1943 സെപ്റ്റംബർ 10 പുലർച്ചെ 6 മണിയ്ക്ക് മദ്രാസ് സെൻട്രൽ ജയിലിൽ, വക്കം ഖാദർ എന്ന ധീര വിപ്ലവകാരിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. വക്കം ഖാദർ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 82 വർഷം പൂർത്തിയാകുന്നു. രക്തസാക്ഷിയാകുമ്പോൾ വക്കം ഖാദറിന് 26 വയസ്സായിരുന്നു. തലേന്ന് രാത്രിയിൽ, ഉറ്റ സഖാവ് ബോണിഫസ് പെരേരയ്ക്കും വാപ്പയ്ക്കും എഴുതിയ കത്തുകളിലൂടെ വക്കം ഖാദറിൻ്റെ വിപ്ലവബോധ്യം എത്രമാത്രം അടിയുറച്ചതായിരുന്നു എന്നു വെളിവാകുന്നുണ്ട്.
"എൻ്റെ പ്രിയപ്പെട്ട ബോണി, ഒരു ഭീകര ദുരന്തമാണ് വരാൻ പോകുന്നതെന്ന് കരുതരുത്. ഇന്ന് ലോകത്ത് സംഭവിക്കാറുള്ള നിസ്സാരകാര്യങ്ങളിൽ ഒന്നു മാത്രം. നിങ്ങളുടെ കൺമുന്നിൽ നടന്നിട്ടുള്ള മറ്റു പല സംഭവങ്ങളുമായി തട്ടിച്ചാൽ നമ്മുടെ മരണം - നമ്മുടെ എളിയ ത്യാഗം എഴുതിക്കൊണ്ടിരിക്കുന്ന വാചകത്തിൽ നിന്ന് ഒരു വാക്ക് വെട്ടിക്കളയുന്നതു പോലെ മാത്രമാണ്. നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റ വീരന്മാർ, മഹാത്മാക്കളായ ഭാരതപുത്രന്മാർ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സർവ്വവും ത്യജിച്ചവർ ഇതിനകം ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാൽ നമ്മൾ പൂർണ്ണചന്ദ്രൻ്റെ മുമ്പിലെ വെറും മെഴുകുതിരികൾ."

മരണത്തിന് തൊട്ടുമുൻപ് ഒരു യുവാവ് എഴുതിയ വാക്കുകളാണിവയെന്നത് അവിശ്വസനീയമായി തോന്നും. തികഞ്ഞ യാഥാർത്ഥ്യ ബോധത്തോടെയും വിനയാന്വിതമായും എഴുതിയ വാക്കുകൾ.
അന്നു രാത്രി തന്നെ വാപ്പ വാവക്കുഞ്ഞിനും ഒരു കത്തെഴുതി:
"ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് നിങ്ങൾ ഒരവസരത്തിൽ ചില ദൃക്സാക്ഷികളിൽ നിന്നും അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും’’.
"മണിമുഴക്കം മരണ ദിനത്തിൻ്റെ
മണിമുഴക്കം മധുരം വരുന്നു ഞാൻ"
എന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ കവിതയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
വക്കം ഖാദറിൻ്റെ ആദർശധീരമായ ജീവിതസമരചരിത്രം ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്? എന്തിന്, അദ്ദേഹം ജനിച്ച കേരളത്തിലെ ജനങ്ങളിൽ എത്രപേർ വക്കം ഖാദർ എന്ന പേര് കേട്ടിട്ടുണ്ടാവും?
തികഞ്ഞ സന്തോഷത്തോടെ രക്തസാക്ഷിത്വം വരിച്ച വക്കം ഖാദറിൻ്റെ ആദർശധീരമായ ജീവിതസമരചരിത്രം ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്? എന്തിന്, അദ്ദേഹം ജനിച്ച കേരളത്തിലെ ജനങ്ങളിൽ എത്രപേർ വക്കം ഖാദർ എന്ന പേര് കേട്ടിട്ടുണ്ടാവും? വക്കം അബ്ദുൾ ഖാദർ എന്ന പേര് കേൾക്കുമ്പോൾ, നവോത്ഥാന നായകനായ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ മുഖമായിരിക്കും ആളുകളുടെ മനസ്സിലേക്ക് വരിക. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കുവാനാണ് ഈ ലേഖനത്തിൽ വക്കം അബ്ദുൾ ഖാദറെ വക്കം ഖാദർ എന്ന് മാത്രം പരാമർശിക്കുന്നത്.
എന്തുകൊണ്ടാണ് ദേശസ്നേഹികളായ ധീരരക്തസാക്ഷികൾ പോലും വിസ്മരിക്കപ്പെടുന്നത്? രാജ്യസ്നേഹത്തെപ്പറ്റി നിരന്തരം പ്രസ്താവിക്കുന്ന ഭരണാധികാരികൾ എന്തുകൊണ്ട് വിപ്ലവകാരികളുടെ യഥാർത്ഥ ചരിത്രം ജനങ്ങളെ പഠിപ്പിക്കുന്നില്ല? ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് വിട്ടുവീഴ്ചയില്ലാതെ പോരാടുകയും സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ചൂഷണമുക്തമായ ഒരിന്ത്യയെ സ്വപ്നം കാണുകയും ചെയ്തവരാണ് വിപ്ലവകാരികൾ. കൊടിയ ചൂഷണത്തിലധിഷ്ഠിതമായ സ്വതന്ത്രഭാരതത്തിലെ ഭരണാധികാരികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ അഹിംസയിലധിഷ്ഠിതമായ സത്യാഗ്രഹ സമരത്തിൻ്റെ ചരിത്രമായാണ് അവതരിപ്പിച്ചു വരുന്നത്. രക്തം ചിന്താതെ ലഭിച്ച സ്വാതന്ത്ര്യ സമരത്തെ പറ്റിയുള്ള നിറം പിടിപ്പിച്ച കഥകൾക്ക് നമ്മുടെ രാജ്യത്ത് ഒരു പഞ്ഞവുമില്ല. എന്നാൽ, ഭരണാധികാരികൾ ബോധപൂർവ്വം വിസ്മരിക്കുന്ന വിപ്ലവകാരികളുടെ വീറുറ്റ പോരാട്ടത്തിൻ്റെ ചരിത്രവും കൂടി ചേർത്തുവയ്ക്കാതെ ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധപ്പോരാട്ടം പൂർണ്ണമാവില്ല.

ആധുനിക ദേശരാഷ്ട്ര സങ്കൽപ്പത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ട സ്വാതന്ത്ര്യസമരം പ്രധാനമായും രണ്ട് ധാരകളായാണ് മുന്നോട്ട് പോയത്.
ഒന്ന്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടും ഫ്യൂഡൽ മൂല്യങ്ങളോടും സന്ധി ചെയ്ത ധാരയും മറ്റൊന്ന് ബ്രിട്ടീഷുകാരോടും ഇന്ത്യൻ ബൂർഷ്വാസിയോടും സന്ധിയില്ലാതെ മതേതര കാഴ്ചപ്പാടുയർത്തിപ്പിടിച്ച സന്ധിരഹിത സമരധാരയും. സന്ധിരഹിത സമരധാരയിലെ സമുന്നത നേതൃത്വമായി മാറിയ നേതാജി സുഭാഷ്ചന്ദ്രബോസിൻ്റെ ഐ.എൻ.എ യിലെ പോരാളിയായിരുന്നു വക്കം ഖാദർ.
1908 ആഗസ്റ്റ് 11 ന് കേവലം 19ാം വയസ്സിൽ രക്തസാക്ഷിയായ ഖുദിറാം ബോസും ഭഗത് സിങ്, സൂര്യസെൻ, ചന്ദ്രശേഖർ ആസാദ്, പ്രീതിലത വദേദാർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ അനേകായിരം രക്തസാക്ഷികളും വിപ്ലവകാരികളും വിസ്മൃതിയുടെ ആഴങ്ങളിലാണ്. ആ ധാരയിൽ പെടുന്ന വക്കം ഖാദറെ ഭരണാധികാരികൾ ബോധപൂർവ്വം മറക്കുന്നത് സ്വാഭാവികം മാത്രമാണ്.

വക്കം ഖാദറിൻ്റെ ജീവിതവും സമരവും ആരിലും അത്ഭുതാദരങ്ങൾ നിറയ്ക്കുംവിധം പോരാട്ടവീര്യവും ആദർശവും നിറഞ്ഞതായിരുന്നു. സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ ശക്തിപ്പെട്ട ഇന്ത്യൻ നാഷണൽ ആർമിയിലെ ധീരയോദ്ധാവായിരുന്നു വക്കം ഖാദർ. മലയയിൽ പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറായി ജോലി ചെയ്തിരുന്ന വക്കം ഖാദർ, ഐ.എൻ.എയിൽ റിക്രൂട്ട്മെൻ്റ് നടക്കുന്നതറിഞ്ഞ്, ദേശസ്നേഹ പ്രചോദിതനായി അപേക്ഷിച്ചു. ഐ. എൻ. എ യിലെ സൂയ്സൈഡ് സ്ക്വാഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 32 പേരിൽ 13 മലയാളികൾ ഉണ്ടായിരുന്നു. അവരിലൊരാളായിരുന്നു വക്കം ഖാദർ. പെനാങ്കിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ കടുത്ത പരിശീലനം നേടിയ വക്കം ഖാദറുൾപ്പടെ ഇരുപത് പേരെ ഇന്ത്യയിലെ രഹസ്യപ്രവർത്തനത്തിന് ഐ.എൻ.എ നിയോഗിച്ചു.
മരണത്തിന് മുൻപ് അന്ത്യാഭിലാഷമായി വക്കം ഖാദർ ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടു: ഹിന്ദു - മുസ്ലിം മതമൈത്രിയുടെ പ്രതീകമായി എന്നോടൊപ്പം ഒരു ഹിന്ദു സഹോദരനേയും തൂക്കിലേറ്റണം. വക്കം ഖാദറിൻ്റെ അന്ത്യാഭിലാഷം അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം അനന്തൻ നായരെയും തൂക്കിലേറ്റി.
1942 സെപ്റ്റംബർ 18 ന് പെനാങ്കിൽ നിന്നും ഒരന്തർവാഹിനിയിൽ വക്കം ഖാദറുൾപ്പടെ 5 പേർ പുറപ്പെട്ടു. 16 ന് ബോണി ഫെയ്സിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പുറപ്പെട്ടിരുന്നു. വക്കം ഖാദറിൻ്റെ സംഘത്തെ ഒൻപതാം ദിവസം രാത്രിയിൽ താനൂർ തീരത്തുനിന്നും 7 കിലോമീറ്റർ മാറി, അന്തർവാഹിനിയിൽ നിന്നും ഡിഞ്ചി (റബർ ബോട്ട്) യിലേയ്ക്ക് മാറ്റി. കൂരിരുട്ടിൽ, വൻകടലിലെ തിരമാലകളെ വെല്ലുവിളിച്ച് വക്കം ഖദറും 4 സഹ വിപ്ലവകാരികളും തീരം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. കാറ്റിലും കോളിലുംപെട്ട് അവശനിലയിൽ തനൂർ തീരത്തെത്തിയ വിപ്ലവകാരികൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പിടിയിലായി. ക്രൂരമർദ്ദനത്തോടെയുള്ള ചോദ്യം ചെയ്യലിനെ വക്കം ഖാദർ കൂസലെന്യേ നേരിട്ടു. താനൂരിൽ നിന്നും കണ്ണുകൾ മൂടി 5 പേരെയും ബ്രിട്ടീഷ് പട്ടാളം മദ്രാസിലെ സെൻ്റ് ജോർജ്ജ് കോട്ടയിലെ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട്, മദ്രാസ് സെൻട്രൽ ജയിലിലേയ്ക്ക് വക്കം ഖദറും സഹപ്രവർത്തകരും മാറ്റപ്പെട്ടു. അവിടെ വച്ചാണ്, വക്കം ഖാദറെയും മൂന്ന് സഹവിപ്ലകാരികളെയും സെപ്റ്റംബർ 10 ന് തൂക്കിലേറ്റിയത്: വക്കം ഖാദർ, അനന്തൻ നായർ ( ആദ്യഘട്ടത്തിൽ സഹപ്രവർത്തകരെ ഒറ്റുകയുണ്ടായി), ഫൗജാ സിംഗ്, ബർധാൻ.
ഒരേസമയം രണ്ടു പേരെ വീതം തൂക്കിലേറ്റാനുള്ള സൗകര്യമേ ജയിലിൽ ഉണ്ടായിരുന്നുള്ളൂ. വക്കം ഖാദറിനേയും ഫൗജാ സിംഗിനേയും ഒരുമിച്ച് തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, മരണത്തിന് മുൻപ് അന്ത്യാഭിലാഷമായി വക്കം ഖാദർ ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടു: ഹിന്ദു - മുസ്ലിം മതമൈത്രിയുടെ പ്രതീകമായി എന്നോടൊപ്പം ഒരു ഹിന്ദു സഹോദരനേയും തൂക്കിലേറ്റണം. വക്കം ഖാദറിൻ്റെ അന്ത്യാഭിലാഷം അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം അനന്തൻ നായരെയും തൂക്കിലേറ്റി. സാഹോദര്യത്തിൻ്റെ ഉയർന്ന മാതൃക സൃഷ്ടിച്ചാണ് വക്കം ഖാദർ രക്തസാക്ഷിത്വം വരിച്ചത്.

സമകാലിക ഇന്ത്യയിൽ വക്കം ഖാദറിൻ്റെ രക്തസാക്ഷിത്വവും ജീവിതസമരവും ചർച്ച ചെയ്യപ്പെടുന്നതിന് ഏറെ പ്രാധാന്യമുണ്ട്. തൊഴിലില്ലായ്മയും സാംസ്കാരിക അധഃപതനവും വർഗ്ഗീയതയുമൊക്കെ ഗുരുതരമായി തീർന്ന സാഹചര്യത്തിൽ വക്കം ഖാദറും മറ്റ് സ്വാതന്ത്ര്യസമര സേനാനികളും സ്വപ്നം കണ്ട ഭാരതമെവിടെയെന്ന ചോദ്യം ഉയരേണ്ടതുണ്ട്. രാജ്യം ഭരിക്കുന്ന BJP സർക്കാർ, തങ്ങൾക്ക് അനഭിമതരായ നൂറ് കണക്കിന് രക്തസാക്ഷികളെ, സ്വാതന്ത്ര്യ സമരപ്പട്ടികയിൽ നിന്നും ഒഴിവാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. അതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ICHR) എന്ന സ്ഥാപനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. അങ്ങനെ സംഘപരിവാർ പ്രസ്ഥാനങ്ങൾ ചരിത്രത്തെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ വക്കം ഖാദറിനെപ്പോലുള്ള ധീരവിപ്ലവകാരികളുടെ സ്മരണ നിലനിർത്തേണ്ടത് പുതിയയതും പുരോഗമനപരവുമായ സാമൂഹ്യ നിർമ്മാണ രചനയിൽ അനിവാര്യമാണ്.
അനുസ്മരണങ്ങൾ വെറുമൊരു അനുഷ്ഠാനമായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്. വക്കം ഖാദർ, ജീവിതകാലത്തുടനീളം ഉയർത്തിപ്പിടിച്ച ആദർശ ധീരതയെ മനസ്സിലാക്കുവാനും സ്വജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുവാനുമാണ് അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം നമ്മോട് ആവശ്യപ്പെടുന്നത്.
