Photo: WildFilmsIndia YouTube Screenshot

കവിഞ്ഞൊഴുകുന്ന മഹാനഗരത്തിലെവാൽമീകിശരീരങ്ങൾ

മഹാനഗരത്തിൽ ഇനിയും മഴ പെയ്യും. കാനകൾ കവിഞ്ഞൊഴുകും. ഈച്ചകളും കൊതുകുകളും മൂളിപ്പറക്കും. ജീവിതം ദുസ്സഹമാകുമ്പോൾ മുംബൈക്കാർ വാൽമീകികളെ അന്വേഷിച്ചിറങ്ങും, അവരുടെ ജീവിതം ഇങ്ങനെത്തന്നെ തുടരും...

മുളുണ്ട് ചെക്ക്‌നാക്ക പരിസരത്ത്, യൗവനകാലത്ത്​ കുറേനാൾ ഞാൻ താമസിച്ചിരുന്നു. ചാരായം വാറ്റും അധോലോകത്തിന്റെ നിയന്ത്രണത്തിലുള്ള രത്തൻ ഖത്രി, കല്യാൺജി എന്നിവർ നടത്തുന്ന മഡ്ക്കാ ഡെന്നുകളും പോക്കറ്റടിയും ദാദാഗിരിയും മറ്റുമുണ്ടായിരുന്ന സ്​ഥലമായിരുന്നു അത്. നിരനിരയായുള്ള ചോളുകളിൽ മലയാളികളടക്കം വിവിധ ഭാഷക്കാർ തിങ്ങിത്താമസിച്ചിരുന്ന ഇടം. ഇവരുടെ ക്ഷേമ - സമാധാനം അന്വേഷിക്കാൻ ആഴ്ചയിൽ രണ്ട് ഹവേൽദാർമാർ സൈക്കിളിൽ റോന്തുചുറ്റും.

ഇപ്പോൾ ഈ പ്രദേശത്ത് കുറെ ബഹുനിലക്കെട്ടിടങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പ്രസിദ്ധ ഫിലിം ക്രിട്ടിക് ഖാലിദ് മുഹമ്മദിന്റെ ഭാഷയിൽ അന്നത്തെ കുടിലുകളെ ഇന്ന് ‘എക്‌സ്പെൻസീവ് ഹട്ട്‌സ്' എന്നാണ് വിശേഷിപ്പിക്കുക. അവിടെയുള്ള പല താമസക്കാരും സുസ്ഥിര സമ്പാദ്യമാർഗവും സാമാന്യം ഭേദപ്പെട്ട ജീവിതവും ഇപ്പോൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ചുരുക്കിപ്പറയാം.

അന്ന് വഴിയുടെ ഇരുവശങ്ങളിലും നിരന്നിരുന്ന് ‘നമ്പർ 2’ നടത്തുന്ന കുട്ടികൾ പതിവുദൃശ്യം മാത്രം. അതിന് തൊട്ടരികിൽ മച്ചിവാലികൾ വിരിച്ചിട്ട ഫ്ലക്​സ്​ഷീറ്റിൽ മീനുകൾ വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നു. ഇവക്കുമുകളിൽ ഈച്ചകൾ മൂളിപ്പറക്കുന്നുണ്ട്. എന്നാലും ‘താജി പാംഫ്രറ്റ്, സുറുമ, ബാംഗഡാ, ആയിയെ അങ്കിൾ, ചേച്ചി, അക്ക, കാക്കി' എന്നൊക്കെ മീൻവില്പനക്കാരികൾ വിളിച്ചുകൂവുന്നു. അവരുടെ കൈവശമുള്ള നല്ല ‘പെടക്കുന്ന' മീനുകൾ അവിടെത്തന്നെ അൽപം മാറ്റിവെച്ചിരിക്കും. ചീഞ്ഞതോ ചീയാൻ തയ്യാറായതോ ആയ മീനുകൾ ഒട്ടൊക്കെ വിറ്റഴിഞ്ഞശേഷമേ നല്ല മീനുകൾ പുറത്തെടുത്ത് നിരത്തൂ.

തൊട്ടരികിൽ മച്ചിവാലികൾ വിരിച്ചിട്ട ഫ്ലക്​സ്​ഷീറ്റിൽ മീനുകൾ വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നു. ഇവക്കുമുകളിൽ ഈച്ചകൾ മൂളിപ്പറക്കുന്നുണ്ട്. / Photo: Sharell Cokk Twitter

