എം.ടി. വാസുദേവൻ നായർ / Photo: Punalur Rajan

നോ പറഞ്ഞ എം.ടിയിൽ നിന്ന് സ്നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം

എം.ടിയുടെ വീട്ടിൽ എത്തി കോളിങ് ബെല്ലടിച്ചപ്പോൾ ഷർട്ട് ബട്ടൺസ് മുഴുവനിടാതെ ബീഡി വലിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങി വന്നു. ഒരു പക്ഷെ അപ്പോൾ എഴുതുകയായിരിക്കണം. വീട്ടിലെ നായ വല്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. പുറത്തെത്തി എം.ടി ഞങ്ങളോട് എന്താ എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങൾ വന്ന കാര്യം പറഞ്ഞു. പട്ടത്തുവിളയെല്ലാം ഒപ്പിട്ടിട്ടുണ്ട്, എന്നാ ഒപ്പിടല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇല്ല, പറ്റില്ല എന്ന മറുപടിയാണ് പറഞ്ഞത്. ഞങ്ങൾ ശരിക്ക് ഞെട്ടിപ്പോയി.

എം.ടി വാസുദേവൻ നായരുടെ വിയോഗത്തോടെ മലയാള ഭാഷയിലെ തന്നെ തലയെടുപ്പുള്ള എഴുത്തുകരാനാണ് ഇല്ലാതായത്. എഴുത്തുകാരന് അന്തസ്സ് ഉണ്ടാക്കി കൊടുക്കുന്നതിൽ എം.ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. താൻ കൈവച്ച മേഖലയിലെല്ലാം അദ്ദേഹം തന്റേതായ കൈമുദ്ര പതിപ്പിച്ച് അജയ്യനായി മുന്നേറിയിട്ടുണ്ട്. സാഹിത്യത്തിലും എഡിറ്റർ എന്ന രീതിയിലും നാടകത്തിലും കഥകളിലും സിനിമയിലും തിരക്കഥയിലും സംവിധാനത്തിലും അക്കാദമി പ്രസിഡന്റ് മുതൽ തുഞ്ചൻ പറമ്പിന്റെ സാരഥി വരെയുള്ള നിരവധി സംഘാടന പ്രവർത്തനങ്ങളിലും തലയുയർത്തി നിന്ന എം.ടി എന്ന മലയാളത്തിന്റെ സൗഭാഗ്യം നമ്മെ വിട്ടു പിരിഞ്ഞ ഒരവസ്ഥയാണുള്ളത്. വലിയ ദുഖം തോന്നുന്ന സമയം. വ്യക്തിപരമായി അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവും ഏറെ ലഭിച്ചിട്ടുണ്ട്. എനിക്ക് മാത്രമല്ല, എന്നെ പോലെയുള്ള ഒരുപാട് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങളെയെല്ലാം കാണാനും കേൾക്കാനും താൽപര്യം കാണിക്കുകയും ചെയ്ത ഒരു വലിയ മനുഷ്യനായിരുന്നു അദ്ദേഹം.

എം.ടി ഒരു നാടകം മാത്രമാണ് എഴുതിയത്. സംഗമം തിയേറ്റേഴ്‌സിന് വേണ്ടി ഗോപുര നടയിൽ എന്ന നാടകമാണ് എം.ടി എഴുതിയത്. പ്രൊഫഷണലായി കളിക്കാൻ പറ്റിയ നാടകമായിരുന്നു അത്. നാടകമെന്ന രീതിയിൽ അതിന്റെ ഘടനയും ഉള്ളടക്കവും മേന്മയേറിയതാണ്. സാമൂഹിക പ്രശ്‌നങ്ങളെല്ലാം ഉൾപെടുന്ന നാടകമാണിത്. ഈ ഒറ്റ നാടകം കൊണ്ട് തന്നെ അദ്ദേഹം നാടകത്തിന്റേതായ ഭാഷ സ്വാശീകരിക്കുകയും അതിനെ കൃത്യമായി സന്നിവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Photo: P Mustafa
Photo: P Mustafa

എന്റെ അച്ഛന് കോഴിക്കോട് രണ്ടാം റെയിൽ വേ ഗേറ്റിനടുത്ത് ബിസിനസ് ഉണ്ടായിരുന്നു. ഞാൻ ചെറുപ്പം മുതൽ അവിടെ പോയി ഇരിക്കുമ്പോൾ റെയിൽ വേ ഗേറ്റ് പലപ്പോഴും അടഞ്ഞു കിടക്കുകയായിരിക്കും. മാതൃഭൂമി ഓഫീസിലേക്കും വലിയങ്ങാടിയിലേക്കും പോകുന്ന ആളുകൾ പലപ്പോഴും ആ ഗേറ്റിനടിയിലൂടെ നൂഴ്ന്നും നടക്കാനുള്ള ചെറിയ വഴിയിലൂടെയും അപ്പുറം കടക്കും. ഒരിക്കലും നൂഴ്ന്നു പോകാത്ത ആളായിട്ടാണ് ഞാൻ എം.ടിയെ ആദ്യം കണ്ടത്. എന്റെ അച്ഛൻ ഓരോരുത്തരെയും ചൂണ്ടികാട്ടിത്തരും. ഉറൂബിനെയും വി.കെ.എന്നിനെയും അച്ഛൻ അങ്ങനെ കാണിച്ചു തന്നിട്ടുണ്ട്. എസ്.കെ പൊറ്റക്കാടിനെക്കുറിച്ച് അച്ഛൻ അന്ന് പറഞ്ഞത് അയാൾ ലോകത്ത് മുഴുവൻ വെറുതെ സഞ്ചരിക്കുന്നയാളാണെന്നാണ്. അങ്ങനെ കോഴിക്കോടുള്ള ഓരോ എഴുത്തുകാരെയും അച്ഛൻ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചു മുതിർന്നപ്പോൾ അച്ഛൻ ഇതേ പോലെ ചൂണ്ടികാണിച്ചു തന്ന മനുഷ്യനാണ് എം.ടി വാസുദേവൻ നായർ. എം.ടി യെ ചൂണ്ടി, ഇതാണ് എം.ടി വാസുദേവൻ നായർ, മൂപ്പർക്ക് മാതൃഭൂമിയിലാണ് പണി എന്നാണ് അച്ഛൻ അന്ന് പറഞ്ഞത്. മുണ്ട് കുറച്ച് കയറ്റി പിടിച്ച് ഒരു കയ്യിൽ ഗണേഷ് ബീഡിയുടെ കെട്ടുമായി തലയുയർത്തി നടക്കുന്ന എം.ടി പിന്നീട് നിരന്തരമായി ഞാൻ കാണുന്ന കാഴ്ചയായിരുന്നു.

പിന്നീട് എം.ടിയെ പല സ്ഥലത്ത് നിന്ന് കാണുമ്പോഴും പ്രസംഗങ്ങൾ കേൾക്കുമ്പോഴും അദ്ദേഹം കാണിക്കുന്ന അകൽച്ച ഭയങ്കരമാണ്. ആരെയും അധികം അടുപ്പിക്കാത്ത, ലോകത്തിനോട് പുച്ഛഭാവമുള്ളയാളായിട്ടാണ് ആദ്യം തോന്നിയത്. പൊതുവെ അങ്ങനെ തോന്നുമായിരുന്നു. പിന്നീട് നാടുഗദ്ദിക നാടകവുമായി ബന്ധപ്പെട്ട് നാടുഗദ്ദിക ദേവിയടക്കമുള്ള ആദിവാസികളെ അറസ്റ്റു ചെയ്ത സമയത്താണ് അദ്ദേഹവുമായി നേരിട്ട് ഇടപെടുന്നത്. അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി എഴുത്തുകാരുടെ ഒപ്പ് ശേഖരണം നടത്തിയിരുന്നു. തിക്കോടിയൻ, പട്ടത്തുവിള, കെ.ജി.സ്, സച്ചിദാനന്ദൻ, ബി.രാജീവൻ, ആനന്ദ് തുടങ്ങിയ എഴുത്തുകാരെല്ലാം ചോദിക്കാതെ തന്നെ ഒപ്പ് ശേഖരത്തിന്റെ ഭാഗമാകുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അവരുടെയെല്ലാം സമ്മതമില്ലാതെ തന്നെ പേര് അച്ചടിക്കാറുണ്ടായിരുന്നു. നാടുഗദ്ദിക നാടകം അറസ്റ്റ് ചെയ്തപ്പോൾ ജനകീയ സാംസ്‌കാരിക വേദിയുടെ യോഗത്തിൽ എം.ടി യുടെ പേര് കൂടി അച്ചടിക്കാമെന്ന് ഞാൻ പറഞ്ഞു. ഏതായാലും പട്ടത്തുവിളയുടെ വീട്ടിൽ പോകുമ്പോൾ അത് വഴി എം.ടി യെ കൂടി കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ എംടിയെ ആര് കാണും എന്നതായി അടുത്ത ചർച്ച. ആ യോഗത്തിൽ എം.ടിയെ കണ്ട് ഒപ്പ് ശേഖരിക്കുന്ന ദൗത്യം എനിക്ക് തന്നെ കിട്ടി. അങ്ങനെ എം.ടി യുടെ വീട്ടിൽ പോകുന്നതാണ് എം.ടിയുമായുള്ള ആദ്യ കൂടിക്കാഴ്ച.

എം.ടിയുടെ വീട്ടിൽ എത്തി കോളിങ് ബെല്ലടിച്ചപ്പോൾ അദ്ദേഹം ഇറങ്ങി വന്നു. ഷർട്ട് ബട്ടൺസ് മുഴുവനിടാതെ സിഗരറ്റ് വലിച്ചു കൊണ്ട് അദ്ദേഹം ഇറങ്ങി വന്നു. ഒരു പക്ഷെ അപ്പോൾ എഴുതുന്നതായിരിക്കാം. വീട്ടിലെ നായ വല്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. പുറത്തെത്തി എം.ടി ഞങ്ങളോട് എന്താ എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങൾ വന്ന കാര്യം പറഞ്ഞു. പട്ടത്തുവിളയെല്ലാം ഒപ്പിട്ടിട്ടുണ്ട്, എന്നാ ഒപ്പിടല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇല്ല, പറ്റില്ല എന്ന മറുപടിയാണ് പറഞ്ഞത്. ഞങ്ങൾ ശരിക്ക് ഞെട്ടിപ്പോയി. എനിക്ക് ഞാൻ അംഗമായ സംഘടനയോടു കൂടി ചോദിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് അദ്ദേഹം പി.യു.സി.എല്ലിൽ അംഗമായിരുന്നു. അങ്ങനെ ഒപ്പിടാൻ സാധിക്കാതെ പുറത്തേക്കിറങ്ങിയപ്പോൾ ഞാനും കൂടെയുള്ളവനും എം.ടിയുടെ സാഹിത്യം മഹാ മോശമാണെന്ന് പ്രസ്താവിച്ചു.

വർഷങ്ങൾക്ക് ശേഷം പൂനെയിൽ വെച്ച് രജനീഷിന്റെ ആശ്രമത്തിൽ പോകാനുള്ള അവസരം ലഭിച്ചു. അന്ന് അദ്ദേഹം സംസാരിച്ച വിഷയം It’s very easy to say yes, but it’s very difficult to say no എന്നതായിരുന്നു. ഒരു വിഷയത്തിൽ നോ പറയാൻ കഴിഞ്ഞാൽ നിങ്ങൾ സ്വതന്ത്രരാകുമെന്നും അല്ലെങ്കിൽ താൽപര്യമില്ലാത്ത വിഷയത്തിൽ പോലും യെസ് പറയേണ്ടിവരുമെന്നും അന്ന് അദ്ദേഹം പല ഉദാഹരണത്തോടൊപ്പം വിശദീകരിച്ചു. അപ്പോഴാണ് അന്ന് നോ പറഞ്ഞ എം.ടിയെ കുറിച്ച് എനിക്ക് തിരിച്ചറിവുണ്ടായത്.

അങ്ങനെയിരിക്കെ എനിക്ക് നാടകത്തിന് സാഹിത്യ അക്കാദമി അവാർഡ് കിട്ടുന്നു. എം.ടിയാണ് അന്ന് അധ്യക്ഷൻ. മാധവിക്കുട്ടിയടക്കമുള്ള പ്രമുഖരെല്ലാം സ്റ്റേജിലുണ്ട്. പഴയ കാര്യങ്ങളെല്ലാം മനസിൽ വെച്ചാണ് ഞാൻ സ്റ്റേജിൽ കയറിയത്. അപ്പോൾ അദ്ദേഹം വളരെ സ്‌നേഹത്തോടെ ജോയി മാത്യൂ, ഇതിലെ വരൂ എന്ന് എന്നെ പേരെടുത്ത് വിളിച്ചു. ഞാനപ്പോൾ വല്ലാതെയായി, ഈ മനുഷ്യനെ കുറിച്ചാണെല്ലോ ഓരോന്ന് കരുതിയതെന്ന് തോന്നി. പിന്നീട് ഞങ്ങൾ ബോധി പബ്ലിക്കേഷൻ തുടങ്ങിയ ശേഷം മാധവിക്കുട്ടിയുടെ The best of Kamaladas എന്ന ഇംഗ്ലീഷ് പുസ്തകം എം.ടിക്ക് മാതൃഭൂമിയിൽ ചെന്ന് കൊടുത്തു. അപ്പോൾ അദ്ദേഹം ഇത് നന്നായിണ്ട് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മൂന്ന് ഇംഗ്ലീഷ് പുസ്തങ്ങൾ എനിക്ക് കാണിച്ചു തന്നു. മലയാളത്തിലെ പുസ്തകങ്ങൾ ഇപ്പോൾ ഇംഗ്ലീഷിൽ വരികയോ വായിക്കപ്പെടുകയോ ചെയ്യുന്നില്ല, അത് കൊണ്ട് താൻ ചെയ്തത് നല്ല കാര്യമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ എനിക്ക് വാസുവേട്ടന്റെ ഒരു പുസ്തകം ഇഗ്ലീഷിൽ ചെയ്യണമെന്ന് ആഗ്രമുള്ളതായി പറഞ്ഞു. ഒരു ബീഡിയൊക്കെ കത്തിച്ച് കുറച്ച് ആലോചിച്ച ശേഷം അദ്ദേഹം മനുഷ്യർ നിഴലുകൾ എന്ന പുസ്തകം എടുത്തോ എന്ന് പറഞ്ഞു. ഞാൻ ആയിക്കോട്ടെ, ശരി എന്ന് പറഞ്ഞപ്പോൾ അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് ആൾക്കൂട്ടത്തിൽ തനിയെ കൂടി എടുത്തോ എന്ന് പറഞ്ഞു. അങ്ങനെ ഒരു പുസ്തകം ചോദിച്ച എനിക്ക് രണ്ട് പുസ്തകങ്ങൾ ലഭിച്ചു. എന്റെ കൂടെ വന്ന വി. ആർ സുധീഷ് എം.ടിയോട് ഇവൻ നാടകത്തിലും സിനിമയിലുമെല്ലാം അഭിനയിക്കുന്ന ആളാണ്, വാസുവേട്ടൻ ഇവനെ സിനിമയിലേക്ക് കൂടി പരിഗണിക്കണമെന്ന് പറഞ്ഞു. ഞാൻ സുധീഷിനോട് ഒന്നും പറഞ്ഞിരുന്നില്ല, സുധീഷ് ചാടിക്കേറി പറഞ്ഞതായിരുന്നു. എന്നെ ഒന്ന് നോക്കിയ ശേഷം എം.ടി ഞാൻ ഇപ്പോ പടമൊന്നും ചെയ്യുന്നില്ലെന്നും എന്റെ കഥ വെച്ച് സേതു ഒരു പടം ചെയ്യുന്നതായും ഫോട്ടോ ഉണ്ടെങ്കിൽ ഏൽപ്പിക്കാനും പറഞ്ഞു. എന്റട്ത്ത് എവ്ടാ ഫോട്ടം, ഞാൻ ഫോട്ടോ തരാം എന്നും പറഞ്ഞ് പുസ്തകം വാങ്ങി വന്നു. അന്ന് എനിക്ക് അധികം സിനിമാ മോഹം ഇല്ലായിരുന്നു. അങ്ങനെ പുസ്തകം വാങ്ങി അച്ചടിക്കുകയും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാവുകയും ചെയ്തു.

അങ്ങനെയിരിക്കെ ബോധി ബുക്‌സ് പബ്ലിഷ് ചെയ്ത പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പുസ്തകവുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നപ്പോൾ ഞാൻ ഈ പുസ്തകങ്ങളെല്ലാം തൂക്കി വിൽക്കാൻ തീരുമാനിച്ചതറിഞ്ഞ് പുനത്തിൽ പറഞ്ഞ് വാസുവേട്ടൻ എന്നെ വിളിച്ചു. ഞാനാണ്, വാസുദേവൻ നായരാണ്, ആ പുനത്തിലിനെ ജോയിക്ക് അറിയാലോ. അയാൾക്ക് സമ്പത്തികമായി ഭയങ്കര അരാജകത്വമുള്ളയാളാണ്. അതൊന്നും ജോയി പ്രശ്‌നാക്കണ്ട, അത് കൊണ്ട് ജോയി, അത് വേണ്ട എന്നൊക്കെ പറഞ്ഞു. ഇല്ല വാസുവേട്ടാ നിർത്തി, നാളത്തോടെ ആ പരിപാടി നിർത്തി എന്ന് ഞാനും മറുപടി പറഞ്ഞു. അങ്ങനെ ഒരാഴ്ച നീണ്ടു നിന്ന തൂക്കി വിൽപന ഞാൻ നാലാം ദിവിസം നിർത്തി.

പിന്നെ ഞാൻ സൂര്യ ടി.വി യിൽ ഉള്ളപ്പോഴാണ് എം.ടി മാതൃഭൂമിയിൽ നിന്നും രാജി വെച്ചു എന്ന വാർത്ത എനിക്ക് കിട്ടിയത്. അപ്പോൾ അദ്ദേഹം മദ്രാസിലാണുള്ളത്. അങ്ങനെ മദ്രാസിലെ നമ്പറെടുത്ത് അദ്ദേഹത്തെ വിളിച്ച് വാസുവേട്ടാ ഇത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ ആ ശരിയാന്ന് പറഞ്ഞു. എന്തെങ്കിലും കാരണമുണ്ടോ എന്ന് ചോദിച്ചപ്പോൾ തികച്ചും വ്യക്തിപരം എന്നും പറഞ്ഞു. പിന്നെ അദ്ദേഹം ഇന്ത്യാവിഷനിൽ ക്രിയേറ്റീവ് ഡയറക്ടറായി ശമ്പളം വാങ്ങാതെയാണ് ജോലി ചെയ്തത്.

പിന്നെ ദുബൈയിൽ നടക്കുന്ന അമ്മ മലയാളം എന്ന പരിപാടി സംഘടിപ്പിക്കാൻ എം.ടി ഉദ്ഘാടനം ചെയ്യണമെന്ന തീരുമാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കാൻ ഞാനും യാക്കോബും പരിപാടിയുടെ സംഘാടകനായ ഉണ്ണികൃഷ്ണനുമാണ് പോയത്. എം.ടി വരാമെന്ന് സമ്മതിച്ചു. എം.ടി എന്നോട് താനും വരില്ലേ എന്ന് ചോദിച്ചു. അങ്ങനെ ഞാനും എം.ടിയും ദുബൈയിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നു. അതൊരു ഭയങ്കരമായ ഓർമയാണ്. ദുബൈയിൽ gems schools ലാണ് പരിപാടി. സ്‌കൂളിന്റെ സ്ഥാപകയായ മിസിസ് വർക്കിയുടെ അടുത്ത് സ്‌കൂളിൽ പരിപാടി നടത്താനുള്ള പെർമിഷൻ ചോദിക്കണം. അതിന് വേണ്ടി ഞങ്ങൾ ചെയ്ത പണി വളരെ രസമുള്ളതാണ്. അവരോട് ഞങ്ങൾ എം.ടിക്ക് നിങ്ങളെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. എം.ടിയോട് മാഡത്തിന് തീരെ വയ്യെന്നും അവർക്ക് എം.ടിയെ കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. അങ്ങനെ എം.ടിയോടൊപ്പം അവരെ കാണാൻ പോവുകയും എം.ടിയും മിസിസ് വർക്കിയും കുറേ കഥകൾ പറയുകയും ചെയ്തു. അവർ മാഷ് ഏത് സ്‌കൂൾ വേണമെങ്കിലും എടുത്തോ, വാടകയൊന്നും വേണ്ട, മലയാളം പഠിപ്പിക്കാനല്ലേ എന്ന് പറഞ്ഞു. സെക്രട്ടറിയെ വിളിച്ചും ഏത് സ്‌കൂൾ വേണമെങ്കിലും കൊടുക്കാനും പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ വന്ന ദൗത്യം വിജയകരമായി പൂർത്തിയായി, പക്ഷെ എം.ടിക്ക് ബോറടിച്ചോ ഞങ്ങളുടെ കള്ളത്തരം മനസിലായോ എന്നറിയാത്തോണ്ട് ഞാൻ വാസുവേട്ടനോട് എത്ര നേരാണ് ലെ, അവർ നമ്മളോട് കഥ പറഞ്ഞ് ബോറടിപ്പിച്ചില്ലെ എന്ന് പറഞ്ഞു. അപ്പൊ മൂപ്പര് എന്നോട് പറയാണ് ഞാൻ കുറെ കാലായി ഇവരെ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്ത് വന്ന് അവിടെ ഒരു എഡ്യൂക്കേഷണൽ എംബയർ ഉണ്ടാക്കിയ സ്ത്രീയാണ് അത്. അതെ പോലെ ഇറങ്ങാൻ നേരത്ത് അദ്ദേഹം അവരോട് കൈ കൂപ്പിയാണ് ഇറങ്ങിയത്. അദ്ദേഹത്തിന്റെ വലിപ്പം അതാണ്. പരിപാടി കഴിഞ്ഞ് നമ്മൾ ഇനിയും കാണും എന്ന് പറഞ്ഞിട്ടാണ് പിരിഞ്ഞത്.

പിന്നീട് ഞാൻ ഒരു സിനിമയെടുത്തപ്പോൾ, അത് പറയാൻ പോയി. തിയേറ്ററിൽ വന്ന് കാണാൻ വയ്യ, ഞാൻ കണ്ടോളാം എന്ന് പറഞ്ഞു. പിന്നെ മറ്റുള്ളവരോട് എന്നെ കുറിച്ച് ചോദിക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്. ഞാൻ ചാൻസ് കിട്ടുമ്പോഴെല്ലാം നൗഷാദിനെ കൂട്ടി അദ്ദേഹത്തെ കാണാൻ പോവുകയും എന്റെ പുസ്തകം കൊടുക്കുകയുമെല്ലാം ചെയ്യാറുണ്ട്. പിന്നീട് ഞാനെന്റെ മകന്റെ കല്യാണം വിളിക്കാൻ പോയപ്പോൾ ജോയിയുടെ അമ്മയും ഞാനും ഇടയ്ക്ക് സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സംഭവം എന്താണെന്ന് വെച്ചാൽ എം.ടി എന്നെ കിട്ടാൻ വീട്ടിലെ നമ്പറിലേക്കാണ് വിളിക്കുക. അമ്മ ആരാന്ന് ചോദിക്കുമ്പോൾ അദ്ദേഹം വാസുദേവൻ നായരാണെന്ന് പറയും. അമ്മ എം.ടിയാണോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം അതെ എന്നും പറഞ്ഞു. അമ്മയുടെ വീട് ചാലിശ്ശേരിയാണ്. കൂടല്ലൂരിനടുത്താണത്. എം.ടി പഠിച്ച സ്‌കൂളിൽ തന്നെയാണ് അമ്മയും പഠിച്ചത്. അദ്ദേഹം എന്നോട് ഈ കഥകളെല്ലാം വിശദമായി പറഞ്ഞതാണ് അദ്ദേഹത്തോടൊപ്പമുള്ള അവസാനത്തെ ഓർമ.

മലയാള ഭാഷ കൊണ്ട് മാത്രമാണ് അദ്ദേഹം ഈ ഖ്യാതിയും സമ്പത്തുമെല്ലാം ഉണ്ടാക്കിയത്. അങ്ങനെ മറ്റൊരാളുണ്ടാവില്ല. മറ്റ് ഭാഷകളിൽ കളിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് പോവുകയോ ഒന്നും ചെയ്യാതെ ഇവിടെ നിന്ന്, ആവശ്യമുള്ളപ്പോഴെല്ലാം കൃത്യമായ നിലപാടെടുത്താണ് അദ്ദേഹം ജീവിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ അവസാനത്തെ പ്രതികരണം എന്നെ വല്ലാതെ ആരാധകനാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി അധികാരം ആധിപത്യമോ സർവ്വാധിപത്യമോ ആയി മാറിയെന്ന വിമർശനം ഉന്നയിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. ആ ആർജ്ജവവും ചങ്കൂറ്റവും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ കൂടി ഫലമായി വന്നിട്ടുള്ളതാണ്. പൈസ കിട്ടാതെ തിരക്കഥ എഴുതിയ സംഭവം വരെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

നിഴലാട്ടം എന്ന സിനിമയിൽ നസീർ
നിഴലാട്ടം എന്ന സിനിമയിൽ നസീർ

എന്റെ അച്ഛൻ നിർമിക്കാൻ നോക്കിയ പടമായിരുന്നു നിഴലാട്ടം. അതിന് എം.ടിയാണ് തിരക്കഥ. അച്ഛനും സുഹൃത്തുക്കളും പിന്നീട് പിൻമാറിയപ്പോൾ മറ്റൊരാൾ വരികയാണ് ചെയ്തത്. ആ പടത്തിലും എം.ടിക്ക് ചെറിയ സംഖ്യയാണ് ലഭിച്ചത്. എന്നോടൊന്നും അദ്ദേഹം റോയൽറ്റി ചോദിച്ചിട്ടില്ല. ആരോടും കർശനമായി അങ്ങനെ റോയൽറ്റി ചോദിച്ചിട്ടില്ല. പക്ഷെ എല്ലാവരും പേടിച്ച് കൃത്യമായി കൊടുക്കും. അത് അദ്ദേഹത്തിന്റെ ഒരു തന്ത്രം കൂടിയാണ്. സംസാരിക്കാതിരിക്കുന്നത് കൊണ്ട് അദ്ദേഹം എന്തായിരിക്കും കരുതുന്നത് എന്ന് കരുതി എല്ലാവരും റോയൽറ്റി നൽകും. പിന്നെ ജീവിക്കാൻ പണം വേണം, അത്‌കൊണ്ട് തന്നെ പണത്തിന് അദ്ദേഹവും മൂല്യം കൽപ്പിക്കുന്നുണ്ട്. അതൊന്നും തെറ്റായ കാര്യമല്ല. ഞാൻ എഴുത്തുകാരനാണ്, ഞാൻ അരാജകവാദത്തിൽ വിശ്വസിക്കുന്നു മേലെ ആകാശം താഴെ ഭൂമി എന്ന ചിന്തയൊന്നുമല്ല, ആശുപത്രിയിലായാൽ ചികിത്സിക്കാൻ പണം വേണമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. വളരെ യാഥാർഥ്യബോധമുള്ള എഴുത്തുകാരനാണ് അദ്ദേഹം. മുകുന്ദൻ, പുനത്തിൽ, സേതു തുടങ്ങിയവരെല്ലാം എം.ടി എഡിറ്ററായ കാലത്ത് വന്നതാണ്. അദ്ദേഹം കുശാഗ്ര ബുദ്ധിയും സ്വാർഥനുമാണെങ്കിൽ പല എഴുത്തുകാരെയും അദ്ദേഹത്തിന് ഒതുക്കാമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. മൂപ്പരെ മരുന്ന് എന്താണെന്ന് മൂപ്പർക്ക് നന്നായിട്ടറിയാം.


Summary: Joy Mathew shares about MT Vasudevan Nair and some of his experiences with him.


ജോയ് മാത്യു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്​, സാംസ്‌കാരിക പ്രവർത്തകൻ. ബോധി ബുക്‌സ്​ എന്ന പ്രസാധന സ്​ഥാപനം നടത്തിയിരുന്നു.

Comments