ജീവിതദശയിൽ ഒരുപാട് പ്രമുഖരുടെ വേർപാടും അതുണ്ടാക്കുന്ന വേദനയും അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അക്ഷരാർത്ഥത്തിൽ വ്യക്തിപരമായ അനാഥത്വമായി വി.എസിൻ്റെ അസാന്നിദ്ധ്യം അനുഭവിയ്ക്കേണ്ടിവരികയാണിന്ന്. അടുത്ത ബന്ധുക്കളുടെ നിര്യാണം പോലും ഇത്രമേൽ ഒറ്റപ്പെടൽ അനുഭവിപ്പിച്ചിട്ടില്ല. എനിക്കു മാത്രമല്ല, വി.എസ്സിനെ ഒരിക്കലും സമീപത്തുനിന്ന് കണ്ടിട്ടില്ലാത്ത ധാരാളം സുഹൃത്തുക്കൾ ഇത്തരമൊരു വികാരം പങ്കുവെയ്ക്കുന്നു. തെരുവിൽ പതിവില്ലാതെ, കണ്ണിരിൽ കുതിർന്നും തൊണ്ടയിടറിയും മുദ്രാവാക്യം വിളിയ്ക്കുന്ന ചെറുപ്രായക്കാരും ഇത്തരം ഒരനാഥത്വം പേറുന്നുണ്ടാവുമോ?
എനിക്ക് വി.എസ് വെറും രണ്ടക്ഷരങ്ങൾ മാത്രമല്ല. പൊതുപ്രവർത്തകരായിരിക്കെ ഞങ്ങൾ പലപ്പോഴും അറിയപ്പെട്ടിരുന്നത് വി.എസ് അനുകൂലികൾ എന്ന പേരിലായിരുന്നു. അതൊരു ഭാരമായി കൊണ്ടുനടക്കാതെ ഒരു ഉത്തരവാദിത്വമായും, അഭിമാനമായും സ്വീകരിച്ചവരാണ് ഞങ്ങൾ.
തിരക്കിനിടെ മക്കളെ ശ്രദ്ധിക്കാതിരിക്കരുത്, അവർക്ക് സമയത്തിന് ഭക്ഷണം കൊടുത്ത് കൂടെ കിടത്തി ഉറക്കണമെന്നുമൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരച്ഛൻ്റെ സ്നേഹവും കരുതലുമൊക്കെ ഒരനൂഭൂതിയായി അനുഭവിയ്ക്കുകയായിരുന്നു. രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട എനിയ്ക്ക് അത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു.
2010 മുതൽ 2015 വരെ കൊയിലാണ്ടി നഗരസഭയുടെ അദ്ധ്യക്ഷയായി പ്രവർത്തിക്കുമ്പോൾ അദ്ദേഹം കുറച്ചുകാലം മുഖ്യമന്ത്രിയും, പിന്നീട് പ്രതിപക്ഷനേതാവും ആയിരുന്നു. ഈ രണ്ട് കാലത്തും എനിക്ക് അദ്ദേഹവുമായി ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗങ്ങളെ അഭിനന്ദിക്കാനായി തിരുവനന്തപുരത്തേക്ക് വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പോയ അന്ന് രാത്രിയാണ് വീടിനു നേരെ വലിയ ബോംബാക്രമണമുണ്ടാകുന്നത്. അന്ന് കാലത്ത് തന്നെ മുഖ്യമന്ത്രിയായ വി.എസിന്റെ വിളി വന്നു. ജീവിതസഖാവായ എൻ.വിയോടാണ് (എൻ.വി. ബാലകൃഷ്ണൻ) സംസാരിച്ചത്. ധാരാളമായി ആളുകൾ വന്നിരുന്നതുകൊണ്ട് സഖാവിനെ വേണ്ട പോലെ കേൾക്കാൻ സൗകര്യമുണ്ടായിരുന്നില്ല. വിവരങ്ങളെല്ലാം അന്വേഷിച്ചശേഷം വൈകീട്ട് വീണ്ടും വിളിയ്ക്കാം എന്നുപറഞ്ഞ് ഫോൺ കട്ട് ചെയ്തു.
