ജോൺ പോൾ, ലളിത, ​നെടുമുടി, പ്രതാപ്​ പോത്തൻ; ഒടുവിൽ അവർ ഒന്നിച്ചായി...

മധുരനാരങ്ങയുടെ രുചി തീർത്ത വാക്കുകൾ നൽകി ജോൺപോൾ യാത്രയായിട്ട് ഒരു വർഷം പിന്നിടുന്നു. ജോൺപോൾ അന്നൊരിക്കൽ പറഞ്ഞത്; ‘ഇപ്പോൾ അവരെല്ലാം അവിടെ കൂടിയിരുന്ന് താഴേക്ക് നോക്കി പറയുന്നുണ്ടാവും, ജോൺ നമ്മളെക്കുറിച്ച് പറഞ്ഞാ ഇപ്പോ ജീവിക്കുന്നത് എന്ന്. പവിയുടെ തോളിൽത്തട്ടി ഭരതനായിരിക്കും അത് പറഞ്ഞിട്ടുണ്ടാവുക.' ആ കൂട്ടത്തിലേക്ക് ജോൺപോൾകൂടി ചേക്കേറി. ഇപ്പോൾ അവിടെ ഒരു സൗഹൃദാരവത്തിന്റെ കേളികൊട്ടുയരുന്നുണ്ടാവും.

സൗഹൃദങ്ങളെ, ആ അനുഭവങ്ങളെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരുന്ന ജോൺപോൾ, ഒരുപക്ഷെ, അധികമേറെ പറയാതിരുന്നത് തന്റെ ഏകാന്തയാനത്തെക്കുറിച്ചായിരിക്കും. അമ്ലരസമാർന്ന പഞ്ചാരമണലിലും പശിമയാർന്ന ആറ്റുവക്കത്തും താൻ നടന്നുതീർത്ത ഒറ്റയാൻ വഴിയെക്കുറിച്ച് ജോൺപോൾ ഒരിക്കൽ പറഞ്ഞതാണിത്. സ്വന്തമായ ആഖ്യാനരീതിയിലൂടെ കേൾവിക്കാർക്കുമുന്നിൽ ചിത്രം വരയ്ക്കുന്ന ജോൺപോളിനെക്കുറിച്ച്...

തൂക്കുപാത്രവും പിടിച്ചുപിടിച്ച് ജോൺ പോൾ എന്ന എട്ടുവയസ്സുകാരൻ വീടിന്റെ പിന്നാമ്പുറത്തുകൂടിയിറങ്ങി. പച്ചക്കറി വേലായുധേട്ടന്റെ വിടിന്റെ അരികിലൂടെ, മുസ്​ലിം സ്ട്രീറ്റിലേക്കുകടന്ന്, പാർസൽ ലോറികൾ ചരക്കിറക്കി അലസമായി പോകുന്ന ഇടുങ്ങിയ വഴികളിലൂടെ ഓടി, ഇടച്ചാലുകൾ ചാടിക്കടന്ന്, മാർക്കറ്റ് റോഡിലേക്കിറങ്ങി തിരിവ് തിരിഞ്ഞ്, ആവി പൊങ്ങുന്ന സമോവറിന്റെ അരികിലെത്തി തൂക്കുപാത്രം നീട്ടിപ്പിടിച്ചു.

‘‘വിരുന്നുകാർ വന്നേക്കണാണാ?'' ചായക്കടക്കാരന്റെ ചോദ്യം.
‘‘ആ, രണ്ട് ചായയും ഒരു പഴംപൊരിയും.''
‘‘അപ്പോ വല്യ വിരുന്നുകാരണല്ലാ?'' തൂക്കുപാത്രം വാങ്ങി സമോവറിനരികിലേക്ക് പോകുന്നതിനിടയ്ക്ക് ചായക്കക്കാരൻ ഇലയിൽ പൊതിഞ്ഞ് ഒരു പഴംപൊരി നീട്ടി- ‘‘ഇതു മോനാണ്. നീയിത് കഴിക്ക്..''

അക്കൗണ്ടിൽ പെടാതെ ചായക്കടക്കാരൻ ‘മാഷിന്റെ മോനു' കൊടുക്കുന്ന സമ്മാനമാണിത്. ആവി പറക്കുന്ന പഴംപൊരി ചിലപ്പോൾ ജോൺപോൾ അവിടെ നിന്നേ കഴിച്ചുതുടങ്ങും. കൈലിമുണ്ടിന്റെ കോന്തലകൊണ്ട് തൂക്കുപാത്രത്തിന്റെ അരികുകൾ തുടച്ച് ഒപ്പം പാൽച്ചിരിയുമായി ചായക്കടക്കാരൻ ചായപ്പാത്രപവും ഇലയിൽ പൊതിഞ്ഞ പഴംപൊരിയും നൽകും. ജോൺ സമ്മാനമായി കിട്ടിയ പഴംപൊരി തിന്നുകൊണ്ട് വീട്ടിലേക്ക് തിരിച്ചുനടക്കും. പിന്നാമ്പുറത്തെത്തി, അമ്മയുടെ കൈയിലേക്ക് ചായയും പഴംപൊരിയും നൽകി, അകത്തൂടെ ഉമ്മറത്തെത്തും. അവിടെ വന്നെത്തിയ അതിഥിയോട് അച്ഛൻ ചിലപ്പോൾ പറഞ്ഞെന്നു വരും:
‘‘ഇത് ഇളയവൻ, ജോൺപോൾ.''
അവർക്കുമുന്നിൽ ചിരിച്ച് നിൽക്കുമ്പോൾ അതിഥി ചിലപ്പോളെന്തെങ്കിലും ചോദിച്ചാലായി.

മുറ്റത്തിറങ്ങിയാൽ എറണാകുളത്തെ തിരക്കാർന്ന മാർക്കറ്റ് റോഡ്, ഒഴിഞ്ഞുകിടക്കുന്ന പീടികകൾക്കിപ്പുറം റോഡിനും മുറികൾക്കുമിടയിലായി പപ്പടവട്ടങ്ങൾ വെയിലു കായ്ക്കാനിട്ടിട്ടുണ്ടാവും. കുരുമുളകും മസാലയുമുള്ള പപ്പടങ്ങൾവരെ വെയിലിൽ ഉണങ്ങുന്നുണ്ടാവും. റോഡിന്റെ മറ്റൊരുവശത്ത് പാർസൽ ലോറികൾ വന്ന് കണക്കുകൊടുത്തു പോകുന്ന പാർസൽ ഓഫീസ്. അവഅതിലൊന്നിൽ എന്നും ഒരു ചെറുപ്പക്കാരൻ കുത്തിക്കുറിച്ച് പുസ്തകത്തിലേക്ക് തലയിട്ട് ഇരിക്കുന്നുണ്ടാവും.

‘‘ഇയാൾക്ക് എന്താണിത്ര കുത്തിമുറിക്കാനുള്ളത്? പാർസൽ ലോറികൾക്ക് ഇത്രയും കണക്കെഴുതാനുണ്ടോ? ഉണ്ടാവുമായിരിക്കും!''

വാതിലാക്കുന്ന മരപ്പലകകൾ അടക്കിവച്ചിരിക്കുന്നതിന്റെ അടുത്തുപോയി പലവട്ടം നോക്കിനിന്നിട്ടുണ്ട് ജോൺ. ചായ കുടിക്കുകയാണെങ്കിൽ ജോണിനും ഒരു ചായ വരുത്തിച്ച് ചിരിക്കുമായിരുന്നു ആ കണക്കെഴുത്തുകാരൻ. അന്നൊന്നുമല്ല, പിന്നീട് എപ്പോഴോ ആണ്, അവിടെ ചുറ്റിപ്പറ്റിനിന്ന ജോണിനെ അദ്ദേഹം അടുത്ത് വിളിച്ചത്.
‘‘വാ, നിനക്ക് ഞാനൊരു കഥ കേൾപ്പിച്ചുതരാം.''
ആവേശത്തോടെ ജോൺപോൾ മുന്നിലെ മരസേരയിലേക്കിരുന്നു. പാർസൽ കണക്കിന്റേതല്ലാത്ത മറ്റൊരു നോട്ടുപുസ്തകത്തിൽ കണ്ണിട്ട് അദ്ദേഹം വായിച്ചുതുടങ്ങി. കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒരു കഥയുടെ തുടക്കം അവിടെ നിന്നായിരുന്നു ജോൺ പഠിച്ചുതുടങ്ങുന്നത്.
‘‘അപ്പോൾ ഇതാണ് സംഭവം. രാത്രിയാവോളം ഇവിടെയിരുന്ന് കുത്തിക്കുറിക്കുന്നത് കഥകളാണ്. കണക്കല്ല...'' ജോൺപോൾ മനസിൽ കുറിച്ചിട്ടു. എ.കെ. പുതുശ്ശേരി എന്ന സാഹിത്യകാരൻ കണക്കുകൂട്ടങ്ങൾക്കിടയിൽ എഴുതിക്കൂട്ടിയ കഥകളാണ് ജോൺപോൾ ആദ്യമായി കഥാകാരനിൽനിന്ന്​ നേരിട്ടു കേൾക്കുന്ന കഥ.

പാർസൽ ഓഫിസിനോടു ചേർന്നുതന്നെയാണ് മുട്ടയും ഏത്തക്കായയും ഡ്രൈഫ്രൂട്ട്സും മാർക്കറ്റിൽ വിൽപന നടത്തുന്ന ജൂതന്മാരുടെ ഗോഡൗൺ, മുസ്​ലിം സ്ട്രീറ്റിൽ ജോൺപോളിന്റെയും പച്ചക്കറി വേലായുധേട്ടന്റെയും വീടൊഴിച്ചാൽ ബാക്കിയെല്ലാം മുസ്​ലിം വീടുകളായിരുന്നു. ഗോഡൗണിൽ ചരക്കെടുക്കാനും വൈകിട്ട് തിരിച്ചുകൊണ്ടുവയ്ക്കാനും വരുന്ന ജൂതന്മാരും അവിടുത്തുകാരെപ്പോലെത്തന്നെയായി മാറിയിരുന്നു. പാർസൽ ലോറികളുടെ ഇരമ്പലിനും ഹോണടി ശബ്ദത്തിനും തൊട്ടടുത്ത ചന്തയിലെ കലപില ശബ്ദത്തിനും ചെവി നൽകാതെ, പോച്ച വേഷമണിഞ്ഞ ജൂതരുടെ അമ്മയും കച്ചയും മുണ്ടുമിട്ട മുസ്​ലിം ഉമ്മയും മുണ്ടും നേരിയതുമിട്ട വേലായൂട്ടന്റെ ഭാര്യയും ചട്ടയിട്ട് ജോൺ പോളിന്റെ അമ്മയും സൊറ പറഞ്ഞു നിൽക്കുന്നുണ്ടാവും. അവർക്കിടയിലൂടെയും ലോറിച്ചന്തയിലൂടെയും ജോൺ പോൾ എന്ന എട്ടുവയസ്സുകാരൻ നടന്ന് നേരം കളയുന്നുണ്ടാവും.
ജോൺപോളിന്റെ കൂടി അധ്യാപകനായ അച്ഛന് പെട്ടെന്നായിരുന്നു പാലക്കാട്ടേക്ക് സ്ഥലംമാറ്റം കിട്ടിയത്. നഗരത്തിരക്കിലെ മൂന്നരസെന്റിൽനിന്ന്​മൂന്നരയേക്കറിലേക്കുള്ള മാറ്റം. എറണാകുളത്തെ ലോറിച്ചന്തയിലെന്നപോലെ ചിറ്റൂരിലെ മൂന്നരയേക്കർ മരങ്ങൾക്കിടയിലും ജോൺപോൾ വഴികൾ തീർത്തു. അവിടെയും ഒറ്റയ്ക്കായിരുന്നു. മൂത്ത സഹോദരങ്ങളെ അങ്ങോട്ട് കൊണ്ടുവന്നിരുന്നില്ല. രാവിലെ ഏഴരയ്ക്ക് തുടങ്ങി പതിനൊന്നരയ്ക്ക് അവസാനിക്കുന്ന ക്ളാസിൽ നിന്നും ഏകാന്തതയുടെ വഴിത്താര തീർത്ത പറമ്പായിരുന്നു ജോൺപോളിന്റെ കളിക്കൂട്ട്.

എം.ടി. വാസുദേവൻ നായർ, ജോൺ പോൾ
എം.ടി. വാസുദേവൻ നായർ, ജോൺ പോൾ

വിഷു ആഘോഷങ്ങളും ഉത്സവത്തിന്റെ നാളുകളിൽ കുതിരപ്പുറത്ത് കൊമ്പൻ രാജാവ് യാത്ര ചെയ്യുന്നതും കൗതുകത്തോടെ കണ്ടു നടന്നു. ഒറ്റയ്ക്കുള്ള അലച്ചിൽ കണ്ട് അച്ഛൻ ജോൺ പോളിനെ ഒരുദിവസം വായനശാലയിലേക്ക് കൂടെ കുട്ടി. വായനശാലയിലെ ആദ്യം കണ്ട ഷെൽഫിൽ നിന്നും കട്ടിയുള്ള ഒരു പുസ്തകവുമായാണ് ജോൺപോൾ മടങ്ങിയത്. വായിച്ചിട്ട് ഒന്നും മനസിലാകുന്നില്ല. രണ്ടാമതും അതേ ഷെഫിൽ നിന്നു തന്നെ പുസ്തകമെടുത്തു. അതിലും ജോൺപോളിന്റെ കുഞ്ഞുതലയിലേക്ക് കയറിച്ചെല്ലുന്ന ഭാഷയായിരുന്നില്ല. ഷെൽഫ് ഒന്നു മാറ്റിപ്പിടിച്ചു. അവിടെ നിന്നെടുത്ത പുസ്തകം ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ പറ്റുന്നു. പുസ്തകത്തിലെ കഥാപാത്രമായി സ്വയം സങ്കൽപ്പിക്കാൻ പറ്റുന്നു. ആ ഷെൽഫിലെ മുഴുവൻ പുസ്തകവും വായിച്ചു തീർത്തപ്പോഴാണ് അച്ഛൻ മകന്റെ വായനയെക്കുറിച്ച് അന്വേഷിക്കുന്നത്. ആദ്യത്തെ രണ്ട് പുസ്തകമൊഴിക്കുക ബാക്കിയെല്ലാം ഡിറ്റക്ടീവ് നോവലുകൾ. അച്ഛൻ പേടിച്ചു പോയി. പെട്ടെന്ന് തിരുത്താനും പറ്റില്ല. അന്ന് ഒരു പുസ്തകം അച്ഛൻ മകനെ ഏൽപ്പിച്ചു. പുസ്തകവായനയിൽ രസം പിടിച്ച ജോൺപോൾ ആ പുസ്തകം ആർത്തിയോടെ വായിച്ചു. സങ്കൽപ്പങ്ങൾക്കപ്പുറത്ത് ചിറ്റൂരിലെ വഴികളിലോ മറ്റോ കണ്ടു മറന്ന മുഖമുള്ള കഥാപാത്രങ്ങൾ, ജീവിതങ്ങൾ, ആ പുസ്തകത്തിന്റെ തലക്കെട്ട് ആവർത്തിച്ചു വായിച്ചു, ‘നാലുകെട്ട്, എം. ടി. വാസുദേവൻ നായർ.'

വായനാശീലവുമായാണ് ഒന്നരവർഷത്തിനുശേഷം പാലക്കാടുനിന്ന് ജോൺപോൾ വീണ്ടും എറണാകുളത്തേക്ക് അച്ഛന്റെ ട്രാൻസ്ഫറിനൊപ്പം വരുന്നത്. വിമോചന സമരപശ്ചാത്തലത്തിൽ എറണാകുളത് സ്‌കൂളുകൾ തുറക്കാൻ വൈകിയിരുന്നു. ഇടവേളയുടെ പരിചയക്കുറവൊന്നും ബാധിക്കാതെ ജോണും എറണാകുളത്തെ സ്‌കൂളിലെ അംഗമായി. ക്രിസ്തുമസ് അവധിക്കാലത്തിനായി സ്‌കൂൾ അടയ്ക്കുന്ന അവസാനദിവസം, മുതിർന്ന ക്ളാസിലെ ജോണിന്റെ കൂട്ടുകാരായവർ അരികിലെത്തി പറഞ്ഞു:
‘‘ഞാനിനി ഈ സ്‌കൂളിലേക്ക് വരില്ല. ഞങ്ങൾ പോവുകയാണ്.''
‘‘എങ്ങോട്ട്?''
‘‘ഞങ്ങളുടെ നാട്ടിലേക്ക്.''
‘‘അപ്പോ ഇതോ?''
‘‘ഞങ്ങളുടെ നാട് ഇസ്രായലാണ്. ദൈവത്തിന്റെ നാട്.''
‘‘അപ്പോ ഇത് ദൈവത്തിന്റെ നാടല്ലേ?''

 മഹാരാജാസ് കോളേജ്
മഹാരാജാസ് കോളേജ്

ജോൺ പോളിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അവർ യാത്ര പറഞ്ഞു.
ഒരു മയിൽപ്പീലി തുണ്ടോ, ഗോട്ടിയോ പരസ്പരം കൈമാറി സുഹൃത്തുക്കളായ അവരുടെ യാത്ര, കടലേഴും കടന്നുള്ള അവരുടെ നാട്, പെട്ടെന്ന് ബന്ധങ്ങൾ കപ്പൽ കയറി എന്നന്നേക്കുമായി പിരിയുന്നുവെന്നു തോന്നിയപ്പോൾ ജോൺ കരഞ്ഞു. ആ വിരഹവേദനയ്ക്ക് ഒരു അധ്യയനവർഷത്തിന്റെ ആയുസ്സേ ഉണ്ടാവുകയുള്ളൂവെങ്കിലും വഴിയിൽ നഷ്ടപ്പെട്ടുപോയ കൂട്ടുകാരനെ പിന്നെയും ഓർമ്മിക്കും, ‘‘അവൻ എന്നെയൊക്കെ മറന്നുകാണുമോ? ഇനി അവൻ തിരിച്ചുവരുമോ?'' എന്നിങ്ങനെ ആർക്കും ഉത്തരം നൽകാനാവാത്ത ചോദ്യങ്ങൾ. മാർക്കറ്റ് റോഡിൽ നിന്നും കലൂരിലേക്കുള്ള താമസമാറ്റത്തിലുടെ ആ സ്‌കൂളുകളെ ജോണിനും ഉപേക്ഷിക്കേണ്ടി വന്നു.

സ്‌കൂൾ പഠനത്തിൽ നിന്ന്​ കോളേജിലേക്ക് ജോൺപോൾ വളർന്നു. ഇസ്രയേലിലേക്ക് പോയ പഴയ സഹപാഠികളും അവരുടെ പിതാക്കന്മാരും മസാലദോശയും ഉഴുന്നുവടയും ഉണ്ടാക്കി മലയാളികളെ കാത്തിരിക്കാറുണ്ടായിരുന്നുവെന്നും പാടത്തെ ജോലിക്കിടയിൽ കോഴിക്കോട് അബ്ദുൾ ഖാദറിന്റെയൊക്കെ പാട്ടുകൾ പാടി കേരളത്തെ ഓർക്കാറുണ്ടെന്നും അറിഞ്ഞു. ‘എങ്കിലും മറന്നില്ലല്ലോ' എന്ന് ജോൺ പോൾ ആശ്വാസം കൊണ്ടു.
അച്ഛനാൽ നയിക്കപ്പെട്ട വിദ്യാഭ്യാസജീവിതത്തിൽ ഇഷ്ടക്കേടിന്റെ പൊരുത്തമില്ലായ്മയായിരുന്നിട്ടും ജോൺ കോളേജിലേക്ക് ആവേശത്തോടെ പോകുമായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, മഹാരാജാസ് കോളേജ് എന്ന എക്കാലത്തെയും വിസ്മയസാമ്രാജ്യം തന്നെയായിരുന്നു. ഇക്കണോമിക്സിന്റെ കണക്കുകൂട്ടലുകൾക്ക് ചേരാതെ ക്ലാസ്സിൽനിന്നും സ്വയം നിഷ്‌കാസിതനായി സാഹിത്യക്ലാസ്സുകളിൽ അഭയംകൊണ്ടു. പക്ഷെ, മഹാരാജാസ് കാലം അവസാനിക്കരുതെന്ന് ആഗ്രഹിച്ച് മാത്രം ഇക്കണോമിക്സിലേക്കും ശ്രദ്ധിച്ചു. എം.എ. പഠനം കൂടി മഹാരാജാസിൽത്തന്നെ ആടിത്തിമർത്തു.

കോളേജ് വിട്ടിറങ്ങിയപ്പോൾ ജോണിനെ കാത്ത് എന്നതുപോലെ കാനറാബാങ്കിൽ ജോലിയുണ്ടായിരുന്നു. ഒട്ടും ചേരാത്ത വസ്ത്രത്തിന്റെയുള്ളിൽ ഞെരിപിരി കൊള്ളുന്ന മനസ്സുമായി ജോൺ ആ കുപ്പായമിട്ടു. ഈ ജോലിയിൽ നിന്നായിരിക്കില്ല താൻ റിട്ടയർ ചെയ്യുന്നതെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു ജോൺ അവിടെ തുടങ്ങിയത്. ഓർമകൾ വിളഞ്ഞുനിൽക്കുന്ന വഴിത്താരകൾ മാടിവിളിക്കുന്ന തന്റെ മനസ്സിൽ മഥിപ്പിക്കുന്ന എന്തോ ഒന്നിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്.

മധുരമുന്തിരി തിന്ന കുരങ്ങനെപ്പോലെ വയറുനിറഞ്ഞെങ്കിലും പോയി നൊട്ടിനുണഞ്ഞ് മഹാരാജാസിലേക്ക് ചാട്ടം ചാടിക്കൊണ്ടിരുന്ന മനസ്സായിരുന്നു അന്ന്. പ്രണയം നിത്യഹരിതമായി നിൽക്കുന്ന മരഗോവണിപ്പടികളിൽ നിന്നും തിരിച്ചിറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല ജോണിന്. താൻ വന്ന വഴികൾ മാത്രമല്ല, മുമ്പേ നടന്നുപോയ മഹാരഥന്മാരുടെ ഓർമ്മകൾ പഴുത്തുനിൽക്കുന്ന സ്ഥലങ്ങളിലും ‘പൂവലനണ്ണാർക്കണ്ണാ, മാമ്പഴം തരിക...' എന്ന് ഉൾപ്പൂവാർന്ന മനസ്സോടെ ചാരിനിന്നിട്ടുണ്ട് ജോൺ. ബഷീറും മറ്റും കപ്പലണ്ടി കൊറിച്ച് ഈ ലോകത്തെ തലതിരിച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ടായിരുന്ന ഷൺമുഖം റോഡിലെ ബെഞ്ചിലും സി.ജെ. തോമസ് - റോസി തോമസ് പ്രണയം പുത്തുനിൽക്കുന്ന കാലത്ത്, ‘ആരെങ്കിലും പറയുന്നെങ്കിൽ പറയട്ടെ. നിനക്ക് ഞാനിന്ന് ബിരിയാണി വാങ്ങിത്തരും' എന്നു പറഞ്ഞ് കയറിയ ഹോട്ടലിലും ആയിരം പ്രണയങ്ങൾക്കു സാക്ഷിയായ മഹാരാജാസിലെ മുത്തശ്ശിമരച്ചോട്ടിലും തന്റെതല്ലാത്ത ഓർമ്മകളെ തെരഞ്ഞ് ജോൺപോൾ അലഞ്ഞു. പകലിൽപ്പോലും ഇരുട്ടിനെ ഒളിപ്പാർപ്പിക്കുന്ന മുത്തശ്ശിമരത്തിന്റെ ഒരു രാത്രിയിൽ, കനമാർന്ന ചോട്ടിൽ പി. കുഞ്ഞിരാമൻ നായർ എന്ന കവിക്കൊപ്പം പോയിരുന്ന് കഥകൾ പറഞ്ഞിരുന്നപ്പോഴാണ് കാനായി കുഞ്ഞിരാമനെയും അരവിന്ദനെയും ഭരതനെയുമൊക്കെ ജോൺപോളിന് സുഹൃത്തുക്കളായി കിട്ടുന്നത്.

സിനിമയെന്നോ, തിരക്കഥാകൃത്തെന്നോ കരുതിത്തുടങ്ങിയാതായിരുന്നില്ല ഈ സൗഹൃദങ്ങളൊന്നും. ഒഴുകുന്ന നദിയോടാണ് ജോൺ ആ സൗഹൃദത്തെ ചേർത്തുവയ്ക്കുന്നത്. ആ മുത്തശ്ശിമരത്തിന്റെ ചോട്ടിലൂടെ ഒഴുകിപ്പരക്കുന്നതിനിടയിൽ എത്തിപ്പെട്ടുപോയ ഒരുപാടുപേർ. അവരെല്ലാം അവരുടേതായ അടയാളപ്പെടുത്തലുമായി കടന്നുപോകുന്നു. അവരിൽ പലരും ചെയ്യുന്ന, സാഹിത്യത്തിൽ, സിനിമയിൽ തനിക്ക് എന്ത് റോളാണുള്ളത് എന്ന ചോദ്യത്തിലല്ല, അതിലൊക്കെയും താനുമുണ്ട് എന്ന ഉത്സാഹത്തിലായിരുന്നു ഓരോരുത്തരും കൂടിച്ചേർന്നിരുന്നത്.

ലോഹിതദാസ്, പവിത്രൻ, ജോൺ പോൾ
ലോഹിതദാസ്, പവിത്രൻ, ജോൺ പോൾ

ആരവം' ഇറങ്ങി പരാജിതന്റെ ഈങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഭരതന് കൂട്ടിരിക്കുകയായിരുന്നു ഒരുനാൾ ജോൺപോളും ജോർജ്ജ് കിത്തുവും. ഇടയ്ക്കെപ്പോഴൊക്കെയോ ഊർന്നുപോയി അരണ്ടവെളിച്ചത്തിൽ അഭയംകൊള്ളുന്ന ഭരതന്റെ തലയിൽ തണുനെല്ലിക്കത്തുള്ളിയാകാനായിരുന്നു ജോൺപോളിന്റെ ശ്രമം. ആശ്വസിപ്പിക്കാനും രസിപ്പിക്കാനും വാക്കുകളെ മാത്രം ആശ്രയിക്കുന്ന ജോൺപോൾ നെല്ലിക്കാത്തളത്തിലേക്ക് തണുപ്പ് കോരിയിട്ട് ഒരു അനുഭവ കഥ പറയുന്നു. കമലിന്റെ അമ്മാവൻ പടിയൻ അനുഭവിച്ച കോളേജ് ജീവിതത്തിന്റെ നനുത്തസ്മരണികയായിരുന്നു ആ കഥ.

ഒരു കോളേജ് പ്രണയം പശ്ചാത്തലമാക്കി സിനിമ ചെയ്യണമെന്ന് മോഹിച്ച ഭരതന് ജോൺപോളിന്റെ കഥാചികിത്സ ഫലം കണ്ടു. അങ്ങനെയാണ് ജോൺപോൾ ആ കഥ സിനിമയിലേക്ക് പരിവർത്തനം ചെയ്ത് തുടങ്ങുന്നത്. അരവിന്ദനും പത്മരാജനും നിർബന്ധിച്ചുകൊണ്ടിരുന്നു. ‘ചാമരം' എന്ന അതുവരെ കേൾക്കാത്ത പ്രണയത്താരയായിരുന്നു ഭരതന് നൽകിയ ജോൺ പോളിന്റെ സമ്മാനം.

ലക്ഷ്യബോധമില്ലാതെ ഒഴുകിയിരുന്ന ഒരു സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ അരുവിയായിരുന്നു ജോൺപോൾ. കാലം ഓരോ ഘട്ടങ്ങളിലൂടെ കടത്തിവിട്ട് ചുരന്നെടുത്തതാണ് തന്റെ യാനം എന്ന് ജോൺപോൾ കരുതുന്നു. അധ്യാപനം തന്റെ ജോലിയല്ലെന്ന് തിരിച്ചറിഞ്ഞ ജോൺപോൾ വാക്കുകളുടെ ലോപമില്ലാതെ, ഭാഷയുടെ പൊലിമയിൽ നിരവധി ക്ലാസ്സുകളെടുത്തു. ഒരു കഥ പോലും എഴുതാത്ത ജോൺപോൾ തിരക്കഥാകൃത്തായി ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി.

ചാമരം സിനിമയിൽ നിന്നുള്ള രംഗം
ചാമരം സിനിമയിൽ നിന്നുള്ള രംഗം

ജോൺപോൾ തന്റെ സൗഹൃദങ്ങളെക്കുറിച്ച് ഒരുപാട് പറഞ്ഞു, ഒരുപാട് എഴുതി; അവർ അർഹിക്കുന്ന വാക്കുകളിലൂടെ.
മധുരനാരങ്ങയുടെ രുചി തീർത്ത വാക്കുകൾ നൽകി ജോൺപോൾ യാത്രയായിട്ട് ഒരു വർഷം പിന്നിടുന്നു. ജോൺപോൾ അന്നൊരിക്കൽ പറഞ്ഞത്; ‘‘ഇപ്പോൾ അവരെല്ലാം അവിടെ കൂടിയിരുന്ന് താഴേക്ക് നോക്കി പറയുന്നുണ്ടാവും, ജോൺ നമ്മളെക്കുറിച്ച് പറഞ്ഞാ ഇപ്പോ ജീവിക്കുന്നത് എന്ന്. പവിയുടെ തോളിൽത്തട്ടി ഭരതനായിരിക്കും അത് പറഞ്ഞിട്ടുണ്ടാവുക.''
ആ കൂട്ടത്തിലേക്ക് ജോൺപോൾകൂടി ചേക്കേറി. ഇപ്പോൾ അവിടെ ഒരു സൗഹൃദാരവത്തിന്റെ കേളികൊട്ടുയരുന്നുണ്ടാവും. പ്രിയപ്പെട്ട ജോണും, ലളിതയും വേണുവും പ്രതാപ് പോത്തനും എല്ലാവരും അവിടേക്കെത്തിയല്ലോ. ഒറ്റയ്ക്കുള്ള ജോണിനേക്കാൾ കൂട്ടത്തിലുള്ള ജോണായിരുന്നല്ലോ ജോൺപോളിനുമിഷ്ടം.


Summary: മധുരനാരങ്ങയുടെ രുചി തീർത്ത വാക്കുകൾ നൽകി ജോൺപോൾ യാത്രയായിട്ട് ഒരു വർഷം പിന്നിടുന്നു. ജോൺപോൾ അന്നൊരിക്കൽ പറഞ്ഞത്; ‘ഇപ്പോൾ അവരെല്ലാം അവിടെ കൂടിയിരുന്ന് താഴേക്ക് നോക്കി പറയുന്നുണ്ടാവും, ജോൺ നമ്മളെക്കുറിച്ച് പറഞ്ഞാ ഇപ്പോ ജീവിക്കുന്നത് എന്ന്. പവിയുടെ തോളിൽത്തട്ടി ഭരതനായിരിക്കും അത് പറഞ്ഞിട്ടുണ്ടാവുക.' ആ കൂട്ടത്തിലേക്ക് ജോൺപോൾകൂടി ചേക്കേറി. ഇപ്പോൾ അവിടെ ഒരു സൗഹൃദാരവത്തിന്റെ കേളികൊട്ടുയരുന്നുണ്ടാവും.


Comments