ഒരു പൊതുഅവധിദിവസം. ഞങ്ങൾ, സുഹൃത്തുക്കൾ തയ്യാറാക്കിയ അയലക്കറിയും പൊരിച്ചതുമെല്ലാം കൂട്ടി സമൃദ്ധമായി ഉച്ചഭക്ഷണം കഴിച്ചു. അരമുക്കാൽ മണിക്കൂറിനകം മീനുകൾ വയറ്റിൽ എരിപൊരി സഞ്ചാരം തുടങ്ങി. ഞങ്ങൾ താമസിക്കുന്ന മുറിയുടെ കുറച്ചുമാറിയുള്ള പൊതു കക്കൂസിലേക്ക് ഓടുക, തിരിച്ചുവരിക, വീണ്ടും അവിടേക്കുത്തന്നെ പറക്കുക എന്ന ഗതി വന്നതോടെ സമീപത്തെ ഡോക്ടറുടെ ക്ലിനിക്കിലെത്തി. അന്ന് പത്ത് രൂപയായിരുന്നു ഫീസ്. അവിടെ തൃശ്ശൂർ പൂരത്തിന്റെ തിരക്ക്​. പെ​ട്ടെന്ന് എന്റെ കാര്യം അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. തൊട്ടുതന്നെയുള്ള വേറൊരു ഡോക്ടറുടെ ‘ഗെറ്റ് വെൽ സൂൺ' ക്ലിനിക്കിലെത്തിയെങ്കിലും അവിടെയും അസാമാന്യ തിരക്കുത്തന്നെ. ഈ രണ്ടു ക്ലിനിക്കുകളിലുമെത്തിയ എല്ലാ രോഗികളും ചീഞ്ഞളിഞ്ഞ മീൻ കഴിച്ച് വയർ കേടുവരുത്തിയവരാണോ എന്നൊരു ‘സംശം' എന്നിൽ ന്യായമായും ഉയർന്നു. എന്തിനേറെ, ഗത്യന്തരമില്ലാതെ ‘ഗെറ്റ് വെൽ സൂൺ’ ക്ലിനിക്കിൽ തന്നെ വീണ്ടുമെത്തി ഇരിപ്പുറപ്പിച്ചു.

ഒരു വാൽമീകി സ്ത്രീയോട് സംസാരിക്കവെ, അവരുടെ ഭർത്താവിനെക്കുറിച്ച് ചോദിച്ചു. അയാൾ സയൺ ഹോസ്പിറ്റലിലെ ക്ലീനറാണ്​. ആ കക്ഷിയുടെ പേരെന്താണ്​ എന്ന ചോദ്യത്തിന് അവർ ഒരക്ഷരം മിണ്ടിയില്ല.

ഡോക്​ടർ ഒരു രോഗിയെ പരിശോധിക്കുകയാണ്. അയാളുടെ ഷർട്ടിൽ നന്നായി അഴുക്കുപുരണ്ടിട്ടുണ്ട്. കണ്ണുകളിൽ പീതനിറം. അമ്പത് വയസ്​ പ്രായം തോന്നിക്കുന്ന, കൈകാലുകൾ ശോഷിച്ച ആ മനുഷ്യൻ വാൽമീകി സമുദായത്തിൽ പെട്ടവനാണ്. മഹാനഗരത്തിൽ തൂപ്പുജോലിയും ഗട്ടറുകളും പബ്ലിക്ക് ടോയ്‌ലെറ്റുകളും വൃത്തിയാക്കുന്ന പണിയുമാണ്​ ഇവർ ചെയ്യുന്നത്​. ഡോക്ടർ പരിശോധനക്കുശേഷം പ്രതിവിധി നിർദ്ദേശിക്കുന്നത് കേട്ടു: നിനക്ക് നല്ല പനിയുണ്ടല്ലോ, ഇഞ്ചക്ഷൻ വേണോ ഗുളിക വേണോ?.
ക്ഷീണിതനായ ആ പാവത്തിന് ഇവ തമ്മിലുള്ള വ്യത്യാസം പിടികിട്ടിയില്ല എന്നുതോന്നുന്നു.
എന്ത് ചെലവ് വരും എന്നായിരുന്നു മനുഷ്യന്റെ സംശയം.
ഡോക്ടറുടെ റെഡിമെയ്ഡ് ഉത്തരം ഉടനെത്തി; ഇഞ്ചക്ഷന് 20 രൂപയും ഗുളികകൾക്ക് 10 രൂപ മാത്രവും.
പരിഭ്രമിച്ചുവശായ ആ പാവം, ‘അമാലാ ദോണോം പായ്‌ജേ' (ഇവ രണ്ടും വേണം) എന്നായി. എങ്ങനെയെങ്കിലും അസുഖം ഭേദമാകണമെന്നാണ് വാൽമീകി ആഗ്രഹിക്കുന്നത്.
അയാൾ സ്ഥലം വിട്ടശേഷം ഡോക്ടർ എന്നെ വിളിച്ചു.
വിവരം പറഞ്ഞ് ഫുഡ് പോയ്​സണുള്ള മരുന്നുവാങ്ങി മടങ്ങി.

ജാതിയും മതവും പറഞ്ഞ് സുന്ദരമോഹനവാഗ്ദാനങ്ങൾ നൽകി മയക്കി അവരുടെ വോട്ടുസമ്പാദിക്കാനുള്ള രാഷ്​ട്രീയക്കാരുടെ പറുദീസ മാത്രമാണ് ധാരാവി' എന്ന് സുഹൃത്ത് വി.എസ്. വഡ്ഗാവ്ക്കർ പറഞ്ഞതോർമ വരുന്നു / Photo: Wikimedia Commons

പട്ടിണിപ്പാവങ്ങൾ താമസിക്കുന്ന ഇടമായ ധാരാവിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൊഴിലന്വേഷകരാണ് ആദ്യമായി തമ്പടിച്ചതെന്ന് ചരിത്രരേഖകളിൽ പറയുന്നു. ഈ ചേരിപ്രദേശം വാൽമീകികൾ ഉൾപ്പെടെയുള്ള ദലിതരുടെ കൂടി നിയോജകമണ്ഡലമാണ്. ‘ജാതിയും മതവും പറഞ്ഞ് സുന്ദരമോഹനവാഗ്ദാനങ്ങൾ നൽകി മയക്കി അവരുടെ വോട്ടുസമ്പാദിക്കാനുള്ള രാഷ്​ട്രീയക്കാരുടെ പറുദീസ മാത്രമാണ് ധാരാവി' എന്ന് സുഹൃത്ത് വി.എസ്. വഡ്ഗാവ്ക്കർ പറഞ്ഞതോർമ വരുന്നു. ഇത്തരം ഐഡൻറിറ്റി പൊളിറ്റിക്‌സിന്റെ ആരംഭം 1992-93 കാലത്തെ ബോംബെ ലഹളയാണെന്നും അദ്ദേഹം പറയുന്നു.

ധാരാവിയിലും ഇതര ചേരിപ്രദേശങ്ങളിലും, വിശിഷ്യാ മാട്ടുംഗ ലേബർ ക്യാമ്പിലും താമസിക്കുന്ന സമുദായമാണ് ഹരിയാനയിൽ നിന്നെത്തിയ വാൽമീകികൾ. ബോംബെയിലെ സാധാരണ മലയാളികൾക്ക് ഇവരെ അത്ര പരിചയമില്ല. അക്ഷരാഭ്യാസമില്ലാത്ത ശുചീകരണ തൊഴിലാളികളാണിവർ.

മുലായം സിങ്ങ് യാദവിന്റെ സമാജ്​വാദി പാർട്ടിയും മായാവതിയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും ധാരാവിയിലെ പല വാർഡുകളിലും തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാറുണ്ട്. മഹാനഗരത്തിന്റെ മൊത്തം ജനസംഖ്യയിൽ 31.5 ശതമാനമുള്ള തമിഴരും ചേരിപ്രദേശങ്ങളിൽ സജീവമായി രാഷ്ട്രീയരംഗത്തുണ്ട്. എന്നാൽ, ‘തമിഴ് അരചിയൽ’ (രാഷ്ട്രീയം) മാത്രം കൊണ്ടാടിയാൽ അവർക്ക് പരാജയം സംഭവിക്കുമോ എന്ന സംശയവുമുണ്ട്. അതുകൊണ്ടുതന്നെ ഇവർ ബി.ജെ.പി, ശിവസേന, കോൺഗ്രസ്​ കക്ഷികളുമായി കഠ്​ബന്ധൻ (കൂട്ടുകെട്ട്) ഉണ്ടാക്കുന്നു.

ധാരാവിയിലും ഇതര ചേരിപ്രദേശങ്ങളിലും, വിശിഷ്യാ മാട്ടുംഗ ലേബർ ക്യാമ്പിലും താമസിക്കുന്ന സമുദായമാണ് ഹരിയാനയിൽ നിന്നെത്തിയ വാൽമീകികൾ. ബോംബെയിലെ സാധാരണ മലയാളികൾക്ക് ഇവരെ അത്ര പരിചയമില്ല. അക്ഷരാഭ്യാസമില്ലാത്ത ശുചീകരണ തൊഴിലാളികളാണിവർ. പത്തുനാൽപതു വർഷങ്ങളായി മഹാനഗരത്തിൽതന്നെ കഴിയുന്ന വാൽമീകി സ്ത്രീകൾക്ക് ഹരിയാനക്കാരുടെ തനതായ ഉച്ചാരണത്തോടെ മാത്രമേ ഹിന്ദി സംസാരിക്കാനാകൂ.
‘ഞങ്ങൾക്ക് ജാത്വാലകളുമായി (സ്വജാതിക്കാർ) മാത്ര​മേ സമ്പർക്കമുള്ളൂ’, മാട്ടുംഗാ ലേബർ ക്യാമ്പിലെ താമസക്കാരിയായ ഒരു സ്ത്രീ പറഞ്ഞു. ‘വാൽമീകി സമുദായം ദലിത് വിഭാഗക്കാരാണെങ്കിലും ഞങ്ങളെപ്പോലുള്ള ഇതര സമൂഹങ്ങൾ കൂടി ഞങ്ങളെ ഒറ്റപ്പെടുത്തുന്നു' എന്ന്​ വാസന്തി എന്ന മധ്യവയസ്ക്ക കുറ്റപ്പെടുത്തി; ‘ഞങ്ങൾ റോഡുകളും ഗട്ടറകളും ടോയ്‌ലെറ്റുകളും മറ്റും വൃത്തിയാക്കുന്നത് നീചപ്രവൃത്തികളാണെന്ന് അവർ വിശ്വസിക്കുന്നു'.

ധാരാവിയിലും ഇതര ചേരിപ്രദേശങ്ങളിലും, വിശിഷ്യാ മാട്ടുംഗ ലേബർ ക്യാമ്പിലും താമസിക്കുന്ന സമുദായമാണ് ഹരിയാനയിൽ നിന്നെത്തിയ വാൽമീകികൾ. / Photo: Wikimedia Commons

അതിജീവിനത്തിനായുള്ള നെട്ടോട്ടത്തിൽ ആരും ഇവരുടെ സഹായത്തിനെത്തുന്നില്ല എന്നതാണ് പരമാർത്ഥം. പുരുഷന്മാർ മുൻസിപ്പൽ കോർപറേഷനിൽ തൂപ്പുകാരായി ജോലിനോക്കുമ്പോൾ സ്ത്രീകളാവട്ടെ കാംവാലി ബായിയുടെ (വീട്ടുജോലിക്കാരി) വേഷം കെട്ടുകയാണ് പതിവ്. ബാല്യവിവാഹം സർവ്വത്ര പ്രചാരത്തിലുള്ള ഹരിയാനയിൽ നിന്നെത്തിയ പല വാൽമീകി സ്ത്രീകൾക്കും അവരുടെ വിവാഹം കഴിഞ്ഞ് എത്ര വർഷമായെന്നുപോലും അറിയില്ല.

ഹരിയാനക്കാർ പൊതുവേ ആരോഗ്യവാന്മാരാണ്. ഹിന്ദി സിനിമയിലെ ഹരിയാനക്കാരൻ കൂടിയായ പ്രിയനടൻ ‘സ്​ട്രോംഗ്​മാൻ’ ധർമ്മേന്ദ്രയെ ഓർക്കുക. ഹരിയാനക്കാർ കെട്ടിടം പണിക്കാർ കൂടിയാണ്. സ്ത്രീകളും ഈ ജോലികളിൽ പങ്കാളികളാകുന്നു. ഒരു കല്ലാശാരിക്ക് ശരാശരി 600- 700 രൂപ വരെ ദിവസക്കൂലിയുള്ളപ്പോൾ മണ്ണും കട്ടയും മണലും ചുമക്കുന്ന സ്ത്രീകൾക്ക് 300- 400 രൂപ മാത്രമേ സമ്പാദിക്കാനാകുന്നുള്ളൂവെന്ന് വാൽമീകി സമുദായത്തിലെ കേസരബായി എന്ന സ്ത്രീ പറഞ്ഞു. അവർ തക്കർബാബ കോളനിക്കാരിയാണ്: ‘ഇത് ഒരിക്കലും ശരിയല്ല. പക്ഷേ ആര് കേൾക്കാൻ?. ഞങ്ങൾ സ്വയം കൂലിക്കൂടുതലിനായി മുറവിളിക്കൂട്ടിയാൽ പണിയിൽ നിന്ന് പുറത്താക്കപ്പെടും. ഞങ്ങളുടെ കുട്ടികൾക്ക് പിന്നെ എങ്ങിനെയാണ് ഭക്ഷണം കൊടുക്കുക?'- ഏഴാം ക്ലാസ്സ് വരെ പഠിച്ച കേസരബായി ചോദിക്കുന്നു. അവർക്ക് സ്ത്രീ സമത്വത്തെക്കുറിച്ച് ഏതാണ്ടൊക്കെ അറിയാമെന്നു തോന്നുന്നു.

‘കരി കത്തിക്കുന്ന അടുപ്പിൽ തന്നെയാണ് ഇപ്പോഴും ഞങ്ങൾ റോട്ടി ചുടുക. ഞങ്ങളുടെ പുരുഷന്മാർക്ക് ഗ്യാസ് സ്റ്റൗവിൽ ചുട്ടെടുക്കുന്ന റോട്ടി വിളമ്പിയാൽ അവർ മുഖമടച്ചുള്ള അടി സമ്മാനിക്കും’

പിഞ്ഞിത്തുടങ്ങിയ സാരിയും ബ്ലൗസും ധരിച്ച് കയ്യിലൊരു പ്ലാസ്റ്റിക് സഞ്ചിയുമായി കുതിക്കുന്ന ഈ യശോദാ ബായി ദാദർ ഹിന്ദു കോളനിയിലെ നാലു സമ്പന്ന വീടുകളിൽ വീട്ടുജോലി ചെയ്യുന്നുണ്ട്. രാവിലെ ആറ് മണിയോടെ പൊതുകക്കൂസിനുമുന്നിൽ വരിനിന്ന്​ പ്രഭാതകൃത്യം നിർവ്വഹിച്ച് ഏഴ് ഏഴരയോടെ കുടിലിൽ നിന്ന് എട്ടുകിലോമീറ്ററോളം ദൂരെയുള്ള ദാദറിലേക്ക് നടന്നാണ് ഈ പാവം സ്ത്രീ ദിവസവും ജോലിയ്ക്ക് പോകുന്നത്. ബസുകൂലി ഇനത്തിൽ ദിവസവും നാലും നാലും എട്ടുരൂപ ചെലവഴിക്കാൻ യശോദക്ക് വഴിയില്ല. അറുപതോടടുത്ത് പ്രായമുള്ള ഇവർ ബോംബെയിലെത്തിയത് 17-ാം വയസ്സിലാണ്. അന്ന് താമസിച്ചിരുന്ന ജോപ്ഡയിലും പരിസരങ്ങളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്ക് കത്തിച്ചും സ്റ്റൗ ഉപയോഗിച്ചുമാണ് വീട്ടുജോലി ചെയ്തുപോന്നത്. ‘കരി കത്തിക്കുന്ന അടുപ്പിൽ തന്നെയാണ് ഇപ്പോഴും ഞങ്ങൾ റോട്ടി ചുടുക. ഞങ്ങളുടെ പുരുഷന്മാർക്ക് ഗ്യാസ് സ്റ്റൗവിൽ ചുട്ടെടുക്കുന്ന റോട്ടി വിളമ്പിയാൽ അവർ മുഖമടച്ചുള്ള അടി സമ്മാനിക്കും’, യശോദാബായി വാൽമീകി പെൺജീവിതത്തിന്റെയും അവരുടെ സമൂഹത്തിലെ ആണധികാരത്തിന്റെയും സത്യാവസ്ഥ തുറന്നുപറഞ്ഞു.

കരി കത്തിക്കുന്ന അടുപ്പിൽ തന്നെയാണ് ഇപ്പോഴും ഞങ്ങൾ റോട്ടി ചുടുക. ഞങ്ങളുടെ പുരുഷന്മാർക്ക് ഗ്യാസ് സ്റ്റൗവിൽ ചുട്ടെടുക്കുന്ന റോട്ടി വിളമ്പിയാൽ അവർ മുഖമടച്ചുള്ള അടി സമ്മാനിക്കും / Photo: Wikimedia Commons

ഈ സഞ്ചാരത്തിനിടയിൽ ഇവരുടെ സമാജത്തിന്റെ മുൻ പ്രധാൻ (പ്രസിഡണ്ട്) എസ്. ദിക്കയെ കണ്ടുമുട്ടി. ഡൽഹിയിൽനിന്ന് അൻപതിലേറെ വർഷങ്ങൾക്കുമുമ്പ് മഹാനഗരത്തിലെത്തിയതാണ്​ അയാൾ. ഹിപ്പികളെപ്പോലെ താടിയും മുടിയും വളർത്തി, വീതുളി കൃതാവു വെച്ച ആ വൃദ്ധൻ അതൊരു അലങ്കാരമായിത്തന്നെ കരുതുന്നുണ്ട് എന്നുതോന്നുന്നു. രണ്ടായിരത്തിൽ കവിയാത്ത അംഗസംഖ്യയേ വാൽമീകികൾക്കുണ്ടായിരുന്നുള്ളൂ. ഇപ്പോൾ, മാട്ടുംഗാ ലേബർ ക്യാമ്പിൽതന്നെ 30,000ലേറെ പേരുണ്ടെന്ന്​ ഇയാൾ ചെറിയ ചിരിയോടെ പറഞ്ഞു. ശിവസേന, ബൃഹൺ മുംബൈയുടെ വഴിയെ മഹാരാഷ്ട്ര ഭരണം പിടിച്ചടക്കിയപ്പോൾ എല്ലാ അധഃകൃത സമൂഹങ്ങൾക്കും ജാതി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
‘സ്വന്തം കിടപ്പാടം പോലുമില്ലാത്ത, വോട്ടേഴ്‌സ് ലിസ്റ്റിൽ പേരും ഫോട്ടോ പാസുമില്ലാത്ത ഞങ്ങൾ എന്തുചെയ്യും?. ഓഫീസുകളിൽ കയറിയിറങ്ങി മടുത്തപ്പോൾ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ കോർപറേറ്റർക്ക് 4000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നു. ജന്മസ്ഥലമായ ഹരിയാനയിൽ ഞങ്ങൾക്കായി ഒന്നും അവശേഷിച്ചിട്ടില്ല. അവിടെനിന്ന് വേരറുത്ത് പോകാൻ നിർബന്ധിതരായവരാണ് ഞങ്ങൾ. ദരിദ്രരും അക്ഷരാഭ്യാസമില്ലാത്തവരുമായ താഴ്ന്നജാതിയിൽപ്പെട്ട ഞങ്ങൾക്ക് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കാൻ തൽക്കാലം സാധ്യതയുമില്ല. ഞങ്ങളുടെ അമ്മപെങ്ങന്മാരും പെൺമക്കളും സ്വന്തം ജന്മനാട്ടിൽതന്നെ ആദ്യം മുതലേ സുരക്ഷിതരായിരുന്നില്ല. ഇപ്പോഴുമല്ല. ഒരുകൂട്ടം അക്രമികൾ ആക്രമിച്ചുകൊന്ന് മൃതദേഹം ചാമ്പലാക്കിയ ഹാഥ്​റസിലെ ആ പെൺകുട്ടി വാൽമീകി സമുദായിക്കാരിയാണെന്ന് ഒരിക്കൽക്കൂടി താങ്കളെ ഓർമപ്പെടുത്തുന്നു. അപ്പോൾ ഊഹിക്കാം, ഞങ്ങളുടെ സ്ത്രീകളുടെ സുരക്ഷ എന്തെന്ന്?' വൃദ്ധൻ സംഭാഷണമവസാനിപ്പിച്ച്​ നടന്നുനീങ്ങി.

യു.പിയിലെയും ബീഹാറിലെയും ഹരിയാനയിലെയും ദലിത് സ്ത്രീകളെ, ഭർത്താവിന്റെ പേര് നേരെചൊവ്വേ പറയുന്നതിൽനിന്ന്​ ആരാണ് വിലക്കിയിരുന്നതെന്നറിയില്ല.

മഹാരാഷ്ട്രയിലെ പിന്നാക്ക ജില്ലകളായ ദുലിയയിൽ നിന്നും ബീഡിൽ നിന്നും, തമിഴ്‌നാട്ടിലെ ഗുണ്ടൽപേട്ടിൽ നിന്നും നമ്മുടെ തൃശ്ശൂരിൽ നിന്നുമൊക്കെ അനേകം ദലിതർ ധാരാവി ചോളുകളിൽ കുടുംബസമേതം താമസിക്കുന്നുണ്ട്. ഇവർക്ക് വെള്ളം ശേഖരിക്കാൻ പൊതുടാപ്പിൽ ചെല്ലേണ്ടതുണ്ട്​. എന്നാൽ വാൽമീകി സമുദായത്തിലെ സ്ത്രീകൾക്ക് പബ്ലിക് ടാപ്പിൽനിന്ന് വെള്ളമെടുക്കാൻ പാടില്ല. അത് അവരുടെ ഭർത്താക്കന്മാർതന്നെയാണ് വിലക്കിയിരുന്നത്. പതിവായി പുരുഷന്മാരാണ് അവരുടെ ജോപ്ഡകളിലേക്ക് വെള്ളം കൊണ്ടുവരിക. പുറത്തിറങ്ങുന്ന ഒരു വാൽമീകി സ്ത്രീക്ക് സാരിത്തലപ്പ് വലിച്ച് കണ്ണുകൾവരെ മൂടണം. ഇപ്പോൾ എല്ലാ കോലികളിലും (മുറികളിലും) പൈപ്പുവെള്ളം ലഭിക്കാനുള്ള സംവിധാനം കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ട്​. എല്ലാ മുറികളുടെയും മുമ്പിൽ നൂറ് - നൂറ്റമ്പതോളം ലിറ്റർ വെള്ളം നിറയ്ക്കാനാകുന്ന നീല ഡ്രമ്മുകൾ കാണാം. ഇവയിലാണ് ചോൾ നിവാസികൾ വെള്ളം ശേഖരിക്കുക.

ഒരുകൂട്ടം അക്രമികൾ ആക്രമിച്ചുകൊന്ന് മൃതദേഹം ചാമ്പലാക്കിയ ഹാഥ്​റസിലെ ആ പെൺകുട്ടി വാൽമീകി സമുദായിക്കാരിയാണെന്ന് ഒരിക്കൽക്കൂടി താങ്കളെ ഓർമപ്പെടുത്തുന്നു.

ഒരു വാൽമീകി സ്ത്രീയോട് സംസാരിക്കവെ, അവരുടെ ഭർത്താവിനെക്കുറിച്ച് ചോദിച്ചു. അയാൾ സയൺ ഹോസ്പിറ്റലിലെ ക്ലീനറാണ്​. ആ കക്ഷിയുടെ പേരെന്താണ്​ എന്ന ചോദ്യത്തിന് അവർ ഒരക്ഷരം മിണ്ടിയില്ല. ദൈവങ്ങളുടെ പേരുകളുടെ പര്യായങ്ങളിൽ അവരുടെ ഭർത്താവിന്റെ പേര് ഒളിച്ചിരിപ്പുണ്ടെന്ന് അവിടെയും ഇവിടെയും തൊടാതെ അവസാനം അവർ പറഞ്ഞു. ഞാൻ ആ വൃഥാശ്രമം അവിടെ ഉപേക്ഷിച്ചു. യു.പിയിലെയും ബീഹാറിലെയും ഹരിയാനയിലെയും ദലിത് സ്ത്രീകളെ, ഭർത്താവിന്റെ പേര് നേരെചൊവ്വേ പറയുന്നതിൽനിന്ന്​ ആരാണ് വിലക്കിയിരുന്നതെന്നറിയില്ല.

ശരീരം കഴുകാൻ സോപ്പും വെള്ളവും കൊടുത്തെങ്കിലും ഇവ അയാൾ ഉപയോഗിച്ചില്ല. ഞങ്ങൾ പലകുറി നിർബന്ധിച്ചിട്ടും ശരീരം തുണികൊണ്ടു തുടച്ച് വൃത്തിയാക്കി അയാൾ സ്വയം തൃപ്തിപ്പെട്ടു. പ്രതിഫലമായി ഞങ്ങൾ നൽകിയ അല്പം പണം സ്വീകരിച്ച് ആ ശരീരം നടന്നു നീങ്ങി.

കുറെനാൾ കൂടി ചെക്‌നാക്കയിലെ ആ ചോളിൽ എനിക്ക് താമസിക്കേണ്ടി വന്നു. മഴക്കാലമെത്തി. ഗട്ടറുകൾ നിറഞ്ഞു കവിഞ്ഞു. ഈച്ചകളുടെയും കൊതുകുകളുടെയും ഹൈപിച്ചിലുള്ള ഓർക്കസ്ട്ര ചോൾ നിവാസികളുടെ ഉറക്കവും ദൈനംദിന ജീവിതവും തകരാറിലാക്കി. ഗട്ടറിൽ ചെളിയും മറ്റും നിറഞ്ഞിട്ടുണ്ട്, ഒരു വാൽമീകിയെ വിളിച്ചാൽ അയാളത് വൃത്തിയാക്കിത്തരും എന്നാരോ പറഞ്ഞു. ഈ കക്ഷിയെ വിളിക്കാൻ ഞങ്ങൾ ചില സഹമുറിയന്മാർ പാഞ്ഞു. കൈയ്യിൽ ബക്കറ്റും ചൂലും മണ്ണുമാറ്റാനുള്ള മമ്മട്ടിയുമായി ഒടുവിൽ അയാളെത്തി. ഗട്ടറിന്റെ ഇരുമ്പ് കവചം തുറന്നു. മൂക്കുപൊത്തിപ്പിടിച്ച് ആ പാവം കുഴിയിലേക്കിറങ്ങുന്നതു കണ്ടു. അതോടെ ഗട്ടറിൽ കെട്ടിനിന്നിരുന്ന മലിനജലം തേട്ടി പുറത്തേക്കൊഴുകി. അയാൾ മമ്മട്ടിയും സ്വന്തം കൈകളുംകൊണ്ട് ഗട്ടറിൽ അടിഞ്ഞുകൂടിയ മണലും പ്ലാസ്റ്റിക് സഞ്ചികളും ഉപയോഗിച്ച് വലിച്ചെറിഞ്ഞ കോണ്ടവും പാക്കറ്റ് പാലുറകളും പുറത്തെടുത്ത്​ കരയിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു. അല്പനേരത്തിനുള്ളിൽ ദുർഗ്ഗന്ധം വമിക്കുന്ന ഒരു കൂമ്പാരമായി അത് മാറി. കാനകളിൽ കെട്ടിനിന്ന മലിനജലം പതുക്കെ ഒഴുകാൻ തുടങ്ങി. ഗട്ടറിലിറങ്ങിയ ആ പാവം മനുഷ്യൻ അരമുക്കാൽ മണിക്കൂറിനുശേഷം പുറത്തുവന്നു. ദേഹമാസകലം ചെളിയിൽ മുങ്ങിയിട്ടുണ്ട്. ശരീരം കഴുകാൻ സോപ്പും വെള്ളവും കൊടുത്തെങ്കിലും ഇവ അയാൾ ഉപയോഗിച്ചില്ല. ഞങ്ങൾ പലകുറി നിർബന്ധിച്ചിട്ടും ശരീരം തുണികൊണ്ടു തുടച്ച് വൃത്തിയാക്കി അയാൾ സ്വയം തൃപ്തിപ്പെട്ടു. പ്രതിഫലമായി ഞങ്ങൾ നൽകിയ അല്പം പണം സ്വീകരിച്ച് ആദ്യം അയാൾ തന്റെ കണ്ണുകളിൽ തൊടുകയും ചുംബിക്കുകയും ചെയ്​തു, എന്നിട്ട്​ ആ ശരീരം നടന്നു നീങ്ങി. ആ കാഴ്​ച ഒരിക്കലും എനിക്ക് മറക്കാനാവുന്നില്ല.

ഗട്ടറിലിറങ്ങിയ ആ പാവം മനുഷ്യൻ അരമുക്കാൽ മണിക്കൂറിനുശേഷം പുറത്തുവന്നു. ദേഹമാസകലം ചെളിയിൽ മുങ്ങിയിട്ടുണ്ട്. ശരീരം കഴുകാൻ സോപ്പും വെള്ളവും കൊടുത്തെങ്കിലും ഇവ അയാൾ ഉപയോഗിച്ചില്ല. / Photo: WildFilmsIndia YouTube Screenshort

ഈയിടെ ഒ.ടി.ടിയിൽ കോർട്ട് എന്ന മറാത്തി സിനിമ കണ്ടു. ഒരു മജിസ്​ട്രേറ്റ്​ കോടതിയാണ് രംഗം. ഗട്ടർ വൃത്തിയാക്കുന്നതിനിടയിൽ മരിച്ച ഒരു വാൽമീകിയുടെ കേസ് നടക്കുകയാണ്. കോടതികളുടെ പതിവ് ആലസ്യം അവിടെയുള്ള ക്ലോക്കിനെപ്പോലും ബാധിച്ചിരിക്കുന്നു. പങ്കകൾക്കുപോലും കറങ്ങാൻ അത്ര സന്മനസ്സില്ലാത്തതുപോലെ. ഒരാൾക്കും ഒരു ഉദ്വേഗവും ആകാംക്ഷയുമില്ല. ഒടുവിൽ കോടതി ശിപായി കേസ് വിളിക്കുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച പേടിച്ചരണ്ട ഒരു സ്ത്രീ സാക്ഷിക്കൂട്ടിൽ കയറി നിന്ന്​ വിറക്കുന്നു. പ്രോസിക്യൂഷൻ വക്കീൽ അവരുടെ നേരെ ചോദ്യശരങ്ങൾ തൊടുത്തുവിടുന്നു. അവരുടെ ഭർത്താവായ വാൽമീകി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ഗട്ടറിൽ ചാടിയതാണെന്നാണ്‌ പ്രോസിക്യൂഷൻ വാദിക്കുന്നത്​. സാക്ഷിക്കൂട്ടിലെ സ്ത്രീ പേടിച്ചിരണ്ട് കരയാൻ തുടങ്ങിയതോടെ അവർക്കുവേണ്ടി കോടതിയിൽ ഹാജരായ ആക്റ്റിവിസ്റ്റും യുവ അഭിഭാഷകനും കൂടിയായ ഭാട്ടിയ സഹായത്തിനെത്തുന്നു. അദ്ദേഹം വാൽമീകിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചു. ഗട്ടറിലെ വിഷവാതകം ശ്വസിച്ചാണ് വാൽമീകി മരിച്ചത്; അല്ലാതെ അയാൾ വിഷം കഴിച്ചായിരുന്നില്ല എന്നദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നു. സാക്ഷികളായെത്തുന്ന സ്ഥിരം ഡോക്ടറും സാനിറ്ററി ഹെൽത്ത് ഇൻസ്പെക്ടറും പൊലീസും സ്ഥിരം കള്ള സാക്ഷികളും അസത്യം പറയുകയാണെന്ന് തെളിയിക്കാൻ അഭിഭാഷകൻ ശ്രമിക്കുന്നു. അപ്പോൾ പ്രോസിക്യൂഷൻ വക്കീൽ (അവരൊരു സ്ത്രീ കൂടിയാണ്), മരിച്ച വ്യക്തിയുടെ ഭാര്യ ഇത്ര വൈകി കോടതിയെ സമീപിച്ചതെന്തിനാണെന്നും അവർ ആദ്യം പൊലീസിൽ പരാതി നൽകിയോ എന്നുമൊക്കെ ചോദിച്ച്​ ആ പാവത്തെ ശ്വാസം മുട്ടിക്കുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും കള്ള സാക്ഷികളും പൊലീസും അവരെ നോക്കി കണ്ണുരുട്ടുന്നുണ്ട്. തൽക്കാലം ആ കേസ് മാറ്റിവെക്കപ്പെടുന്നു. കോർട്ട് എന്ന സിനിമ ഇവിടെ അവസാനിക്കുന്നില്ല. അത് വേറെയൊരു ദിശയിൽ സഞ്ചരിക്കുന്നത് തൽക്കാലം ഇവിടെ പ്രസകതമല്ല.

മഹാനഗരത്തിൽ ഇനിയും മഴ പെയ്യും. കാനകൾ കവിഞ്ഞൊഴുകും. ഗട്ടറുകളിൽ ചെളിയും മണ്ണും പാഴ് വസ്തുക്കളും അടിഞ്ഞുകൂടും. ഈച്ചകളും കൊതുകുകളും മൂളിപ്പറക്കും. അങ്ങനെ ജനജീവിതം ദുസ്സഹമാകുമ്പോൾ മുംബൈക്കാർ വാൽമീകികളെ അന്വേഷിച്ചിറങ്ങും, അവരുടെ ജീവിതം ഇങ്ങനെത്തന്നെ തുടരും. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments