മലയാളിയെ വലിയൊരു കുട്ടിയായി എഴുതിയ രാമനാഥൻ മാഷ്​

കെ. വി. രാമനാഥൻ മാഷിനെ അലട്ടിയ സംഭവം, ‘കണ്ണുനീർത്തുള്ളി’ എന്ന കൃതിയോട് അനുബന്ധിച്ചുള്ളതാണ്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്‌കൂൾ ഉപപാഠപുസ്തകമായി പഠിപ്പിക്കാൻ സർക്കാർ നേരിട്ട് ആവശ്യപ്പെട്ട് എഴുതിയതായിരുന്നു കുട്ടികൾക്കുള്ള ഈ നോവൽ. പക്ഷേ പുസ്തകമായി അത് പാഠശാലകളിൽ എത്തിയപ്പോൾ അതിൽ കെ. വി. രാമനാഥൻ എന്ന പേരില്ലായിരുന്നു. പുസ്തകത്തിന്റെ കർതൃത്വത്തിൽനിന്ന് തന്നെ അപ്പാടെ ഒഴിവാക്കിയത് മാഷെ ഏറെ വേദനപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് ഇതിനെക്കുറിച്ച് പരാതി അയച്ചുവെങ്കിലും ചെറിയ പ്രതിഫലം നല്കി അദ്ദേഹത്തിന്റെ ന്യായമായ ആവശ്യം അവഗണിക്കുകയാണുണ്ടായത്.

ശാസ്ത്രസാഹിത്യം മലയാള സാഹിത്യത്തിൽ അത്രയേറെ പരിചിതമാകുന്നതിനു മുമ്പാണ് കേരളത്തിലെ കുട്ടികൾ പൂമ്പാറ്റ എന്ന പ്രസിദ്ധീകരണത്തിലൂടെ കെ.വി. രാമനാഥൻ മാഷുടെ അപ്പുക്കുട്ടനും ഗോപിയും എന്ന ശാസ്ത്രനോവൽ വായിക്കാനാരംഭിച്ചത്. അതിശയിപ്പിക്കുന്ന തരത്തിലുള്ള ഉദ്വേഗവും ഉത്ക്കണ്ഠയും ഉളവാക്കിയ ഓരോ ലക്കത്തിനും കുട്ടികൾ മാത്രമല്ല, വലിയവരും കാത്തിരിക്കാൻ തുടങ്ങി. പ്രസിദ്ധീകരണ രംഗത്തെ അസാധാരണ മാറ്റമായിരുന്നു അത്. തുടർന്ന് അത്ഭുത വാനരന്മാർ, അത്ഭുത നീരാളി എന്നീ രണ്ടു ബാലനോവലുകൾ കൂടി അപ്പുക്കുട്ടനെയും ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രസിദ്ധീകരിക്കപ്പെട്ടു.

കുട്ടികളുടെ സംവേദനതലത്തെ കാലികമായ ചിന്താപദ്ധതികളിലേക്കും മാനസിക വ്യാപാരങ്ങളിലേക്കും എത്തിക്കുക എന്നതാണ് ബാലസാഹിത്യത്തിന്റെ പ്രസക്തിയെന്ന വിപ്ലവകരമായ മാറ്റത്തിലേക്കാണ് രാമനാഥൻ മാഷുടെ ഓരോ കൃതിയും തുടർന്ന് എത്തിക്കൊണ്ടിരുന്നത്. അത്, ജനിച്ചുവീണ് കഥ കേൾക്കാൻ തയ്യാറാവുന്ന കൊച്ചുകുട്ടിക്കുവേണ്ടി മുതൽ സംഭവിച്ചിരിക്കണമെന്നത് മാഷിന് നിർബ്ബന്ധമായിരുന്നു. ടിറ്റുവും രിറ്റുവും എന്ന തവളക്കുഞ്ഞുങ്ങളെ കഥാപാത്രമാക്കി ഒന്നാം കഥ മുതൽ അഞ്ചാം കഥയിലേക്ക് വരെ എത്തിച്ചുകൊണ്ട് പ്രകൃതിയിലെ പ്രാണികൾ മുതലുള്ള ഓരോ ജീവജാലങ്ങളെയും കുഞ്ഞുമക്കൾക്ക് പരിചയപ്പെടുത്തുന്ന രീതിയിലുള്ള മാഷിന്റെ കഥാപ്രവാഹം അതിനുദാഹരണമാണ്.

Photo: Navaneeth Krishnan S

ഞാഞ്ഞൂളും പുഴുവും എട്ടുകാലിയും വേട്ടാളനുമൊക്കെ അവരുടെ സാങ്കല്പികലോകത്തിലെ കൂട്ടുകാരാവുന്നു. ചത്ത പുഴുവിനെയും കൊണ്ട് പൊങ്ങാനൊരുങ്ങുന്ന വേട്ടാളൻ ഒരു കുട്ടിയുടെ മനസ്സിലുണ്ടാക്കുന്ന ദൃശ്യപ്രപഞ്ചം ആവിഷ്​കരിക്കുന്ന കഥയുടെ വാങ്മയങ്ങൾ വളരെ സമർത്ഥമായാണ് സാധ്യമാക്കുന്നത്. ഗായകൻ എന്ന കഥയിൽ ഇത് കുറെക്കൂടി മുന്നോട്ടുപോയി മയിലിന്റെ നൃത്തവും തത്തയും കാക്കയും ഉത്തരായനക്കിളിയും രാപ്പാടിയും പരുന്തും പാടുന്ന പാട്ടുകളുമായി ആസ്വാദനത്തിന്റെ മറ്റൊരു ലോകം തീർത്തുകൊടുക്കുന്നു. ഒടുവിൽ, നിറപ്പകിട്ടില്ലാത്ത ഒരു യഥാർത്ഥ കലാകാരനെ അവതരിപ്പിച്ചുകൊണ്ടാണ് കഥയവസാനിക്കുന്നത്.

നിശ്ശബ്ദതയിൽനിന്ന് ഉറവയെടുത്ത ഒരു ഗാനനിർഝരിയായിട്ടാണ് കഥാകാരൻ കുയിലിന്റെ പാട്ടിനെ അവതരിപ്പിക്കുന്നത്. കാട്ടുചോലകൾ ശ്രുതി മീട്ടിയപ്പോൾ, തളിരിലകൾ താളം പിടിച്ചപ്പോൾ, തേനൊലിപ്പൂക്കളുടെ ഹൃദന്തത്തിൽ സ്വപ്നങ്ങളുണർന്നപ്പോൾ, പാറക്കെട്ടുകളുടെ കവിളിലൂടെ കന്മദമലിഞ്ഞിറങ്ങിയപ്പോൾ, ആ പാട്ടു തീർന്നതുതന്നെ ആരുമറിഞ്ഞില്ല. പക്ഷേ, പ്രശംസകളൊന്നും കേൾക്കാൻ നില്ക്കാതെ പാട്ടുകാരൻ പറന്നുയർന്നു- തന്റെ ഏകാന്ത സങ്കേതത്തിലേക്ക്, എന്നു പറഞ്ഞുകൊണ്ടാണ് കഥയവസാനിക്കുന്നത്. ഏതൊരു കുട്ടിയാണ് അടുത്ത കഥയ്ക്കായി കാത്തിരിക്കാതിരിക്കുക? താളുകൾ വീണ്ടും വീണ്ടും മറിക്കാതിരിക്കുക?

കഥകളങ്ങനെ പോവുകയാണ്. കെ. വി. രാമനാഥന്റെ തെരഞ്ഞെടുത്ത ബാലസാഹിത്യ കഥകൾ എന്ന പുസ്തകത്തിൽ ഇത്തരം 63 കഥകളാണുള്ളത്. ഓരോ പഴയ കഥയ്ക്കും പുനരാഖ്യാനം നൽകി കുട്ടികളെ പുതുമയുടെയും പ്രതീക്ഷയുടെയും തീരത്തേക്കാണ് ഈ കഥകളെല്ലാം നയിക്കുന്നത്. മത്സരങ്ങളുടെ ലോകത്തേക്ക് വളർന്നുവരുന്ന കുഞ്ഞുങ്ങൾ പരാജയങ്ങളെ കാലാനുസൃതമായി നേരിട്ട് വിജയത്തിലെത്തുന്നതിനുവേണ്ട ആഹ്വാനങ്ങളാകുന്നുണ്ട് പഴയ കുറുക്കനും പുതിയ കാക്കയും, ആമയും മുയലും ഒരിക്കൽക്കൂടി എന്നീ കഥകളൊക്കെ. ഓരോ കഥകയും തികഞ്ഞ അനുഭവസ്ഥനെപ്പോലെ കുട്ടികളുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് അവതരിപ്പിക്കാൻ കഥാകാരനാവുന്നു. രാഗവും താളവും, കർമ്മകാണ്ഡം എന്നീ ചെറുകഥകളും പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ എന്നീ നോവലുകളും അതിതീക്ഷ്ണമായ ആസ്വാദ്യതയോടെ മലയാളിക്ക് നല്കിയ സാഹിത്യകാരൻ തന്നെയാണ് കുട്ടികളുടെ മാനസികപ്രപഞ്ചത്തിന്റെ മാസ്മരികതയെ ഇത്രയും ലളിതവും സ്ഫുടവുമായി ആവിഷ്‌കരിച്ചതെന്ന ചാതുര്യത്തെ എടുത്തുപറയാതെ വയ്യ.

Photo: Sreeja Manoj

പരമ്പരാഗതമായ ആഖ്യാനവിഷയങ്ങളിൽ നിന്നും പ്രച്ഛന്നമായ കൃത്രിമത്വങ്ങളിൽനിന്നും വേറിട്ടു നിന്ന്​ ബാലസാഹിത്യരചനയെക്കുറിച്ച് തനതായ സങ്കല്പം ഉയർത്തിക്കൊണ്ടുവരികയാണ് കെ. വി. രാമനാഥൻ ചെയ്തത്. കുട്ടികൾക്കുള്ള ഉപദേശങ്ങളെയല്ല, മറിച്ച് കുട്ടികൾ സ്വരൂപിച്ചെടുക്കേണ്ട സ്വന്തം ആർജ്ജവബോധത്തെയാണ് അദ്ദേഹത്തിന്റെ കഥകൾ വിഭാവനം ചെയ്യുന്നത്. ആർദ്രതയുടെയും ജൈവികതയുടെയും ഉദയംകൊള്ളലുകളിൽ കുഞ്ഞുമനസ്സുകളെ ചലനാത്മകമാക്കുകയാണ് അവ.

സങ്കല്പങ്ങളുടെ സഞ്ചാരങ്ങൾ ഐന്ദ്രികമായ പുതുമകളിലേക്ക് ഊളിയിടുന്ന ഒരു കാലം ബാല്യലോകത്തിനുണ്ട്. ഇതറിഞ്ഞുകൊണ്ടുള്ള അന്വേഷണകൗതുകങ്ങളെ ത്രസിപ്പിച്ചു നിർത്തുന്ന സാഹിത്യാനുഭവമാണ് ശാസ്ത്രത്തെയും വിജ്ഞാനത്തെയും അതിസമർത്ഥമായി സമന്വയിപ്പിച്ചുകൊണ്ടുള്ള നോവലുകൾ വിഭാവനം ചെയ്യുന്നത്. അപ്പുക്കുട്ടനും ഗോപിയും പ്രധാന കഥാപാത്രങ്ങളാകുന്ന നോവൽത്രയങ്ങൾ (അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാർ, അത്ഭുത നീരാളി) ഇത് സ്പഷ്ടമാക്കുന്നു. എൻ. ബി. എസിന്റെ ‘സമ്മാനപ്പെട്ടി’യിൽ ശിശുദിനത്തിനോടനുബന്ധിച്ചാണ് ഇവ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചത്. കടലിനടിയിലെ നിധി കണ്ടെത്താൻ ഡോ. രാജ എന്ന ശാസ്ത്രജ്ഞൻ അപ്പുക്കുട്ടനെയും ഗോപിയെയും തന്റെ പരീക്ഷണങ്ങളിൽ ഉപയോഗപ്പെടുത്തുമ്പോൾ മനുഷ്യൻ ജലജീവിയായി മാറുമ്പോഴുള്ള മാറ്റങ്ങൾ രസകരമായി വായനക്കെത്തുകയാണ് അത്ഭുത നീരാളിയിൽ. അവിടെനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണ് കുട്ടികൾ. അത്ഭുത വാനരന്മാരിൽ ഡോ. റാണ രണ്ടു കുട്ടികളെയും കുരങ്ങന്മാരാക്കി മാറ്റുന്നു. നോവൽ രസകരമെങ്കിലും മനുഷ്യനും വാനരനും തമ്മിലുള്ള ബന്ധത്തെയും വൈജാത്യത്തെയും സ്പഷ്ടമായി രേഖപ്പെടുത്തുന്നതിൽ നോവൽ വേണ്ടത്ര വിജയിച്ചില്ലെന്നു വേണം പറയാൻ. 1992-ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് എം. കൃഷ്ണൻനായരുടെയും ലീലീവതി ടീച്ചറുടെയും ശുപാർശയോടെ തിരഞ്ഞെടുക്കപ്പെട്ട അത്ഭുത നീരാളിക്ക് ഭീമ അവാർഡും ലഭിച്ചു.

വായനാസുഖമുള്ള ഒട്ടേറെ മറ്റ് കൃതികളും കെ. വി. രാമനാഥൻ രചിച്ചിട്ടുണ്ട്. നായയെ പേടിയുള്ള, ഇതുവരെ ഒരു ജന്തുവിനെയും വീട്ടിൽ വളർത്തിയിട്ടില്ലാത്ത രാജുവും റോണിയെന്ന തെരുവുനായും തമ്മിലുള്ള ബന്ധമാണ് രാജുവും റോണിയും എന്ന നോവലിൽ. റോണി വളർന്ന് ക്രമേണ ഒരു പോലിസ് നായയായി മാറുന്നതിന്റെ രസകരമായ കഥയാണത്. കമാൻഡർ ഗോപിയും ഇതുപോലെ ആസ്വാദ്യകരമായ രചനയാണ്. നിരവധി നാടോടിക്കഥകളുടെ പുനരാഖ്യാനങ്ങൾക്കൊപ്പം കുട്ടികളുടെ ശാകുന്തളം എന്ന മനോഹരമായ മറ്റൊരു പുനരാഖ്യാനവും കെ. വി. രാമനാഥൻ മാഷിന്റേതായിട്ടുണ്ട്.

1932 ആഗസ്ത് 29-ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ച കെ. വി. രാമനാഥൻ 2023 ഏപ്രിൽ 11-നാണ്​ അന്തരിച്ചത്​. അധ്യാപകവൃത്തിക്കൊപ്പം കുട്ടികളുടെ മാനസികചലനങ്ങളെയും അവരുടെ ജീവിത വികാസങ്ങളെയും അഗാധത്തിൽ മനസ്സിലാക്കി, അവർക്കൊപ്പം സഞ്ചരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ പരീക്ഷണങ്ങൾ. ഓർമയിലെ മണിമുഴക്കം അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയാണ്. ബാലസാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും മലയാളത്തിൽ എന്ന ഗവേഷണഗ്രന്ഥവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കവി വൈലോപ്പിള്ളിയുമായും ഗായകൻ ജയചന്ദ്രനുമായും അഗാധമായ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം ഇരിങ്ങാലക്കുടയിലെ സാംസ്‌കാരിക സദസ്സുകളിലെ സജീവ സാന്നിധ്യമായിരുന്നു. മുപ്പതോളം കൃതികൾ രചിച്ച കെ. വി. രാമനാഥനെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം നല്കി ആദരിച്ചിട്ടുണ്ട്.

സാഹിത്യജീവിതത്തിൽ യാദൃച്ഛികമായി കെ. വി. രാമനാഥൻ മാഷിനെ അലട്ടിയ സംഭവം കണ്ണുനീർത്തുള്ളി എന്ന കൃതിയോടനുബന്ധിച്ചുള്ളതാണ്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്‌കൂൾ ഉപപാഠപുസ്തകമായി പഠിപ്പിക്കാൻ സർക്കാർ നേരിട്ട് ആവശ്യപ്പെട്ട് എഴുതിയതായിരുന്നു കുട്ടികൾക്കുള്ള ഈ നോവൽ. പക്ഷേ പുസ്തകമായി അത് പാഠശാലകളിൽ എത്തിയപ്പോൾ അതിൽ സർക്കാർ ലേബലുകളല്ലാതെ കെ. വി. രാമനാഥൻ എന്ന പേരില്ലായിരുന്നു. കുട്ടികളെല്ലാം ആസ്വദിച്ച് വായിക്കുകയും പഠക്കുകയും ചെയ്ത പുസ്തകത്തിന്റെ കർതൃത്വത്തിൽനിന്ന് തന്നെ അപ്പാടെ ഒഴിവാക്കിയത് മാഷെ ഏറെ വേദനപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് ഇതിനെക്കുറിച്ച് അദ്ദേഹം നേരിട്ട് പരാതി അയച്ചുവെങ്കിലും ചെറിയ പ്രതിഫലം നല്കി അദ്ദേഹത്തിന്റെ ന്യായമായ ആവശ്യം അവഗണിക്കുകയാണുണ്ടായത്. സൃഷ്ടിയുടെ രാജാവിനെ വേണ്ടത്ര മനസ്സിലാക്കാൻ മന്ത്രിക്കും ഭരണയന്ത്രങ്ങൾക്കും കഴിയാതെ പോയത് ഒരു വേദനയായി അദ്ദേഹം സാഹിത്യജീവിതത്തിൽ പേറി നടന്നു.

Comments