വസന്തത്തിലെ അവസാന ഇല

രാഷ്ട്രീയത്തിൽ ഇന്നും സ്ത്രീകളുടെ പ്രാതിനിധ്യം, പ്രാധാന്യം ഒന്നിനും വലിയ മാറ്റം വന്നിട്ടില്ല, ആകസ്​മികമായല്ലാതെയോ തലതൊട്ടപ്പന്മാർ ഇല്ലാതെയോ പോരാടി ജയിച്ചുവന്നവർ വളരെ വിരളം. അത്തരം സ്ത്രീകളെ തോൽപ്പിക്കാനാവില്ല എന്നത് ചരിത്രം. ​തോൽപ്പിക്കാനാവാത്ത ഒരു സ്​​ത്രീയായിരുന്നു കെ.ആർ. ഗൗരി

വിപ്‌ളവം ജയിക്കട്ടെ, വിഗ്രഹങ്ങൾ തകരട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ച നേതാക്കൾ പലരും ഒടുവിൽ വിഗ്രഹങ്ങളും ആരാധനാ മൂർത്തികളുമൊക്കെയായി എന്നത് ചരിത്രം. ആ മാറാപ്പ് ഇല്ലാതെ നമ്മെ കടന്നുപോയ ഒരു നൂറ്റാണ്ടായിരുന്നു കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായ കെ.ആർ. ഗൗരിയമ്മ.

കെ. ആർ. ഗൗരി എന്ന നേതാവ് ഇന്ത്യ കണ്ട മികച്ച രാഷ്ട്രീയ പോരാളിയും ഭരണകർത്താവും സംഘാടകയുമായിരുന്നു. നവ കേരളത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിനും ആധുനികതയ്ക്കും വഴിതെളിച്ച ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്ന കമ്യൂണിസ്റ്റ് നേതാവ്. എണ്ണിയെണ്ണിയെണ്ണിപ്പറയാൻ ഭരണ നേട്ടങ്ങങ്ങൾ ഒരുപാടുണ്ട് അവരുടെ പേരിൽ. എന്നാൽ കെ. ആർ. ഗൗരി എന്ന സ്ത്രീയെ, കമ്യൂണിസ്റ്റുകാരിയെ, രാഷ്ട്രീയക്കാരിയെ എന്നും ഓർമിക്കപ്പെടേണ്ടത് മറ്റു ചിലതുകൊണ്ടു കൂടിയാണ്.

ആകാതെ പോയ മുഖ്യമന്ത്രി

100 ശതമാനം അർഹതയുണ്ടായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആവാതെ പോയ വനിത. അവർ ഒരു സ്ത്രീ ആയതിനാലും പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളായതിനാലുമാവാം അവർക്ക് ആ അവസരം നിഷേധിക്കപ്പെട്ടത്. ‘കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ. ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യം 1987ലെ തെരഞ്ഞെടുപ്പ് കാലത്ത് ഒരു പി.ആർ കമ്പനിയും കണ്ടുപിടിച്ചതല്ലായിരുന്നു, കേരള ജനത തന്നെ നെഞ്ചേറ്റിയതായിരുന്നു. ഭരണ സാമർഥ്യത്തിലോ സംഘാടക മികവിലോ പാർട്ടിക്കൂറിലോ അവർക്കുള്ള മികവ് സംശയമൊന്നുമില്ലാതെ തെളിയിക്കപ്പെട്ടതുമാണ്. എന്നാൽ മുഖ്യമന്ത്രി പദം ഇ.കെ. നായനാർക്കായിരുന്നു. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും, അവർ വിശ്വസിച്ചിരുന്ന അവരുടെ പ്രസ്ഥാനത്തിലെ ചിലർ അവരുടെ ജാതിപ്പേര് വിളിച്ച് അപമാനിച്ചത് അവരോടുള്ള പാർട്ടിയുടെ സമീപനം തന്നെ വ്യക്തമാക്കുന്നതായിരുന്നു.

