ദാക്ഷായണി ടീച്ചർ

തിരിച്ചറിവുകളുടെ ദാക്ഷായണി ടീച്ചർ

എത്രയോ തലമുറയിൽപ്പെട്ട കുട്ടികളുടെ മനസ്സിൽ, സുതാര്യവും സ്‌നേഹമയവുമായ വിനിമയങ്ങളിലൂടെ ജീവിതത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമൊക്കെ അവബോധമുണ്ടാക്കിയിട്ടാണ് അവർ സർവീസിൽ നിന്നും പിന്നെ ജീവിതത്തിൽ നിന്നും വിരമിച്ചത്.

ളരെ പ്രിയപ്പെട്ട ഒരാൾ, ജീവിതത്തിലുടനീളം പ്രചോദനവും പ്രേരണയും മാതൃകയുമായ ഒരാൾ , (പലപ്പോഴും അയാളതറിഞ്ഞിട്ടേയുണ്ടാവില്ല), മിക്കവരുടെയും ജീവിതത്തിലുണ്ടാവുമെന്നു തോന്നാറുണ്ട്. കൂടെയുണ്ടായിരുന്നപ്പോൾ അതു തിരിച്ചറിയണമെന്നുമില്ല.

വളരെക്കാലങ്ങൾക്കുശേഷം യാദൃച്ഛികമായാവാം, അതല്ലെങ്കിൽ ചിതറിയും കുത്തഴിഞ്ഞും കിടക്കുന്ന കഴിഞ്ഞുപോയ നാളുകളെ ഒന്നടുക്കിപ്പെറുക്കി വെക്കുമ്പോഴാവാം, അങ്ങനൊരാളുണ്ടായിരുന്നുവെന്ന് അത്ഭുതത്തോടെ ഓർക്കുന്നത്. ആ വ്യക്തി പകർന്നു തന്ന ഊർജ്ജവും സന്തോഷവും ഇന്നും കെടാതെ ഉള്ളിലുണ്ടെന്നനുഭവിക്കുന്നത്. ആനന്ദകരമായ തിരിച്ചറിവാണത്.

ഭാരതപ്പുഴയുടെ തീരത്തുള്ള ചെറിയൊരു റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛന് സ്ഥലംമാറ്റം കിട്ടിയപ്പോൾ സ്‌കൂൾ ഒറ്റപ്പാലത്താണെന്നും ട്രെയിനിൽ കയറി വേണം എന്നും പോകാനെന്നും ഒക്കെയുള്ള കാര്യങ്ങൾ കൗതുകകരമായിരുന്നു. രാവിലെ റെയിൽവേ സ്റ്റേഷനിൽ ഒരുപാടു പച്ചപ്പാവാടക്കാരികൾ. എല്ലാവരും അതേ സ്‌കൂളിലേക്കുള്ള സഹയാത്രികർ. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ്, സ്വാഭാവികമായും കന്യാസ്ത്രീകൾ നടത്തുന്ന സ്‌കൂളുമാണ്. അത്തരം സ്‌കൂളുകളിൽ മുമ്പും പഠിച്ചിട്ടുണ്ട്. അവിടുത്തെ അച്ചടക്കവും ഏതു പള്ളിയിലാണ് പോകുന്നത്, വേദപാഠം ഏതു ക്ലാസിലെത്തി തുടങ്ങിയ ചോദ്യങ്ങളും അന്നേ ഇഷ്ടമല്ല. ഏതെങ്കിലുമൊരു സിസ്റ്റർ സ്‌കൂളിൽ എവിടെങ്കിലുമൊക്കെ തടഞ്ഞു നിർത്തി ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കില്ല. പള്ളിയിൽ ദൈവമില്ലെന്നും അവിടുള്ളത് യേശുവിനെ കൊല്ലാനുപയോഗിച്ച കുരിശാണെന്നുമുള്ള നിരീശ്വരവാദിയായ അച്ഛന്റെ വാക്കുകൾ വിശ്വസിച്ചിരുന്നതുകൊണ്ടും മടി കൊണ്ടും കുർബ്ബാന കൂടൽ ഒട്ടും ഇഷ്ടമായിരുന്നില്ല. വീണ്ടും അത്തരമൊരു സ്‌കൂളിൽ ചെന്നുപെടുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. തീർച്ചയായും സിസ്റ്റർമാരോട് നുണകൾ പറയേണ്ടി വരും.

പിൻബഞ്ചിലെവിടെയോ അപരിചിതത്വത്തോടെ ഒതുങ്ങിയിരിക്കുമ്പോഴാണ് ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ ക്ലാസിലേക്ക് നരച്ച മുടി ചുരുട്ടിക്കെട്ടിവെച്ച ഒരു ടീച്ചർ ഒഴുകി വന്നത്

ഒറ്റപ്പാലത്തെ ലേഡി ശങ്കരൻ നായർ ഗേൾസ് ഹൈസ്‌കൂൾ അപ്പസ്‌തോലിക് കാർമലൈറ്റ് കന്യാസ്ത്രീകളാണ് നടത്തുന്നത്. സ്‌കൂളിന്റെ സ്ഥാപകൻ ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ സ്മരണാർത്ഥം ആരംഭിച്ച സ്‌കൂൾ സിസ്റ്റർമാർക്ക് കൈമാറുമ്പോൾ പേരു മാറ്റാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തിരുന്നതുകൊണ്ടാണ് ആ കോൺവെന്റ് സ്‌കൂളിന്റെ പേര് അത്രയും വിചിത്രവും കൗതുകകരവുമായത്. ഹൈസ്‌കൂളിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ ക്ലാസുകൾ, കുട്ടികളധികവും അവിടെത്തന്നെ യു.പി ക്ലാസുകളിൽ പഠിച്ചവരാണ്, ഞങ്ങൾ രണ്ടോ മൂന്നോ പേർക്കു മാത്രമാണത് പുതിയ സ്‌കൂൾ. പിൻബഞ്ചിലെവിടെയോ അപരിചിതത്വത്തോടെ ഒതുങ്ങിയിരിക്കുമ്പോഴാണ് ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ ക്ലാസിലേക്ക് നരച്ച മുടി ചുരുട്ടിക്കെട്ടിവെച്ച ഒരു ടീച്ചർ ഒഴുകി വന്നത്. നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ട്, പ്രത്യേകതയൊന്നും തോന്നിപ്പിക്കാത്ത നിറം കുറഞ്ഞ ഒഴുക്കൻ സാരി അലക്ഷ്യമായി ചുറ്റിയിട്ടുണ്ട്. ആ ടീച്ചറെ മിക്കവാറും കുട്ടികൾക്കെല്ലാം അറിയാം. അവരുടെ സീനിയറായി പഠിച്ച കനി എന്ന കുട്ടിയുടെ അമ്മയാണ് ദാക്ഷായണി ടീച്ചർ. മലയാളം ടീച്ചറാണ്.

ഒറ്റപ്പാലത്തെ ലേഡി ശങ്കരൻ നായർ ഗേൾസ് ഹൈസ്‌കൂൾ

തുറന്ന ചിരിയും തെളിഞ്ഞ വർത്തമാനവുമായി ആ ഉച്ചനേരത്ത് കേറി വന്ന ടീച്ചർക്ക് കഥകളിലും നോവലുകളിലുമൊക്കെ വായിച്ചറിഞ്ഞ അമ്മമാരുടെ ഛായയുണ്ടെന്നു വെറുതെ തോന്നി. അന്നത്തെ ദിവസം അതുവരെ ക്ലാസിലെത്തിയ അധ്യാപികമാരിലാർക്കും തോന്നാത്ത എന്തോ ഒരു വശ്യത അവരുടെ സമീപനത്തിലുണ്ടെന്നും. പി. ഭാസ്‌കരന്റെ കവിതയായിരുന്നു പഠിപ്പിക്കാൻ തുടങ്ങിയത് എന്നോർമ്മയുണ്ട്. കുട്ടികളെ ആകർഷിക്കാൻ മാത്രം ഈണത്തിലാണ് ചൊല്ലുന്നത്. അമിതമായ സംഗീതാത്മകതയില്ല. വായിച്ച് അർത്ഥം പറയലുമല്ല. കൂടെക്കൂടെ ചോദ്യങ്ങളുണ്ടാവും. ആർക്കും ഉത്തരം പറയാം. ആരും പറഞ്ഞില്ലെങ്കിൽ ടീച്ചർ തന്നെ പറഞ്ഞു തരും. ഉത്തരം പറയുന്ന കുട്ടികളെ പ്രശംസിക്കാനും മടിയില്ല. സമകാലിക സംഭവങ്ങളെക്കുറിച്ചും പുതിയ കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചുമൊക്കെ പാഠഭാഗവുമായി ചേർത്തുവെച്ചു വർത്തമാനം പറയും. ആ ക്ലാസ് തീർന്നു പോയതെങ്ങനെയെന്നറിഞ്ഞില്ല.

അന്നത്തെ സഹപാഠികൾ ആരോടു ചോദിച്ചാലും അവരെല്ലാവരും ടീച്ചർ തന്റേതായിരുന്നു, തന്നോടാണ് ഏറ്റവും പ്രിയം കാണിച്ചത് എന്നു പറയാനിടയുണ്ട്. എങ്ങനെയാണൊരാൾക്ക് ഇത്രയും പേരുടെ സ്വന്തമാവാൻ പറ്റുക? തങ്ങളോടാണേറ്റവും ഇഷ്ടമെന്നു തോന്നിപ്പിക്കാൻ പറ്റുക?

ഇന്ററാക്ടീവ് ആയി ക്ലാസെടുക്കുന്നതെങ്ങനെയെന്നതിന്റെ ഏറ്റവും നല്ല മാതൃകയായിരുന്നു ടീച്ചറിന്റേത് എന്നു മനസിലാവുന്നത് വളരെക്കാലങ്ങൾക്കു ശേഷം സ്വയം അധ്യാപികയാവുമ്പോഴാണ്. വാക്കുകൾ മുട്ടിയും ദുർബലയായും ക്ലാസുമുറികളിൽ നിന്നു പോകുന്ന സന്ദർഭങ്ങളിലെല്ലാം തുറന്ന ചിരിയോടെ, വാതോരാതെ മിണ്ടിയും കുട്ടികളെക്കൊണ്ടു മിണ്ടിച്ചും ക്ലാസ് റൂമിലങ്ങുമിങ്ങും നടക്കുന്ന ഒരാൾ മനസിൽ ഊർജ്ജം പകരാറുണ്ട്...

ഹൈസ്‌കൂളിലെ മൂന്നു വർഷങ്ങളിലും ടീച്ചറാണ് മലയാളം പഠിപ്പിച്ചത്.
ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമറിയുമെങ്കിലും എണീറ്റുനിന്ന് പറയാൻ ധൈര്യമില്ലാത്ത, പതിവിലുമധികം ഉൾവലിഞ്ഞ സ്വഭാവമുള്ള കുട്ടിയെ ആദ്യ ദിവസങ്ങളിലൊന്നും ടീച്ചർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ആദ്യത്തെ ക്ലാസ് ടെസ്റ്റിനുശേഷം പരീക്ഷാപേപ്പറുമായി വന്ന് ഇതാരാണെന്ന് അന്വേഷിക്കുന്നതുവരെ ഞാൻ അദൃശ്യയായി തുടർന്നു. ആ കണ്ടെത്തലിനു ശേഷമാവട്ടെ ഒരിക്കലും ഒളിഞ്ഞിരുന്നതുമില്ല. എഴുതുന്നതു പോലെ തന്നെ പ്രധാനമാണ് ഉള്ളിലുള്ളത് വെളിപ്പെടുത്തും വിധം സംസാരിക്കുന്നതെന്നും ടീച്ചർ വാക്കുകളില്ലാതെ പഠിപ്പിച്ചു, വളരെ അനായാസമായും സ്വാഭാവികമായും. അത് ഒരാൾക്കു മാത്രമുള്ള പാഠമായിരുന്നില്ല. ക്ലാസിലെ നാൽപ്പത്തെട്ടു പേരും ഏറ്റക്കുറച്ചിലോടെയാവാം ആ പാഠം ഹൃദയത്തിലേക്കു സ്വീകരിച്ചിരുന്നു.

ആ പ്രായക്കാരെ സംബന്ധിച്ച് ഏറ്റവും ആഴമുള്ള പരിണാമങ്ങൾ. അന്നത്തെ സഹപാഠികൾ ആരോടു ചോദിച്ചാലും അവരെല്ലാവരും ടീച്ചർ തന്റേതായിരുന്നു, തന്നോടാണ് ഏറ്റവും പ്രിയം കാണിച്ചത് എന്നു പറയാനിടയുണ്ട്. എങ്ങനെയാണൊരാൾക്ക് ഇത്രയും പേരുടെ സ്വന്തമാവാൻ പറ്റുക? തങ്ങളോടാണേറ്റവും ഇഷ്ടമെന്നു തോന്നിപ്പിക്കാൻ പറ്റുക? അത്ഭുതകരമാണത്. ഒരധ്യാപികക്കു സാധ്യമായ ഏറ്റവും ഉയർന്ന അവസ്ഥയുമാണത്. ഉപരിതലങ്ങളിലല്ല , അഗാധതകളിലേക്കായിരുന്നു ടീച്ചറുടെ വിനിമയങ്ങൾ.

വാക്കുകളും കഥകളും കവിതകളും ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇടകലർന്ന ആ ക്ലാസുകൾ ഏറ്റവും സൗന്ദര്യാത്മകമായ അനുഭൂതിയായി, ആനന്ദമയമായി ഇന്നുമോർക്കുന്നു.

ടീച്ചർ കവിയും പാട്ടെഴുത്തുകാരിയുമായിരുന്നു. അടുത്തറിയുന്നവർക്കിടയിൽ മാത്രമായിരുന്നിരിക്കാം അവർ ആ നിലയിൽ പ്രശസ്തയായിരുന്നതെന്നു തോന്നുന്നു. അവരുടെ പുസ്തകങ്ങളൊന്നും പിന്നീടന്വേഷിച്ചപ്പോൾ കിട്ടിയിട്ടില്ല. കവിതകൾ പുസ്തകമായിട്ടുണ്ടോ എന്നു പോലുമറിയില്ല. പക്ഷേ ഞങ്ങൾ കുട്ടികൾക്ക്, ടീച്ചറെഴുതുന്ന പാട്ടുകൾ, അതിന് അവർ കൊടുക്കുന്ന സംഗീതം ഒക്കെ അത്ഭുതമായിരുന്നു. സ്‌കൂളിലെ വിശേഷദിവസങ്ങളിൽ പാട്ടുകാരികളായ കുട്ടികൾ അത് മൈക്കിനു മുന്നിൽ പാടി എല്ലാവരെയും വിസ്മയിപ്പിക്കും. പാടാനറിയാത്ത ഞങ്ങൾ ആഴ്ചകളോളം അതിന്റെ മധുരം നുണഞ്ഞ് അതും മൂളി നടക്കും. മൂന്നു വർഷങ്ങളിൽ എത്രയോ ക്ലാസുകൾ. ജീവിതത്തിന്റെ നിറങ്ങൾ, നിറവുകൾ, ഭാഷയുടെയും സാഹിത്യത്തിന്റെയും സൂക്ഷ്മമായ ഭംഗികൾ... ടീച്ചർ ഞങ്ങളെയും കൊണ്ടുനടന്ന വഴികൾ ഏതൊക്കെയായിരുന്നു! സ്‌കൂളിനടുത്തുള്ള ആരാമം എന്ന വീട്ടിലേക്കും എപ്പോൾ വേണമെങ്കിലും ചെല്ലാമായിരുന്നു. പരീക്ഷാക്കാലങ്ങളിൽ ആവശ്യമുള്ളവർക്കൊക്കെ നിറയെ ചെടികളും പൂക്കളുമുള്ള ആരാമത്തിലെ വരാന്തയിൽ ടീച്ചർ പ്രത്യേക പരിശീലനം നൽകി.

ടീച്ചറുമായി ബന്ധപ്പെട്ട് വൈയക്തികവും വൈകാരികവുമായ അനുഭവങ്ങളില്ല, ഒരു തളർച്ചയിലും ടീച്ചറുടെ അടുത്തു ചേർന്നു നിന്നിട്ടില്ല, സ്വന്തമെന്നഭിമാനിക്കുമ്പോൾ പോലും അമിതമായ സ്വാതന്ത്ര്യം കാണിച്ചിട്ടില്ല. ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചിട്ടുമില്ല. തികച്ചും സാധാരണമായൊരു അധ്യാപക- വിദ്യാർത്ഥി ബന്ധം മാത്രമായിരുന്നു അത്. ആരാധനയും ഇഷ്ടവും ബഹുമാനവുമൊക്കെ കൂടിക്കലർന്ന ഒരു വികാരം. സ്‌കൂൾകാലം കഴിഞ്ഞതോടെ അതവസാനിച്ചുവെന്നു സ്വാഭാവികമായും വിചാരിക്കുകയും ചെയ്തു. അച്ഛന്റെ ട്രാൻസ്ഫറുകൾക്കു പിന്നാലെ പലേടങ്ങളിലേക്കു മാറിപ്പോയതു കൊണ്ട് പിന്നൊരിക്കലും ടീച്ചറെ കണ്ടതുമില്ല.

ചിലരങ്ങനെയാണ്, അവരെപ്പറ്റിയുള്ള അവശേഷിപ്പുകളെല്ലാം മറ്റുള്ളവരുടെ മനസുകളിലാണ്. എത്രയോ തലമുറയിൽപ്പെട്ട കുട്ടികളുടെ മനസ്സിൽ, സുതാര്യവും സ്‌നേഹമയവുമായ വിനിമയങ്ങളിലൂടെ ജീവിതത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമൊക്കെ അവബോധമുണ്ടാക്കിയിട്ടാണ് അവർ സർവീസിൽ നിന്നും പിന്നെ ജീവിതത്തിൽ നിന്നും വിരമിച്ചത്.

പക്ഷേ അങ്ങനെ തീരുന്നതായിരുന്നില്ല ടീച്ചറോടുള്ള ആത്മബന്ധം. മനസിൽ എത്രയോ ആഴത്തിൽ ആ വ്യക്തിത്വം വേരുപടർത്തിയിരുന്നു. അതിസൂക്ഷ്മവും മൃദുവുമായൊരു സംഗീതം പോലെ എന്നും അതു കൂടെയുണ്ടായിരുന്നു... ഉള്ളിലുള്ളതിനെ ഉള്ളിലേക്കു ചെന്നു കണ്ടെടുക്കാൻ കഴിഞ്ഞത് അവർക്കായിരുന്നു. അത്തരം തിരിച്ചറിവുകളുണ്ടാകുമ്പോഴാണ് തിരിഞ്ഞുനടക്കണമെന്നും ടീച്ചറെ കണ്ടെത്തണമെന്നും ആഗ്രഹം തോന്നുന്നത്. പക്ഷേ തിരഞ്ഞു ചെല്ലുമ്പോഴേക്ക് അവർ എന്നേക്കുമായി മാഞ്ഞുകഴിഞ്ഞിരുന്നു.
നീ നിനക്കു വെളിച്ചമാവുകയെന്ന വിലപിടിച്ച പാഠമാണ് ടീച്ചറെന്നും പറഞ്ഞു തന്നിരുന്നതെന്ന് ഇപ്പോൾ മനസിലാവുന്നു. ചിലരങ്ങനെയാണ്, അവരെപ്പറ്റിയുള്ള അവശേഷിപ്പുകളെല്ലാം മറ്റുള്ളവരുടെ മനസുകളിലാണ്. എത്രയോ തലമുറയിൽപ്പെട്ട കുട്ടികളുടെ മനസ്സിൽ, സുതാര്യവും സ്‌നേഹമയവുമായ വിനിമയങ്ങളിലൂടെ ജീവിതത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമൊക്കെ അവബോധമുണ്ടാക്കിയിട്ടാണ് അവർ സർവീസിൽ നിന്നും പിന്നെ ജീവിതത്തിൽ നിന്നും വിരമിച്ചത്. അവരൊക്കെയും ടീച്ചറെപ്പറ്റി ഓർക്കുന്നുണ്ടാവും. വെളിച്ചം വിതറിയവളെന്നു ഉള്ളാലെ നമസ്‌കരിക്കുന്നുണ്ടാവും. സ്വയം വെളിച്ചമായി മാറാനുള്ള വഴികാണിച്ചവളെന്നും നന്ദിയോടെ ഓർക്കുന്നുണ്ടാവും.▮


ജിസ ജോസ്​

കഥാകാരി, അധ്യാപിക. സ്വന്തം ഇടങ്ങൾ, മുദ്രിത, ഇരുപതാം നിലയിൽ ഒരു പുഴ, സർവ മനുഷ്യരുടെയും രക്ഷക്കുവേണ്ടിയുള്ള കൃപ, പുതുനോവൽ വായനകൾ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments