സഖാവ് വി.എസ്. അച്യുതാനന്ദൻ വിട പറഞ്ഞു എന്ന വാർത്ത കുറച്ചു ദിവസങ്ങളായി പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും അതു സംഭവിച്ചപ്പോൾ ഒരു വലിയ ശൂന്യത എനിക്ക് അനുഭവപ്പെട്ടു. എന്റെ ഒരു രക്ഷിതാവ് നഷ്ടപ്പെട്ടതുപോലെ.
ഞാൻ നേരത്തെ ഉൾപ്പെട്ട പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ അവസരവാദ നിലപാടുകൾക്കെതിരായി ശക്തമായ രാഷ്ട്രീയ നിലപാടുകളെടുത്ത പ്രസ്ഥാനമാണ്. എന്നാൽ ഞാൻ കഴിഞ്ഞ 35 വർഷമായി പ്രവർത്തിക്കുന്ന സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ആരംഭഘട്ടത്തിൽ, സമൂഹവും രാഷ്ട്രീയപാർട്ടികളും ഭ്രഷ്ട് കല്പിച്ചു നിർത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ച അനുഭവങ്ങളെപ്പറ്റി എനിക്ക് ഒരുപാടു പറയാനുണ്ട്. പക്ഷെ അതൊക്കെ കുടുംബങ്ങൾക്കുള്ളിലും തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും പരമ്പരാഗതമായി നിലനിന്നിരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്ന പ്രവർത്തനങ്ങൾക്ക് പോരാട്ടവീര്യം വർധിപ്പിക്കാനാണ് സഹായിച്ചത്.
കേരളത്തിലെ സാമാന്യ ജനങ്ങൾ സത്യമെന്താണെന്ന് മനസ്സിലാക്കി ഞങ്ങളെ സർവത്മനാ പിന്തുണച്ചപ്പോൾ ജനാധിപത്യ മേലങ്കിയണിഞ്ഞ് നമ്മെ ഭരിക്കുന്ന ചില നേതാക്കളെങ്കിലും നീതിയെ, സത്യത്തെ ഒറ്റുകൊടുത്തു.
1980- ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ പ്രസ്ഥാനം പിന്നീട് ഓരോരോ കടമ്പകൾ കടന്നു പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു. അതിൽ ഏറ്റവും പ്രമാദമായ കേസുകളാണ് സൂര്യനെല്ലി, വിതുര, കിളിരൂർ- കവിയൂർ, ഐസ്ക്രീം പാർലർ സെക്സ് റാക്കറ്റ് കേസുകൾ. മുഖ്യധാരാ രാഷ്ട്രീയപാർട്ടി നേതാക്കളിൽ ചിലരൊക്കെ പ്രതികളാക്കപ്പെട്ടിരുന്നു, ചിലരൊക്കെ അവരുടെ സാമ്പത്തിക- രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെയും പോലിസ്- കോടതി സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി പകൽമാന്യന്മാരായി ഇപ്പോഴും നടക്കുന്നു.

നമ്മുടെ നാട്ടിലെ കൊച്ചു പെൺകുട്ടികളെ, അതും സമൂഹത്തിലെ താഴെ തട്ടിൽ ജീവിക്കുന്നവരെ, ഭീകരമായി ലൈംഗിക ചൂഷണത്തിനും കച്ചവടത്തിനും ഉപയോഗിച്ച് ചവച്ചുതുപ്പിക്കളയുന്ന മാഫിയാസംഘങ്ങൾക്കെതിരായ പോരാട്ടങ്ങൾ ഏറ്റെടുത്ത കേരള സ്ത്രീവേദിയും അതിന്റെ ഒരു പ്രധാന ഘടകമായിരുന്ന ‘അന്വേഷി’യും നേരിടേണ്ടിവന്നത് വലിയ കടമ്പകളായിരുന്നു. ഈ പോരാട്ടത്തിൽ പക്ഷെ ഞങ്ങൾ കണ്ടത് അധികാരത്തിലിരിക്കുന്നവരും പ്രതിപക്ഷത്തിലിരിക്കുന്നവരുമായ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എല്ലാവരും ഒറ്റക്കെട്ടായി, അവരുടെ രാഷ്ട്രീയ ശത്രുതകളെല്ലാം മാറ്റിവെച്ച് പ്രതികളായ മാഫിയാതലവന്മാരെ രക്ഷിക്കാൻ അന്യോന്യം മത്സരിക്കുന്നതാണ്.
കേരളത്തിലെ സാമാന്യ ജനങ്ങൾ സത്യമെന്താണെന്ന് മനസ്സിലാക്കി ഞങ്ങളെ സർവത്മനാ പിന്തുണച്ചപ്പോൾ ജനാധിപത്യ മേലങ്കിയണിഞ്ഞ് നമ്മെ ഭരിക്കുന്ന ചില നേതാക്കളെങ്കിലും നീതിയെ, സത്യത്തെ ഒറ്റുകൊടുത്തു.
പക്ഷെ നമുക്കൊപ്പം വി. എസ്. ഉണ്ടായിരുന്നു. അതെ, സ്ത്രീപ്രസ്ഥാനങ്ങളെ, ‘അന്വേഷി’യെ ഇത്ര മനസ്സിലാക്കുകയും പൂർണമായും പിന്തുണക്കുകയും ചെയ്ത മറ്റൊരു നേതാവില്ല. വി. എസ് എന്ന ജനനായകൻ അതുകൊണ്ടുതന്നെ ഒരിക്കലും മരിക്കില്ല. ലക്ഷോപലക്ഷം ജനങ്ങളിലൂടെ ആ വീര സഖാവ് വീണ്ടും പുനർജനിക്കുമെന്നുറപ്പ്.
ലാൽ സലാം വി. എസ്സേ…
