1962 ലെ ബോംബെ തെരുവ് / Photo: GHI/Universal Images

ഒരു കഷണം ജീവിതം മാത്രം
​സ്വന്തമായുള്ള ബാഹർവാലകൾ

ബോംബെയിലും പരിസരങ്ങളിലുമുള്ള നൂറായിരം ഹോട്ടലുകളുടെ ഭാഗമായി പണിയെടുക്കുന്ന ബാഹർവാലകളുടെ ജീവിതം. മഹാനഗരമെന്ന വലിയ ഭീമാകാരൻ യന്ത്രത്തിന്റെ ചലിക്കുന്ന ചെറുഭാഗമെന്നോണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ തൊഴിലാളികളിൽ മലയാളികളും തമിഴ്​നാട്ടുകാരുമെല്ലാമുണ്ട്​, ഒരുറപ്പുമില്ലാത്ത അരക്ഷിതജീവിതങ്ങളുടെ ഉടമകളായി...

ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബിയെ ശ്മശാനങ്ങളുടെ നഗരം എന്ന്​ പലരും വിശേഷിപ്പിക്കുന്നുണ്ട്. ബ്രിട്ടനിലെ മൺമറഞ്ഞ വിശ്വവിഖ്യാത വ്യക്തികളുടെയും ഭരണകർത്താക്കളുടെയും ഷേയ്​സ്​ക്​പിയറും ഷെല്ലിയും കീറ്റ്‌സും അടക്കമുള്ള കവികളും നാടകകൃത്തുക്കളും അടങ്ങിയ പല ഉന്നത വ്യക്തികളുടേയും ശവകുടീരങ്ങളാണ് അവിടെ അധികവും കാണുക.

എന്നാൽ ഇന്ത്യൻ ചരിത്രരേഖകളിൽ ഇടംപിടിക്കാത്ത, ഇന്ത്യയിൽതന്നെ ജീവിച്ച് മരിച്ച ചൈനക്കാരുടെയും അർമീനിയൻ പൗരന്മാരുടെയും ക്രിസ്ത്യാനികളുടെയും ശവകുടീരങ്ങൾ മൂന്ന് മതിലുകളെക്കൊണ്ട് മാത്രം തിരിച്ചിരിക്കുന്ന സവിശേഷതയുള്ള ഇടമാണ് ബോംബെയിലെ ആന്റോപ്​ ഹിൽ പരിസരം. ഇന്ത്യ - ചൈന യുദ്ധാനന്തരം താക്കൂർ ദാർ, ഗ്രാൻറ്​ റോഡ്, ചാർണി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരായിരുന്ന ചൈനക്കാർ ഇപ്പോൾ ബോംബെയിൽ അധികമില്ല. ആംഗ്രി ഡ്രാഗൺ, ഹംഗ്‌റി ഡ്രാഗൺ, ചൈന ഗേറ്റ് തുടങ്ങിയ ചൈനീസ് സംസ്കാരം ഓർമപ്പെടുത്തുന്ന മഹാനഗരത്തിലെ ചൈനീസ് റസ്റ്റോറന്റുകളിലെ ഷെഫുകളും തൊഴിലാളികളിൽ ഭൂരിഭാഗവും ചൈനക്കാരല്ല, നേപ്പാളികളോ സിക്കിം, ഭൂട്ടാൻ പ്രദേശക്കാരോ ആണെന്നത് കൗതുകകരമായിത്തോന്നാം.

ആന്റോപ്​ ഹിൽ ചൈനീസ് ശവകൂടീരങ്ങളിലേക്കുള്ള പ്രവേശന കവാടം
ആന്റോപ്​ ഹിൽ ചൈനീസ് ശവകൂടീരങ്ങളിലേക്കുള്ള പ്രവേശന കവാടം

എന്തോ ചില ഡിഗ്രികൾ ബോർഡിലെഴുതിവെച്ച് ഡോക്ടർമാരായി ചമഞ്ഞ ചില ചൈനക്കാർ കാമാഠിപുര പരിസരങ്ങളിലും ബോംബെ സെൻട്രലിലെ അലക്‌സാണ്ടർ സിനിമാ പരിസരങ്ങളിലും ഡെന്റിസ്റ്റുകളായി ജീവിതമാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ ചില ഒറിജിനൽ ചൈനീസ് ഡോക്ടർമാർ അക്യുപങ്ചർ ചികിത്സയിൽ പ്രാവീണ്യം നേടിയവരാണ്. ചൈനയുടെ സ്വന്തം രീതിയിലുള്ള ആയുർവേദചികിത്സകളിൽ വിദഗ്ദരായ ഡോക്ടർമാരും ബോംബെയിൽ അറിയപ്പെടുന്നവരാണ്. ഇവർ നല്ല സൊപ്പാറ, വസായ് തുടങ്ങിയ സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ജീത്ത് തയ്യിലിന്റെ പ്രശസ്ത നോവൽ ‘നാർക്കോ പോളിസി' ലും ചില ചൈനീസ് വ്യക്തികളെക്കുറിച്ച് പരാമർശമുണ്ട്. ആന്റോപ്​ ഹില്ലിലെ നീണ്ടുപരന്ന് കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലത്ത് സെൻട്രൽ ഗവൺമെൻറ്​ സെർവൻറ്​സ്​ ക്വാർട്ടേഴ്‌സ് (സി.ജി.എസ്) കെട്ടിടസമുച്ചയങ്ങളാണ്. ഈ ക്വാർട്ടേഴ്‌സുകളിലെ താമസക്കാർ ഭൂരിഭാഗവും മലയാളികൾ ഉൾപ്പെടെയുള്ള വാടകക്കാരായിരിക്കും. മലയാളി ചായക്കടകളിലും കേരളീയ പലവ്യഞ്ജനങ്ങളും മലയാള പത്രങ്ങളും വാരികകളും ബീഡിയും സിഗരറ്റും വിൽക്കുന്ന കടകളിലും നല്ല തിരക്കായിരിക്കും.

