‘ധീരവിപ്ലവകാരിക്ക് അന്തിമാഭിവാദ്യം'; ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നു

‘ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു നിരാശരായ ജനലക്ഷങ്ങളിലൊരാളാണ് ഞാനും’

‘‘ന്ദിരാ പുർകിന്റെ മരണത്തോടെ നിശ്ചിന്തിപ്പൂരിൽ ഒരു യുഗം അവസാനിച്ചു''
ഗൗരിയമ്മയുടെ യുഗാന്തവാർത്ത കേട്ട നിമിഷം മനസ്സിൽ വന്നത് പാഥേർ പാഞ്ചലി എന്ന നോവലിലെ ഈ വാക്യമാണ്.

നൂറ്റാണ്ടുകളായി സവർണ മേധാവിത്തത്തിൽ ഞെരിഞ്ഞമർന്ന കേരള ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉജ്ജ്വലപ്രതീകം കൂടിയായിരുന്നു ഗൗരിയമ്മ. പന്നോക്കസമുദായാംഗമായ ഒരു ധീരവനിതയെ വിപ്ലവ കേരളം രാഷ്ട്രീയാധികാരത്തിന്റെ ഉന്നതങ്ങളിലെത്തിച്ചു. ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു നിരാശരായ ജനലക്ഷങ്ങളിലൊരാളാണ് ഞാനും.

കോളേജിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഗൗരിയമ്മയെ പരിചയപ്പെടുന്നത്. ചങ്ങമ്പുഴയുടെ സഹപാഠിയായ ഗൗരിയമ്മയോട് ആ മഹാകവിയുമായുള്ള പരിചയത്തെക്കുറിച്ചാണ് ഞാൻ എന്നും ചോദിച്ചത്.

ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോൾ എനിക്കും വലിയ വിഷമമുണ്ടായി. അതിന്റെ ഫലമായിരുന്നു ആ കവിത. അതു വായിച്ച് എന്നെ വിളിച്ച് ഗൗരിയമ്മ പറഞ്ഞു: ‘എന്തൊക്കെയാടാ ചെറുക്കാ നീ എന്നെപ്പറ്റി എഴുതിവെച്ചിരിക്കുന്നത്?'

ജെ. എസ്. എസ്സിന്റെ പന്തളം സമ്മേളനത്തിൽ പ്രസംഗിക്കാൻ പവനനോടും സിനിമാതാരം സുകുമാരനോടുമൊപ്പം എന്നെയും ഗൗരിയമ്മ ക്ഷണിച്ചു. ഞാനും സുകുച്ചേട്ടനും മാറിനിന്നു സ്വകാര്യം പറയുന്നതു കണ്ട് അവർ അടുത്തുവന്ന് സുകുമാരന്റെ ചെവിക്കു പിടിച്ചു പറഞ്ഞു: ‘എന്താണ് രണ്ടുംകൂടി ഗൂഢാലോചന? പ്രസംഗം കഴിഞ്ഞുമതി കള്ളുകുടി.'

പാവങ്ങളുടെ വിമോചനത്തിനുവേണ്ടി ത്യാഗോജ്ജ്വലമായി ജീവിച്ച ആ ധീരവിപ്ലവകാരിക്ക് അന്തിമാഭിവാദ്യം.

​കെ.ആർ. ഗൗരിയമ്മയെ സി.പി.എമ്മിൽനിന്ന്​ പുറത്താക്കിയപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട്​ എഴുതിയ ‘ഗൗരി’ എന്ന കവിത പുനഃപ്രസിദ്ധീകരിക്കുന്നു

രയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി...
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഃഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മൾ ചരിതാർത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാൻമാർ അധികാരമേറി

തൊഴിലാളി വർഗ്ഗം അധികാരമേറ്റാൽ
അവരായി പിന്നേ അധികാരിവർഗ്ഗം
അധികാരമപ്പോൾ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിൻപേ കുതികൊൾവു ലോകം
വിജയിക്കു മുൻപിൽ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാൻ തൊഴിലാളിമാർഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം

അറിയേണ്ട ബുദ്ധി അറിയാതെപോയാൽ
ഇനി ഗൗരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൗരീ തളരുന്ന ഗൗരീ
കലിവിട്ടൊഴിഞ്ഞാൽ പടുവൃദ്ധയായി

മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂർ ചെന്നാൽ
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായിമാറും


Summary: ‘ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു നിരാശരായ ജനലക്ഷങ്ങളിലൊരാളാണ് ഞാനും’


ബാലചന്ദ്രൻ ചുള്ളിക്കാട്

കവി, നടൻ. പതിനെട്ടു കവിതകൾ, അമാവാസി, ഗസൽ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (സമ്പൂർണ സമാഹാരം), ചിദംബര സ്മരണ എന്നിവ പ്രധാന കൃതികൾ. ജി. അരവിന്ദന്റെ ‘പോക്കുവെയിലി’ൽ നായകനായിരുന്നു.

Comments