ക്യാമറാമാൻ ഷാജികുമാർ ‘തുടരും’ എന്ന സിനിമയുടെ ലൊക്കേഷനിൽ.

തുടരും,
ഞങ്ങളുടെ
പ്രിയപ്പെട്ട
ഷാജികുമാർ...

ഷാജികുമാർ എന്ന ക്യാമറാമാനെയും സ്നേഹവും സൗഹൃദവും നിറഞ്ഞ വ്യക്തിയെയും ഓർക്കുകയാണ്, ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ കെ.ആർ. സുനിൽ. ‘തുടരും’ എന്ന സിനിമയ്ക്കൊപ്പം, നൂറിലേറെ ദിവസങ്ങൾ അദ്ദേഹവുമായി പങ്കിട്ട ജീവിതമാണ്, ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സുനിൽ ഓർത്തെടുക്കുന്നത്.

അന്തരിച്ച ക്യാമറാമാൻ ഷാജികുമാറുമായുള്ള ബന്ധം തുടങ്ങുന്നത് ‘തുടരും’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്കു മുൻപ് പ്രൊഡ്യൂസറായ രഞ്ജിത്തിനോടും മോഹൻലാലിനോടും പറഞ്ഞ സ്ക്രിപ്റ്റാണ് 'തുടരും' എന്ന സിനിമയുടേത്. തരുൺ മൂർത്തിയും ഞാനും കൂടിയാണ് പുതിയ രൂപത്തിലാക്കിയത്. സിനിമാറ്റോഗ്രാഫറായി വേണു വരണമെന്നായിരുന്നു എന്റെ ആഗ്രഹം, അല്ലെങ്കിൽ അദ്ദേഹത്തെപ്പോലെ ഒരാൾ. അങ്ങനെ, പത്തു വർഷം കടന്നുപോയി, അതിനിടെ, ഒന്നുരണ്ടു സംവിധായകർ വന്നു, അതൊന്നും നടന്നില്ല.

ആ സമയത്ത് ഇന്ത്യക്കകത്തും പുറത്തും ബിനാലെ അടക്കമുള്ള എക്സിബിഷനുകളുമായി ഞാൻ ഫോട്ടോഗ്രാഫിയുടെ പുറകെ പോയി. അപ്പോഴും ‘തുടരും’ എന്ന പ്രൊജക്റ്റിന്റെ ചർച്ച നടക്കുന്നുണ്ട്. ലാലേട്ടനും രഞ്ജിത്തേട്ടനുമെല്ലാം ഇതിനോട് താല്പര്യമുണ്ട്. ഞാനും സംസാരിക്കാറുണ്ടായിരുന്നു.

അങ്ങനെയാണ് രഞ്ജിത്തേട്ടനിലൂടെ തരുണിലേയ്ക്ക് എത്തുന്നത്. തരുണുമായി ചേർന്ന് ഞങ്ങൾ തിരക്കഥയുടെ പുതിയൊരു രൂപമുണ്ടാക്കി. ലാലേട്ടനെ അത് വായിച്ചുകേൾപ്പിച്ചു. വളരെ പെട്ടെന്നുതന്നെ അദേഹം നമുക്കത് ചെയ്യാമെന്ന് വാക്കുതന്നു.

ആരൊക്കെയാണ് ടെക്നീഷ്യന്മാരായി വേണ്ടത് എന്ന ചർച്ച തരുണും പ്രൊഡ്യൂസറും ഞാനും കൂടി നടത്തുന്നുണ്ടായിരുന്നു. ക്യാമറാമാൻ വേണുസാർ ആ സമയത്ത് നോർത്തിന്ത്യൻ യാത്രയിലായിരുന്നു. പിന്നെയുള്ളത്, രാജീവ് രവി, ഷൈജു ഖാലിദ് തുടങ്ങിയ സിനിമാറ്റോഗ്രാഫർമാരാണ്. ഇവരിൽ പലരും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളുമാണ്. പക്ഷെ, അവരൊയൊന്നും ആ സമയത്ത് ഒത്തുകിട്ടിയില്ല.

മോഹൻലാലിനോടും ‘തുടരും’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കുമൊപ്പം ഷാജികുമാർ.
മോഹൻലാലിനോടും ‘തുടരും’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കുമൊപ്പം ഷാജികുമാർ.

‘നമുക്ക് ഷാജിയെക്കൊണ്ട് ചെയ്യിക്കാം’ എന്ന് രഞ്ജിത്തേട്ടൻ പറഞ്ഞുകൊണ്ടിരുന്നു. ‘നരൻ’, ‘പുലിമുരുകൻ’ തുടങ്ങിയ സിനിമകൾ പോലെ കൊമേഴ്സ്യലായ, ​മറ്റൊരു തരത്തിലുള്ള വലിയ സിനിമകൾ ചെയ്ത വ്യക്തിയാണ് ഷാജികുമാർ. ആ സിനിമകൾ നമ്മൾ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ സിനിമ മറ്റൊരു സ്വഭാവത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ വലിയ പടങ്ങൾ ചെയ്തിട്ടുള്ള ഒരാളെന്ന രീതിയിൽ, ഷാജിയെയാണോ ഞങ്ങൾക്ക് വേണ്ടത് എന്ന സംശയമുണ്ടായി. കുറച്ചുകൂടി ഇമോഷൻസ് ഒക്കെ പിടിക്കുന്ന സിനിമാറ്റോഗ്രാഫറല്ലേ ആവശ്യം എന്ന ചർച്ചകൾ ഞങ്ങൾക്കിടയിൽ നടന്നു. ഞങ്ങൾ അത് രഞ്ജിത്തേട്ടനോട് പറയുകയും ചെയ്തു.

‘ഷാജിയ്ക്ക് നല്ല സ്ക്രിപ്റ്റ് സെൻസുണ്ട്, മാത്രമല്ല, അദ്ദേഹം നല്ലൊരു മനുഷ്യനാണ്’ എന്ന് രഞ്ജിത്തേട്ടൻ ഇടക്ക് പറയും. അപ്പോഴും ഞങ്ങളുടെ മനസ്സിലുള്ള ഷാജിയേട്ടൻ, വൻ സിനിമകൾ അല്ലെങ്കിൽ ‘ബ്രഹ്മാണ്ഡ’സിനിമകൾ ചെയ്യുന്ന ഒരാളാണ്. അത്തരം സിനിമകൾ ചെയ്ത ക്യാമറാമാൻ ആണോ ഞങ്ങളുടെ സിനിമയിൽ പ്രവർത്തിക്കുക എന്നൊരു ആശങ്കയുണ്ടായിരുന്നു. തരുൺ മുൻപ് ചെയ്ത സിനിമ ‘സൗദി വെള്ളക്ക’യായിരുന്നു. ഈ സിനിമകളുടെയൊക്കെ മൂഡുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. പക്ഷെ ‘തുടരും’ പിന്നീട് വലിയ തരത്തിൽ ഒരു കൊമേഴ്സ്യൽ സിനിമയായി മാറി എന്നതാണ് യാഥാർഥ്യം.ഞങ്ങളുടെ മനസിലുള്ള പലരെയും തരുണും ഞാനും ട്രൈ ചെയ്തുകൊണ്ടേയിരുന്നു. അവരൊക്കെ മറ്റു സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു. അപ്പോഴും രഞ്ജിത്തേട്ടൻ ആവർത്തിച്ചു; ‘ഷാജിയെ വിളിക്കട്ടെ, നിങ്ങളൊന്ന് സംസാരിക്കൂ’ എന്ന്. അങ്ങനെ ഷാജിയേട്ടൻ ഒരു ദിവസം പ്രീ പ്രൊഡക്ഷൻ നടക്കുന്ന സ്പേസിലേക്ക് വരികയായാണ്. പെരുമ്പാവൂരാണ് അദ്ദേഹത്തിന്റെ വീട്.

മഴയിലും പൊടിപിടിച്ച സ്ഥലത്തും ഫൈറ്റ് സീനുകളിലും, ഏറ്റവും ടഫ് ആയ ലൊക്കേഷനുകളിലെല്ലാം പലരും സേഫായ ഇടത്തേക്ക് മാറിനിൽക്കും. അദ്ദേഹം അങ്ങനെയല്ല; അതിലെല്ലാം ഇറങ്ങിനിന്ന്, അതിൽ ഇടപെട്ട്, അതിന്റെയൊരു സംതൃപ്തിയിലാണ് അദ്ദേഹം മടങ്ങുക.

ആ മനുഷ്യൻ ഞങ്ങളോട് സംസാരിക്കുമ്പോൾ മനസ്സിലായി, ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന, വലിയ സിനിമകൾ ചെയ്ത ഒരാളായിരുന്നില്ല അത്. അതീവ ശ്രദ്ധയോടെ അദ്ദേഹം ഞങ്ങളുടെ സ്ക്രിപ്റ്റ് കേട്ടു, ആ സ്ക്രിപ്റ്റിൽ അത്രയ്ക്കും ഇൻവോൾവ്ഡ് ആയി. എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തരുണുമായി ചർച്ച ചെയ്തു. തരുൺ, മനസ്സിലുള്ള കാര്യങ്ങൾ അദ്ദേഹത്തോടും പങ്കുവെച്ചു. അങ്ങനെ അദ്ദേഹം ഞങ്ങളുടെ ടീമിലെ ഒരാളായി, ഞങ്ങളുടെ ചേട്ടനെപ്പോലെ ഒരാളായി. അധികം സംസാരിക്കാത്ത, ശാന്തനായ ഒരു മനുഷ്യൻ. ശരിക്കും ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരാളേ ആയിരുന്നില്ല അദ്ദേഹം.

തരുൺ എന്ന സംവിധായകന് എന്താണോ വേണ്ടത് ആ രീതിയിൽ ഷാജിയേട്ടൻ ചെയ്തുകൊടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ടുകൂടിയാണ് ‘തുടരും’.
തരുൺ എന്ന സംവിധായകന് എന്താണോ വേണ്ടത് ആ രീതിയിൽ ഷാജിയേട്ടൻ ചെയ്തുകൊടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ടുകൂടിയാണ് ‘തുടരും’.

ഷൂട്ട് തുടങ്ങിയപ്പോഴായാണ് അദ്ദേഹത്തിന്റെ സമർപ്പണവും ജോലിയോടുള്ള പ്രതിബദ്ധതയും മനസ്സിലാക്കുന്നത്. ഹോട്ടലിൽനിന്ന് ലൊക്കേഷനിലെത്തിയാൽ അദ്ദേഹത്തിന് സിനിമ മാത്രമേയുള്ളൂ. മഴയിലും പൊടിപിടിച്ച സ്ഥലത്തും ഫൈറ്റ് സീനുകളിലും, ഏറ്റവും ടഫ് ആയ ലൊക്കേഷനുകളിലെല്ലാം പലരും സേഫായ ഇടത്തേക്ക് മാറിനിൽക്കും. അദ്ദേഹം അങ്ങനെയല്ല; അതിലെല്ലാം ഇറങ്ങിനിന്ന്, അതിൽ ഇടപെട്ട്, അതിന്റെയൊരു സംതൃപ്തിയിലാണ് അദ്ദേഹം മടങ്ങുക. ഫോട്ടോഗ്രാഫിയുടെ എല്ലാ ഏരിയയിലും അദ്ദേഹം എത്തും. അസിസ്റ്റന്റിനെ ഏൽപ്പിച്ച് മാറിനിൽക്കുന്ന പരിപാടിയില്ല. അദ്ദേഹം ഒന്ന് വിശ്രമിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ‘തുടരും’ എന്ന സിനിമയുടെ ഷൂട്ടിംഗിന് ഏകദേശം നൂറു ദിവസത്തിലേറെ ഞങ്ങൾ ലോക്കേഷനിലുണ്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം എ​ത്രയോ ഡെഡിക്കേറ്റഡ് ആയിട്ടാണ് അദ്ദേഹം വർക്ക് ചെയ്തിരുന്നത്. സ്വന്തം ശരീരത്തിനെക്കാളും ആരോഗ്യത്തെക്കാളും വലുതായിരുന്നു അദ്ദേഹത്തിന് സിനിമ.

തുടക്കത്തിൽ, ‘ഞങ്ങളുടെ രീതിയിലുള്ള ഒരാളല്ല’ എന്ന് തെറ്റിധരിച്ച ഒരു മനുഷ്യൻ. പിന്നീട് അദ്ദേഹം ഞങ്ങളിലേക്ക് വന്നു, ഞങ്ങളുടെ ഏറ്റവും അടുത്ത ഒരാളായി മാറിയ സന്ദർഭത്തിൽ തന്നെ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിൽനിന്ന് വിട്ടുപോയിരിക്കുന്നു; ഞങ്ങളെല്ലാം ആ വേർപാട് സഹിക്കുന്നതെങ്ങനെ?

‘തുടരും’ എന്ന സിനിമയുടെ വിജയം ഷാജികുമാർ എന്ന ക്യാമറാമാനും അവകാശപ്പെട്ടതാണ്. അത്രമാത്രം ആഴത്തിൽ ആ സിനിമയ്ക്കുവേണ്ടി അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ തീരുന്നതിനും അഞ്ചു ദിവസങ്ങൾമുൻപ് ഒരു ആർട്ട് റെസിഡൻസി കിട്ടി എനിക്ക് സ്വിറ്റ്‌സർലണ്ടിൽ പോവേണ്ടിവന്നു. ആ ഷെഡ്യൂളിലെ അവസാനത്തെ ചില ദിവസങ്ങളിലെ കാര്യങ്ങൾ ഞാൻ ഫോണിലൂടെ അറിയുന്നത് അവിടെ നിന്നാണ്. പാക്കപ്പ് കഴിഞ്ഞ് എനിക്കൊരു വീഡിയോ തരുൺ അയച്ചുതന്നു. അന്ന് തിരിച്ചുപോകുമ്പോൾ ലാലേട്ടൻ എല്ലാവരോടുമായി സംസാരിച്ചതിന്റെ വീഡിയോ ആയിരുന്നു അത്. ഭയങ്കര ഇമോഷണലായിട്ടായാണ് ലാലേട്ടൻ സംസാരിക്കുന്നത്. വീടുപോലെ തോന്നുന്ന ആൾക്കാരുള്ള, ഒരുപാട് നല്ല മനുഷ്യരുള്ള ഒരു സെറ്റിൽനിന്ന് പിരിഞ്ഞുപോകുന്ന, അത്യന്തം തീവ്രമായ വികാരവായ്പോടെയാണ് അദ്ദേഹം സംസാരിച്ചത്.

'തുടരും' സിനിമയുടെ ലൊക്കേഷനിൽ ഷാജികുമാറും മകൻ ആര്യനും.
'തുടരും' സിനിമയുടെ ലൊക്കേഷനിൽ ഷാജികുമാറും മകൻ ആര്യനും.

ഒരു സാധാരണ സെറ്റ് ആയിരുന്നില്ല, ‘തുടരും’ എന്ന സിനിമയുടേത്. തരുൺ, രഞ്ജിത്തേട്ടൻ, ശോഭന, പ്രകാശ് വർമ്മ, ഗോകുൽദാസ്, ഫർഹാൻ ഫാസിൽ, ഇർഷാദ്, ബിനു പപ്പു, പ്രൊഡക്ഷനിലെ ഡിക്‌സൺ, തരുണിൻ്റ ഡയറക്ഷൻ ടീം അങ്ങനെ എല്ലാവരും കുടുംബം പോലെയായിരുന്നു. ഷാജിയേട്ടൻ അവരിലെ പ്രധാന ഘടകമായിരുന്നു. അതുകൊണ്ടാണ് ലാലേട്ടനൊക്കെ അന്ന് ഇമോഷനലായി സംസാരിച്ചത്. അതിനെല്ലാമുപരി തരുൺ എന്ന സംവിധായകന് എന്താണോ വേണ്ടത് ആ രീതിയിൽ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ടുകൂടിയാണ് ‘തുടരും’.

ഷാജികുമാറിന്റെ ജീവിതപങ്കാളി സ്മിത നേരത്തെ മരിച്ചിരുന്നു. ആര്യനും സൂ​ര്യനുമാണ് മക്കൾ. ഷൂട്ടിന് ആര്യനുമായിട്ടാണ് വരിക. ‘തുടരും’ എന്ന സിനിമയിലുടനീളം തരുണിനെ ആര്യൻ അസ്സിസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യൻ ഷാജിയേട്ടന്റെ റൂമിലായിരുന്നു. അച്ഛനും മകനും ഒരുമിച്ചാണ് ഷൂട്ടിന് വരിക. പൂർണമായും ഒരു ഫാമിലിമാനായിരുന്നു അദ്ദേഹം. മക്കൾക്ക് അച്ഛനും അമ്മയുമൊക്കെ അദ്ദേഹമായിരുന്നു.

‘തുടരും’ എന്ന സിനിമയുടെ സക്സസ് സെലിബ്രേഷൻ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് നടന്നത്. അന്ന് ലാലേട്ടന്റെ കയ്യിൽ നിന്ന് ഞങ്ങളെല്ലാവരും മൊമന്റോ സ്വീകരിച്ചു. ഏറ്റവും സന്തോഷിച്ചിരുന്ന സമയമായിരുന്നു അത്. ലാലേട്ടന്റെ കൈയിൽനിന്ന് മൊമന്റോ വാങ്ങുമ്പോൾ ഷാജിയേട്ടൻ്റെ മുഖം ഞങ്ങൾക്കിപ്പോഴും ഓർമയുണ്ട്. അന്ന്, ഞങ്ങളെല്ലാവരും ആഹ്ലാദം പങ്കിട്ട ആ സ്ഥലത്തുതന്നെയാണ്, ഷാജിയേട്ട​നെ അവസാനമായി, ​പൊതുദർശനത്തിന് കിടത്തിയിരുന്നത്. അത് ഞങ്ങളെ ഏറെ വിഷമിപ്പിക്കുന്നു.

ഒരു സാധാരണ സെറ്റ് ആയിരുന്നില്ല, ‘തുടരും’ എന്ന സിനിമയുടേത്. തരുൺ, രഞ്ജിത്തേട്ടൻ, പ്രകാശ് വർമ്മ, ഗോകുൽദാസ്, ഫർഹാൻ ഫാസിൽ, ഇർഷാദ്, ബിനു പപ്പു, പ്രൊഡക്ഷനിലെ ഡിക്‌സൺ, തരുണിൻ്റ ഡയറക്ഷൻ ടീം  അങ്ങനെ എല്ലാവരും കുടുംബം പോലെയായിരുന്നു.
ഒരു സാധാരണ സെറ്റ് ആയിരുന്നില്ല, ‘തുടരും’ എന്ന സിനിമയുടേത്. തരുൺ, രഞ്ജിത്തേട്ടൻ, പ്രകാശ് വർമ്മ, ഗോകുൽദാസ്, ഫർഹാൻ ഫാസിൽ, ഇർഷാദ്, ബിനു പപ്പു, പ്രൊഡക്ഷനിലെ ഡിക്‌സൺ, തരുണിൻ്റ ഡയറക്ഷൻ ടീം അങ്ങനെ എല്ലാവരും കുടുംബം പോലെയായിരുന്നു.

അവസാനമായി അദ്ദേഹം സംസാരിച്ചത് ലാലേട്ടനോടാണ്. ഐ.സി.യുവിൽനിന്ന് റൂമിലേക്കു മാറി, ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് അദ്ദേഹം ലാലേട്ടനെ വീഡിയോ കോൾ വിളിച്ചത്. ‘ഞാൻ ഓക്കെയാണ്’ എന്നു പറയാനായിരുന്നു ആ അവസാന വിളി. എന്നെയും തരുണിനെയും രഞ്ജിത്തേട്ടനെയുമൊക്കെ സംബന്ധിച്ച് ‘തുടരും’ ഇന്ന് വല്ലാത്തൊരു ഓർമയാണ്. ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഒരാളെ, ഇവിടെവെച്ച്, നിശ്ചലശരീരമായി കാണേണ്ടിവന്നത് വല്ലാത്ത അവസ്ഥയാണ്.

'തുടരും' കഴിഞ്ഞതിനുശേഷം അദ്ദേഹം ‘ഒറ്റക്കൊമ്പൻ’ ചെയ്തു. പിന്നെ തരുണിന്റെ തന്നെ ‘അതിമനോഹരം’ എന്ന സിനിമയിൽ പ്രവർത്തിച്ചു. മറ്റൊരു സിനിമയിൽ പ്രവർത്തിക്കുന്നതിനിടെ, തരുണിന്റെ സിനിമയിൽ ഒറ്റ ദിവസത്തെ ഷൂട്ടിനുവേണ്ടി അദ്ദേഹം വന്നു. തന്റെ കയ്യൊപ്പ് ആ സിനിമകളിലൊക്കെയും വേണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സിനിമാട്ടോഗ്രാഫർ എന്നതിലുപരി അത്രയും സംവിധായകനോട് ചേർന്നുനിൽക്കുന്നയാളായിരുന്നു ഷാജിയേട്ടൻ.

തുടക്കത്തിൽ, ‘ഞങ്ങളുടെ രീതിയിലുള്ള ഒരാളല്ല’ എന്ന് തെറ്റിധരിച്ച ഒരു മനുഷ്യൻ. പിന്നീട് അദ്ദേഹം ഞങ്ങളിലേക്ക് വന്നു, ഞങ്ങളുടെ ഏറ്റവും അടുത്ത ഒരാളായി മാറിയ സന്ദർഭത്തിൽ തന്നെ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിൽനിന്ന് വിട്ടുപോയിരിക്കുന്നു; ഞങ്ങളെല്ലാം ആ വേർപാട് സഹിക്കുന്നതെങ്ങനെ?


Summary: K. R. Sunil shares his memories of cinematographer Shaji Kumar from the sets of the film Thudarum, recalling their experiences and moments behind the camera during the making of the film.


കെ.ആർ. സുനിൽ

ഫോട്ടോഗ്രാഫർ. ഇന്ത്യയിലും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തി. ‘റെഡ് ഡിവോഷൻ', ‘വാനിഷിങ് ലൈഫ് വേൾഡ്‌സ്' തുടങ്ങിയ ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Comments