ആഗ്രഹിച്ച കഥാപാത്രങ്ങളാകാൻ കഴിഞ്ഞ വർഷം

‘‘വ്യക്തിപരമായി എന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായ കാലം. സിനിമയിലെത്തിയശേഷം എന്റെ അഭിപ്രായങ്ങൾക്ക് വിലയുണ്ടായി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. തീർത്തും സാമ്പ്രാദിയകമായ കഥാപാത്രങ്ങൾ ചെയ്യേണ്ടിവന്നെങ്കിലും വ്യത്യസ്തതയുള്ളതും ഞാൻ ആഗ്രഹിച്ചിരുന്ന തലത്തിലുള്ളതുമായ കുറച്ചു കഥാപാത്രങ്ങളെങ്കിലും എനിക്ക് ലഭിച്ചു’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ജോളി ചിറയത്ത്​ എഴുതുന്നു.

നീണ്ടകാലത്തെ അടച്ചിരിപ്പിനും നിയന്ത്രണങ്ങൾക്കുമെല്ലാം ശേഷം പതിയെ, നാം പഴയ ജീവിതത്തിലേക്ക് തിരിച്ചുനടന്ന, പുതിയ നോർമൽ കാലമായിരുന്നു 2022. അക്ഷരാർഥത്തിൽ പോസ്റ്റ് കോവിഡ് കാലം. ഇടവേളകളില്ലാതെ ജീവിച്ച ലോകത്തിന് വിശ്രമിക്കാനും ചിന്തിക്കാനും സ്വയം പരിശോധിക്കാനുമുള്ള അവസരമായിരുന്നു ലോക്ഡൗൺ കാലം. വിവിധ മേഖലകളിലുണ്ടായ ലോക്ഡൗൺ സ്വാധീനം എന്റെ തൊഴിലിടമായ സിനിമയിലും പ്രകടമായിരുന്നു.

രണ്ട് വർഷത്തോളമുണ്ടായിരുന്ന അടച്ചിരിപ്പ് വെറുതെയായില്ല എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങളാണ് മലയാള സിനിമയിൽ പിന്നീടുണ്ടായത്. ഇന്റർനെറ്റിന്റെ സാധ്യത വിനിയോഗിച്ച്​ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയും അല്ലാതെയും വിദേശ സിനിമകൾ കാണാനും ആഗോള തലത്തിലുള്ള ചലച്ചിത്ര പരീക്ഷണങ്ങൾ പിന്തുടരാനുമുള്ള അവസരം നമ്മുടെ സിനിമാ പ്രവർത്തകർക്ക് ലഭിച്ചുവെന്നത് ഗുണകരമായാണ് എനിക്കനുഭവപ്പെട്ടത്. അതുവരെയുണ്ടായിരുന്ന ഒരു പാറ്റേണിൽ നിന്ന് മേക്കിംഗിലും ഉള്ളടക്കത്തിലുമെല്ലാം വലിയ മാറ്റം മലയാള സിനിമയിലുണ്ടായിട്ടുണ്ട്. വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട് കൂടുതൽ എക്‌സ്‌പോഷർ എല്ലാവർക്കും ലഭിച്ചു. കൊവിഡ് കാലശേഷം മലയാള സിനിമയിൽ അതിന്റെ റിഫ്‌ളക്ഷൻസുണ്ടായി എന്നതാണ് എന്റെ വിലയിരുത്തൽ.

വിചിത്രം സിനിമയിൽ ജോളി ജോളി ചിറയത്ത്

ശരീരഭാഷയെക്കുറിച്ച്, ജാതിയെക്കുറിച്ച്, ലിംഗത്തെക്കുറിച്ച്, സ്വത്വപ്രതിനിധാനങ്ങളെ സംബന്ധിച്ചെല്ലാം പലതരം ചർച്ച നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയും സിനിമകൾ ഇഴകീറി പരിശോധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്നുണ്ട്. അവയോട് ചലച്ചിത്ര പ്രവർത്തകർ പോസിറ്റീവായി എൻഗെയ്​ജ് ചെയ്യാൻ ശ്രമിക്കുന്നു എന്നതും പ്രതീക്ഷയുള്ളതാണ്.

അതേസമയം, ശക്തമായ ബജറ്റ് നിയന്ത്രണത്തിലേക്ക് ഇക്കാലത്ത് സിനിമകൾ നീങ്ങിത്തുടങ്ങിയത് ക്യാരക്ടർ റോളുകൾ ചെയ്യുന്ന ഞങ്ങളെ പോലുള്ള ആർട്ടിസ്റ്റുകളെ വലിയ രീതിയിൽ ബാധിച്ചു. കൊവിഡിനെത്തുടർന്നാണ് സിനിമകളിൽ വലിയ രീതിയിലുള്ള ബജറ്റ് ചുരുക്കലുണ്ടായത്. നേരത്തെ ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ പകുതിപോലും കോവിഡാനന്തരം ലഭിക്കാതിരിക്കുകയും പിന്നീട് അതൊരു സ്ഥായിയായ രീതിയായി മാറുകയും ചെയ്തു. ആർട്ടിസ്റ്റുകൾക്ക് മറ്റ് നിവൃത്തിയില്ലാതെ അതിനോട് പൊരുത്തപ്പെടേണ്ടിവന്നു എന്നതാണ് ഇതിലെ ഏറ്റവും മോശം അനുഭവം.

കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ കൊമ്പലിൽ ജോളി

മലയാള ചലച്ചിത്ര ലോകത്ത് നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള പ്രതീക്ഷാനിർഭരമായ മാറ്റങ്ങൾ പതിയെ സംഭവിക്കുന്നുണ്ടെങ്കിലും അതിന് നേർവിപരീതമായ അനുഭവങ്ങളും ആവർത്തിക്കുന്നുണ്ട്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ അതിനുദാഹരണമാണ്. കേരളത്തിന് അഭിമാനമായി നിൽക്കേണ്ട ചലച്ചിത്ര പഠന ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളും തൊഴിലാളികളും ജാതീയ വിവേചനം അനുഭവിക്കേണ്ടി വരുന്നു എന്നത് എന്തുമാത്രം പരിതാപകരമാണ്? ഭരണഘടനാപരമായ അവകാശങ്ങളിൽപ്പെട്ട സംവരണാനുകൂല്യത്തിന് ദലിത് വിദ്യാർഥികൾ ഇന്നും സമരം ചെയ്യേണ്ടി വരുന്നു എന്നത് ലജ്ജയോടെ മാത്രം നാം തിരിച്ചറിയേണ്ട കാര്യമാണ്. മലയാളത്തിൽ നിന്ന്​ അന്തർദേശീയ തലത്തിൽ സിനിമയെടുക്കുന്നു എന്ന നിലയിൽ ഐക്കണൈസ് ചെയ്യപ്പെട്ട ആളുകളുടെ നിലപാടുകളെ കൂടി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം ചോദ്യം ചെയ്യുന്നുണ്ട്. സിനിമാ സാംസ്‌കാരിക ലോകത്ത് പ്രമാണിമാരായി നിലകൊണ്ടവരുടെ ഇരട്ടത്താപ്പുകളെ കൂടിയാണ് ജാതിയുമായി ബന്ധപ്പെട്ട, ഭിന്നസ്വത്വങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മരാഷ്ട്രീയങ്ങളുയർത്തി യുവതലമുറ ചോദ്യം ചെയ്യുന്നത്.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന്

വ്യക്തിപരമായി എന്റെ ജീവിതത്തിലും വലിയ മാറ്റം ഇക്കാലയളവിലുണ്ടായി. സിനിമയിലെത്തിയശേഷം എന്റെ അഭിപ്രായങ്ങൾക്ക് വിലയുണ്ടായി, ഞാൻ പറയുന്നത് കേൾക്കാനാളുമുണ്ടായി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. തീർത്തും സാമ്പ്രാദിയകമായ കുറേ കഥാപാത്രങ്ങൾ ചെയ്യേണ്ടിവന്നെങ്കിലും വ്യത്യസ്തതയുള്ളതും ഞാൻ ആഗ്രഹിച്ചിരുന്ന തലത്തിലുള്ളതുമായ കുറച്ചു കഥാപാത്രങ്ങളെങ്കിലും എനിക്ക് ലഭിച്ചു. അതിൽ കൂടുതലും ഷോർട്ട് ഫിലിമുകളായിരുന്നു. പുതിയ കാലത്തിന്റെ ഭാവുകത്വവും രാഷ്ട്രീയവുമെല്ലാം തിരിച്ചറിയുന്ന സംവിധായകരുടെ ചിത്രങ്ങളിൽ ഭാഗമാകുമ്പോഴാണ് ഒരു ചലച്ചിത്ര പ്രവർത്തക എന്ന നിലയിൽ കൂടുതൽ സന്തോഷം തോന്നാറ്.

ഇങ്ങനെയൊക്കെയെങ്കിലും മൊത്തം സമൂഹത്തെക്കുറിച്ചുള്ള ചിന്തകളിൽ ഞാൻ നിരാശയാണ്. നമ്മുടെ സമൂഹം വലിയ രീതിയിൽ ധ്രുവീകരിക്കപ്പെടുകയും വീണ്ടും മതാത്മകമായി ചുരുങ്ങുകയും ചെയ്യുന്നു എന്ന തോന്നലാണ് എനിക്കുള്ളത്. അന്ധമായ മതബോധത്തോടും മതാധിഷ്ഠിത അധികാരത്തോടും അവ നിലനിർത്തിയിരുന്ന സാമൂഹ്യശ്രേണിയോടുമെല്ലാം പലവിധ കലഹങ്ങൾ എല്ലാ കാലത്തുമുണ്ടായിരുന്നു, എന്നാൽ അത്തരം പ്രതിരോധങ്ങളുടെ ഇടങ്ങൾ വളരെയധികം ചുരുങ്ങുകയും മതാതിഷ്ഠിത വ്യവസ്ഥകൾക്ക് കൂടുതൽ വികാസവും പ്രാധാന്യവും ലഭിക്കുകയും ചെയ്യുന്ന കാലഘട്ടമായാണ് വർത്തമാന കാലത്തെ ഞാൻ വിലയിരുത്തുന്നത്.

സംഘപരിവാർ രാഷ്ട്രീയവും കൂടുതൽ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ സാധാരണ ജീവിതത്തിനകത്ത് എപ്പോഴും നിഴൽ വിരിച്ചുനിൽക്കുന്ന ഒരു സാന്നിധ്യമായി പൊലീസിംഗ് മാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം അപകടമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Comments