ധാരാവിയിലെ ഒരു തെരുവ്​

പിഞ്ഞിയ വസ്​ത്രത്തിലൂടെ
ചോർന്നുപോകുന്ന ഗോന്ധാലി ജീവിതം

ദാരിദ്യ്രത്തിന്റെ ഏറ്റവും താഴെത്തട്ടിൽതന്നെ ജീവിക്കാൻ നിർബ്ബന്ധിതരായ ഗോന്ധാലി വിഭാഗം മുംബൈയിൽ അറിയപ്പെടുന്നത് ‘ബർത്തൻവാലികൾ' അല്ലെങ്കിൽ ‘ഭാണ്ഡീവാലികൾ' എന്ന പേരിലാണ്. തങ്ങൾക്കുചുറ്റും നിരന്തരം വലുതായി വരുന്ന ചൂഷണത്തിന്റെ ​നഗരസമവാക്യങ്ങൾ നിസ്സഹായരായി ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ജനത.

രാവിലെ, ഫ്ലാറ്റിലെ ബാൽക്കണിയിൽ ചാരുകസേരയിലിരിക്കുകയാണ്​, ഭൂപെൻ ഹസാരികയുടെ ഘനഗംഭീരസ്വരത്തിലുള്ള ‘ദിൽ ഹൂം ഹൂം കരേ’ എന്ന പാട്ടും കേട്ട്. പുറത്ത് മഴ തകർക്കുന്നു. രുദാലിയിലെ രംഗങ്ങൾ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരിക്കെ ഡോർബെൽ ശബ്ദിച്ചു. വാതിൽ തുറന്നപ്പോൾ ബർത്തൻവാലിയാണ്. പഴയ വസ്ത്രങ്ങൾക്കുപകരം സ്റ്റീൽപാത്രങ്ങൾ നൽകുന്നവൾ.

കർണാടകയിലെ ഗുൽബർഗ സ്വദേശികളെന്ന് അറിയപ്പെടുന്ന ഗോന്ധാലി വർഗത്തിൽപെട്ട ഈ സ്ത്രീയ്ക്ക് നാല്പതിനോടടുത്ത് പ്രായമുണ്ട്. പേര്​ സുമൻ. ഏതാണ്ട് അധികാരഭാവത്തിൽത്തന്നെ അവർ ഫ്ലാറ്റിൽ കടന്ന് തലയിൽനിന്ന് കുട്ട ഇറക്കിവെച്ചു. അതു നിറയെ സ്റ്റീൽപാത്രങ്ങളാണ്. അവർ നിലത്ത് ചമ്രം പടിഞ്ഞിരുന്നു. ഞാൻ അസംതൃപ്തി കണ്ണുകളിലൂടെ വ്യക്തമാക്കിയെങ്കിലും അവരത് ഗൗനിച്ചില്ല. വീട്ടിലാകെ കണ്ണോടിച്ച് സ്ത്രീകളാരുമില്ലേ സുമൻ ചോദിച്ചു. ഇല്ല എന്ന് ഞാൻ മറാഠിയിൽ പറഞ്ഞു.

ഗോന്ധാലി വർഗക്കാർ അതിസമർഥരാണെന്നുതോന്നുന്നു. അരികുവൽക്കരിക്കപ്പെട്ട ജീവിതം അതിജീവനത്തിനായി അവർക്ക്​ നൽകിയതാകാം, ഈ സാമർഥ്യം.

അവർക്ക് പഴയ വസ്ത്രങ്ങളാണ് ആവശ്യം. ഞാനൊഴികെ പഴയതായി ഇവിടെ ഒന്നുമില്ല എന്ന മറുപടി ആ സ്ത്രീക്ക് മനസ്സിലായില്ല എന്നു തോന്നുന്നു. പഴയ പാന്റുകൾ, ഷർട്ടുകൾ, പുതപ്പ് എന്നിവ മതിയേത്ര. പകരം തിളങ്ങുന്ന സ്റ്റീൽപാത്രങ്ങൾ മാറ്റം തരാമെന്നുപറഞ്ഞ് പിന്നേയും പിന്നേയും ചോദിച്ചുകൊണ്ടിരുന്നു. അവരെ എങ്ങനെയെങ്കിലും ഒഴിവാക്കാനായി ബെഡ്‌റൂമിലെ അലമാരയിലുള്ള ഒന്നുരണ്ട് പഴയ പാന്റും ബെർമുഡയും ഷർട്ടുകളും സുമന് നൽകി. അവരത് തിരിച്ചും മറിച്ചും നോക്കി. ഇനിയും ഇത്തരം പഴയ വസ്ത്രങ്ങൾ കൊടുത്താൽ ഒരു സ്റ്റീൽ ഡബ്ബ തരാമെന്നായി. അലമാരയിൽ തിരഞ്ഞപ്പോൾ കിട്ടിയ പഴയ പുതപ്പും പില്ലോ കവറും കൊടുത്ത്​ അവരോട് സ്ഥലം വിടാൻ പറഞ്ഞു. എന്നാൽ, ആ സ്ത്രീ അവരുടെ ബ്ലൗസിൽ തിരുകിയിരുന്ന പട്ട്വാര, അതായത്​, ചെറിയ തുണിസഞ്ചിയെടുത്ത് തമ്പാക്ക് ചവയ്ക്കാനുള്ള പുറപ്പാടിലാണ്.

രുദാലിയിലെ രംഗങ്ങൾ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരിക്കെ ഡോർബെൽ ശബ്ദിച്ചു. വാതിൽ തുറന്നപ്പോൾ ബർത്തൻവാലിയാണ്. പഴയ വസ്ത്രങ്ങൾക്കുപകരം സ്റ്റീൽപാത്രങ്ങൾ നൽകുന്നവൾ.
രുദാലിയിലെ രംഗങ്ങൾ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരിക്കെ ഡോർബെൽ ശബ്ദിച്ചു. വാതിൽ തുറന്നപ്പോൾ ബർത്തൻവാലിയാണ്. പഴയ വസ്ത്രങ്ങൾക്കുപകരം സ്റ്റീൽപാത്രങ്ങൾ നൽകുന്നവൾ.

ഗോന്ധാലി വർഗക്കാർ അതിസമർഥരാണെന്നുതോന്നുന്നു. അരികുവൽക്കരിക്കപ്പെട്ട ജീവിതം അതിജീവനത്തിനായി അവർക്ക്​ നൽകിയതാകാം, ഈ സാമർഥ്യം.

കുടിക്കാൻ അല്പം വെള്ളം കിട്ടുമോ എന്ന് സുമൻ ചോദിച്ചു.
നഗരമാകെ മഴയിൽ വിറങ്ങലിച്ചിരിക്കുകയാണ്. തികച്ചും അനാവശ്യമാണ്​ അവരുടെ ഈ വെള്ളം ദാഹം എന്നെനിക്കുതോന്നി, അതുകൊണ്ട്​ ഞാനത്​പ്രോത്സാഹിപ്പിച്ചില്ല.

രാജസ്ഥാൻ - ഗുജറാത്ത് അതിർത്തിയിലെ കച്ച് പ്രദേശത്തുള്ള വിഭാഗമാണ്​ രുദാലികൾ. മരണവീട്ടിലെത്തി കരയുന്ന പണിയാണിവരുടേത്​. മരിച്ചയാളെക്കുറിച്ച്​ നല്ലതുമാത്രം പറഞ്ഞുപാടിപ്പാടിക്കരഞ്ഞ്​ പണം വാങ്ങി സ്​ഥലം വിടും.

പിഞ്ഞിത്തുടങ്ങിയ, നിറം മങ്ങിയ സാരിയും മുക്കാൽക്കൈയ്യൻ ബ്ലൗസുമാണവരുടെ വേഷം. അവിടെയിവിടെ ചെമ്പിച്ച മുടി അലസമായി റബ്ബർബാന്റിട്ട് കെട്ടിയിരിക്കുന്നു. വിവാഹിതരായ സ്ത്രീകളുടെ അടയാളമായ പ്ലാസ്റ്റിക് പച്ച വളകളും നെറ്റിയിൽ ഇമിറ്റേഷൻ ടിക്‌ളിയും (പൊട്ട്) ധരിച്ചിട്ടുണ്ട്. കാതുകൾ ശൂന്യം. അയൽക്കാരിയായ നേഹ ഇവരെക്കണ്ട് ഇഷ്​ടപ്പെടാതെ കോണിയിറങ്ങുന്ന ശബ്ദം കേട്ടു.

എനിക്കാണെങ്കിൽ പിടിപ്പത് പണിയുണ്ട്. ഒരു സഞ്ചി നിറയെ ‘ഹോം വർക്ക്​' തന്നയച്ചാണ് ഓഫീസ് അധികാരി എനിക്ക് രണ്ടുദിവസത്തെ അവധി തന്നത്. ഇവിടെ ഇവരിങ്ങനെ കുത്തിയിരുന്നാൽ എന്റെ ദിവസം തുലയുമെന്നുറപ്പ്. ഞാൻ നല്കിയ പഴയ വസ്ത്രങ്ങൾക്ക് ചന്ദനത്തിരി കത്തിക്കാനുള്ള ഒരു ചെറിയ ഉപകരണം സുമൻ പകരം നല്കി. നേരത്തെ ഉറപ്പുനൽകിയ സ്റ്റീൽ ഡബ്ബയുടെ കാര്യം സൗകര്യപൂർവ്വം മറന്നിരിക്കാം. ഞാൻ ആ വസ്തു അവർക്ക് തിരികെ നല്കി, അല്പം ജോലിയുണ്ടെന്നറിയിച്ച് കതകടച്ചു. ഡി.വി.ഡിയിൽനിന്നുള്ള ഭൂപേൻ ഹസാരികയുടെ ശബ്​ദം നിലച്ചു.

രാജസ്ഥാൻ - ഗുജറാത്ത് അതിർത്തിയിലെ കച്ച് പ്രദേശത്തുള്ള വിഭാഗമാണ്​ രുദാലികൾ. മരണവീട്ടിലെത്തി കരയുന്ന പണിയാണിവരുടേത്​.
രാജസ്ഥാൻ - ഗുജറാത്ത് അതിർത്തിയിലെ കച്ച് പ്രദേശത്തുള്ള വിഭാഗമാണ്​ രുദാലികൾ. മരണവീട്ടിലെത്തി കരയുന്ന പണിയാണിവരുടേത്​.

രാജസ്ഥാൻ - ഗുജറാത്ത് അതിർത്തിയിലെ കച്ച് പ്രദേശത്തുള്ള വിഭാഗമാണ്​ രുദാലികൾ. മരണവീട്ടിലെത്തി കരയുന്ന പണിയാണിവരുടേത്​. മരിച്ചയാളെക്കുറിച്ച്​ നല്ലതുമാത്രം പറഞ്ഞുപാടിപ്പാടിക്കരഞ്ഞ്​ പണം വാങ്ങി സ്​ഥലം വിടും. മണിക്കൂർ അടിസ്​ഥാനത്തിലാണ്​ കരയുന്നതിനുള്ള കൂലി. ഇവരിൽ പെട്ട ചെറിയ സമൂഹം ഇപ്പോഴുമുണ്ട്. (നമ്മുടെ നാട്ടിൻപുറങ്ങളിൽ ‘കണ്ണോത്ത്' എന്നു പറയുന്നതിന്​ സമാനമായ ഒന്ന്​). ക്രിസ്തീയ വീടുകളിൽ മരണമുണ്ടായാൽ രുദാലികളെത്തുക കാസറ്റിലെ ‘റെഡിമെയ്ഡ്' മരണവിലാപപ്പാട്ടുമായിട്ടായിരിക്കും. ഈ കലാപരിപാടിയും ഇപ്പോൾ അത്ര പ്രചാരത്തിലില്ല.

മൺപാത്രങ്ങളുണ്ടാക്കുന്ന കുമ്പാറുകളെപ്പോലെ ഗോന്ധാലികൾക്ക് സ്വയം നിർമിക്കുന്ന ഉല്പന്നങ്ങളില്ല, വിൽക്കാൻ. സദാ ദാരിദ്യ്രത്തിന്റെ ഏറ്റവും താഴെത്തട്ടിൽതന്നെ ജീവിക്കാൻ നിർബ്ബന്ധിതരായ ഇവർ മുംബൈയിൽ അറിയപ്പെടുന്നത് ‘ബർത്തൻവാലികൾ' അല്ലെങ്കിൽ ‘ഭാണ്ഡീവാലികൾ' (പാത്രവില്പനക്കാരികൾ) എന്ന പേരിലാണ്.

ധാരാവി വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെയും വ്യത്യസ്​ത ആചാരങ്ങളും മതാനുഷ്​ഠാനങ്ങളും പാലിക്കുന്നവരുടെയും ഇടമാണ്​. തമിഴർക്കും മലയാളികൾക്കും യു.പിക്കാർക്കും ബീഹാറികൾക്കും പ്രത്യേകം ‘സൊസൈറ്റി’കളും ‘നഗറു’കളുമൊക്കെയുള്ളപ്പോൾ ഗോന്ധാലി വർഗത്തിൽപ്പെട്ട, നാടോടികളായ സുമനെപ്പോലെയുള്ളവർക്ക് പ്രത്യേകം ‘അഡ്ഡ' (കേന്ദ്രങ്ങൾ) ഒന്നുമില്ല. ധാരാവിയിലുള്ള മുസ്​ലിം നഗറിലെ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ ഗലികളിലുള്ള ജോപ്ഡകളിലെ താൽക്കാലിക അന്തേവാസികളാണ് ഇവരിൽ കുറെപ്പേർ. മൺപാത്രങ്ങളുണ്ടാക്കുന്ന കുമ്പാറുകളെ (കുമ്പാരന്മാർ) പ്പോലെ ഗോന്ധാലികൾക്ക് സ്വയം നിർമിക്കുന്ന ഉല്പന്നങ്ങളില്ല, വിൽക്കാൻ. സദാ ദാരിദ്യ്രത്തിന്റെ ഏറ്റവും താഴെത്തട്ടിൽതന്നെ ജീവിക്കാൻ നിർബ്ബന്ധിതരായ ഇവർ മുംബൈയിൽ അറിയപ്പെടുന്നത് ‘ബർത്തൻവാലികൾ' അല്ലെങ്കിൽ ‘ഭാണ്ഡീവാലികൾ' (പാത്രവില്പനക്കാരികൾ) എന്ന പേരിലാണ്. അവർ തലയിൽ പേറുന്ന കുട്ടയിൽ വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന സ്റ്റീൽപാത്രങ്ങൾ അടുക്കടുക്കായി വെച്ചിരിക്കും. ഫ്ലാറ്റു നിവാസികൾക്ക്​ ഇത് ഒരാകർഷണം മാത്രം. പഴയ വസ്ത്രങ്ങൾക്കുപകരം ബർത്തൻവാലികൾ ഓഫർ ചെയ്യുന്ന സ്റ്റീൽപാത്രങ്ങൾ നേരാംവണ്ണം നൽകുക വിരളമാണെന്ന് അയൽക്കാരി നേഹ പറയുന്നു.

ധാരാവി വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെയും വ്യത്യസ്​ത ആചാരങ്ങളും മതാനുഷ്​ഠാനങ്ങളും പാലിക്കുന്നവരുടെയും ഇടമാണ്​. / Photo: gregslick Instagram Page
ധാരാവി വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെയും വ്യത്യസ്​ത ആചാരങ്ങളും മതാനുഷ്​ഠാനങ്ങളും പാലിക്കുന്നവരുടെയും ഇടമാണ്​. / Photo: gregslick Instagram Page

വിലപേശലിൽ വിദഗ്ദ്ധരായ ഈ സ്ത്രീകൾ തങ്ങളുടെ കദനകഥകളോടെയാണ്​ വർത്തമാനം തുടങ്ങുക. പിന്നെ അത്, അവരുടെ ജീവിതം പോലെ​ പലവഴി വളഞ്ഞും തിരിഞ്ഞും പോകും. തുണികൾക്ക് പ്രതിഫലമായി വീട്ടമ്മയ്ക്ക് ചെറിയൊരു പാത്രം നല്കി ഒടുവിൽ കാര്യമവസാനിപ്പിക്കുമെന്നാണ്​ നേഹയുടെ പരിഭവം.

എന്റെ ഫ്ലാറ്റിൽനിന്ന്​ പുറത്തുകടന്ന ആ സ്​ത്രീ ‘ബർത്തൻ - കപഡാവാലി, ഭാണ്ഡി-കാപഡാവാലി’ എന്ന് വിലാപസ്വരത്തിൽ ഹിന്ദിയിലും മറാഠിയിലും ഉറക്കെ പറഞ്ഞ് പരിസരവാസികളെ അവരുടെ സാന്നിധ്യമറിയിക്കുന്നതുകേട്ടു.

കർണ്ണാടക- ആന്ധ്ര അതിർത്തിയായ ഗുൽബർഗ ഗോന്ധാലികളുടെ ജന്മനാടായി പറയപ്പെടുന്നുണ്ടെങ്കിലും അവിടെ അവർക്കായി ഭൂമിയോ വീടോ ഒന്നും അവശേഷിച്ചിട്ടില്ല.

നഗരപ്രാന്തങ്ങളിലുള്ള കെട്ടിട സമുച്ചയങ്ങളിലെ ഫ്ലാറ്റ്​ഫ്ലാറ്റാന്തരം തലയിൽ ഭാരവും പേറി രാവിലെ മുതൽ കറങ്ങുന്ന ഇവർക്ക് ചില വീട്ടമ്മമാർ ചായയോ ഉപ്പ് ബിസ്​ക്കറ്റോ നൽകാറുണ്ട്. ബർത്തൻവാലികളുടെ പണി വൈകുന്നേരം ആറുമണിയോടെ അവസാനിക്കും. ദിവസം ശരാശരി 200 മുതൽ 350 രൂപ മാത്രമേ ഇവർക്ക്​ സമ്പാദിക്കാനാകൂവെന്ന് ജോപ്ഡ നിവാസികളെ സംഘടിപ്പിച്ച് ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പ്രയത്‌നിച്ച ധാരാവിയിലെ ആക്ടിവിസ്​റ്റായ എ. ജോക്കിന്റെ ഒരു ലേഖനത്തിൽ പറയുന്നു.

കർണ്ണാടക- ആന്ധ്ര അതിർത്തിയായ ഗുൽബർഗ ഗോന്ധാലികളുടെ ജന്മനാടായി പറയപ്പെടുന്നുണ്ടെങ്കിലും അവിടെ അവർക്കായി ഭൂമിയോ വീടോ ഒന്നും അവശേഷിച്ചിട്ടില്ല. മാതൃഭാഷയായ കന്നഡ സ്ഫുടമായി സംസാരിക്കുന്ന ഇവർ മറാത്തിയിലാണ് കച്ചവടക്കാര്യങ്ങൾ പറഞ്ഞൊതുക്കുക. മാതൃഭാഷയുടെ മറാഠിവൽക്കരണത്തിന്റെ ഗുണം അവർ മനസ്സിലാക്കിയിട്ടുണ്ടാകാം. ഇത്തരക്കാർ പട്ടികവർഗക്കാരായി അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ, കുറേനാൾ മുമ്പുള്ള ഒരു ലേഖനത്തിൽ ഗോന്ധാലികളെ ഒ.ബി.സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതായി വായിച്ചു.

ഗോന്ധാലി സമൂഹത്തിലെ പുരുഷന്മാരിൽ പലരും മസ്ജിദ് ബന്ദർ, കൽബാദേവി, ക്രാഫോഡ് മാർക്കറ്റ്, ദാദർ, ബോംബെ സെൻട്രൽ ബസ്​ ഡിപ്പോ പരിസരങ്ങളിലാണ്​ പണിയെടുക്കുന്നത്​.  / Photo: Wikimedia Commons
ഗോന്ധാലി സമൂഹത്തിലെ പുരുഷന്മാരിൽ പലരും മസ്ജിദ് ബന്ദർ, കൽബാദേവി, ക്രാഫോഡ് മാർക്കറ്റ്, ദാദർ, ബോംബെ സെൻട്രൽ ബസ്​ ഡിപ്പോ പരിസരങ്ങളിലാണ്​ പണിയെടുക്കുന്നത്​. / Photo: Wikimedia Commons

തങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ ഒരു പ്രയോജനവും ലഭിച്ചിട്ടില്ലെന്ന്​ ഭാരതീയ വിമുക്ത യൂത്ത് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവർത്തകൻ കാശിനാഥ് പറഞ്ഞു. ഒമ്പതാം ക്ലാസോടെ പഠിപ്പ് ഉപേക്ഷിക്കേണ്ടിവന്ന കാശിനാഥ് ഇപ്പോൾ ബൃഹുൺ മുംബൈ മഹാനഗർപാലികയിൽ താല്ക്കാലികാടിസ്ഥാനത്തിൽ തൂപ്പുകാരനാണ്​. വിവാഹാഘോഷത്തിന്റെ ഭാഗമായി ഭക്തിഗാനങ്ങളും നാടോടിനൃത്തങ്ങളും അവതരിപ്പിക്കുകയാണ്​ ഇവരുടെ ഇ​പ്പോഴത്തെ പണി. ഡോലക് വാദ്യവും തപ്പുകൊട്ടലുമൊക്കെയായുള്ള ഇത്തരം കലാപരിപാടികൾ അരങ്ങേറുമ്പോൾ ആസ്വാദകരായി അധികമാരുമുണ്ടാകാറില്ലെന്ന്​ കാശിനാഥ് സങ്കടപ്പെട്ടു. ധാരാവി, ഭാരത്‌നഗർ തുടങ്ങിയ പ്രധാന ചേരിപ്രദേശങ്ങളിലാണ്​ ഇവർ താമസിക്കുന്നതെങ്കിലും മുംബൈ - കല്യാൺ റൂട്ടിലെ അംബർനാഥിലും ഉല്ലാസ്​നഗറിലും സമീപപ്രദേശങ്ങളിലുമായി ഇരുപതിനായിരത്തോളം ഗോന്ധാലികൾ തങ്ങളുടെ ജീവിതം തള്ളിനീക്കുന്നുണ്ടെന്ന് കാശിനാഥ് പറയുന്നു.

ഈയിടെ മഹാനഗരത്തിലെ ‘പക്ഷിശാസ്ത്ര’ക്കാരെ പൊതുയിടങ്ങളിൽ വിലക്കിയിട്ടുണ്ട്. എങ്കിലും ദാദറിലെ പ്ലാസാ തിയ്യേറ്റർ പരിസരങ്ങളിലും സെക്രട്ടറിയേറ്റിനുസമീപവും ഓവൽ മൈതാനത്തിലും മറ്റും ഇവരെ ഇപ്പോഴും കാണാം.

അക്ഷരാഭ്യാസമില്ലാത്ത ഗോന്ധാലി സമൂഹത്തിലെ പലരും ‘തത്തമ്മഭാഗ്യം' വില്പനച്ചരക്കാക്കിയാണ്​ ജീവിക്കുന്നത്​. ചിറകുമുറിച്ച തത്തയെക്കൊണ്ട് ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങളച്ചടിച്ച കാർഡുകളെടുക്കാൻ പരിശീലിപ്പിക്കും. പറക്കാനാകാത്ത ആ പാവം പക്ഷി അതിന്റെ ഗതികേടിനാൽ കൊത്തിയെടുക്കുന്ന ദൈവചിത്രങ്ങൾ നോക്കി മുന്നിലിരിക്കുന്ന ക്ലയന്റിന്റെ ഭാവി പ്രവചിക്കുന്ന ഗോന്ധാലികൾ ഇപ്പോഴും മഹാനഗരത്തിലുണ്ട്. ടാക്‌സി/ഓട്ടോ ഡ്രൈവർമാർ, ഡബ്ബാവാലകൾ, ഗുണ്ടകൾ, പൊലീസുകാർ തുടങ്ങിയവരാണ് തത്തമ്മഭാഗ്യം പരീക്ഷിക്കുന്നവരിലധികവും. ഗുണ്ടകളിൽനിന്നും പൊലീസിൽനിന്നും ഇവർ പണം വാങ്ങാറില്ലെന്നും കാശിനാഥ് കൂട്ടിച്ചേർത്തു. ഒരാളിൽനിന്ന് പത്തു രൂപ മുതൽ മുപ്പതു രൂപ വരെ പ്രവചനത്തിന് പ്രതിഫലമായി ഗോന്ധാലികൾ വാങ്ങും. ഈയിടെ മഹാനഗരത്തിലെ ‘പക്ഷിശാസ്ത്ര’ക്കാരെ പൊതുയിടങ്ങളിൽ വിലക്കിയിട്ടുണ്ട്. ഭരണകൂടം ഇവരുടെ ആപ്പീസ് പൂട്ടിച്ചുവെന്ന്​കാശിനാഥ് പറയുന്നു. എങ്കിലും ദാദറിലെ പ്ലാസാ തിയ്യേറ്റർ പരിസരങ്ങളിലും സെക്രട്ടറിയേറ്റിനുസമീപവും ഓവൽ മൈതാനത്തിലും മറ്റും ഇവരെ ഇപ്പോഴും കാണാം.

അക്ഷരാഭ്യാസമില്ലാത്ത ഗോന്ധാലി സമൂഹത്തിലെ പലരും  ‘തത്തമ്മഭാഗ്യം' വില്പനച്ചരക്കാക്കിയാണ്​ ജീവിക്കുന്നത്​. / Photo: flickr, Nithi Anand
അക്ഷരാഭ്യാസമില്ലാത്ത ഗോന്ധാലി സമൂഹത്തിലെ പലരും ‘തത്തമ്മഭാഗ്യം' വില്പനച്ചരക്കാക്കിയാണ്​ ജീവിക്കുന്നത്​. / Photo: flickr, Nithi Anand

സുമനെപ്പോലുള്ള ബർത്തൻവാലികൾ രണ്ടു കൈകളിലെ വിരലുകളും ഉപയോഗിച്ചാണ് പണമെണ്ണുക. സ്ത്രീകൾക്ക് ഇതൊക്കയറിഞ്ഞിട്ട്​ അത്ര വലിയ പ്രയോജനമുണ്ടോ എന്നാണ് ഇവരിൽ ഒരുവളായ ശാന്തയുടെ സംശയം. അവർക്ക് പാത്രങ്ങൾ വിൽക്കാൻ മാത്രമേ അറിയൂ. ഞങ്ങൾ തുണികൾക്കുപകരം പാത്രങ്ങൾ നല്കുന്നു, അത്രമാത്രം. ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അവർ താല്പര്യം കാണിച്ചില്ല. എന്റെ പത്രപ്രവർത്തക സുഹൃത്തുക്കളിലൊരാളായ സുഷമ ചൗധരിയും ഞാനും ഒരിക്കൽ ഗോന്ധാലി സ്ത്രീകളോട് അവർ വിദ്യാഭ്യാസം നേടേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ‘ഞങ്ങൾ പഠിക്കാൻ പോയാൽ താഴെയുള്ള ചിടുങ്ങൻമാരെ പകൽ ആരാണ് സംരക്ഷിക്കുക?' എന്നായിരുന്നു അവരുടെ ചോദ്യം. മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കും ഇക്കാര്യത്തിലൊന്നും വലിയ ശ്രദ്ധയില്ല. ‘പാത്രം വില്ക്കുക, വീട്ടിലെത്തി രണ്ട് റൊട്ടി ചുടുക, അടിപിടി കൂടി പബ്ലിക് ടാപ്പിൽനിന്ന് വെള്ളം കൊണ്ടുവരിക, ഭർത്താവിന് കിടക്കയൊരുക്കുക എന്നിവയാണ് ഞങ്ങളുടെ പണി’, ശാന്ത തുറന്നടിച്ചു.

‘ഞങ്ങളുടെ പുരുഷന്മാരിൽ ഭൂരിഭാഗവും നെറികെട്ട സ്വഭാവക്കാരാണ്​. അല്പം മാത്രം ലഭിക്കുന്ന റൊട്ടി പങ്കുവച്ചാൽ ഞങ്ങൾക്കും ആറ് കുട്ടികൾക്കും വിശപ്പടങ്ങില്ല. അവർ കരയാൻ തുടങ്ങും. അപ്പോഴും ഞങ്ങൾക്കാണ് അയാൾ വീക്ക് വെച്ചുതരിക’,

അല്പം പരിപ്പും ചോറും ബജ്‌റാ റൊട്ടിയും ഉലുവയിലക്കറിയുമാണ് പ്രധാനമായും ഗോന്ധാലികളുടെ ഭക്ഷണം. ചിലപ്പോൾ ലോൺചിയും (അച്ചാർ) കൂട്ടത്തിൽ പാപ്പഡും കൂടിയാകുമ്പോൾ അന്നത്തെ ഭക്ഷണം ഒരു ദാവത്ത് (സദ്യ) തന്നെ ആകുമെന്ന് ഒരു ബർത്തൻവാലി പറഞ്ഞു. അന്ന് ഞങ്ങളുമായി സംസാരിച്ച ആ സ്ത്രീകൾ എല്ലാവരും വിവാഹിതരാണ്. ‘എന്റെ ഭർത്താവ് മൂന്ന് കല്യാണം കഴിച്ചിട്ടുണ്ട്. അതിൽ മൂന്നാമത്തവളാണ് ഞാൻ. എനിക്ക് ഒരു കുട്ടിയുണ്ട്. അയാളുടെ മറ്റു രണ്ടു ഭാര്യമാരിൽ, സിസ്റ്റർ എന്നാണ് അവർ പറഞ്ഞത്, രണ്ടാമത്തവൾക്ക് മൂന്നു കുട്ടികളും മൂന്നാമത്തെ ചേച്ചിക്ക് രണ്ടു കുട്ടികളുമാണുള്ളത്’, അക്കൂട്ടത്തിലെ കംല എന്ന ബർത്തവാലി പറയുന്നു. വൈകീട്ട് മദ്യപിച്ചെത്തുന്ന ഭർത്താവ് ഒരു കാരണവുമില്ലാതെ തങ്ങളെ പിടിച്ചടിക്കുമെന്ന്​ അവർ പറഞ്ഞു, എന്നിട്ട്​ അവർ ഭർത്താവിനെ ഒരു തെറിവാക്കു വിളിക്കുകയും ചെയ്​തു. ‘ഞങ്ങളുടെ പുരുഷന്മാരിൽ ഭൂരിഭാഗവും നെറികെട്ട സ്വഭാവക്കാരാണ്​. അല്പം മാത്രം ലഭിക്കുന്ന റൊട്ടി പങ്കുവച്ചാൽ ഞങ്ങൾക്കും ആറ് കുട്ടികൾക്കും വിശപ്പടങ്ങില്ല. അവർ കരയാൻ തുടങ്ങും. അപ്പോഴും ഞങ്ങൾക്കാണ് അയാൾ വീക്ക് വെച്ചുതരിക’, കംലയുടെ ജീവിതം ഇങ്ങനെയാണ്​. ‘ഈയിടെ ഞങ്ങളുടെ ഭർത്താവിനെ പൊലീസ് പിടിച്ച് ലോക്കപ്പിലിട്ടു. അയാൾ ഒരു ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ നോക്കിയത്രേ’, സ്വന്തം ജീവിതകഥക്ക്​ അനുബന്ധമായി അവർ പറഞ്ഞു.

തങ്ങൾക്കുചുറ്റും നിരന്തരം വലുതായി വരുന്ന ചൂഷണത്തിന്റെ ​നഗരസമവാക്യങ്ങൾ നിസ്സഹായരായി ഏറ്റുവാങ്ങേണ്ടിവരുന്നവരാണ്​ ഗോന്ധാലി ജനത / Photo: Muhammed Hanan
തങ്ങൾക്കുചുറ്റും നിരന്തരം വലുതായി വരുന്ന ചൂഷണത്തിന്റെ ​നഗരസമവാക്യങ്ങൾ നിസ്സഹായരായി ഏറ്റുവാങ്ങേണ്ടിവരുന്നവരാണ്​ ഗോന്ധാലി ജനത / Photo: Muhammed Hanan

ഗോന്ധാലി സമൂഹത്തിലെ പുരുഷന്മാരിൽ പലരും മസ്ജിദ് ബന്ദർ, കൽബാദേവി, ക്രാഫോഡ് മാർക്കറ്റ്, ദാദർ, ബോംബെ സെൻട്രൽ ബസ്​ ഡിപ്പോ പരിസരങ്ങളിൽ ചുമട്ടുകാരാണ്​. വൈകീട്ട് ധാരാവിയിലെ ഗോന്ധാലികളുടെ പാർപ്പിടങ്ങളിലേക്ക് വസ്ത്ര കച്ചവടക്കാർ എത്തും. പാവപ്പെട്ട സ്ത്രീകളുടെ അധ്വാനത്തിൽ കൈയിട്ടുവാരുന്ന ഇവർ തുച്​ഛവിലക്ക്​ പഴയ തുണികൾ വാങ്ങിയെടുക്കും. ഇവ ബട്ടനും കൊളുത്തും മാറ്റി പുതിയവ തുന്നിപിടിപ്പിച്ച്​, കീറിയ ഇടങ്ങളിൽ ഇഴകൾ തുന്നിച്ചേർത്ത്​ ദാദർ ഈസ്റ്റ് പരിസരത്ത് വിൽക്കാൻ വെക്കും. അതിനവർക്ക് ഏജന്റുമാരുമുണ്ട്. മഹാനഗരത്തിൽ പുതുതായെത്തിയ തൊഴിൽരഹിതരും ചെറിയ ജോലി ചെയ്ത് ജീവിക്കുന്ന പാവങ്ങളുമാണ് ‘കാപഡ് ബിസിനസ്​ വാല’കളുടെ കസ്റ്റമേഴ്‌സ്. വസായി ഈസ്റ്റിലും കുറച്ചു മാറി വാലിവ് തുടങ്ങിയ ഇടങ്ങളിലുമുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ നിന്നാണ്​ ബാർത്തൻവാലികൾ സ്റ്റീൽപാത്രങ്ങൾ വാങ്ങുക. അവയെല്ലാം എന്തെങ്കിലും തരത്തിലുള്ള മാനുഫാക്ചറിങ്ങ് ഡിഫക്ടുള്ളവയായിരിക്കുമെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.

തങ്ങൾക്കുചുറ്റും നിരന്തരം വലുതായി വരുന്ന ചൂഷണത്തിന്റെ ​നഗരസമവാക്യങ്ങൾ നിസ്സഹായരായി ഏറ്റുവാങ്ങേണ്ടിവരുന്ന ഈ ജനതക്കുമുന്നിൽ മഹാനഗരം അതിന്റെ വഴികളെല്ലാം കൊട്ടിയടച്ചിരിക്കുകയാണ്​. ​▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments