ജൂലൈ അഞ്ച് ബഷീർ സ്മരണ

വൈക്കം മുഹമ്മദ് ബഷീറിനെ ബേപ്പൂരിലെ വീട്ടിൽ വെച്ച് അവസാനമായി കണ്ടിറങ്ങുമ്പോൾ ബഷീർ പറഞ്ഞ വരികളോർത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്ന അനുസ്മരണക്കുറിപ്പ്.

പോകാനിറങ്ങിയ എന്നെ ബഷീർ
തിരിച്ചുവിളിച്ചു. ഗൗരവത്തിൽ ചോദിച്ചു:

"സാറേ, ഈ ലോകത്തിൽ ഏറ്റവും വില
പിടിച്ച സാധനം ഏതാണെന്നറിയാമോ?'

ഞാൻ പറഞ്ഞു: "ഇല്ല. '

തലപൊക്കി സൂര്യനെ ഒന്നു നോക്കിയിട്ട്
അദ്ദേഹം പറഞ്ഞു:

"സമയം. പടച്ചോൻ അത് എല്ലാർക്കും
അളന്നുകൊടുക്കുന്നു. കടന്നു പോകുന്ന
ഓരോ നിമിഷത്തെയും മനുഷ്യന്റെ
ആത്മാവ് എണ്ണിക്കൊണ്ടിരിക്കുന്നു.
ശ്രദ്ധിച്ചാൽ കേൾക്കാം. ശ്രദ്ധിക്കണം.'

അദ്ദേഹം ഇരുകൈകളും ഉയർത്തി.
" മംഗളം '

Comments