അനധികൃത ചാരായ വില്പനക്കാരുടെ കൂട്ടത്തിൽ തമിഴരും മലയാളികളും ഇതര സംസ്ഥാനക്കാരുമുണ്ടായിരുന്നു. അങ്ങനെ ബോംബെ ധമനികളിലൂടെ വാറ്റുചാരായം ഒഴുകിയെന്ന് ആലങ്കാരികമായി പറയാം.

ആന്റോപ്​ ഹില്ലിന്റെ ഈ വിശേഷണം നിലനിൽക്കെത്തന്നെ, 1970-82 കാലത്ത്​ബോംബെ അധോലോകം അടക്കിവാണവരിൽ നമ്പർ വൺ ആയ തമി​ഴ്​ ഡോൺ വരദരാജ മുതലിയാരുടെ ചാരായവാറ്റ് ബിസിനസ്​ ശൃംഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയിലും ഈ പ്രദേശം കുപ്രസിദ്ധി നേടിയിരുന്നു. വരദരാജന്റെ പ്രധാന ലെഫ്റ്റനൻറ്​ മലയാളിയായ കുര്യൻ തോമസ് (കാജാ ഭായി) ആയിരുന്നു കള്ളച്ചാരായവാറ്റ് വിതരണ ശൃംഖലയുടെ ചുക്കാൻ പിടിച്ചിരുന്നത്. ആന്റോപ്​ ഹില്ലി ലെ അയാളുടെ അഡ്ഡ (കേന്ദ്രം) യ്ക്കുമുമ്പിൽ നിരനിരയായി പാർക്ക് ചെയ്തിട്ടുള്ള ടാക്‌സി കാറുകളിൽ ചാരായം നിറച്ച കന്നാസുകൾ ഡിക്കിയിലും കൂൾഫിലിം പതിച്ച സൈഡ് വിന്റോകളുള്ള കൂൾ ടാക്‌സികളിലും കയറ്റി മഹാനഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്​തുപോന്നു. അനധികൃത ചാരായ വില്പനക്കാരുടെ കൂട്ടത്തിൽ തമിഴരും മലയാളികളും ഇതര സംസ്ഥാനക്കാരുമുണ്ടായിരുന്നു. അങ്ങനെ ബോംബെ ധമനികളിലൂടെ വാറ്റുചാരായം ഒഴുകിയെന്ന് ആലങ്കാരികമായി പറയാം.

വരദരാജ മുതലിയാർ
വരദരാജ മുതലിയാർ

വരദരാജനെത്തേടി പൊലീസ്​ സെർച്ച് വാറണ്ട് പുറപ്പെടുവിച്ചതോടെ ഡോൺ പൊലീസിനെ വെട്ടിച്ച് മുങ്ങി ചെന്നൈയിലെ അജ്​ഞാതകേന്ദ്രത്തിൽ ഒളിച്ചു താമസിച്ചു. എന്നാൽ മാരകമായ കാൻസറിന് അടിമപ്പെട്ടിരുന്ന വരദരാജൻ അവിടെവെച്ച് വൈകാതെ മരിച്ചു. കൊല്ലും കൊലയും കള്ളക്കടത്തും സ്ഥിരമായി ആഘോഷിച്ചിരുന്ന വരദാഭായിയുടെ മരണത്തോടെ ഒരുതരത്തിൽ ബോംബെ പൊലീസിന്റെ തലവേദന ഗണ്യമായി കുറഞ്ഞു. ബോംബെ പൊലീസ് ഇതിനകം വരദാഭായിയുടെ ചാരായവാറ്റു കേന്ദ്രങ്ങൾ (ഖാഡികൾ) അടിച്ച് തകർക്കുകയും അയാളുടെ ലഫ്റ്റനന്റുകളായ ദർശൻകുമാർ ദില്ല (ദില്ലു), കാജാഭായി തുടങ്ങിയവരെ പിടികൂടി ആർതർ റോഡ് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ വരദരാജ മുതലിയാർക്കും അയാളുടെ കള്ളവാറ്റുചാരായ ബിസിനസിനും ബോംബെയിൽ എന്നെന്നേക്കുമായി തിരശ്ശീല വീണു.

സ്വന്തം ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത കെ.ആർ. ബാലൻ അങ്ങനെ വരദരാജഭായിനിർമിതി വാറ്റുചാരായത്തിന്റെ ബൂട്ട് ലഗ്ഗറായി. കൺമുന്നിൽ ലൈവായി നടന്നുകൊണ്ടിരുന്ന അടിപിടികൾ, കത്തിക്കുത്ത് തുടങ്ങി കൊലപാതകങ്ങൾ വരെ അയാളെ പലപ്പോഴും അക്ഷരാർത്ഥത്തിൽ നടുക്കി.

