Photo: Nicolò Borghi, Flickr

ചതിക്കുഴികൾ ഒളിപ്പിച്ചുവച്ചതെങ്കിലും
ചന്ദ്രകാന്ത് വെയ്യുവിന്റെ പ്രണയിനിയാണ് ബോംബെ

നൂറിലധികം വർഷങ്ങൾ പഴക്കമുള്ള ബോംബെയിലെ കാമാഠിപുര ഇടിച്ചുനിരത്തി അവിടെ സാധാരണക്കാർക്കായി പുതിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കാൻ മഹാരാഷ്ട്ര ഭരണകൂടം പദ്ധതിയിട്ടത് അടുത്താണ്.

ർച്ച് ഗേറ്റ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 3.40 നു പുറപ്പെടുന്ന വീരാർ ഫാസ്റ്റിലെ പതിവ് യാത്രക്കാരനാണ് ഞാൻ. ആ ട്രെയിനിലെ ‘മാൽഡബ്ബ’യിലാണ് (ലഗ്ഗേജ് കംപാർട്ട്മെൻ്റ്) എന്റെ സഞ്ചാരമെന്നത് കൗതുകകരമായി തോന്നാം. ഈ ഡബ്ബക്ക് സവിശേഷതകൾ ഏറെയാണ്. ഇതിലേക്ക് ടി.സി. (ടിക്കറ്റ് ചെക്കർ) സാധാരണ വരാറില്ല. അതുകൊണ്ട് ആവശ്യക്കാർക്ക് യഥേഷ്​ടം പുക വലിക്കാം, വാചകമടിക്കാം, പാട്ടു പാടാം, ചാരായം മോന്താം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ നിരവധിയാണെങ്കിലും അതിലെ സഹയാത്രികരെ ഞാൻ കൂടുതൽ ഇഷ്​ടപ്പെടുന്നു, കാരണം, അവർക്ക് നാട്യങ്ങളില്ല.

കൊളാബ സാസൂൺ ഡോക്കിൽ നിന്ന് ‘നല്ല പെടക്കുന്ന മീനുകൾ’ കുട്ടയിലേന്തിവരുന്ന കോലി സ്​ത്രീകൾ സംസാരിക്കുമ്പോൾ പിച്ചളമൊന്തയിൽ കല്ലുകളിട്ടു കുലുക്കുന്ന ശബ്ദമാണ്. അവരുടെ ചുണ്ടിലെ എരിയുന്ന ബീഡിയുടെ മനം മടുപ്പിക്കുന്ന ഗന്ധം സഹിക്കാൻ കഴിയാത്തവരേ, നിങ്ങൾ ഈ മാൽഡബ്ബയിൽ നിന്ന് വിട്ടുനില്ക്കാൻ അപേക്ഷ. ഈ ട്രെയിനിൽ ഇഡ്ഡലി വില്ക്കുന്ന തമിഴ് വംശജൻ ശെൽവൻ എന്റെ പരിചയക്കാരിൽ ഒരാളാണ്. അയാളോടുള്ള വർത്തമാനം തമിഴിലികുമ്പോൾ കോലിപ്പെണ്ണുങ്ങൾ വാ പൊത്തിചിരിച്ച് എന്നെ നോക്കി കണ്ണിറുക്കി ഓരോന്ന് കാച്ചിവിടാറുണ്ട്. ‘പൺ’ രൂപത്തിലുള്ള മുട്ടൻതെറികളാണ് അവർ പുറത്തുവിടുന്നത്. അതിന് ഞാനാകട്ടെ ക.മ. എന്ന് മിണ്ടാറില്ല.

‘നല്ല പെടക്കുന്ന മീനുകൾ’ കുട്ടയിലേന്തിവരുന്ന കോലി സ്​ത്രീകൾ സംസാരിക്കുമ്പോൾ പിച്ചളമൊന്തയിൽ കല്ലുകളിട്ടു കുലുക്കുന്ന ശബ്ദമാണ്. Photo: cntravaller.in
‘നല്ല പെടക്കുന്ന മീനുകൾ’ കുട്ടയിലേന്തിവരുന്ന കോലി സ്​ത്രീകൾ സംസാരിക്കുമ്പോൾ പിച്ചളമൊന്തയിൽ കല്ലുകളിട്ടു കുലുക്കുന്ന ശബ്ദമാണ്. Photo: cntravaller.in

മാൽഡബ്ബയിലെ പ്രധാനപ്പെട്ട സഞ്ചാരികളാണ് ഡബ്ബാവാലകൾ. ഓഫീസുകളിലെ വൈറ്റ് കോളർ വിഭാഗത്തിന് ഭക്ഷണമെത്തിക്കുന്ന ഇവർ മഹാനഗരത്തിന്റെ നാഡീസ്​പന്ദനങ്ങൾ പോലെയാണ്. അവരില്ലെങ്കിൽ ബോംബെയില്ലായെന്ന് ആലങ്കാരികമായി പറയാം.

ചർച്ച് ഗേറ്റ് വീരാർ ഫാസ്റ്റിലെ മാൽഡബ്ബയിലെ മറ്റൊരു സുഹൃത്ത്, ചന്ദകാന്ത് വെയ്യു, നേപ്പാൾ സ്വദേശിയാണ്. അയാളെക്കണ്ടാൽ ബോളിവുഡിലെ വില്ലൻ കഥാപാത്രമായിരുന്ന, ഇപ്പോൾ നല്ലനടപ്പ് ജാമ്യം കിട്ടിയപോലെ, നല്ല മനുഷ്യനായി വെള്ളിത്തിരയിൽ വരാറുള്ള ഡാനി ഡെൻസോങ് പായെ ഓർമ വരും. അതേ കണ്ണുകൾ, അതേ കേശഭാരം, അതേ സംസാരരീതി. ഇമ്മാതിരി സൽഗുണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് പെയ്യുവിനെ നന്നായി ബോധിച്ചിട്ടുണ്ട്. വെയ്യു സംസാരപ്രിയനാണ്. ഞാൻ ജോലി ചെയ്യുന്ന നരിമാൻ പോയിൻ്റിലെ 21 നിലകളുള്ള കെട്ടിടത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായ അയാൾ ദിവസവും ബക്ഷിസ്​ ഇനത്തിൽ മൂന്നൂറ് മുതൽ അറന്നൂറുരൂപ വരെ സമ്പാദിക്കാറുണ്ടെത്ര. അപ്പോൾ നമ്മുടെ വെയ്യു ഒട്ടും മോശക്കാരനല്ല എന്ന് സാരം. ലിഫ്റ്റിൽ കയറുന്നവരെ നോക്കി കേവലം ഒരു ‘സല്യൂട്ട് ’ അടിക്കുന്നതുവഴിയാണ് വെയ്യുവിന് ഇത്രയും കാശ് കൈയ്യിൽ വരുന്നത്. ‘ഷലാം ഷാബ്’ എന്ന് അനുബന്ധമെന്നോണം അയാൾ പുഞ്ചിരിവിടർത്തി പറയുകയും ചെയ്യും.

നേപ്പാളിൽ നിന്നും സിക്കിം, ഭൂട്ടാൻ പ്രദേശങ്ങളിൽ നിന്നും ജീവിതമാർഗ്ഗം തേടി ബോംബെയിലെത്തിയ ആയിരങ്ങളിൽ ഒരുവൻ മാത്രമാണ് ചന്ദ്രകാന്ത് വെയ്യു. അയാളുടെ ‘ജാത്വാല’കൾ (സ്വജാതിക്കാർ) ധാരാളമായി മഹാനഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കെട്ടിട സമുച്ചയങ്ങളിൽ വാച്ച്മാൻമാരുടെ വേഷം കെട്ടി ജോലി നോക്കിപ്പോരുന്നുണ്ട്. ചൈനീസ്​ റസ്റ്റോറൻ്റുകളിൽ കുക്ക്, ഷെഫ്, ബാർമാൻ തസ്​തികകളിലുള്ള ജോലി ഇവരുടെ കുത്തകയാണ്. പെൺകുട്ടികളിൽ പലരും കൊച്ചമ്മമാരുടെ ബ്യൂട്ടിപാർലറുകളിൽ ജോലി ചെയ്ത് ജീവിതമാർഗം കണ്ടെത്തുന്നു. കെട്ടിടങ്ങളിലെ മോട്ടോർ പമ്പ് സ്​ഥാപിച്ച ചെറിയ മുറികളിൽ കുടുംബവുമായി താമസിക്കുന്ന ഇത്തരക്കാരെ ‘ഗൂർക്ക’ എന്ന് നമ്മുടെ നാട്ടിലും ‘നേപ്പാളി’ എന്ന് പട്ടണങ്ങളിലും വിളിച്ചുപോരുന്നു. ഞങ്ങളുടെ വീടിന് സമീപമായി താമസിച്ചിരുന്ന ഏക ഗൂർക്ക ഭാസ്​ക്കർ ഭായ്യും കുറേനാൾ മുമ്പ് മരിച്ചു.

ഇവരുടെ യഥാർത്ഥ പേരുകൾ വിളിച്ചുകൂടെന്ന് ആരാണ് വിലക്ക് കല്പിച്ചതെന്നറിയില്ല.

മാൽഡബ്ബയിലെ പ്രധാനപ്പെട്ട സഞ്ചാരികളാണ് ഡബ്ബാവാലകൾ. ഓഫീസുകളിലെ വൈറ്റ് കോളർ വിഭാഗത്തിന് ഭക്ഷണമെത്തിക്കുന്ന ഇവർ മഹാനഗരത്തിന്റെ നാഡീസ്​പന്ദനങ്ങൾ പോലെയാണ്. അവരില്ലെങ്കിൽ ബോംബെയില്ലായെന്ന് ആലങ്കാരികമായി പറയാം.
മാൽഡബ്ബയിലെ പ്രധാനപ്പെട്ട സഞ്ചാരികളാണ് ഡബ്ബാവാലകൾ. ഓഫീസുകളിലെ വൈറ്റ് കോളർ വിഭാഗത്തിന് ഭക്ഷണമെത്തിക്കുന്ന ഇവർ മഹാനഗരത്തിന്റെ നാഡീസ്​പന്ദനങ്ങൾ പോലെയാണ്. അവരില്ലെങ്കിൽ ബോംബെയില്ലായെന്ന് ആലങ്കാരികമായി പറയാം.

നേപ്പാളികളുടെ വാമഭാഗങ്ങളിൽ ചിലർ ഫ്ലാറ്റുകളിലെ ‘അടിച്ചുവാരൽസ്​’ കർമപരിപാടി നടത്തി നാലുചക്രമുണ്ടാക്കാൻ ശ്രമിക്കുന്നു. വാച്ച്മാൻ നേപ്പാളികൾക്ക് വളർത്തുനായക്കളെ കുളിപ്പിക്കലും ആ കെട്ടിടസമുച്ചയങ്ങളിലെ കാറുകൾ കഴുകുന്ന ജോലിയും നൽകി സമ്പന്നർ അനുഗ്രഹിക്കാറുണ്ടെന്നും ഓർക്കുക. കൊച്ചമ്മമാരുടെ ചെറിയ കുഞ്ഞുങ്ങളെ പെരാമ്പുലേറ്ററിൽ കിടത്തി പൂന്തോട്ടങ്ങളിൽ ഇവർ കൊണ്ടുനടക്കുന്നതും കാണാം. ആ കുഞ്ഞുങ്ങളുടെ അമ്മമാർ പാർക്കിലെ ‘മദേഴ്സ്​ ഗാതറിങ്ങി’ൽ പങ്കെടുത്ത് പൊട്ടിച്ചിരിക്കുമ്പോൾ ഒന്നുമറിയാത്ത ആ കുഞ്ഞുങ്ങൾ നിപ്പിൾ നുണയുകയാകാം.

എന്റെ സഹയാത്രികൻ ചന്ദ്രകാന്ത് വെയ്യുവിന് അഞ്ചക്കശമ്പളം കൂടാതെ നല്ലൊരു സംഖ്യ ബക്ഷീസ്​ ഇനത്തിലും ലഭിക്കുന്നുണ്ടെങ്കിലും അയാളുടെ താമസം മീരാറോഡ്– ഭയന്തർ ബെൽറ്റിലെ സാമാന്യം വൃത്തികെട്ട ചോളുകളിലൊന്നിലാണ്. സമീപസ്​ഥമായ ചെറുകിട വ്യവസായ സ്​ഥാപനങ്ങൾ പുറന്തള്ളുന്ന പുകയും ശ്വസിച്ച് മാലിന്യങ്ങൾ നിറഞ്ഞ വെള്ളക്കെട്ടിനരികെ താമസിക്കുന്ന ശ്രീമാൻ വെയ്യുവിന് ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. അയാളുടെ സ്വന്തക്കാരും പരിചയക്കാരുമായ നേപ്പാളികൾ തിങ്ങിതാമസിക്കുന്ന ഈ സ്​ഥലം മാറി മറ്റൊരു കോളി (മുറി) സ്വന്തമാക്കാനും എന്തോ, വെയ്യുവിന് താല്പര്യമില്ലെന്നു തോന്നി. ഏതാണ്ട് എല്ലാ ദിവസവുമുള്ള 3.40-ന്റെ ചർച്ച് ഗേറ്റ് വീരാർ ഫാസ്റ്റിലെ യാത്രയ്ക്കിടയിൽ ചന്ദ്രകാന്ത് വെയ്യുമായുള്ള സൗഹൃദം ഊഷ്മളമായി. ഞങ്ങൾ തമ്മിലുള്ള തുറന്ന സംഭാഷണത്തിനിടയിൽ വെയ്യു അയാളുടെ സഹോദരി റൂബിയെകുറിച്ച് പറഞ്ഞു. അവളിപ്പോൾ ഭൂട്ടാൻ തലസ്​ഥാനമായ ടിംബുവിൽ പാരാ മെഡിക്കൽ സയൻസ്​ കോഴ്സിന് പഠിക്കുന്നുവെന്നും നേപ്പാൾ ജനത വിദ്യാഭ്യാസം കൂടുതൽ ഗൗരവപൂർവ്വം കണക്കിലെടുക്കുന്നുണ്ടെന്നും അയാൾ വെളിപ്പെടുത്തി. ഒഴിവുദിവസത്തിന്റെ ആലസ്യം പൂണ്ട ആ ശനിയാഴ്ച ചന്ദകാന്ത് വെയ്യു, അയാൾ ബോംബെയിലെത്തിയതിനെകുറിച്ച് ആദ്യമായി വിസ്​തരിച്ചുപറഞ്ഞു.

