Photo: Pexels

കുട്ടയും പുൽച്ചൂലും വിൽക്കുന്നവരുടെ
നരിമാൻ പോയിൻറ്​, ധാരാവി

പുല്ലുകൾ സമൃദ്ധമായി വളരുന്ന ഇടമായിരുന്നു ധാരാവി. ഇന്നവിടം ചെറിയതും വലിയതുമായ കെട്ടിടങ്ങൾക്ക്​ വഴിമാറിയിരിക്കുന്നു. ‘കുത്തകക്കമ്പനികളുടെ പുതുപുത്തൻ മാതൃകയിലുള്ള ചൂലുകൾ മാർക്കറ്റിലുള്ളപ്പോൾ ആരാണ് ഞങ്ങളുടെ പുൽചൂൽ വാങ്ങാനെത്തുക’- അവർ ചോദിക്കുന്നു.

ളരെ വർഷങ്ങൾ ബോംബെ നരിമാൻ പോയിൻറിലുള്ള രണ്ട് പത്രങ്ങളിലായി ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഒരു ബിസിനസ്​ ഡയറക്ടറിക്കായി ഡാറ്റ ശേഖരിക്കാനാണ് 1975-ൽ ആദ്യമായി ഇവിടെയെത്തുന്നത്. സങ്കടകരമെന്നു പറയ​ട്ടെ, നരിമാൻ പോയിൻറ്​ ബിസിനസ്​ ഡയറക്ടറി പുറത്തുവന്നില്ല. എങ്കിലും, ഈ പ്രദേശം ജീവിതത്തിലേക്കു കയറിവന്നു.

ചരിത്രത്തിൽ, ചില പ്രദേശങ്ങൾക്ക്​ അവയുടേതായ സൗണ്ട്ട്രാക്കുകളുണ്ട്. അറബിക്കടലിലെ ചെറിയ ഭാഗത്ത് സമാധാനപൂർണമായി ജീവിച്ചുപോന്ന കോളികളുടെ മുക്കുവക്കുടികൾ തകർത്തും കടലിൽ മണ്ണിട്ട് നികത്തിയും കൈയേറ്റം നടത്തിയിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി 1930 കാലത്ത്​നിയമയുദ്ധം നടത്തിയയാളാണ്​ പാഴ്‌സിയും അഡ്വക്കറ്റും സ്വാതന്ത്ര്യസമരപോരാളിയുമായിരുന്ന നരിമാൻ. വർഷങ്ങൾ നീണ്ട സിവിലും ക്രിമിനലുമായ കേസുകെട്ടുകൾ സുപ്രീംകോടതിയിലെത്തി, ഒടുവിൽ നരിമാൻ വിജയശ്രീലാളിതനായി.

നരിമാൻ

ചരിത്രത്തിലാദ്യമായാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെട്ടിലാക്കി ഒരു ഇന്ത്യൻ പൗരൻ രാജ്യത്തിനനൂകൂലമായി കോടതി വിധി വാങ്ങുന്നത്. അങ്ങനെ വെറും നരിമാൻ, വീർ നരിമാനായി. വഴിയെ ചർച്ച് ഗേറ്റ് മുതൽ ഫ്ലോറാ ഫൗണ്ടൻ വരെ നീളുന്ന റോഡിന് വീർ നരിമാൻ റോഡ് എന്നും പേരു വന്നു. നികത്തിയ സ്ഥലം ഇപ്പോൾ നരിമാൻ പോയിൻറ്​ എന്നറിയപ്പെടുന്നു. തദ്ദേശവാസികളായ കോളികൾ ഗത്യന്തരമില്ലാതെ മാഹിം മച്ചിമാർ കോളനിയിൽ (ഫിഷർമെൻ വില്ലേജിൽ) താമസമാരംഭിച്ചിട്ട്​ പതിറ്റാണ്ടുകളിലേറെയായി. അവരുടെ പഴയ വാസസ്ഥലങ്ങളിൽ കെട്ടിടങ്ങളുയർന്നുവന്ന്​ വിവിധ ശ്രേണികളിൽപെട്ട ബിസിനസ്​ സാമ്രാജ്യങ്ങളുടെ കോർപറേറ്റ് ഓഫീസുകളായി മാറിയിട്ടുണ്ട്.

ബോംബെയിലെ പ്രധാന ബിസിനസ്​ സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ഫോർട്ട്, ഫൗണ്ടൻ ഭാഗങ്ങളിലെ കെട്ടിടങ്ങളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാതായതോടെ പുതിയ പോഷ് സ്ഥലങ്ങൾ തേടിയെത്തിയ ബിസിനസുകാരിൽ പലരും നരിമാൻ പോയിൻറ്​ തങ്ങളുടെ ബിസിനസിന് അനുയോജ്യമായ ഇടമായി കണ്ടെത്തി.

ജോലിയുടെ ഭാഗമായി എത്തുമ്പോൾ അംബരചുംബികളായ 14 കെട്ടിടങ്ങൾ മാത്രമായിരുന്നു നരിമാൻ പോയിന്റിലുണ്ടായിരുന്നത്. ഏറ്റവും പ്രധാന കെട്ടിടങ്ങളായ എയർ ഇന്ത്യ ബിൽഡിങ്ങും എക്​സ്​പ്രസ്​ ടവേഴ്‌സും ബോംബെയുടെ ചരിത്ര വാസ്തുശില്പകലയിൽ ഗണനീയ സ്ഥാനം കൈവരിച്ചവയാണെന്ന്​ പ്രസിദ്ധ ആർകിടെക്റ്റ് സാബു ഫ്രാൻസിസ് അസോസിയേറ്റ്‌സ് പറയുന്നു. നരിമാൻ പോയിൻറിൽ ഫ്ലാറ്റ് സ്വന്തമാക്കുക എന്നത് പല സംരംഭകർക്കും സാക്ഷാൽക്കരിക്കാനാകാത്ത ആഗ്രഹമായിരുന്നു. ഇന്നും ആ നില തുടരുന്നു.

ഞങ്ങളുടെ സർവ്വേയിൽ കണ്ടെത്തിയത്​, ഈ കെട്ടിടങ്ങളിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകളിൽ മഹാനഗരത്തിന്റെ 39.7 ശതമാനം പണവും കൈകാര്യം ചെയ്യപ്പെടുന്നു എന്നാണ്. അത് പ്രധാന വാർത്തയായി ഇന്ത്യൻ എക്​സ്​പ്രസും ടൈംസ്​ ​ഓഫ്​ ഇന്ത്യയും​ അടക്കമുള്ള പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഓർമയുണ്ട്.

നരിമാൻ പോയിൻറ് / Photo: Ghanshyam Bunkar Instagram Page

സ്വപ്നനഗരിക്ക് തുല്യമായ ഈ കോൺക്രീറ്റ് കാട്ടിൽ ഇപ്പോൾ 43 കെട്ടിടങ്ങൾ ഉയർന്നുവന്നിട്ടുണ്ട്​. 1975-76 കാലത്ത്​ ഇവിടെ സ്ക്വയർ ഫീറ്റ് ഒന്നിന് 2000 മുതൽ 3000 രൂപ വരെയാണുണ്ടായിരുന്നത്​. അന്നത്തെ സാമാന്യം വലിയ ബിൽഡർക്കുപോലും ചിന്തിക്കാൻ കഴിയാത്ത വില​. ബോംബെയിലെ പ്രധാന ബിസിനസ്​ സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ഫോർട്ട്, ഫൗണ്ടൻ ഭാഗങ്ങളിലെ കെട്ടിടങ്ങളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാതായതോടെ പുതിയ പോഷ് സ്ഥലങ്ങൾ തേടിയെത്തിയ ബിസിനസുകാരിൽ പലരും നരിമാൻ പോയിൻറ്​ തങ്ങളുടെ ബിസിനസിന് അനുയോജ്യമായ ഇടമായി കണ്ടെത്തി. ഇപ്പോഴുള്ള റിയൽഎസ്റ്റേറ്റ് വില ആലോചിച്ച് തൽക്കാലം തലപുണ്ണാക്കേണ്ടതില്ല എന്നു തോന്നുന്നു.

വസന്ത് സിദ്ധരാജ് എന്ന ഈ ബാസ്കറ്റ് വില്പനക്കാരന് എത്ര വയസ്സുണ്ടെന്ന് അയാൾക്കുതന്നെ വലിയ നിശ്ചയമില്ല എന്നുതോന്നുന്നു. ഇദ്ദേഹം ബോംബെയിലെത്തിയത് ഒരു ‘സ്വതന്ത്രതാ ദിവസി’ൽ ആണെന്ന് അയാൾക്ക്​ ഓർമയുണ്ട്​.

വസന്ത് സിദ്ധരാജ് എന്ന ബാസ്​ക്കറ്റ്​ വിൽപ്പനക്കാരൻ

അന്ന് ശനിയാഴ്ച. ഓഫീസിലെ ജോലി എങ്ങനെയോ അവസാനിപ്പിച്ച് പുറത്തുചാടി നരിമാൻ പോയിൻറിലെ മറൈൻ ലൈൻസിലേക്ക് നടന്നു. സമയം വൈകീട്ട് അഞ്ച് കഴിഞ്ഞു. ചന്തമുള്ള രണ്ട് വെള്ളക്കുതിരകളെ പൂട്ടിയ കുതിരവണ്ടിയിൽ ആർത്തുവിളിച്ച് നീങ്ങുന്ന വിദേശികൾ. ഈ ‘ജഡ്ക' ഹോട്ടൽ താജിന്റെ ആകർഷണങ്ങളിലൊന്നാണ്; അവരുടെ മാർക്കറ്റിങ്ങിന്റെ ഭാഗവും. വഴിയരികിലെ ഹംഗ്രി ബേഡ്‌സ്, ഹംഗ്രി ഐസ്, ഹംഗ്രി ഡ്രാഗൺ തുടങ്ങിയ ചൈനീസ് പേരുകളിലുള്ള തട്ടുകടകളിൽ ചിക്കൻ നൂഡിൽസും ചിക്കൻ ലോലിപോപ്പും മറ്റും ആസ്വദിക്കുന്ന അനേകർ. വഴിവക്കിൽ തമിഴരുടെ ഇഡ്ഡലി, വട, ദോശ വില്പന പൊടിപൊടിക്കുന്നു. ഇപ്പോൾ വഴിയോര വില്പനക്കാർക്ക് മുൻസിപ്പൽ കോർപ്പറേഷൻ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്​. ബി.ഇ.എസ്.ടി ബസും ടാക്‌സികളും ഹോണടിച്ച് ഒച്ചുകളെപ്പോലെ നീങ്ങുന്നുണ്ട്.

ഞാൻ മറൈൻ ലൈൻസിലെ പാരപ്പറ്റ് ലക്ഷ്യമാക്കി നടന്നു. കരിങ്കല്ലിൽ തലതല്ലിച്ചാകുന്ന തിരമാലകൾ. (ഏതോ ഒരെഴുത്തുകാരെന്റ പ്രയോഗം കടമെടുത്തതാണ്, സദയം ക്ഷമിക്കുക) പാരപ്പറ്റിൽ യുവമിഥുനങ്ങൾ ആലിംഗനബദ്ധരായി സ്വയം മറന്നിരിക്കുന്ന നയനാനന്ദകരമായ കാഴ്ച. എതിരെ ഹോട്ടൽ ഒബ്‌റോയ് ടവർ (ഇന്നത് ഹോട്ടൽ ഹിൽട്ടൺ ഇന്റർനാഷണൽ എന്നാക്കിയിട്ടുണ്ട്). ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ 14-ാം നിലയിലുള്ള തുറന്ന ടെറസിലെ സ്വിമ്മിങ്​ പൂൾ ആകർഷകമാണെന്ന് പലരും പറയാറുണ്ട്. അവിടെ ചൂരൽകൊണ്ടുള്ള ചാരുകസേരകളിൽ കിടന്ന് ബീർ നുകരുന്ന വൃദ്ധദമ്പതികൾ അവരുടെ യൗവ്വനകാലം ഓർത്തെടുക്കുകയാണെന്ന് തോന്നിപ്പോയി. എതിരെയുള്ള കടലിൽ ഉയർന്നും താഴ്ന്നും പറക്കുന്ന കടൽകാക്കകളെ അവർ ശ്രദ്ധിക്കുകയാണ്. ഈ പക്ഷികൾ കടലിൽ മുങ്ങിമരിച്ച നാവികരുടെ ആത്മാവുകളാണെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.

ഓഫീസിലെ ജോലി എങ്ങനെയോ അവസാനിപ്പിച്ച് പുറത്തുചാടി നരിമാൻ പോയിൻറിലെ മറൈൻ ലൈൻസിലേക്ക് നടന്നു. / Photo: Wikimedia Commons

പാരപ്പറ്റിൽ റോഡിനഭിമുഖമായി ഞാനിരുന്നു. രാജ്കപൂറിന്റെ ‘ആവാര'യിലെപ്പോലെ കീറിയ കോട്ടും പാന്റും ധരിച്ച ഒരാൾ ‘ചണേ, ചണേ ഗരമാഗരം ചണേ' എന്ന് കരയുന്നപോലെ പറഞ്ഞ് ചൂടുള്ള പഠാണിക്കടല വിറ്റുകൊണ്ടിരുന്നു. തീക്കനൽ നിറഞ്ഞ ഒരു പാത്രത്തിലെ തീ കെട്ടുപോകാതിരിക്കാൻ ഫൂ, ഫൂ, ഫൂ എന്ന് ആ മനുഷ്യൻ ഇടക്കിടെ ഊതുന്നുമുണ്ട്. ഇതിനിടെ പാളത്താറും കള്ളികളുള്ള ഫുൾക്കൈ ഷർട്ടും ധരിച്ച് വലതുകൈയ്യിൽ ചരടിൽ കോർത്തിട്ട അഞ്ചുപത്ത് വെയ്സ്റ്റ് പേപ്പർ ബാസ്​ക്കറ്റുകളുമായി ഒരാൾ എന്റെ സമീപം ഇരിപ്പുറപ്പിച്ചു. ഈ കക്ഷിയെ കണ്ടാൽ ആർ.കെ. ലക്ഷ്മമണിന്റെ ‘കോമൺമാൻ' കഥാപാത്രം ഓർമ വരും. ഈ കുട്ടകൾ പാക്കിങ്ങിന് ഉപയോഗിക്കുന്ന, ഉപേക്ഷിക്കപ്പെട്ട വിവിധ നിറങ്ങളിലുള്ള പ്ലാസ്റ്റിക് വള്ളികളാലാണ് മെടഞ്ഞിട്ടുള്ളത്. പ്ലാസ്റ്റിക് ‘അളികൾ' മെടഞ്ഞ ആ കുട്ടകൾക്ക് പ്രത്യേക ചന്തം തന്നെയുണ്ട്. കരവിരുതുള്ള പരിപാടി. ഓഫീസുകൾ ധാരാളമുള്ള നരിമാൻ പോയിൻറിൽ അയാൾക്ക് ‘പൊട്ടൻഷ്യൽ ക്ലയന്റുകൾ' ഉണ്ടാകാം.

മക്ഡാവാലകൾ എന്ന് പൊതുവെ മുംബൈക്കാർ വിളിക്കുന്ന വസന്തിനെപ്പോലുള്ളവർ സാധാരണക്കാരായ ധാരാവി മക്കളുടെ സമാധാനം തകർക്കുന്നവരാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ‘കോൻചികോറികൾ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇക്കൂട്ടർ പലിശക്ക് പണം കൊടുക്കുന്നവർ കൂടിയാണ്​.

ചണവാല ഒരു റൗണ്ടടിച്ച് മുന്നിലെത്തിയപ്പോൾ ഓരോ രൂപ നല്കി ഞാനയാളിൽ നിന്ന് രണ്ട് പൊതി വറുത്ത പഠാണിക്കടല വാങ്ങി. ഒന്ന് ബാസ്​ക്കറ്റുവാലയ്​ക്ക്​സമ്മാനിച്ചു. അയാൾ ആശ്ചര്യത്തോടെ എന്നെ നോക്കി നന്ദി അറിയിച്ചു. ഒരുപക്ഷേ, അപരിചിതനായ ഒരാൾ ഈ വൃദ്ധന് എന്തെങ്കിലും നൽകുന്നത് ആദ്യമായാകാം.

വസന്ത് സിദ്ധരാജ് എന്ന ഈ ബാസ്കറ്റ് വില്പനക്കാരന് എത്ര വയസ്സുണ്ടെന്ന് അയാൾക്കുതന്നെ വലിയ നിശ്ചയമില്ല എന്നുതോന്നുന്നു. ഇദ്ദേഹം ബോംബെയിലെത്തിയത് ഒരു ‘സ്വതന്ത്രതാ ദിവസി’ൽ ആണെന്ന് അയാൾക്ക്​ ഓർമയുണ്ട്​. പക്ഷേ, വർഷമറിഞ്ഞുകൂടാ. പത്തുപതിനഞ്ചോളം കുടുംബങ്ങളായാണ് ഇവർ മഹാരാഷ്ട്രയിലെ ഷോലാപൂരിൽനിന്ന് മഹാനഗരത്തിലെത്തിയത്. അതും ടിക്കറ്റില്ലാതെത്തന്നെ.

‘‘ഞങ്ങളിൽ ചിലർക്ക് കുരങ്ങൻമാരുണ്ടായിരുന്നു. അതിനുശേഷം ഞങ്ങളുടെ ഗ്രാമത്തിലെ മറ്റു ചിലർ കൂടി തങ്ങളുടെ കഴുതകളെ തെളിയിച്ചുനടന്ന് ഇവിടെയെത്തി. സ്ത്രീകൾ കുരങ്ങുകളിപ്പിച്ച് എന്തെങ്കിലും സമ്പാദിച്ചു. അന്ന് പട്ടണപ്രാന്തം മാത്രമായിരുന്ന കല്യാൺ പ്രദേശത്ത് കെട്ടിടങ്ങൾ ഉയർന്നുവരാൻ തുടങ്ങിയതേയുള്ളൂ. കഴുതകൾ പുറത്ത് മണൽ ചാക്കുകളും ഇഷ്ടികകളും ചുമന്ന് യജമാനന്​ രണ്ടു നാലണ ലഭിക്കാൻ സഹായിച്ചു. കുരങ്ങുകളെ കളിപ്പിക്കുന്നതിനൊപ്പം ഞങ്ങളുടെ സ്ത്രീകൾ ആളുകളുടെ കൈ നോക്കി ഫലം പറഞ്ഞു.’’

അവർക്ക് ഹസ്തരേഖാ ‘ശാസ്ത്ര’ത്തെക്കുറിച്ച് വല്ലതും അറിയാമോ എന്ന എന്റെ കുസൃതിച്ചോദ്യത്തിന് വൃദ്ധൻ പുകയിലക്കറ പുരണ്ട പല്ലുകാട്ടി ഒരു മിസ്റ്റിക്​ ചിരി ചിരിച്ച് ആ കാര്യമവസാനിപ്പിച്ചു.

ധാരാവിയിലെ മക്​ഡാവാലകൾ

മക്ഡാവാലകൾ (മറാഠിയിൽ പറഞ്ഞാൽ മദാരി) എന്ന് പൊതുവെ മുംബൈക്കാർ വിളിക്കുന്ന വസന്തിനെപ്പോലുള്ളവർ സാധാരണക്കാരായ ധാരാവി മക്കളുടെ സമാധാനം തകർക്കുന്നവരാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. / Photo: Wikimedia Commons

തിരുവനന്തപുരം- വി.ടി. ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഗുൽബർഗ സ്റ്റേഷൻ പിന്നിട്ട് ഷോലാപുരിലെത്തിയാൽ റിസർവ്ഡ് കംപാർട്ട്‌മെന്റിൽ ടിക്കറ്റ് പോലുമില്ലാത്ത ഒരു ജനാവലി തന്നെ ചാടിക്കയറി അവർക്ക് തോന്നുന്ന സീറ്റുകളിലിരിക്കും. ചിലർ ബർത്തുകളിൽ കയറി കൂർക്കംവലിക്കുന്നതും കേൾക്കാം. മക്ഡാവാലകൾ (മറാഠിയിൽ പറഞ്ഞാൽ മദാരി) എന്ന് പൊതുവെ മുംബൈക്കാർ വിളിക്കുന്ന വസന്തിനെപ്പോലുള്ളവർ സാധാരണക്കാരായ ധാരാവി മക്കളുടെ സമാധാനം തകർക്കുന്നവരാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ‘കോൻചികോറികൾ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇക്കൂട്ടർ പലിശക്ക് പണം കൊടുക്കുന്നവർ കൂടിയാണ്​. മണിലെൻഡേഴ്‌സ് എന്ന് കുപ്രസിദ്ധി നേടിയ പഠാൻകാരെയും കഠിനഹൃദയരായ മാർവാഡികളേയും കടത്തിവെട്ടുന്നവരാണ് മക്ഡാവാലകൾ എന്ന് ആരോപിക്കപ്പെടുന്നു. അവർ കൂട്ടുപലിശ ഈടാക്കി പണം വസൂലാക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാറില്ല എന്ന് ഈ സമൂഹത്തിലുള്ള വസന്ത് തന്നെ പറഞ്ഞു. പണം പലിശയ്ക്ക് നൽകുമ്പോൾ ഈടായി അധമർണന്റെ ഫോട്ടോപാസ്​ വാങ്ങിവെക്കും. അതുകൊണ്ട് ആ പാവത്തിന് അയാളുടെ സ്ഥലം വിറ്റ് പോകാൻ ഒരിക്കലും കഴിയില്ല. വസന്ത് സിദ്ധരാജ് ഒന്നുകൂടി കാര്യങ്ങൾ വിശദീകരിച്ചു. അവരുടെ കഥകൾ അന്വേഷിച്ചുപോകുന്ന ആരെയും ഭയപ്പാടോടെയാണ് വൃദ്ധനും നോക്കുന്നത് എന്നുതോന്നിപ്പോയി.

സ്വാതന്ത്ര്യത്തിനുശേഷം ബോംബെ ഭരണകൂടം പരിഷ്‌കാരങ്ങളുടെ ഭാഗമായി മക്ഡാവാലകളെ വഡാലയിൽനിന്ന് ഓടിച്ചുവിടുകയാണ് ആദ്യം ചെയ്തത്. അന്ന് പ്രവർത്തിച്ചുപോന്ന ധാരാവിയിലെ ജാസ്മിൻ മിൽ പരിസരത്ത് ഇവർ വീണ്ടും കൂരകൾ കെട്ടി അന്തിയുറങ്ങി.

ഷോലാപ്പൂരിൽ നിന്നെത്തിയ ഇവരെ കല്യാൺ സ്റ്റേഷനിൽ പൊലീസ് ഇറക്കിവിട്ടെങ്കിലും വീണ്ടും കള്ളവണ്ടി കയറി ദാദറിലെത്തി. ആദ്യം വഡാല സ്​റ്റേഷന്റെ തെക്കുഭാഗത്ത് കുരങ്ങൻമാരുമായി താമസം തുടങ്ങിയപ്പോൾ അവരുടെ ‘ചാടിക്കളിക്കുന്ന കുഞ്ചിരാമൻമാർക്ക്' ഭക്ഷണം നല്കാൻപോലും വഴിയില്ലാതെ വന്നു. അപ്പോൾ അവരുടെ പതിവ് കലാപരിപാടി, പിച്ചതെണ്ടലിലൂടെ ജീവിതം കണ്ടെത്താൻ ശ്രമിച്ചുവെന്നാണ് വസന്തിന്റെ ഭാഷ്യം. കട്ടിയുള്ള പേപ്പർ ചട്ടകളും പാക്കിങ്ങ് പേപ്പറുകളും മുളവടികളും കൊണ്ടാണ് അവർ കൂരകൾ നിർമിച്ചത്.

ഭരണകൂടം ഓടിച്ചുവിട്ട മനുഷ്യർ

സ്വാതന്ത്ര്യത്തിനുശേഷം ബോംബെ ഭരണകൂടം പരിഷ്‌കാരങ്ങളുടെ ഭാഗമായി മക്ഡാവാലകളെ വഡാലയിൽനിന്ന് ഓടിച്ചുവിടുകയാണ് ആദ്യം ചെയ്തത്. അന്ന് പ്രവർത്തിച്ചുപോന്ന ധാരാവിയിലെ ജാസ്മിൻ മിൽ പരിസരത്ത് ഇവർ വീണ്ടും കൂരകൾ കെട്ടി അന്തിയുറങ്ങി. മാഹിം റെയിൽവേ സ്റ്റേഷനിൽനിന്ന് അധികം ദൂരമില്ലാത്ത ഈ സ്ഥലം ‘ലേബർ ക്യാമ്പ്' എന്ന പേരിലാണ് അറിയപ്പെടുക. എന്നാൽ കൂരകളിലുള്ള ഇവരുടെ ‘ആർഭാടജീവിതം' അധികനാൾ നീണ്ടുനിന്നില്ല എന്ന് വസന്ത് പറഞ്ഞു. പിന്നേയും ഭരണകൂടത്തിന്റെ ആവശ്യം കൂടിക്കൂടിവന്നതോടെ ധാരാവിയിലെ കുമ്പാർവാഡയിൽ നിന്ന്​ ഇത്തരക്കാരെ പറപ്പിച്ചുവിട്ടു. അവർ ആ പ്രദേശത്തു തന്നെയുള്ള ‘ട്രാൻസിറ്റ് ക്യാമ്പ്' എന്ന സ്ഥലത്ത് ഇപ്പോൾ ജീവിതം കേന്ദ്രീകരിച്ചിരിക്കുന്നു.

കൂരകളിലുള്ള ഇവരുടെ ‘ആർഭാടജീവിതം' അധികനാൾ നീണ്ടുനിന്നില്ല എന്ന് വസന്ത് പറഞ്ഞു. പിന്നേയും ഭരണകൂടത്തിന്റെ ആവശ്യം കൂടിക്കൂടിവന്നതോടെ ധാരാവിയിലെ കുമ്പാർവാഡയിൽ നിന്ന്​ ഇത്തരക്കാരെ പറപ്പിച്ചുവിട്ടു. / Photo: Wikimedia Commons

വിവിധതരം പുല്ലുകൾ സമൃദ്ധമായി വളരുന്ന ഇടമായിരുന്നു ഒരുകാലത്ത് ധാരാവി. എന്നാൽ പുല്ലിനങ്ങൾ ജോപ്ഡകൾക്കും, വഴിയെ ചെറിയ ചെറിയ കെട്ടിടങ്ങൾക്കും വലിയ കെട്ടിടങ്ങൾക്കും വഴിമാറിയിരിക്കുന്നു. സുന്ദർനഗർ, സൊസൈറ്റി നഗർ, കാമരാജനഗർ തുടങ്ങിയ ഇടങ്ങൾ ഇപ്പോൾ ജനം തിങ്ങിപ്പാർക്കുന്ന വാസഗൃഹങ്ങളായി മാറിയിട്ടുണ്ട്. അതോടെ കോൻചികോറികൾ അല്ലെങ്കിൽ മക്ഡാവാലകളുടെ പുൽ ചൂൽ നിർമാണപരിപാടിക്ക് ഫുൾസ്റ്റോപ്പിടേണ്ടിവന്നു. ജാടുവാലി- ജാടുവാലി എന്നുവിളിച്ചുകൂവി കെട്ടിടസമുച്ചയങ്ങൾക്കുമുന്നിൽനിന്ന് തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്ന ചൂൽവില്പനക്കാരികൾ ഇപ്പോൾ മഹാനഗരത്തിൽ വിരളമാണ്. ചൂലിനുള്ള പുല്ലരിയാൻ ഈ സ്ത്രീകൾക്ക് ഇപ്പോൾ ധാനു, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകേണ്ടിയിരിക്കുന്നു. ‘ആജ് കാ താരിഖ് മേ യേ പർവഡേഗാ നഹി', വസന്ത് പറയുന്നു. ഇന്നത്തെ കാലത്ത്​അങ്ങകലെനിന്ന് പുല്ലരിഞ്ഞുകൊണ്ടുവന്ന്​ ചൂലുണ്ടാക്കി വില്ക്കുക ആദായകരമല്ല എന്ന് കാര്യകാരണസഹിതം വസന്ത് വെളിപ്പെടുത്തി. കൂടാതെ കോർപറേറ്റുകൾ ചൂല് നിർമാണത്തിലും കയറി നിരങ്ങുന്നുണ്ട്. ‘ബ്രൈറ്റ്​ പോലുള്ള കുത്തകക്കമ്പനികളുടെ പുതുപുത്തൻ മാതൃകയിലുള്ള ചൂലുകൾ മാർക്കറ്റിലുള്ളപ്പോൾ ആരാണ് ഞങ്ങളുടെ പുൽചൂൽ വാങ്ങാനെത്തുക?', വസന്ത് കോർപറേറ്റുകളുടെ കടന്നുകയറ്റത്തെക്കുറിച്ച്​ പറയുന്നു.

ഞങ്ങളിരുവരും സംസാരിച്ച് നേരം പോയതറിഞ്ഞില്ല. വസന്ത് സിദ്ധരാജ് എന്ന വൃദ്ധന്റെ കയ്യിലുള്ള കുട്ടകൾ ഇതുവരെ ഒന്നും വിറ്റഴിഞ്ഞിട്ടില്ല. അയാളിപ്പോൾ വിഷണ്ണനാണ്. രണ്ടുനാലെണ്ണമെങ്കിലും വിറ്റുപോയാൽ മാത്രമെ അടുപ്പിൽ തീയെരിയൂ. ആ മനുഷ്യൻ ചുമച്ചുചുമച്ച് മറൈൻ ലൈൻസ് ഫുട്പാത്തിലൂടെ നടന്നുനീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. സമയം വൈകീട്ട് ആറോടടുത്തു. കാറുകൾ ചീറിപ്പായുന്നു. തെരുവുവിളക്കുകൾ പ്രകാശമാനമാക്കിയ മറൈൻ ലൈൻസ് ഫുട്പാത്തിൽ ജനം നിറഞ്ഞൊഴുകുന്നു. വസന്തിന്റെ അരികിലെത്തിയ ചിലർ അയാളുടെ വില്പനചരക്കിന്റെ വില ചോദിക്കുന്നതു കണ്ടു. പക്ഷെ, ഒന്നും വിറ്റുപോകാതെ ആ കക്ഷി എബൗട്ടേണടിച്ച്​ എന്റെ സമീപമെത്തി ഇരുന്നു. ‘ഹേ ഭഗ്​വാൻ’ എന്ന് ദൈവത്തെ വിളിക്കുന്നതും കേട്ടു.

മക്ഡാവാലകളെ ക്രിമിനലുകൾ തന്നെയായി ഇപ്പോഴും പൊലീസ്​ കരുതുന്നുണ്ടെന്ന് ഈ സമുദായക്കാരനും സോഷ്യൽ വർക്കറും മുനിസിപ്പൽ കോർപ്പറേഷനിലെ തൂപ്പുകാരനുമായ യെല്ലപ്പ പരാതിപ്പെടുന്നു.

പുൽചൂലുണ്ടാക്കിയും മുളച്ചീളുകൾ കൊണ്ട്​ വേസ്റ്റ് പേപ്പർ ബാസ്​ക്കറ്റുണ്ടാക്കിയും വിറ്റ്​ അല്പം ചില്ലറ സമ്പാദിച്ചിരുന്ന കോൻചിക്കോറികൾ പുതിയ കച്ചവടത്തിന്റെ വഴികൾ കണ്ടെത്തിയത് മൊറാർജി ദേശായി മദ്യനിരോധന നിയമം ഏർപ്പെടുത്തിയതോടെയാണ്. ആദ്യം കോളികളും വഴിയെ തമിഴ് ഡോൺ വരദരാജ മുതലിയാരും വാറ്റിയിരുന്ന ചാരായം ഒളിച്ചുകടത്തി മഹാനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പരിപാടിയിൽ ഇവർ സജീവമായി. ‘അതിന് മുടക്കുമുതൽ ആവശ്യമില്ല, ചങ്കൂറ്റം മാത്രം മതി', വസന്ത് സിദ്ധരാജ് ചിരിച്ചുകൊണ്ട്​പറഞ്ഞു.

ഇതിനിടെ രണ്ട് പാഴ്‌സി വനിതകൾ അവരുടെ ഡാഷ് ഹണ്ട് നായ്​ക്കുട്ടികളുമായി അതുവഴി കടന്നുപോയി. വൃദ്ധന്റെ വേസ്റ്റ്‌പേപ്പർ ബാസ്ക്കറ്റുകൾ കണ്ട് അവർ അവിടെ ഹാൾട്ടടിച്ചു. ഒരു പൊട്ടൻഷ്യൽ ക്ലയൻറിനെ കണ്ടെത്തിയ സന്തോഷത്താൽ അയാൾ രണ്ടു കുട്ടകൾ കൈയ്യിലേന്തി സമീപത്തേക്കു ചെന്നു. വില പേശുന്ന പാഴ്‌സി വനിതകൾ എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്. എന്തിലും തമാശ കണ്ടെത്തുന്നവരാണ് പൊതുവെ പാഴ്‌സികൾ. കുട്ട ഒന്നിന് അമ്പതുരൂപ വിലപറഞ്ഞ വസന്ത് അവസാനം രണ്ടിനുംകൂടി എൺപത് രൂപവാങ്ങി കച്ചവടമവസാനിപ്പിച്ചു. പാവം വൃദ്ധന്റെ കണ്ണിൽ ഇപ്പോൾ അല്പം സന്തോഷമുണ്ട്.

ഡോക് തൊഴിലാളികളിൽ ചിലർ ചില്ലറ മോഷണങ്ങളും നടത്തിയിരുന്നുവെന്ന് വസന്ത് പറഞ്ഞു. അവർ മെഷീൻപാർട്ടുകൾ കട്ട് ഡോക്കിലെത്തുന്ന ട്രക്ക്‌ ഡ്രൈവർമാരുടെ ഒത്താശയോടെ പുറത്തുകടത്തി ചോർ ബസാറിൽ വിൽക്കും. / Photo: Wikimedia Commons

വസന്ത് ഉഷാറായി സംഭാഷണം തുടർന്നു. കന്നഡ മീഡിയത്തിൽ താൻ മൂന്നാം ക്ലാസ്​ വരെ പഠിച്ചിട്ടുണ്ടെന്ന് അഭിമാനപൂർവ്വം അയാൾ പറഞ്ഞു. ബോംബെ ഡോക്കിൽ ക്രെയിൻ ഓപ്പറേറ്ററായി ഭാഗ്യവശാൽ ജോലി ലഭിച്ച വസന്ത് പത്തുവർഷത്തോളം അവിടെ ജോലി ചെയ്‌തെങ്കിലും ഒരുനാൾ അയാൾ ജോലിയിൽനിന്ന് തെറിച്ചു. അയാളടക്കമുള്ള ഡോക് തൊഴിലാളികളിൽ ചിലർ ചില്ലറ മോഷണങ്ങളും നടത്തിയിരുന്നുവെന്ന് വസന്ത് (സത്യസന്ധമായി) പറഞ്ഞു. അവർ മെഷീൻപാർട്ടുകൾ കട്ട് ഡോക്കിലെത്തുന്ന ട്രക്ക്‌ ഡ്രൈവർമാരുടെ ഒത്താശയോടെ പുറത്തുകടത്തി ചോർ ബസാറിൽ വിൽക്കും. പലനാൾ കക്കുമ്പോൾ ഒരുനാൾ പിടിക്കപ്പെടുമല്ലോ. അത് കേസായി, കോടതിയായി പൊലീസിന്റെ മുട്ടൻനിടികൾ വസന്തും കൂട്ടരും വാങ്ങിക്കൂട്ടി. പക്ഷേ, എന്തോ ആ കുറ്റം തെളിയിക്കപ്പെട്ടില്ല. അന്നത്തെ തൊഴിലാളിസുഹൃത്തുക്കൾ പിന്നീട് വെവ്വേറെ ജോലിയിൽ പ്രവേശിച്ചു. വസന്ത് സിദ്ധരാജ് കുറെനാൾ ടാക്‌സിഡ്രൈവറായി. വയസ്​ ഏറെച്ചെന്നപ്പോൾ അനാരോഗ്യം നിമിത്തം അയാൾക്ക് വണ്ടിയോടിക്കാൻ കഴിയാതെയായി. കോൻചിക്കോറി സമൂഹത്തിന്റെ പഴയ ജോലിയായ കുട്ടനെയ്ത്തും വില്പനയുമായി അയാൾ ജീവിതം നയിക്കുന്നു.

12-ാം വയസ്സിൽ വസന്ത് സിദ്ധരാജ് എട്ടു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു; അവരുടെ ആചാരാനുഷ്ഠാനങ്ങളോടെ. കൗമാരപ്രായത്തിലുള്ള ഇരുവർക്കും എന്താണ് സംഭവിക്കുന്നത് എന്നുപോലും അജ്ഞാതമായിരുന്നുവെന്ന് വൃദ്ധൻ പറയുന്നു. ഒടുവിൽ അവൾ എങ്ങോ ഓടിപ്പോയി. പിന്നീട് ആ പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല.

‘‘അവൾ എങ്ങോട്ട് പോകാൻ? ഞങ്ങളുടെ പ്രാദേശികഭാഷ മാത്രമറിയാവുന്ന, തികച്ചും ചെറിയ കുട്ടിയായ അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം. എന്തിനേറെ, ആ കുട്ടിയുടെ ബന്ധുക്കൾപോലും അന്വേഷിച്ചുവന്നില്ല. കാമാഠിപുരയിലെ ‘ഖോട്ടേവാലി'ക്ക്​ (വേശ്യാഗൃഹം നടത്തിപ്പുകാരി) ക്ക് പണം വാങ്ങി അവർ തന്നെ വിറ്റതാകാം’’- വസന്ത് ഖേദപൂർവ്വം പറഞ്ഞു.

പണ്ട്​ വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാർക്ക് 12 ഗ്രാം സ്വർണം നല്കണമെന്നായിരുന്നു വ്യവസ്ഥ. സമുദായം അത് ഇപ്പോൾ നിർത്തലാക്കി.

തങ്ങളുടെ സമുദായത്തിലെ വിവാഹസമ്പ്രദായത്തെക്കുറിച്ച്​ വൃദ്ധൻ വിശദീകരിച്ചു: പണ്ട്​ വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാർക്ക് 12 ഗ്രാം സ്വർണം നല്കണമെന്നായിരുന്നു വ്യവസ്ഥ. സമുദായം അത് ഇപ്പോൾ നിർത്തലാക്കിയതിന്റെ കാരണമറിയില്ലെന്ന് വസന്ത് കൂട്ടിച്ചേർത്തു: ‘‘വധുവിന്റെ അമ്മയ്​ക്ക്​ സാരിയും ബ്ലൗസും അച്​ഛന്​ ദോത്തിയും കമീസും തലപ്പാവും വധുവിന്​ ചുവപ്പു സാരിയും വെള്ള ബ്ലൗസും പച്ചക്കുപ്പിവളകളും മംഗൾസൂത്രവും നൽകി (അത് ഇമിറ്റേഷൻ ഗോൾഡ് ആണ്) ഇവർ കല്ല്യാണം അടിപൊളിയാക്കും. ഞങ്ങളുടെ സമുദായക്കാർ വധൂവരന്മാരെ ആശീർവദിക്കുന്നതോടെ വിവാഹച്ചടങ്ങിന് പരിസമാപ്തിയാകും.'' വസന്ത് സിദ്ധരാജ് അവരുടെ ജാതിക്കാരുടെ വൈവാഹിക ആചാരത്തെക്കുറിച്ച് വിശദമായി പറഞ്ഞു.

Photo: Wikimedia Commons

പൂരി ബാജി- ദാൾ ചാവൽ, പാപ്പഡ്, കരേലാ ബാജി (പൂരിയും പൊട്ടറ്റോ കറിയും പരിപ്പും ചോറും കയ്പക്ക മെഴുക്കുപുരട്ടിയും) എന്നിവ നൽകി വിരുന്നുകാരെ വധുവിന്റെയും വരന്റെയും വീട്ടുകാർ ഊട്ടും. ചെലവ് ഇരുകുടുംബങ്ങളും പങ്കിട്ടെടുക്കും. വിധവാവിവാഹത്തിന്​ കോൻചികോറി സമുദായം അനുവാദം നല്കുന്നുണ്ട്. എങ്കിലും വരന് അത് ‘ബുരാ ഭവിഷ്യ' (ദൗർഭാഗ്യം) വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. വിദ്യാഭ്യാസം കാര്യമായി ഈ സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ല. ‘ശ്രമിക് വിദ്യാപീഠ്' എന്ന എൻ.ജി.ഒ ഇവരുടെ സാമുദായികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ നിരന്തരം ഇടപെടുന്നുണ്ടെങ്കിലും മക്ഡാവാലകൾ ക്രിമിനലുകൾ തന്നെയായി ഇപ്പോഴും പൊലീസ്​ കരുതുന്നുണ്ടെന്ന് ഈ സമുദായക്കാരനും സോഷ്യൽ വർക്കറും മുനിസിപ്പൽ കോർപ്പറേഷനിലെ തൂപ്പുകാരനുമായ യെല്ലപ്പ പരാതിപ്പെടുന്നു.

ഞാൻ വൃദ്ധനിൽ നിന്ന് രണ്ട് വേസ്റ്റ് പേപ്പർ ബാസ്ക്കറ്റ് വാങ്ങി നൂറു രൂപ നല്കി ചർച്ച് ഗേറ്റിലേയ്ക്ക് ടാക്‌സി പിടിച്ചു. 20 രൂപ മടക്കിത്തരാൻ ശ്രമിച്ച അയാളോട് ഞാൻ പറഞ്ഞു; ‘തുമി രഖ്‌ലോ, കാക്കാ.’
‘ഭഗ്​വാൻ തുമേ ബലാ കരേഗാ ബേഠാ', (ദൈവം നിനക്ക് നല്ലതു വരുത്തും കുഞ്ഞേ).

ആ നല്ലകാലത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനിപ്പോഴും. ​▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments