എഴുത്തിന്റെ ഉത്സവത്തിന്
എഡിറ്ററുടെ കല

ലിറ്റററി എഡിറ്റർ എന്ന നിലയിൽ എം.ടിയോടൊപ്പം ചേർത്തുവെക്കാവുന്ന പേരാണ് എസ്. ജയചന്ദ്രൻ നായരുടേത്- ഇന്നലെ അന്തരിച്ച എസ്. ജയചന്ദ്രൻ നായരുമായുള്ള മാധ്യമബന്ധം ഓർക്കുന്നു, മാധ്യമപ്രവർത്തകനായ മുസാഫിർ.

എസ്. ജയചന്ദ്രൻ നായരെ എനിക്ക് പരിചയപ്പെടുത്തുന്നത് കലാകൗമുദിയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എൻ.ആർ.എസ് ബാബുവാണ്. ഇരുവരുമായി തുടങ്ങിയ ചേതോഹരമായ ബന്ധം ഏറെക്കാലം നീണ്ടുനിന്നു, എസ്. ജയചന്ദ്രൻ നായർ ബംഗ്ലൂരിൽ മകളോടൊപ്പമുള്ള താമസവും എൻ.ആർ.എസ്. ബാബു മേധാക്ഷയത്തിന്റെ വിസ്മൃത ലോകത്തുമായി ഒതുങ്ങുംവരെ. അതിനുശേഷം വിനിമയങ്ങളിൽ പരിമിതിയുണ്ടായെങ്കിലും ഇരുവരും പരത്തിയ സ്‌നേഹത്തിന്റെ പൂക്കാലം മധുരമായ ഓർമയാണ്, എന്നെപ്പോലുള്ള നിരവധി പേരുടെ ഉള്ളിൽ. അവരിലൊരാളുടെ ജീവിതത്തിനിപ്പോൾ കാലത്തിന്റെ സൈൻ ഓഫ്.

കലാകൗമുദിയിലെ, ഏറെക്കുറെ അപക്വവും അസമർഥവുമായ, അക്കാലത്തെ എന്റെ ഫീച്ചർ റൈറ്റിംഗിന് രണ്ടു പത്രാധിപപ്രതിഭകളും നൽകിപ്പോന്ന പ്രേരണയും പിന്തുണയും മറക്കാനാവാത്തതാണ്. പിരിയോഡിക്കൽ ജേണലിസ്റ്റിന്റെ പ്രതിഭാപ്രസരം ഓരോ ആഴ്ചയും പുറത്തിറങ്ങിയ കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും നിറഞ്ഞുനിന്നു. ലിറ്റററി എഡിറ്റർ എന്ന നിലയിൽ എം.ടിയോടൊപ്പം ചേർത്തുവെക്കാവുന്ന പേരാണ് എസ്. ജയചന്ദ്രൻ നായരുടേത്.

മുസാഫിർ എസ്. ജയചന്ദ്രൻ നായർക്കൊപ്പം.
മുസാഫിർ എസ്. ജയചന്ദ്രൻ നായർക്കൊപ്പം.

എം.എസ്. മണി, എൻ.ആർ.എസ്. ബാബു എന്നിവരോടൊപ്പം കലാകൗമുദി വാരികയെ ജയചന്ദ്രൻനായർ മലയാളത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ - സാഹിത്യ പ്രസിദ്ധീകരണമായി മാറ്റിയെടുത്തു. ഒ.വി. വിജയനും എം.പി. നാരായണപിള്ളയും സക്കറിയയുമെല്ലാം ഓരോ ആഴ്ചയിലും കലാകൗമുദിയുടെ ഉള്ളടക്കം വൈവിധ്യപൂർണമാക്കാൻ സഹായിച്ചു.

പിന്നീട് കലാകൗമുദി വിട്ട് സമകാലിക മലയാളം വാരിക തുടങ്ങുമ്പോൾ അദ്ദേഹം എനിക്കെഴുതി: 'മുസാഫിർ എതിര് പറയരുത്, മലയാളം വാരികയുടെ ഗൾഫ് പ്രതിനിധിയായി ഞാൻ താങ്കളുടെ പേര് പ്രിന്റ് ലൈനിൽ വച്ചിട്ടുണ്ട്. താങ്കളുടെ സമ്മതമില്ലാതെ..'

എന്നെ സംബന്ധിച്ച് അത് നിശ്ചയമായും ഒരു അംഗീകാരമായിരുന്നു. ഗൾഫിൽനിന്ന് കൂടുതൽ നല്ല സ്‌റ്റോറികളൊന്നും അക്കാലത്ത് ഫയൽ ചെയ്യാനായില്ല എന്ന വിഷമേയുള്ളൂ. 'സൈകതരേഖകൾ' എന്ന എന്റെ കോളം ഒന്നര വർഷത്തോളം മലയാളം വാരികയിൽ അച്ചടിച്ചു. ഇതിനിടയ്ക്ക് പലപ്പോഴായി അദ്ദേഹവുമായി കാണാനിടയായി. വാരികയുടെ ഓഫീസ് ക്യാബിനിലൊഴിച്ച് കാണുമ്പോഴെല്ലാം ഏതെങ്കിലും പുതിയ പുസ്തകം അദ്ദേഹത്തിന്റെ കൈയിലുണ്ടാവും. 'ഋതുപ്പിറവിയുടെ ഇലയും പൂവും' എന്ന എന്റെ രണ്ടാമത്തെ പുസ്തകത്തിന് സ്‌നേഹപൂർവം അദ്ദേഹം മനോഹരമായൊരു അവതാരികയും എഴുതിത്തന്നു. ഈ പുസ്‌കത്തിലെ ലേഖനങ്ങളിലധികവും മലയാളം വാരികയിൽ നേരത്തെ അച്ചടിച്ചതായിരുന്നു.

ശാസ്ത്രീയ സംഗീതത്തിലും സമാന്തര സിനിമാ പ്രസ്ഥാനത്തിലും അദ്ദേഹത്തിന്റെ അറിവ് അപാരമായിരുന്നു. മലയാളത്തോടൊപ്പം ഏറ്റവും മികച്ച ഇംഗ്ലീഷ് വായനക്കാരിലൊരാളുമായിരുന്നു അദ്ദേഹമെന്ന് റോസാദളങ്ങൾ എന്ന പുസ്തകം തെളിവാണ്. മാർകേസിനെക്കുറിച്ചും ബോർഹെസിനെക്കുറിച്ചും കവാബാത്തയെക്കുറിച്ചും വി.എസ്. നയ്‌പോളിനെക്കുറിച്ചുമുൾപ്പെടെ അമ്പതോളം വിദേശ എഴുത്തുകാരുടെ ജീവിതം പ്രതിപാദിക്കുന്ന പുസ്തകമാണ് റോസാദളങ്ങൾ. അതിരുകളില്ലാത്ത ലോകത്തിന്റെ നഖചിത്രം ചാരുതയോലുന്ന വരികളിലൂടെ ഒപ്പിയെടുത്ത ഈ ഗ്രന്ഥം ഓരോ സാഹിത്യവിദ്യാർഥിക്കും പ്രയോജനപ്പെടുന്നതാണ്. തന്റെ ആഴവും പരപ്പുമുള്ള വായനയെ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്ന തരത്തിലാണ് ജയചന്ദ്രൻ നായർ, ലേഖനങ്ങളിലൂടെയും കോളങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. സാഹിത്യത്തിന്റേയും ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും അന്തർധാരകളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവസ്ഥയുടെ വ്യത്യസ്തഭാവങ്ങൾ അനാവരണം ചെയ്യുന്നതാണ് റോസാദലങ്ങൾ.

കലാകൗമുദിയെ എന്ന പോലെ സമകാലിക മലയാളം വാരികയേയും മലയാളത്തിലെ ഈടുറ്റ ആനുകാലിക പ്രസിദ്ധീകരണമായി മാറ്റിയെടുക്കാനും ഓരോ ആഴ്ചയും പുതുമയുള്ള വിഭവങ്ങൾ അണിനിരത്താനും അനവരതം യത്‌നിച്ച എഡിറ്ററാണ് ജയചന്ദ്രൻ നായർ. പൊളിറ്റിക്കൽസ്റ്റോറികൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതുണ്ട്. കലാകൗമുദിയുടെ കളരിയിൽ നിന്ന് ശീലിച്ചതായിരുന്നു അത്.

എസ്.കെ. നായർ പത്രാധിപരായ മലയാളനാട് വാരികയിലാരംഭിച്ച എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം കലാകൗമുദിയിൽ എഴുതിക്കുന്നതിന് എസ്. ജയചന്ദ്രൻ നായരാണ് മുൻകൈയെടുത്തത്. പിന്നീട് അദ്ദേഹത്തോടൊപ്പം വാരഫലം മലയാളം വാരികയിലേക്ക് കൂടെപ്പോന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയേയും അദ്ദേഹം ഒപ്പം കൂട്ടി. വരയുടേയും വരിയുടേയും ചക്രവർത്തിമാർ മലയാളം വാരികയുടെ ഓജസ്സ് കൂട്ടി, പ്രൗഢിയേറ്റി. സക്കറിയയും എം.പി നാരായണപിള്ളയുമെല്ലാം സമകാലിക മലയാളത്തിലെ സ്ഥിരം എഴുത്തുകാരായി. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റേയും രാഷ്ട്രാന്തരീയ പ്രശ്‌സ്തനായ പത്രാധിപർ ടി.ജെ.എസ് ജോർജിന്റേയും പിന്തുണ കൂടിയായതോടെ മലയാളം വാരിക ഈടുറ്റ ആനുകാലികമായി മാറി. അവസാനകാലം വരെ എം. കൃഷ്ണൻ നായർ ഈ വാരികയിൽ വാരഫലമെഴുതി.

എം.ടിയുടെ രണ്ടാമൂഴം, മലയാറ്റൂരിന്റെ നെട്ടൂർമഠം തുടങ്ങിയ നോവലുകൾ സീരിയലൈസ് ചെയ്തത് കലാകൗമുദിയിലായിരുന്നു. രണ്ടാമൂഴം കൊണ്ടുമാത്രം കലാകൗമുദിയുടെ സർക്കുലേഷൻ തൊണ്ണൂറായിരം കോപ്പികളിലേക്ക് ഗണ്യമായി വളർന്നത് വാർത്തയായിരുന്നു. ഈ മാറ്റങ്ങൾക്കെല്ലാം ഉത്തോലകമായി വർത്തിച്ചത് ജയചന്ദ്രൻ നായർ എന്ന പത്രാധിപരുടെ ഭാവനയും ദീർഘദൃഷ്ടിയുമാണ്.

എഴുത്തുകാർ, പ്രശസ്തരായാലും അല്ലെങ്കിലും അവരുമായി വിപുലമായൊരു സൗഹൃദവലയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഓരോ മാറ്ററും സസൂക്ഷം വായിക്കുകയും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്ത ആ പ്രത്യുൽപന്നമതിത്വം ഇന്നത്തെ കാലത്ത് പലർക്കും ആലോചിക്കാനാവില്ല. എഴുത്തുകാരുമായി നിരന്തരബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം മാറ്ററുകളിൽ അടയിരിക്കാതെ അവ അച്ചടിക്കുമോ ഇല്ലയോ എന്ന് യഥാസമയം എഴുത്തുകാരെ അറിയിച്ചു. ഇന്നത്തെ എഡിറ്റർമാർക്കൊക്കെ ഇത് വിസ്മയമായി തോന്നിയേക്കാം.

ടി.ജെ.എസ്. ജോർജുമായി ഈ ലേഖകൻ ബാംഗ്ലൂരിൽ വെച്ചു നടത്തിയ അഭിമുഖം അയച്ചുകൊടുത്തപ്പോൾ അദ്ദേഹത്തിന്റെ കിഴക്കനേഷ്യൻ ജീവിതത്തെക്കുറിച്ച് കുറച്ചുകൂടി എഴുതാമെന്ന് പറഞ്ഞ് ചില ഉപദേശങ്ങൾ എസ്. ജയചന്ദ്രൻ നായർ തരികയും ടി. ജെ. എസിനെ വീണ്ടും കണ്ട് വിവരങ്ങൾ തിരക്കി ലേഖനം തിരുത്തി അയക്കുകയും ചെയ്തു. ഈ ഫീച്ചർ പിറ്റേ ആഴ്ച കലാകൗമുദിയുടെ കവർ സ്റ്റോറിയായി അദ്ദേഹം പ്രസിദ്ധീകരിച്ചു. തലക്കെട്ട്: വാർത്തകളുടെ വാസ്തുശിൽപി.

മലയാളരാജ്യം എന്ന ആദ്യകാല പത്രത്തെക്കുറിച്ച് അഭിജാതമായ ഒരു പത്രസ്ഥാപനത്തിന്റെ തിരോധാനം എന്ന പേരിൽ അദ്ദേഹം എഴുതി: പ്രതാപകാലം പിന്നിട്ട, ക്ഷയോൻമുഖമായിക്കൊണ്ടിരിക്കുന്ന എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന കാലത്താണ് ഞാൻ മലയാളരാജ്യം ദിനപത്രത്തിൽ ചേരുന്നത്. പഴയ തിരുവിതാംകൂറിൽ മലയാള രാജ്യവും ദേശബന്ധുവും മലയാളിയും ഒരു കാലത്ത് അതിശക്തമായ സ്വാധീനം ചെലുത്തിയ പത്രങ്ങളായിരുന്നു. നായർ സമുദായത്തിന്റെ ശക്തിസ്തംഭങ്ങൾ. എന്നാൽ ഫ്യൂഡലിസം പടിയിറങ്ങിയതോടെ നായർത്തറവാടുകൾ തകർന്ന പോലെ ഈ പത്രങ്ങളും അപ്രത്യക്ഷമായി. അനിവാര്യമായിരുന്നോ ആ തകർച്ച? ഒഴിവാക്കാമായിരുന്നുവെങ്കിലും ചരിത്രം ആവശ്യപ്പെട്ട തകർച്ചയായിരുന്നു അത്. കൊല്ലം നഗരത്തിന്റെ പ്രസാദമായിരുന്നു മലയാളരാജ്യം ദിനപത്രം. ഇപ്പോഴും ഞാൻ മലയാളരാജ്യത്തിന്റെ തകർച്ചയെപ്പറ്റി ആലോചിക്കാറുണ്ട്. പ്രഭാതവും ദിനമണിയും ജനയുഗവുമെല്ലാം ദിനപത്രങ്ങളായി കൊല്ലത്ത് നിന്നിറങ്ങിയിരുന്നുവെങ്കിലും മലയാള രാജ്യത്തിന്റെ സ്ഥാനം അഭിജാതമായിരുന്നു. നേരും നെറിയുമുണ്ടായിരുന്ന ഒരു പ്രസിദ്ധീകരണം. പക്ഷേ അതെല്ലാം അത് കാപ്പാറ്റേണ്ടവർ ഇല്ലാതാക്കി. (എന്റെ പ്രദക്ഷിണ വഴികൾ - എസ്. ജയചന്ദ്രൻ നായർ).

പിറവി എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടാണ് ജയചന്ദ്രൻ നായർ ചലച്ചിത്രരംഗത്തേക്ക് വന്നത്. ഷാജി എൻ. കരുണുമായി ചേർന്നുള്ള ആ ചിത്രത്തിന് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചു. സ്വം മറ്റൊരു ക്ലാസിക് സംരംഭമായിരുന്നു. അരവിന്ദനുമായുള്ള കൂട്ടുകെട്ട് അദ്ദേഹത്തിന്റെ സിനിമാമോഹങ്ങളെ ദീപ്തമാക്കി. മികച്ച ചലച്ചിത്രാവബോധം കാത്തു സൂക്ഷിച്ചിരുന്ന ഈ പത്രാധിപരുടെ സുഹൃദ്‌ശ്രേണിയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുക്കണക്കിനാളുകളുണ്ടായിരുന്നു. നിശിതവും അതേസമയം നിഷ്പക്ഷവും ആർജവമുള്ളതുമായ സമീപനമാണ് പത്രാധിപർ എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ചത്. അവിടെ തികഞ്ഞ സത്യസന്ധത പ്രദർശിപ്പിച്ചു. ഏറ്റവും നല്ല കവികളേയും എഴുത്തുകാരെയും കണ്ടെത്തുന്നതിനും അവരുടെ പ്രതിഭ വായനക്കാരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് അനായാസം സാധിച്ചു. ഇന്നത്തെ പ്രസിദ്ധരായ പല സാഹിത്യകാരന്മാരും രംഗത്തുവന്നത് ജയചന്ദ്രൻ നായർ എന്ന എഡിറ്ററുടെ മാജിക് പേനയുടെ മൃദുസ്പർശം കൊണ്ടാണെന്ന കാര്യത്തിൽ സംശയമില്ല.


Summary: As a literary editor, S. Jayachandran Nair is a name that can be paired with M.T. Vasudevan Nair, Journalist Musafir writes


മുസാഫിർ

‘മലയാളം ന്യൂസി’ൽ ന്യൂസ്​ എഡിറ്ററായിരുന്നു

Comments