപ്പോലെ അവരുടെ ആത്മീയാചാര്യൻ ആരാണ്? അങ്ങനെയാണ് ഇസ്രായേലിലെ രണ്ട് റബ്ബികളെക്കുറിച്ചറിയുന്നത്. സമീപകാല പോപ്പുമാരുടെ ചരിത്രത്തിൽ ഇസ്രായേലിലെ റബ്ബിമാരുമായി സംവാദാത്മകമായ ബന്ധം പുലർത്തിയ പോപ്പാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. ഇക്കഴിഞ്ഞ ഈസ്റ്റർ ദിന ആശംസ റബ്ബികൾ പോപ്പിന് കൈമാറിയിരുന്നു. പോപ്പ് മരിച്ച ദിവസം ഇസ്രായേൽ തങ്ങളുടെ എക്സ് എക്കൗണ്ടിൽ അദ്ദേഹത്തിന് ആദരാലികളർപ്പിച്ചു. എന്നാൽ അൽപസമയത്തിനുള്ളിൽ തന്നെ തിരക്കിട്ട് അത് പിൻവലിക്കുകയും ചെയ്തു. ഗാസ വംശീയ ഹത്യയുടെ പേരിൽ പോപ്പ് നടത്തിയ അതിനിശിതമായ വിമർശനങ്ങളാണ് ഇസ്രായേലിനെക്കൊണ്ട് ഇത് ചെയ്യിച്ചത്. എന്നു മാത്രമല്ല, കഫിയ്യ ധരിച്ച ഉണ്ണി യേശുവിനെ മുന്നിൽ വെച്ച് ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിൽ പോപ്പ് പ്രാർഥന നടത്തുകയും ചെയ്തു. പലസ്തീൻ കവി നജ്‍വാൻ ദാർവിഷ് പറഞ്ഞതു പോലെ ഏറ്റവും വിഖ്യാതനായ പലസ്തീനി യേശുവാണല്ലോ.

യഹൂദരുമായി പോപ്പ് പുലർത്തിയിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മകഥയിൽ (ജീവിതം എന്റെ ജീവിതകഥ ചരിത്രത്തിലൂടെ / ഫ്രാൻസിസ് മാർപ്പാപ്പ, ഫാബിയോ മർക്കേസെ റഗോണയോടൊപ്പം: മലയാള പരിഭാഷ: പി.ജെ.ജെ.ആൻ്റണി) പറയുന്നുണ്ട്. ഹിറ്റ്ലറുടെ കാലത്ത് ജൂതർ അനുഭവിച്ച പീഡനങ്ങൾ മുതൽ സപ്തംബർ 11-ലെ ആക്രമണം നടത്തിയതിൽ ജൂതർക്ക് പങ്കുണ്ടെന്ന പ്രചാരണം വരെയുള്ള കാര്യങ്ങൾ വളരെ ആഴത്തിൽ മാർപ്പാപ്പ അവതരിപ്പിക്കുന്നുണ്ട്. ചില മുസ്ലിം പണ്ഡിതർ തങ്ങളുടെ പഠനങ്ങളിൽ ഇസ്ലാമിന് തൊട്ടു മുമ്പുള്ള സെമിറ്റിക്ക് മതം എന്ന നിലയിൽ ക്രിസ്ത്യാനിറ്റിയെ കാണുന്നതു പോലെ പോപ്പ് ക്രിസ്ത്യാനിറ്റിക്ക് തൊട്ടു മുമ്പുള്ള സെമിറ്റിക്ക് മതം എന്ന നിലയിൽ ജൂതായിസത്തെ തന്റെ നിരീക്ഷണങ്ങളിൽ ഉൾക്കൊള്ളിച്ചിരുന്നു. സെമിറ്റിക്ക് മതസംവാദത്തിൽ ഒരു ഇൻക്ലൂസീവ്നെസ്സ് എന്ന നിലയിൽ.
അതുകൊണ്ടു തന്നെ യഹൂദ ആത്മീയതക്ക് പലസ്തീൻ പ്രശ്നത്തിൽ ഏതെങ്കിലും വിധത്തിൽ ഇടപെടാനുള്ള പഴുതുണ്ടോ എന്ന ചോദ്യം അദ്ദേഹം റബ്ബിമാർക്കുമുന്നിൽ വെച്ചതിന്റെ സൂചനകൾ പോപ്പിന്റെ ചില ലേഖനങ്ങളിൽ കാണുന്നുണ്ട്. പക്ഷെ, റബ്ബിമാർ അനുകൂല നിലപാട് എടുത്തതിന്റെ തെളിവുകളൊന്നും കിട്ടാനില്ല. അതായത് ജൂത ആത്മീയതയും ഇസ്രായേൽ ഭരണകൂടവും രണ്ടാണെന്ന് വാദിക്കുകയും അത് റബ്ബിമാർ ഉൾക്കൊള്ളണമെന്നും പോപ്പ് ആഗ്രഹിച്ചിരുന്നു. പോപ്പിന്റെ ഈ നിലപാട് അധികം ചർച്ച ചെയ്യപ്പെട്ടില്ല. എന്തായാലും ജൂത ആത്മീയനേതാക്കൾ പലസ്തീൻ പ്രശ്നത്തിൽ ഇടപെട്ടതിന് തൽക്കാലം നമ്മുടെ മുന്നിൽ തെളിവുകളൊന്നുമില്ല. പോപ്പ് ഫ്രാൻസിസിന്റെ ഇക്കാര്യത്തിലുള്ള നീക്കം ഒട്ടുമേ വിജയിച്ചില്ല എന്നു പറയാം.

അദ്ദേഹം സെമിറ്റിക്ക് മതങ്ങൾക്കിടയിൽ നടക്കേണ്ട സംവാദങ്ങളെക്കുറിച്ച് ആത്മകഥയിൽ ഇങ്ങനെ പറയുന്നു: യഹൂദ സഹോദരൻമാരും ഓർത്തഡോക്സ് ക്രൈസ്തവ സഹോദരൻമാരുമായുള്ള സംവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ ഫലദായകവും പുനരൈക്യപരവുമായ ഒരു യാത്രയും സഹോദരർക്കിടയിലെ സംവാദവുമായിരിക്കും അത്. അതിനൊപ്പം പ്രധാനപ്പെട്ടതാണ് മുസ്ലിം സഹോദരൻമാരുമായുള്ള വിജ്ഞാനവർധകമായ സംവാദങ്ങളും. (പേജ് 195). ഇതിൽ മൂന്നു സെമിറ്റിക് മതങ്ങൾ ഒരു മേശക്കു ചുറ്റുമിരുന്ന് ഭൗതികലോകത്തെ (ആത്മീയ ലോകത്തെയല്ല) പ്രശ്നങ്ങൾ ആത്മീയ ഊർജ്ജത്താൽ പരിഹരിക്കാൻ കഴിയുമോ എന്ന അന്വേഷണം കൂടി അദ്ദേഹം നടത്തുന്നുണ്ട്. ഇത്തരം ചർച്ചകൾക്ക് അൽപ്പം പോലും മുന്നേറാൻ കഴിയാത്തത്തിനാലാകാം അദ്ദേഹത്തിന്റെ ആത്മകഥ / ജീവചരിത്ര പുസ്തകമായ ‘ഹോപ്പി‘ൽ ഒരു അധ്യായത്തിന്റെ ശീർഷകം ഇങ്ങനെ ആയത്: ‘Too Long Do I Live Among Those Who Hate Peace’
‘‘സദാ അതിരൂപതയിലെ ജനങ്ങളുടെ ഇടയിൽ കഴിയുവാനാണ് ഞാൻ വാസ്തവമായും പ്രിയപ്പെട്ടത്. അതുകൊണ്ടാവും വത്തിക്കാനിലെ ഗാംഭീര്യവും വാസ്തുശിൽപ്പ മഹിമകളും നിറഞ്ഞ അന്തരീക്ഷം എന്നെ അൽപ്പം അസ്വസ്ഥനാക്കിയിരുന്നു’’
അർജൻ്റീനയിലെ ഏകാധിപത്യകാലത്ത് ഒരിക്കൽ ചെയ്ത കാര്യം അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു: ഈ കാലയളവിലാണ് അർജൻ്റീനയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കാര്യം എന്റെ മുന്നിലെത്തുന്നത്. ലക്ഷണം കൊണ്ട് അയാൾ എന്നോട് സാമ്യമുള്ളയാളായിരുന്നു. അതിനാൽ അയാളെ ഒരു പുരോഹിതനായി വസ്ത്രം ധരിപ്പിച്ച് എന്റെ തിരിച്ചറിയൽ രേഖകളുമായി പുറത്തുകടക്കാൻ ഏർപ്പാട് ചെയ്തു. അത് തീർത്തും അപകടകരമായ നീക്കമായിരുന്നു. അയാൾ പിടിക്കപ്പെട്ടിരുന്നെങ്കിൽ സൈന്യം അയാളെ വധിക്കുകയും അതിനുശേഷം എന്നെത്തേടിവരുകയും ചെയ്യുമായിരുന്നു: അർജൻ്റീനയിലെ ഏകാധിപത്യ കാലത്ത് അദ്ദേഹം മൗനം പാലിച്ചുവെന്ന ആരോപത്തിനുള്ള മറുപടിയാണിത്.
ആത്മകഥയിൽ അദ്ദേഹം പറഞ്ഞു:
അനേക വർഷങ്ങളായി വത്തിക്കാനിലേക്ക് പോകുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതായിരുന്നു എന്റെ ശീലം. സദാ അതിരൂപതയിലെ ജനങ്ങളുടെ ഇടയിൽ കഴിയുവാനാണ് ഞാൻ വാസ്തവമായും പ്രിയപ്പെട്ടത്. അതുകൊണ്ടാവും വത്തിക്കാനിലെ ഗാംഭീര്യവും വാസ്തുശിൽപ്പ മഹിമകളും നിറഞ്ഞ അന്തരീക്ഷം എന്നെ അൽപ്പം അസ്വസ്ഥനാക്കിയിരുന്നു: എനിക്ക് ഒരിക്കൽ വത്തിക്കാൻ സന്ദർശിക്കാൻ അവസരം കിട്ടി. അവിടെയുള്ള വാസ്തു ശിൽപ്പ മഹിമകൾ കിഴിച്ചാൽ വത്തിക്കാൻ ഒരു നിഴലായി പോകുമെന്നാണ് എനിക്ക് തോന്നിയത്.

പാപ്പക്ക് ഇതേ മഹിമയിൽ അസ്വസ്ഥത തോന്നിയത് എന്തു കൊണ്ടായിരിക്കും? പിന്നീട് അദ്ദേഹം ആ ശിൽപ്പമഹിമകളെക്കുറിച്ച്, പ്രത്യേകിച്ച് സിസ്റ്റൈൻ ചാപ്പലിലെ കലയെക്കുറിച്ച്, ഇങ്ങനെ പറഞ്ഞു: മനുഷ്യനും പാപിയും തമ്മിലുള്ള ബന്ധത്തെയും ദിവ്യകാരുണ്യത്തിനായുള്ള അവന്റെ നിരന്തരമായ ആവശ്യത്തെയും ശാശ്വതമാക്കുന്ന ബൃഹത്തായ ’മനുഷ്യരാശിയുടെ ആത്മീയ ചരിത്ര’മായിട്ടാണ് മൈക്കലാഞ്ചലോ സിസ്റ്റൈൻ ചാപ്പലിനെ സങ്കൽപ്പിക്കുന്നത്: കല ഒന്നിനേയും മാറ്റി നിർത്തുകയോ അവഗണിക്കുകയോ ചെയ്യരുത്. കല കരുണ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. പാപ്പ ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു: മനുഷ്യനിർമിത വസ്തുക്കളുടെ സൗന്ദര്യത്തിന് വിശ്വസനീയമായ ഒരു സാക്ഷിയാകുന്നതിനു പുറമേ, കല സുവിശേഷവൽക്കരണത്തിനുള്ള ഒരു ഉപകരണമാണ്. ഉദാഹരണത്തിന്, സിസ്റ്റൈൻ ചാപ്പൽ എടുക്കുക. മൈക്കലാഞ്ചലോ എന്താണ് സൃഷ്ടിച്ചത്? തീർച്ചയായും സുവിശേഷവൽക്കരണത്തിെൻ്റ ഒരു കൃതി.
കലാചരിത്രകാരൻമാർ ഈ ‘സുവിശേഷവൽക്കരണം’ അംഗീകരിക്കാനിടയില്ല. അത് കലയെക്കുറിച്ചുള്ള ഒരു പാർട്ടിസാൻ പ്രഖ്യാപനം കൂടിയാണ്.
മ്യൂസിയങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: മ്യൂസിയങ്ങൾ പുതിയ കലാരൂപങ്ങളെ സ്വാഗതം ചെയ്യണം. ലോകമെമ്പാടുമുള്ള ആളുകൾക്ക് അവ വാതിലുകൾ തുറക്കണം. മ്യൂസിയങ്ങൾ സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണത്തിനുള്ള ഒരു ഉപകരണമായിരിക്കണം, സമാധാനത്തിനുള്ള മാധ്യമമായിരിക്കണം. വരേണ്യവർഗത്തിനും.
സഭ അംഗീകരിക്കാത്ത നിരവധി കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. അതിനാൽ പരിസ്ഥിതി, എൽ.ജി.ബി.ടി.ക്യു, അഭയാർഥികളുടെ അന്തസ്സാർന്ന ജീവിതം, ലോക സമാധാനം എന്നിവയെക്കുറിച്ച് സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞു.
വിദ്യാഭ്യാസമുള്ളവർക്കു മാത്രമുള്ള ഭൂതകാലത്തിന്റെ പൊടിപടലങ്ങൾ നിറഞ്ഞ സംഭരണികളല്ല, മറിച്ച് ഏറ്റവും എളിയവരിൽ നിന്നാരംഭിച്ച് ഇന്നത്തെ ലോകത്തിന് അത് വിവരിക്കുന്നതിന് ഭൂതകാലത്തെ സംരക്ഷിക്കാൻ കഴിവുള്ള ഒരു സുപ്രധാന യാഥാർത്ഥ്യമായിരിക്കണം:
കലാകാരനെക്കുറിച്ചുള്ള സങ്കൽപ്പം അദ്ദേഹം ഇങ്ങിനെ പങ്കുവെച്ചു:
എല്ലാം ഉപയോഗശൂന്യമാണെന്ന ആശയമായ വലിച്ചെറിയൽ സംസ്കാരത്തിനെതിരെ കലാകാരന്മാർ പൊരുതണം. അവർ അദൃശ്യമായതിന്റെ സാക്ഷികളാണ്, അവരുടെ കൃതികൾ ഭൗതികവൽക്കരണം സാധ്യമാണെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ്. ഒരു കലാസൃഷ്ടിയുടെ ചലനാത്മകതയുടെ നിഗൂഢത ദൃശ്യമാക്കാൻ നിങ്ങൾക്ക് കൈകൾ, കരകൗശലവസ്തുക്കൾ, ഒരു കലാകാരന്റെ കഴിവ് എന്നിവ ആവശ്യമാണ്. പ്രതീകാത്മകമായി പറഞ്ഞാൽ, കലാകാരന്മാരുടെ കൈകൾ, മനുഷ്യവർഗത്തിന് മാന്യത നൽകുന്നു, കാരണം അവ നമ്മുടെ സൃഷ്ടിയുടെ ഉപകരണങ്ങളും ചിഹ്നങ്ങളുമാണ്.
മുകളിൽ സൂചിപ്പിച്ച കലയെയും കലാകാരന്മാരെയും കുറിച്ചുള്ള തന്റെ നിർവചനങ്ങൾ വ്യക്തമാക്കുന്നതിനും അവ ചിത്രീകരിക്കുന്നതിനും വത്തിക്കാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന നിരവധി കലാസൃഷ്ടികൾ മാർപാപ്പ എടുത്തു കാണിച്ചിട്ടുണ്ട്. ബെൽവെഡെരെ ടോർസോ, ഹിപോക്രാറ്റിനെ പരിചരിക്കുന്ന ഐസിസ്, ദി ഗുഡ് ഷെപ്പേർഡ്, സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെ സ്തൂപം, കത്തീഡ്രലിലെ സെൻ്റ് പീറ്റർ, കോൺസ്റ്റന്റയിൻ മുറിയുടെ (റാഫേൽ മുറികളിൽ ഒന്ന്) സീലിംഗ്, വത്തിക്കാൻ മ്യൂസിയങ്ങളിലെ കാരുണ്യം ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങൾ, കാരവാജിയോയുടെ നിക്ഷേപം, ദി സിസ്റ്റൈൻ ചാപ്പൽ, ഹിസ് ഹോളിനസിന്റെ വെളുത്ത റെനോ, അലജാൻേഡ്രാ മാർമോയുടെ തൊഴിലാളി ക്രിസ്തുവും അദ്ദേഹത്തിെൻ്റ കന്യകയായ ലുജാനും– വത്തിക്കാനിലുള്ള ഇത്രയും സൃഷ്ടികളിൽ ഊന്നിയാണ് അദ്ദേഹം കലയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പിൽക്കാലത്ത് വിശദീകരിച്ചത്. പോപ്പാകുന്നതിന് മുമ്പ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്ന ശിൽപ്പമഹിമകൾ പോപ്പായതിനു ശേഷം, നിത്യസമ്പർക്കം കൊണ്ട് അദ്ദേഹത്തെ ഒരു കലാനിരൂപകനാക്കി കൂടി വളർത്തിയതിന്റെ ഉദാഹരണം കൂടിയാണ് ഇവിടെ ഉദ്ധരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ.
ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു കാര്യം, ഈ പാപ്പ ശരിക്കും വിമതനായിരുന്നു എന്നാണ്. സഭ അംഗീകരിക്കാത്ത നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ അഭിപ്രായമായി പറഞ്ഞു. അതിനാൽ പരിസ്ഥിതി, എൽ.ജി.ബി.ടി.ക്യു (വിവാഹമെന്നാൽ സഭക്ക് ആണും പെണ്ണും തമ്മിൽ മാത്രമാണെന്ന് അദ്ദേഹം ആത്മകഥയിൽ വ്യകതമാക്കുന്നു), അഭയാർഥികളുടെ അന്തസ്സാർന്ന ജീവിതം, ലോക സമാധാനം എന്നിവയെക്കുറിച്ച് തന്റെ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞു.
വിമതർ അങ്ങനെയാണ്, അവർ തങ്ങൾ ജീവിക്കുമ്പോൾ സംഭവിക്കേണ്ടതിനെക്കുറിച്ചല്ല സംസാരിക്കുക, മറിച്ച്, ഭാവിയുടെ ഭാഷയിലാണ്. ഫ്രാൻസിസ് മാർപാപ്പയും അതു തന്നെയാണ് ചെയ്തത്.

പക്ഷെ, അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു കാര്യം കേരളത്തിലുണ്ടായി. ഈ പാപ്പയുടെ കാലത്താണ് നമ്മുടെ നാട്ടിൽ ക്രിസ്ത്യൻ- മുസ്ലിം അകൽച്ച ഏറ്റവും രൂക്ഷമായത്, ഹിംസാത്മക ഭാഷയുടെ രൂപത്തിലേക്ക് വളർന്നത്. കേരളത്തിൽ ക്രിസ്ത്യൻ– മുസ്ലിം സൗഹൃദത്തിന് ദീർഘകാല ചരിത്രമുണ്ടായിരുന്നു. ഈ അകൽച്ചക്കുള്ള ഒരു കാരണം പാപ്പ ഉയർത്തിപ്പിടിച്ച പലസ്തീൻ പ്രശ്നമായിരുന്നു. അതിൽ എന്തു കൊണ്ടാണെന്നറിയില്ല, കേരളത്തിലെ കൃസ്ത്യാനികൾ മറുപക്ഷത്തായി. മാർപ്പാപ്പ കൃത്യമായും പലസ്തീനികൾക്കൊപ്പമായിരുന്നല്ലോ. പാപ്പ എതിർത്തതും അഗീകരിക്കാതിരുന്നതും തുർക്കിയിലെ ഹാഗിയ സോഫിയ ചർച്ച് ഉർദുഗാൻ മുസ്ലിം പള്ളിയാക്കിയ നടപടിയെയാണ്. കടുത്ത വേദനയുണ്ടാക്കിയ സംഭവം എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത്. വത്തിക്കാനിലെ പ്രത്യേക പ്രസംഗത്തിൽ ഇക്കാര്യം പാപ്പ എടുത്തു പറയുകയും ചെയ്തു. കേരളത്തിലെ വിവിധ മുസ്‍ലിം ഗ്രൂപ്പുകൾ, മുസ്ലിം ലീഗ് അടക്കം, ഉറുദുഗാനൊപ്പം നിന്നു. അതിനെച്ചൊല്ലിയുണ്ടായ അങ്ങേയറ്റം ഹിംസാത്മകമായ വാക്കേറ്റങ്ങൾ ഇരു സമുദായങ്ങളേയും കൂടുതൽ അകറ്റി.
2013 മുതൽ പാപ്പ പലസ്തീനൊപ്പമാണ്. ഇപ്പോൾ നടക്കുന്ന ഗാസ വംശീയ യുദ്ധത്തിനു മുമ്പേ തന്നെ അദ്ദേഹത്തിന്റെ നിലപാട് പലസ്തീനൊപ്പം എന്നതാണ്. പോപ്പ് ഫ്രാൻസിസ് ഉയർത്തിക്കാട്ടിയ പലസ്തീൻ പ്രശ്നത്തിന്റെയും അദ്ദേഹം എതിർത്ത ഹാഗിയ സോഫിയയുടെ പേരിലും കേരളത്തിൽ വളരെക്കാലം അടുത്ത സൗഹൃദത്തിൽ കഴിഞ്ഞ മുസ്ലിം– ക്രിസ്ത്യൻ സമൂഹങ്ങൾ ഒരിക്കലുമില്ലാത്ത വിധം അകൽച്ചയിലായ കാലത്താണ് പോപ്പ് അന്തരിച്ചത്, അദ്ദേഹത്തെ നാം അനുസ്മരിക്കുന്നതും. കേരളം ഇപ്പോൾ ചന്ദ്രക്കലകൊണ്ടുള്ള ഒരു കുരിശിനായിക്കൂടി പോരാടേണ്ടിയിരിക്കുന്നു.