പക്ഷെ, ചാരായവിതരണക്കാരായ ചിലരുടെ ‘നല്ല വരുമാനം' അതോടെ നിലച്ചു. ബൂട്ട്‌ ലെഗ്ഗിംഗ് നടത്തിയിരുന്ന കൊച്ചുപയ്യന്മാരും സ്ത്രീകളടക്കമുള്ളവരും കൈയ്യിൽ കാശില്ലാതെ വലഞ്ഞു. ഇവരിൽ ഒരു സ്ത്രീ പാപ്പാമണി, ‘പൗഡർ കാ ദന്ത' ആരംഭിച്ചു. ബ്രൗൺ ഷുഗർ എന്ന മാരക മയക്കുമരുന്ന് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ (പൂഡകളിൽ) നിറച്ച് ചേരിമക്കൾക്കിടയിൽ വിറ്റ്​ ആരംഭിച്ച പാപ്പാമണിയുടെ ബിസിനസ്​ സാമ്രാജ്യം പടർന്ന് പന്തലിച്ച് വൻവൃക്ഷമായി മാറി. അങ്ങനെ പാപ്പാമണി മയക്കുമരുന്ന് മാഫിയ റാണിയായി ബോംബെ ഭരിച്ചു. എല്ലാ കുറ്റകൃത്യങ്ങൾക്കും ഒരിക്കൽ ഒരന്ത്യമുണ്ടാകണമല്ലോ. ബോംബെ നാർക്കോട്ടിക് സെല്ലിന്റെ അശ്രാന്ത പരിശ്രമം മൂലം പാപ്പാമണി അവരുടെ വലയിലകപ്പെട്ടു. ആ സ്ത്രീക്കെതിരെ സാക്ഷിയായി കോടതിയിലെത്തിയത് അവരുടെ സ്വന്തം മകളും ഭർത്താവുമായിരുന്നുവെന്നത് വിചിത്രമായി തോന്നാം. ഇവിടെയാണ് ബാലൻ എന്ന അന്നത്തെ ചാരായവിതരണക്കാരൻ പയ്യന്റെ യഥാർത്ഥ കഥ ഉള്ളുലക്കുന്ന ദിശയിലേക്ക് സഞ്ചരിക്കുന്നത്.

പാപ്പാമണിയെ കുറിച്ചുള്ള പത്രവാർത്തകൾ
പാപ്പാമണിയെ കുറിച്ചുള്ള പത്രവാർത്തകൾ

ഈ പയ്യനെ ഞാൻ പരിചയപ്പെടുന്നത് 1985-87 കാലത്താണ്. യുവാവായ അയാളുടെ ഇടനെഞ്ചിൽ ‘ബാന്റടിമേള'മുണ്ടായിരുന്നോ എന്നെനിക്കറിയില്ല. വളക്കൂറില്ലാത്ത മണ്ണിൽ വളരുന്ന നെൽച്ചെടിയോട് ഉപമിക്കാവുന്ന കേവലം ഒരു ചെറിയ താടി പയ്യൻസിന്റെ മുഖത്ത് വളരാൻ പ്രയാസപ്പെടുന്നുണ്ട്. കെ.ആർ. ബാലന് അന്ന് ഇരുപത് ഇരുപത്തഞ്ചോളം വയസുണ്ട്. ഞാൻ താമസിച്ചുപോന്ന മാട്ടുംഗയിലെ ട്രിച്ചൂർ ലോഡ്ജിൽ സമീപത്തുള്ള ടീസ്റ്റാളിൽനിന്ന് രാവിലെയും വൈകീട്ടും കട്ടിംഗ്ചായ കൊണ്ടുവന്നിരുന്ന ബാലൻ തൃശ്ശൂരിലെ തൃപ്രയാർ സ്വദേശിയാണ്. അക്കാലങ്ങളിൽ വിവിധ കാരണങ്ങളാൽ നാടുവിടാൻ നിർബ്ബന്ധിതരാകുന്നവരുടെ കൂട്ടത്തിൽ ബാലനും ഉണ്ടായത് സ്വാഭാവികം. വളരെപ്പണ്ട്, ‘ഗൾഫ് തിര' കേരളത്തിൽ ആഞ്ഞടിക്കുന്നതിനുമുമ്പ്, ചെറിയ ഡയസ്പോറ എന്നോണം മലയാളികൾ അധികവും എത്തിച്ചേർന്നത് കൽക്കത്തയിലായിരുന്നു. ഡൊമനിക് ലാപ്പിയറിന്റെ പ്രശസ്ത നോവൽ ‘ദി സിറ്റി ഓഫ് ജോയ്' , യഥാർത്ഥത്തിൽ സന്തോഷം സമ്മാനിക്കാത്ത നഗരമാണ് എന്ന് മലയാളികൾ തിരിച്ചറിഞ്ഞതോടെ അവരുടെ പിന്നീടുള്ള ‘കൽക്കത്താപ്പോക്ക്’ നിലച്ചു. പിന്നീട് കുറെനാൾ കേരളീയരിൽ പലരും മദ്രാസിലേക്കും ബോംബെയിലേക്കും ജീവിതമാർഗ്ഗം തേടി ചെന്നെത്തി. ബാലന്റെ വീടിരിക്കുന്ന തൃപ്രയാർ പുഴയുടെ സമീപമുള്ള അഞ്ച് സെൻറ്​ കുടിവെപ്പിലെ ചെറുവീട്ടിൽ നിന്നുതിരിയാനിടമില്ലാത്ത വിധം വലിയൊരു കൂട്ടുകുടുംബം തന്നെ താമസമുണ്ടായിരുന്നു. തെങ്ങു ചെത്ത് തൊഴിലാക്കിയ അയാളുടെ അച്ഛനും മാമനും ജ്യേഷ്ഠനും കൈയ്യിൽ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് കുടുംബം പുലർത്താനായില്ല. ബാലന് കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വരദാഭായി ഗ്യാങ്ങിനെ ബോംബെ പൊലീസ് അടിച്ച് നിലംപരിശാക്കിയതോടെ നിൽക്കക്കള്ളിയില്ലാതെ തൃപ്രയാർ ഭാഗത്തെ ‘തൈത്തെങ്ങിൻ തണലത്ത് താമരക്കടവത്ത് കിളിക്കൂടുപോലുള്ള വീട്ടിലെ' ആ ബാലൻ ഇപ്പോൾ മുംബൈ ഹോട്ടലുകളിലെ ബാഹർവാലയായിരിക്കുന്നു.

സ്കൂൾ ഫൈനൽ പരീക്ഷയെഴുതി ഫലമറിയാൻ കാത്തുനിൽക്കാതെ തൃശ്ശൂരിൽനിന്ന് കൊച്ചി - ദാദർ എക്‌സ്പ്രസിൽ ടിക്കറ്റെടുത്ത് അയാൾ ദാദറിലെത്തുകയായിരുന്നു. ടിക്കറ്റിന് 45 രൂപയായിരുന്നു ചാർജ്ജ് എന്ന് ബാലന് ഓർമയുണ്ട്. (ഇത്തരം കദനകഥകളിൽ കഥാനായകൻ സാധാരണഗതിയിൽ ‘കള്ളവണ്ടി കയറി' എന്ന പ്രയോഗം ഇവിടെ മനഃപ്പൂർവ്വം ഒഴിവാക്കുകയാണ്). ലഭിക്കുന്ന എന്തു ജോലിയും ചെയ്യാൻ തയ്യാറായിരുന്ന അന്നത്തെ ആ പയ്യൻ ദാദറിലെത്തി വഴിയറിയാതെ വട്ടം തിരിഞ്ഞു. കറങ്ങിത്തിരിയുന്ന പമ്പരം കണക്കെ തിരിഞ്ഞുതിരിഞ്ഞ് അവൻ ചെന്നു വീണത് കുരിയൻ തോമസിന്റെ (കാജാ ഭായ്) ചാരായ വിതരണകേന്ദ്രത്തിലായിരുന്നു. സ്വന്തം ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത (എന്നാൽ ദുശ്ശങ്കകളേറെയുള്ള) കെ.ആർ. ബാലൻ അങ്ങനെ വരദരാജഭായിനിർമിതി വാറ്റുചാരായത്തിന്റെ ബൂട്ട് ലഗ്ഗറായി. കൺമുന്നിൽ ലൈവായി നടന്നുകൊണ്ടിരുന്ന അടിപിടികൾ, കത്തിക്കുത്ത് തുടങ്ങി കൊലപാതകങ്ങൾ വരെ അയാളെ പലപ്പോഴും അക്ഷരാർത്ഥത്തിൽ നടുക്കി.

ദാദർ റെയിൽവേ സ്റ്റേഷൻ
ദാദർ റെയിൽവേ സ്റ്റേഷൻ

വരദാഭായി ഗ്യാങ്ങിനെ ബോംബെ പൊലീസ് അടിച്ച് നിലംപരിശാക്കിയതോടെ നിൽക്കക്കള്ളിയില്ലാതെ തൃപ്രയാർ ഭാഗത്തെ ‘തൈത്തെങ്ങിൻ തണലത്ത് താമരക്കടവത്ത് കിളിക്കൂടുപോലുള്ള വീട്ടിലെ' ആ ബാലൻ ഇപ്പോൾ മുംബൈ ഹോട്ടലുകളിലെ ബാഹർവാലയായിരിക്കുന്നു. അയാൾക്ക് അന്തിയുറങ്ങാൻ ഒരിടവും ഭക്ഷണവും വട്ടച്ചെലവിനുള്ള ചില്ലറക്കാശും ഒപ്പിക്കാനുള്ള ഈ ജീവിതസമരം തുടങ്ങി വർഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.

ബാഹർവാലകളെ ഹോട്ടലുടമകൾ അവരുടെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. പാൻപെട്ടിക്കടകൾ മുതൽ വലിയ ഓഫീസുകളിലെ ജീവനക്കാർ വരെയും നിരത്തിൽ സവാരി കാത്തുകിടക്കുന്ന ടാക്‌സി / ഓട്ടോ ഡ്രൈവർമാരുമെല്ലാം ബാഹർവാലയുടെ കസ്റ്റമേഴ്‌സാണ്.

ബാഹർവാലകളെ ഹോട്ടലുടമകൾ അവരുടെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. ഹോട്ടലുകളുടെ സമീപമുള്ള പാൻപെട്ടിക്കടകൾ മുതൽ വലിയ ഓഫീസുകളിലെ ജീവനക്കാർ വരെയും നിരത്തിൽ സവാരി കാത്തുകിടക്കുന്ന ടാക്‌സി / ഓട്ടോ ഡ്രൈവർമാരുമെല്ലാം ബാഹർവാലയുടെ കസ്റ്റമേഴ്‌സാണ്. ഇത്തരം മാന്യ ഉപഭോകതാക്കളുടെ ആവശ്യപ്രകാരം ഹോട്ടലുകളിൽനിന്ന് ബാഹർവാലകൾ പുറമെ കൊണ്ടുപോകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ കണക്ക് സൂക്ഷിക്കുന്ന ഉടമകൾ, ഈ വിതരണക്കാർക്ക് ടോക്കണുകൾ നൽകുന്നു. ചായ, കാപ്പി, മസാലദോശ തുടങ്ങിയവ കടക്കാർക്ക് വിതരണം ചെയ്ത ശേഷം അവരിൽനിന്ന് വാങ്ങുന്ന പണത്തോടൊപ്പം ബാഹർവാല ടോക്കൺ സഹിതം ഹോട്ടലുടമയെ തിരിച്ചേല്പിക്കുന്നു. അപ്പോൾ അയാളുടെ കണക്കുപുസ്തകത്തിൽ ആ തുക ക്രെഡിറ്റ്​ ചെയ്യപ്പെടുന്നു. കടയടച്ച് അന്നത്തെ കലാപരിപാടി അവസാനിക്കുമ്പോൾ കമീഷൻ പ്രകാരമുള്ള തുക ഹോട്ടലുടമ എണ്ണി തിട്ടപ്പെടുത്തി ബാലനെപ്പോലുള്ളവർക്ക് നൽകുന്നു. ആ ദിവസം അങ്ങനെ അവസാനിക്കുന്നു. സ്റ്റീൽ ഗ്ലാസും ഡവറയും മറ്റും നഷ്ടപ്പെട്ടാലും അബദ്ധത്തിൽ ചില്ലു ഗ്ലാസുകൾ പൊട്ടിപ്പോയാലും അതിന്റെ വിലയും ബാഹർവാലകൾ സ്വന്തം പോക്കറ്റിൽനിന്ന് ഹോട്ടലുടമയ്ക്ക് നൽകേണ്ട ഗതികേടുണ്ട്.

ബാഹർവാലകളെ ഹോട്ടലുടമകൾ അവരുടെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല
ബാഹർവാലകളെ ഹോട്ടലുടമകൾ അവരുടെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല

ഹോട്ടൽ തൊഴിലാളികൾക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും ഓവർടൈം അലവൻസും മറ്റും ഗവൺമെൻറ്​ തിട്ടപ്പെടുത്തിയിരിക്കെ ഇക്കാലത്ത് തൊഴിലാളികളെ പൊതുവെ ബോംബെ ഹോട്ടലുടമകൾ സ്ഥിരപ്പെടുത്താറില്ല എന്ന് ഈ അന്വേഷണത്തിൽ തെളിഞ്ഞു. ബോംബെ ഹോട്ടൽ തൊഴിലാളികൾ അത്ര സംഘടിത ശക്തിയായി വളർന്നിട്ടില്ല എന്നുതോന്നുന്നു. തൊഴിലാളി നേതാവ് ഡോ. ദത്തസാമന്ത് ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിച്ച് സമരാഹ്വാനം ചെയ്‌തെങ്കിലും ആ ഉദ്യമം വേണ്ടത്ര വിലപ്പോയില്ല. മുംബൈ കോർപ്പറേഷൻ നഗരത്തിലെ ഹോട്ടലുകൾക്ക് അവരുടെ ഭക്ഷണത്തിന്റെ രുചിയും സേവനവും വൃത്തിയും വെടിപ്പുമെല്ലാം കണക്കാക്കി ചില ഗ്രേഡുകൾ നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നിലവാരമനുസരിച്ചുതന്നെ തൊഴിലാളിക്ക് വേതനം നൽകേണ്ട ബാധ്യതയും ഹോട്ടലുടമകൾക്കുണ്ട്. എന്നാൽ ഇതിനെ മറികടക്കാനെന്നോണം വക്രബുദ്ധികളായ മുന്തിയ ഹോട്ടലുടമസ്ഥർ ഷെഫ്, കിച്ചൺ സൂപ്പർവൈസർ, അല്പം ചില വെയ്റ്റർമാർ തുടങ്ങിയവരെ മാത്രം സ്ഥിരപ്പെടുത്തുന്നു. അവർക്ക് നിയമപ്രകാരമുള്ള ശമ്പളവും മറ്റും നൽകി കാര്യമവസാനിപ്പിക്കുന്നു. മറ്റുള്ള തൊഴിലാളികൾ താൽക്കാലികാടിസ്ഥാനത്തിൽ മാത്രം ജോലി ചെയ്യുന്നവരാണ്. ഈ രംഗത്തെ പഴയകാല ബാഹർവാലയായ ശങ്കർ വാസു എന്ന തമിഴ് അണ്ണനാണ്​ ആധികാരികമായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്​.

രാവിലെ അഞ്ചുമണി മുതൽ വൈകീട്ട് ഒമ്പതുവരെയെങ്കിലും കർമനിരതനായി ജോലി ചെയ്തുപോന്ന കെ.ആർ. ബാലന് സമ്പാദ്യമെന്നുപറയാൻ ഒരു ‘ദമ്പിടി' പോലുമില്ല. മാട്ടുംഗയിൽനിന്നാരംഭിച്ച ബാലന്റെ ‘ബാഹർവാല ജീവിതസഞ്ചാര’ത്തിൽ ചെറിയ ടീസ്റ്റാളുകൾ മുതൽ ഫോർട്ടിലെ ഗ്രേഡ്​ വൺ ഹോട്ടലുകൾവരെയുണ്ട്.

ബോംബെ ടെലിഫോൺസിന്റെ 1937 ലെ ഒരു പരസ്യം
ബോംബെ ടെലിഫോൺസിന്റെ 1937 ലെ ഒരു പരസ്യം

ബോംബെ ടെലിഫോൺസിൽ (ഇന്നത്തെ എം.ടി.എൻ.എൽ) താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലാളിയായി വർഷങ്ങൾക്കുമുമ്പ് ജോലി നേടിയ തൃപ്രയാറുകാരൻ ബാലന് അതിന്റെ പേരിൽ ഒരു മറാഠി പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കാനായി. രണ്ടു മൂന്ന് വർഷം ആഘോഷപൂർവ്വം ജീവിച്ച ഈ ദമ്പതികളെ ഒരിക്കൽ ഞാൻ മാട്ടുംഗ അറോറ തീയേറ്ററിനു സമീപം കണ്ടുമുട്ടി. വിവാഹവാർഷികദിനം ആഘോഷിക്കാൻ സിനിമ കാണാനെത്തിയതായിരുന്നു അവർ. തൊട്ടടുത്ത ഹനുമാൻ ഉടുപ്പി ഹോട്ടലിൽ ഞാനുമൊത്ത് ഭക്ഷണം കഴിക്കാനിരിക്കെ ബാലൻ വിശേഷങ്ങൾ പലതും പങ്കുവെച്ചു. ബോംബെ ടെലിഫോൺസിലെ ജോലി ഒരു യൂണിയൻ നേതാവിന്റെ വ്യക്തിവിരോധം മൂലം നഷ്ടപ്പെട്ട കഥയും കൂട്ടത്തിൽ വെളിപ്പെടുത്തി. ശോഭന എന്ന ആ മറാഠി പെൺകുട്ടിയുടെ മടിയിൽ ഒരു കൊച്ചു മിടുക്കൻ എന്നെ നോക്കി ചിരിക്കുന്നുണ്ട്. അപ്പോൾ ബാലൻ ഹിന്ദിയിൽ പറഞ്ഞു: ‘കൽ ഹമാര ശാദി കാ സാൽ ഗിരാ ദിവസ് ഹെ. ആപ് ജരൂർ ആയിയേഗാ' (നാളെ ഞങ്ങളുടെ വിവാഹവാർഷികമാണ്. താങ്കൾ തീർച്ചയായും വരണേ). പിറ്റേന്ന് വൈകീട്ട് ഞാൻ ബാലന്റെ താമസ സ്ഥലം തിരഞ്ഞ് മാട്ടുംഗ ലേബർ ക്യാമ്പ് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ആ വിലാസക്കാരനെ കണ്ടെത്താനായില്ല. നിരനിരയായി തിങ്ങിനിറഞ്ഞ പാവപ്പെട്ടവരുടെ കുടിപ്പാർപ്പിടങ്ങളിലെ അന്തേവാസികൾ പരസ്പരം പല ഭാഷകളിൽ കലഹിക്കുന്നത് കേട്ടു. കലഹത്തിന് ഭാഷയില്ല, ജാതിയും മതവുമില്ല എന്നുതോന്നി. ചെത്തിലപ്പട്ടികളുടെ നിർത്താത്ത കുര. വഴിവിളക്കുകൾക്കു താഴെ ചീട്ടുകളിക്കുന്ന ചിലർ, ചെറിയ ടീ സ്റ്റാളുകളിൽ വൻ തിരക്ക്. ലേബർ ക്യാമ്പ് ജീവിതം സജീവമാണ്. ബാലൻ കുറിച്ചു തന്ന വിലാസം ഒന്നുകൂടി പരിശോധിച്ചെങ്കിലും അങ്ങനെ ഒരു വ്യക്തിയുടെ പേരോ വിവരമോ കണ്ടെത്താനായില്ല. ലേബർ ക്യാമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും ടോപ്പോഗ്രാഫി നല്ല പരിചയമുള്ള എനിക്ക് ആ വിലാസം കണ്ടെത്താനാകാഞ്ഞത് എന്താണാവോ? ഒരുപക്ഷേ ബാലൻ മനഃപ്പൂർവ്വം തെറ്റായ വിലാസം തന്നതാണോ? അതോ എന്റെ അന്വേഷണം വഴിതെറ്റിയതാണോ? ആർക്കറിയാം?

കെ.ആർ. ബാലൻ എന്ന ബാഹർവാലയുടെ ജീവിതകഥ അർദ്ധവിരാമത്തോടെ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.

മാട്ടുംഗ അറോറ തീയേറ്റർ
മാട്ടുംഗ അറോറ തീയേറ്റർ

മഹാനഗരത്തിന്റെ പര്യമ്പുറങ്ങളിലൊന്നായ വസയ് (ഈസ്റ്റ്) ചെറുകിട വ്യവസായശാലകൾ തിങ്ങിനിറഞ്ഞ പ്രദേശമാണ്. ഇവിടെ സേഫ്റ്റിപിൻ മുതൽ ഭീമാകാരൻ യന്ത്രങ്ങളുടെ ഭാഗങ്ങളും പ്രമുഖ ടി.വികളും ടൂത്ത് ബ്രഷുകളും സോപ്പും പൗഡറും ഉൾപ്പെടെയുള്ള ഉല്പന്നങ്ങളും നിർമിക്കപ്പെടുന്നു. ഇവ പിന്നീട് തനത് കമ്പനികളുടെ മുദ്ര ചാർത്തി വിപണിയിലെത്തുന്നു. തൊഴിലാളികളിൽ 30- 40 ശതമാനത്തോളം പേർ മലയാളികളാണ്. ഇവരിൽ സ്കിൽഡ് വർക്കേഴ്‌സിന് ഭേദപ്പെട്ട ശമ്പളവും ആനുകൂല്യവും ലഭിക്കുമ്പോൾ പ്രവൃത്തി പരിചയം കുറവായവരുടെ വേതനം ശോചനീയം തന്നെ. പ്രൊഡക്​റ്റുകളുടെ പാക്കിങ്ങ്, ഡെസ്പാച്ചിങ്ങ്, ലേബലുകൾ പതിക്കൽ തുടങ്ങിയ ജോലികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

ചങ്ങമ്പുഴയുടെ ഭാഷയിൽ ‘കാനനച്ചോലകളും' ചില സ്ഥലങ്ങളിൽ ഇടക്കിടെ പുൽമേടുകളും ചെറുകുടിലുകളും മലയാളികളുടെ ടയർ പങ്ചർ സർവ്വീസ് കടകളുമുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളുമുള്ള വജ്രേശ്വരി ആശ്രമ പരിസരത്തിലെത്തിയപ്പോൾ ദീപാരാധനയുടെ സമയമായിരുന്നു.

ഇന്ത്യയിലെത്തന്നെ പ്രമുഖ പത്രമായ ‘ഗുജറാത്ത് സമാചാറിന്റെ സീനിയർ സ്പേസ് മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് എന്ന നിലയിൽ ഔദ്യോഗികമായും മലയാളി മുഖമുദ്രയുള്ളതുകൊണ്ടും എന്നെ സുസ്വാഗതം ചെയ്തുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായത്. അവരിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ കാസർകോഡുകാരനായ നാരായണൻകുട്ടി എനിക്ക് ചായ സൽക്കാരവും മറ്റും നടത്തി ഒരു പടികൂടെ കടന്ന് വസയ് ഈസ്റ്റിലെ മലമുകളിലുള്ള വജ്രേശ്വരി ആസ്​ഥാനമായ സ്വാമി നിത്യാനന്ദന്റെ സ്മാരകമന്ദിരത്തിലേക്ക് നിർബ്ബന്ധിച്ചെന്നോണം എന്നെ കൂട്ടിക്കൊണ്ടുപോയി. ചങ്ങമ്പുഴയുടെ ഭാഷയിൽ ‘കാനനച്ചോലകളും' ചില സ്ഥലങ്ങളിൽ ഇടക്കിടെ പുൽമേടുകളും ചെറുകുടിലുകളും മലയാളികളുടെ ടയർ പങ്ചർ സർവ്വീസ് കടകളുമുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളുമുള്ള വജ്രേശ്വരി ആശ്രമ പരിസരത്തിലെത്തിയപ്പോൾ ദീപാരാധനയുടെ സമയമായിരുന്നു. മണിനാദവും ശംഖനാദവും ഉയരുന്നുണ്ട്. സ്ത്രീപുരുഷന്മാരും കുട്ടികളുമടങ്ങുന്ന ഭക്തജനം സ്തോത്രങ്ങൾ മന്ത്രിക്കുന്നു. വജ്രേശ്വരി നിത്യാനന്ദ സ്വാമിയുടെ സ്മാരകമന്ദിരത്തിൽ ചൂടും തണുപ്പും അനുഭവപ്പെടുന്ന വിവിധ ഉറവകളുണ്ട്. ഇവയിൽ അഞ്ചുപത്തു മിനിറ്റോളം കാൽ മുക്കിയാൽ ചില്ലറ ത്വക്ക് രോഗങ്ങൾ ശമിക്കുമെന്നും ചിലർ തമ്മിൽ പറയുന്നതു കേട്ടു.

മാട്ടുംഗ ലേബർ ക്യാമ്പ്
മാട്ടുംഗ ലേബർ ക്യാമ്പ്

ഉഗ്രപ്രതാപിയെന്നോളമുള്ള പത്തിവിടർത്തിയ ഒരു മൂർഖൻപാമ്പിന്റെ (?) സമീപം ആസനസ്ഥനായ സ്വാമി നിത്യാനന്ദന്റെ ഛായാചിത്രത്തിൽ ജമന്തിമാലകൾ ചാർത്തിയിട്ടുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന സാമ്പ്രാണിപ്പുക അന്തരീക്ഷമാകെ സുഗന്ധപൂരിതമാക്കി. ദീപങ്ങളുടെ നീണ്ടനിരയുള്ള ആ അന്തരീക്ഷം ഭക്തിനിർഭരമെന്ന് പറയാതെവയ്യ. പൂജാകർമാദികളുടെ പേരുവിവരങ്ങളും അവയുടെ നിരക്കും മറ്റും ബ്ലാക്ക്‌ബോർഡിൽ ചോക്കുകൊണ്ട് എഴുതിയിട്ടുണ്ട്. സമയം വൈകീട്ട് ഏഴ് കഴിഞ്ഞിരിക്കുന്നു. ഒന്നൊന്നര മണിക്കൂറുള്ള കാർ യാത്രയുടെ ക്ഷീണം എന്നെയും പുതുസുഹൃത്ത് നാരായണൻകുട്ടിയെയും തളർത്തി. ഞങ്ങളിരുവരും ഒരു അരയാലിനുചുറ്റും കെട്ടിപ്പൊക്കിയെ ചെറിയ മതിലിൽ ഇരുപ്പുറപ്പിച്ചു. ഒരു ഫോർസ്ക്വയർ കിംഗ് വലിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും തൽക്കാലം അത് വേണ്ടെന്നുവെച്ചു. അപ്പോഴാണ് ഒരു കൊച്ചുപയ്യൻ വലതുകൈയ്യിൽ ചെറിയ ചായക്കെറ്റിലും ഇടതുകൈയ്യിൽ വീപ്പവാർകൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയ, ഗ്ലാസുകൾ വെയ്ക്കാനുള്ള ഉപകരണത്തിൽ ഒഴിഞ്ഞ ചായ ഗ്ലാസുകളുമായി ഞങ്ങളെ സമീപിക്കുന്നത്. അവൻ രത്‌നാകർ, വയസ്സ് 14, ആശ്രമത്തിന് തൊട്ടുമാറിയുള്ള വടാ പാവ്, കട്ടിംഗ് ചായ് സെന്ററിലെ ബാഹർവാലയാണ്.

വജ്രേശ്വരി നിത്യാനന്ദ സ്വാമി ആശ്രമത്തെ ചുറ്റിപ്പറ്റി ജീവിതം ചലിപ്പിക്കുന്ന ശങ്കറും അയാളുടെ അനന്തരവൻ രത്‌നാകറും ഒരു പ്രത്യേക തൊഴിലാളിവർഗത്തിന്റെ പ്രതിനിധികളാണ്. നൂറായിരം ഉഡുപ്പി ഹോട്ടലുകളിൽ ഇവർ അഹോരാത്രം പണിയെടുക്കുന്നു; ഒരു കഷണം ജീവിതത്തിനായി.

വജ്രേശ്വരിയിലെ ആ ടീസ്റ്റാളുടമ, ശങ്കർ പൂജാരി, വീരാറിലെ രുചി ഹോട്ടലിലെ വെയ്റ്ററായാണ് ബോംബെ ജീവിതം ആരംഭിച്ചത്. വർഷങ്ങളേറെ അവിടെ ജോലി ചെയ്ത പരിചയവും അല്പം കാശുമായി അദ്ദേഹം സ്വന്തം ബിസിനസ്​ ചെയ്യാനായി വജ്രേശ്വരിയിലെത്തി. മംഗലാപുരം സ്വദേശികളും വടക്കേ മലബാറുകാരും ആരാധിക്കുന്ന സ്വാമി നിത്യാനന്ദന്റെ ഭക്തരിൽ ഭൂരിഭാഗവും ഏതാ​ണ്ടെല്ലാ ദിവസങ്ങളിലും അവിടെയുള്ള ദീപാരാധനയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക പതിവാണ്. അങ്ങനെയാണ് ടീസ്റ്റാളുടമ ശങ്കർ ബിസിനസിന് അനുയോജ്യമാണ് ഈ സ്ഥലമെന്ന് തിരിച്ചറിഞ്ഞത്. കൈയ്യിലുള്ള കാശും അല്പം കടം വാങ്ങിയ തുകയും ചേർത്ത് ശങ്കർ ടിൻഷീറ്റു മറച്ച ഒരു താൽക്കാലിക ഷെഡ്ഡും നിർമിച്ചു. ഒരു സമോവറും മണ്ണെണ്ണ സ്റ്റൗവും ഒന്നു രണ്ട് ബഞ്ചുകളും ഗ്ലാസുകളും മറ്റുമായി അങ്ങനെ 1998-99 ൽ നിത്യാനന്ദ ടീസ്റ്റാൾ അവിടെ ആരംഭിക്കുന്നു. ശങ്കറിന്റെ വിധവയായ ഏക സഹോദരി അകാലത്തിൽ മരിച്ചതോടെ അവരുടെ മകൻ രത്‌നാകറിനെ വളർത്തി വലുതാക്കിയ കഥ അദ്ദേഹം തുളുവും മലയാളവും കലർന്ന കാസർഗോഡ് ഭാഷയിൽ പറഞ്ഞുകേൾപ്പിച്ചു. മംഗലാപുരം ജില്ലയുടെ ഉൾപ്രദേശത്തുള്ള അയാളുടെ ഗ്രാമത്തിൽ പത്തുപതിനഞ്ച് പറ നെല്ല് വിതയ്ക്കുന്ന വയലും പത്തു മുന്നൂറോളം കവുങ്ങും മാത്രമെ സ്വന്തമായുള്ളൂ. അമ്മയും അച്ഛനും ശങ്കറിന്റെ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബത്തിന് പിതാവ് വാങ്ങിക്കൂട്ടിയ കടം കയറിക്കയറി അങ്ങ് വാനോളമെത്തിയിരുന്നു. കൃഷിയിൽനിന്ന് ലഭിക്കുന്ന അല്പം പണം ഒന്നിനും തികയാതെ വന്നപ്പോൾ മറ്റനേകം മാംഗ്ലൂർക്കാരെപ്പോലെ ബോംബെയിൽ തൊഴിലെടുക്കുന്ന ഹോട്ടൽ മേഖലയിൽ ജോലി നേടാൻ അയാൾ മഹാനഗരത്തിലേക്ക് വെച്ചടിച്ചു. അവിടെ അന്യരുടെ ഭക്ഷണ ഉച്ചിഷ്ടം വൃത്തിയാക്കുകയും ഹോട്ടലിനെ ചുറ്റിപ്പറ്റിയുള്ള ചില്ലറ ജോലികളുമായിരുന്നു ​ചെയ്യാനുണ്ടായിരുന്നത്​. ഇപ്പോഴിതാ, ശങ്കർ പൂജാരിയുടെ പിൻഗാമിയെന്നോണം രത്‌നാകർ എന്ന പതിന്നാലുകാരനും എത്തിയിരിക്കുന്നു.

വജ്രേശ്വരി നിത്യാനന്ദ സ്വാമി ആശ്രമം
വജ്രേശ്വരി നിത്യാനന്ദ സ്വാമി ആശ്രമം

വജ്രേശ്വരി നിത്യാനന്ദ സ്വാമി ആശ്രമത്തെ ചുറ്റിപ്പറ്റി ജീവിതം ചലിപ്പിക്കുന്ന ശങ്കറും അയാളുടെ അനന്തരവൻ രത്‌നാകറും ഒരു പ്രത്യേക തൊഴിലാളിവർഗത്തിന്റെ പ്രതിനിധികളാണ്. ബോംബെയിലും പരിസരങ്ങളിലുമുള്ള നൂറായിരം ഉഡുപ്പി ഹോട്ടലുകളിൽ ഇവർ അഹോരാത്രം പണിയെടുക്കുന്നു; ഒരു കഷണം ജീവിതത്തിനായി. മഹാരാഷ്ട്രീയർ ഉടമകളായ കൊച്ച് വടാ പാവ് സെന്ററുകളിലും മറ്റുമായി രത്‌നാകറെപ്പോലുള്ള പയ്യന്മാരും കെ.ആർ. ബാലനെപ്പോലുള്ളവരും ജീവിതം വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മഹാനഗരത്തിൽ ഹോട്ടലു കൾ നിലനിൽക്കുന്ന കാലത്തോളം ബാഹർവാലകൾ സുരക്ഷിതരാണ്. സുസ്ഥിര വരുമാനമോ അന്യ ഫാക്ടറി തൊഴിലാളികളെപ്പോലുള്ള വർദ്ധിച്ച ശമ്പളമോ ആനുകൂല്യങ്ങളോ ഇവർക്കില്ലെങ്കിലും മഹാനഗരമെന്ന വലിയ ഭീമാകാരൻ യന്ത്രത്തിന്റെ ചലിക്കുന്ന ചെറുഭാഗമെന്നോണം ഇവരെപ്പോലുള്ളവരുടെ നിലനില്പ് അത്യന്താപേക്ഷിതമാണ്. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments