എം.എസ്. ബാബുരാജിന്റെ ജീവിതം ഒരു മിസ്റ്ററിയാക്കുന്നതെന്തിന്​?

മലയാളിയുടെ പ്രിയങ്കരനായ ഗായകനും സംഗീതസംവിധായകനുമായ എം.എസ്. ബാബുരാജിന്റെ ബാല്യവും പിൽക്കാല ജീവിതവുമായും ബന്ധപ്പെട്ട, പലപ്പോഴും മിത്തിന്റെ രൂപത്തിൽ ആവിഷ്‌കരിക്കപ്പെടുന്ന, കേട്ടുകേൾവികളിലെ വാസ്തവം തെരയുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ.

കൊൽക്കത്തയിൽ നിന്ന് ആദരപൂർവം വിളിച്ചു കൊണ്ടുവന്ന് ഇവിടെ പാർപ്പിക്കുകയും വിവാഹം ചെയ്തു കൊടുക്കുകയും ചെയ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കുടുംബം ഉപേക്ഷിച്ചു പോവുക, എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിന്റെ മകൻ പിതാവിനെ തേടി അപരിചിതമായ ഒരു നഗരത്തിലേക്ക് കള്ളവണ്ടി കയറിയും വയറ്റത്തടിച്ചുപാടിയും യാത്ര പോവുക...
കേരളത്തിന്റെ അഭിമാനമായ സംഗീത മാന്ത്രികൻ എം.എസ്. ബാബുരാജിന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഈ കഥ മലയാളിയുടെ പൊതുബോധത്തിൽ ഉണങ്ങാത്ത മുറിവായി ഉറച്ചു പോയിരിക്കുന്നു. വാസ്തവത്തിൽ യാഥാർഥ്യമെന്താണ്?

ബാബുരാജിന്റെ മൂത്ത മകൾ സാബിറയ്ക്ക് ചോദിക്കാനുള്ള മറുചോദ്യമിതാണ്: വല്യാപ്പ കോഴിക്കോട്ടെ കണ്ണമ്പറമ്പ് ശ്മശാനത്തിൽ എന്നെന്നേയ്ക്കുമായി ഉറങ്ങിക്കിടക്കുമ്പോൾ എന്തിനാണ് അദ്ദേഹത്തെ തേടി എന്റെ ഉപ്പ വിദൂരമായ ഉത്തരേന്ത്യൻ നഗരത്തിലേക്ക് പോകുന്നത്?

എം.എസ്. ബാബുരാജ്

ഈ ചോദ്യം ബാബുരാജ് എന്ന ലെജൻഡിന്റെ ബാല്യകാല ജീവിതത്തെ ചൂ ഴ്ന്നു നിൽക്കുന്ന മിസ്റ്ററിക്കുള്ള ഉത്തരം കൂടിയാണ്. ആ അനുഗൃഹീത കലാകാരന്റെ 42ാം ചരമദിനത്തിൽ ((2020 ഒക്ടോബർ 7) അറുപത്തിരണ്ടുകാരിയായ സാബിറ ഇതുപോലെ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നുണ്ട്.

കോഴിക്കോട്ടെ ഒരു സമ്പന്നന്റെ കുടുംബത്തിലെ വിവാഹാഘോഷത്തിൽ സംഗീതസദിര് നടത്താനാണ് ഉസ്താദ് ജാൻ മുഹമ്മദിനെ കൊൽക്കത്തയിൽ നിന്ന് കൊണ്ടുവന്നത്. തന്റെ അപാരമായ സംഗീതജ്ഞാനം കുട്ടികൾക്ക് പകർന്നു കൊടുത്ത്​ അദ്ദേഹം ഇവിടെ തന്നെ താമസിക്കട്ടെ എന്ന് നഗരത്തിലെ സംഗീതാസ്വാദകർ തീരുമാനിച്ചു. മാത്രമല്ല വാഴക്കാടുള്ള ഫാത്തിമ സുഹറ എന്ന ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികൾ പിറന്നു: മുഹമ്മദ് സാബിറും അബ്ദുൽ മജീദും. മുഹമ്മദ് സാബിർ (എം.എസ്) ആണ് നമ്മുടെ പ്രിയങ്കരനായ സംഗീത ശിൽപ്പി ബാബുരാജ്.

ഉസ്താദ് ജാൻ മുഹമ്മദിന്റെ ആദ്യ ഭാര്യ ഫാത്തിമ സുഹറ മരിച്ചപ്പോൾ അദ്ദേഹം തലശ്ശേരിയിൽ നിന്ന് പുനർവിവാഹം ചെയ്തു. ദഖ്‌നി സമുദായത്തിൽ പെട്ട റുഖിയ, ഉറുദു സംസാരിക്കുമായിരുന്നു. ജാൻ മുഹമ്മദിന്നും ഉറുദു അറിയാം. അതവരുടെ ദാമ്പത്യ ജീവിതത്തെ കൂടുതൽ വിനിമയസാധ്യമാക്കി. അവർ കോഴിക്കോട്ടേക്ക് വന്ന് കോട്ടപ്പറമ്പിന്നടുത്തുള്ള ഒരു വാടക വീട്ടിൽ താമസമാക്കി. ബാബുരാജിന് സംഗീതത്തിലെ ആദ്യ പാഠങ്ങൾ പിതാവിൽ നിന്ന് തന്നെയാണ് ലഭിച്ചത്. സ്കൂൾ വിട്ട് വന്നാൽ യൂണിഫോം പോലും മാറ്റാതെയാണ് ആ കുട്ടി സംഗീതം പഠിച്ചിരുന്നത്.

ഹാർമോണിയത്തിലും ജലതരംഗിലുമുള്ള പരിശീലനം, നിരന്തരസാധനയിലൂടെ വളർത്തിയെടുത്താണ് കിടയറ്റ കലാകാരനായി ഉയർന്നത്. സ്വന്തം മക്കളെ പോലെ വാത്സല്യത്തോടെയാണ് സാബിറിനെയും മജീദിനേയും വളർത്തിയതെങ്കിലും റുഖിയയും ജാൻ മുഹമ്മദും അധികകാലം ജീവിച്ചിരുന്നില്ല. മാതാപിതാക്കൾ നഷ്ടപ്പെട്ട ആ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. ഫാത്തിമയുടെ മൂത്ത സഹോദരിയും കുടുംബവും മാത്രമാണ് കല്ലായിയിലെവിടെയോ ജീവിച്ചിരുന്നത്. സ്വന്തം പ്രാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന അവർക്ക് സഹോദരിയുടെ മക്കളുടെ സംരക്ഷണമേറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സ്വാഭാവികം മാത്രം. അങ്ങനെയാണ് ആ കുട്ടികൾ അനാഥരായി തീർന്നത്.

ഒരു ഘട്ടത്തിൽ സാബിറും മജീദും വേർപെട്ടു പോവുക വരെ ചെയ്തു. ഈ സന്ദർഭത്തിലാണ് മുഹമ്മദ് സാബിർ മുതലക്കുളത്ത് തെരുവിൽ പാടിക്കൊണ്ടിരിക്കുമ്പോൾ പോലീസുകാരൻ കുഞ്ഞമ്മദ്ക്ക ആ സർഗ്ഗധനനായ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതും അവന്റെ സംരക്ഷണഭാരം ഏറ്റെടുക്കുന്നതും. സാബിറിന്റെ ചേലാകർമ്മം നടക്കുന്നത് കുഞ്ഞാമതുക്കയുടെ പൊലീസ് ലൈനിലെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നുവെത്ര. അന്നേരം ആ കുട്ടിയെ വാത്സല്യ പൂർവ്വം പരിചരിച്ചത് കുഞ്ഞാമത്ക്കയുടെ പെങ്ങൾ ആച്ചുമ്മയാണ്. ആച്ചുമ്മ പിന്നീട് കോഴിക്കോട് അബ്ദുൽ ഖാദറിന്റെ ഭാര്യയായി.

കേരളത്തിലെ സാംസ്​കാരിക രംഗത്തിന് എക്കാലത്തും അഭിമാനിക്കാൻ കഴിയുന്ന നാലഞ്ച് സർഗ പ്രതിഭകൾ വളർന്നത് സഹൃദയനായ ഒരു പൊലീസുകാരന്റെ തണലിലാണെന്ന് ഓർക്കുക. നാടകകൃത്ത് കെ.ടി.മുഹമ്മദ്, ഗായകരായ കോഴിക്കോട് അബ്ദുൽ ഖാദർ, സി.എ.അബൂബക്കർ, സംഗീത സംവിധായകൻ ബാബുരാജ്.... ഒളിമ്പ്യൻ റഹ്മാനും നടൻ കെ.പി.ഉമ്മറും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഏറ്റുവാങ്ങിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്.

പി. ജയചന്ദ്രൻ, എം.എസ്. ബാബുരാജ്

കേരളത്തിന്റെ സാംസ്കാരിക ചരിത്രമെഴുതുമ്പോൾ കുഞ്ഞാമതുക്കയെ പോലൊരു സഹൃദയന്റെ സ്ഥാനം എവിടെയാണ് അടയാളപ്പെടുത്തേണ്ടത്?
ബാബുരാജിനെ പോലൊരു മഹാപ്രതിഭയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ കാതോട് കാതോരം പറഞ്ഞു കേട്ട കഥകൾക്കും മിത്തുകൾക്കുമപ്പുറം വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങൾ കണ്ടെടുക്കേണ്ടത് അനിവാര്യമല്ലേ? പലപ്പോഴും ഈ മിത്തുകളിലെ കാൽപ്പനികതയാണ് അദ്ദേഹത്തേക്കുറിച്ചുള്ള ഫീച്ചർ ഫിലിം പ്രൊജക്ടുകളുമായി മുന്നോട്ട് വരുന്നവരെ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു.

ബാബുരാജിനെ കുറിച്ച് ആദ്യമായി ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ മുൻകയ്യെടുത്തത് വടേരി ഹസ്സൻ എന്ന സഹൃദയനായ ഒരു മരക്കച്ചവടക്കാരനാണ്. അതിന്റെ പത്രാധിപത്യം ഏറ്റെടുക്കാനുള്ള നിയോഗം എനിക്കാണുണ്ടായത്. പിന്നീട് അത് പുസ്തക രൂപത്തിലാക്കുകയാണുണ്ടായത്. എം.ടി, എൻ.പി, കെ.ടി., ഒ.എൻ.വി തുടങ്ങി സാഹിത്യ സംഗീത സിനിമാരംഗങ്ങളിലെ പ്രശസ്തരും അപ്രശസ്തരുമായ സഹപ്രവർത്തകരുടെ ഓർമകൾ സമാഹരിക്കുകയായിരുന്നു അതിന്റെ പ്രാഥമിക ലക്ഷ്യം. ഒരർഥത്തിൽ വിസ്മൃതിയിലേക്ക് മറഞ്ഞു കൊണ്ടിരുന്ന ഒരു വലിയ കലാകാരനെ വീണ്ടെടുക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ആ പുസ്തകം നിർവ്വഹിച്ചത്. ആ സമാഹാരത്തിലെ ഒരു ലേഖനം ആറാം ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കാനുണ്ട്. ബാബുരാജ് പുസ്തകം പുറത്തുവന്നതിന് ശേഷമാണ് ബാബുരാജ് രാത്രികളും പുരസ്ക്കാരങ്ങളും അദ്ദേഹത്തിന്റെ പേരിൽ അക്കാദമി പോലുമുണ്ടാകുന്നത്.

പക്ഷെ, എന്നിട്ടും ഇരുളടഞ്ഞ കോണുകൾ അങ്ങനെ തന്നെ തുടരുന്നു. ബാബുരാജിന്റെ ജനന തിയതി പോലും വിക്കിപീഡിയയിൽ പലതരത്തിലാണുള്ളത്. മലയാളത്തിൽ 1921 എന്നാണ് കാണുന്നത്, ഇംഗ്ലീഷിൽ 1929 എന്നും. 1921 ആണെങ്കിൽ ജന്മശതാബ്​ദി വർഷമാണ് വരാനിരിക്കുന്നത്.

ഭാഗ്യവശാൽ ജനനത്തിയതി തെളിയിക്കുന്ന ഒരു രേഖ, ബാബുരാജിന്റെ പാസ്പോർട്ട്, മകൾ സാബിറ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അതനുസരിച്ച് 1929 മാർച്ച് മൂന്നിനാണ് അദ്ദേഹം ജനിച്ചത്. മരിച്ചത് 1978 ഒക്ടോബർ 7നാണ് എന്നും നമുക്കറിയാം.

എം.എസ്. ബാബുരാജിൻറെ പാസ്‌പോർട്ട്‌

നാൽപ്പത്തെട്ട് വർഷം മാത്രം നീണ്ട ആ ജീവിതം ആദ്യന്തം സർഗ്ഗാത്മകവും സംഘർഷ നിർഭരവുമായിരുന്നു. സിനിമാസംഗീത രചനയുടെയും പ്രശസ്തിയുടെയും ഉത്തുംഗതയിൽ നിന്ന് രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനിപ്പിക്കുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്നുണ്ടായിട്ടുണ്ട്.

പുതിയ സിനിമയ്ക്ക് ഈണം നൽകി തിരിച്ചെത്തുമ്പോഴേക്ക് ആ ഗാനങ്ങൾ സംഗീതസ്രഷ്ടാവിൽ നിന്ന് നേരിട്ട് കേട്ടാസ്വദിക്കാൻ സമ്പന്നരും പ്രമാണികളുമായ സുഹൃത്തുക്കൾ കാറുമായി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ കാത്തു കിടക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ബാബുരാജിന്റെ റിക്കാർഡുകളേക്കാൾ ജൈവികമായ ഒരു മാസ്മരികത അദ്ദേഹത്തിന്റെ മെഹ്ഫിലുകൾക്കുണ്ടായിരുന്നുവെന്ന് അനുഭവസ്ഥർ പറയാറുണ്ട്.

ആലിച്ചന്റ മാളികപ്പുറത്ത് നടന്ന അത്തരമൊരു മെഹ്ഫിലിന്റെ കസറ്റുകളാണ് മനോരമാ മ്യൂസിക് കമ്പനി വിപണിയിൽ വിപുലമായ തോതിൽ വിറ്റഴിച്ചതെത്ര. എന്നാൽ അദ്ദേഹം രോഗശയ്യയിലായപ്പോൾ ആ കൂട്ടുകാർ തിരിഞ്ഞു നോക്കിയില്ല.

ബാബുരാജിനെ സംബന്ധിച്ച്​ സുഹൃത്തുക്കളും ആരാധകരും വലിയ ദൗർബല്യമായിരുന്നു. പ്രമാണിമാരും സാധാരണക്കാരും അദ്ദേഹത്തിന് ഒരു പോലെയായിരുന്നു. പണത്തെയും പ്രശസ്തിയെയും പദവികളെയും അത്ര സാരമാക്കിയില്ല. സൗഹൃദത്തെ കൂടുതൽ വിലമതിച്ച കലാകാരൻ സ്വന്തം മൂല്യം തിരിച്ചറിഞ്ഞില്ല. അർഹമായ പ്രതിഫലം ചോദിച്ചു വാങ്ങാൻ പോലും
അഭിമാനം അദ്ദേഹത്തെ അനുവദിച്ചില്ല.

ആ സംഗീത മാന്ത്രികൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 42 വർഷമാകുന്നു. അദ്ദേഹത്തിന്റെ അന്ത്യത്തെ കുറിച്ചും വാസ്തവവിരുദ്ധമായ കഥകൾ പ്രചരിപ്പിക്കപ്പെട്ടതായി പറയുമ്പോൾ സാബിറയുടെ വേദന മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ചെന്നൈയിലെ ആശുപത്രിയിൽ ആരും തിരിഞ്ഞു നോക്കാതെയാണ് ബാബുരാജ് മരിച്ചതെന്ന് പറയുന്നവരോട് എന്താണ് സംഭവിച്ചതെന്ന് മകൾ വിശദീകരിക്കുന്നു: കൽപ്പാക്കത്തുള്ള മൂത്തുമ്മയുടെ മക​ന്റെ വീട്ടിൽ സന്ദർശനത്തിന് പോയതായിരുന്നു ഉപ്പ. ഊണ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ആവശ്യമായ സൗകര്യമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കൽപ്പാക്കം ഹോസ്പിറ്റലിലെത്തിയ നടൻ സുകുമാരന്റെ നിർദ്ദേശമനുസരിച്ച് ചെന്നൈ ജനറൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരിൽ പലരും അവിടെയെത്തി. മുഖ്യമന്ത്രി എം.ജി.ആർ പ്രത്യേകം ഇടപെട്ട്​ മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തി., ആറ് ദിവസവും എന്റെ ഭർത്താവ് ഇബ്രാഹിം അടുത്തു നിന്ന് മാറാതെ പരിചരിച്ചു. അദ്ദേഹം ചെന്നൈയിൽ തന്നെ അൽപ്പമകലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്രവൈസറായി ജോലി നോക്കുകയായിരുന്നു.പക്ഷെ മരണത്തിന്റെ അലംഘനീയമായ വിധി തടുക്കാനാർക്ക് കഴിയും!

ബാബുരാജ്, പി. സുശീല

അപ്പോഴും ബാബുരാജിന്റെ ബാല്യകാല ജീവിതത്തെ കുറിച്ചുള്ള പഴുതുകൾ അവശേഷിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളനുസരിച്ച് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാവണം മുഹമ്മദ് സാബിർ കുഞ്ഞുമുഹമ്മദ് ക്കയുടെ കൈകളിലെത്തിച്ചേരുന്നത്.പിന്നെ എപ്പോഴാണ് അദ്ദേഹം ഉത്തരേന്ത്യയിലേക്ക് പോകുന്നത്?

നഗരത്തിൽ വന്ന ഒരു സർക്കസ് സംഘത്തോടൊപ്പം ബാബുരാജ് സിലോണിൽ പോയതായി പറയപ്പെടുന്നു.അവിടെ നിന്നാണ് ബോംബെയിലും മറ്റുമെത്തുന്നതും ഉസ്താദുമാരുടെ പക്കൽ നിന്ന്​ സംഗീതത്തിൽ കൂടുതൽ അഗാധവും പ്രായോഗികവുമായ അറിവുകൾ സമ്പാദിക്കുന്നതും. ഇതൊക്കെ എത്ര വർഷം നീണ്ടുനിന്നുവെന്ന് വ്യകതമല്ല. മുഹമ്മദ് റഫിയുമൊത്ത് രണ്ട് പാട്ടുകൾ പാടിയെന്നതിനും തെളിവില്ല. ബാബുരാജ് ജീവിച്ചിരുന്ന കാലത്ത് ഫിലിം ജേർണലിസ്റ്റുകളൊ മറ്റാരെങ്കിലുമൊ ചോദിച്ചറിഞ്ഞിരുന്നുവെങ്കിൽ ഈ ഇരുളടഞ്ഞ ഘട്ടത്തിലേയ്ക്ക് കുറച്ചെങ്കിലും വെളിച്ചം പരക്കുമായിരുന്നു.

എട്ടാം വയസ്സിൽ ഭാരതപ്പുഴയിൽ മുങ്ങിപ്പോകുമായിരുന്ന ബാബുരാജിനെ രക്ഷിച്ച കഥ തന്റെ ഉപ്പ പറയുമായിരുന്നുവെന്ന് ചിത്രകാരനും ശില്പിയും ചലച്ചിത്രപ്രവർത്തകനുമായ കമറദ്ദീൻ ഓർക്കുന്നു: അന്ന് എന്റെ ഉപ്പയ്ക്ക് പന്ത്രണ്ട് വയസ്സുണ്ടാകും. കോഴിക്കോട് വെച്ചാണ് അവർ തമ്മിൽ പരിചയപ്പെടുന്നത് സാബിറിനോടൊപ്പം (അന്ന് ബാബുരാജായിട്ടില്ല) മജീദുമുണ്ടാകും. അവർ മൂന്ന് പേരും തീവണ്ടി ബോഗികളിൽ കയറിയിറങ്ങി പാടുമായിരുന്നു. സ്റ്റേഷൻ വിടാൻ തുടങ്ങിയ കോച്ചിന്റെ വാതിൽക്കൽ തൂങ്ങിക്കിടന്ന മജീദിനെ മറ്റു രണ്ടു പേരും കൂടി വലിച്ചു കയറ്റി രക്ഷപ്പെടുത്തിയതിന്റെയും കഥ ഉപ്പ പറഞ്ഞിട്ടുണ്ട്. അന്ന് തിരൂരിൽ ലൈറ്റ് ആന്റ് സൗണ്ട് സർവീസ് ചെയ്തിരുന്ന റാൻ സ്റ്റുഡിയോവിൽ സഹായിയായും സാബിർ ജോലി ചെയ്തിരുന്നുവെത്ര.

മൊയ്തീൻകുട്ടി

മൊയ്തീൻകുട്ടിയെന്നായിരുന്നു കമറുദ്ദീന്റെ ഉപ്പയുടെ പേര്. മൂന്ന് ഭാര്യമാരു ണ്ടായിരുന്ന പിതാവിന് എഴുപതാം വയസ്സിൽ പിറന്ന മകൻ. ഉപ്പ മരിച്ചപ്പോൾ ഉമ്മയെ ഒരു മുസലിയാർ വിവാഹം കഴിച്ചു. അങ്ങനെയാണ് മൊയ്തീൻ കുട്ടി അനാഥനായത്. തുല്യദുഃഖിതരായ ആ കുട്ടികൾ തമ്മിലടുത്തു. അവരെ സംരക്ഷിക്കാനാരുമില്ലായിരുന്നു. അവർ കല്യാണ വീടുകളിലും മറ്റും പാടി നടന്നു. അന്നും സാബിർ നന്നായി ഹാർമോണിയം വായിക്കും. മൊയ്തീൻ കുട്ടിയും പാടും. കൂട്ടുകാരായ അവർ ഭാരതപ്പുഴയിൽ ഒരിക്കൽ കുളിക്കാനിറങ്ങി. സാബിറിന് നീന്തലറിയില്ല. ഒഴുക്കിൽ പെട്ടു. തലമുടിയിൽ ശക്തിയായി പിടിച്ചു വലിച്ചു കയറ്റിയാണ് രക്ഷപ്പെടുത്തിയത്.

കമറുദ്ധീൻ

മൊയ്തീൻ കുട്ടി പിന്നീട് ‘ആശാദീപം’ എന്ന സിനിമയിൽ സോളോ പാടാൻ പോയി കോറസ് പാടേണ്ടി വന്ന കഥയും കമറുദ്ദീൻ പറയുന്നു. നിരാശനായ അയാൾ ബോംബെയിലേക്ക് വണ്ടി കയറി. ബോംബെ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യവെ കെ.ജി. സത്താർ എന്ന മാപ്പിളപ്പാട്ടു ഗായകന്റെ പെങ്ങളെ വിവാഹം ചെയ്തു. പിൽക്കാലത്ത് ആർ.ഇ.സി.യിൽ ബസ് ജീവനക്കാരനായി മൊയ്തീൻ കുട്ടി കോഴിക്കോടെത്തി... കമറുദ്ദീൻ പിതാവിന്റെ കഥ അവിടെ നിറുത്തി.

ആർ. ഇ.സി.യിൽ ​ഡ്രൈവറായ ഒരു മൊയ്തീൻകുട്ടി മകളുമായി കല്ലായിയിൽ താമസിക്കുമ്പോൾ ഉപ്പയെ കാണാൻ വരുമായിരുന്നെന്ന് സാബിറ ഓർക്കുന്നു. തന്റെ തന്നെ പേരായിരുന്നു അവൾക്ക്. ആ കുട്ടി പാടുമായിരുന്നു. എന്നാൽ തന്നെ മരണത്തിൽ നിന്ന് രക്ഷിച്ച പഴയ കൂട്ടുകാരനായിരുന്നെങ്കിൽ ഉപ്പ അത് പറയുമായിരുന്നില്ലെ എന്ന് ചോദിക്കുന്നു സാബിറ.

വിചിത്രമാണ് ജീവിതത്തിന്റെ ഗതിവിഗതികൾ. മൊയ്തീൻ കുട്ടിയുടെ മകൾ സാബിറ ‘പാപ്പാത്തി’ എന്ന ഒരു തമിഴ് സിനിമയിൽ പിന്നണി പാടിയെങ്കിലും പടം റിലീസായില്ലെന്ന് കമറുദ്ദീൻ. വിജയ് യേശുദാസുമൊത്ത് ചില കസറ്റുകളൊ സീഡിയൊ പാടിയിട്ടുണ്ട് അവൾ. മൊയ്തീൻ കുട്ടി മുപ്പത്തിയഞ്ചോളം സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പില്ല.

ചെന്നൈയിൽ നിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമ നേടിയ കമറുദ്ദീന്റെ മനസ്സിൽ മുഴുവൻ സിനിമാ മോഹങ്ങളാണ്.

സാബിറയുടെ മനസ്സിലുമുണ്ട് ഒരു കൊച്ചു സ്വപ്നം. അനുഗ്രഹീത സംഗീതനായ ഉപ്പയെ കുറിച്ച്, അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകളെ കുറിച്ച്, പിതാവിന്റെ ലാളനകളെ കുറിച്ച് ഒരു ചെറിയ പുസ്തകം. ബാബുരാജിന്റെ ജീവിതകഥയിൽ ഇനിയും വെളിച്ചമെത്തേണ്ട ഇടങ്ങളുണ്ട്. അതോടൊപ്പം അദ്ദേഹം നമുക്ക് നൽകിയ ഗാനസമ്പത്തിനെ കുറിച്ചുള്ള സമഗ്ര പഠനങ്ങളും ഉണ്ടാവേണ്ടതുണ്ട്.


ജമാൽ കൊച്ചങ്ങാടി

മാധ്യമപ്രവർത്തകൻ, ഗാനരചയിതാവ്​, നാടകകൃത്ത്​, തിരക്കഥാകൃത്ത്​, വിവർത്തകൻ. ലതാ മങ്കേഷ്​കർ: സംഗീതവും ജീവിതവും, ചായം തേക്കാത്ത മുഖങ്ങൾ (നോവൽ), ക്ലാസിക്​ അഭിമുഖങ്ങൾ (വിവർത്തനം), മെലഡി തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments