‘ഇന്ന് നിങ്ങൾ ഈ പെൺകുട്ടിയ്ക്ക് സിനിമയിൽ പാടാൻ അവസരം നിഷേധിക്കുന്നു, നാളെ ഈ ഗായികയുടെ സമയത്തിനുവേണ്ടി നിർമാതാക്കളും സംഗീതശിൽപ്പികളും കാത്തുനിൽക്കുന്ന ഒരു കാലം വരും.'
അത് ഒരു യഥാർഥ സംഗീതജ്ഞന്റെ പ്രവചനമായിരുന്നു, നാൽപതുകളിൽ ജ്വലിച്ചുനിന്ന നൂർജഹാനെ പോലെയുള്ള ഗായകരെ ചലച്ചിത്രസംഗീതത്തിലേയ്ക്ക്
ആനയിച്ച ഉസ്താദ് ഗുലാം ഹൈദറിന്റെതായിരുന്നു ദീർഘദൃഷ്ടിയോടെയുള്ള ആ പ്രവചനം. ഗുലാം ഹൈദർ പാടാൻ തെരഞ്ഞെടുത്ത ലതയുടെ സ്വരം നേർത്തതാണെന്ന് പറഞ്ഞ് ഫിലിംസ്താന്റെ എസ്. മുഖർജിയാണ് അന്ന് അവസരം നിഷേധിച്ചത്. തന്റെ മജ്ബൂർ എന്ന മറ്റൊരു ചിത്രത്തിൽ ലതയെക്കൊണ്ട് പാടിച്ചാണ് ഉസ്താദ് മധുരമായി പ്രതികരിച്ചത്.
പിന്നീട് അനാർക്കലി എന്ന ചിത്രത്തിലും ഗീതാ ദത്ത് പാടിയാൽ മതിയെന്നുപറഞ്ഞ്ഇതേ നിർമാതാവ് ലതയെ തിരസ്‌കരിച്ചപ്പോൾ എല്ലാ പാട്ടുകളും ലതയെക്കൊണ്ടേ പാടിക്കുകയുള്ളൂവെന്ന നിശ്ചയദാർഢ്യത്തിൽ ഉറച്ചുനിന്നു സംഗീത സംവിധായകൻ സി. രാമചന്ദ്ര. പല സംഗീതജ്ഞരെ മാറ്റിയെങ്കിലും രാമചന്ദ്ര തന്നെയാണ് അത് പൂർത്തിയാക്കിയത്. ലത പാടിയ എല്ലാ അനാർക്കലിഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ലതയുടെ സ്വരം നേർത്തതാണെന്നാരോപിച്ച് ആശാ ഭോസ്ലെയെക്കൊണ്ട് പാടിച്ചത് ഒരു സംഗീത സംവിധായകനായിരുന്നു! - ഹെൻസ് രാജ് ബെഹൽ. ഒടുവിൽ അദ്ദേഹത്തിനും ലതയുടെ സമയത്തിന് കാത്തുനിൽക്കേണ്ടിവന്നു.
നാൽപതുകളിൽ ബോളിവുഡിലേയ്ക്ക് കടന്നുവന്ന ലതാ മങ്കേഷ്‌കർ എത്ര പെട്ടെന്നാണ് മറ്റു പാട്ടുകാരികളെയൊക്കെ പിന്നിലാക്കി മുന്നോട്ടുവന്നത്! പാടി അഭിനയിക്കുകയെന്നതായിരുന്നു അന്നത്തെ രീതി. നൂർജഹാനും സുരയ്യയുമൊക്കെ ഗായികാതാരങ്ങളായിരുന്നു. സാങ്കേതികവിദ്യയുടെ വരവോടെ പാടിയഭിനയിക്കേണ്ടതില്ലാതായി. അഭിനയിക്കുന്നവർ പാട്ടിനൊപ്പം ചുണ്ടുകൾ ചലിപ്പിച്ചാൽ മതിയെന്നായി. പാടാനറിയാത്ത താരങ്ങളെ സഹിക്കേണ്ട എന്ന അവസ്ഥ വന്നു. വിഭജനത്തോടെ നൂർജഹാൻ പാക്കിസ്ഥാനിലേയ്ക്കുപോയി. സുരയ്യ അഭിനയത്തിൽ നിന്ന് വിരമിച്ചു. ഗീതാ ദത്ത് ഗാർഹികമായ പ്രശ്‌നങ്ങളിൽ ഉഴറുകയായിരുന്നു. ഷംഷാദ് ബീഗത്തിന്റെ തുറന്ന സ്വരത്തിലുള്ള ആലാപനം എല്ലാ പാട്ടുകൾക്കും അനുയോജ്യമായിരുന്നുമില്ല. ലതയുടെ വരവോടെ സ്ഥിതിഗതികൾ മാറി.
സംഗീതസ്രഷ്ടാവിന്റെ ഭാവനയുടെ ഏതാകാശത്തേയ്ക്കും പറന്നുയരാൻ കഴിയുന്ന ഒരു സുവർണനാദം ബോളിവുഡിലെത്തിയിരിക്കുന്നു -സംഗീത രചയിതാവ് അനിൽ ബിശ്വാസിന്റെ ഈ പ്രഖ്യാപനം ഒരു വലിയ യാഥാർഥ്യമായിത്തീർന്നു. എല്ലാ സംഗീതശിൽപ്പികളും പുതിയ ഗായികയിലേയ്ക്ക് തിരിഞ്ഞു. ഈ മറാത്തിപ്പെൺകുട്ടിയ്ക്ക് എങ്ങനെയാണ് സംഗീതാത്മകമായ ഉറുദു വാക്കുകൾ ഉച്ചരിക്കാൻ കഴിയുക? അക്കാലത്തെ യുവനടൻ ദിലീപ് കുമാർ ചോദിച്ചു. സംവിധായക നിർമാതാവ് മെഹ്ബൂബ് ഖാനും ചോദിച്ചു. നൗഷാദ് ഏർപ്പാടുചെയ്ത ഒരു മുൻഷിയിൽ നിന്ന് ഉറുദു ഭാഷ ഹൃദിസ്ഥമാക്കി ആ വെല്ലുവിളിയെയും ലത മറികടന്നു. അങ്ങനെയാണ് ലതാ മങ്കേഷ്‌കർ ഒന്നാംനിര ഗായികമാരുടെ മുന്നിലെത്തിയത്. അതൊരു ജൈത്രയാത്രയായിരുന്നു. ഖേംചന്ദ് പ്രകാശ്, അനിൽ ബിശ്വാസ്, നൗഷാദ്, ശങ്കർ ജയ് കിഷൻ, മദൻ മോഹൻ, റോഷൻ തുടങ്ങി അന്നത്തെ എല്ലാ സംഗീത സംവിധായകരുടെയും ഈണങ്ങൾക്ക് പൂർണത നൽകാൻ ആ യുവഗായിക അനിവാര്യഘടകമായി. എ.ആർ. റഹ്മാന്റെ സംഗീതരചനയ്ക്കും ലതാജി ശബ്ദം നൽകി.
ഒരുകാലത്ത് മറാത്തി സംഗീത നാടക വേദിയിൽ നിറഞ്ഞുനിന്ന കലാകാരൻ ദീനാനാഥ് മങ്കേഷ്‌കർ ആയിരുന്നു ലതയുടെ പിതാവ്. നാടകക്കമ്പനിയിലൂടെ ധാരാളം സ്വത്തുക്കൾ സമ്പാദിക്കുകയും ജീവിതസായാഹ്നത്തിൽ എല്ലാം നഷ്ടപ്പെടുകയും ചെയ്തപ്പോൾ പതിനാലുവയസ്സുമാത്രം പ്രായമുള്ള ആ പെൺകുട്ടിയുടെ ചുമലുകളിലായി കുടുംബഭാരം. അമ്മയും സഹോദരങ്ങളുമടങ്ങിയ വലിയ കുടുംബം- മീന, ആശ, ഉഷ, ഹൃദയനാഥ്. അച്ഛന്റെ ശേഷക്രിയകൾക്കുപോലും ആ ബാലിക ബുദ്ധിമുട്ടേണ്ടിവന്നു. അങ്ങനെയാണ് അച്ഛന്റെ ആഗ്രഹത്തിന്ന് വിപരീതമായി സിനിമയിലെത്തുന്നത്.
തന്റെ ആദ്യഗുരു പിതാവായിരുന്നെന്ന് ലതാജി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പിന്നീട് അമാനത്തുള്ള ഖാൻ, അമാനലി ഖാൻ തുടങ്ങിയ ഉസ്താദുമാരിൽ നിന്ന് കുറച്ചൊക്കെ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീത ശിക്ഷണം ലഭിച്ചെങ്കിലും അത് പൂർത്തിയാക്കാനായില്ല. അപ്പോഴേയ്ക്കും സംഗീതം ജീവിതവൃത്തിയായി മാറി. ശാസ്ത്രീയസംഗീതത്തിന്റെയും ജനകീയസംഗീതത്തിന്റെയും പ്രവാഹം രണ്ട് ദിശയിലേയ്ക്കാണല്ലൊ. സങ്കീർണരാഗങ്ങളിലാവിഷ്‌കരിച്ച ഗാനങ്ങൾ പോലും പെട്ടെന്ന് ഉൾക്കൊണ്ട് പാടാനുള്ള ആ പെൺകുട്ടിയുടെ കഴിവ് മറാത്തി സംഗീത സംവിധായകനായ ദത്താ ധവ്‌ജേക്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലത ആദ്യമായി പിന്നണി പാടിയ ചിത്രത്തിന്റെ ഗാനശിൽപി, ഗാനത്തിന്റെ, കവിതയുടെ അർഥവും ഭാവവുമറിഞ്ഞ് പാടാൻ പഠിപ്പിച്ച ഉസ്താദ് ഗുലാം ഹൈദറായിരുന്നു സിനിമാ സംഗീതത്തിലെ മറ്റൊരു ഗുരു. മെക്കിനുമുന്നിൽ പാടുമ്പോൾ എങ്ങനെ ശ്വാസം നിയന്ത്രിക്കണമെന്ന് പഠിപ്പിച്ചത് നൗഷാദ് അലിയെന്ന വേറൊരു സംഗീതജ്ഞൻ. ഓരോരുത്തരിൽ നിന്നും പഠിച്ചത് വലിയ വലിയ പാഠങ്ങൾ.
കാമിനി കൗശൽ മുതൽ കജോൾ വരെ നാലഞ്ചു തലമുറകളിലെ നായികമാർക്കുവേണ്ടി പാടിപ്പാടിയാണ് ലതാജി ഏഴര പതിറ്റാണ്ട് സിനിമാഗാന ശാഖയിൽ നിറഞ്ഞുനിന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദത്തിന്റെയും എല്ലാ മനുഷ്യഭാവങ്ങളുടേയും ഋതുപ്പകർച്ചകളേറ്റുവാങ്ങിയ അഭൗമമായ ശബ്ദലാവണ്യം. ‘ഞങ്ങൾ, ശാസ്ത്രീയസംഗീതജ്ഞർക്ക് മൂന്നുമണിക്കൂർ വേണ്ടിവരുന്ന സംഗീതം ആവിഷ്‌കരിക്കാൻ ലതാജിയ്ക്ക് മൂന്നുമിനിറ്റ് മതി എന്ന് ഉസ്താദ് അമീർ ഖാൻ പറഞ്ഞത് വാസ്തവമല്ലേ?
ഖേംചന്ദ് പ്രകാശ്, അനിൽ ബിശ്വാസ്, എസ്.ഡി. ബർമൻ, ചിത്രഗുപ്ത, ശങ്കർ ജയ്കിഷൻ, മദൻ മോഹൻ, സി. രാമചന്ദ്ര, റോഷൻ, ഖയ്യാം, ജയദേവ്, ഗുലാം മുഹമ്മദ്, ഹേമന്ത്കുമാർ, സലീൽ ചൗധരി, ആർ.ഡി. ബർമൻ, ലക്ഷ്മികാന്ത് - പ്യാരേലാൽ, കല്യാൺ ജി ആനന്ദ് ജി തുടങ്ങി എ.ആർ. റഹ്‌മാൻ വരെ എത്രയോ തലമുറകളിലെ സംഗീതസ്രഷ്ടാക്കളുടെ രചനകൾക്ക് തന്റെ സ്വരസിദ്ധിയിലൂടെ
ആത്മാവിനെ നൽകിയ ഗായികയാണ് ലതാ മങ്കേഷ്‌കർ. ഒ.പി. നയ്യാർ മാത്രമാണ് ആ നാദസൗഭാഗ്യം തന്റെ ഗാനങ്ങൾക്ക് പ്രയോജനപ്പെടുത്താതെ പോയത്. പകരം അനുജത്തി ആശയുടെ സ്വരസാധ്യതകൾ ഏറ്റവും ചൂഷണം ചെയ്തതും ഈഗോയുടെ കാണപ്പെട്ട രൂപമായ നയ്യാർജി തന്നെ. റിക്കോർഡിങ്ങിന് സമയത്ത് ലത എത്താതിരുന്നതാണ് നയ്യാറിനെ ക്ഷുഭിതനാക്കിയത്.
ലതയ്ക്ക് നിരവധി നല്ല പാട്ടുകൾ നൽകിയ ബർമൻ ദായുമായും സി. രാമചന്ദ്രയുമായും ഇടഞ്ഞ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. റോയൽറ്റി വിവാദമാണ് മുഹമ്മദ് റഫിയിൽ നിന്ന് വർഷങ്ങളോളം അകറ്റിനിർത്തിയത്. ലോകത്തിൽ ഏറ്റവുമധികം ഗാനങ്ങൾ റെക്കോർഡ് (25,000) ചെയ്യപ്പെട്ട ഗായികയായി ലതാ മങ്കേഷ്‌കറെ തെരഞ്ഞെടുത്തതിനെ ചോദ്യംചെയ്ത് റഫി ഒന്നിലേറെ തവണ ഗിന്നസ് ബുക്ക് എഡിറ്റർക്ക് എഴുതിയതും മറ്റൊരു വിവാദമായിരുന്നു. എണ്ണത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും അവസാനിക്കുന്നില്ല. എണ്ണങ്ങൾക്കപ്പുറം കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഹൃദയഹാരിയായ നൂറുനൂറു ഗാനങ്ങളിലൂടെ ഹൃദയലേയ്ക്കാഴ്ന്നിറങ്ങുന്ന ഗായികയെ ആർക്കാണ് നിഷേധിക്കാനാവുക?
രാജ്യസഭാംഗമായി ഒരിക്കൽ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പാർലമെൻറിൽ ലതാജിയുടെ തുടർച്ചയായ അസാന്നിധ്യം പരസ്യമായി വിമർശിച്ചത് സിനിമാ നടിയും ആക്ടിവിസ്റ്റുമായ ഷബാന ആസ്മിയാണ്. അതിന് ലതയുടെ വിശദീകരണം അവരുടെ ആരാധകരെ പോലും തൃപ്തിപ്പെടുത്തിയില്ല. സവർക്കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുമുള്ള ലത മങ്കേഷ്‌കറുടെ ചായ്വ് ആ കലാകാരിയെ സ്‌നേഹിക്കുന്നവരെ പോലും അലോരസപ്പെടുത്തുന്നുണ്ട്.
‘കദളി കൺകദളി’ (നെല്ല്) എന്ന ഒരൊറ്റ മലയാള ഗാനത്തിനുമാത്രമേ തന്റെ അനുഗൃഹീതമായ സ്വരം ലതാജി നൽകിയിട്ടുള്ളൂവെങ്കിലും കേരളീയരുടെ മനസ്സിൽ അതെന്നുമുണ്ടാകും.
2022 ഫെബ്രുവരി ആറിലെ സായന്തനത്തിൽ മുംബൈയിലെ ശിവജി പാർക്കിൽ ആ മഹാഗായികയുടെ ഭൗതികശരീരം എരിഞ്ഞടങ്ങുമ്പോൾ ഇന്ത്യൻ സംഗീതത്തിലെ ഒരു യുഗം അസ്തമിക്കുകയായിരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.