ചാരുമജുംദാറും കുഞ്ഞാലിയും; വിമോചനം സ്വപ്നം കണ്ട രണ്ട് രക്തസാക്ഷികള്‍

സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിൻ്റെ വെടിയേറ്റാണ് രക്തസാക്ഷിയാവുന്നത്. സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ്ശങ്കർ റായിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു. കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരായ പോരാട്ടങ്ങൾക്ക് കരുത്തു പകരേണ്ട രണ്ട് രക്തസാക്ഷ്യങ്ങൾ - കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

മ്യൂണിസ്റ്റ്‌ വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തിലെ രണ്ട് രക്തസാക്ഷികളുടെ ധീരസ്മരണകൾ ഉണർത്തുന്ന ദിനമാണ് ജൂലായ് 28. ഏറനാടിൻ്റെ ചെഗുവേരയെന്ന് വിശേഷിപ്പിക്കുന്ന സഖാവ് കുഞ്ഞാലിയുടെയും സി.പി.ഐ.എം.എൽ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് ചാരുമജുദാറുടെയും.

വിമോചനങ്ങളുടെ ദശകങ്ങൾ സ്വപ്നം കണ്ട പോരാട്ടങ്ങളുടെയും ഭരണവർഗ്ഗ ഭീകരതയുടെയും സ്മരണകളാണ് ഈ രക്തസാക്ഷിദിനമുണർത്തുന്നത്. ഇന്ത്യൻ ഭരണവർഗ്ഗ വ്യവസ്ഥക്ക് കീഴിൽ നിഷ്ഠൂരമായ ചൂഷണവും മർദ്ദനങ്ങളും ഏറ്റുവാങ്ങുന്ന ദരിദ്രകോടികളുടെ വിമോചനാഭിലാഷങ്ങൾ നെഞ്ചിലേറ്റി പൊരുതി വീണവരുടെ സ്മരണകൾ ഇന്ന് കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരായ പോരാട്ടങ്ങൾക്ക് കരുത്തു പകരേണ്ടതാണ്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നു പോന്ന വിഭാഗീയതയുടെയും വ്യതിയാനങ്ങളുടെയും ചരിത്രപാഠം കൂടി രക്തസാക്ഷിത്വങ്ങളുടെയും വിമോചന പോരാട്ടങ്ങളുടെയും ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിൻ്റെ വെടിയേറ്റാണ് രക്തസാക്ഷിയാവുന്നത്.

ഒക്ടോബര്‍ വിപ്ലവത്തിന്റെ 50-ാം വാര്‍ഷിക ദിനത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ചാരുമജുംദാര്‍ (നവംബര്‍ 1967)
ഒക്ടോബര്‍ വിപ്ലവത്തിന്റെ 50-ാം വാര്‍ഷിക ദിനത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ചാരുമജുംദാര്‍ (നവംബര്‍ 1967)

സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ്ശങ്കർ റായിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ മലമ്പ്രദേശങ്ങളിൽ തോട്ടം തൊഴിലാളികളെ സംഘടിതമാക്കുകയും അനവധിയായ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കുഞ്ഞാലി ജന്മിമാരുടെ മർദകവാഴ്ചയെയും കോൺഗ്രസുകാരുടെ ഗുണ്ടാവാഴ്ചയെയും നേരിട്ടു കൊണ്ടാണ് നിലമ്പൂർ മേഖലയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിപ്പടുത്തത്. ബ്രിട്ടീഷ് മലബാറിലെ കൊണ്ടോട്ടിയിൽ ജനിച്ച അദ്ദേഹം കൊളോണിയൽ ശക്തികൾക്കെതിരായ സമരങ്ങളിലൂടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്.

ഭരണകൂടവേട്ടയെയും എസ്റ്റേറ്റുടമകളുടെ മർദ്ദനങ്ങളെയും നേരിട്ട സാഹസികവും ത്യാഗപൂർണ്ണവുമായ, 45 വർഷക്കാലം നീണ്ടു നിന്ന ജീവിതമായിരുന്നു കുഞ്ഞാലിയുടെത്. സി.പി.ഐ.എം നേതാവായിരുന്ന മജുംദാർ പശ്ചിമബംഗാളിലെ സിലിഗുരി മേഖലയിലെ തോട്ടംതൊഴിലാളി യൂണിയൻ്റെയും കർഷക പ്രസ്ഥാനത്തിൻ്റെയും നേതാവായിരുന്നു. ആസന്നമായ വിപ്ലവ സാധ്യതകളെ സംബന്ധിച്ച കണക്കുകൂട്ടലുകളിൽ നിന്നാണ് മജുംദാറും കനു സന്യാലുമെല്ലാം നക്സൽബാരിയിൽ സായുധ കർഷകകലാപം ആസൂത്രണം ചെയ്യുന്നതും ആരംഭിക്കുന്നതും.

സാഹസികവും ത്യാഗപൂർണ്ണവുമായ, 45 വർഷക്കാലം നീണ്ടു നിന്ന ജീവിതമായിരുന്നു കുഞ്ഞാലിയുടെത് / ചിത്രീകരണം : ദേവപ്രകാശ്
സാഹസികവും ത്യാഗപൂർണ്ണവുമായ, 45 വർഷക്കാലം നീണ്ടു നിന്ന ജീവിതമായിരുന്നു കുഞ്ഞാലിയുടെത് / ചിത്രീകരണം : ദേവപ്രകാശ്

1960തുകളോടെ സാർവ്വദേശീയ കമ്യുണിസ്റ്റു പ്രസ്ഥാനത്തിൽ രൂപപ്പെട്ട ഇടതുപക്ഷതീവ്രവാദപരമായ പ്രവണതകളുടെ കൂടി ഫലമായിരുന്നു നക്സൽബാരിയും ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനകത്ത് സംഭവിച്ച ഇടതുപക്ഷ വ്യതിയാനങ്ങളും. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെയുള്ള നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ വിഭാഗീയതയിലേക്ക് നയിച്ച രാഷ്ടീയപ്രത്യയശാസ്ത്ര നിലപാടുകളെ സംബന്ധിച്ച തിരിച്ചറിവുകളും തിരുത്തലുകളും സി.പി. ഐ.എം.എൽ ലിബറേഷൻ ഉൾപ്പെടെയുള്ള പ്രമുഖ എം.എൽ ഗ്രൂപ്പുകളിലെല്ലാം ഇന്നു നടന്നു കൊണ്ടിരിക്കുന്നുണ്ട്. പലരും സായുധമാത്ര നിലപാടുകളിൽ നിന്നും മാറുകയും ബഹുജന സമരങ്ങളുടെയും സംഘടനകളുടെയും പാർലമെൻ്ററി സമരങ്ങളുടെയും വഴികളിലെത്തിയിട്ടുമുണ്ട്. മാവോയിസ്റ്റുകൾ ഒഴികെയുള്ള എംഎൽ ഗ്രൂപ്പുകൾ വിശാല ഇടതുപക്ഷ സാധ്യതകളുടെ ആലോചനാ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

നിയോലിബറൽ ഹിന്ദുത്വ നയങ്ങൾക്കെതിരായി പൊതു ഇടതുപക്ഷത്തിൻ്റെ യോജിച്ച കാമ്പയിൻ്റെ ഭാഗമായി പല എംഎൽ ഗ്രൂപ്പുകളും നേരത്തെ തന്നെ അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. ലിബറേഷൻ ഉൾപ്പെടെയുള്ള പല എംഎൽ ഗ്രൂപ്പുകളും ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും സി.പി.ഐ.എം, സി.പി.ഐ, ആർ എസ്.പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള ഇടതുപക്ഷ ഫ്ലാറ്റുഫോമിൻ്റെ ഭാഗവുമാണ്.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റു ഇടതു പാർടികൾക്കൊപ്പം ലിബറേഷൻ ഗ്രൂപ്പ് ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗവുമായിരുന്നു. 1970തുകളിലെ വിഭാഗീയ നിലപാടുകളിൽ നിന്നും മജുംദാറുടെ പ്രസ്ഥാനം തെറ്റുകൾ തിരുത്തി പൊതു ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെയും ഫാസിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തിൻ്റെയും ബഹുജന മുന്നണിയിൽ സജീവമായി തന്നെ ഇടപെടുന്നുണ്ട്.

ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ നേതൃത്യത്തിൽ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കുമൊപ്പം ദീപാങ്കൂർ ഭട്ടാചാര്യയുമുണ്ട്. രക്തസാക്ഷിസ്മരണകൾ ഇടതുപക്ഷത്തിൻ്റെ വിശാലമായ യോജിപ്പിൻ്റെയും ഇന്ത്യൻ ഭരണവർഗ്ഗ നയങ്ങൾക്കെതിരായ സമരപ്പോരാട്ടങ്ങളുടെയും സാധ്യതകൾക്കുള്ള സംവാദാത്മകതക്ക് വേഗം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭിന്നിപ്പിൻ്റെയും ശൈഥില്യത്തിൻ്റെയും അടിയിൽ കിടക്കുന്ന വിഭാഗീയമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണകൾക്കെതിരായ ആത്മവിമർശനപരമായ പരിശോധനകളും രക്തസാക്ഷി സ്മരണകൾ ആവശ്യപ്പെടുന്നുണ്ട്.

Comments