വൈകീട്ട് വീണ്ടും വിളിയ്ക്കുമ്പോഴും വീട്ടിൽ ജനത്തിരക്ക് അവസാനിച്ചിരുന്നില്ല. അല്പനേരം സംസാരിച്ചശേഷം ഫോൺ എൻ്റെ കയ്യിൽ തരാൻ വി. എസ്സ് ആവശ്യപ്പെട്ടു. ഒരുപാട് നേരം എന്നെ ആശ്വസിപ്പിച്ചു. പല അനുഭവങ്ങൾ വിവരിച്ച് ധൈര്യം പകർന്നു. വീട്ടിൽ കാവലിന് എത്ര സഖാക്കളുണ്ട്, സഹായത്തിനാരുണ്ട് എന്നൊക്കെ അന്വേഷിച്ചു. തിരക്കിനിടെ മക്കളെ ശ്രദ്ധിക്കാതിരിക്കരുത്, അവർക്ക് സമയത്തിന് ഭക്ഷണം കൊടുത്ത് കൂടെ കിടത്തി ഉറക്കണമെന്നുമൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരച്ഛൻ്റെ സ്നേഹവും കരുതലുമൊക്കെ ഒരനൂഭൂതിയായി അനുഭവിയ്ക്കുകയായിരുന്നു. രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട എനിയ്ക്ക് അത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. എൻ്റെ ശബ്ദം പതറുന്നത് വി.എസ് അറിയുന്നുണ്ടായിരുന്നു. അല്ല, ഇതെന്തു കഥ? നിങ്ങൾ രണ്ടുപേരും കോഴിക്കോട്ടെ നല്ല ഫൈറ്റർ സഖാക്കളല്ലേ എന്നൊക്കെ വി.എസ്സ് ചോദിച്ചു കൊണ്ടിരുന്നു. ഞാൻ മെല്ലെ ഫോൺ കട്ട് ചെയ്ത് ഒരു മുറിയിൽ കയറി വാതിലടച്ചു, പൊട്ടിക്കരഞ്ഞു പോയി. പലരും കരുതിയത് ബോംബാക്രമണത്തിൻ്റെ ഭീകരതയിൽ ഭയന്നതുകൊണ്ടാണ് കരഞ്ഞുപോയത് എന്നാണ്.

രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ഞാൻ ഒരച്ഛൻ്റെ സ്നേഹവും ലാളനയും കരുതലുമൊക്കെ വി.എസ്സിൻ്റെ ആ ഒറ്റ ഫോൺ സംഭാഷണത്തിൽ അനുഭവിയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകൾ കൊണ്ട് ഒരാൾ അനുഭവിയ്ക്കേണ്ട പുത്രീവാത്സല്യം ഏതാനും മിനുട്ടുകൾ കൊണ്ട് ഒരുമിച്ച് സഖാവ് എനിയ്ക്ക് പകർന്നുതന്നു. അതുകൊണ്ടാണ് എനിയ്ക്ക് വികാരം നിയന്ത്രിക്കാൻ കഴിയാതെ പോയത്. അന്നു മുതൽ വി.എസ്സ് എനിയ്ക്ക് സ്വന്തം അച്ഛനാണ്. ഇടനെഞ്ചിൽ ആ സ്നേഹവായ്പ് ഒട്ടും ചോരാതെ ഇന്നും കൊണ്ടുനടക്കുന്നു. സൗകര്യം കിട്ടുമ്പോഴൊക്കെ തിരുവനന്തപുരത്തെത്തി അദ്ദേഹത്തെ വീട്ടിൽ സന്ദർശിക്കുന്നത് ഞങ്ങളുടെ പതിവായി. കണ്ടോൺമെൻ്റ് ഹൗസിലും കവടിയാറിലുമൊക്കെ ഈ സന്ദർശനം തുടർന്നു. കോവിഡിനുശേഷം അസുഖബാധിതനായി സന്ദർശകരെ വിലക്കുന്നതുവരെ ഇത് തുടർന്നു.
രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ഞാൻ ഒരച്ഛൻ്റെ സ്നേഹവും ലാളനയും കരുതലുമൊക്കെ വി.എസ്സിൻ്റെ ആ ഒറ്റ ഫോൺ സംഭാഷണത്തിൽ അനുഭവിയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകൾ കൊണ്ട് ഒരാൾ അനുഭവിയ്ക്കേണ്ട പുത്രീവാത്സല്യം ഏതാനും മിനുട്ടുകൾ കൊണ്ട് ഒരുമിച്ച് സഖാവ് എനിയ്ക്ക് പകർന്നുതന്നു.
കൊയിലാണ്ടി നഗരസഭയുടെ അദ്ധ്യക്ഷ എന്ന നിലയിൽ നേരിട്ട ഏറ്റവും വലിയ പ്രശ്നം ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു. ഒരുപാട് മനുഷ്യരുടെ കിടപ്പാടവും വരുമാനമാർഗ്ഗങ്ങളായ കടകളും മറ്റ് സ്ഥാപനങ്ങളും, പാടശേഖരങ്ങളും കുന്നുകളും, കിണറുകളും കുളങ്ങളുമൊക്കെ ഇല്ലാതാകുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർവ്വകക്ഷി സംഘം മുഖ്യമന്ത്രിയായ വി.എസ്സിനെ കാണാൻ തീരുമാനിച്ചു. അന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി വിജയകുമാർ ആയിരുന്നു. വി.എസിനെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. വിശദാംശങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. വൈകീട്ടത്തെ വണ്ടിയ്ക്ക് തിരിച്ചുപോകാൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്താണ് വരവ് എന്നറിഞ്ഞപ്പോൾ, അന്ന് ഉച്ചയ്ക്കുശേഷം തന്നെ പൊതുമരാമത്ത് മന്ത്രിയുമായും ദേശീയപാത അധികൃതരരുമായും ചർച്ചയ്ക്ക് വി.എസ് തന്നെ മുൻകൈ എടുത്തത് സംവിധാനങ്ങളുണ്ടാക്കി. ഉദ്യോഗസ്ഥരുടെ മുട്ടാപ്പോക്ക് ന്യായങ്ങളൊക്കെ അവഗണിച്ച് ചില തീരുമാനങ്ങളൊക്കെ അന്നുണ്ടായി. പക്ഷേ അതൊന്നും പിന്നീട് നടപ്പായില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും കൊയിലാണ്ടിക്കായുള്ള ആ പരിഗണന എനിക്ക് വലിയ അനുഭവമായിരുന്നു.
മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തിരിക്കെ ആരൊക്കെയോ ചേർന്ന് കുത്തിപ്പൊക്കിയുണ്ടാക്കിയ കഥയായിരുന്നു, ഞാൻ ഇരട്ട വേതനം വാങ്ങുന്നു എന്ന ആരോപണം. ഒരുപാട് കാര്യങ്ങൾ കൊയിലാണ്ടിക്കുവേണ്ടി ചെയ്യാനുള്ള സമയത്ത് ഇത്തരം ആരോപണങ്ങൾക്കു കൂടി മറുപടി പറയേണ്ട അവസ്ഥ. ആ സമയത്ത് വി.എസ് പ്രതിപക്ഷ നേതാവായിരുന്നു. പലപ്പോഴും ഈ കാര്യങ്ങൾ പറയാനായി ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. ആദ്യം അദ്ദേഹത്തിന്റെ സെക്രട്ടറി ശശിധരൻ നായരെയാണ് കാണുക. ഉടനെ അകത്തേക്ക് കയറ്റിവിടും. ഒറ്റയ്ക്കാണ് ചെല്ലുന്നതെങ്കിൽ, ‘എന്താ കൊയിലാണ്ടി ചെയർമാനൻ വന്നത്’ എന്നു ചോദിക്കും. ചെയർമാനൻ എന്നാണ് വിളിയ്ക്കുക. പിന്നെ, "ആൺപിറന്നോൻ എന്തുപറയുന്നു" എന്നന്വേഷിക്കും. അത് എന്റെ പങ്കാളി സഖാവിനെപ്പറ്റിയാണ്. അത്രമാത്രം അടുപ്പം അദ്ദേഹവുമായി ഞങ്ങൾക്കുണ്ടായിരുന്നു.

ഇരട്ട വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാ ഫയലും വരുത്തി സഖാവ് മനസ്സിലാക്കിയിരുന്നു. എനിക്കെതിരായി ചില ഉത്തരവുകൾ യു.ഡി.എഫ് ഗവണ്മെന്റ് പുറപ്പെടുവിച്ചു. അവരെ വിളിച്ചു അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു, എന്തിനാണ് ഒരു സ്ത്രീയെ ഒരു കാര്യവുമില്ലാതെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്ന്. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ഞങ്ങൾക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന ഞങ്ങളുടെ നേതാവായിരുന്നു വി.എസ്.
ബാലകൃഷ്ണേട്ടൻ പാർട്ടിയിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന കാലം. ഒരു വിദേശ പത്രത്തിൽ പാർട്ടിയ്ക്കെതിരെ ലേഖനമെഴുതി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പാർട്ടി നടപടി എടുത്തിരുന്നു. അപ്പോഴാണ് സഖാവിൻ്റെ കുറേ ലേഖനങ്ങൾ തെരഞ്ഞെടുത്ത് പുസ്തകമാക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചത്. ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് ആയിരുന്നു പ്രസാധകർ. പുസ്തക പ്രകാശനം സഖാവ് കോടിയേരി ബാലകൃഷ്ണൻ ഏറ്റെടുത്തത് വലിയ ആവേശമായി. തിയ്യതി പ്രഖ്യാപിച്ചതോടെ പോസ്റ്റർ പ്രചാരണവും ഒരുക്കങ്ങളും പെട്ടന്നായി. അതിനിടയിലാണ് കൊയിലാണ്ടിയിൽ ഞങ്ങളിരുവരും അംഗങ്ങളായിരുന്ന പാർട്ടിഘടകം എതിർപ്പറിയിച്ചത്. അതോടെ പ്രകാശനം മുടങ്ങി. അതിനിടയിൽ ആദ്യ പതിപ്പ് പുസ്തകം ഒറ്റ കോപ്പിയില്ലാതെ വിറ്റു പോയിരുന്നു. പ്രസാധകർ രണ്ടാം പതിപ്പിനുള്ള ഒരുക്കം ആരംഭിച്ചിരുന്നു. ഏതെങ്കിലും സാഹിത്യകാരന്മാരെ കൊണ്ട് നീണ്ടുപോകാതെ പ്രകാശനം നടത്തണം എന്ന് ധാരണയായി.
വി.എസ് ഉന്നയിച്ച ചോദ്യങ്ങളും ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നീതിബോധവും സമരവീര്യവും ഇല്ലാതാകുന്നില്ല.
അതിനിടയിലാണ് പ്രസാധകനായ മണിശങ്കർ നിങ്ങൾ ക്ഷണിച്ചാൽ വി.എസ്സ് വരില്ലേ എന്ന് ചോദിച്ചത്. എങ്കിൽ പിന്നെ അങ്ങനെയാകാം എന്ന് തീരുമാനിച്ചു. സന്തോഷത്തോടെ വി.എസ്സ് പ്രകാശനചുമതല ഏറ്റെടുത്തു. സിനിമാനടനും കുടുംബ സുഹൃത്തുമായ അനൂപ് ചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കാമെന്നും ബിനോയ് വിശ്വം പുസ്തകം ഏറ്റുവാങ്ങി സംസാരിക്കാമെന്നും ഏറ്റു. കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കല്പറ്റ നാരായണൻ, രാഷ്ട്രീയ നേതാക്കളായ പി. മോഹനൻ മാസ്റ്റർ, കെ. പ്രവീൺകുമാർ, എം.ടി. രമേശ് എന്നിവരൊക്കെ സംസാരിക്കാമെന്നേറ്റു. മണക്കാട് രാജൻ്റെ നേതൃത്വത്തിൽ ഒന്നാംതരം സംഗീത പരിപാടി തയാറാക്കി. കൊയിലാണ്ടിയിൽ ഒരു വലിയ പരിപാടിയാക്കി പ്രകാശനം മാറ്റണം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. അന്ന് റിക്കാർഡ് ജനക്കൂട്ടമാണ് കൊയിലാണ്ടിയിൽ പ്രകാശനച്ചടങ്ങിനെത്തിയത്. വി. എസിനെ കാണാനും കേൾക്കാനും എത്തിയതായിരുന്നു ആ ജനക്കൂട്ടം.

ഇങ്ങനെ ഒട്ടേറെ സന്ദർഭങ്ങൾ, ഞങ്ങൾക്ക് സന്തോഷവും അഭിമാനവും നൽകുന്ന നിമിഷങ്ങൾ, വി.എസ്സുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.
നമ്മുടെ സമൂഹവും രാഷ്ട്രീയവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളിൽ അടുത്ത കാലത്തായി ആരോഗ്യകാരണങ്ങളാൽ വി.എസിന് പ്രതികരിക്കാനായിരുന്നില്ല. അദ്ദേഹം മനസ് കൊണ്ട് നീതിയുടെ കൂടെയുണ്ടാവും എന്ന ഉറപ്പായിരുന്നു എല്ലാവരുടേയും ശക്തി. വി.എസ്സ് ഭൗതികമായി ഇല്ലാതാകുമ്പോൾ ഒരുപക്ഷേ നഷ്ടപ്പെട്ടു പോകുന്നത് ആ ശക്തിയായിരിക്കും. അപ്പോഴും ഒന്നുണ്ട്; വിജയൻ മാഷ് പറഞ്ഞതുപോലെ, ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിനു പുറത്താക്കുന്നതു കൊണ്ട് ചോദ്യം ഇല്ലാതാവുന്നില്ല. വി.എസ് ഉന്നയിച്ച ചോദ്യങ്ങളും ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നീതിബോധവും സമരവീര്യവും ഇല്ലാതാകുന്നില്ല. അത് വിത്തായി മുളച്ച് വടവൃക്ഷമായി വളർന്ന് നിസ്വവർഗ്ഗത്തിന് തണലാകും എന്ന് ഉറച്ചു വിശ്വസിക്കാനാണ് ഇഷ്ടം.
