"ലളിത എന്റെ എതിർവശത്തുനിന്നു എന്നേക്കുമായി മാഞ്ഞുപോയപ്പോൾ പെട്ടെന്ന് തനിച്ചായതുപോലെ. ഇനിയെനിക്ക് അങ്ങനെയൊന്നും അഭിനയിക്കാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം. എങ്കിലും ഒരുപാട് നല്ലവേഷങ്ങൾ ഞങ്ങൾക്കൊരുമിച്ച് ചെയ്യാൻ സാധിച്ചു. ആ ഓർമ്മയിലാണ് ഇനിയങ്ങോട്ടുള്ള ജീവിതം. ഓരോ സീനിലും എതിർവശത്തുനിന്ന് അഭിനയിക്കുമ്പോൾ ലളിത ഉയർത്തിയ വെല്ലുവിളികൾ ഇല്ലായിരുന്നെങ്കിൽ ഇന്നസെന്റിന് ഒന്നുമാവാൻ സാധിക്കില്ലായിരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.'
കഴിഞ്ഞ വർഷം കെ.പി.എ.സി. ലളിതയെന്ന അതുല്യനടിയുടെ നിര്യാണത്തെത്തുടർന്ന് ഇന്നസെന്റ്, അവരോടൊത്തുള്ള അഭിനയ മുഹൂർത്തങ്ങളും അനുഭവങ്ങളും ഓർത്തെടുത്തുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാക്കുകൾ. ഇന്നിപ്പോൾ കെ.പി.എ.സി. പോയ അതെ ലോകത്തേക്ക് ഇന്നസെന്റും യാത്രയായി.
മലയാളിയുടെ ഇഷ്ട ജോഡികളുടെ ലിസ്റ്റ് എടുത്താൽ മുൻനിരനായികാനായകന്മാരുടെ പേരുകൾക്കൊപ്പം തന്നെ ഉയർന്നു കേൾക്കുന്ന ജോഡിയാണ് ഇന്നസെന്റ് - ലളിത ജോഡി. ഒരുമിച്ചഭിനയിച്ച സിനിമകളിലെല്ലാം ഇവരുടെ രസതന്ത്രം നമുക്ക് മുൻപിൽ വിസ്മയങ്ങൾ തീർത്തിട്ടുണ്ട്.
"ദേ, ഉണ്ണിത്താൻ വാക്കുപറഞ്ഞാൽ വാക്കാ..!!'
ഈയൊരു ഡയലോഗ് കേട്ടാൽ മനസ്സിൽ പൊടുന്നനെ, ഒലീവ്ഗ്രീൻ ബ്ലൗസും, വെള്ള കോട്ടൺ പ്രിന്റഡ് സാരിയും ചുറ്റി, "മിണ്ടാതുരിയാടാതെ' പിന്നിലൂടെ വന്ന് ഉണ്ണിത്താന്റെ അരയിൽ ജപിച്ച ചരട് കെട്ടിക്കാനായി കവിളെല്ലാം തലോടിക്കൊണ്ട് ജുബ്ബ പൊക്കുന്ന ലളിതയേയും അന്ധാളിച്ചു നിൽക്കുന്ന ഇന്നസെന്റിനെയും ഓർമ്മ വരാത്തവർ വിരളമായിരിക്കും.
"ഒരപകടവും വരുത്തീല്ലലോ എന്റീശ്വരാ.....'
"ഇതീക്കൂടതലിനിയെന്ത് അപകടം വരാനാ എന്റെ കൊച്ചമ്മിണി....... "
"ഏതാ അച്ഛാ ഈ പെണ്ണുംപിള്ള.....'
"ഓർമ്മ വരാൻ എന്തെങ്കിലും തെളിവുണ്ടോ, വല്ല മോതിരമോ അങ്ങനെയെന്തെങ്കിലും?"
ഈ ഡയലോഗ് ആര്, ആരോട് എപ്പോൾ പറഞ്ഞു എന്നതൊന്നും വിശദീകരിക്കേണ്ട കാര്യമില്ല. മലയാളിക്ക് അത്രയധികം സുപരിചിതമായ "ഗോഡ്ഫാദർ' എന്ന സിനിമയിൽ സ്വാമിനാഥനും കൊച്ചമ്മിണിയും തമ്മിലുള്ള ഡയലോഗുകളാണിത്. ഈ സിനിമയിലേക്ക് സ്വാമിനാഥന്റെ വേറെ നാട്ടിലുള്ള ഭാര്യയായി അഭിനയിക്കാൻ സിദ്ദിഖ് ലാലിനോട് കെ.പി.എ.സിയെ സജസ്റ്റ് ചെയ്തത് ഇന്നസെന്റാണ്. പിന്നീട് നടന്നത് ചരിത്രം. കുട്ടികളെയും കൊണ്ട് അഞ്ഞൂറാന്റെ മുറ്റത്ത് കരഞ്ഞുകൊണ്ടെത്തുന്ന കൊച്ചമ്മിണിയുടെയും സ്വാമിനാഥന്റെയും കെമിസ്ട്രി വിസ്മയിപ്പിക്കുന്നതാണ്.
"ചാത്തുക്കുട്ടീടവിടെ പ്രശ്നംവെക്കാൻ പോയപ്പോ, ഞാൻ സ്നേഹലതേടെ അവിടൊന്നു കേറി.'
"ആ ...... എന്നിട്ട്.....?'
പിന്നീട് നടന്നത് എഴുത്തിലൂടെ വിവരിക്കാനാവില്ല. കാരണം, വായ കുപ്ലിക്കുന്നതിനിടയിലും, മുഖം തുടയ്ക്കുന്നതിനിടയിലും, ഇട്ട ഉടുപ്പൂരുന്നതിനിടയിലുമെല്ലാമായി മൂന്ന് തവണ ആ കാര്യം പണിക്കർ ഭഗീരഥിയോട് പറയുന്നുണ്ട്. പ്ലെയിനായൊരു സീനായിരുന്നത്രെ ഇത്. എന്നാൽ സത്യൻ അന്തിക്കാടിന്റെ അഭ്യർഥന പ്രകാരം ഈ സീൻ ഇമ്പ്രെവൈസ് ചെയ്യാൻ ഇന്നസെന്റ് തന്റെ അപ്പന്റെ ഒരനുഭവമാണ് ഈ രംഗത്തിലേക്ക് എടുത്തത്. എക്കാലവും ഓർത്തു ചിരിക്കാവുന്ന ഒരു കോമഡി സീനാണ് നമുക്ക് ഇതിലൂടെ ലഭിച്ചത്.
"നോക്കൂ, നോക്കൂ....'
"അപ്പൊ നോക്കിക്കൊണ്ടല്ലേ ഇരിക്കണേ...'
"ഈ ആനയെന്താ ഒന്നുമനുസരിക്കാത്തേ'
"എനിക്കൊന്നും അറിയില്ല, ആന മുഖം വീർപ്പിച്ചു നിക്കണ കണ്ടാ തോന്നും ഞാനേതാണ്ട് ആനേടെ കയ്യീന്ന് പത്തിരുപത്തയ്യായിരം രൂപ കടം വാങ്ങീട്ട് തിരിച്ചു കൊടുക്കാത്തപോലെയാണെന്ന്.'
അയ്യപ്പൻ നായരും ഭാര്യ മാധവിയും "ശ്രീദേവി' എന്ന ആനയുടെ "അനുസരണക്കേടിനെക്കുറിച്ച്' പറയുന്ന സീനാണിത്. എന്തൊരു കെമിസ്ട്രിയാണ്, അവരുടെ ഇരുത്തത്തിലും വർത്തമാനത്തിലും പെരുമാറ്റത്തിലുമെല്ലാം. ഗജകേസരിയോഗം സിനിമ കണ്ടവരാരും ഈയൊരു സീൻ മറക്കാനിടയില്ല.
മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, ഗജകേസരിയോഗം, കോട്ടയം കുഞ്ഞച്ചൻ, പൊന്മുട്ടയിടുന്ന താറാവ്, സസ്നേഹം, മക്കൾ മാഹാത്മ്യം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ശുഭയാത്ര, മൈഡിയർ മുത്തച്ഛൻ, കിഴക്കൻ പത്രോസ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, അർജ്ജുനൻ പിള്ളയും അഞ്ചുമക്കളും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം,സ്‌നേഹവീട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. ജോഡിയായി അല്ലാതെയും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.
അഭിനയത്തിന്റെ ഒരു പ്രത്യേകത നമുക്കൊപ്പം അഭിനയിക്കുന്നവർ നന്നായില്ലെങ്കിൽ നമ്മളും നന്നാവില്ല എന്നതാണ്. എതിരേ നിൽക്കുന്നയാൾ എത്രത്തോളം നന്നാവുന്നോ, അവരോട് കിടപിടിക്കാൻ നമ്മളും നന്നായി ശ്രമിക്കും. ലളിതയ്ക്കൊപ്പം അഭിനയിക്കുമ്പോൾ എനിക്കിത് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ഇന്നസെന്റിന്റെ ഈ വാക്കുകൾ അത്രയേറെ സിൻസീയറാണ്. കാരണം ഇന്നസെന്റിന്റെ എക്കാലത്തെയും ഓർത്തിരിക്കാവുന്ന അഭിനയമുഹൂർത്തങ്ങളിലെല്ലാം ജോഡിയായോ അല്ലാതെയോ കെ.പി.എ.സി ലളിത ഉണ്ടായിരുന്നു. പക്ഷേ ഇന്നവർ രണ്ടുപേരുമില്ല എന്നതൊരു വേദനയാണ്. തീരാവേദന ...