അനുസരണക്കേടുള്ള സ്​ത്രീ

വളരെ ജെൻഡർ ന്യൂട്രലായ, മൂർച്ചയുള്ള ഭാഷ സംസാരിക്കുന്ന, പരസ്യമായി ദേഷ്യപ്പെടാൻ മടി കാണിക്കാത്ത, ആർഭാടങ്ങളെ അലങ്കാരമായി കൊണ്ടു നടക്കാത്ത ഒരു സ്ത്രീയായിരുന്നു അവർ. പലപ്പോഴും അവർക്കെതിരെ വരുന്ന ആരോപണങ്ങൾക്കു പലതിനും മിസോജെനിക്കായ ഛായകളുണ്ടായി. അവരെ ഒരു സ്ത്രീശരീരം മാത്രമായി കാണുന്ന രീതിയിൽ പൊതു ഇടങ്ങളിൽ തന്നെ ആളുകൾ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് കേട്ടിട്ടുമുണ്ട്. അവരുടെ വ്യക്തി ജീവിതത്തെ ഇഴകീറി മുറിച്ച് വിമർശിച്ചിട്ടുണ്ട്.
ഏഴര പതിറ്റാണ്ടുമുമ്പ്​ കേരളത്തിൽ ഒരു സ്ത്രീ രാഷ്ട്രീയ രംഗത്തേക്ക് വരിക, നേതാവാകുക എന്നത് വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളും സ്ത്രീകളുടെ കൂടി പങ്കാളിത്തമുള്ള സമരവും ആ കാലഘട്ടത്തിലുണ്ടായിരുന്നു, സമൂഹിക രംഗത്തേക്ക് കടന്നു വന്ന ഒട്ടേറെ സ്ത്രീകളുമുണ്ടായിരുന്നു.

എന്നാൽ രാഷ്ട്രീയാധികാരത്തിന്റെ കാര്യമെത്തുമ്പോൾ അത് പുരുഷന്മാരുടേതുമാത്രമായി ചുരുങ്ങുന്ന കാഴ്ചയായിരുന്നു എവിടെയും.
നവോത്ഥാനത്തിന്റെ അതിർത്തികളും പരിധികളും നിശ്ചയിച്ചിരുന്നത് പുരുഷന്മായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങിലേക്ക് വരണം, അത്യാവശ്യത്തിന് തെരുവിലേക്കുമാകാം, പക്ഷേ ഭരിക്കാൻ വരേണ്ട. കടുത്ത അവിശ്വാസികളും വിപ്‌ളവകാരികളുമായ സഖാക്കളുടെ ആദർശവാദികളും ആചാര സംരക്ഷകരുമായ കാമുകി അല്ലെങ്കിൽ ഭാര്യ എന്ന ഇമേജാണല്ലോ ആ കാലഘട്ടത്തിലെ സ്ത്രീകളെ കുറിച്ച് ഒരു സാധാരണ കേരളീയന്റെ മനസ്സിലുള്ളത്. എന്നാൽ ഗൗരിയമ്മ അക്കാലത്ത് മതത്തിനപ്പുറം വിവാഹം കഴിക്കുകയും പാർട്ടി പിളർന്നപ്പോൾ രണ്ടു ചേരിയിലായി പാർട്ടിക്കുവേണ്ടി അവരുടെ വ്യക്തി ജീവിതം വേണ്ടെന്നു വയ്ക്കുകയും ചെയ്തത് പിന്നീടുള്ള ചരിത്രം. പിന്നീട് അനുസരണക്കേടിന്റെ കോളത്തിൽപ്പെടുത്തിയാണ് പാർട്ടി ആ ധീര സഖാവിനെ പുറത്താക്കുന്നതും.

സ്വാതന്ത്ര്യം കിട്ടിയ അന്ന്​ പതാക ഉയർത്തിയ ഗൗരി

ധീരയായിരുന്നു അവർ. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെയും കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയുമൊക്കെ ജന്മിമാരും മാടമ്പികളും കായികമായി നേരിടുന്ന കാലത്ത്, സർ സി.പിയുടെ ഉഗ്രശാസനങ്ങൾ ഭയത്തിന്റെ ഒരു ആവരണമായി നാടിനെ പൊതിഞ്ഞുനിന്ന കാലത്ത്, കമ്യൂണിസ്റ്റുകളുടെ ജീവിതം ജയിലിലും ഒളിവിലുമായ മാറിയ കാലത്ത്, ഒരു സ്ത്രീ വെല്ലുവിളികളെല്ലാം ഏറ്റെടുത്ത്​ പ്രസ്ഥാനത്തിനു വേണ്ടി നിൽക്കുക, അതിനെ നയിക്കുക, അഭിഭാഷകയായി അധ്വാനിച്ചുണ്ടാക്കിയ പണം പാർട്ടിക്കായി നൽകുക, അറസ്റ്റിലാവുക, ജലിലിലും ഒളിവിലും കഴിയുക - കെ.ആർ. ഗൗരി ഒരു സാധാരണ സ്ത്രീയല്ല, പോരാളി തന്നെയായിരുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് ചേർത്തലയിൽ പതാകയുയർത്താൻ സർ സി.പിയെ പേടിച്ച് എല്ലാവരും മാറി നിൽക്കെ അത് ചെയ്തത് കെ.ആർ.ഗൗരി എന്ന യുവ അഭിഭാഷകയായിരുന്നു. അക്കാലത്ത് പാർട്ടി യോഗങ്ങളൊക്കെ കഴിഞ്ഞ് രാത്രി വൈകിയും ഒറ്റയ്ക്ക് ഒരു പേടിയുമില്ലാതെ വീട്ടിലേക്ക് നടന്നും വള്ളം കയറിയുമൊക്കെ പോയ കഥകൾ അവർ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കെ. ആർ. ഗൗരിക്കു നേരെ നടന്ന പൊലീസ് അക്രമങ്ങളുടെയും ക്രൂരകൃത്യങ്ങളുടേയും കഥകളും എന്നും കേരള രാഷ്ട്രീയത്തിലെ ചുവന്ന അധ്യായങ്ങൾ തന്നെയായിരുന്നു.

പാർട്ടിയും പ്രസ്ഥാനവും അവർക്ക് വേണ്ടുവോളം അവസരം നൽകിയെന്നൊക്കെ ഇക്കാലത്ത് പലരും പറയുന്നത് കേട്ടിട്ടുണ്ട്. സത്യത്തിൽ പാർട്ടി ശരീരത്തിലെ പകരം വയ്ക്കാനാവാത്ത ഒരു അവയവമായിരുന്നു അവർ. പാർട്ടിക്ക് അവർ അനിവാര്യയുമായിരുന്നു. പുതിയ കാലം ഇത്തരം ഒരു നേതാവിനെ ആവശ്യപ്പെടുന്നുണ്ടാവില്ലായിരിക്കാം. പക്ഷേ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൽ അത് ഗൗരിയമ്മയെപ്പോലൊരു നേതാവിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നില്ല.

ഈഴവ സമുദായത്തിലെ ആദ്യ അഭിഭാഷക

സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ 10 മക്കളിൽ ഏഴാമത്തെയാളായിരുന്നു കെ.ആർ. ഗൗരി. പിതാവ് കളത്തിപ്പറമ്പിൽ രാമൻ അക്കാലത്ത് ഈഴവ സമുദായത്തിലെ പ്രമുഖ ഭൂവുടമയായിരുന്നു. ആ സമുദായത്തിന്റെ ഉന്നമനത്തിന് ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്​ത ആളായിരുന്നു. മക്കൾ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ ഗൗരിയമ്മയ്ക്ക് കിട്ടി. ഈഴവ സമുദായത്തിലെ ആദ്യ അഭിഭാഷകയായിരുന്നു അവർ. എങ്കിലും മകൾ രാഷ്ട്രീയത്തിൽ വരണമെന്ന് മാതാപിതാക്കൾ ഒരിക്കലും ആഗ്രഹിച്ചില്ല. പിതാവ് മരിക്കുവോളം അക്കാര്യം ഗൗരിയമ്മയെ ഓർമിപ്പിക്കാറുമുണ്ടായിരുന്നു. മികച്ച അഭിഭാഷകയായി പേരെടുക്കണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ പഠനകാലത്തു തന്നെ അവർ രാഷ്ട്രീയപ്രവർത്തനത്തിലിറങ്ങി. എ.കെ.ജി നയിച്ച ജാഥയിൽ പങ്കെടുത്തതിന് സെൻറ്​ തെരേസാസ് കോളജിൽനിന്ന് പുറത്താക്കലിന്റെ വക്കിലുമെത്തി.

നിറയെ സ്വർണാഭരണങ്ങളൊക്കെ അണിഞ്ഞ് എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു നടപ്പ് എന്നാണ് ഗൗരിയമ്മ അക്കാലത്തെ ഓർമിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തെ തുടർന്ന് പിന്നീട് ആ കുടുംബത്തിന്റെ 132 ഏക്കർ ഭൂമിയും സർക്കാരിനു നൽകി. ജയിൽവാസത്തിനു ശേഷം സ്വർണഭ്രമവും തീർന്നു. പിന്നീട് ടി.വി. തോമസിനെ വിവാഹം ചെയ്തപ്പോൾ ഒരു സ്വർണമാല യാണ് അണിഞ്ഞത്​.

സ്​ത്രീ പ്രാതിനിധ്യം എവിടെവരെ?

പുതിയ കാലത്തെ രാഷ്ട്രീയം വ്യത്യസ്തമാണ്. തുല്യത, നീതി തുടങ്ങിയ മൂല്യങ്ങൾക്കുവേണ്ടി ജീവിതം മുഴുവൻ മാറ്റിവച്ചയാളായിരുന്നു കെ. ആർ. ഗൗരി. മമതയും മായാവതിയും ജയലളിതയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് ഈ പെണ്ണുങ്ങൾ ഇന്ത്യ മുടിക്കുമെന്നും ഇന്ത്യ കണ്ട ഏക ആൺ മുഖ്യമന്ത്രി മമതയാണെന്നുമൊക്കെത്തന്നെയാണ് ഇന്നും ആളുകളുടെ സംസാരവും മനസ്സിലിരിപ്പും. കെ. ആർ. ഗൗരിയിൽനിന്ന്​ കങ്കണ റണൗട്ടിനെപ്പോലെയുള്ള യുവ വനിതാ നേതാക്കളിലേക്കുള്ള ദൂരം എത്രമാത്രമെന്ന് ചിന്തിച്ചാൽ മതി.
രാഷ്ട്രീയത്തിൽ ഇന്നും സ്ത്രീകളുടെ പ്രാതിനിധ്യം, പ്രാധാന്യം ഒന്നിനും വലിയ മാറ്റം വന്നിട്ടില്ല, ആകസ്​മികമായല്ലാതെയോ തലതൊട്ടപ്പന്മാർ ഇല്ലാതെയോ പോരാടി ജയിച്ചുവന്നവർ വളരെ വിരളം. അത്തരം സ്ത്രീകളെ തോൽപ്പിക്കാനാവില്ല എന്നത് ചരിത്രം. കേരളത്തിന് ഒരുപാട് നേട്ടങ്ങളും സ്വപ്നങ്ങളും തന്ന ഒരു വസന്തത്തിന്റെ അവസാന ഇലയായിരുന്നു കെ.ആർ. ഗൗരി. ആ വസന്തകാലമാണ് കൊഴിഞ്ഞത്.

Comments