ശാസ്ത്രീയനൃത്തം അഭ്യസിച്ച, മോണോ ആക്ടിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാമതെത്തിയ പ്രതിഭയാണ് വീണ. ഒരു വലിയ റേഡിയോക്കുചുറ്റും കൂടിയിരുന്ന് ആകാഷയോടെ വാർത്ത കേൾക്കുന്ന നാട്ടുകാരുള്ള ഒരു കുട്ടിക്കാലം.
പത്തനംതിട്ട മൈലപ്രയിലെ കുമ്പഴ വടക്കുള്ള തനിഗ്രാമം.
വീണയുടെ കാലം, ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറകളുടെ കാലത്ത് തുടങ്ങുന്നു. അക്കാലം ബ്ലാക്ക് ആൻഡ് വൈറ്റിൽ പതിഞ്ഞ കുഞ്ഞു വീണയായി, വീണയുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈലിൽ ഏറെക്കാലം ഉണ്ടായിരുന്നു. അപ്പുറമിപ്പുറം മുടി പറ്റെ ചീകിയ കുട്ടി; ആ ചിത്രങ്ങൾ പകർത്തിയതാവട്ടെ ഫോട്ടോഗ്രാഫറായിരുന്ന അപ്പൂപ്പൻ ഈശോയും.
അപ്പൂപ്പന്റെ മുറി നിറയെ പുസ്തകങ്ങളാണ്. അവിടെയാണ് നാട്ടിലെ ഏക വാർത്താപ്രക്ഷേപിണിയായ ആ ജർമൻ റേഡിയോ. ആ ജർമൻ റേഡിയോയിൽ തുടങ്ങുന്ന വീണയുടെ ലോകം.
നിത്യചൈതന്യ യതിയുടെയൊക്കെ കുടുംബക്കാരനായിരുന്നു അപ്പൂപ്പന്റെ ഫോട്ടോഗ്രാഫി ഗുരു. വിദേശത്ത് പോയി നേരിട്ട് ഫോട്ടോഗ്രഫി പഠിച്ച ഗുരുവിൽ നിന്ന് വിദ്യയഭ്യസിച്ച് തിരുവതാംകൂറിലെ തന്നെ ആദ്യ ഫോട്ടോസ്റ്റുഡിയോ, ഈസൻ സ്റ്റുഡിയോ അപ്പൂപ്പൻ സ്ഥാപിച്ചു. വളർന്നപ്പോൾ വീണ തിരിച്ചറിഞ്ഞു, തന്റെ മാധ്യമ ലോകത്തിന്റെ തുടക്കം അപ്പൂപ്പന്റെ ആ ക്യാമറകളുടെയും പുസ്തകങ്ങളുടേയും ലോകത്തുനിന്നാണല്ലോ...
യാഥാസ്ഥിതികരായ കുടുംബക്കാർ അപ്പുപ്പനെ എങ്ങനെ സ്ഥിരവരുമാനമൊന്നുമില്ലാത്ത ഫോട്ടോഗ്രഫിയിലേയ്ക്ക് വിട്ടുവെന്ന് വീണ ചിന്തിച്ചിട്ടുണ്ട്. അതും അപ്പൂപ്പൻ ഒരു മകനാണ്. തിരക്കിപ്പിടിച്ചപ്പോൾ വീണയ്ക്ക് പിടികിട്ടി, അപ്പുപ്പന്റെ അമ്മയുടെ സഹോദരങ്ങൾ ചിത്രകാരന്മാരായിരുന്നു. അതിലൊരാളാണ് ആർട്ടിസ്റ്റ് സാമി അപ്പൂപ്പൻ. ക്ഷേത്രങ്ങളിലൊക്കെ ചിത്രം വരയ്ക്കുമായിരുന്നയാൾ. അദ്ദേഗം വരച്ച ചിത്രങ്ങൾ കണ്ടെത്താൻ വീണയിലെ മാധ്യമപ്രവർത്തക ശ്രമിച്ചിരുന്നു.
അന്നത്തെക്കാലത്ത് ഓർത്തഡോക്‌സ് ക്രിസ്ത്യൻ ഫാമിലിയിൽ നിന്നൊരാൾ ക്ഷേത്രങ്ങളിൽ ചിത്രം വരയ്ക്കാൻ പോയതിന്റെ ചരിത്രം വീണയെ ആവേശം കൊള്ളിക്കുന്നു.
ആദ്യം ജോലികിട്ടിയ ചാനലിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ച നിമിഷവും വീണയുടെ ജീവിതത്തിലുണ്ട്. വീണയെ, ഇന്നത്തെ വീണയാക്കിയ ആ നിമിഷങ്ങൾ കൈരളി ചാനലിലാണ്. എം.എസ്‌സി ഫിസിക്‌സ് കഴിഞ്ഞ്, കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലിചെയ്യുന്നതിനിടയിലാണ് കൈരളിയിൽ ട്രെയിനികളെ വിളിക്കുന്നത്. ചുറ്റുപാടുമുള്ള കാര്യങ്ങളോട് വിമുഖത കാണിക്കാത്ത ഒരു ശാസ്ത്രവിദ്യാർത്ഥിനിയായിരുന്നു വീണ. ലോകത്തും ഇന്ത്യയിലും നടക്കുന്ന രാഷ്ട്രീയ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ശീലം കുട്ടിക്കാലം മുതലേയുണ്ട്.
കൈരളിയിലെ ഇന്റർവ്യൂവിനും ടെസ്റ്റിനുമെത്തുമ്പോൾ, ആ രാഷ്ട്രീയബോധം
ജേർണലിസം പഠിക്കാത്ത വീണയെ സഹായിച്ചു. അങ്ങിനെ 15പേരെ സെലക്ട് ചെയ്തു. പത്തു ദിവസത്തെ ട്രെയിനിങ് കഴിഞ്ഞപ്പോൾ മൂന്നുപേരെ വീട്ടിലേയ്ക്ക് പറഞ്ഞു വിടാൻ തീരുമാനിച്ചു. അതിലൊരാളായിരുന്നു വീണ. അന്ന് ട്രെയ്‌നിംഗ് കോഓർഡിനേറ്റ് ചെയ്ത ബൈജുചന്ദ്രനോ മറ്റോ പറഞ്ഞു, അവരെ പറഞ്ഞു വിടണ്ട, അവർക്ക് ഡ്യൂട്ടി ചെയ്യാനാവും. അന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിൽ, ഇന്നത്തെ വീണ ഉണ്ടാവുമായിരുന്നില്ല. അന്ന് പുറത്തേയ്ക്ക് വാതിൽ തുറക്കപ്പെട്ടവരിൽ ഒരാൾ ഇന്ന് കേരളത്തിലെ സുപ്രധാന മാധ്യമപ്രവർത്തയാണെന്നത് മറ്റൊരു സത്യം.
അച്ചാച്ചൻ കുര്യാക്കോസ് പത്തനംതിട്ടയിലെ വക്കീലാണ്. തിരുവനന്തപുരം ലോകോളേജിൽ ബി.എല്ലിന്റെ അവസാന ബാച്ചായിരുന്നു. അമ്മ റോസമ്മ ഗൃഹജോലി. അനുജത്തിയും അനുജനുമുണ്ട്. വിദ്യയും വിജയും. പേരക്കുട്ടികൾക്ക് സെക്യുലർ പേരുകൾ വേണമെന്ന് അപ്പൂപ്പന്റെ നിർബന്ധമായിരുന്നു. നിറയെ പുസ്തകങ്ങളുണ്ടെങ്കിലും വായിക്കണമെന്നൊന്നും തോന്നിയിട്ടില്ല. ഇന്നത് പഠിക്കണം വായിക്കണം എന്നൊന്നുമുള്ള നിർബന്ധം
വീട്ടിലുമില്ല. അന്ന് അച്ചാച്ചനും അമ്മച്ചിയും കൂടി മാതൃഭൂമിയും കലാകൗമുദിയുമൊക്കെ വായിച്ച് എൻ. വി. കൃഷ്ണവാര്യർ സാറിനെ പറ്റിയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.
അമ്മ കുളത്തൂപ്പുഴക്കാരിയാണ്. ബി.കോം വരെ പഠിച്ചിട്ടുണ്ട്. നന്നായി വായിക്കുന്ന കൂട്ടത്തിലാണ്. സാഹിത്യത്തിൽ അച്ചാച്ചന്റേയും അമ്മയുടേയും അഭിരുചി വ്യത്യസ്തമാണ്. എന്നാലും വായിച്ചതിനെപ്പറ്റി ഇരുവരും സംസാരിക്കുമായിരുന്നു. പള്ളീലച്ചന്മാരൊക്കെയുള്ള വീടാണ്. ഓർത്തഡോക്‌സ് സമൂഹത്തിൽ സന്ധ്യയ്ക്ക് വീട്ടിൽ വിളക്കൊക്കെ വെയ്ക്കുമായിരുന്നു. തിരി കത്തിക്കുക എന്നു തന്നെയാണ് പറയാറ്. പക്ഷെ, പ്രാർത്ഥിക്കണമെന്നോ, തിരികത്തിക്കണമോയെന്നൊന്നും അവർ അടിച്ചേൽപ്പിച്ചിട്ടില്ല. ഹൈസ്‌ക്കൂളിലേയ്ക്ക് എത്തിയപ്പോൾ വായിക്കാൻ തുടങ്ങി. അച്ചാച്ചൻ തന്നെയാണ് വായനയിലേയ്ക്ക് നയിച്ചത്.
പൂർണ ഇഷ്ടത്തോടെയോ കേസുകൾ ചെയ്യൂ. പണം നോക്കിയല്ല കേസെടുക്കാറ്. അച്ചാച്ചൻ വാദിക്കുന്നത് കേൾക്കാൻ ആളുകളൊക്കെ കോടതിയിൽ തടിച്ചുകൂടുമായിരുന്നെന്നൊക്കെ കേട്ടിട്ടുണ്ട്. നന്നായി
പ്രസംഗിക്കുമായിരുന്നു.
അച്ചാച്ചൻ കെ.എസ്.യുവിൽ സജീവമായിരുന്നു. കോളേജിൽ ചെയർമാനായിരുന്നു. കോൺഗ്രസിലും സജീവമായിരുന്നു, അന്നേതോ പോസ്റ്റ് ഓഫീസ് വിഷയവുമായി ബന്ധപ്പെട്ട് കെ. കരുണാകരനോട് തെറ്റി രാഷ്ട്രീയം വിട്ടു. വീണയുടെ ഓർമ്മയിൽ അച്ചാച്ചന് രാഷ്ട്രീയമില്ല. ആയിരംപേർ പോകുന്ന വഴിയേ പോകരുത് ഒറ്റയ്ക്ക് തിരിഞ്ഞു പോകണമെന്ന് അച്ചാച്ചനെപ്പോഴും പറയുമായിരുന്നു. അതുതന്നെയായിരുന്നു അച്ചാച്ചന്റെ ജീവിതവും.
‘ഞാൻ പെൺകുട്ടിയാണെന്നൊന്നും ഞാനൊട്ടും ബോദേർഡ് ആയിരുന്നില്ല. ഞങ്ങൾക്ക് തുല്യതയുണ്ടായിരുന്നു. നീയൊരു പെൺകുട്ടിയാണെന്നു പറയുന്ന
വീടേയല്ലായിരുന്നു. അച്ചാച്ചന്റെ രണ്ടു സഹോദരിമാർ
വീട്ടിലുണ്ടായിരുന്നു. അവരും കൂടി ചേർന്ന് മൂന്ന് അമ്മമാരാണ് ഞങ്ങളെ വളർത്തിയത്. എന്തുണ്ടേലും ആദ്യം അവരോട് പറയണം എന്നാണ് അമ്മ ശീലിപ്പിച്ചത്. അവരെല്ലാം ധീരരായ സ്ത്രീകളായിരുന്നു. അച്ചാച്ചനെക്കാളും അമ്മയ്ക്കായിരുന്നു ധീരത. അതിപ്പോൾ, ഒരു പാമ്പിനെ ഓടിക്കുന്ന കാര്യത്തിലായാലും കുടുംബത്തെ മൊത്തം ബാധിക്കുന്ന വിഷയങ്ങളിലായാലും അമ്മ പതറാതെ നിൽക്കുമായിരുന്നു. അച്ചാച്ചന്റെ ധൈര്യം അമ്മയാണെന്ന് തോന്നിയിട്ടുണ്ട്'- വീണ പറയുന്നു.
വീണ, പ്രൈമറി ക്ലാസിൽ കണക്കിന് 60 മാർക്കൊക്കെ കിട്ടുന്ന സാധാരണ വിദ്യാർത്ഥിനിയായിരുന്നു. ഹൈസ്‌കൂളിലേയ്‌ക്കെത്തിയപ്പോൾ ജോർജ് സാർ വന്നു. പഠിപ്പിക്കില്ല. ബോർഡിൽ കണക്കിട്ടു തരും. അത് ചെയ്യണം. ആ കണക്കിലെ കളി, കളിച്ച് വീണ പത്തിലെത്തിയപ്പോൾ നൂറിൽ നൂറും വാങ്ങി.
ഭരതനാട്യം, മോഹനിയാട്ടം എന്നിവയിൽ താരമാണ് വീണ. അരങ്ങേറ്റമൊക്കെ കഴിഞ്ഞതാണ്. പോരാത്തതിന് സ്‌കൂൾ കലോത്സവത്തിൽ പാഞ്ചാലി വസ്ത്രക്ഷേപം അവതരിപ്പിച്ച് മോണോ ആക്ടിൽ ഒന്നാം സ്ഥാനവും നേടി. വായനയും പ്രസംഗവുമൊക്കെയുണ്ട്. സ്വാഭാവികമായും തേർഡ് ഗ്രൂപ്പെടുക്കേണ്ട വീണ, ജോർജ് സാറിന്റെ കണക്കിനെ വിട്ടില്ല. പ്രീഡിഗ്രി തിരുവനന്തപുരത്ത് മതിയെന്ന് അച്ചാച്ചൻ തീരുമാനിച്ചു. അവിടെയാകുമ്പോൾ നല്ല ലൈബ്രറികളുണ്ടെന്നതായിരുന്നു കാരണം.
അങ്ങനെ, പത്തനംതിട്ടയിലെ കോൺവെന്റ് സ്‌കൂളിൽ നിന്ന് തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വീണ ചെന്നു. പ്രീഡിഗ്രിക്ക് ഫിസിക്‌സിലായിരുന്നു ഇഷ്ടപ്പെട്ട അധ്യാപകർ. കൂടുതൽ
മാർക്കും ഫിസിക്‌സിന്. അങ്ങനെ അതേ കോളേജിൽ ബിഎസ്സിയും പിജിയും ഫിസിക്‌സിലായി. സാധാരണ സയൻസ് വിദ്യാർത്ഥികളെ പോലെ പ്രാക്ടിക്കലും റെക്കോർഡ് ബുക്കുകളുമായി അടഞ്ഞിരുന്നില്ല വീണ. ഡാൻസിന്റേയും അഭിനയത്തിന്റേയും പശ്ചാത്തലമുള്ളതുകൊണ്ട് കലോത്സവങ്ങളിൽ നിറഞ്ഞു നിന്നു. നാടകവും മൈമും സ്‌കിറ്റുമെല്ലാമായി, സർവ്വകലാശാലയിലെ കലാകാരിയായി. സമ്മാനങ്ങളും നേടി. പിജി കഴിഞ്ഞ്, കാര്യവട്ടം ക്യാംപസിൽ ജേർണലിസത്തിനു ചേരണമെന്നുണ്ടായിരുന്നു. ക്ലാസ് തുടങ്ങിപ്പോയതിനാൽ നാട്ടിലേയ്ക്ക് മടങ്ങി.
നാട്ടിൽ വീണയെ കാത്തിരുന്നത് അധ്യാപികയാകാനുള്ള അവസരം. പത്തനംതിട്ട കാത്തലിക് കോളേജിൽ ഫിസിക്‌സ് ടീച്ചറായി വീണ. വീണയുടെ പ്രായമുള്ള വിദ്യാർത്ഥികൾ. അവരുമൊന്നിച്ച് മൂന്നു വർഷത്തോളം.
സിവിൽ സർവ്വീസ് എന്ന മോഹം അന്നേയുണ്ട്. ജേർണലിസ്റ്റാകാൻ വീണയ്ക്ക് ആഗ്രഹമുണ്ടെന്നറിയാവുന്ന അച്ചാച്ചൻ തന്നെയാണ്, കൈരളി ചാനലിലേയ്ക്ക് ജേർണലിസ്റ്റ് ട്രെയിനികളെ വിളിച്ച പത്രവാർത്ത മകളെ അറിയിച്ചത്. അധ്യാപനം വിട്ട് വീണയങ്ങിനെ, മാധ്യമപ്രവർത്തനത്തിനുള്ള അപേക്ഷ കൈരളിയിലേയ്ക്ക് പൂരിപ്പിച്ചയച്ചു.
സ്‌കൂളിൽ ലീഡർ. പഠിച്ചിടത്തൊക്കെ വിജയം മാത്രം. ഉയർന്ന മാർക്കുകൾ, അതുവരെ പരാജയം അറിഞ്ഞിരുന്നില്ല. ആദ്യത്തെ പരാജയമായിരുന്നു കൈരളിയിൽ നിന്ന് ട്രെയിനിങ് കഴിഞ്ഞപ്പോൾ പുറത്തു പോകേണ്ടി വരുമെന്ന അവസ്ഥ. കോളേജ് അധ്യാപികയെന്ന ജോലി ഉപേക്ഷിച്ച് വന്നതാണ്.
എല്ലാവരും കൈരളിയിൽ ട്രെയിനിയായ വിവരം അറിഞ്ഞതാണ്. കൈരളിയിൽ നിന്ന്പു റത്താക്കപ്പെടുന്നുവെന്നത് നടുക്കത്തോടെയാണ് തിരിച്ചറിഞ്ഞത്. പക്ഷെ, അത് വീണയുടെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തിനൊപ്പം പുതിയ
ഡ്യൂട്ടിയും കൈരളിയിൽ കിട്ടി. ഏജൻസികളിൽ നിന്നുള്ള റീഡും ടെക്സ്റ്റും എടുക്കുക. അന്തർദേശിയ വാർത്തകളുടെ ലോകമാണത്.
‘‘ഞാനത് ആസ്വദിച്ചു. തുടർന്ന് പി.ഗോവിന്ദപ്പിള്ളയുടെ ‘പി.ജിയും ലോകവും' എന്ന പരിപാടിയുടെ അസിസ്റ്റന്റ് പ്രൊഡ്യൂസറായി. പാർവതിയാണ് പ്രോഡ്യൂസർ. ‘പി.ജിയും ലോക’വും വീണയുടെ ജേർണലിസം ക്ലാസായി. പി.ജിയുടെ വീഡിയോ തിരുവനന്തപുരത്തു നിന്നും വരും. കാക്കനാടാണ് എഡിറ്റിങ്. അരമണിക്കൂറാണ് പരിപാടി. അത് മുക്കാൽ മണിക്കൂറൊക്കെയുണ്ടാകും. എന്ത് എഡിറ്റ് ചെയ്ത് മാറ്റണമെന്നത് വലിയ ആശയക്കുഴപ്പമാണ്. പലതവണ അതു കേൾക്കും. അതിനൊപ്പം ചേർക്കാനുള്ള വിഷ്വലുകൾ കണ്ടെത്തലാണ് അതിലും പ്രയാസം. പലപ്പോഴും
അദ്ദേഹം തന്നെ പറഞ്ഞു തരും. ‘പി.ജിയും ലോകവും' വീണയുടെ ഗുരുസ്ഥാനത്തുള്ള പ്രോഗ്രാമാണ്.
പുസ്തകങ്ങൾ വായിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആളെ വിവാഹം കഴിക്കണമെന്നായിരുന്നു വീണയുടെ മോഹം. അച്ചാച്ചനും അതറിയാമായിരുന്നു. അദ്ദേഹം കണ്ടെത്തിയതും അങ്ങനെയൊരാളെയാണ്- ഡോ. ജോർജ്ജ് ജോസഫ്. ഓർത്തഡോക്‌സ് സഭാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം. ജോർജിന് മൂന്ന്
സഹോദരിമാരാണ്. മൂവരും ജോലി ചെയ്യുന്നു. ജോർജിന്റെ അമ്മയ്ക്ക് പെൺകുട്ടികൾ ജോലിചെയ്യുന്നത് വലിയ ഇഷ്ടമാണ്. വീണയും ജോലി ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം വീണ്ടും ജേർണലിസത്തിന്റെ ദിനങ്ങളിലേയ്ക്കുള്ള പ്രചോദനമായി. വീണ മനോരമ ചാനലിലെത്തി.
കൈരളിയിൽ നിന്ന് മനോരമയിലേയക്കെത്തുമ്പോൾ, സാങ്കേതിക വിദ്യയും പ്രൊഫഷണിലസവുമെല്ലാം മാറിക്കഴിഞ്ഞിരുന്നു. പുതിയ കാലത്തെ അതിവേഗ ചാനൽ ദിനങ്ങൾ. അവിടെ നിന്ന് ഇന്ത്യാവിഷനിലേയ്ക്ക്. നിലനിൽപ്പിനുള്ള പോരാട്ടമായിരുന്നു എന്നും ഇന്ത്യാവിഷനിൽ. അപ്പോഴും ജനപക്ഷത്തോട് ചേർന്നു നിൽക്കാൻ ഇന്ത്യാവിഷന് സാധിച്ചു. നികേഷ് കുമാർ ഇന്ത്യാവിഷൻ വിട്ട് റിപ്പോർട്ടർ ചാനൽ ആരംഭിക്കുമ്പോൾ, വീണ ഇന്ത്യാവിഷന്റെ മുഖമായി.
അഭിമുഖങ്ങളും ന്യൂസ് അവറുകളും ചർച്ചകളുമായി തീപിടിച്ച ദിനങ്ങൾ. പിന്നീട് ജേർണലിസത്തിൽ നിന്ന് ജനപ്രതിനിധിയിലേയ്ക്ക് എത്തുമ്പോൾ വീണ ടി.വി ന്യൂ, എന്ന ചാനലിലൂടെ മലയാളത്തിലെ ആദ്യ ചാനൽ അധിപയായ വനിതയായിരുന്നു, ഇപ്പോൾ മന്ത്രിയും.