മഹാനഗരത്തിന്റെ പ്രധാന വ്യാപാരസ്ഥലങ്ങളായ കൽബാദേവിയിലും പരിസരങ്ങളിലുമായി ഗുജറാത്തികളും മാർവാടികളും ബോറ മുസ്ലിം വിഭാഗക്കാരും അവരുടെ കച്ചവടസ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. ഇതേ റോഡിലാണ് ഗോദ്‌റെജ്, അരിസ്റ്റോ, വീനസ് തുടങ്ങിയ വമ്പൻ കമ്പനികളുടെ റീട്ടെയ്ൽ ഷോപ്പുകൾ. ഇവിടെനിന്ന് ഈടുറ്റ, പുതുപുത്തൻ ഫർണീച്ചർ സ്വന്തമാക്കാം. എന്നാൽ, ഉല്ലാസ് നഗറിൽ വിഖ്യാത കമ്പനികളുടെ മുദ്ര ചാർത്തി വിൽക്കാൻ വെച്ചിരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നിർമിതികളുടെ ചില കടകളുമുണ്ടെന്നോർക്കുക. അവയുടെ ഗുണമേന്മ ആശങ്കയുളവാക്കുന്നതാണ്. അതുകൊണ്ട് ജാഗ്രതൈ!
മലയാളികളുടെ ‘ടൈപ്പിങ്ങ് ജീവിതം' തുടങ്ങിയ കൽബാദേവി
കൽബാദേവി റോഡിനിരുവശങ്ങളിലുമായി സൈക്കിൾ ഷോപ്പുകൾ, കണ്ണട വ്യാപാരക്കടകൾ എന്നിവ ഇപ്പോഴുമുണ്ട്. എച്ച്.എം.വിയുടെ ഗ്രാമഫോൺ വിനിൽ റെക്കോർഡുകളും സി.ഡികളും ഡി.വി.ഡി പ്ലെയറുകളും മറ്റും വിറ്റുപോന്നിരുന്ന ‘കൽബാ ദേവി മ്യൂസിക് സ്റ്റോഴ്‌സ്' എന്നെപ്പോലുള്ളവരെ ആകർഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗിരീഷ് കർണാഡും ശബാന ആസ്മിയും അഭിനയിച്ച ‘സ്വാമി' എന്ന സിനിമയിൽ യേശുദാസ് പാടിയ ‘കാ കരു സജ്‌നി' എന്ന സെമി ക്ലാസിക്കൽ ഗാനത്തിന്റെ വിനിൽ റെക്കോർഡ് അന്വേഷിച്ചാണ് ഞാൻ ആദ്യമായി കൽബാദേവിയിലെത്തുന്നത്, 1976 കാലത്ത്.
കൽബാദേവിയിലെ രണ്ടും മൂന്നും നിലകളുള്ള പഴയ കെട്ടിടങ്ങൾക്കുതാഴെ കച്ചവടം പൊടിപൊടിക്കുമ്പോൾത്തന്നെ അവയുടെ മുകളിലെ നിലകളിൽ ചെറിയ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാഡികളും കുടുംബ സമേതം ഈ കെട്ടിടങ്ങളിൽ പാർത്തുവരുന്നു. കെട്ടിടങ്ങളുടെ ബാൽക്കണികളിൽ കെട്ടിയ അയകളിൽ സ്ത്രീപുരുഷന്മാരുടെ വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നു. വിഖ്യാത കാർട്ടൂണിസ്റ്റ് മാരിയോ മിറാന്റയുടെ ബോംബെ സ്ട്രീറ്റ് സ്കെച്ചുകളിൽ പതിവായി വിഷയമാകാറുള്ളതാണ് ഈ ദൃശ്യം.
അദാനിയുടെ കൈവശം ഈ ‘ഡ്രീം പ്രൊജക്റ്റ്’ ചെന്നുപെട്ടാൽ അവർ ആദ്യം ചെയ്യുക കുടിലുകൾ ഇടിച്ചുനിരത്തുകയാകും. രാപകൽ ബുൾഡോസറുകൾ ഇവിടെയുമുണ്ടാകാം. അദാനി ഗ്രൂപ്പിന് ഇവിടെ പൂന്തോട്ടങ്ങളുണ്ടാക്കാം, സ്വിമ്മിംഗ്പൂളുകളും മൾട്ടിപ്ലക്‌സുകളും വരെ പണിതുയർത്താം.
ആനന്ദിന്റെ ‘ആൾക്കൂട്ട'ത്തിൽ, നായകൻ ജോസഫ് ഒരു സാങ്കല്പിക നഗരം രൂപകല്പന ചെയ്യാൻ ശ്രമിക്കുന്ന ആർകിടെക്റ്റിനോടൊപ്പം കൽബാദേവിയിലെ പഴയ കെട്ടിടങ്ങളിലൊന്നിൽ ജോലി നോക്കുന്നതായി പരാമർശമുണ്ട്. ആദ്യകാലങ്ങളിൽ നാട്ടിൽനിന്നെത്തുന്ന മലയാളികളുടെ ‘ടൈപ്പിങ്ങ് ജീവിതം' ആരംഭിക്കുന്നതുതന്നെ കൽബാദേവി, മസ്ജിദ് ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലാണ്. ഈ റോഡിൽ സ്ഥിതിചെയ്യുന്ന ജെയ്ൻ ടെമ്പിളിൽനിന്നുയരുന്ന മണിനാദത്തിനും തമ്പോറടിയ്ക്കും ഒരു പ്രത്യേക താളമുണ്ട്. ക്ഷേത്രത്തിൽ ആരതിയുഴിയാനെത്തുന്നവർ സ്വർണാഭരണ വിഭൂഷിതകളാണ്. അവരുടെ കൈയ്യിലെ തളികയിൽ ഭഗവാന് അർപ്പിക്കാൻ ഫലവർഗ്ഗങ്ങളും പൂക്കളുമുണ്ട്. ദുർമ്മേദസ്സ് ബാധിച്ച മാർവാഡി സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങളണിയുമ്പോൾ പുത്തൻ തലമുറ പുതുപുത്തൻ ട്രെൻഡിലുള്ള വസ്ത്രം ധരിച്ചാണ് ഇവിടെയെത്തുക. അമ്പലത്തിനുസമീപമുള്ള ഒരു വിളക്കുകാലിൽ കെട്ടിയിട്ട പശു എപ്പോഴും പുല്ലുതിന്നുകൊണ്ടിരിക്കുന്നു. ഈച്ചകളെ ഓടിക്കാൻ അത് ഇടക്കിടെ വാലാട്ടുന്നുമുണ്ട്.
ബോംബെ ചരിത്രം വിളിച്ചോതുന്ന മുംബാദേവി ക്ഷേത്രവും കൽബാദേവിയിൽത്തന്നെയാണ്. അതിന്റെ പ്രശസ്തിക്ക് മങ്ങലേറ്റിട്ടുണ്ടോ എന്ന് സംശയിക്കാം. ഒരു കാലത്ത് ബോംബെയുടെ അവകാശികളായിരുന്ന, മഝ്യബന്ധന തൊഴിലാളികളായ കോലികളുടെ സ്വന്തമായിരുന്നു ഈ ക്ഷേത്രവും പരിസര പ്രദേശങ്ങളും. അവരിൽനിന്ന് ഇവ കൈമോശം വന്നിട്ട് കാലമേറെയായി. കോലികളുടെ പ്രധാന ദേവതയായ ‘മുംബാദേവി' യുടെ പേരിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഇന്നത്തെ ‘മുംബൈ' മഹാനഗരം എന്ന് ചരിത്രരേഖകളിൽ കാണാം. ബ്രിട്ടീഷുകാരാണ് അവരുടെ പരിഷ്‌കാരത്തിന്റെ ചിഹ്നമായി മുംബൈ മാറ്റി ബോംബെ എന്നാക്കിയത്.
വർഗീയവാദികളെ ഓടിച്ചുവിട്ട ചന്ദു ഹൽവാ ഫാക്ടറി തൊഴിലാളികൾ
മാർവാഡികളുടേയും ഗുജറാത്തികളുടേയും തടിച്ചുകൊഴുത്ത ശരീരപ്രകൃതിയ്ക്ക് കാരണം, അവർ നെയ്യ് ചേർത്ത മധുരഭോജ്യങ്ങൾ ഇടതടവില്ലാതെ ആഹരിക്കുന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ഡോക്ടർമാരും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ പ്രസ്താവന ബലപ്പെടുത്തുന്ന മട്ടിൽ കൽബാദേവി പരിസരങ്ങളിലും ഗുജറാത്തികൾ തിങ്ങിത്താമസിക്കുന്ന ഘാട്‌കോപ്പർ, മുളുണ്ട്, ബോറിവിലി എന്നിവിടങ്ങളിലും മധുരപലഹാരക്കടകൾ (ഫർസാന മാർട്ട്) ധാരാളമുണ്ട്. കൽബാദേവി റോഡിലെ ചന്ദു ഘാശിറാം സ്വീറ്റ്‌സ് റീട്ടെയ്ൽ ഷോപ്പിൽ വൻതിരക്കാണ്. ബോംബെയിലും, ഒരുപക്ഷെ ഇന്ത്യയിൽത്തന്നെയും ഏറ്റവുമധികം വില്പനയുള്ളതാണ് ഇവരുടെ മധുരഭോജ്യങ്ങൾ. ഇന്ത്യ - പാകിസ്ഥാൻ വിഭജനാന്തരം 1948-49 കാലങ്ങളിലാണ് കറാച്ചി ആസ്ഥാനമായിരുന്ന ഗോവർദ്ധൻ ഘാശിറാം ബജാജ് തന്റെ മധുര പലഹാര ഫാക്ടറി പറിച്ചു നടാൻ ബോംബെയിലെത്തുന്നത്. പരമ്പരാഗത മധുരപലഹാര വ്യവസായസാമ്രാജ്യം പണിതുയർത്താൻ അക്കാലത്ത് വിലക്കുറവുള്ളതും ഫാക്ടറിത്തൊഴിലാളികളെ പാർപ്പിക്കാൻ സൗകര്യപ്രദവുമായ സ്ഥലത്തിനായി അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഏഷ്യയിലെ ഏറ്റവും വൃത്തികെട്ട ചേരിപ്രദേശമെന്ന് മുദ്രകുത്തപ്പെട്ട ധാരാവിയിൽ ആ തിരച്ചിൽ അവസാനിച്ചു. ആദ്യകാലത്ത് ധാരാവിയിൽ പ്രവർത്തിച്ചുപോന്ന, സോഡയും സമാന പാനീയങ്ങളും ഉല്പാദിപ്പിച്ചിരുന്ന ‘ഡയ്മണ്ട് ഏരിയേറ്റിങ്ങ് വർക്‌സ്' സ്ഥിതി ചെയ്തിരുന്ന വിശാലമായ സ്ഥലം ഗോവർദ്ധൻ ബജാജ് വിലയ്ക്കു വാങ്ങി ചന്ദു ഹൽവ ഫാക്ടറി നിർമിക്കാനാരംഭിച്ചു. ആ കോമ്പൗണ്ടിന്റെ കുറേയെറെ ഭാഗം ചതുപ്പും കോറപ്പുല്ലുകളുമായിരുന്നു. മണ്ണിട്ട് ചതുപ്പു നിരത്തിയും പുല്ല് നശിപ്പിച്ചും തറ കോരി മണ്ണിട്ട് നിറച്ച് ലിന്റൽ വാർത്തും ഘാശിറാം ബജാജ് ഫാക്ടറി കെട്ടിടം ഉയർത്തി. വിഭജനകാലത്ത് ഇന്ത്യയിൽ അഭയം പ്രാപിച്ച ഘാശിറാമിന്റെ കൈയ്യിൽ പൂത്ത പണമുണ്ടായിരുന്നുവെന്ന് ഹൽവ ഫാക്ടറിയുടെ പഴയകാല മാനേജർ മോഹൻ സാട്ടം പറയുന്നു.
1916-ൽ കറാച്ചിയിൽ സമാരംഭിച്ച മധുരപലഹാര തൊഴിൽശാലാ ഉടമസ്ഥരും, തങ്ങളുടെ തനതായ ചേരുവകളും രുചിക്കൂട്ടുകളും അവരുടെ ഉല്പന്നങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ഇന്ന് ബോംബെ മുഴുവനും അറിയപ്പെടുന്ന ഉല്പന്നങ്ങളായി ‘ചന്ദു ഹൽവ' മാറിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ അദ്ധ്വാനശീലരായ, ആത്മാർഥമായി പണിയെടുക്കുന്ന മുന്നൂറോളം തൊഴിലാളികളുടെ വിയർപ്പുണ്ട്.
ലാഡു, കാജു ബർഫി, കോക്കനട്ട് ബർഫി തുടങ്ങിയ മധുരപലഹാരങ്ങൾ വിവിധ സംസ്ഥാനക്കാരായ പരിചയം സിദ്ധിച്ച തൊഴിലാളികളാണുണ്ടാക്കുന്നത്. വംഗരാജ്യത്തിന്റെ തനതായ രസഗുളയും സമാന മധുരപലഹാരങ്ങളും ബംഗാളികൾ തന്നെ ഉണ്ടാക്കുമ്പോൾ പഞ്ചാബികൾ അവരുടെ പ്രത്യേക രുചിയിലുള്ള മധുര പലഹാരങ്ങൾ പാചകം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. കൊങ്കൺ തീരത്തുനിന്നെത്തുന്ന ചന്ദു ഹൽവ ഫാക്ടറിയിലെ തൊഴിലാളികൾ തങ്ങളുടെ നാടിന്റെ മുഖമുദ്രയായ കാജു (കശുവണ്ടി) അടങ്ങിയ മധുരപദാർത്ഥങ്ങളും ആലുവഡിയും (ചേമ്പില അരിഞ്ഞ് കടലമാവിൽ മുക്കി പൊരിച്ചെടുത്ത ഒരു ആഹാര പദാർത്ഥം) ഉണ്ടാക്കുന്നതിൽ പ്രവീണരാണ്. യു.പി. ഭയ്യകൾ പാൽ ചേർത്ത, എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങൾ തയ്യാറാക്കുന്നതു കാണാം. സമോസയും ഉരുളക്കിഴങ്ങ് വടയും മറ്റും ബോംബെ മാർക്കറ്റിലെത്തുന്നത് ഇവരുടെ കൈത്തഴക്കത്തിലൂടെയാണ്. തൊഴിലാളികളെ അവരുണ്ടാക്കുന്ന പലഹാരങ്ങൾ അനുസരിച്ച് ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു.
ഒരുകാലത്ത് ചതുപ്പ് പ്രദേശം മാത്രമായിരുന്ന ധാരാവി മഹാനഗരത്തിന്റെ സുപ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും പട്ടിണിപ്പാവങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ ഒരു മാറ്റവുണ്ടായിട്ടല്ല
സയൺ മെയിൻ റോഡിൽനിന്ന് റിവോളി തിയ്യേറ്ററിനുസമീപമുള്ള, തിരക്കേറിയ ഓവർബ്രിഡ്ജിലൂടെ സഞ്ചരിച്ച് അല്പദൂരം പിന്നിട്ട് ദേശിദാരുചി ദൂഖാനുകളും ഇറച്ചിവെട്ടുകടകളും പാൻപെട്ടിക്കടകളും മറ്റും മറ്റും നിറഞ്ഞ ധാരാവി ഗലികളിലൂടെ ടാക്‌സിയിൽ സഞ്ചരിച്ചാൽ ചന്ദു ഹൽവാ ഫാക്ടറിയുടെ മുന്നിലെത്താം. അപരിചിതനായ ഒരാൾക്ക് നടന്ന് അവിടെയെത്താൻ വലിയൊരു വിഷമവൃത്തം താണ്ടേണ്ടിവരും. അതാണ് ധാരാവിയുടെ ദുരൂഹത. അവിടെ ഫാക്ടറിപ്പടിയുടെ മുകൾഭാഗത്തായി പഞ്ചാബിയിലും ഹിന്ദിയും ഇംഗ്ലീഷിലും മറാഠിയിലുമുള്ള കൂറ്റൻ ബോർഡ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഉയരക്കൂടുതലുള്ള ഫാക്ടറി മതിലിൽ ‘നോ സ്റ്റിക്കേഴ്‌സ് പ്ലീസ്' എന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമാ പോസ്റ്ററുകളും റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നങ്ങളും അംബേദ്കറുടെ ചിത്രങ്ങൾ അച്ചടിച്ച പോസ്റ്ററുകളും നിറയെ പതിച്ചുവച്ചിരിക്കുന്നു. അത്ര പെട്ടെന്നൊന്നും അപരിചിതർക്ക് ഫാക്ടറിയിൽ പ്രവേശനം ലഭിക്കാറില്ല.
അക്കാലത്ത് വഡാലയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു തമിഴ് പത്രത്തിൽ സ്പേയ്‌സ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ഞാൻ ജോലി നോക്കുകയായിരുന്നു. അക്കൊല്ലത്തെ ദീവാളി അടുക്കുന്നു. കുറേയെറെ പരസ്യങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. ചന്ദു ഹൽവയുടെ പരസ്യങ്ങളൊന്നും ഞങ്ങൾക്ക് അതുവരെ ലഭിച്ചിട്ടില്ല. സ്പേയ്‌സ് സെല്ലറുടെ പ്രൊഡക്റ്റീവ് ചിന്തകൾ പേറി നടക്കുന്ന എനിക്ക് ചന്ദു ഹൽവയുടെ പ്രസ്റ്റീജ്യസ് പരസ്യത്തിനുവേണ്ടി ഒന്നു ശ്രമിച്ചു നോക്കിയാലോ എന്നുതോന്നിപ്പോയി.
ഓഫീസിൽനിന്ന് ഫാക്ടറിയുടെ സെയിൽസ് മാനേജർ വി.എസ്. കപൂറിന് ഫോൺ ചെയ്തു. ഞാൻ പറഞ്ഞതിന്റെ പൊരുൾ അദ്ദേഹത്തിന് ആദ്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു. ഒടുവിൽ പത്തൊമ്പതാമത്തെ അടവ് എന്നപോലെ മറാഠിയും ഹിന്ദിയും ഇംഗ്ലീഷും കലർന്ന തനതായ മണിപ്രവാള ഭാഷയിൽ കാര്യങ്ങൾ വിളമ്പി; ‘‘ആയിയെ, ദേഖേകാ'' എന്ന് അങ്ങേത്തലക്കൽനിന്ന് ഘനഗംഭീര സ്വരത്തിലുള്ള ക്ഷണം കേട്ടപാതി കേൾക്കാത്തപാതി ടാക്‌സി പിടിച്ച് ഞാൻ ഫാക്ടറിക്കുമുമ്പിലെത്തി. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ പരസ്യദാതാക്കൾക്ക് അവസരം കൊടുത്തുപോകരുത് എന്ന ആദ്യപാഠം എനിയ്ക്ക് നന്നായറിയാം. എം.ബി.എക്കാർ ധാരാളമായി ഈ രംഗങ്ങളിൽ വിലസുന്നതുകൊണ്ട് അവരിൽനിന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നാൽ എക്‌സിക്യുട്ടീവിന് ഉത്തരം മുട്ടാനും സാധ്യതയുണ്ട്. അതായത്, സൂക്ഷിച്ചുവേണം കാര്യങ്ങൾ നിരത്തേണ്ടതെന്ന് ചുരുക്കിപ്പറയാം.
ബാബറി മസ്ജിദ് തകർത്തതിന്റെ ആഘോഷം പങ്കുവെയ്ക്കാൻ ബി.ജെ.പി- ശിവസേന- സംഘപരിവാർ സഖ്യം തെരഞ്ഞെടുത്ത സ്ഥലം ധാരാവിയാണ്.
ആഗമനോദ്ദേശ്യം ഗേയ്റ്റ് കീപ്പർമാരോട് പറഞ്ഞെങ്കിലും ‘കാർഡ് ദിഖാവോ' എന്ന സ്ഥിരം ചോദ്യം വന്നു. ആ പ്രക്രിയയും കഴിഞ്ഞു. അവരിലൊരാൾ എന്നെ ‘സീനിയർ മാർക്കറ്റിംഗ് മാനേജർ' വിനോദ് ശരത്ചന്ദ്ര കപൂറിന്റെ ക്യാബിനു മുന്നിലെത്തിച്ചു. പഞ്ചാബി മദ്ധ്യവയസ്കനാണ് കപൂർ. ഇളം നീല ഷർട്ടും കറുപ്പു പാന്റും ഗെയ്‌റ്റോണ്ഡേയുടെ വിലകൂടിയ ഷൂവും ധരിച്ച അദ്ദേഹം കട്ടിഗ്ലാസിട്ട കണ്ണടയിലൂടെ എന്റെ വസ്ത്രധാരണരീതിയെയും എറ്റിക്കെറ്റിനെയും മറ്റും വിലയിരുത്തുകയാണ് ആദ്യം ചെയ്തത്. ഇദ്ദേഹത്തിന്റെ മേശയ്ക്ക് എതിർവശമുള്ള കസേരകളിലൊന്നിൽ ഞാനിരുന്നു. വിസിറ്റിംഗ് കാർഡ് മേശപ്പുറത്ത് വെച്ചു. ചൂടാർന്ന ഒരു കപ്പ് ചായ അപ്പോൾതന്നെ ഓഫീസ് ശിപായി മേശമേൽ കൊണ്ടുവെച്ച് എന്നെ സൽക്കരിച്ചു. ഞങ്ങളുടെ പത്രമാഹാത്മ്യത്തെക്കുറിച്ചുള്ള എന്റെ സെയിൽസ് ടോക്ക് കേൾക്കാൻ താല്പര്യമില്ലാത്തവണ്ണം മിസ്റ്റർ കപൂർ പത്രത്തിന്റെ റെയ്റ്റിനെക്കുറിച്ചാണ് ചോദിച്ചത്. നിരക്ക് സംബന്ധിച്ച് ഒരു ചെറിയ പിടിവലി ഞങ്ങൾ തമ്മിൽ നടന്നെങ്കിലും ചന്ദു ഹൽവയുടെ കാൽ പേജ് വലിപ്പമുള്ള മൂന്ന് ഇൻസേർഷനുകൾ നൽകാൻ അദ്ദേഹത്തിന് കനിവുണ്ടായി. ധാരാവിയിലും മറ്റു ചേരിപ്രദേശങ്ങളിലുമുള്ള തമിഴ് മക്കൾ മാത്രം വായിയ്ക്കുന്ന ഞങ്ങളുടെ ദിനപ്പത്രത്തിന്റെ വായനക്കാർക്ക് വലിയ വിലക്കൂടുതലുള്ള ‘ചന്ദു സ്വീറ്റ്‌സ്' വാങ്ങാനുള്ള ‘പർച്ചേയ്‌സിങ്ങ് പവർ' ഉണ്ടാകില്ല എന്നത് മാർക്കറ്റിംഗ് മാനേജർ കപൂറിന് നന്നായറിയാം. എങ്കിലും ‘ദീവാളിയല്ലേ, കൊണ്ടുപോയി തിന്നോട്ടെ' എന്ന മനോഭാവം അദ്ദേഹത്തിനുണ്ടായിക്കാണും. ഏതായാലും എന്റെ ദൗത്യം വിജയകരമായി കലാശിച്ചു. ആ സന്തോഷത്തിന് മേമ്പൊടി വിതറുന്ന പോലെ ഒരാഗ്രഹംകൂടി ഞാൻ കപൂർ സാഹേബിനെ അറിയിച്ചു.
‘‘സർ, ഐ വാണ്ട് ടു സീ ദി ഫങ്ഷനിങ്ങ് ഓഫ് യുവർ ഫാക്ടറി''.
‘‘ഓ, യെസ് സെർട്ടെൺലി. പ്ലീസ് കം വിത്ത് മീ’', ശ്രീമാൻ കപൂർ മൂക്കുപൊടി ഒരു സ്പൂണോളം നാസാരന്ധ്രങ്ങളിൽ വലിച്ചുകയറ്റി ഒന്ന് തുമ്മി അവിടെയുള്ള ചുറ്റു കോണി വഴി താഴെയുള്ള ഫാക്ടറി ഹാളിലെത്തി. ദുർഗപ്രസാദ് ഖത്രിയുടെ ‘ചുറ്റു കോണി' എന്ന അപസർപ്പകനോവൽ എനിക്കപ്പോൾ ഓർമ വന്നു. കപൂർ സഹേബിനെ കണ്ടമാത്രയിൽ ഫാക്ടറി സൂപ്പർവൈസർ ഹുസൈൻ മിയ ഓടിവന്ന് ഭവ്യതയോടെ നിലകൊണ്ടു. മാനേജർ സാഹേബിന്റെ ഏതൊരായും ശിരസ്സാ വഹിക്കാൻ തയ്യാറായ മട്ടിലാണ് ആ പാവം വൃദ്ധെന്റ ഭാവഹാവാദികൾ. ഫാക്ടറി പ്രവർത്തനങ്ങൾ എന്നെ കാണിക്കാനാവശ്യപ്പെട്ട് വി.എസ്. കപൂർ ചുറ്റുകോണി കയറി അപ്രത്യക്ഷനായി.
ആരെയും അസൂയാലുക്കളാക്കുന്ന ചിട്ടവട്ടങ്ങളും വൃത്തിയും വെടിപ്പുമുള്ള ചന്ദു ഹൽവ ഫാക്ടറി അപ്പോൾ ഏറെ സജീവമാണ്. 1992-93 ൽ ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട, തികച്ചും ആസൂത്രിതമായ വർഗീയ ലഹളയിൽ അതിനെ ചെറുത്തുനിന്ന ചന്ദു ഹൽവ ഫാക്ടറി തൊഴിലാളികൾ സ്വന്തം ജീവൻ പണയംവെച്ചാണ് ഫാക്ടറി രക്ഷിച്ചെടുത്തത്. അവിടെ വ്യത്യസ്ത സംസ്ഥാനക്കാരും മതവിശ്വാസികളും ജോലി ചെയ്യുന്ന ഇടമാണ്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്നവർക്ക് ജാതിയില്ല, മതവുമില്ല. വിയർപ്പൊഴുക്കി ജീവിതം നയിക്കുന്നവരാണ് ഇവരെല്ലാം എന്ന ആത്യന്തികസത്യം ഒന്നുകൂടി ഇവിടെ ഊട്ടിയുറപ്പിക്കുന്നു.
ഹുസൈൻ മിയ ആ ചെറുത്തുനില്പിന്റെ സംഭവബഹുലമായ കഥ പറഞ്ഞതിങ്ങനെ:
‘‘ബാബറി മസ്ജിദ് തകർത്തതിന്റെ ആഘോഷം പങ്കുവെയ്ക്കാൻ ബി.ജെ.പി- ശിവസേന- സംഘപരിവാർ സഖ്യം തെരഞ്ഞെടുത്ത സ്ഥലം ധാരാവിയാണ്.''മുഖവുരയായി വൃദ്ധൻ പറഞ്ഞു; ‘‘ധാരാവി കുട്ടിവാഡിയിലെ ബഡാ മസ്ജിദിൽ ‘ദോപെഹർ കാ നമാസ്?' (ഉച്ചയ്ക്കുള്ള നമാസ്) നടക്കുന്ന സമയം. അതിനു മുന്നോടിയായി മുക്രിയുടെ ബാങ്ക് വിളിയുയർന്നു. മുസ്ലിം സഹോദരന്മാർ പള്ളിയ്ക്കകത്തും പുറത്തും നിസ്കരിക്കുകയാണ്. രാമനാമം ആർത്തുവിളിച്ച്, കൈയ്യിൽ കുറുവടികളും ശൂലങ്ങളും വാളുകളുമായി ശിവസൈനികർ ഇതിനിടയിലൂടെ സൈക്കിൾ റാലി നടത്തി വിശ്വാസികളെ പ്രകോപിതരാക്കി. നമാസ് കലക്കുക, അവിടെ കലാപമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. പലരും മരിക്കുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ലഹള ധാരാവിയുടെയും മുംബൈ മഹാനഗരത്തിന്റെ ഇതരഭാഗങ്ങളിലും പടർന്നു പിടിച്ചു കഴിഞ്ഞിരുന്നു. അക്രമാസകതരായ ഒരു കൂട്ടം ആളുകൾ ചന്ദു ഹൽവ ഫാക്ടറി തകർക്കാൻ പാഞ്ഞടുത്തു. കുറെപ്പേർ ഫാക്ടറിപ്പടി തള്ളിത്തുറന്ന് അകത്തുകടന്നു. ഞങ്ങൾ എല്ലാ തൊഴിലാളികളും ചേർന്ന് കൈയ്യിൽകിട്ടിയ മരത്തടികൾ, ഇരുമ്പ് ചട്ടകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കപൂർ സാഹേബ് ഫോൺ ചെയ്തതനുസരിച്ച് മൂന്ന് വാൻ സായുധ പട്ടാളക്കാരെത്തി അക്രമികളെ അടിച്ചോടിച്ചു.
ബോംബെയിൽ ആദ്യകാലങ്ങളിൽ എത്തിപ്പെട്ട തൊഴിലന്വേഷകരാണ് ചതുപ്പും കോറപ്പുല്ലുകളും മുള്ളുമുരടൻമൂർഖൻ പാമ്പുകളും നിറഞ്ഞ ധാരാവി നികത്തിയെടുത്ത് വാസയോഗ്യമാക്കിയത്.
സ്ത്രീകളുടെ കൂട്ട നിലവിളിയും തൊഴിലാളികളുടെ അങ്കലാപ്പും അതോടെ താൽക്കാലികമായി അവസാനിച്ചു. അക്രമികളുടെ ഈ കലാപരിപാടി രണ്ടു മൂന്നു പ്രാവശ്യം അന്ന് ആവർത്തിച്ചെങ്കിലും അവരുദ്ദേശിച്ചപോലെ ഫാക്ടറി ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. ഇതിനിടയിൽ ഇവരിലൊരാൾ തൊഴിൽശാലയുടെ ഉള്ളിലേക്ക് നാടൻ പെട്രോൾ ബോംബ് എറിഞ്ഞു. തീ കത്തിപ്പടരുന്നതിനുമുമ്പ് ഫാക്ടറിയിലെ ഫയർ ഫൈറ്റിങ്ങ് ഉപകരണങ്ങൾ കൊണ്ട് ഞങ്ങൾ തന്നെ തീ തല്ലിക്കെടുത്തി. പട്ടാളമിറങ്ങി ബലപ്രയോഗം കൊണ്ടും വെടിവെപ്പിലൂടെയും ഈ ലഹള അടിച്ചൊതുക്കി. രണ്ടാഴ്ച നീണ്ട കലാപകാലത്തിനിടയിൽ ഞങ്ങളേയും ഫാക്ടറിയേയും സായുധ പൊലീസ് സംരക്ഷിച്ചു എന്നത് ഇവിടെ എടുത്തു പറയുന്നു’’, ഹുസൈൻ മിയാ നെടുവീർപ്പോടെ ഗതകാല സംഭവങ്ങൾ അയവിറക്കി സംഭാഷണം അവസാനിപ്പിച്ചു.
‘യേ ദംഗൽ കാ കോയി ജരൂരത്ത് ഥെ?' (ഈ ലഹളയുടെ വല്ല ആവശ്യവുമുണ്ടായിരുന്നോ?) ഹുസൈൻ മിയാ ചോദിക്കുന്നു. തികച്ചും അർത്ഥവത്തായ ഈ ചോദ്യത്തിന് ഇതുവരെ മതിയായ ഉത്തരം ആരിൽനിന്നും ലഭിച്ചിട്ടില്ല. തങ്ങളുടെ രാഷ്ട്രീയം അക്രമം വഴി സ്ഥാപിച്ചെടുക്കാൻ മാത്രമല്ല, ദുരാഗ്രഹികൾ കൂടിയായ ഇവർ ബാന്ദ്ര, ദാദർ, ചെമ്പൂർ, സാന്റക്രൂസ് പ്രദേശങ്ങളിലെ അനേകം കടകൾ കൊള്ളയടിച്ചു. ദാദറിലെ വസ്ത്രക്കടയും കോഹിന്നൂർ ഇലക്ട്രോണിക്സും ദാവൂദ് ഷൂ സ്റ്റോറും സമാന സ്ഥാപനങ്ങളും കത്തിച്ചത്, വില്പനയ്ക്കുവെച്ച വസ്തുക്കൾ ചാക്കിൽ കെട്ടിപ്പൂട്ടി കാത്തുനിന്നിരുന്ന അവരുടെ വാഹനങ്ങളിൽ കയറ്റിവിട്ടശേഷമായിരുന്നു എന്നത് രസകരമാണ്.
മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ‘സ്ഥിരം തലവേദന' യായി ചേരികൾ ഇപ്പോഴും മഹാനഗരത്തിന്റെ പലയിടങ്ങളിലായി നിലനിന്നുപോരുന്നു. അത് ചേരിമക്കളുടെ കുറ്റമല്ല, മറിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിലുള്ള അധികാരികളുടെ അനാസ്ഥ തന്നെയാണ് പ്രധാന കാരണം.
ഫാക്ടറി തൊഴിലാളികൾ ജോലിയിൽ പൂർണമായി ലയിച്ചിരിക്കുകയാണ്. ആ ഹാളിന്റെ ഒരറ്റത്ത് സ്റ്റെയിൻലെസ് സ്റ്റീൽ ബോയ്ലറുകളിൽ പാൽ തിളപ്പിക്കുന്ന ചില തൊഴിലാളികൾ. അതിന്റെ ഓരത്തു തന്നെയുള്ള വലിയ ഇരുമ്പ് പാത്രങ്ങളിൽ (കടായി) പാൽ ചേരുവയായുള്ള ബംഗാളി മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നത് അതേ സംസ്ഥാന തൊഴിലാളികൾ തന്നെ. ഫാക്ടറിയിൽ പ്രതിദിനം 25,000 ലിറ്റർ എരുമപ്പാലും ആയിരം ലിറ്റർ പശുവിൻപാലും ഉപയോഗിക്കുന്നുവെന്ന് ഹുസൈൻ മിയ പറഞ്ഞു. ഇവ മഹാനഗരത്തിന്റെ പിന്നാമ്പുറങ്ങളായ ദഹിസർ, വസായ്, തുർബെ തുടങ്ങിയ സ്ഥലങ്ങളിലെ കന്നുകാലിത്തൊഴുത്തിൽനിന്ന് നേരിട്ടാണ് വാങ്ങുക. പാൽ നിറച്ച ക്യാനുകൾ ടെമ്പോകളിലും മിനിട്രക്കുകളിലും ഫാക്ടറിപ്പടിക്കൽ രാവിലെയും വൈകീട്ടും വന്നെത്തും. ഫാക്ടറിക്കെട്ടിടത്തിന്റെ ഹാളിൽ ചൂടുള്ള മധുരപലഹാരങ്ങൾ നിറച്ച ട്രേകൾ അടുക്കടുക്കായി വെച്ചിരിക്കുന്നത് കണ്ടാൽ ഒരു അലങ്കാരപ്പണി അരങ്ങേറിയിട്ടുണ്ടോ എന്ന് സംശയിക്കാം. അവ അല്പം ആറിത്തണുത്തശേഷം പാക്കിംഗ് വിഭാഗത്തിലേക്ക് ട്രോളികളിലാണ് കൊണ്ടുപോകുക. പ്ലാസ്റ്റിക് ഗ്ലൗസുകളും തലയിൽ ‘ഷെഫ് ക്യാപും'ധരിച്ച സ്ത്രീകൾ പലഹാരങ്ങൾ പൊട്ടാതെയും പൊടിയാതെയും സൂക്ഷ്മതയോടെ ചന്തമാർന്ന പായ്ക്കറ്റുകളിൽ അടുക്കിവെയ്ക്കുന്നുണ്ട്. വളരെ ഹൈജീനിക് ആയ രീതിയാണ് പലഹാരം ഉണ്ടാക്കുന്നിടം മുതൽ പായ്ക്കിങ്ങ് വരെ കാണാനിടയായത്. ഷഡ്പദങ്ങളുടെ ഭീകരാക്രമണം എങ്ങുമുള്ള ധാരാവിയിൽ അവയെ നിയന്ത്രിക്കാൻ ഇലക്ട്രോണിക്സ് റിപ്പെല്ലറുകൾ ഫാക്ടറി ഹാളിൽ ഇടവിട്ടിടവിട്ട് സ്ഥാപിച്ചിട്ടുണ്ട്. അവയില്ലെങ്കിൽ ഒരുപക്ഷെ ചന്ദു ഹൽവ ഫാക്ടറി ഈച്ചകൾ പൊതിഞ്ഞ ഒരു ഈച്ചപ്പാളയമാകാൻ (തൃശ്ശൂർ ഭാഷ) സാധ്യതയേറെയുണ്ട്. ആ ഹാൾ ഒട്ടാകെ ശീതീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവിടെ വലിയ ഈർപ്പം അനുഭവപ്പെട്ടില്ല. എക്‌സ്ഹോസ്റ്റ് ഫാനുകൾ നിരന്തരം ഹൈസ്പീഡിൽ തിരിയുന്നുണ്ട്. ബോയിലറുകളിൽനിന്നും അടുപ്പിൽനിന്നും ഉണ്ടാകുന്ന പുക ചിമ്മിണിയിലൂടെ ഫാക്ടറിക്കുപുറമെ തള്ളുന്നുണ്ട്. പലഹാരങ്ങൾ ഉണ്ടാക്കുന്നവരും അവ പായ്ക്ക് ചെയ്യുന്നവരും ബോയിലറുകളിലെ താപനില ക്രമീകരിക്കുന്നവരും ഫാക്ടറിയിലെ മറ്റെല്ലാവരും പരിചയ സമ്പന്നർതന്നെയാണെന്ന് അവരുടെ കൈവഴക്കം വ്യകതമാക്കുന്നു.
ഞാൻ സീനിയർ മാർക്കറ്റിംഗ് മാനേജർ വിനോദ് കപൂറിനോടും ഹുസൈൻ മിയായോടും യാത്ര പറഞ്ഞിറങ്ങി. ഒരു ബംഗാളി തൊഴിലാളി പിറകിൽനിന്ന് ഓടിവന്ന് അയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് സഞ്ചികൾ സൂപ്പർവൈസറുടെ നേരെ നീട്ടി. ‘‘യേ കമ്പനി കാ തരഫ്‌സെ. . . യേ മസ്ദൂറോം കാ തരഫ്‌സെ. . . ആപ് കേലിയെ. . . ദീവാളി കാ ശുഭ്കാമ്‌നായേം. . .'' ഹുസൈൻ മിയാ അങ്ങനെ എനിയ്ക്ക് ദീപാവലി ആശംസകൾ നേർന്നു. ‘‘ആപ് കോ ഭി ദീവാളി കാ ഹാർദിക് ശുഭേചാ'’, ആശംസകൾ പ്രതിവചിച്ചു. പുറത്തിറങ്ങവെ തൊഴിലാളികൾക്കൊപ്പം സ്ത്രീകളും കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. ചന്ദു ഹൽവപോലെ മധുരിപ്പിക്കുന്ന പെരുമാറ്റം അവിടെ അനുഭവപ്പെട്ടു.
ലോധാ ഗ്രൂപ് പോലുള്ള വമ്പൻ കെട്ടിട നിർമ്മാണ കമ്പനികൾ ധാരാവിയിൽ കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുണ്ട്. അന്ധേരി ഇലക്ട്രോണിക് സോണിലേയ്ക്കുള്ള ഭൂഗർഭ മെട്രോ റെയിൽവെ ധാരാവിയിലൂടെയാണ് കടന്നുപോകുന്നത്. അങ്ങനെ വാണിജ്യപരമായും വ്യാവസായികമായും ധാരാവി മാറാനാരംഭിച്ചിരിക്കുന്നു.
അദാനി വരും, ഇനി ധാരാവി ‘മാറും’
രാജ്യത്തെ ഹാർബറുകളും എയർപോർട്ടുകളും റെയിൽവെ ഭാഗികമായും അംബാനി- അദാനിമാർ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ കാലങ്ങളിൽ ധാരാവിയെയും ഇക്കൂട്ടർ വെറുതെ വിടാൻ ഒരുക്കമല്ലെന്ന ഒരു പത്രവാർത്ത ഈയിടെ കണ്ടു. ‘റീഡെവലപ്പിങ്ങ് ധാരാവി സ്കീം' എന്ന ഓമനപ്പേരിട്ട ഈ പദ്ധതിയുടെ കരട് രൂപത്തെക്കുറിച്ച് വലിയ പിടിപാടില്ലെങ്കിലും ധാരാവിയെന്ന ചേരിപ്രദേശത്തെ മൊത്തം പറുദീസയാക്കാനുള്ള ഒരു ‘കർമപദ്ധതി’യാണിതെന്ന് പ്രസ്തുത പത്രം വിശേഷിപ്പിക്കുന്നു. ധാരാവിയുടെ പൂർവചരിത്രം പരിശോധിച്ചാൽ ബോംബെയിൽ ആദ്യകാലങ്ങളിൽ എത്തിപ്പെട്ട തൊഴിലന്വേഷകരാണ് ചതുപ്പും കോറപ്പുല്ലുകളും മുള്ളുമുരടൻമൂർഖൻ പാമ്പുകളും നിറഞ്ഞ ഈ സ്ഥലം നികത്തിയെടുത്ത് വാസയോഗ്യമാക്കിയതെന്ന് പറയുന്നുണ്ട്. വഴിയെ ഗുണ്ടകൾ ചേരിരാജാക്കന്മാരായി വാണ് മസിൽപവറുകൊണ്ട് ധാരാവി വെട്ടിപ്പിടിച്ച് തുണ്ടം തുണ്ടമാക്കി ചോളുകൾ നിർമിച്ച് വാടകയ്ക്ക് നൽകി പണം പിരിച്ചുകൊണ്ടിരിക്കുന്നു. മഹാനഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ പ്രദേശത്തിന് മാഹിം, മാട്ടുംഗ, സയൺ, ബാന്ദ്ര തുടങ്ങിയ നഗരപ്രാന്തങ്ങളിലേക്ക് സഞ്ചരിക്കാൻ അധികം സമയം ആവശ്യമില്ല. യാത്രികരുടെ സഞ്ചാരസൗകര്യത്തിന് ഈ ദിക്കിലെല്ലാം സബർബൻ ട്രെയിൻ സ്റ്റേഷനുകളുമുണ്ട്. മഹാനഗരത്തിലെ ജനസാന്ദ്രത ഏറിയേറിവന്നതോടെ കാലങ്ങൾക്കുശേഷം മഹാനഗർപാലിക ധാരാവിയിൽ തൊണ്ണൂറടി റോഡും അറുപതടി റോഡും നിർമിച്ച് ഗതാഗതം സുഗമമാക്കി. ചോളുകളിൽ കുടിവെള്ളമെത്തിക്കുകയും റോഡുകളും ഗലികളും വൈദ്യുതീകരിക്കുകയും ചെയ്തതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ജനം ഒഴുകി ധാരാവിയിലെത്തി പെരുകി. അതോടെ സ്ഥലത്തിന്റെ വില വാണം പോലെ കുതിച്ചുപൊങ്ങി. ലോധാ ഗ്രൂപ് പോലുള്ള വമ്പൻ കെട്ടിട നിർമ്മാണ കമ്പനികൾ ധാരാവിയിൽ കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുണ്ട്. അന്ധേരി ഇലക്ട്രോണിക് സോണിലേയ്ക്കുള്ള (സ്വീപ്‌സ്) ഭൂഗർഭ മെട്രോ റെയിൽവെ ധാരാവിയിലൂടെയാണ് കടന്നുപോകുന്നത്. അങ്ങനെ വാണിജ്യപരമായും വ്യാവസായികമായും ധാരാവി മാറാനാരംഭിച്ചിരിക്കുന്നു.
ഒരുകാലത്ത് ചതുപ്പ് പ്രദേശം മാത്രമായിരുന്ന ധാരാവി മഹാനഗരത്തിന്റെ സുപ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും പട്ടിണിപ്പാവങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ ഒരു മാറ്റവുണ്ടായിട്ടല്ല എന്ന് ഈ അന്വേഷണം വ്യക്തമാക്കുന്നു. മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ‘സ്ഥിരം തലവേദന' യായി ചേരികൾ ഇപ്പോഴും മഹാനഗരത്തിന്റെ പലയിടങ്ങളിലായി നിലനിന്നുപോരുന്നു. അത് ചേരിമക്കളുടെ കുറ്റമല്ല, മറിച്ച് പാവപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുമുള്ള അധികാരികളുടെ അനാസ്ഥ തന്നെയാണ് പ്രധാന കാരണം. ടൗൺ പ്ലാനിങ്ങിലെ അപാകത കണ്ടാൽ ഒരുതരം ‘ചിറ്റമ്മ നയം' മാത്രമാണ് ചേരികളുടെ കാര്യത്തിൽ ഭരണകൂടം അവലംബിച്ചതെന്ന് ന്യായമായും തോന്നിപ്പോകും.
250 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മുറികൾ വാടകയ്ക്ക് നൽകി ധാരാവിയുടെ ‘ഒറിജിനൽ മക്കൾ' അവരുടെ പഴയ ചോൾ മുറിയിൽ തന്നെയാണ് ഇപ്പോഴും താമസം. അതിന്റെ കാരണം മുറിയോടുള്ള അവരുടെ സെന്റിമെൻറ്സ് അല്ല എന്ന് തീർത്തുപറയാം.
ചേരിമക്കളുടെ കാര്യമന്വേഷിക്കാൻ മുംബൈ സ്ലം റിഹാബിലിറ്റേഷൻ അതോറിറ്റി 1987-ൽ ബാന്ദ്ര (ഈസ്റ്റ്) ആസ്ഥാനമാക്കി വലിയൊരു ഓഫീസ് തുറന്നു. 2000-ാമാണ്ടിൽ ബോംബെയിൽ ഒരു മലയാള പത്രത്തിൽ പ്രവർത്തിക്കവേ, സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയിലെ ഉയർന്ന ഉദ്യോഗസ്ഥ അരുണാ കാംബ്ലെയുമായി പരിചയപ്പെട്ടു: ‘‘ചേരിക്കാരെ പുനരധിവസിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ താല്പര്യമനുസരിച്ച് സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി നാലുനിലകളുള്ള അനേകം കെട്ടിടങ്ങൾ പാവങ്ങൾക്കായി നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇപ്പോഴും ആ ശ്രമം തുടരുകയാണ്''.
‘‘550 ഹെക്ടറിലധികം വിസ്തീർണ്ണമുള്ള ധാരാവിയിൽ റിയൽ എസ്റ്റേറ്റ് വില നാൾക്കുനാൾ ഉയർന്നുകൊണ്ടിരിക്കുന്നു. ഈ ചേരിയിൽ സ്ഥിരതാമസക്കാരായവരെ ഉദ്ദേശിച്ചാണ് കെട്ടിടങ്ങളത്രയും നിർമിച്ചത്’’, കാംബ്ലെ അഭിമാനപൂർവ്വം സ്ലം അതോറിറ്റിയുടെ ഗുണഗണങ്ങൾ വെളിപ്പെടുത്തി.
എന്നാൽ, ഈ കെട്ടിടങ്ങളിലെ താമസക്കാരിൽ ഭൂരിഭാഗവും വാടകക്കാരാണ്. 250 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മുറികൾ വാടകയ്ക്ക് നൽകി ധാരാവിയുടെ ‘ഒറിജിനൽ മക്കൾ' അവരുടെ പഴയ ചോൾ മുറിയിൽ തന്നെയാണ് ഇപ്പോഴും താമസം. അതിന്റെ കാരണം മുറിയോടുള്ള അവരുടെ സെന്റിമെൻറ്സ് അല്ല എന്ന് തീർത്തുപറയാം. സ്ലം അതോറിറ്റിയുടെ കെട്ടിടമുറികളുടെ ഉടമസ്ഥർ യഥാർത്ഥ ധാരാവിക്കാരാകണമെന്ന നിർബ്ബന്ധം നിലനിൽക്കേ ഒരാൾക്ക് നിലവിലുള്ള അയാളുടെ സ്വന്തം ചോൾ മുറി സറണ്ടർ ചെയ്യേണ്ടിവരും. അതുകൊണ്ട് വർഷങ്ങളായി ആ വ്യക്തി താമസിക്കുന്ന സ്വന്തം മുറിയുടെ ഉടമസ്ഥത ഭാര്യ, മകൻ, മകൾ എന്നിവരിൽ ആരുടെയെങ്കിലും പേരിലേക്ക് കൈമാറ്റം ചെയ്യും. ‘‘അപരന്മാർക്ക് മുറികൾ വാടകയ്ക്കുനൽകി ഞങ്ങൾ നാല് കാശുണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്ന്'' ധാരാവിക്കാരനും ആർക്കോണം ജില്ലക്കാരനായ തമിഴ് സുഹൃത്ത് രഞ്ജൻ ചോദിക്കുന്നു. അയാൾ മുപ്പതോളം വർഷങ്ങളായി ധാരാവിയിലെ കാമരാജ് നഗർ താമസക്കാരനാണെന്ന് എനിക്കറിയാം.
താനെ ജില്ലയിലെ (ആദ്യം പാൽഘർ ജില്ല) ധാനു ആസ്ഥാനമാക്കി റിലയൻസിന്റെ കീഴിലുള്ള 500 മെഗാവാട്ട് ശക്തിയുള്ള പവർ പ്ലാൻറ് മുംബൈയിലേക്ക് വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. വർഷങ്ങൾക്കുമുമ്പ് ബോംബെ ഇലക്
ട്രിക് സബർബൻ ട്രാൻസ്പോർട്‌സിന്റെ (ബി.ഇ.എസ്.റ്റി.) കീഴിലായിരുന്നു ഈ വിതരണ ശൃംഖലയത്രയും. എന്നാൽ റിലയൻസ് ഈ രംഗത്ത് കടന്നു കയറിയതോടെ വൈദ്യുതിനിരക്ക് കുത്തനെ ഉയർത്തുകയാണ് ആദ്യം ചെയ്തത്. സ്വകാര്യവൽക്കരണത്തിന്റെ തീരാശാപം ഇന്ത്യയിലെ പൊതുസ്ഥാപനങ്ങളെ കാർന്നുതിന്നുകയാണ്. അതുകൊണ്ട് അദാനി ഗ്രൂപ്പ് ധാരാവി റീ ഡെവലപ്പ്‌മെൻറ് സ്കീമുമായി രംഗത്തെത്തിയത് അത്ഭുതാവഹമായി തോന്നുന്നില്ല. അദാനിയുടെ കൈവശം ഈ ‘ഡ്രീം പ്രൊജക്റ്റ്’ ചെന്നുപെട്ടാൽ അവർ ആദ്യം ചെയ്യുക കുടിലുകൾ ഇടിച്ചുനിരത്തുകയാകും. രാപകൽ ബുൾഡോസറുകൾ ഇവിടെയുമുണ്ടാകാം. അദാനി ഗ്രൂപ്പിന് ഇവിടെ പൂന്തോട്ടങ്ങളുണ്ടാക്കാം, സ്വിമ്മിംഗ്പൂളുകളും മൾട്ടിപ്ലക്‌സുകളും വരെ പണിതുയർത്താം. ബഹുനിലക്കെട്ടിടങ്ങൾ കെട്ടിപ്പൊക്കി മുറികളും ഫ്ലാറ്റുകളും വാടകയ്ക്ക് നൽകി അസ്സൽ കാശുവാരാം. എതിർക്കുന്നവരുടെ വായടപ്പിക്കാനും ഏതു ചട്ടവും പ്രയോഗിക്കാനും സ്വാധീന ശക്തിയുള്ള ഭരണകർത്താക്കളും അവർക്കൊപ്പമുണ്ട്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെ ഈ സ്വപ്നപദ്ധതി ആവിഷ്‌കരിക്കാൻ അദാനി ഗ്രൂപ്പിന് താല്പര്യമുണ്ടായിരുന്നുവെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. നിർഭാഗ്യവശാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാർ പൊട്ടിപ്പാളീസാകുകയും ഉദ്ധവ് താക്കറെ ഭരണമേറ്റെടുക്കുകയും ചെയ്തു. ഒരു റിസോർട്ട് പോളിറ്റിക്‌സിലൂടെ ഇപ്പോഴിതാ, വീണ്ടും ദേവേന്ദ്ര ഫഡ്നാവിസും ഏക്‌നാഥ് ഷിന്റെയും കൂട്ടരും മഹാരാഷ്ട്ര ഭരണകർത്താക്കളായി രംഗത്തെത്തിയിരിക്കുന്നു.
ഇനി അദാനി ഗ്രൂപ്പിന് അവരുടെ സ്വപ്നപദ്ധതി പ്രാവർത്തികമാക്കാനുള്ള വെള്ളക്കൊടി നിലവിലുള്ള ഭരണകൂടം കാണിച്ചെന്നിരിക്കാം. കൂട്ടത്തിൽ ഒരു പാട്ടു കുർബ്ബാനയും ഓശാനയും കൂടിയായാൽ സംഗതി എല്ലാം ‘മംഗൾ കുശാൽ' തന്നെ. ▮