നവംബർ– ഡിസംബർ മാസങ്ങളിൽ ബോംബെയിൽ ശൈത്യം പരക്കും. നേപ്പാൾ, സിക്കിം, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്ന് കമ്പിളിപുതപ്പുകളും, ഷാൾ, സ്വെറ്റർ തുടങ്ങിയവ വില്പനക്കായി ഇക്കൂട്ടർ അതോടെ മഹാനഗരത്തിൽ എരണ്ടക്കൂട്ടം പോലെ വന്നുചേരുകയായി. ഇവർ ബോംബെയുടെ വിവിധ ഭാഗങ്ങളിൽ ചിതറി, വില്പനചരക്കുകൾ വഴിവക്കിൽ നിരത്തി ഉപഭോക്താക്കളെ കാത്തിരിക്കും. സ്​ത്രീകളും പുരുഷന്മാരുമുള്ള ഇവരുടെ കൂട്ടത്തിൽ മുലകുടിമാറാത്ത പൈതങ്ങളേയും കാണാം. പുരുഷൻ ബർമൂഡയും സ്വെറ്ററും ധരിക്കുമ്പോൾ സ്​ത്രീകൾ അനേക വർണ്ണങ്ങളുള്ള ലുങ്കിയും മേൽകുപ്പായമായി വിരലുകൾ വരെയുള്ള സ്വെറ്ററും അണിഞ്ഞാണ് കമ്പിളി ഉല്പന്നങ്ങളുടെ വിലപേശൽ നടത്തുക. ചുരുട്ടും ബീഡിയും വലിച്ച് കുമുകുമായെന്ന് പുകവിടുന്ന ഇവരെക്കണ്ടാൽ ആദ്യകാല ലോക്കോമോട്ടീവ് എഞ്ചിനെ ഓർമ വരും.

മീരാറോഡ്– ഭയന്തർ ബെൽറ്റിലെ ചേരി പ്രദേശം
മീരാറോഡ്– ഭയന്തർ ബെൽറ്റിലെ ചേരി പ്രദേശം

പത്തിരുപതോളം വർഷങ്ങൾക്കുമുമ്പ് കുടുംബസമേതം വന്നെത്തിയ ചന്ദകാന്ത് വെയ്യുവിന് മഹാനഗരം കണ്ട് അന്തംവിട്ടകഥയും പറയാൻ മടിയില്ല. ഡി.എൻ.റോഡിലെ പബ്ലിക് ടോയ്​ലറ്റിനു സമീപം കിടന്നുറങ്ങിയ അവരുടെ സംഘത്തെ കവലച്ചട്ടമ്പികൾ പിപ്പിടി കാണിച്ച് പണവും മറ്റും തട്ടിയെടുത്ത സംഭവവും വിവരിച്ച വെയ്യു, പരുക്കൻ യാഥാർത്ഥ്യങ്ങളെ ലാഘവബുദ്ധിയോടെ വീക്ഷിക്കാൻ പഠിച്ചുവെന്നുവേണം മനസ്സിലാക്കാൻ. പുറംമോടികളും, പുറമ്പൂച്ചുകളുമുള്ള മഹാനഗരജീവിതമെന്തെന്ന് വെയ്യു അങ്ങനെ അറിഞ്ഞു.

പുതിയ ലോകം ചന്ദ്രകാന്തിനെ ‘സുസ്വാഗതം’ ചെയ്തത് ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടുമൂന്നുമാസങ്ങൾക്കകം അയാൾ ബോംബെയെ പ്രണയിക്കാൻ തുടങ്ങി; മറ്റേതൊരു സാധാരണക്കാരനേയും പോലെ. ദിനവും കടകടാരവം മുഴക്കിയുള്ള സബർബൻ ട്രെയിൻ യാത്രയും മാൽഡബ്ബയിലെ സൗഹൃദങ്ങളും തിക്കുംതിരക്കും നിറഞ്ഞ ബോംബെ വീഥികളും വഴിവാണിഭക്കാരുടെ ‘പൂഹോയ്’ വിളികളും അയാളുടെ ജീവിതത്തെ തല്ലിത്തലോടി. അയാൾക്ക് ബോംബെ വിട്ടുപോകാൻ അശേഷം താല്പര്യം തോന്നിയില്ല.

ചന്ദ്രകാന്ത് വെയ്യുവിന്റെ ഔദ്യോഗിക ജീവിതം ശരിയായ അർത്ഥത്തിൽ ഫ്ലോറാ ഫൗണ്ടൻ ഭാഗത്തുള്ള ഒരു ചൈനീസ്​ റസ്റ്റോറൻ്റ് ആൻ്റ് ബാറിലെ ഡോർ കീപ്പറായാണ് സമാരംഭിക്കുന്നത്. അവിടെ വരുന്ന അതിഥികളെ വാതിൽ തുറന്നുപിടിച്ച് ‘ഷലാം ഷാബ്’ എന്നു പറഞ്ഞും സല്യൂട്ടടിച്ചും സുഖിപ്പിച്ച് പത്തു രൂപ ബക്ഷീസായും വാങ്ങിക്കൊണ്ടിരുന്നു. ആൺ-പെൺ വ്യത്യാസമില്ലാതെയാണ് വെയ്യു ‘ഷലാം ഷാബ്’ എന്ന ഉപചാരവാക്ക് പ്രയോഗിച്ചുകൊണ്ടിരുന്നത്. അതിലെ വ്യാകരണത്തിനെക്കുറിച്ച് അയാൾക്ക് ലവലേശം ചിന്തയുണ്ടായിരുന്നില്ല. യജമാനൻമാരെക്കണ്ടാൽ അതേ വാക്ക് തലങ്ങും വിലങ്ങും ഉപയോഗിക്കുന്നവരാണ് നേപ്പാളികൾ എന്നു തോന്നാറുണ്ട്. ചൈനീസ്​ റസ്റ്റോറൻ്റിലെത്താറുള്ള അതിഥികൾ ചിക്കൻ സൂപ്പും നൂഡിൽസും ലോലിപോപ്പുമൊക്കെ വെട്ടിവിഴുങ്ങുമ്പോൾ, വിസ്​കി മോന്തുമ്പോഴും വെയ്യു തൊട്ടടുത്തുള്ള പടാ–പാവ് സ്റ്റാളിൽ നിന്ന് കട്ടിംഗ് ചായയും പൊട്ടാറ്റോ വടയും കഴിച്ച് വിശപ്പടക്കി. ഗ്ലാസുകളിൽ ചിലപ്പോൾ അവശേഷിക്കാറുള്ള മദ്യം മറ്റു ജോലിക്കാരുമൊത്തയാൾ കട്ടുകുടിച്ചു. അയാൾ പയ്യെപ്പയ്യെ മുറിഹിന്ദിയും ഇംഗ്ലീഷും പഠിച്ചു. റെസ്റ്റോറന്റിന്റെ അടുക്കളഭാഗത്ത് ഗോസടി വിരിച്ച് കിടന്നുറങ്ങി. അപ്പോൾ വെയ്യു നാട്ടിലെ മഞ്ഞുവീണ താഴ് വരകൾ സ്വപ്നം കണ്ടു. അവിടെയുള്ള ബുദ്ധമതക്ഷേത്രങ്ങളിലെ സന്യാസികളുടെ മന്ത്രോച്ചാരണങ്ങളും താളലയമുള്ള തംബോറടി ശബ്ദവും കേട്ടു.

ബോംബെയിൽ ആദ്യമായി വരുന്നവർ എം.ജി.റോഡിലൂടെ നീങ്ങുമ്പോൾ അവർക്ക് പോകേണ്ട റീഗൽ സിനിമ, താജ്മഹൽ ഹോട്ടൽ, കൊളൊബ, സാസൂൺ ഡോക് തുടങ്ങിയ ഇടങ്ങളിലേയ്ക്കുള്ള വഴി, ചൈനീസ്​ റസ്റ്റോറൻ്റിനു മുന്നിൽ കാവൽക്കാരനെപോലെ നില്പുറപ്പിച്ച ചന്ദ്രകാന്ത് വെയ്യുവിനോട് ചോദിക്കുന്നു. അപ്പോൾ അയാളുടെ ഉത്തരം ഇങ്ങനെയായിരിക്കും; ‘നാ ഐയ്ഡിയാ ഷാബ്’
ആ റസ്​റ്റോറൻ്റിൽ നിന്ന് ഒരു കല്ലെടുത്തെറിഞ്ഞാൽ ചെന്നെത്തുന്ന ദൂരം മാത്രമുള്ള മേൽപ്പറഞ്ഞ റീഗൽ സിനിമയും മറ്റു സ്​ഥലങ്ങളുമെല്ലാം എവിടെയെന്ന് വെയ്യുവിന് നന്നായി അറിയാമെങ്കിലും ‘നാ ഐഡിയാ ഷാബ്’ എന്ന മന്ത്രോച്ചാരണം അയാൾ ഹൃദിസ്​ഥമാക്കിയിരിക്കുന്നു. ഇത്തരം രീതി പല മുംബൈക്കാരും ശീലിച്ചത് എന്തിനാണാവോ? അഞ്ചാറുമാസങ്ങളിലെ മഹാനഗരജീവിതം വെയ്യുവിൽ അതികായപ്രവേശം ആരംഭിച്ചതിന്റെ ആദ്യ ലക്ഷണമാകാം ഈ ശൈലി.

നവംബർ– ഡിസംബർ മാസങ്ങളിൽ ബോംബെയിൽ ശൈത്യം പരക്കും. നേപ്പാൾ, സിക്കിം, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്ന് കമ്പിളിപുതപ്പുകളും, ഷാൾ, സ്വെറ്റർ തുടങ്ങിയവ വില്പനക്കായി മുംബൈയിലേക്ക് നിരവധിയാളുകള്‍ എത്തിച്ചേരും
നവംബർ– ഡിസംബർ മാസങ്ങളിൽ ബോംബെയിൽ ശൈത്യം പരക്കും. നേപ്പാൾ, സിക്കിം, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്ന് കമ്പിളിപുതപ്പുകളും, ഷാൾ, സ്വെറ്റർ തുടങ്ങിയവ വില്പനക്കായി മുംബൈയിലേക്ക് നിരവധിയാളുകള്‍ എത്തിച്ചേരും

ചന്ദ്രകാന്ത് വെയ്യുവിന്റെ നീങ്ങിയും നിരങ്ങിയുമുള്ള ഈ ജീവിതയാത്രയിൽ, റെസ്റ്റോറന്റിന്റെ വാതിൽക്കൽ യൂണിഫോം ധരിച്ചുനിൽക്കാനും സല്യൂട്ടടിക്കാനും അല്പസ്വല്പം ഉപചാരവാക്കുകൾ പറയാൻ തുടങ്ങിയതുമൊഴികെ, കാര്യമായ മാറ്റമുണ്ടായില്ല. അയാൾക്കിപ്പോൾ കുറ്റിയടിച്ച പോലുള്ള നിൽപ്പും കൊതുകടിയേറ്റ് കിച്ചൺ ഭാഗത്തുള്ള ഉറക്കവും മറ്റും വെറുത്തുതുടങ്ങിയിട്ടുണ്ട്. വിവിധ വസ്​ത്രങ്ങൾ ധരിച്ച് കലപില സംസാരിച്ച് എം.ജി.റോഡിലൂടെ നീങ്ങുന്ന സുന്ദരിപ്പെണ്ണുങ്ങൾ, വിദേശികൾ, പാഴ്സികൾ, സിന്ധികൾ, ഗുജറാത്തി സ്​ത്രീകൾ, കടല വില്പനക്കാരായ പാവങ്ങൾ, കരിക്കുവില്പനക്കാരായ മലയാളികൾ എന്നിവരെ വെറുതെ നോക്കിനിൽക്കുമ്പോൾ വെയ്യുവിന്റെ മനസ്സിൽ നിന്നൊരു നെടുവീർപ്പുയരും. നേപ്പാളികൾക്ക് ഈ തൊഴിലാണ് വിധിച്ചിട്ടുള്ളതെന്ന തിരിച്ചറിവ് അയാൾ മനസ്സിലാക്കാൻ അല്പകാലമെടുത്തതായി വെയ്യു തന്നെ പറയുന്നു. എന്നാൽ ചന്ദ്രകാന്തിന്റെ ഈ പ്രസ്​താവനയോട് എനിക്ക് വലിയ യോജിപ്പില്ല. ഇന്ത്യയിൽതന്നെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രത്തിലെ സ്​പേസ്​ മാർക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന മുതിർന്ന എക്സിക്യൂട്ടീവിൽ ഒരാളായ വീർചന്ദ് കംഗ എന്റെ പരിചയക്കാരനാണ്. പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ഒരു വ്യവസായ സ്​ഥാപനത്തിന്റെ പബ്ലിക് ഇഷ്യു പുറത്തിറക്കുന്നതിനെ സംബന്ധിച്ചുള്ള പ്രസ് മീറ്റിൽ വെച്ചാണ് കംഗയെ പരിചയപ്പെടുന്നത്. അരോഗദൃഢഗാത്രനും ചെറിയ കണ്ണുകളുമുള്ള, സ്​ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന അദ്ദേഹം ഒരു ടി.വി. അവതാരകനെ പോലെ കയ്യും കലാശവും കാണിച്ചുകൊണ്ടാണ് സംസാരിക്കാറ്. ആരേയും ആകർഷിക്കുന്ന വ്യക്തിത്വമുള്ള വീർചന്ദ് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടിയ ഒരു പെർഫെക്ട് ജെൻ്റിൽമാൻ ആണെന്ന് പറയാതെവയ്യ; ഭാവത്തിലും സംസാരിത്തിലുമെല്ലാം. വീർചന്ദിന്റെ ശ്രീമതി കുംബാലാ ഹില്ലിലെ പ്രസിദ്ധ ഹോസ്​പിറ്റലലിൽ ഗൈനക്കോളജിസ്റ്റാണ്. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും സോഫിയ കോളേജ് വിദ്യാർത്ഥിനികളാണ്. ചിയേഴ്സ്​ പറഞ്ഞ് ഞങ്ങളിരുവരും രണ്ടുമൂന്ന് പെഗ് സിംഗ്നേച്ചർ വിസ്​കി മോന്തി അന്നുപിരിഞ്ഞു.

പരിഷ്കൃത സമൂഹത്തിന്റെ അടയാളമായി വീർചന്ദ കംഗയും മറ്റുചില പരിചയക്കാരും എന്റെ മുന്നിലുണ്ട്. അപ്പോൾപിന്നെ ചന്ദ്രകാന്തിന്റെ അഭിപ്രായം എനിക്ക് തള്ളിക്കളയേണ്ടിവന്നിരിക്കുന്നു.

അജിത്കുമാർ താപ്പ എവറസ്റ്റ് കൊടുമുടി കയറി ഇന്ത്യൻ പതാക നാട്ടിയത് നമുക്കോർമയുണ്ട്. നേപ്പാൾ രാജാവും ബോളിവുഡ് നടി മനീഷ കൊയ്രാളയും ഡാനി ഡെൻസോങ്ങ് പായും നേപ്പാളി സമൂഹത്തിൽ ആദരവ് പിടിച്ചെടുത്തവരും ഷൈൻ ചെയ്യുന്നവരുമാണ്, ഒരു പരിധിവരെയെങ്കിലും ആഡ് എക്സിക്യൂട്ടിവ് കംഗയും. സമൂഹത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളായി ഇവരെ നാം കരുതുമ്പോൾ റെസ്റ്റോറൻ്റിലെ കാവൽക്കാരനായും ഹൗസിങ്ങ് സൊസൈറ്റികളിലെ സെക്യൂരിറ്റി ജീവനക്കാരനായും ബഹുനിലക്കെട്ടിടങ്ങളിലെ ലിഫ്റ്റ് ഓപ്പറേറ്റുമായൊക്കെ ജീവിതം നയിക്കുന്ന ചന്ദ്രകാന്ത് വെയ്യുവിനെപ്പോലുള്ളവരെ നമ്മുടെ ‘ഗുഡ്ബുക്കിൽ’ ചേർക്കാറില്ലാത്തത് പരിതാപകരമായി തോന്നാറുണ്ട്. ഇവരെ, അല്ലെങ്കിൽ ഇവരെപ്പോലുള്ളവരെ തമസ്​കരിക്കുന്നതിൽ ഉപരിവർഗ്ഗം ഒട്ടകപ്പക്ഷികളുടെ രീതിയിൽ തല മണ്ണിൽ തലപൂഴ്ത്തിനില്ക്കുന്നതെന്തിനാണ്?

മറ്റൊരു ദിവസം അധികം തിരക്കില്ലാത്ത ഞങ്ങളുടെ ലഗ്ഗേജ് കംപാർട്ട്മെൻ്റിൽ തമ്മിൽ സംസാരിക്കവെ ചന്ദ്രകാന്ത് അയാളുടെ ജീവിതത്തിൽ ടിസ്​റ്റും ടേണുമൊക്കെ ഉണ്ടാക്കിയ സംഭവബഹുലമായ, മെലോഡ്രാമയും സസ്​പെൻസും നിറഞ്ഞ ആ കഥ പറഞ്ഞു.

മുംബൈ എം.ജി റോഡ്
മുംബൈ എം.ജി റോഡ്

വെയ്യു അയാളുടെ ആ കഥയുടെ ചുരളഴിച്ചു.

ബോംബെയിൽ നവരാത്രി ഉത്സവം ആഘോഷിക്കപ്പെടുന്ന ദിനങ്ങളിൽ ചന്ദ്രകാന്ത് വെയ്യുവിന് നേപ്പാളിൽ നിന്നൊരു കത്തു ലഭിക്കുന്നു. അന്നും അയാൾ ജോലി ചെയ്തിരുന്നത് എം.ജി.റോഡിലെ ഇതേ ചൈനീസ്​ ഭോജനശാലയിൽതന്നെ. ജന്മഗ്രാമത്തിൽനിന്ന് അയാളുടെ പ്രതിശ്രുത വധു ബോംബെ സെൻട്രൽ സ്റ്റേഷനിലെത്തുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ആ കത്ത് കയ്യിൽ കിട്ടിയപ്പോൾ, ഡൽഹിയിൽ നിന്നുള്ള ഡൊറാഡൂൺ എക്സ്​പ്രസ് എത്തി അഞ്ചെട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. വെയ്യു തിടുക്കത്തിൽ റെയിൽവെ സ്റ്റേഷനിലെത്തി. ആളൊഴിഞ്ഞ പ്ലാറ്റ്ഫോം... രണ്ടുമൂന്നു ചാവാലിപ്പട്ടികൾ മണംപിടിച്ച് നടക്കുന്നതൊഴികെ ഒരു കുഞ്ഞുകുട്ടി പോലുമില്ല. സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. സിമൻ്റ് ബെഞ്ചിൽ അയാൾ താടിക്കു കയ്യും കൊടുത്ത് കുമ്പിട്ടിരുന്നു. രണ്ട് ഹവേൽദാർമാർ അയാളെ സംശയദൃഷ്​ടിയിൽ നോക്കി കടന്നുപോയി.

പുറത്തുകടന്ന വെയ്യു പോർട്ടർമാരോടും കണ്ണിൽക്കണ്ടവരോടൊക്കെ അയാളുടെ കാമിനി രുക്മിണിയെകുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. ഒരാൾക്കും ഉത്തരമുണ്ടായിരുന്നില്ല. വെയ്യു നിസ്സഹായനായി പൊട്ടിക്കരഞ്ഞു. അയാൾക്കിനി എന്തുചെയ്യണമെന്നും ആരോട് തിരക്കണമെന്നും അറിയില്ല. ഒരു ടാക്സി ഡ്രൈവറുടെ നിർദ്ദേശപ്രകാരം റെയിൽവേ യാഡിൽ ഓടിക്കിതച്ചെത്തി രുക്മിണിയെ തിരഞ്ഞു. ഡൊറാഡൂൺ എക്സ്​പ്രസ് യാത്ര അവസാനിപ്പിച്ച് റെയിൽവേ യാഡിൽ ചലനമറ്റു കിടക്കുന്നു. റെയിൽവെ ജീവനക്കാർ വെള്ളക്കുഴൽ കൊണ്ട് വണ്ടി കഴുകുന്നുണ്ട്.

പരിഭ്രാന്തനായ വെയ്യു കംപാർട്ടുമെൻ്റുകളിൽ കയറിയിറങ്ങി പ്രണയിനിയെ തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കരഞ്ഞുവീർത്ത മുഖവുമായി റെയിൽവേ പോലീസ്​ അധികാരിയെ കണ്ട് പരാതി പറഞ്ഞ അയാൾ അശ്ലീലച്ചുവയുള്ള മറുപടി കേട്ടു. വെയ്യു പൊട്ടിപ്പൊട്ടിക്കരയാൻ തുടങ്ങി. രുക്മിണി നേപ്പാളിലെ പഹാഡി ഗ്രാമവാസിയാണ്. പ്രാദേശികഭാഷ മാത്രം സംസാരിക്കാനറിയുന്ന അവൾ എവിടെച്ചെന്ന് കുടുങ്ങിയോ എന്ന അപകടകരമായ ചിന്ത ഇടിമിന്നലെന്നപോലെ അയാളുടെ മനസ്സിൽ ഇരച്ചുകയറി. കാരുണ്യവാനായ ഒരു പോലീസ്​ ഓഫീസർ അന്ന് ബോംബെ വെസ്റ്റേൺ റെയിൽവേയിൽ അപകടത്തിൽപ്പെട്ടവരുടെ ഒരു ലിസ്റ്റ് പുറത്തെടുത്തു. മാഹിം റെയിൽവേ ക്രോസിൽ ട്രെയിനിടിച്ച് മരിച്ചവർ മൂന്നു പേരുണ്ട്. ലോവർ പരേൽ റെയിൽവേ പാളത്തിൽ തല വെച്ച് ആത്മഹത്യ ചെയ്ത ഒരാളൊഴികെ സ്​ത്രീകളോ പെൺകുട്ടികളോ ആയി ആ ലിസ്​റ്റിൽ ആരുമില്ല. അല്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നവരാത്രി ആഘോഷത്തില്‍ നിന്നും Photos: booxoul.com
നവരാത്രി ആഘോഷത്തില്‍ നിന്നും Photos: booxoul.com

തികച്ചും വ്യാകുലനായി, സ്വബോധമില്ലാത്തവനെപ്പോലെ ചന്ദ്രകാന്ത് വെയ്യു ബോംബെ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറത്തുകടന്ന് ലക്ഷ്യമില്ലാതെ നടന്ന് മഹാരാഷ്ട്ര ട്രാൻസ്​പോർട്ട് ബസ് സ്റ്റാൻ്റ് പരിസരത്തെത്തി. വഴിവിളക്കുകൾ പ്രകാശമാനമാക്കിയ ആ തെരുവിലൂടെ അല്പം മുന്നോട്ട് നടന്നപ്പോൾ വെയ്യു കണ്ടത്, പഴയ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ അല്പവസ്​ത്രം മാത്രം ധരിച്ച് വഴിപോക്കരെ കൈമാടി വിളിക്കുന്ന യൗവനങ്ങളെയാണ്. അവരിൽ വാർധക്യത്തിലേക്ക് കാലൂന്നിയവരുമുണ്ട്. ബോംബെ മഹാനഗരത്തിൽ മണിക്കൂർ അടിസ്​ഥാനത്തിൽ യുവതികളുമൊത്ത് സഹശയനം നടത്താൻ സൗകര്യമൊരുക്കുന്ന ഇത്തരമൊരു മണ്ഡി (ബാസാർ) യെക്കുറിച്ച് വെയ്യുവിന് കേട്ടുകേൾവിയുണ്ടെങ്കിലും, അയാളുടെ മനസ്സിൽ കൊള്ളിയാൻ മിന്നുംപോലെ, ആ പെൺകുട്ടികൾക്കിടയിൽ നേപ്പാളി യുവതികളും ഉണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. ബോളിവുഡ് സ്വപ്നം കണ്ട്, ജോലി ആഗ്രഹിച്ച്, കങ്കാണിമാരുടെ വലയിൽപ്പെടുന്നവരാണീ പെൺകുട്ടികളെന്ന് അയാൾക്ക് പറഞ്ഞുകേൾവിയുണ്ട്. കെട്ടിടങ്ങളുടെ താഴെ കയറുകട്ടിലിലിരുന്ന് തമ്പാക്ക് ചവയ്ക്കുന്ന ഘർവാലികൾ, അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന പിമ്പുകളും സാക്ഷാൽ ഗുണ്ടകളും അവരുടെ സഹായികളും ഗിരാക്കളു (കസ്റ്റമേഴ്സ്​) മൊക്കെയായപ്പോൾ വെയ്യുവിന് ഏതോ കാലത്ത് കണ്ട, പേരോർമയില്ലാത്ത ഹിന്ദി സിനിമ ഓർമ വന്നു. ട്രാൻസിസ്റ്റുകളിൽ നിന്നൊഴുകുന്ന വിവിധ ഭാഷകളിലുള്ള സിനിമാപ്പാട്ടുകൾ കൂടി അയാൾ കേട്ടു. അവിടെ കൊണ്ടുവരപ്പെടുന്ന പെൺകുട്ടികൾ പിന്നീടൊരിക്കലും പുറംലോകം കാണുകയില്ലായെന്നും അവരെ രക്ഷിക്കാൻ അതികായനായ ഒരു ഹീറോക്കുമാത്രമേ കഴിയൂ എന്നും ആ സിനിമ വിളിച്ചുപറയുന്നുണ്ടെന്നും വെയ്യു നിസ്സഹായനായി ഓർത്തു: ആ ഗലികളിലുള്ള സ്വർണപ്പണയക്കാരായ മാർവാഡികൾ അയാളെക്കണ്ട് ഗൂഢമായി പുച്ഛിച്ചു ചിരിച്ചു. തൊട്ടടുത്തുള്ള ഒരു പാൽപ്പെട്ടിക്കടയിൽ കോൺഡം വില്പനയും ‘പല്ലംഗ് തോഡ്’ പാൻ കച്ചവടവും പൊടിപൊടിക്കുന്നു. വെയ്യു പിന്തിരിഞ്ഞ് പോരവേ ഒരാൾ ചോദിക്കുന്നു; ‘‘ഐറ്റം മാംഗതാ, ഏക് ദം ഫ്രഷ് മാൽ’’.
ഒന്നും സംസാരിക്കാനാകാതെ ആ പാവം യുവാവ് തിരിച്ചോടി, മഹാനഗരം ആദ്യമായി കണ്ട് പരിഭ്രമിച്ച വളർത്തുനായയെപ്പോലെ.

ഞങ്ങളിരുവരും സഞ്ചരിച്ചിരുന്ന വീരാർ ഫാസ്റ്റ് ഇപ്പോൾ ബോറിവിലി സ്റ്റേഷനിൽ നിർത്തിയിരിക്കുന്നു. ഡബ്ബാവാലകൾ അവരുടെ മരം കൊണ്ടുള്ള തട്ടുകളിലെ ഒഴിഞ്ഞ പാത്രങ്ങൾ പ്ലാറ്റ് ഫോമിൽ ഇറക്കിവെച്ച് നെടുവീർപ്പിട്ടു. കുറച്ചുപേർ ലഗ്ഗേജ് കമ്പാർട്ടുമെൻ്റിൽ കയറി നിലത്ത് അവിടവിടെ ചമ്രംപടിഞ്ഞിരുന്ന് തമ്പാക്ക് ചവച്ചു. അവർ റെയിൽവേ തൊഴിലാളികളാണ്.

ചന്ദ്രകാന്ത് വെയ്യു കഥ തുടർന്നു:

ചന്ദ്രകാന്തിന് ഇപ്പോൾ ജീവിക്കണമെന്ന ആഗ്രഹം ഒട്ടുമില്ലാതായിരിക്കുന്നു. എം.ജി.റോഡിലെ റസ്റ്റോറൻ്റിനു മുന്നിൽ വടിവിഴുങ്ങിയപോലെ നില്ക്കുന്നതിനും അവിടെയെത്തുന്ന അതിഥികളോട് ‘ഷലാം ഷാബ്’ എന്ന് പറയുന്നതിലും അയാൾ വിമുഖനായി. ഹൈ ഹീലിട്ട് ചവിട്ടിമെതിച്ചുനടക്കുന്ന ലലാമണികളെ കണ്ടാൽ വെയ്യുവിന് നിഷ്കളങ്കയും ചാരുതയാർന്ന മുഖമുള്ളവളും കൃശഗാത്രിയുമായ രുക്മണിയെ ഓർമ വരും. നിരുന്മേഷവാനായി ജോലി തുടരുന്ന വെയ്യുവിനെ ഹോട്ടൽ മാനേജർ വഴക്കുപറയുന്നത് നിത്യസംഭവമായി. കാവൽക്കാരന്റെ പിരിച്ചുവിടലിന് തയ്യാറായ അയാൾക്കു നേരെ മുറിഹിന്ദിയിൽ വെയ്യു തട്ടിക്കയറി; ‘‘തുമാര നൗക്കരിക്കോ ചുണാ ലഗാനേ ക്കാ...’’ നിങ്ങളുടെ ജോലി തുലയട്ടെ എന്നുവരെ ചന്ദ്രകാന്ത് വെയ്യുവിന് പറയാൻ ഒട്ടും വൈമനസ്യമുണ്ടായില്ല. ഇനിയിപ്പോൾ ജോലിപോയാൽത്തന്നെ അയാൾക്കൊരു ചുക്കുമില്ലെന്ന് മനസ്സിലാക്കിയ മാനേജർ അയാളുടെ ഉദ്യമത്തിൽനിന്ന് പിന്മാറുകയാണുണ്ടായതെന്ന് വെയ്യു പറയുന്നു.

 അല്പവസ്​ത്രം മാത്രം ധരിച്ച് വഴിപോക്കരെ കൈമാടി വിളിക്കുന്ന യൗവനങ്ങളെയാണ് ഇത്തരം മാണ്ഡികളിലുള്ളത്.
അല്പവസ്​ത്രം മാത്രം ധരിച്ച് വഴിപോക്കരെ കൈമാടി വിളിക്കുന്ന യൗവനങ്ങളെയാണ് ഇത്തരം മാണ്ഡികളിലുള്ളത്.

അധികം വൈകാതെ ഒരു സന്ധ്യാനേരത്ത് അല്പം ലഗ്ഗേജുമായി രണ്ട് പെൺകുട്ടികൾ വെയ്യുവിനെ തിരക്കിയെത്തി. അതിൽ ഒരുവൾ രുക്മിണിയും രണ്ടാമത്തെ യുവതി അവളുടെ കൂട്ടുകാരിയുമാണ്. ചന്ദ്രകാന്ത് അപ്പോൾ റെസ്റ്റോറൻ്റിെൻ്റ പിൻഭാഗത്തുള്ള കയറുകട്ടിലിൽ ഉറക്കം കാത്തുകിടക്കുകയാണ്. മയക്കംമുറ്റിയ കണ്ണുകൾ തുറന്നുനോക്കിയപ്പോൾ അയാൾ കണ്ടത്, തന്റെ പ്രതിശ്രുതവധു രുക്മിണിയേയും സഹേലി (കൂട്ടുകാരി) ദേവയാനിയേയുമാണ്. ഒരു ഫാൻസി ഡ്രസ് കോംപറ്റീഷന് പങ്കെടുക്കാൻ വന്നവരെപ്പോലെ നേപ്പാളി സ്​ത്രീകളുടെ പരമ്പരാഗത വസ്​ത്രങ്ങളും കാതുകളിൽ ഒരുഡസനോളം വരുന്ന ചെറിയ വളയങ്ങളും മൂക്കിൽ വേറെ അഞ്ചാറെണ്ണവും അണിഞ്ഞ അവരെക്കണ്ട് വഴിപോക്കർ അന്തംവിട്ടു. തമിഴ് സിനിമകളിലെ അവസാന രംഗം പോലെ ഈ പുനഃസമാഗമം കണ്ണീരും പുഞ്ചിരിയും ഇടകലർന്ന അസുലഭ നിമിഷങ്ങളായി ചന്ദ്രകാന്ത് വെയ്യു ഇപ്പോഴുമോർക്കുന്നു.

ഇനിയൊരു ഫ്ലാഷ്ബാക്ക്

രുക്മിണിയും ദേവയാനിയും അയൽപക്കക്കാരാണ്. നേപ്പാൾ പ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ സാധാരണക്കാരായ ഇരുവർക്കും ബോംബെ മായാക്കാഴ്ചകൾ വെയ്യുവി​ന്റെ കത്തുകളിലൂടെയും നിന്നും നേപ്പാൾ തലസ്​ഥാനമായ കാഠ്മണ്ഡുവിലെ തിയ്യേറ്ററുകളിൽ വല്ലപ്പോഴും കാണാറുള്ള ഹിന്ദി സിനിമകളിലൂടെയും നന്നായി പ്രലോഭിപ്പിച്ചിട്ടുണ്ട്. അങ്ങനെ അവരിരുവരും ബോംബെ ചുറ്റിക്കാണാനും തങ്ങളുടെ വെയ്യുവിനെ നേരിൽ കാണാനും വീട്ടിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ടു, അച്ഛനമ്മമാരുടെ മനസമ്മതത്തോടെത്തന്നെ. പൊട്ടറ്റോ, കരിമ്പ്, നെല്ല് തുടങ്ങിയവ കൃഷി ചെയ്യുന്ന ഗ്രാമത്തിൽ നിന്ന് മൈലുകൾ നടന്നുവേണം നേപ്പാൾ തലസ്​ഥാനമായ കാഠ്മണ്ഡുവിലേയ്ക്കുള്ള ബസ് പിടിക്കാൻ. അവരിരുവരും അവിടെ എത്തി. തലസ്​ഥാന നഗരിയിൽനിന്ന് ചെരിവുകളും ചെങ്കുത്തായ ഇറക്കങ്ങളും കയറ്റങ്ങളും ഹെയർപിൻ വളവുകളും താണ്ടിയുള്ള ആ യാത്ര ഡെറാഡൂൺ ബസ് സ്റ്റാൻ്റിൽ അവസാനിക്കുമ്പോൾ മണിക്കൂറുകൾ നാല്പതോളം കഴിയും. കാഠ്മണ്ഡുവിൽ നിന്ന് അഞ്ചെട്ടുമണിക്കൂർ കഴിഞ്ഞപ്പോൾ അവരുടെ യാത്ര തടസ്സപ്പെട്ടു. ബസിന്റെ എഞ്ചിൻ കേടുവന്നു. ഡ്രൈവറും കണ്ടക്ടറും ക്ലീനറും പഠിച്ചപണി നോക്കിയെങ്കിലും ചത്തുമലച്ച പെരുമ്പാമ്പിനെപ്പോലെ താഴ് വരയിലെ പാതയിൽ ബസ് ചലനമറ്റുകിടന്നു. പബ്ലിക് ടെലഫോൺ സൗകര്യം പോലുമില്ലാത്ത ആ സ്​ഥലത്ത് യാത്രക്കാർ വലഞ്ഞത് പത്തിരുപത് മണിക്കൂറുകൾ. ഏതോ മോട്ടോർ സൈക്കിൾ സഞ്ചാരിയുടെ കൃപാകടാക്ഷത്തിൽ പിറകിലെ സീറ്റിലിരുന്ന് കാഠ്മണ്ഡുവിൽ തിരിച്ചുചെന്ന ബസ് കണ്ടക്ടർ രണ്ട് വർക്ക്ഷോപ്പ് മെക്കാനിക്കുകളെ കൂട്ടി തിരികെയെത്തിയപ്പോൾ പിന്നേയും അഞ്ചാറ് മണിക്കൂർ കഴിഞ്ഞിരുന്നു.

രുക്മിണി–ദേവയാനി യുവതികൾ, തങ്ങൾ ഇത്രമാത്രം വിവരദോഷികളാണല്ലോ എന്ന സത്യം തിരിച്ചറിഞ്ഞു. അവർ ബോംബെ കാണാനുള്ള ആഗ്രഹത്തെ ശപിക്കാനും ശാപവചനങ്ങൾ ഉരുവിടാനും തുടങ്ങിയെന്ന് വെയ്യു പറയുന്നു. പിന്നീടുള്ള സാഹസിക യാത്രയ്ക്ക് അന്ത്യമായെന്നോണം അവരന്ന് ബോംബെ സെൻട്രലിൽ എത്തിച്ചേർന്നിരിക്കുന്നു. വഴിയെ രുഗ്മിണിയെ വിവാഹം ചെയ്ത ചന്ദ്രകാന്ത് വെയ്യു ഇന്ന് തികച്ചും ഒരു മുംബൈക്കറാണ്; അയാളുടെ സംസാരരീതിക്കും മറ്റും മാറ്റമില്ലെങ്കിലും. ദേവയാനി ബോംബെ ചുറ്റിക്കറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോയി.

പ്രതീകാത്മക ചിത്രം Photos: holzblasinstrumentenbauerin.de
പ്രതീകാത്മക ചിത്രം Photos: holzblasinstrumentenbauerin.de

പത്തിരുപത്തഞ്ച് വർഷങ്ങൾക്കുമുമ്പ് സംഭവിച്ച അത്യന്തം നാടകീയമായ ആ കഥ ചന്ദ്രകാന്ത് അങ്ങനെ പറഞ്ഞവസാനിപ്പിച്ചു. പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന പൈൻ്റ് റം ഒരു കവിൾ കുടിച്ച് എനിക്കുനേരെ നീട്ടി. അയാളൊരു സിഗരറ്റ് കത്തിച്ച് പുകവിട്ടു. പുറം നാടുകളിൽ നിന്ന് ബന്ധുമിത്രാദികളെയോ പരിചയക്കാരേയോ കൂട്ടി മാത്രമെ പെൺകുട്ടികൾ ബോംബെയ്ക്ക് ആദ്യമായി യാത്ര ചെയ്യാവൂ എന്ന് ചന്ദ്രകാന്ത് വെയ്യു നിർദ്ദേശിക്കുന്നു. പല ചതിക്കുഴികളും നിറഞ്ഞ മഹാനഗരത്തിൽ അപകടം എപ്പോഴാണ് അവരെ പ്രശ്നങ്ങളുടെ കാണാക്കയത്തിൽ തള്ളുകയെന്നും ഇപ്പോൾ അനുഭവസമ്പന്നനായ വെയ്യു പറയുന്നുണ്ട്. ഞങ്ങളുടെ വീരാർ ഫാസ്റ്റ് ഭയന്തർ സ്റ്റേഷനിൽ നിർത്തി. ടാറ്റാ പറഞ്ഞ് അയാൾ നടന്നുനീങ്ങുന്നത് ഞാൻ നോക്കിനിന്നു. ചന്ദ്രകാന്ത് വെയ്യുവിന്റെ തിരിഞ്ഞും വളഞ്ഞുള്ള ജീവിതയാത്ര തൽക്കാലം ഇവിടെ അർദ്ധവിരാമത്തോടെ അവസാനിപ്പിക്കുന്നു.

‘‘കൽ ഹമാര പൂജാ ഹേ, ആപ് ജരൂർ ആയിയേഗാ’’ നാളെ ഞങ്ങൾ നേപ്പാളികളുടെ പൂജയാണ്. വണ്ടിനീങ്ങുന്നതിന്നിടയിൽ ആ പാവപ്പെട്ടവരുടെ കുടിപ്പാർപ്പിടങ്ങളിൽ ആഘോഷിക്കപ്പെടുന്ന സത്യനാരായണപൂജയ്ക്ക് എന്നെ അയാൾ ക്ഷണിച്ചിരിക്കുന്നു.
‘‘ഓക്കെ വെയ്യു’’, ഞാൻ വിളിച്ചുപറയുന്നതിന്നിടയിൽ വീരാർ ഫാസ്റ്റ് കുതിച്ചു പാഞ്ഞു.

ഷട്ടറിട്ട കാമാഠിപുര

1990–92 കാലങ്ങളിൽ മഹാനഗരത്തിലെ ചുവന്ന തെരുവുകളിലെ അന്തേവാസികൾക്കിടയിൽ സംക്രമിച്ച മാരകമായ എച്ച്.ഐ.വി വൈറസ്​ മൂലം പലരും കാമാഠിപുരയും ബോംബെയിലെ സമാന റെഡ്ലൈറ്റ് സ്​ട്രീറ്റുകളും സന്ദർശിക്കുന്നത് പരിപൂർണമായി അവസാനിപ്പിച്ചു. ഏതാണ്ട് അതേകാലങ്ങളിൽ തന്നെ ചുവന്ന തെരുവിലെ കുറെ യുവതികൾ ഡാൻസ്​ ബാറിലെ നർത്തകികളുടെ വേഷവും കെട്ടി. ഗുണ്ടാവിളയാട്ടങ്ങൾക്കും മയക്കുമരുന്ന് കച്ചവടത്തിനും വേദികളായ ഈ ബാറുകൾക്ക് 2005–ൽ പ്രത്യേക നിയമം കൊണ്ടുവന്ന് ഭരണകൂടം ഷട്ടറിട്ടു. തൊഴിലില്ലായ്മ മൂലം ഉടലെടുത്ത പട്ടിണി വലച്ച യുവതികളിൽ ഭൂരിഭാഗവും പിന്നീട് ഗതികെട്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയതായി പല റിപ്പോർട്ടുകളും പറയുന്നുണ്ട്. കാമാഠിപുര ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ തികച്ചും ശൂന്യമാകാൻ അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. കോവിഡ് ആക്രമണം ബോംബെയിലെ എല്ലാ തുറകളിലുമുള്ളവരുടെ ജീവിതമാകെ തകർത്തതോടെ കാമാഠിപുരയിൽ ഒരു കുഞ്ഞുപോലുമില്ലതായി. അവിടെ ഒരു കച്ചവട ത്തിനും സാധ്യതയില്ലാതായി.

നൂറിലധികം വർഷങ്ങൾ പഴക്കമുള്ള ബോംബെയിലെ കാമാഠിപുര ഇടിച്ചുനിരത്തി അവിടെ സാധാരണക്കാർക്കായി പുതിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കാൻ മഹാരാഷ്ട്ര ഭരണകൂടം പദ്ധതിയിട്ടത് അടുത്താണ്. പാവം പെൺകുട്ടികളെ ചതിച്ച് ഇവിടെ വില്ക്കുന്ന ദല്ലാളുമാർക്കൊരു തിരിച്ചടിയാണിത്. കാമാഠിപുരയുടെ പുതിയ മുഖത്തിനായി കാത്തിരിക്കാം.

കാമാഠിപുര ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ തികച്ചും ശൂന്യമാകാൻ അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. കോവിഡ്  ആക്രമണം ബോംബെയിലെ എല്ലാ തുറകളിലുമുള്ളവരുടെ ജീവിതമാകെ തകർത്തതോടെ കാമാഠിപുരയിൽ ഒരു കുഞ്ഞുപോലുമില്ലതായി. അവിടെ ഒരു കച്ചവട ത്തിനും സാധ്യതയില്ലാതായി.
കാമാഠിപുര ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ തികച്ചും ശൂന്യമാകാൻ അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. കോവിഡ് ആക്രമണം ബോംബെയിലെ എല്ലാ തുറകളിലുമുള്ളവരുടെ ജീവിതമാകെ തകർത്തതോടെ കാമാഠിപുരയിൽ ഒരു കുഞ്ഞുപോലുമില്ലതായി. അവിടെ ഒരു കച്ചവട ത്തിനും സാധ്യതയില്ലാതായി.

ചന്ദ്രകാന്ത് വെയ്യുവിന് മഹാനഗരത്തിന്റെ മുക്കും മൂലയും പരിചയമായി. കൂടുതൽ ശമ്പളത്തോടെ നരിമാൻ പോയ്ൻ്റിലെ പഞ്ചനക്ഷത്ര ഹോട്ടലുള്ള, എന്റെ ഓഫീസ്​ സ്​ഥിതിചെയ്യുന്ന അതേ കെട്ടിടത്തിലെ ലിഫ്റ്റ് ഓപ്പറേറ്റാണ് ഇന്നിപ്പോൾ ചന്ദ്രകാന്ത്.


Summary: നൂറിലധികം വർഷങ്ങൾ പഴക്കമുള്ള ബോംബെയിലെ കാമാഠിപുര ഇടിച്ചുനിരത്തി അവിടെ സാധാരണക്കാർക്കായി പുതിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കാൻ മഹാരാഷ്ട്ര ഭരണകൂടം പദ്ധതിയിട്ടത് അടുത്താണ്.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments